ആകാശത്തിനും അപ്പുറത്തുനിന്ന് . . .
ആകാശത്തിനും അപ്പുറത്തുനിന്ന് . . .
ടാൻസാനിയയിലെ ഉണരുക! ലേഖകൻ
നക്ഷത്ര നിബിഡമായ നിശാനഭസ്സിലൂടെ ഒരു പ്രകാശക്കീറ് പാഞ്ഞുപോകുന്നതു നിങ്ങൾ എന്നെങ്കിലും കണ്ടിട്ടുണ്ടോ? ഒരുപക്ഷേ നിങ്ങൾ അതിനെ കൊള്ളിമീൻ എന്നു വിളിച്ചിരിക്കാം. വാസ്തവത്തിൽ, ഇവയുടെ കൂടുതൽ കൃത്യമായ പേര് ഉൽക്കകൾ എന്നാണ്.
ബഹിരാകാശത്തുനിന്നു ഭൗമാന്തരീക്ഷത്തിലേക്കു കടക്കുന്ന പദാർഥങ്ങളിൽ ഭൂരിഭാഗവും ഭൂമിയിൽ എത്തുംമുമ്പെ പൂർണമായും കത്തിത്തീരുന്നു. എന്നിരുന്നാലും ചിലപ്പോഴൊക്കെ ശിലാമയമോ ലോഹം അടങ്ങിയിട്ടുള്ളതോ ആയ പദാർഥങ്ങളുടെ കഷണങ്ങൾ കൊടുംചൂടിനെ അതിജീവിച്ച് ഭൗമോപരിതലത്തിൽ എത്താറുണ്ട്. ഇവയെ ഉൽക്കാശിലകൾ എന്നാണു വിളിക്കുന്നത്. അവയിൽ മിക്കതും ചെറുതാണ്, എന്നാൽ ടൺകണക്കിനു ഭാരമുള്ളവയുമുണ്ട്. ആഫ്രിക്കയിലെ നമീബിയയിലുള്ള ഒരു ഉൽക്കാശിലയ്ക്ക് ഏകദേശം 60 ടൺ ഭാരമുണ്ട്.
ടാൻസാനിയയിലെ മ്ബോസി ഉൽക്കാശില നമുക്കൊന്നു പോയി കാണാം. ഭൂമിയിൽ കണ്ടെത്തിയിട്ടുള്ള ഉൽക്കാശിലകളിൽവെച്ച് വലുപ്പത്തിന്റെ കാര്യത്തിൽ എട്ടാം സ്ഥാനമാണ് ഇതിനുള്ളത്. മലാവി, സാംബിയ എന്നീ രാജ്യങ്ങളുമായി ദക്ഷിണ ടാൻസാനിയ ഒന്നിക്കുന്ന അതിർത്തിക്കു സമീപം മ്ബോസി ജില്ലയിലുള്ള മാരെങ്ഗി കുന്നിലാണ് അതു സ്ഥിതിചെയ്യുന്നത്. മൂന്നു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഉള്ള ഈ ഉൽക്കാശിലയ്ക്ക് ഏകദേശം 16 ടൺ ഭാരമുണ്ട്. ഇതിന്റെ 90 ശതമാനവും ഇരുമ്പാണ്. നിക്കലിന്റെ അളവ് അതിൽ 9 ശതമാനത്തോളം വരും. കോബാൾട്ട്, ചെമ്പ്, സൾഫർ, ഫോസ്ഫറസ് എന്നിവയും അൽപ്പമാത്രമായി ഇതിൽ അടങ്ങിയിട്ടുണ്ട്.
ഈ ഉൽക്കാശില നിപതിച്ചത് എപ്പോഴാണെന്ന് ആർക്കും അറിയില്ല. അതു പണ്ടെന്നോ ആയിരുന്നിരിക്കണം. അതിനാലാണ് അതിനെക്കുറിച്ചുള്ള കഥകളൊന്നും സ്ഥലവാസികളുടെ ഇടയിൽ പ്രചരിച്ചിട്ടില്ലാത്തത്. ഈ ഉൽക്കാശില കണ്ടതായി റിപ്പോർട്ടു ചെയ്തത് ജോഹാനസ്ബർഗിൽനിന്നുള്ള ഒരു സർവേയറായിരുന്ന ഡബ്ലിയു. എച്ച്. നോട്ട് ആണ്. 1930 ഒക്ടോബറിലായിരുന്നു അത്. അതേത്തുടർന്ന് അതിനു ചുറ്റുമായി ഒരു കിടങ്ങു കുഴിച്ചു. ഇത് ഉൽക്കാശില ഉയർത്തി കല്ലുകൊണ്ടുള്ള ഒരു പീഠത്തിൽ വെച്ചിരിക്കുന്ന പ്രതീതി ഉളവാക്കുന്നു. അങ്ങനെ ഉൽക്കാശില ഇന്നുവരെയും അതിന്റെ പതനസ്ഥാനത്തുതന്നെയാണ്.
ഓർമയ്ക്കായി സൂക്ഷിക്കാൻ അതിന്റെ ഒരു ഭാഗം മുറിച്ചെടുത്തോ അറുത്തോ കൊണ്ടുപോകാൻ ചിലർ ശ്രമം നടത്തിയിട്ടുണ്ട്. വളരെ ബുദ്ധിമുട്ടുപിടിച്ച ഒരു പണിയാണത്. 1930 ഡിസംബറിൽ ജിയോളജിക്കൽ സൊസൈറ്റിയിലെ ഡോ. ഡി. ആർ. ഗ്രാന്ഥം ലോഹം അറുക്കാൻ ഉപയോഗിക്കുന്ന കൈവാൾ ഉപയോഗിച്ച് പത്തു സെന്റിമീറ്ററോളം നീളത്തിൽ അതിന്റെ ഒരു സാമ്പിൾ അറുത്തെടുത്തു. എന്നാൽ ഈ ജോലി പൂർത്തിയാക്കാൻ അദ്ദേഹത്തിനു പത്തു മണിക്കൂർ വേണ്ടി വന്നു! ഈ സാമ്പിൾ ഇപ്പോൾ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള ഉൽക്കാശിലാ ശേഖരത്തിൽ ഉണ്ട്.
ആളുകൾക്ക്, മ്ബോസി ഉൽക്കാശില നേരിൽ കാണാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ ഒരു ചെറിയ സ്വീകരണ മന്ദിരം ഉണ്ട്. ഏതാനും ബെഞ്ചുകളും ഒരു മേശയും അവിടെ ഇട്ടിട്ടുണ്ട്. വാർഡൻ താമസിക്കുന്നത് ഉൽക്കാശിലയുടെ സ്ഥാനത്തുനിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള ഒരു കൊച്ചു മൺകുടിലിലാണ്. സന്ദർശക രജിസ്റ്ററിൽ പേരെഴുതാൻ അദ്ദേഹം നമ്മോടു വിനയപൂർവം ആവശ്യപ്പെടുന്നു. അതിൽ നോക്കിയപ്പോഴാണു മനസ്സിലാകുന്നത് ലോകമെമ്പാടുനിന്നുമുള്ള ആയിരക്കണക്കിനു സന്ദർശകർ ഇവിടെ വന്നുപോയിട്ടുണ്ടെന്ന്. ആ ഉൽക്കാശിലയെക്കുറിച്ചു വിവരിക്കുന്ന ഒരു കൊച്ചുപുസ്തകത്തിന്റെ താളുകളിലൂടെ നാം കണ്ണോടിക്കുന്നു. പിന്നെ ഫോട്ടോകളും എടുക്കുന്നു.
കുട്ടികളിൽ ചിലർ ഉൽക്കാശിലയുടെ പുറത്തു കയറിയിട്ട് ഒരു ബഹിരാകാശപേടകത്തിൽ സവാരി ചെയ്യുന്നതായി വിഭാവന ചെയ്യുകയാണ്. പ്രശാന്തമായ ചുറ്റുപാടുകൾ ആസ്വദിച്ച് നാം അവിടെ ഇരിക്കവേ, ബഹിരാകാശത്തുനിന്ന് മ്ബോസിവരെ പ്രയാണം ചെയ്തെത്തിയ ഈ വിചിത്ര വസ്തു നമ്മെ വിസ്മയഭരിതരാക്കുന്നു.
[14-ാം പേജിലെ ചിത്രം]
ഉൽക്കാശിലായിൽനിന്ന് കഷണങ്ങൾ അറുത്തെടുത്തതിന്റെ പാടുകൾ