ജീവിതം ഭയത്തിന്റെ നിഴലിൽ
ജീവിതം ഭയത്തിന്റെ നിഴലിൽ
ഒരു അംശകാല ജോലി ചെയ്യാൻ താൻ ആഗ്രഹിക്കുന്നതായി ഭർത്താവിനോടു പറയാൻ റോക്സാനായ്ക്കു * ഭയമാണ്. ഒരിക്കൽ അമ്മയുടെ അടുത്തു പോകാൻ വണ്ടിക്കൂലി ചോദിച്ച അവരെ ഭർത്താവ് ശക്തമായി ഇടിച്ചു. അതിനു ചികിത്സ തേടേണ്ടതായിവന്നു. അതേ, റോക്സാനായുടെ ജീവിതം ഭയത്തിന്റെ നിഴലിലാണ്.
രാത്രിയിൽ വീട്ടിലേക്കു വരുമ്പോൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യാൻ റോലാൻഡോ മുമ്പൊക്കെ ഭാര്യയെ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹംതന്നെ അവരെ കാറിൽ കൂട്ടിക്കൊണ്ടു വരികയാണു ചെയ്യുന്നത്. ആ പ്രദേശത്ത് അനേകം അക്രമപ്രവർത്തനങ്ങൾ നടക്കുന്നതായി കേട്ടതിൽപ്പിന്നെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചേക്കുമോയെന്ന് അദ്ദേഹം ഭയപ്പെടുന്നു.
ഒരു തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്താണ് ഐഡേ ജോലി ചെയ്യുന്നത്. ഒരു ദിവസം വീട്ടിലേക്കു മടങ്ങവേ, അവർ ഒരു പ്രതിഷേധ ജാഥയ്ക്കിടയിൽ കുടുങ്ങിപ്പോയി. പെട്ടെന്നുതന്നെ പ്രകടനക്കാർ അക്രമാസക്തരായി. അതിൽപ്പിന്നെ മുദ്രാവാക്യങ്ങൾ കേൾക്കുന്നമാത്രയിൽ ഐഡേയുടെ ഹൃദയമിടിപ്പു വർധിക്കുന്നു. “എനിക്കു യാതൊരു സുരക്ഷിതത്വവും തോന്നുന്നില്ല. ഇവിടെ ജോലി ചെയ്യാൻ എനിക്കു തീരെ ഇഷ്ടമില്ല. എന്നാൽ വേറെ വഴിയില്ല,” അവർ പറയുന്നു.
റോക്സാനാ, റോലാൻഡോ, ഐഡേ എന്നിവർ ഭയത്തിന്റെ പിടിയിലാണ്. ഒരു അടിയന്തിര സാഹചര്യത്തിൽ മാത്രമല്ല ഭയം അവരെ ഗ്രസിക്കുന്നത്, അതു നിരന്തരം അവരെ വേട്ടയാടുകയാണ്. സദാ ഭയത്തിൽ കഴിയേണ്ടിവരുന്നവർക്കു ശക്തി ചോർന്നുപോകുന്നതായി അനുഭവപ്പെട്ടേക്കാം. ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് ആളുകളെ തടഞ്ഞുകൊണ്ട് ഭയം അവരുടെ സന്തുഷ്ടി കവർന്നുകളഞ്ഞേക്കാം. അതു ചിന്തയെ കീഴ്പെടുത്തുകയും മറ്റു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽനിന്ന് ആളുകളെ തടയുകയും ചെയ്യും.
സദാ ഭയത്തിന്റെ നിഴലിൽ കഴിയുന്നവരുടെ ജീവിതം അങ്ങേയറ്റം സമ്മർദപൂരിതമാണ്. അവർ മിക്കപ്പോഴും വിഷാദത്തിൽ ആണ്ടുപോകുന്നു. ഒരു വ്യക്തിയുടെ ആരോഗ്യം നശിപ്പിക്കാനും സമ്മർദത്തിനു കഴിയും. ഒരു ആരോഗ്യ മാസിക ഇപ്രകാരം വിശദീകരിക്കുന്നു: “സമ്മർദം പ്രതിരോധ വ്യവസ്ഥയെ ദുർബലമാക്കുന്നു, ഒട്ടുമിക്ക രോഗങ്ങളിലും അതിനു പങ്കുണ്ട്. ശരീരത്തിൽ, പ്രത്യേകിച്ചും സമ്മർദത്താൽ ബാധിക്കപ്പെടുന്ന അവയവങ്ങളുടെ കാര്യത്തിൽ, ജീർണതയുടെ ലക്ഷണങ്ങൾ പ്രകടമാകും. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, വൃക്ക രോഗം, ഉദര-കുടൽ സംബന്ധമായ ക്രമക്കേടുകൾ, കുടൽപ്പുണ്ണ്, തലവേദന, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ എന്നിവ തലപൊക്കിയേക്കാം. ദീർഘനേരം സമ്മർദത്തിൽ കഴിയുന്നത് ആളുകളെ തളർത്തിക്കളയുന്നു.”
ഇക്കാലത്ത് പലരും ഭയത്തിന്റെ നിഴലിൽ ജീവിതം തള്ളിനീക്കുന്നു. ഭയരഹിതമായ ജീവിതം ആസ്വദിക്കാൻ കഴിയുന്ന ഒരു ലോകം നാം എന്നെങ്കിലും കാണുമോ?
[അടിക്കുറിപ്പ്]
^ ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.