വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മോശമായ കൂട്ടുകെട്ടിലേക്കു ഞാൻ ആകർഷിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

മോശമായ കൂട്ടുകെട്ടിലേക്കു ഞാൻ ആകർഷിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

മോശ​മായ കൂട്ടു​കെ​ട്ടി​ലേക്കു ഞാൻ ആകർഷി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

“അദ്ദേഹ​ത്തോ​ടു കൂടുതൽ അടുക്ക​രു​തെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ ഞാൻ ആ പ്രവണ​തയെ ചെറു​ത്തില്ല. ഒരു പുരുഷൻ എന്നോ​ടൊ​പ്പം സമയം ചെലവി​ടാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നത്‌ എനിക്കു വിശ്വ​സി​ക്കാ​നാ​യില്ല.”—നാൻസി. *

“ഞാൻ സ്‌കേ​റ്റി​ങ്ങി​നു പോകു​മാ​യി​രു​ന്നു, തനിച്ചാ​ണു പോയി​രു​ന്നത്‌. താമസി​യാ​തെ അവിടെ കണ്ടെത്തിയ ‘സുഹൃ​ത്തു​ക്കളു’മായി ഞാൻ പതിവാ​യി സഹവസി​ക്കാൻ തുടങ്ങി. പിന്നെ ഏറെ നാൾ വേണ്ടി​വ​ന്നില്ല, ഞാൻ ഒരു അധാർമിക ജീവി​ത​രീ​തി​യി​ലേക്കു വഴുതി​വീ​ണു.”—ഡാൻ.

നാൻസി​യും ഡാനും തുടക്ക​ത്തിൽ ആത്മീയ​മാ​യി കരുത്തുറ്റ ക്രിസ്‌ത്യാ​നി​ക​ളാ​യി​രു​ന്നു. നാൻസി ദൈവ​ഭ​യ​മുള്ള ഒരു കുടും​ബ​ത്തി​ലാ​ണു വളർന്നത്‌. അവൾ ഒമ്പതാ​മത്തെ വയസ്സിൽ മറ്റുള്ള​വ​രു​മാ​യി തന്റെ വിശ്വാ​സം പങ്കു​വെ​ക്കാൻ തുടങ്ങി. ഡാൻ ആണെങ്കിൽ കൗമാ​ര​പ്രാ​യ​ത്തിൽ ആയിരി​ക്കു​മ്പോൾ മുഴു​സമയ ശുശ്രൂ​ഷ​യിൽ പ്രവേ​ശി​ച്ച​താണ്‌. എന്നിട്ടും, രണ്ടു പേർക്കും തങ്ങളുടെ ആത്മീയ ജീവി​ത​ത്തിൽ ഗുരു​ത​ര​മായ തിരി​ച്ച​ടി​കൾ നേരിട്ടു. എന്തായി​രു​ന്നു കാരണം? മോശ​മായ കൂട്ടു​കെട്ട്‌.

മോശ​മാ​യ സ്വാധീ​ന​മാ​ണെന്നു നിങ്ങൾക്ക്‌ ഉള്ളി​ന്റെ​യു​ള്ളിൽ അറിയാ​വുന്ന ആരി​ലേ​ക്കെ​ങ്കി​ലും നിങ്ങൾ എന്നെങ്കി​ലും അപ്രതീ​ക്ഷി​ത​മാ​യി ആകർഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ? ആ വ്യക്തി ഒരുപക്ഷേ നിങ്ങളു​ടെ അതേ താത്‌പ​ര്യ​ങ്ങ​ളുള്ള ഒരു സഹപാഠി ആയിരു​ന്നി​രി​ക്കാം, അല്ലെങ്കിൽ നിങ്ങളു​ടെ പ്രണയ​ത്തി​നു പാത്ര​മാ​യി​ത്തീർന്ന എതിർലിം​ഗ​ത്തിൽപ്പെട്ട ഒരാൾപോ​ലും ആയിരി​ക്കാം.

“മോശ​മായ സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു” എന്ന ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം അപ്പോൾ നിങ്ങളു​ടെ മനസ്സി​ലേക്കു വന്നിരി​ക്കാം. (1 കൊരി​ന്ത്യർ 15:33, NW) എന്നാൽ യഹോ​വയെ ആരാധി​ക്കാത്ത എല്ലാ ആളുക​ളും മോശ​മായ സ്വാധീ​ന​മാ​ണോ? നമുക്ക്‌ ഇഷ്ടം തോന്നുന്ന, പ്രശം​സ​നീ​യം പോലു​മായ, ചില ഗുണങ്ങൾ അവർക്ക്‌ ഉണ്ടെങ്കി​ലോ? ഇനി, ആത്മീയ​മാ​യി മോശ​മായ മാതൃക വെക്കുന്ന ഒരു സഹവി​ശ്വാ​സി​യെ സംബന്ധി​ച്ചെന്ത്‌? ആ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകു​ന്ന​തി​നു മുമ്പ്‌ ആളുക​ളോട്‌ അപ്രകാ​രം ഇഷ്ടം തോന്നി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ​യെ​ന്നും എന്തു​കൊ​ണ്ടെ​ന്നും നമുക്കു പരിചി​ന്തി​ക്കാം.

ആകർഷണം തോന്നു​ന്ന​തി​ന്റെ പിന്നിൽ എന്താണ്‌?

സകല മനുഷ്യ​രും ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യിൽ സൃഷ്ടി​ക്ക​പ്പെ​ട്ട​വ​രാണ്‌. അതു​കൊ​ണ്ടു​തന്നെ, യഹോ​വയെ അറിയാത്ത ചിലർ നല്ല ഗുണങ്ങൾ പ്രകട​മാ​ക്കി​യേ​ക്കാം. തത്‌ഫ​ല​മാ​യി, ചില ആളുകൾ സത്യ​ദൈ​വ​ത്തി​ന്റെ ആരാധ​ക​ര​ല്ലെ​ങ്കിൽപ്പോ​ലും ആദരണീ​യ​രും ഇഷ്ടം​തോ​ന്നുന്ന തരം പെരു​മാ​റ്റം ഉള്ളവരും ആണെന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം. അവർ ബൈബിൾ സത്യങ്ങ​ളു​മാ​യി പരിചി​ത​ര​ല്ലെന്ന ഒറ്റക്കാ​ര​ണ​ത്താൽ നിങ്ങൾ അത്തരക്കാ​രെ പൂർണ​മാ​യും ഒഴിവാ​ക്ക​ണ​മോ? ഒരിക്ക​ലും വേണ്ട. ‘എല്ലാവർക്കും നന്മചെയ്‌ക’ എന്ന്‌ ബൈബിൾ നമ്മെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. (ഗലാത്യർ 6:10) നിങ്ങളു​ടെ ക്രിസ്‌തീയ വിശ്വാ​സങ്ങൾ പിൻപ​റ്റാ​ത്ത​വ​രും അതിൽ ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌, അടുത്ത സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​ന്നതു സംബന്ധിച്ച്‌ നിങ്ങൾ ശ്രദ്ധയു​ള്ളവർ ആയിരി​ക്കണം എന്നതിന്‌ മറ്റുള്ള​വ​രെ​ക്കാൾ നിങ്ങൾ ശ്രേഷ്‌ഠ​രാ​ണെന്ന മട്ടിൽ പെരു​മാ​റ​ണ​മെന്ന്‌ അർഥമില്ല. (സദൃശ​വാ​ക്യ​ങ്ങൾ 8:13; ഗലാത്യർ 6:3) അത്തരം നടത്ത നിങ്ങളു​ടെ ക്രിസ്‌തീയ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ആളുക​ളിൽ മോശ​മായ ധാരണ ഉളവാ​ക്കും.

എന്നാൽ, ചില ക്രിസ്‌തീയ യുവജ​നങ്ങൾ, ആത്മീയ കാര്യ​ങ്ങ​ളിൽ കാര്യ​മായ അല്ലെങ്കിൽ യാതൊ​രു താത്‌പ​ര്യ​വും ഇല്ലാത്ത വ്യക്തി​ക​ളോട്‌ നല്ല രീതി​യിൽ പെരു​മാ​റു​ന്ന​തി​നു​മ​പ്പു​റം പോയി​രി​ക്കു​ന്നു. അവർ അത്തരക്കാ​രു​മാ​യി അടുത്ത ബന്ധം വളർത്തി​യെ​ടു​ത്തി​രി​ക്കു​ന്നു. നേരത്തേ പരാമർശിച്ച ഡാൻ ഒരു മികച്ച റോളർ സ്‌കേറ്റർ ആയിത്തീർന്നി​രു​ന്നു. സ്‌കേ​റ്റിങ്‌ സ്ഥലത്തെ അവന്റെ പതിവു കൂട്ടാ​ളി​കൾ ക്രിസ്‌ത്യാ​നി​കൾ ആയിരു​ന്നില്ല. പതുക്കെ പതുക്കെ ഡാൻ, അധാർമിക നടത്തയി​ലും മയക്കു​മ​രു​ന്നു​കൾ പരീക്ഷി​ക്കു​ന്ന​തി​ലും ഒക്കെ തന്റെ പുതിയ “സുഹൃ​ത്തു​ക്ക​ളോ”ടൊപ്പം ചേർന്നു. തന്റെ ജീവി​ത​രീ​തി മേലാൽ ക്രിസ്‌ത്യാ​നി​ത്വ​ത്തി​നു ചേർന്ന​ത​ല്ലെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ ഡാൻ ശുശ്രൂഷ ഉപേക്ഷി​ക്കു​ക​യും സഭാ​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കാ​താ​കു​ക​യും ചെയ്‌തു. വർഷങ്ങൾ കഴിഞ്ഞാണ്‌ അവൻ സത്യാ​രാ​ധ​ന​യി​ലേക്കു മടങ്ങി​വ​രു​ന്ന​തിന്‌ ആവശ്യ​മായ മാറ്റങ്ങൾ വരുത്താ​നുള്ള കരുത്താർജി​ച്ചത്‌.

മെലാനി, ആത്മീയ​മാ​യി ദുർബ​ല​യായ ഒരു സഹവി​ശ്വാ​സി​യു​മാ​യി അടുപ്പം വളർത്തി​യെ​ടു​ത്തു. “അവൾക്ക്‌ കുറച്ചു പ്രോ​ത്സാ​ഹനം ആവശ്യ​മാ​ണെന്ന്‌ എന്നോടു പറഞ്ഞു. അതു​കൊണ്ട്‌ ഞാൻ അവളു​മാ​യി സഹവസി​ക്കാൻ തുടങ്ങി,” മെലാനി നൽകിയ വിശദീ​ക​രണം അതാണ്‌. ‘ബലഹീ​നരെ താങ്ങാൻ’ ബൈബിൾ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു എന്നതു ശരിതന്നെ. (1 തെസ്സ​ലൊ​നീ​ക്യർ 5:14) എന്നാൽ മെലാനി അവളുടെ പുതിയ കൂട്ടു​കാ​രി​യോ​ടൊ​പ്പം ബാറു​ക​ളിൽ പോകാൻ തുടങ്ങി. അവിടത്തെ കൂടു​ത​ലായ സഹവാ​സങ്ങൾ അവളെ നിന്ദ്യ​മായ നടത്തയി​ലേക്കു നയിച്ചു.

കുടും​ബ​ത്തി​ന്റെ പങ്ക്‌

ചിലയാ​ളു​ക​ളോട്‌ ഇഷ്ടം തോന്നു​ന്ന​തിൽ കുടും​ബ​ത്തി​ലെ സാഹച​ര്യ​ത്തി​നു പങ്കുണ്ടാ​യി​രു​ന്നേ​ക്കാം. വൈകാ​രി​ക​മാ​യി ആരോ​ടും അത്ര അടുക്കാത്ത, കരുതൽ പ്രകട​മാ​ക്കാത്ത ആൺകു​ട്ടി​ക​ളി​ലേക്ക്‌ താൻ എല്ലായ്‌പോ​ഴും ആകർഷി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടെന്നു മിഷെൽ ചിന്തി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഒടുവിൽ അവൾ അതിന്റെ കാരണം കണ്ടെത്തി. തനിക്ക്‌ ഒരിക്ക​ലും അടുപ്പം തോന്നി​യി​ട്ടി​ല്ലാത്ത, തനിക്കാ​യി ചെലവി​ടാൻ ഒരിക്കൽപ്പോ​ലും സമയമി​ല്ലാത്ത തന്റെ പിതാ​വി​നെ അനുസ്‌മ​രി​പ്പി​ക്കു​ന്ന​താണ്‌ അവരുടെ പെരു​മാ​റ്റ​മെന്ന്‌ അവൾ പറയുന്നു. സമീപി​ക്കാൻ കൊള്ളാത്ത ഒരാളിൽനിന്ന്‌ അംഗീ​കാ​ര​വും ശ്രദ്ധയും തേടു​ന്നത്‌ തന്റെ ഒരു ശീലമാ​യി​ത്തീർന്നി​രു​ന്ന​തി​നാൽ അത്തരം ആളുക​ളി​ലേക്കു താൻ അറിയാ​തെ​തന്നെ ആകർഷി​ക്ക​പ്പെ​ടു​ന്ന​താ​യി അവൾ കരുതു​ന്നു.

നേരേ​മ​റിച്ച്‌, ക്രിസ്‌തീയ മാതാ​പി​താ​ക്ക​ളാൽ വളർത്ത​പ്പെട്ട ഒരു യുവ വ്യക്തി മറ്റുള്ളവർ ജീവി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ അറിയാൻ ജിജ്ഞാസ ഉള്ളവനാ​യി​രു​ന്നേ​ക്കാം. തന്റെ മാതാ​പി​താ​ക്കൾ തനിക്ക്‌ അമിത​മായ സംരക്ഷണം നൽകു​ന്ന​താ​യി അവനു തോന്നി​യേ​ക്കാം. അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കി​ലും ഇല്ലെങ്കി​ലും, ‘ലോക​ത്തി​ന്റെ സ്‌നേ​ഹി​ത​ന്മാർ’ ആയിരി​ക്കു​ന്ന​വ​രു​മാ​യി സഹവസി​ക്കു​ന്നത്‌ അതിനുള്ള പരിഹാ​ര​മാ​ണോ? (യാക്കോബ്‌ 4:4) ബില്ലിനു സംഭവി​ച്ചത്‌ എന്താ​ണെന്നു പരിചി​ന്തി​ക്കുക.

വളരെ ചെറുപ്പം മുതൽത്തന്നെ ബില്ലിന്റെ അമ്മ അവനെ തിരു​വെ​ഴു​ത്തു​കൾ പഠിപ്പി​ച്ചി​രു​ന്നു. എങ്കിലും ബിൽ യഹോ​വ​യ്‌ക്ക്‌ തന്റെ ജീവിതം സമർപ്പി​ച്ചില്ല. അങ്ങനെ ചെയ്യു​ന്നതു തന്റെ സ്വാത​ന്ത്ര്യ​ത്തി​നു കൂച്ചു​വി​ല​ങ്ങി​ടും എന്നായി​രു​ന്നു അവന്റെ വിചാരം. സത്യ​ക്രി​സ്‌ത്യാ​നി​ത്വ​ത്തിൽനിന്ന്‌ അകന്നുള്ള ജീവിതം എങ്ങനെ​യു​ണ്ടെന്നു നേരിൽ കാണു​ന്ന​തിന്‌ അവൻ ഒരു റൗഡി​സം​ഘ​ത്തോ​ടൊ​പ്പം സഹവസി​ക്കാൻ തുടങ്ങി. അവർ അവനെ മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​വും അക്രമ​വും കുറ്റകൃ​ത്യ​വും എല്ലാം നിറഞ്ഞ ഒരു ജീവി​ത​ത്തി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​യി. പോലീ​സി​നു പിടി​കൊ​ടു​ക്കാ​തെ കടന്നു​ക​ള​യാൻ നടത്തിയ ഒരു ശ്രമത്തിൽ അവനു പരി​ക്കേറ്റു, മാസങ്ങ​ളോ​ളം അബോ​ധാ​വ​സ്ഥ​യിൽ കിട​ക്കേ​ണ്ടി​വന്നു. അവൻ മരിച്ചു​പോ​യേ​ക്കു​മെ​ന്നാ​ണു ഡോക്ടർമാർ കരുതി​യത്‌. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ബിൽ സുഖം​പ്രാ​പി​ച്ചു. പക്ഷേ അവൻ ഇപ്പോൾ അന്ധനും വികലാം​ഗ​നും ആണ്‌. കയ്‌പേ​റിയ അനുഭ​വ​ത്തിൽനിന്ന്‌ അവൻ പാഠം പഠിച്ചു. ഇപ്പോൾ അവൻ ഒരു സമർപ്പിത ക്രിസ്‌ത്യാ​നി​യാണ്‌. എന്നാൽ തിക്താ​നു​ഭ​വ​ത്തി​ലൂ​ടെ പഠിക്കു​ന്നത്‌ ആജീവ​നാന്ത ഭവിഷ്യ​ത്തു​കൾക്ക്‌ ഇടയാ​ക്കി​യേ​ക്കാ​മെന്നു ബില്ലിന്‌ ഇപ്പോൾ മനസ്സി​ലാ​യി​രി​ക്കു​ന്നു.

മറ്റു സ്വാധീ​ന​ങ്ങൾ

ഒരു ഉത്തമ സുഹൃത്ത്‌ ആരാണ്‌ എന്നതു സംബന്ധിച്ച യുവമ​ന​സ്സു​ക​ളു​ടെ ചിന്താ​ഗ​തി​കളെ ചില​പ്പോ​ഴൊ​ക്കെ വിനോദ മാധ്യ​മങ്ങൾ സ്വാധീ​നി​ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പുസ്‌ത​ക​ങ്ങ​ളും ടെലി​വി​ഷൻ പരിപാ​ടി​ക​ളും ചലച്ചി​ത്ര​ങ്ങ​ളും മ്യൂസിക്‌ വീഡി​യോ​ക​ളും ഒക്കെ ഒരു നായകനെ ആദ്യം പരുക്കൻ സ്വഭാ​വ​മു​ള്ള​വ​നോ എപ്പോ​ഴും കുറ്റം കണ്ടുപി​ടി​ക്കു​ന്ന​വ​നോ ആയും പിന്നീട്‌ ഹൃദയ​ത്തിൽ സഹാനു​ഭൂ​തി​യും കരുണ​യും ഉള്ളവനാ​യും ചിത്രീ​ക​രി​ക്കു​ന്നതു സാധാ​ര​ണ​മാണ്‌. കഠിന​ഹൃ​ദ​യ​രും സ്വാർഥ​രും ആയി കാണ​പ്പെ​ടുന്ന ആളുകൾ യഥാർഥ​ത്തിൽ കരുത​ലു​ള്ള​വ​രും മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തയു​ള്ള​വ​രും ആയിരു​ന്നേ​ക്കാം എന്നതാണ്‌ ഇതിലൂ​ടെ അവ ധ്വനി​പ്പി​ക്കുന്ന ആശയം. കൂടാതെ, ഈ നല്ല ഗുണങ്ങൾ പുറത്തു കൊണ്ടു​വ​രാൻ ഒരു നല്ല സുഹൃത്ത്‌, മിക്ക​പ്പോ​ഴും എതിർലിം​ഗ​ത്തിൽപ്പെട്ട ഒരാൾ, കൂടിയേ തീരൂ എന്ന ധാരണ മാധ്യ​മങ്ങൾ ഉളവാ​ക്കി​യേ​ക്കാം. ഈ ധാരണ പുസ്‌ത​ക​ങ്ങ​ളും വീഡി​യോ​ക​ളും വാങ്ങാ​നും ചലച്ചി​ത്ര​ങ്ങ​ളും ടെലി​വി​ഷൻ പരിപാ​ടി​ക​ളും മറ്റും കാണാ​നും ഉള്ള ആഗ്രഹം ആളുക​ളിൽ ജനിപ്പി​ക്കു​ന്നു. എന്നാൽ ഈ പ്രണയ സങ്കൽപ്പം യഥാർഥ ജീവി​ത​ത്തിൽ എത്ര​ത്തോ​ളം സത്യമാ​യി​ത്തീ​രു​ന്നുണ്ട്‌ എന്നാണു നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? സങ്കടക​ര​മെന്നു പറയട്ടെ, അത്തരം മിഥ്യാ​സ​ങ്കൽപ്പ​ങ്ങ​ളാൽ വഞ്ചിക്ക​പ്പെട്ട ചില യുവജ​നങ്ങൾ സ്വാർഥ​മ​നോ​ഭാ​വ​വും അക്രമ​സ്വ​ഭാ​വ​വും ഉള്ള ഒരാളു​മാ​യി സൗഹൃദം സ്ഥാപി​ച്ചിട്ട്‌—അത്തര​മൊ​രാ​ളെ വിവാഹം കഴിക്കു​ക​പോ​ലും ചെയ്‌തിട്ട്‌—അയാൾ സഹാനു​ഭൂ​തി​യും കരുണ​യും ഉള്ള ഒരാളാ​യി ‘മാറു​ന്നതു’ കാണാൻ വൃഥാ കാത്തി​രി​ക്കു​ന്നു.

മോശ​മാ​യ കൂട്ടു​കെ​ട്ടി​ലേക്കു ചിലർ ആകർഷി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ ഒരു കാരണം കൂടി പരിചി​ന്തി​ക്കുക. അവർ തങ്ങളെ​ത്തന്നെ മോശ​ക്കാ​രാ​യി കരുതു​ന്നു. അതു​കൊണ്ട്‌ തങ്ങളോട്‌ ഇഷ്ടം കാണി​ക്കുന്ന എല്ലാവ​രി​ലേ​ക്കും​തന്നെ അവർ ആകർഷി​ക്ക​പ്പെ​ടു​ന്നു. നേരത്തേ പരാമർശിച്ച നാൻസിക്ക്‌, ‘കർത്താ​വിൽ വിശ്വ​സി​ക്കു​ന്ന​വനെ മാത്രമേ’ വിവാഹം ചെയ്യാവൂ എന്ന ബൈബി​ളി​ന്റെ മാർഗ​നിർദേശം അറിയാ​മാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 7:39) എന്നാൽ, താൻ ഒന്നിനും കൊള്ളാ​ത്ത​വ​ളാ​ണെന്ന്‌ എല്ലായ്‌പോ​ഴും കരുതി​യി​രുന്ന അവൾ തന്റെ വിശ്വാ​സം പിൻപ​റ്റാത്ത ഒരു സഹജോ​ലി​ക്കാ​രനു തന്നോടു പ്രേമം തോന്നി​യ​പ്പോൾ മതിമ​റ​ന്നു​പോ​യി. അവൾ അയാളു​മാ​യി ഒരുമി​ച്ചു സമയം ചെലവി​ടു​ക​യും ലൈം​ഗിക അധാർമി​ക​ത​യെന്ന കെണി​യി​ലേക്ക്‌ അപകട​ക​ര​മാം വിധം അടുത്തു​ചെ​ല്ലു​ക​യും ചെയ്‌തു.

മേൽ വിവരിച്ച അനുഭ​വങ്ങൾ കാണി​ക്കു​ന്ന​തു​പോ​ലെ, മോശ​മായ സ്വാധീ​നം ചെലു​ത്തുന്ന ആളുക​ളി​ലേക്ക്‌ ഒരു യുവ ക്രിസ്‌ത്യാ​നി ആകർഷി​ക്ക​പ്പെ​ട്ടേ​ക്കാ​വു​ന്ന​തി​നു നിരവധി കാരണ​ങ്ങ​ളുണ്ട്‌. അത്തരക്കാ​രു​മാ​യി അടുത്ത സൗഹൃദം സ്ഥാപി​ക്കു​ന്ന​തി​നുള്ള ന്യായീ​ക​ര​ണ​ങ്ങ​ളും അത്ര​ത്തോ​ളം​തന്നെ ഉള്ളതായി കാണുന്നു. എന്നിരു​ന്നാ​ലും, ആ സൗഹൃ​ദങ്ങൾ വേദനാ​ജ​ന​ക​മായ, വിപത്‌ക​രം​പോ​ലു​മായ ഫലങ്ങൾ ഉളവാ​ക്കു​ക​തന്നെ ചെയ്യുന്നു. എന്തു​കൊണ്ട്‌?

സൗഹൃ​ദ​ത്തി​ന്റെ സ്വാധീ​നം

നിങ്ങൾ നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളെ​പ്പോ​ലെ ആയിത്തീ​രും എന്നതാണു വസ്‌തുത. നാം ആരോ​ടൊ​പ്പം സമയം ചെലവി​ടു​ന്നു​വോ അവർ ആ വിധത്തിൽ നമ്മു​ടെ​മേൽ വലിയ സ്വാധീ​നം ചെലു​ത്തു​ന്നു. ഈ സ്വാധീ​നം പ്രയോ​ജ​ന​ക​ര​മോ ഹാനി​ക​ര​മോ ആയിരി​ക്കാൻ കഴിയു​മെന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 13:20 സൂചി​പ്പി​ക്കു​ന്നു. അവിടെ നാം ഇങ്ങനെ വായി​ക്കു​ന്നു: “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും; ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനി​ക്കേ​ണ്ടി​വ​രും.” ഒരേ വാഹന​ത്തിൽ സഞ്ചരി​ക്കുന്ന രണ്ട്‌ വ്യക്തി​ക​ളെ​പ്പോ​ലെ​യാണ്‌ അടുത്ത സുഹൃ​ത്തു​ക്കൾ. ഇരുകൂ​ട്ട​രും ഒരേ ദിശയി​ലേ സഞ്ചരിക്കൂ, എത്തി​ച്ചേ​രു​ന്ന​തും ഒരു സ്ഥലത്ത്‌. അതു​കൊണ്ട്‌ സ്വയം ഇങ്ങനെ ചോദി​ക്കുക: ‘സുഹൃ​ത്തി​ന്റെ പാത ഞാൻ പോകാൻ ആഗ്രഹി​ക്കു​ന്നി​ട​ത്തേക്കു നയിക്കുന്ന ഒന്നാണോ? അത്‌ എന്റെ ആത്മീയ ലക്ഷ്യങ്ങ​ളോട്‌ എന്നെ കൂടുതൽ അടുപ്പി​ക്കു​മോ?’

സത്യസ​ന്ധ​മാ​യ ഒരു വിലയി​രു​ത്തൽ നടത്തു​ന്നതു ബുദ്ധി​മു​ട്ടാ​യി​രി​ക്കാം എന്നതു ശരിതന്നെ. ശക്തമായ വികാ​രങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കാം. എന്നാൽ സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ വഴികാ​ട്ടി​യാ​യി നിങ്ങൾക്കു വികാ​ര​ങ്ങളെ മാത്രം ആശ്രയി​ക്കാൻ കഴിയു​മോ? ‘മനസ്സു പറയു​ന്ന​തു​പോ​ലെ ചെയ്യുക’ അല്ലെങ്കിൽ ഏറ്റവും നല്ലതെന്നു തോന്നു​ന്നതു ചെയ്യുക, ഇന്നത്തെ പലയാ​ളു​ക​ളു​ടെ​യും മനോ​ഭാ​വം അതാണ്‌. എന്നാൽ “സ്വന്തഹൃ​ദ​യ​ത്തിൽ ആശ്രയി​ക്കു​ന്നവൻ മൂഢൻ” ആണെന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 28:26 പറയുന്നു. എന്തു​കൊണ്ട്‌? കാരണം “ഹൃദയം എല്ലാറ്റി​നെ​ക്കാ​ളും കപടവും വിഷമ​വു​മു​ള്ളത്‌.” (യിരെ​മ്യാ​വു 17:9; സംഖ്യാ​പു​സ്‌തകം 15:39) കപടം എന്നതിന്റെ അർഥം വിശ്വാ​സ്യ​ത​യി​ല്ലാ​ത്തത്‌, വ്യാജം, വഞ്ചനാ​ത്മകം എന്നൊ​ക്കെ​യാണ്‌. വഞ്ചകനോ ചതിയ​നോ ആയി അറിയ​പ്പെ​ടുന്ന ഒരു വ്യക്തിയെ നിങ്ങൾ വിശ്വ​സി​ക്കു​മോ? നമ്മുടെ ആലങ്കാ​രിക ഹൃദയ​ത്തി​നു വഞ്ചനാ​ത്മകം ആയിരി​ക്കാൻ കഴിയും. അതു​കൊണ്ട്‌ ഒരു ബന്ധം ‘നല്ലതാ​ണെന്നു ഹൃദയ​ത്തിൽ തോന്നു​ന്ന​തു​കൊ​ണ്ടു’ മാത്രം അത്‌ ആരോ​ഗ്യാ​വ​ഹ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല.

എന്നാൽ എത്രയോ ആശ്രയ​യോ​ഗ്യ​മായ ഒരു വഴികാ​ട്ടി​യാണ്‌ ദൈവ​വ​ചനം! നിങ്ങളു​ടെ അപൂർണ ഹൃദയ​ത്തെ​പ്പോ​ലെയല്ല ബൈബിൾ തത്ത്വങ്ങൾ. അവ നിങ്ങളെ ഒരിക്ക​ലും ചതിക്കു​ക​യോ നിരാ​ശ​പ്പെ​ടു​ത്തു​ക​യോ ചെയ്യില്ല. ഒരാൾ ഒരു നല്ല സുഹൃ​ത്താ​ണോ​യെന്നു നിർണ​യി​ക്കാൻ ബൈബിൾ തത്ത്വങ്ങൾക്കു നിങ്ങളെ എങ്ങനെ സഹായി​ക്കാ​നാ​കും? ഒരു ആജീവ​നാന്ത സുഹൃ​ത്തി​നെ, ഒരു വിവാഹ ഇണയെ, തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ വിനാ​ശ​ക​മായ തീരു​മാ​ന​മെ​ടു​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സാധി​ക്കും? ഈ ചോദ്യ​ങ്ങൾ ഒരു ഭാവി​ല​ക്ക​ത്തിൽ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

[അടിക്കു​റിപ്പ്‌]

^ പേരുകൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

[20-ാം പേജിലെ ചിത്രം]

ഒരു ഉത്തമ സുഹൃ ത്തിനെ സംബന്ധിച്ച നമ്മുടെ ധാരണയെ സ്വാധീ​നി​ക്കാൻ മാധ്യ​മ​ങ്ങൾക്കു കഴിയും