വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാൻ ദ്വീപിലേക്കു ഞങ്ങളോടൊപ്പം പോരൂ

മാൻ ദ്വീപിലേക്കു ഞങ്ങളോടൊപ്പം പോരൂ

മാൻ ദ്വീപി​ലേക്കു ഞങ്ങളോ​ടൊ​പ്പം പോരൂ

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

വെയിൽ കായുന്ന സ്രാവി​നെ കാണണോ? എങ്കിൽ ഐറിഷ്‌ കടലിലെ മാൻ ദ്വീപി​ന്റെ തീരക്ക​ട​ലി​ലേക്കു പോയാൽ മതി. അവയെ കാണാൻ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ്‌ അത്‌. അഞ്ചുടൺ ഭാരം​വ​രുന്ന പൊതു​വെ നിരു​പ​ദ്ര​വി​യായ ഈ മത്സ്യങ്ങൾ പ്ലവകങ്ങളെ—അവയുടെ ഏക ആഹാര​മാണ്‌ ഈ പ്ലവകങ്ങൾ—തിന്നു​ന്നതു കാണു​ന്ന​തി​നാ​യി വിനോ​ദ​സ​ഞ്ചാ​രി​കൾ മാൻ ദ്വീപിൽനിന്ന്‌ ജലയാത്ര നടത്താ​റുണ്ട്‌. അയർലൻഡ്‌, ഇംഗ്ലണ്ട്‌, വെയ്‌ൽസ്‌, സ്‌കോ​ട്ട്‌ലൻഡ്‌ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ ഈ ദ്വീപി​ലേക്ക്‌ ഏകദേശം തുല്യ ദൂരമാണ്‌. “പരിസ്ഥി​തി​ക്കു കോട്ടം​ത​ട്ടാ​തെ​യുള്ള വിനോ​ദ​സ​ഞ്ചാ​ര​ത്തിന്‌ ഒന്നാന്തരം സ്ഥലമാ​ണിത്‌,” അവിടത്തെ ഒരു പ്രകൃ​തി​വി​ജ്ഞാ​നി ബിൽ ഡെയ്‌ൽ പറയുന്നു.

ഇനി, മാൻ ദ്വീപി​നെ​ക്കു​റിച്ച്‌ അൽപ്പം. 570 ചതുരശ്ര കിലോ​മീ​റ്റർ വ്യാപി​ച്ചു​കി​ട​ക്കുന്ന മാൻ ദ്വീപി​ലെ ജനസംഖ്യ 70,000 ആണ്‌. പച്ചപുതച്ച താഴ്‌വ​രകൾ, തവിട്ടു​നി​റ​മുള്ള വളക്കൂ​റി​ല്ലാത്ത പ്രദേ​ശങ്ങൾ, തടാകങ്ങൾ, അരുവി​കൾ, മനോ​ജ്ഞ​മായ ഉൾക്കട​ലു​കൾ, ചെങ്കു​ത്തായ പാറ​ക്കെ​ട്ടു​കൾ, നിരപ്പ​ല്ലാത്ത തീര​പ്ര​ദേശം എന്നിങ്ങനെ വൈവി​ധ്യ​മാർന്ന പ്രകൃതി. ബ്രിട്ടീഷ്‌ ദ്വീപു​ക​ളു​ടെ ഭാഗമായ, ചരി​ത്ര​മു​റ​ങ്ങുന്ന ഈ മണ്ണി​ലേക്കു ഞങ്ങളോ​ടൊ​പ്പം പോരൂ. നമുക്ക്‌ ഇവിടത്തെ ചില നിധികൾ തിരയാം.

വിനോ​ദ​സ​ഞ്ചാ​രി​കൾക്കുള്ള ആകർഷ​ണ​ങ്ങൾ

ചരിത്ര പ്രധാ​ന​മായ മാൻ ദ്വീപി​ലെ ഒരു ആകർഷ​ണ​മാണ്‌ മാങ്ക്‌സ്‌ പൂച്ച. ഈ അസാധാ​രണ ജീവിക്കു പൂച്ചയു​ടെ മോന്ത​യാണ്‌, വാലില്ല. മുൻകാ​ലു​ക​ളെ​ക്കാൾ നീളമുള്ള പിൻകാ​ലു​ക​ളുള്ള ഇതിന്റെ നിൽപ്പു കണ്ടാൽ മുയലി​നെ​പ്പോ​ലെ തോന്നി​ക്കും. ഇതിന്റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചു വ്യക്തമാ​യൊ​ന്നും അറിയി​ല്ലെ​ങ്കി​ലും നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ ഏഷ്യയിൽനി​ന്നുള്ള കപ്പൽയാ​ത്ര​ക്കാർ വാലി​ല്ലാ​പ്പൂ​ച്ച​ക​ളു​ടെ കുഞ്ഞു​ങ്ങളെ ഇവിടെ കൊണ്ടു​വ​ന്നെ​ന്നും അങ്ങനെ​യാണ്‌ ഈ പൂച്ചവർഗം ഈ ദ്വീപി​നു സ്വന്തമാ​യ​തെ​ന്നും പറയ​പ്പെ​ടു​ന്നു.

അവിടത്തെ മറ്റൊരു ആകർഷ​ണ​മാണ്‌ എല്ലാവർഷ​വും നടത്തുന്ന ‘ടൂറിസ്റ്റ്‌ ട്രോഫി’ മോ​ട്ടോർ​സൈ​ക്കിൾ റേസ്‌. പ്രധാന നിരത്തി​ലൂ​ടെ 60 കിലോ​മീ​റ്റ​റി​ലേറെ ദൂരം റേസ്‌ നടത്തണം. ആദ്യത്തെ റേസ്‌ 1907-ൽ ആയിരു​ന്നു. അന്ന്‌ ഏറ്റവും ഉയർന്ന ശരാശരി വേഗം മണിക്കൂ​റിൽ 65 കിലോ​മീ​റ്റ​റിൽ താഴെ​യാ​യി​രു​ന്നു. ഇന്ന്‌, ജയം നിശ്ചയി​ക്കുന്ന ശരാശരി വേഗം മണിക്കൂ​റിൽ 190 കിലോ​മീ​റ്റ​റി​ലും കൂടു​ത​ലാണ്‌. ഇത്‌ മരണക്ക​ളി​യാണ്‌. വർഷങ്ങ​ളി​ലു​ട​നീ​ളം നിരവ​ധി​പ്പേർ മത്സരത്തിൽ കൊല്ല​പ്പെ​ട്ടി​ട്ടുണ്ട്‌. *

ദ്വീപി​ന്റെ തലസ്ഥാ​ന​മായ ഡോഗ്ല​സിൽ ഗതകാലം ചില ഓർമ​ക്കു​റി​പ്പു​കൾ അവശേ​ഷി​പ്പി​ച്ചി​ട്ടുണ്ട്‌. ആളുകൾ സവാരി​ക്കി​റ​ങ്ങുന്ന സ്ഥലത്തെ, കുതി​രകൾ വലിക്കുന്ന ട്രാമു​കൾ, 24 കിലോ​മീ​റ്റർ ദൈർഘ്യ​മുള്ള ഒരു നീരാവി റെയിൽവേ എന്നിവ. ദ്വീപി​ലെ ആദ്യകാല ഗതാഗത സംവി​ധാ​ന​മായ നാരോ-ഗേജ്‌ പാളത്തി​ന്റെ ബാക്കി​പ​ത്ര​മാ​യി ഇതു മാത്ര​മേ​യു​ള്ളൂ. നൂറി​ലേറെ വർഷം മുമ്പ്‌ മാങ്ക്‌സ്‌ വൈദ്യു​ത റെയിൽവേ തുറന്നു. അതിന്റെ ചില ട്രാം കാറുകൾ ഇപ്പോ​ഴും മാൻ ദ്വീപി​ലെ ഏറ്റവും ഉയരമുള്ള സ്‌നെ​യ്‌ഫെൽ പർവത​ത്തി​ന്റെ നെറു​ക​യി​ലേക്ക്‌ 600 മീറ്ററി​ലേറെ ദൂരം കയറി​പ്പോ​കും.

ദ ഗ്രേറ്റ്‌ ലാക്‌സി വീൽ

ദ്വീപി​ന്റെ വികസ​ന​ത്തിൽ, ഈയം, വെള്ളി, സിങ്ക്‌ എന്നിവ​യ്‌ക്കെ​ല്ലാം പങ്കുള്ള​താ​യി കാണാം, പ്രത്യേ​കിച്ച്‌ ഗ്രേറ്റ്‌ ലാക്‌സി ഖനിയു​ടെ കാര്യ​മെ​ടു​ത്താൽ. ദ ഗ്രേറ്റ്‌ ലാക്‌സി വീൽ എന്നു വിളി​ക്കുന്ന കൂറ്റൻ ചക്രം 1854-ൽ അതു സ്ഥാപിച്ച വിക്ടോ​റി​യൻ കാലഘ​ട്ട​ത്തി​ലെ എഞ്ചിനീ​യർമാ​രു​ടെ​യും അതിന്റെ രൂപസം​വി​ധാ​യകൻ റോബർട്ട്‌ കേസ്‌മെ​ന്റി​ന്റെ​യും നൈപു​ണ്യ​ത്തി​ന്റെ ഒരു ഗംഭീ​ര​പ്ര​തീ​ക​മാണ്‌. ചക്രങ്ങൾ നിർമി​ക്കു​ക​യും കേടു​പോ​ക്കു​ക​യും ചെയ്‌തി​രുന്ന ഒരു തദ്ദേശ​വാ​സി​യു​ടെ മകനാ​യി​രു​ന്നു റോബർട്ട്‌. ഈ ചക്രത്തിന്‌ 20 മീറ്ററി​ലേറെ വ്യാസ​മുണ്ട്‌. താഴ്‌വ​ര​യിൽ ഉയർന്ന​സ്ഥ​ല​ത്തുള്ള ഒരു സംഭര​ണി​യി​ലെ വെള്ളം ഇതി​ലേക്കു പതിക്കാ​നി​ട​യാ​ക്കി​യാണ്‌ ഇതു പ്രവർത്തി​പ്പി​ച്ചി​രു​ന്നത്‌. ഈ ചക്രം ഒരു മിനി​ട്ടിൽ രണ്ടര പ്രാവ​ശ്യം കറങ്ങി​യി​രു​ന്നു. അപ്പോൾ 360 മീറ്റർ ആഴത്തിൽനിന്ന്‌ 950 ലിറ്റർ വെള്ളം മുകളി​ലെ​ത്തി​ക്കാൻ ഈ ചക്രം സഹായി​ക്കും, അങ്ങനെ ഖനി തുരക്കുന്ന ഷാഫ്‌റ്റു​കൾ വെള്ളത്തിൽ മുങ്ങാതെ സംരക്ഷി​ച്ചി​രു​ന്നു. ഖനിക്കു​ള്ളി​ലെ ജലം പമ്പു​ചെ​യ്യുന്ന സംവി​ധാ​നത്തെ പ്രവർത്തന സജ്ജമാ​ക്കി​യി​രു​ന്നത്‌ ക്രാങ്കാണ്‌. ഇത്‌ ഏകദേശം 180 മീറ്റർ നീളമുള്ള ദണ്ഡുക​ളു​ടെ ഒരു വ്യൂഹ​വു​മാ​യി ബന്ധിപ്പി​ച്ചി​രു​ന്നു. ഈ കൂറ്റൻ ചക്രത്തി​ന്റെ ആക്‌സി​ലി​നു​തന്നെ പത്തു ടൺ ഭാരം വരും.

വീൽഹൗ​സി​ന്റെ തെക്കേ അറ്റത്തായി ഇരുമ്പിൽ തീർത്ത ഒരു ചിഹ്നമുണ്ട്‌, ത്രീ ലഗ്‌സ്‌ ഓഫ്‌ മാൻ. രണ്ടുമീ​റ്റർ വ്യാസ​മു​ണ്ടി​തിന്‌. ഇന്ന്‌ മാൻ ദ്വീപി​നെ കുറി​ക്കാൻ ഉപയോ​ഗി​ക്കുന്ന ഈ ചിഹ്നത്തി​ന്റെ ഉത്ഭവവും പ്രാധാ​ന്യ​വും എന്താണ്‌?

1246-ന്‌ ശേഷം ഈ ചിഹ്നം ചാർട്ടർ മുദ്ര​ക​ളിൽ ദ്വീപി​ന്റെ ഔദ്യോ​ഗിക ചിഹ്നമാ​യി പ്രത്യ​ക്ഷ​പ്പെ​ടാൻ തുടങ്ങി. ഈ ഡിസൈൻ പൊതു​യു​ഗ​ത്തി​നു മുമ്പ്‌ ആറാം നൂറ്റാ​ണ്ടി​ലെ ഒരു ഗ്രീക്ക്‌ അലങ്കാ​ര​പാ​ത്ര​ത്തിൽ കണ്ടെത്ത​പ്പെ​ട്ടി​ട്ടുണ്ട്‌, ഇതിനു ഗ്രീക്ക്‌ കുരിശ്‌ അഥവാ ഗമേഡി​യ​നു​മാ​യി ബന്ധമു​ള്ള​താ​യി പറയ​പ്പെ​ടു​ന്നു. ഈ ചിഹ്നം സൂര്യ​ര​ശ്‌മി​കളെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​തി​നാൽ ഇതിനു സൂര്യാ​രാ​ധ​ന​യു​മാ​യി ബന്ധമു​ള്ള​താ​യി പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഇത്‌ മാൻ ദ്വീപിൽ എത്തിയത്‌ എങ്ങനെ​യാണ്‌? ഒരുപക്ഷേ സിസിലി ദ്വീപു​മാ​യുള്ള വ്യാപാര ഇടപാ​ടു​കൾ മുഖേന മെഡി​റ്റ​റേ​നി​യ​നിൽനിന്ന്‌ എത്തിയ​താ​കാം. കാരണം സിസി​ലി​യിൽ ഈ ചിഹ്നം ഉപയോ​ഗി​ച്ചി​രു​ന്നു. അല്ലെങ്കിൽ പുരാതന സ്‌കാൻഡി​നേ​വി​യ​ക്കാർ അഥവാ വൈക്കി​ങ്ങു​ക​ളു​ടെ നാണയ​ങ്ങ​ളിൽനി​ന്നാ​കാം. മാൻ ദ്വീപി​ലെ രാജാ​ക്ക​ന്മാർ പിന്നീട്‌ ഈ ചിഹ്നത്തെ ഇന്നു കാണു​ന്ന​തു​പോ​ലുള്ള രക്ഷാക​വ​ച​മ​ണിഞ്ഞ മൂന്നു കാലുകൾ പോ​ലെ​യാ​ക്കി പരിഷ്‌ക​രി​ച്ചു.

സംഭവ​ബ​ഹു​ല​മായ ഒരു ചരിത്രം

പൊതു​യു​ഗം 43-ൽ റോമാ​ക്കാർ ഇംഗ്ലണ്ട്‌ പിടി​ച്ച​ടക്കി, അവിടെ ഏകദേശം 400 വർഷം താമസി​ച്ചു. എന്നാൽ അവർ, ജൂലി​യസ്‌ സീസർ മോന എന്നു വിളിച്ച മാൻ ദ്വീപി​നെ അവഗണി​ച്ചെന്നു തോന്നു​ന്നു. വൈക്കി​ങ്ങു​കൾ 9-ാം നൂറ്റാ​ണ്ടിൽ ഇവിടം ആക്രമി​ച്ചു, 13-ാം നൂറ്റാ​ണ്ടി​ന്റെ മധ്യം​വരെ അവർ ഇവി​ടെ​യു​ണ്ടാ​യി​രു​ന്നു. നിർഭ​യ​രായ ഈ പര്യ​വേ​ക്ഷകർ കച്ചവടം നടത്തു​ന്ന​തി​നും അയൽദേ​ശ​ങ്ങളെ ആക്രമി​ക്കു​ന്ന​തി​നും പറ്റിയ താവള​മാ​യി ഈ ദ്വീപി​നെ കണ്ടു. ഈ കാലയ​ള​വിൽ മാങ്ക്‌സ്‌ പാർല​മെ​ന്റായ ടിൻവാൾഡ്‌ സ്ഥാപി​ത​മാ​യി. ലോക​ത്തി​ലെ ഇന്നും പ്രവർത്ത​ന​നി​ര​ത​മാ​യി​രി​ക്കുന്ന ഏറ്റവും പഴക്ക​മേ​റിയ ദേശീയ പാർല​മെ​ന്റാ​ണി​തെന്നു കരുത​പ്പെ​ടു​ന്നു. *

പിന്നീട്‌, പല കാലങ്ങ​ളി​ലാ​യി മാൻ ദ്വീപി​ന്റെ ഭരണസാ​ര​ഥി​ക​ളാ​യി സ്‌കോ​ട്ട്‌ലൻഡ്‌, വെയിൽസ്‌, അയർലൻഡ്‌, ഇംഗ്ലണ്ട്‌, നോർവേ എന്നിവ രംഗത്തു​വന്നു. 1765-ൽ ബ്രിട്ടീഷ്‌ പാർല​മെന്റ്‌ ഈ ദ്വീപ്‌ വിലയ്‌ക്കു​വാ​ങ്ങി. ദ്വീപ്‌ സ്വയം​ഭ​ര​ണാ​ധി​കാ​ര​മുള്ള ഒരു ആശ്രിത ദേശം ആയതി​നാൽ ഇന്ന്‌ ഇവിടത്തെ ലഫ്‌റ്റ​നന്റ്‌ ഗവർണർ ബ്രിട്ടീഷ്‌ രാജ്ഞി​യു​ടെ വ്യക്തിഗത പ്രതി​നി​ധി​യാണ്‌. അതേസ​മ​യം​തന്നെ, രാജ്യ​ത്തി​നു വെളി​യി​ലുള്ള ഒരു സാമ്പത്തിക കേന്ദ്ര​മെന്ന നിലയിൽ ഇതിന്‌ ഒരു പരിധി​വരെ സ്വാത​ന്ത്ര്യ​മുണ്ട്‌. ഈ ദ്വീപി​നു സ്വന്തമായ പോസ്റ്റൽ സ്റ്റാമ്പു​ക​ളും നാണയ​ങ്ങ​ളും ബാങ്ക്‌ നോട്ടു​ക​ളും ഉണ്ട്‌. ബ്രിട്ടീഷ്‌ നാണയ​ങ്ങൾക്കും നോട്ടു​കൾക്കും ഉള്ളതിനു തുല്യ​മായ വിനി​മ​യ​നി​ര​ക്കാണ്‌ ഇവിട​ത്തേ​തി​നു​മു​ള്ളത്‌.

മാങ്ക്‌സ്‌—കെൽറ്റിക്‌ ബന്ധം

മാൻ ദ്വീപു​നി​വാ​സി​ക​ളു​ടെ പൗരാ​ണിക ഭാഷ മാങ്ക്‌സ്‌ ആണ്‌. ഇന്തോ-യൂറോ​പ്യൻ ഭാഷാ കുടും​ബ​ത്തി​ലെ കെൽറ്റിക്‌ ഗണത്തിൽപ്പെട്ട ഒരു ഭാഷയാ​ണിത്‌. ഐറിഷ്‌ ഗെയ്‌ലി​ക്കിൽനി​ന്നു പൊട്ടി​മു​ള​ച്ച​താണ്‌ മാങ്ക്‌സ്‌, ഇതിന്‌ സ്‌കോ​ട്ടിഷ്‌ ഗെയ്‌ലി​ക്കു​മാ​യും ബന്ധമുണ്ട്‌. നൂറി​ലേറെ വർഷം മുമ്പ്‌ മാങ്ക്‌സി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയ​പ്പെട്ടു: “ഇത്‌ മൃതമാ​കാൻ പോകുന്ന ഭാഷയാണ്‌. ദക്ഷിണ അക്ഷാം​ശ​ങ്ങ​ളി​ലേക്ക്‌ ഒഴുകി​നീ​ങ്ങുന്ന ഒരു ഹിമാ​നി​പോ​ലെ​യാ​ണത്‌.” അത്‌ അങ്ങനെ​തന്നെ സംഭവി​ച്ചു. മാങ്ക്‌സ്‌ ഭാഷ സംസാ​രി​ച്ചി​രുന്ന അന്നാട്ടു​കാ​ര​നായ ഒടുവി​ല​ത്തെ​യാൾ 1974-ൽ മരിച്ചു, 97-ാം വയസ്സിൽ. എന്നാൽ ദ്വീപി​ന്റെ പൈതൃ​ക​മെന്ന നിലയിൽ മാങ്ക്‌സ്‌ ഇപ്പോൾ സ്‌കൂ​ളു​ക​ളിൽ വീണ്ടും പഠിപ്പി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു.

ഐറിഷ്‌ ഗെയ്‌ലിക്‌, സ്‌കോ​ട്ടിഷ്‌ ഗെയ്‌ലിക്‌ എന്നിവ​യിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി 1610 വരെ മാങ്ക്‌സ്‌ ഒരു സംസാ​ര​ഭാഷ മാത്ര​മാ​യി​രു​ന്നു. 1707-ൽ മാങ്ക്‌സ്‌ ഭാഷയിൽ ആദ്യമാ​യി ഒരു പുസ്‌തകം പുറത്തി​റങ്ങി, ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ തത്ത്വങ്ങ​ളും കടമക​ളും എന്നതാ​യി​രു​ന്നു അത്‌. പിന്നീട്‌ പുറ​കെ​പു​റകെ മറ്റുപു​സ്‌ത​ക​ങ്ങ​ളും രംഗ​പ്ര​വേശം ചെയ്‌തു.

1763 ആയപ്പോ​ഴേക്ക്‌ ബൈബിൾ മാങ്ക്‌സ്‌ ഭാഷയിൽ വിവർത്തനം ചെയ്യാ​നുള്ള അടിയ​ന്തിര അഭ്യർഥ​ന​ക​ളു​ണ്ടാ​യി. ആ സമയത്ത്‌ ദ്വീപു​വാ​സി​ക​ളിൽ മൂന്നിൽ രണ്ടുഭാ​ഗ​വും മാങ്ക്‌സ്‌ മാത്രമേ സംസാ​രി​ച്ചി​രു​ന്നു​ള്ളു എന്നതാണു കാരണം. പരിമി​ത​മായ സൗകര്യ​ങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഏതാനും മാത്രം വരുന്ന പണ്ഡിത​ന്മാ​രു​ടെ സഹായ​ത്താൽ 1748 മുതൽത്തന്നെ വിവിധ ബൈബിൾ പുസ്‌ത​ക​ങ്ങ​ളു​ടെ പരിഭാ​ഷകൾ പതിയെ ലഭ്യമാ​ക്കി​ത്തു​ട​ങ്ങി​യി​രു​ന്നു. 1775-ൽ പുരോ​ഹി​ത​ന്മാ​രു​ടെ ഉപയോ​ഗ​ത്തി​നു​വേണ്ടി മുഴു​ബൈ​ബി​ളി​ന്റെ​യും 40 പ്രതികൾ അച്ചടിച്ചു. 1819-ൽ പൊതു​ജ​ന​ങ്ങൾക്കാ​യി 5,000 പ്രതികൾ പുറത്തി​റ​ക്കു​ക​യു​ണ്ടാ​യി. ഇതി​നോ​ടുള്ള ആളുക​ളു​ടെ പ്രതി​ക​ര​ണ​മെ​ന്താ​യി​രു​ന്നു? മാങ്ക്‌സ്‌ ബൈബി​ളിൽനിന്ന്‌ മകൻ തന്നെ വായി​ച്ചു​കേൾപ്പി​ച്ച​പ്പോൾ ഒരു സ്‌ത്രീ ഹൃദയ​സ്‌പർശി​യാ​യി ഇങ്ങനെ പറഞ്ഞു: “ഇന്നുവ​രെ​യും ഞങ്ങൾ ഇരുട്ടി​ലാ​യി​രു​ന്നു.”

ഈ ബൈബിൾ, 1611-ൽ പുറത്തി​റ​ങ്ങിയ ഇംഗ്ലീ​ഷി​ലുള്ള ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തിൽനിന്ന്‌ 25 പേർ ചേർന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യ​താണ്‌. അവരിൽ ചിലർക്ക്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്ക്‌ പരിഭാ​ഷ​യായ സെപ്‌റ്റു​വ​ജിന്റ്‌ പരി​ശോ​ധി​ക്കാ​നും കഴിഞ്ഞു. മാങ്ക്‌സ്‌ പരിഭാ​ഷ​യിൽ യഹോവ എന്ന ദിവ്യ​നാ​മം ഇംഗ്ലീ​ഷി​ലേ​തു​പോ​ലെ​തന്നെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. * ഡബ്ലിയു. റ്റി. റാഡ്‌ക്ലിഫ്‌ 1895-ൽ എഴുതി​യ​തു​പോ​ലെ തീർച്ച​യാ​യും ഈ ബൈബിൾ “പാണ്ഡി​ത്യ​ത്തി​നുള്ള ഒരു ബഹുമ​തി​യാണ്‌. മാങ്ക്‌സ്‌ ജനതയി​ലെ വിദ്യാ​സ​മ്പ​ന്ന​നായ ഒരാളും താഴ്‌ത്തി​ക്കെ​ട്ടാത്ത ഒന്ന്‌.”

ക്രിസ്‌ത്യാ​നി​ത്വം ഇന്ന്‌

ദ്വീപു​വാ​സി​കൾക്ക്‌ ഇന്നും ബൈബി​ളി​നോ​ടു പണ്ടത്തെ​പ്പോ​ലെ​തന്നെ മമതയുണ്ട്‌. ബൈബിൾ പഠിക്കു​ന്ന​വ​രെന്ന നിലയിൽ യഹോ​വ​യു​ടെ സാക്ഷികൾ അവിടെ പരക്കെ അറിയ​പ്പെ​ടു​ന്ന​വ​രാണ്‌. അവരുടെ ഏറ്റവും പുതിയ രാജ്യ​ഹാൾ പണിതത്‌ 1999 മേയി​ലാണ്‌. ഡോഗ്ല​സി​ലെ ബെൽമോൺട്‌ കുന്നിന്റെ താഴ്‌വാ​ര​ത്തുള്ള പ്രകൃ​തി​ര​മ​ണീ​യ​മായ ഒരിട​ത്താണ്‌ അതു പണിതി​രി​ക്കു​ന്നത്‌. സന്നദ്ധ​സേ​വകർ—അവർ എല്ലാവ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു—ചേർന്ന്‌ വെറും ആറുദി​വ​സം​കൊ​ണ്ടു നിർമി​ച്ച​താ​ണത്‌. അതി​നെ​ക്കു​റിച്ച്‌ മാൻ ദ്വീപി​ലെ പത്രമായ ഐൽ ഓഫ്‌ മാൻ എക്‌സാ​മി​നർ ഇപ്രകാ​രം പറഞ്ഞു: “ഇതിനെ ഒരു കൊച്ച്‌ അത്ഭുത​മെന്നു വിളി​ക്കാം.”

ഈ പ്രസന്ന​സൗ​മ്യ​മായ ദ്വീപ്‌ സന്ദർശി​ക്കാൻ നിങ്ങൾക്ക്‌ അവസരം കിട്ടി​യാൽ, ഇവിടത്തെ മൃദു​ഭാ​ഷി​ക​ളായ ആളുകൾ അത്‌ നിങ്ങൾക്കു ശരിക്കും ആസ്വാ​ദ്യ​മായ ഒരു അനുഭ​വ​മാ​ക്കും. അവർ തീർച്ച​യാ​യും നിങ്ങളു​ടെ സന്ദർശ​നത്തെ ഒരു മധുര​സ്‌മ​ര​ണ​യാ​ക്കും. പക്ഷേ മാങ്ക്‌സു​കാ​രോ​ടു സംസാ​രി​ക്കു​മ്പോൾ ശ്രദ്ധി​ക്കണം, അവരുടെ “വൻകര” മാൻ ദ്വീപാണ്‌. ഇംഗ്ലണ്ട്‌ അവർക്ക്‌ “മറ്റൊരു ദ്വീപാണ്‌.”

[അടിക്കു​റി​പ്പു​കൾ]

^ ഒരു മുൻ ‘ടൂറിസ്റ്റ്‌ ട്രോഫി’ റൈഡർ ആയിരുന്ന ഫ്രെഡ്‌ സ്റ്റിവൻസി​ന്റെ അനുഭ​വ​ത്തെ​ക്കു​റി​ച്ചു വായി​ക്കാൻ 1988 സെപ്‌റ്റം​ബർ 22 ഇംഗ്ലീഷ്‌ ഉണരുക!-യിലെ “ഏറെ വെല്ലു​വി​ളി, ഏറെ ഹരം!” എന്ന ലേഖനം കാണുക.

^ ഫേറോവിസ്‌ ലോഗ്‌റ്റിങ്‌, ഐസ്‌ലാൻഡിക്‌ ആൾതിങ്‌ എന്ന രണ്ടു പാർല​മെ​ന്റു​കൾ അതി​നെ​ക്കാൾ മുമ്പ്‌ സ്ഥാപി​ക്ക​പ്പെട്ടു, പക്ഷേ ഇവ രണ്ടും ഇപ്പോൾ നിലവി​ലില്ല.

^ ഐറിഷ്‌ ഗെയ്‌ലി​ക്കി​ലും സ്‌കോ​ട്ടിഷ്‌ ഗെയ്‌ലി​ക്കി​ലും ദിവ്യ​നാ​മം ജിഹോബ എന്നാണ്‌. വെൽഷിൽ അത്‌ യിഹോവ എന്നും.

[24-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

അയർലൻഡ്‌

സ്‌കോട്ട്‌ലൻഡ്‌

ഇംഗ്ലണ്ട്‌

വെയ്‌ൽസ്‌

ഐറിഷ്‌ കടൽ

മാൻ ദ്വീപ്‌

[25-ാം പേജിലെ ചിത്രം]

മാങ്ക്‌സ്‌ വൈദ്യു​ത റെയിൽവേ​യു​ടെ ട്രാം കാർ

[25-ാം പേജിലെ ചിത്രം]

ദ ഗ്രേറ്റ്‌ ലാക്‌സി വീൽ

[25-ാം പേജിലെ ചിത്രം]

മാൻ ദ്വീപി​ലെ നീരാവി റെയിൽവേ

[25-ാം പേജിലെ ചിത്രം]

മാങ്ക്‌സ്‌ എന്ന വാലി​ല്ലാ​പ്പൂ​ച്ച

[26-ാം പേജിലെ ചിത്രം]

വെയിൽ കായുന്ന സ്രാവ്‌

[26-ാം പേജിലെ ചിത്രം]

പീൽ കുന്നിൽനി​ന്നുള്ള കടലോ​ര​ക്കാ​ഴ്‌ച

[26, 27 പേജു​ക​ളി​ലെ ചിത്രം]

പീൽ തുറമു​ഖം, പശ്‌ചാ​ത്ത​ല​ത്തിൽ പീൽ ഹർമ്യം

[25-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മധ്യത്തിലുള്ള ചിഹ്നം ഒഴികെ എല്ലാ ഫോട്ടോകളും: Copyright Bill Dale, IsleOfManPhotos.com

[26-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

സ്രാവ്‌: The Basking Shark Society; വലത്തെ ഉൾച്ചി​ത്ര​വും പശ്ചാത്തലവും: Copyright Bill Dale, IsleOfManPhotos.com