വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഭൂമിയെ ചലിപ്പിച്ച” മനുഷ്യൻ

“ഭൂമിയെ ചലിപ്പിച്ച” മനുഷ്യൻ

“ഭൂമിയെ ചലിപ്പിച്ച” മനുഷ്യൻ

പോളണ്ടിലെ ഉണരുക! ലേഖകൻ

“[എന്റെ കൃതിയെ] വിമർശി​ക്കാൻതന്നെ കച്ചകെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കുന്ന, ‘വിടു​വാ​യ​രായ’ ചിലരുണ്ട്‌. ഗണിത​ത്തെ​ക്കു​റി​ച്ചു തരിമ്പും അറിവി​ല്ലാ​ത്ത​വ​രാണ്‌ ഇക്കൂട്ടർ. ബൈബി​ളി​ലെ ചില ഭാഗങ്ങൾ സ്വന്തം ഉദ്ദേശ്യ​ങ്ങൾക്കാ​യി ഒരു ലജ്ജയു​മി​ല്ലാ​തെ വളച്ചൊ​ടി​ക്കുന്ന ഇവർ എന്റെ കൃതിയെ കുറ്റ​പ്പെ​ടു​ത്താ​നും ആക്രമി​ക്കാ​നും മുതി​രു​ക​യാണ്‌. എനിക്ക​തിൽ വലിയ ഉത്‌ക​ണ്‌ഠ​യൊ​ന്നു​മില്ല, അതു​കൊ​ണ്ടു​തന്നെ അവരുടെ വിമർശ​ന​ങ്ങളെ ലക്കു​കേ​ടാ​യി ഞാൻ പുച്ഛി​ച്ചു​ത​ള്ളും.”

നിക്കോ​ളാസ്‌ കോപ്പർനി​ക്കസ്‌ പോൾ മൂന്നാമൻ പാപ്പാ​യ്‌ക്ക്‌ എഴുതി​യ​താണ്‌ മേലു​ദ്ധ​രിച്ച വാക്കുകൾ. നഭോ​ഗോ​ള​ങ്ങ​ളു​ടെ പരി​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചുള്ള ഓൺ ദ റെവല്യൂ​ഷൻസ്‌ ഓഫ്‌ ദ ഹെവൻലി സ്‌ഫി​യർസ്‌ എന്ന തന്റെ കൃതി​യു​ടെ ആമുഖ​ത്തിൽ കോപ്പർനി​ക്കസ്‌ ഈ വാക്കുകൾ എഴുതി​ച്ചേർത്തു. ശാസ്‌ത്ര പുരോ​ഗ​തി​യിൽ ഒരു പുതിയ ചിന്താ​ധാ​ര​യ്‌ക്കു നാന്ദി​കു​റിച്ച ഈ കൃതി 1543-ലാണു പ്രസി​ദ്ധീ​ക​രി​ച്ചത്‌. ഈ പുസ്‌ത​ക​ത്തിൽ അവതരി​പ്പി​ച്ചി​രി​ക്കുന്ന വീക്ഷണ​ങ്ങ​ളെ​പ്പറ്റി 16-ാം നൂറ്റാ​ണ്ടി​ലെ ഒരു ജസ്യൂട്ട്‌ പുരോ​ഹി​ത​നായ ക്രിസ്റ്റഫ്‌ ക്ലാവി​യുസ്‌ ഇങ്ങനെ പറഞ്ഞു: “കോപ്പർനി​ക്ക​സി​ന്റെ സിദ്ധാ​ന്ത​ത്തിൽ നിരവധി അബദ്ധജ​ടി​ല​മായ, തെറ്റായ പ്രസ്‌താ​വ​ന​ക​ളുണ്ട്‌.” ജർമൻ ദൈവ​ശാ​സ്‌ത്ര​ജ്ഞ​നായ മാർട്ടിൻ ലൂഥറി​ന്റെ വിലാപം ഇങ്ങനെ​യാ​യി​രു​ന്നു: “ആ വിഡ്‌ഢി ജ്യോ​തി​ശ്ശാ​സ്‌ത്രത്തെ മുഴുവൻ തകിടം​മ​റി​ക്കും.”

അതിരി​ക്ക​ട്ടെ, ആരായി​രു​ന്നു നിക്കോ​ളാസ്‌ കോപ്പർനി​ക്കസ്‌? അദ്ദേഹ​ത്തി​ന്റെ വീക്ഷണങ്ങൾ വിവാ​ദ​ക്കൊ​ടി പാറി​ച്ച​തെ​ന്തു​കൊണ്ട്‌? ആധുനിക ചിന്താ​ധാ​രയെ അദ്ദേഹം എങ്ങനെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു?

വിജ്ഞാ​ന​ത്തി​നാ​യി ദാഹിച്ച ഒരു യുവമ​നസ്സ്‌

അദ്ദേഹം 1473 ഫെബ്രു​വരി 19-ന്‌ പോള​ണ്ടി​ലെ ടോവൂ​ണിൽ ജനിച്ചു. അന്ന്‌ ഇട്ട പേര്‌ മിക്കോ​ളൈ കോപ്പർനിക്ക്‌ എന്നായി​രു​ന്നു. പിന്നീട്‌ തന്റെ പാണ്ഡി​ത്യ​കൃ​തി​കൾ രചിച്ചു തുടങ്ങിയ സമയത്താണ്‌ അദ്ദേഹം നിക്കോ​ളാസ്‌ കോപ്പർനി​ക്കസ്‌ എന്ന ലാറ്റിൻവ​ത്‌ക​രിച്ച പേര്‌ സ്വീക​രി​ച്ചത്‌. പിതാവ്‌ ടോവൂ​ണി​ലെ ഒരു വ്യാപാ​രി​യാ​യി​രു​ന്നു, നാലു​മ​ക്ക​ളിൽ ഇളയവ​നാ​യി​രു​ന്നു നിക്കോ​ളാസ്‌. നിക്കോ​ളാ​സി​നു 11 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ പിതാവു മരിച്ചു. അമ്മാവൻ ലൂക്കാസ്‌ വാക്‌സെൻറോ​ഡെ നിക്കോ​ളാ​സി​ന്റെ​യും കൂടപ്പി​റ​പ്പു​ക​ളു​ടെ​യും സംരക്ഷണം ഏറ്റെടു​ത്തു. നിക്കോ​ളാ​സി​നു നല്ല വിദ്യാ​ഭ്യാ​സം ലഭിക്കാൻ അദ്ദേഹം സഹായി​ച്ചു. മരുമകൻ ഒരു പുരോ​ഹി​ത​നാ​ക​ണ​മെ​ന്നാ​യി​രു​ന്നു അമ്മാവന്റെ ആഗ്രഹം.

നിക്കോ​ളാ​സി​ന്റെ വിദ്യാ​ഭ്യാ​സം ആരംഭി​ച്ചത്‌ അദ്ദേഹ​ത്തി​ന്റെ സ്വന്തം പട്ടണത്തിൽത്തന്നെ ആയിരു​ന്നു. പിന്നീട്‌ അടുത്തുള്ള ചെൽമ്‌നോ​യിൽ ലാറ്റിൻ പഠനവും പൗരാ​ണിക ഗ്രന്ഥകാ​ര​ന്മാ​രു​ടെ കൃതി​ക​ളെ​ക്കു​റി​ച്ചുള്ള പഠനവും നടത്തി. 18-ാം വയസ്സിൽ അദ്ദേഹം ക്രാ​ക്കോ​യി​ലേക്കു പോയി, അന്നു പോള​ണ്ടി​ന്റെ തലസ്ഥാ​ന​മാ​യി​രു​ന്നു ക്രാക്കോ. ഇവിടെ അദ്ദേഹം സർവക​ലാ​ശാ​ല​യിൽ ചേർന്ന്‌ ജ്യോ​തി​ശ്ശാ​സ്‌ത്ര​ത്തോ​ടുള്ള അഭിനി​വേശം തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള ശ്രമം നടത്തി. ക്രാ​ക്കോ​യി​ലെ പഠനം പൂർത്തി​യാ​യ​പ്പോൾ, ബാൾട്ടിക്‌ കടൽ പ്രദേ​ശ​ത്തുള്ള ഫ്രോം​ബോർക്ക്‌ എന്ന നഗരത്തി​ലേക്കു താമസം മാറ്റാൻ അമ്മാവ​നായ വാക്‌സെൻറോ​ഡെ ആവശ്യ​പ്പെട്ടു—അദ്ദേഹം ഇതി​നോ​ടകം വാർമി​യാ​യി​ലെ ബിഷപ്പാ​യി​ത്തീർന്നി​രു​ന്നു. മരുമകൻ കത്തീ​ഡ്ര​ലിൽ കാനോൻ പദവി​യി​ലി​രി​ക്കു​ന്നതു കാണാൻ വാക്‌സെൻറോ​ഡെ ആഗ്രഹി​ച്ചു.

എന്നാൽ, അറിവി​നാ​യുള്ള ദാഹം ശമിപ്പി​ക്കാൻ ആഗ്രഹിച്ച 23-കാരനായ നിക്കോ​ളാസ്‌ അമ്മാവനെ കാര്യങ്ങൾ പറഞ്ഞു ബോധ്യ​പ്പെ​ടു​ത്തി. കാനോൻനി​യമം, വൈദ്യ​ശാ​സ്‌ത്രം, ഗണിതം എന്നിവ പഠിക്കാൻ ഇറ്റലി​യി​ലെ ബോ​ലോ​ണി​യാ, പാദ്യുവ എന്നീ സർവക​ലാ​ശാ​ല​ക​ളിൽ ചേരാൻ അനുവ​ദി​ക്കണം എന്നതാ​യി​രു​ന്നു അത്‌. അവി​ടെ​വെച്ച്‌, ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞൻ ഡോ​മെ​യ്‌നി​ക്കോ മാരിയാ നോവാ​രാ, തത്ത്വശാ​സ്‌ത്രജ്ഞൻ പിയെ​ട്രോ പോം​പോ​നാ​റ്റ്‌സി എന്നിവ​രോ​ടൊ​ത്തു സഹവസി​ക്കാൻ നിക്കോ​ളാ​സി​നു കഴിഞ്ഞു. പോം​പോ​നാ​റ്റ്‌സി​യു​ടെ പഠിപ്പി​ക്ക​ലു​കൾ “യുവ ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞന്റെ മനസ്സിനെ മധ്യയുഗ ചിന്താ​ധാ​ര​ക​ളു​ടെ ബന്ധനത്തിൽനിന്ന്‌” സ്വത​ന്ത്ര​നാ​ക്കി​യെന്ന്‌ സ്റ്റാനി​സ്വാഫ്‌ ബ്‌ഷോ​സ്റ്റ്‌കെ​വിച്ച്‌ എന്ന ചരി​ത്ര​കാ​രൻ പറയുന്നു.

സമയം വീണു​കി​ട്ടു​മ്പോ​ഴൊ​ക്കെ, കോപ്പർനി​ക്കസ്‌ പൗരാ​ണിക ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​രു​ടെ കൃതികൾ പഠിച്ചു. ലത്തീൻ ഭാഷയിൽ വായി​ച്ചിട്ട്‌ തൃപ്‌തി​വ​രാ​തെ, മൂലകൃ​തി​കൾ പഠിക്കാ​നാ​യി അവ എഴുത​പ്പെട്ട ഗ്രീക്ക്‌ ഭാഷ അദ്ദേഹം പഠിച്ചു, അത്രയ്‌ക്കു താത്‌പ​ര്യ​മാ​യി​രു​ന്നു അവയോട്‌. പഠനങ്ങൾക്കൊ​ടു​വിൽ കാനോൻനി​യ​മ​ത്തിൽ അദ്ദേഹം ഡോക്ട​റേറ്റ്‌ നേടി​യി​രു​ന്നു. കൂടാതെ ഒരു ഗണിത​ശാ​സ്‌ത്ര​ജ്ഞ​നും വൈദ്യ​നും ആയിത്തീർന്നി​രു​ന്നു. ഗ്രീക്കു​ഭാ​ഷ​യി​ലും അദ്ദേഹം നിപു​ണ​നാ​യി​രു​ന്നു. ഗ്രീക്കിൽനി​ന്നു നേരിട്ടു പോളീ​ഷി​ലേക്ക്‌ ഒരു പ്രമാണം പരിഭാ​ഷ​പ്പെ​ടു​ത്തിയ പ്രഥമ​വ്യ​ക്തി​യാ​യി​രു​ന്നു അദ്ദേഹം.

ഒരു വിപ്ലവാ​ത്മക സിദ്ധാ​ന്ത​ത്തി​ന്റെ പിറവി

കോപ്പർനി​ക്കസ്‌ പോള​ണ്ടിൽ തിരികെ എത്തിയ​പ്പോൾ ബിഷപ്പാ​യി​രുന്ന അമ്മാവൻ അദ്ദേഹത്തെ തന്റെ സെക്ര​ട്ട​റി​യും ഉപദേ​ശ​ക​നും ഡോക്ട​റും ആക്കി. വളരെ ഉത്‌കൃ​ഷ്ട​മായ ഒരു പദവി​യാ​യി​രു​ന്നു ഇത്‌. തുടർന്നു​വന്ന ദശകങ്ങ​ളിൽ മതപര​വും അല്ലാത്ത​തു​മായ വിവിധ ഭരണസ്ഥാ​നങ്ങൾ അദ്ദേഹം അലങ്കരി​ച്ചു. കനത്ത ജോലി​ഭാ​രം ഉണ്ടായി​രു​ന്നി​ട്ടും നക്ഷത്ര​ങ്ങ​ളെ​യും ഗ്രഹങ്ങ​ളെ​യും കുറി​ച്ചുള്ള പഠനത്തി​ലും ഒരു വിപ്ലവാ​ത്മക സിദ്ധാ​ന്ത​ത്തി​നു പിൻബ​ല​മേ​കുന്ന തെളി​വു​കൾ സമ്പാദി​ക്കു​ന്ന​തി​ലും അദ്ദേഹം തുടർന്നു. ഒരിടത്തു സ്ഥിരമാ​യി നിൽക്കുന്ന ഭൂമിയല്ല പ്രപഞ്ച​ത്തി​ന്റെ കേന്ദ്ര​മെ​ന്നും ഭൂമി സൂര്യനെ ചുറ്റു​ക​യാ​ണെ​ന്നും ഉള്ളതാ​യി​രു​ന്നു ആ സിദ്ധാന്തം.

അരി​സ്റ്റോ​ട്ടിൽ എന്ന ആദരണീയ തത്ത്വശാ​സ്‌ത്ര​ജ്ഞന്റെ പഠിപ്പി​ക്ക​ലു​ക​ളു​മാ​യി ഈ സിദ്ധാന്തം ചേർച്ച​യി​ല​ല്ലാ​യി​രു​ന്നു. അതു​പോ​ലെ ഗ്രീക്ക്‌ ഗണിത​ശാ​സ്‌ത്രജ്ഞൻ ടോള​മി​യു​ടെ നിഗമ​ന​ങ്ങ​ളു​മാ​യും ഇതു യോജി​പ്പി​ലാ​യി​രു​ന്നില്ല. കൂടാതെ, ഭൂമി ഒരിടത്ത്‌ അനങ്ങാതെ നിൽക്കു​ക​യും സൂര്യൻ കിഴക്ക്‌ ഉദിച്ച്‌ ആകാശ​യാ​ത്ര നടത്തി പടിഞ്ഞാറ്‌ അസ്‌ത​മി​ക്കു​ക​യും ചെയ്യു​ന്നു​വെന്നു ലോകം വിശ്വ​സിച്ച “സത്യം” കോപ്പർനി​ക്ക​സി​ന്റെ സിദ്ധാന്തം നിരാ​ക​രി​ച്ചു.

ഭൂമി സൂര്യനെ പരി​ക്ര​മണം ചെയ്യു​ക​യാ​ണെന്ന നിഗമ​ന​ത്തി​ലെ​ത്തിയ ആദ്യ​ത്തെ​യാൾ ആയിരു​ന്നില്ല കോപ്പർനി​ക്കസ്‌. സാമോ​സി​ലെ അരിസ്റ്റാർക്കസ്‌ എന്ന ഗ്രീക്ക്‌ ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞൻ പൊതു​യു​ഗ​ത്തി​നു മുമ്പ്‌ മൂന്നാം നൂറ്റാ​ണ്ടിൽ ഈ സിദ്ധാന്തം മുന്നോ​ട്ടു​വെ​ച്ചി​രു​ന്നു. ഭൂമി​യും സൂര്യ​നും കേന്ദ്ര​ത്തി​ലുള്ള ഒരു അഗ്നിക്കു ചുറ്റും ചലിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ പൈത​ഗോ​റ​സി​ന്റെ അനുയാ​യി​കൾ പഠിപ്പി​ച്ചി​രു​ന്നു. എന്നാൽ, ഭൂമി ചലിച്ചാൽ അതിലെ “മൃഗങ്ങ​ളും മറ്റു ഭാരമുള്ള വസ്‌തു​ക്ക​ളും അന്തരീ​ക്ഷ​ത്തിൽ തൂങ്ങി​നിൽക്കും, ഭൂമി ആകാശ​ത്തി​ന​പ്പു​റ​ത്തേക്കു തെറി​ച്ചു​വീ​ണു​പോ​കും” എന്നൊക്കെ ടോളമി എഴുതി. “ഇതി​നെ​ക്കു​റി​ച്ചൊ​ക്കെ വെറു​തെ​യൊ​ന്നു ചിന്തി​ച്ചാൽത്തന്നെ ഇവ വെറും വിഡ്‌ഢി​ത്ത​മാ​ണെന്നു മനസ്സി​ലാ​കും” എന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരമാ​യി നിൽക്കുന്ന ഭൂമി​യാണ്‌ പ്രപഞ്ച​ത്തി​ന്റെ കേന്ദ്ര​മെ​ന്നും ഭൂമി കേന്ദ്ര​മാ​ക്കി ഒന്നിനു​ള്ളിൽ ഒന്നായി പളുങ്കു ഗോള​ങ്ങ​ളു​ടെ ഒരു ശ്രേണി​യു​ണ്ടെ​ന്നും ഈ ഗോള​ങ്ങ​ളു​ടെ​മേ​ലാണ്‌ സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവ ഉറപ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഉള്ള അരി​സ്റ്റോ​ട്ടി​ലി​ന്റെ ആശയത്തെ ടോളമി പിന്താ​ങ്ങി​യി​രു​ന്നു. അതു​പോ​ലെ, ഈ പളുങ്കു ഗോള​ങ്ങ​ളു​ടെ ചലനമാണ്‌ ഗ്രഹങ്ങ​ളു​ടെ​യും നക്ഷത്ര​ങ്ങ​ളു​ടെ​യും ചലനത്തിന്‌ ആധാര​മാ​യി​രി​ക്കു​ന്ന​തെ​ന്നും അദ്ദേഹം അനുമാ​നി​ച്ചു. നിശാ​ന​ഭ​സ്സിൽ ഗ്രഹങ്ങ​ളു​ടെ ചലനം സാമാ​ന്യം കൃത്യ​ത​യോ​ടെ വിശദീ​ക​രി​ക്കാൻ ടോള​മി​യു​ടെ ഗണിത​ശാ​സ്‌ത്ര സൂത്ര​വാ​ക്യ​ങ്ങൾക്കു കഴിഞ്ഞു.

എന്നാൽ, ടോള​മി​യു​ടെ സിദ്ധാ​ന്ത​ത്തിന്‌ അപാക​തകൾ ഉണ്ടായി​രു​ന്നു. ഗ്രഹങ്ങ​ളു​ടെ അസാധാ​രണ ചലനങ്ങൾക്കു മറ്റൊരു വിശദീ​ക​രണം തേടാൻ കോപ്പർനി​ക്ക​സി​നെ പ്രേരി​പ്പി​ച്ചത്‌ അതാണ്‌. തന്റെ സിദ്ധാ​ന്തത്തെ പിന്താ​ങ്ങു​ന്ന​തി​നുള്ള തെളി​വു​കൾ കണ്ടെത്താൻ അദ്ദേഹം പുരാതന ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞർ ഉപയോ​ഗിച്ച ഉപകര​ണങ്ങൾ പുനർനിർമി​ച്ചു. നൂതന നിലവാ​രങ്ങൾ വെച്ചു​നോ​ക്കു​മ്പോൾ നിസ്സാ​ര​മെ​ങ്കി​ലും ഈ ഉപകര​ണങ്ങൾ സൂര്യ​നും ഗ്രഹങ്ങ​ളും തമ്മിലുള്ള ആപേക്ഷിക ദൂരം കണക്കാ​ക്കാൻ അദ്ദേഹത്തെ സഹായി​ച്ചു. തന്റെ മുൻഗാ​മി​കൾ നടത്തിയ ചില പ്രധാ​ന​പ്പെട്ട ജ്യോ​തി​ശ്ശാ​സ്‌ത്ര നിരീ​ക്ഷ​ണ​ങ്ങ​ളു​ടെ കൃത്യ​മായ തീയതി​കൾ കണ്ടുപി​ടി​ക്കാൻ അദ്ദേഹം വർഷങ്ങൾ ചെലവ​ഴി​ച്ചു. അങ്ങനെ ഒടുവിൽ ഇതൊക്കെ സംഘടി​പ്പിച്ച്‌ അദ്ദേഹം മനുഷ്യ​വർഗത്തെ പ്രപഞ്ച​ത്തി​ന്റെ കേന്ദ്ര​ത്തിൽനി​ന്നു താഴെ​യി​റ​ക്കുന്ന വിവാ​ദാ​ത്മ​ക​മായ തന്റെ കൃതി​യു​ടെ പണിപ്പു​ര​യി​ലെത്തി.

കൈ​യെ​ഴു​ത്തു​പ്ര​തി​യെ​ച്ചൊ​ല്ലി വിവാദം

തന്റെ സിദ്ധാ​ന്ത​ത്തി​നു പിൻബ​ല​മേ​കുന്ന വാദഗ​തി​ക​ളും ഗണിത​ശാ​സ്‌ത്ര സൂത്ര​വാ​ക്യ​ങ്ങ​ളും പരിഷ്‌ക​രി​ക്കു​ക​യും കൂട്ടി​ച്ചേർക്കു​ക​യും ചെയ്‌തു​കൊ​ണ്ടാണ്‌ കോപ്പർനി​ക്കസ്‌ തന്റെ അവസാന വർഷങ്ങൾ ചെലവ​ഴി​ച്ചത്‌. കൃതി​യു​ടെ 95 ശതമാ​ന​ത്തി​ല​ധി​ക​വും അദ്ദേഹ​ത്തി​ന്റെ നിഗമ​ന​ങ്ങളെ പിന്താ​ങ്ങുന്ന സാങ്കേ​തിക വിശദാം​ശ​ങ്ങ​ളാണ്‌. ഈ മൂല കൈ​യെ​ഴു​ത്തു​പ്രതി ഇന്നുമുണ്ട്‌, പോള​ണ്ടി​ലെ ക്രാ​ക്കോ​യി​ലുള്ള യാഗി​യെ​ലോ​നി​യൻ സർവക​ലാ​ശാ​ല​യിൽ ഇതു സൂക്ഷി​ച്ചി​രി​ക്കു​ന്നു. ഈ കൃതിക്ക്‌ ഒരു പേരില്ല. അതു​കൊണ്ട്‌ ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​നായ ഫ്രെഡ്‌ ഹോയ്‌ൽ എഴുതു​ന്നു: “തന്റെ പുസ്‌ത​ക​ത്തിന്‌ എന്തു പേരി​ടാ​നാണ്‌ കോപ്പർനി​ക്കസ്‌ ആഗ്രഹി​ച്ച​തെന്നു നമുക്ക്‌ യഥാർഥ​ത്തിൽ അറിയില്ല.”

അദ്ദേഹ​ത്തി​ന്റെ കൃതി പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മുമ്പു​തന്നെ അതിന്റെ ഉള്ളടക്കം ജനമന​സ്സു​ക​ളിൽ താത്‌പ​ര്യ​മു​ണർത്തി. കോ​മെ​ന്റാ​രി​യോ​ലിസ്‌ എന്ന ഒരു കൃതി​യിൽ തന്റെ ആശയങ്ങ​ളു​ടെ ഒരു രത്‌ന​ച്ചു​രു​ക്കം കോപ്പർനി​ക്കസ്‌ പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഫലമോ? അദ്ദേഹ​ത്തി​ന്റെ ഗവേഷ​ണ​ത്തെ​ക്കു​റി​ച്ചുള്ള വാർത്തകൾ ജർമനി​യി​ലും റോമി​ലും എത്തി. 1533-ൽത്തന്നെ ക്ലമന്റ്‌ ഏഴാമൻ പാപ്പാ കോപ്പർനി​ക്ക​സി​ന്റെ സിദ്ധാ​ന്ത​ത്തെ​ക്കു​റി​ച്ചു കേട്ടു. ആശയങ്ങ​ളു​ടെ​യെ​ല്ലാം ഒരു മുഴു​വി​വ​രണം പ്രസി​ദ്ധീ​ക​രി​ക്കാൻ പ്രേരി​പ്പി​ച്ചു​കൊണ്ട്‌ 1536-ൽ കർദി​നാൾ ഷോൻബെർക്ക്‌ കോപ്പർനി​ക്ക​സിന്‌ എഴുതി. ജർമനി​യി​ലെ വിറ്റൻബർഗ്‌ സർവക​ലാ​ശാ​ല​യി​ലെ ഒരു പ്രൊ​ഫ​സ​റായ ഗേയോർഗ്‌ യോയാ​ച്ചിം റേറ്റി​ക്കു​സിന്‌ കോപ്പർനി​ക്ക​സി​ന്റെ കൃതി​യിൽ അതീവ​താ​ത്‌പ​ര്യം തോന്നി​യ​തി​നെ​ത്തു​ടർന്ന്‌ കോപ്പർനി​ക്ക​സി​നെ സന്ദർശി​ച്ചു രണ്ടുവർഷം അദ്ദേഹ​ത്തോ​ടൊ​പ്പം താമസി​ച്ചു. 1542-ൽ റേറ്റി​ക്കുസ്‌ കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ ഒരു കോപ്പി​യു​മാ​യി ജർമനി​യി​ലേക്കു മടങ്ങി. തുടർന്ന്‌, പെ​ട്രെ​യുസ്‌ എന്ന അച്ചടി​ക്കാ​രന്റെ കൈയിൽ അച്ചടി​ക്കാൻ ഏൽപ്പിച്ചു, ആൻ​ഡ്രേ​യാസ്‌ ഓസി​യാൻഡർ എന്ന ഒരു പുരോ​ഹി​തനെ പ്രൂഫ്‌ വായന​യ്‌ക്കും.

ഓസി​യാൻഡർ പ്രസ്‌തുത കൃതിക്ക്‌ ഡെ റെവൊ​ലൂ​റ്റി​യോ​നി​ബുസ്‌ ഓർബി​യും കോ​യെ​ലെ​സ്റ്റി​യും (ഓൺ ദ റെവല്യൂ​ഷൻസ്‌ ഓഫ്‌ ദ ഹെവൻലി സ്‌ഫി​യർസ്‌) എന്ന തലക്കെട്ടു നൽകി. “ഓഫ്‌ ദ ഹെവൻലി സ്‌ഫി​യർസ്‌” എന്നു ചേർക്കു​ക​വഴി അരി​സ്റ്റോ​ട്ടി​ലി​ന്റെ ആശയങ്ങൾ ഈ കൃതിയെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ ഓസി​യാൻഡർ ധ്വനി​പ്പി​ച്ചു. ഈ കൃതി​യി​ലെ അനുമാ​നങ്ങൾ അന്നത്തെ അടിസ്ഥാന മതവി​ശ്വാ​സ​ങ്ങളല്ല, അവശ്യം സത്യം ആയിരി​ക്ക​ണ​മെ​ന്നു​മില്ല എന്നുള്ള പ്രസ്‌താ​വ​ന​യ​ടക്കം പേരു​വെ​ക്കാ​തെ ഒരു ആമുഖ​വും അയാൾ എഴുതി. 1543-ൽ മരണത്തിന്‌ ഏതാനും മണിക്കൂ​റു​കൾക്കു മുമ്പാണ്‌ തന്റെ കൃതി​യു​ടെ അച്ചടിച്ച, അനധി​കൃ​ത​മാ​യി മാറ്റങ്ങ​ളും പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളും വരുത്തിയ, ഒരു പ്രതി കോപ്പർനി​ക്ക​സി​നു കിട്ടു​ന്നത്‌.

ഓൺ ദ റെവല്യൂ​ഷൻസ്‌—വിപ്ലവം സൃഷ്ടിച്ച കൃതി

ഓസി​യാൻഡർ വരുത്തിയ മാറ്റങ്ങൾ നിമിത്തം ആദ്യ​മൊ​ക്കെ ഈ കൃതി വിമർശ​ന​ത്തിൽനി​ന്നു രക്ഷപ്പെട്ടു. ഇറ്റലി​ക്കാ​ര​നായ ഭൗതി​ക​ശാ​സ്‌ത്ര​ജ്ഞ​നും ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​നു​മാ​യി​രുന്ന ഗലീലി​യോ പിന്നീട്‌ ഇങ്ങനെ എഴുതി: “ആ പുസ്‌തകം അച്ചടി​ച്ച​പ്പോൾ, വിശുദ്ധ സഭ അംഗീ​ക​രി​ക്കു​ക​യും എല്ലാവ​രും വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്‌തു. അതിലെ സിദ്ധാ​ന്ത​ങ്ങൾക്കെ​തി​രെ ആരു​ടെ​യെ​ങ്കി​ലും മനസ്സിൽ സംശയങ്ങൾ മുള​പൊ​ട്ടു​ന്ന​തി​ന്റെ നേരിയ ലാഞ്ചന​പോ​ലും ഇല്ലായി​രു​ന്നു. എന്നാൽ ഇന്ന്‌, ആ സിദ്ധാ​ന്ത​ങ്ങൾക്ക്‌ അനുഭ​വ​ങ്ങ​ളു​ടെ​യും തെളി​വു​ക​ളു​ടെ​യും ഉറച്ച പിൻബലം ഉണ്ടായി​രു​ന്നി​ട്ടു​കൂ​ടി ആ പുസ്‌ത​ക​ത്തി​ലൂ​ടെ​യൊ​ന്നു കണ്ണോ​ടി​ക്കു​ക​പോ​ലും ചെയ്യാതെ അതിന്റെ ഗ്രന്ഥകാ​രനെ താറടി​ച്ചു​കാ​ണി​ക്കു​ന്ന​വ​രുണ്ട്‌.”

ഇതിനെ “ഒരു വിഡ്‌ഢി​ത്തം” എന്ന്‌ ആദ്യം മുദ്ര​കു​ത്തി​യത്‌ ലൂഥറൻകാ​രാണ്‌. ആദ്യ​മൊ​ക്കെ ഒന്നും മിണ്ടാ​തി​രുന്ന കത്തോ​ലി​ക്കാ സഭ, 1616-ൽ നിരോ​ധി​ക്ക​പ്പെട്ട പുസ്‌ത​ക​ങ്ങ​ളു​ടെ പട്ടിക​യി​ലേക്ക്‌ കോപ്പർനി​ക്ക​സി​ന്റെ കൃതി​യും ചേർത്തു. സഭയുടെ ഔദ്യോ​ഗിക സിദ്ധാ​ന്ത​വു​മാ​യി ചേരാ​തെ​വ​രു​ന്നു എന്നതാണ്‌ കാരണ​മാ​യി ചൂണ്ടി​ക്കാ​ട്ടി​യത്‌. 1828 വരെ ഈ കൃതി നിരോ​ധ​ന​ത്തി​ലാ​യി​രു​ന്നു. ഈ പുസ്‌ത​ക​ത്തി​ന്റെ ഒരു ഇംഗ്ലീഷ്‌ പരിഭാ​ഷ​യു​ടെ ആമുഖ​ത്തിൽ അതിന്റെ വിവർത്ത​ക​നായ ചാൾസ്‌ ഗ്ലെൻ വാല്ലിസ്‌ ഇപ്രകാ​രം പറയുന്നു: “കത്തോ​ലി​ക്ക​രു​ടെ​യും പ്രൊ​ട്ട​സ്റ്റ​ന്റു​കാ​രു​ടെ​യും ഇടയി​ലു​ണ്ടാ​യി​രുന്ന ഭിന്നി​പ്പു​കൾ കാരണം, ‘ബൈബി​ളി​നോട്‌ അടുത്തു​പ​റ്റി​നിൽക്കുന്ന സഭയെന്ന നിലയി​ലുള്ള’ തങ്ങളുടെ ആദരവു കുറച്ചു​ക​ള​യുന്ന എന്തെങ്കി​ലും അപവാ​ദങ്ങൾ ഉണ്ടാ​യേ​ക്കു​മോ​യെന്ന ഭയം ഇരുവി​ഭാ​ഗ​ങ്ങ​ളി​ലും ഉടലെ​ടു​ത്തു. തത്‌ഫ​ല​മാ​യി, അവർ തിരു​വെ​ഴു​ത്തു​കൾക്ക്‌ അമിത​മായ അക്ഷരാർഥം കൽപ്പി​ക്കാൻ തുടങ്ങി. ബൈബി​ളി​ന്റെ ഏതൊരു ഭാഗത്തി​ന്റെ​യും അക്ഷരാർഥ​ത്തി​ലുള്ള വ്യാഖ്യാ​ന​ത്തി​നു ചേരാതെ വരുന്ന​താ​യി തോന്നുന്ന എന്തി​നെ​യും കുറ്റം​വി​ധി​ക്കാൻ അവർ പ്രവണത കാണിച്ചു.” * കോപ്പർനി​ക്ക​സി​ന്റെ സിദ്ധാ​ന്ത​വും ബൈബിൾ പഠിപ്പി​ക്ക​ലും തമ്മിൽ ഉണ്ടെന്നു കരുതിയ വൈരു​ദ്ധ്യ​ത്തെ​ക്കു​റിച്ച്‌ ഗലീലി​യോ എഴുതി​യ​തി​താണ്‌: “[കോപ്പർനി​ക്കസ്‌] ബൈബി​ളി​നെ അവഗണി​ച്ചില്ല, എന്നാൽ തന്റെ സിദ്ധാന്തം തെളി​യി​ക്ക​പ്പെ​ട്ടാൽ അത്‌ തിരു​വെ​ഴു​ത്തു​കൾ ശരിയായ വിധത്തിൽ മനസ്സി​ലാ​ക്കു​ന്ന​പക്ഷം അതിന്‌ എതിരാ​കാൻ കഴിയി​ല്ലെന്ന്‌ അദ്ദേഹ​ത്തി​നു നന്നായി അറിയാ​മാ​യി​രു​ന്നു.”

ഇന്ന്‌, പലരും കോപ്പർനി​ക്ക​സി​നെ ആധുനിക ജ്യോ​തി​ശ്ശാ​സ്‌ത്ര​ത്തി​ന്റെ പിതാ​വാ​യി ആദരി​ക്കു​ന്നു. പ്രപഞ്ച​ത്തെ​ക്കു​റി​ച്ചുള്ള അദ്ദേഹ​ത്തി​ന്റെ ചിത്രം ഗലീലി​യോ, കെപ്ലർ, ന്യൂട്ടൻ എന്നിങ്ങനെ പിന്നീ​ടു​വന്ന ശാസ്‌ത്ര​ജ്ഞ​ന്മാർ മിനു​ക്കു​ക​യും പരിഷ്‌ക​രി​ക്കു​ക​യും ചെയ്‌തു എന്നതു ശരിതന്നെ. എന്നിരു​ന്നാ​ലും, “ഏറെക്കാ​ലം വിശ്വ​സി​ച്ചു​പോ​ന്നി​രുന്ന ശാസ്‌ത്ര​ധാ​ര​ണകൾ തകർന്നു​ട​യാൻ എത്ര​യെ​ളു​പ്പ​മാ​ണെന്ന്‌ തന്റെ കൃതി​യി​ലൂ​ടെ നമുക്കു കാണി​ച്ചു​ത​ന്നതു കോപ്പർനി​ക്ക​സാണ്‌” എന്ന്‌ ജ്യോ​തിർഗോ​ള​ങ്ങ​ളു​ടെ ഭൗതിക, രാസ പ്രകൃ​തി​ക​ളെ​പ്പറ്റി പഠിക്കുന്ന ശാസ്‌ത്ര​ജ്ഞ​നായ ഓവൻ ഗിങ്‌ഗ്രിച്ച്‌ പറയുന്നു. ഗവേഷണം, നിരീ​ക്ഷണം, ഗണിതം എന്നിവ​യി​ലൂ​ടെ രൂഢമൂ​ല​മാ​യി​രുന്ന മതപര​വും ശാസ്‌ത്രീ​യ​വു​മായ മിഥ്യാ​ധാ​ര​ണ​കളെ അദ്ദേഹം കടപു​ഴക്കി. ജനമന​സ്സു​ക​ളിൽ അദ്ദേഹം “സൂര്യനെ നിശ്ചല​നാ​ക്കി, ഭൂമിയെ ചലിപ്പി​ച്ചു.”

[അടിക്കു​റിപ്പ്‌]

^ ഉദാഹരണത്തിന്‌, സൂര്യൻ നിശ്ചല​മാ​യി നിന്നു​വെന്ന്‌ പറയുന്ന യോശുവ 10:13-ലെ വിവരണം, സൂര്യ​നാണ്‌ ഭൂമിയല്ല ചലിക്കു​ന്ന​തെന്ന്‌ അവകാ​ശ​വാ​ദം ചെയ്യാൻ ഉപയോ​ഗി​ച്ചി​രു​ന്നു.

[15-ാം പേജിലെ ചതുരം/ചിത്രം]

ഓൺ ദ റെവല്യൂ​ഷൻസ്‌ ഓഫ്‌ ദ ഹെവൻലി സ്‌ഫി​യർസ്‌

കോപ്പർനി​ക്കസ്‌ തന്റെ കൃതി ആറുഭാ​ഗ​ങ്ങ​ളാ​യി തിരിച്ചു. അദ്ദേഹ​ത്തി​ന്റെ ഗ്രന്ഥത്തി​ലെ ചില മുഖ്യ ആശയങ്ങ​ളാ​ണു താഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്നത്‌.

● നമ്മുടെ ഗ്രഹം അനേകം “യാത്ര​ക്കാ​രിൽ” ഒന്നുമാ​ത്രം. ഇവയു​ടെ​യൊ​ക്കെ ചലനത്തി​ന്റെ കടിഞ്ഞാൺ പിടി​ക്കു​ന്നത്‌ ‘രാജസിം​ഹാ​സ​ന​ത്തിൽ ഉപവി​ഷ്ട​നാ​യി​രി​ക്കുന്ന സൂര്യ​നാണ്‌.’

● ഗ്രഹങ്ങൾ സൂര്യനെ ചുറ്റു​ന്നത്‌ ഒരേ ദിശയി​ലാണ്‌. അവയി​ലൊ​ന്നായ ഭൂമി സ്വന്തം അച്ചുത​ണ്ടിൽ ദിവസം ഒരുതവണ കറങ്ങു​ക​യും വർഷത്തിൽ ഒരുതവണ സൂര്യനെ വലം​വെ​ക്കു​ക​യും ചെയ്യുന്നു.

● സൂര്യ​നിൽനി​ന്നുള്ള ദൂരമ​നു​സ​രിച്ച്‌ ഏറ്റവും അടുത്തതു ബുധൻ, പിന്നെ ശുക്രൻ, ഭൂമി​യും അതിന്റെ ചന്ദ്രനും, ചൊവ്വ, വ്യാഴം, ശനി.

[കടപ്പാട്‌]

കോപ്പർനിക്കസിന്റെ കൃതി​യു​ടെ ശീർഷക പേജ്‌: Zbiory i archiwum fot. Muzeum Okręgowego w Toruniu

[12-ാം പേജിലെ ചിത്രം]

കോപ്പർനിക്കസ്‌ നിരീ​ക്ഷ​ണ​ത്തിന്‌ ഉപയോ​ഗിച്ച ഒരു ഉപകരണം

[കടപ്പാട്‌]

Zbiory i archiwum fot. Muzeum Okręgowego w Toruniu

[13-ാം പേജിലെ ചിത്രങ്ങൾ]

കോപ്പർനിക്കസിന്റെ പഠനമു​റി​യി​ലെ സാധന ങ്ങൾ. പോള​ണ്ടി​ലെ ഫ്രോം​ബോർക്കി​ലുള്ള അദ്ദേഹ​ത്തി​ന്റെ വാന നിരീ​ക്ഷ​ണ​കേ​ന്ദ്രത്തി ലാണ്‌ ഈ പഠനമു​റി

[കടപ്പാട്‌]

Zdjecie: Muzeum M. Kopernika we Fromborku; J. Semków

[14-ാം പേജിലെ ചിത്രം]

ഭൂകേന്ദ്രയൂഥം

[കടപ്പാട്‌]

© 1998 Visual Language

[14-ാം പേജിലെ ചിത്രം]

സൗരകേന്ദ്രയൂഥം

[കടപ്പാട്‌]

© 1998 Visual Language

[15-ാം പേജിലെ ചിത്രം]

ഇന്നു നമുക്ക​റി​വുള്ള സൗരയൂ​ഥം