ജ്യോതിഷം നിങ്ങളുടെ ഭാവി വെളിപ്പെടുത്തുന്നുവോ?
ബൈബിളിന്റെ വീക്ഷണം
ജ്യോതിഷം നിങ്ങളുടെ ഭാവി വെളിപ്പെടുത്തുന്നുവോ?
പണവും സ്നേഹബന്ധങ്ങളും സമ്പാദിക്കുന്നതിൽ വിജയിക്കാനും ജീവിതം അഭിവൃദ്ധിപ്പെടുത്താനും നിങ്ങൾക്ക് എങ്ങനെ കഴിയും? ഉത്തരത്തിനായി അനേകരും ജ്യോതിഷത്തിലേക്കു തിരിയുന്നു. ഭാവി ശോഭനമാക്കാനുള്ള പ്രതീക്ഷയിൽ കോടിക്കണക്കിനാളുകൾ പതിവായി വർത്തമാനപ്പത്രങ്ങളിലും വാരികകളിലും വാരഫലം പരിശോധിക്കുന്നു. ലോകനേതാക്കൾപോലും ഗ്രഹനിലയ്ക്കു ചേർച്ചയിൽ തീരുമാനങ്ങൾ എടുക്കുന്നതായി കാണപ്പെടുന്നു.
ജ്യോതിഷം ആശ്രയയോഗ്യമാണോ? എങ്ങനെയാണ് ജ്യോത്സ്യന്മാർ പ്രവചനങ്ങൾ നടത്തുന്നത്? ജീവിതം നയിക്കേണ്ടത് എങ്ങനെയെന്നു തീരുമാനിക്കാൻ ക്രിസ്ത്യാനികൾ ആകാശഗോളങ്ങളെ ആശ്രയിക്കണമോ?
എന്താണു ജ്യോതിഷം?
“ഒരു വ്യക്തിയുടെ സ്വഭാവമോ ഭാവിയോ വെളിപ്പെടുത്താൻ കഴിയുന്ന [പ്രത്യേക] രൂപമാതൃകകളിൽ ആകാശഗോളങ്ങൾ വിന്യസിക്കപ്പെടുന്നുവെന്ന വിശ്വാസത്തിൽ അധിഷ്ഠിതമാണ്” ജ്യോതിഷം എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. ഒരു വ്യക്തിയുടെ ജനനസമയത്തെ, ഗ്രഹങ്ങളുടെ കൃത്യമായ സ്ഥാനങ്ങളും രാശിചക്ര ചിഹ്നങ്ങളും ആ വ്യക്തിയുടെ ജീവിതഗതിയെ സ്വാധീനിക്കുന്നുവെന്ന് ജ്യോത്സ്യന്മാർ അവകാശപ്പെടുന്നു. * ഈ ആകാശഗോളങ്ങളുടെ, ഒരു നിശ്ചിത സമയത്തുള്ള സ്ഥാനത്തെയാണ് ഗ്രഹനില അഥവാ ജാതകം എന്നു പറയുന്നത്.
ജ്യോതിഷത്തിലുള്ള വിശ്വാസത്തിനു വളരെ പഴക്കമുണ്ട്. ഏകദേശം നാലായിരം വർഷംമുമ്പ് സൂര്യന്റെയും ചന്ദ്രന്റെയും, ഏറ്റവും വ്യക്തമായി കാണപ്പെട്ട അഞ്ചു ഗ്രഹങ്ങളുടെയും സ്ഥാനങ്ങൾ അടിസ്ഥാനമാക്കി ബാബിലോന്യർ ഭാവി പ്രവചിക്കാൻ തുടങ്ങിയിരുന്നു. മനുഷ്യരിൽ സ്വാധീനം ചെലുത്തുന്ന ഈ ആകാശഗോളങ്ങൾ അവരുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നുവെന്ന് അവർ അവകാശപ്പെട്ടു. പിൽക്കാലത്ത് അവർ തങ്ങളുടെ ഭാവികഥനത്തിൽ രാശിചക്രചിഹ്നങ്ങളും ഉൾപ്പെടുത്തി.
പരാജയത്തിന്റെ ഒരു ദീർഘചരിത്രം
ബാബിലോന്യർക്കു ജ്യോതിഷവുമായുള്ള ബന്ധത്തിനു ബൈബിൾ അടിവരയിടുന്നു. അനേകം സന്ദർഭങ്ങളിൽ അതു ബാബിലോന്യ ജ്യോത്സ്യന്മാരെ പരാമർശിക്കുകയും ചെയ്യുന്നു. (ദാനീയേൽ 4:7; 5:7, 11, 12) ദാനീയേൽ പ്രവാചകന്റെ കാലത്തു ജ്യോതിഷം കൽദയയിൽ (ബാബിലോണിൽ) സർവവ്യാപകം ആയിരുന്നു. “കൽദയർ” എന്ന പ്രയോഗം ഫലത്തിൽ ജ്യോതിഷികളെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നു.
ജ്യോതിഷത്തിനു ബാബിലോന്റെമേലുള്ള സ്വാധീനവും ആ നഗരത്തിന്റെ വീഴ്ച പ്രവചിക്കുന്നതിലുള്ള അവിടത്തെ ജ്യോത്സ്യന്മാരുടെ പരാജയവും ദാനീയേൽ നേരിട്ടു മനസ്സിലാക്കിയിരുന്നു. (ദാനീയേൽ 2:27) രണ്ടു നൂറ്റാണ്ടുകൾക്കുമുമ്പു യെശയ്യാ പ്രവാചകൻ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞിരുന്നതു ശ്രദ്ധിക്കുക. പരിഹാസരൂപേണ അവൻ ഇങ്ങനെ എഴുതി: “ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും [“ആകാശത്തിൽ രാശി തിരിച്ച് നിരീക്ഷിക്കുന്നവരും,” പി.ഒ.സി. ബൈബിൾ] നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ. അവർ . . . തങ്ങളെ തന്നേ വിടുവിക്കയില്ല.”—യെശയ്യാവു 47:13, 14.
പ്രത്യക്ഷത്തിൽ, ബാബിലോണിന്റെ നാശത്തിന് ഏതാനും മണിക്കൂറുകൾക്കുമുമ്പുപോലും ആ നാശം മുൻകൂട്ടിപ്പറയാൻ അവിടത്തെ ജ്യോത്സ്യന്മാർക്കു കഴിയാതെപോയി. ഒടുവിൽ ദൈവത്തിൽനിന്നുള്ള പ്രതികൂല ന്യായവിധിസന്ദേശം ബേൽശസ്സറിന്റെ രാജധാനിയുടെ ചുവരിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആ നിഗൂഢ വാക്കുകളുടെ അർഥം വ്യാഖ്യാനിക്കാനും അവർ പരാജയപ്പെട്ടു.—ദാനീയേൽ 5:7, 8.
സുപ്രധാന സംഭവങ്ങൾ മുൻകൂട്ടിപ്പറയുന്നതിൽ ഇന്നും ജ്യോതിഷികൾ അപര്യാപ്തരാണ്. വ്യത്യസ്തങ്ങളായ 3,000-ത്തിലേറെ ജ്യോതിഷ പ്രവചനങ്ങൾ പരിശോധിച്ചശേഷം, അവയിൽ 10 ശതമാനം മാത്രമാണു കൃത്യമായി നിറവേറിയതെന്ന് ശാസ്ത്രഗവേഷകരായ ആർ. കുൾവെറും ഫിലിപ് അയനായും വിലയിരുത്തി. സമർഥനായ ഏതൊരു നിരൂപകനും അതിലും മെച്ചമായി സംഭവങ്ങൾ മുൻകൂട്ടിപ്പറയാൻ കഴിയും.
ബൈബിൾ പഠിപ്പിക്കലുകൾക്കു വിരുദ്ധം
എന്നിരുന്നാലും ഭാവി കൃത്യമായി പ്രവചിക്കുന്നതിലുള്ള ജ്യോതിഷത്തിന്റെ പ്രകടമായ അപ്രാപ്തി നിമിത്തം മാത്രമല്ല എബ്രായ പ്രവാചകന്മാർ അതു നിരാകരിച്ചത്. ദൈവം മോശെക്കു നൽകിയ ന്യായപ്രമാണത്തിൽ, ശകുനം നോക്കരുതെന്ന് ഇസ്രായേല്യരോടു പ്രത്യേകം നിർദേശിച്ചിരുന്നു. അത് ഇപ്രകാരം പ്രസ്താവിച്ചു: “പ്രശ്നക്കാരൻ . . . ആഭിചാരകൻ [‘ശകുനം പറയുന്നവൻ,’ ഓശാന ബൈബിൾ] . . . എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു.”—ആവർത്തനപുസ്തകം 18:10-12.
ഈ തിരുവെഴുത്തിൽ ജ്യോതിഷം പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും അതു വിലക്കപ്പെട്ടിരുന്നുവെന്നതു വ്യക്തമാണ്. “ഒരു സ്ഥാനത്തുതന്നെ സ്ഥിരമായി കാണപ്പെടുന്ന നക്ഷത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ എന്നിവയെ നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിലൂടെ ഭൗമികവും മാനുഷവും ആയ സംഭവങ്ങൾ പ്രവചിക്കുന്ന രീതി ഉൾപ്പെട്ട [ഒരു]തരം ഭാവികഥനവിദ്യയാണ്” ജ്യോതിഷം എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ചൂണ്ടിക്കാട്ടുന്നു. നക്ഷത്രങ്ങളോ മറ്റേതെങ്കിലും വസ്തുക്കളോ അടിസ്ഥാനമാക്കിയുള്ളവ ആയിരുന്നാലും, എല്ലാത്തരം ഭാവികഥന നടപടികളും ദൈവത്തിന്റെ മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണ്. എന്തുകൊണ്ട്? അതിനു തക്ക കാരണമുണ്ട്.
നമ്മുടെ ജയാപജയങ്ങൾക്കു കാരണം നക്ഷത്രങ്ങളാണെന്നു പഠിപ്പിക്കുന്നതിനുപകരം, “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്നു ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു. (ഗലാത്യർ 6:7) ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടെ ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നതിനാൽ, നമ്മുടെ പ്രവർത്തനങ്ങൾക്കു നാം തന്നെ ഉത്തരവാദികളാണെന്ന് അവൻ കണക്കാക്കുന്നു. (ആവർത്തനപുസ്തകം 30:19, 20; റോമർ 14:12) നമുക്കു നിയന്ത്രിക്കാനാകാത്ത ചില സംഭവങ്ങൾ നിമിത്തം നാം അപകടത്തിൽപ്പെടുകയോ രോഗബാധിതർ ആകുകയോ ചെയ്തേക്കാം എന്നതു സത്യമാണ്. എന്നാൽ അത്തരം വിപത്തുകൾ സംഭവിക്കുന്നതിനു കാരണം ജാതകം അല്ല, പിന്നെയോ അവ “യാദൃച്ഛികമായി സംഭവിക്കുന്നതാണ്” എന്നു തിരുവെഴുത്തുകൾ വിശദമാക്കുന്നു.—സഭാപ്രസംഗി 9:11, പി.ഒ.സി. ബൈ.
മാനുഷ ബന്ധങ്ങളെക്കുറിച്ചു സംസാരിക്കവേ മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ, സ്നേഹം എന്നിങ്ങനെയുള്ള ഗുണങ്ങളുള്ളവർ ആയിരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (കൊലൊസ്സ്യർ 3:12-14) നിലനിൽക്കുന്ന സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ദാമ്പത്യബന്ധങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിലും ഇത്തരം ഗുണങ്ങൾ നിർണായക പങ്കുവഹിക്കുന്നു. വിവാഹ ഇണയെ തിരഞ്ഞെടുക്കുന്നതിൽ “ജാതകപ്പൊരുത്തം” ആശ്രയയോഗ്യമായ ഒരു വഴികാട്ടിയല്ല. മനശ്ശാസ്ത്രജ്ഞനായ ബർനാർഡ് സിൽവെർമൻ ഏകദേശം 3,500 ദമ്പതികളുടെ ജാതകം വിശകലനം ചെയ്യുകയുണ്ടായി. അവരിൽ 17 ശതമാനം അതിനോടകം വിവാഹമോചിതരായിത്തീർന്നിരുന്നു. ‘ജാതകപ്പൊരുത്തമുള്ള’ ഒരു പങ്കാളിയെ വിവാഹം ചെയ്തവർക്കിടയിൽ വിവാഹമോചനനിരക്കിൽ കുറവൊന്നും കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
അതേ, ജ്യോതിഷം ആശ്രയയോഗ്യമല്ലാത്തതും വഴിതെറ്റിക്കുന്നതും ആണ്. നാം തെറ്റു ചെയ്യുമ്പോൾ സ്വയം കുറ്റപ്പെടുത്തുന്നതിനുപകരം നക്ഷത്രങ്ങളെ പഴിചാരാൻ അതു നമ്മെ പ്രേരിപ്പിച്ചേക്കാം. എല്ലാറ്റിലുമുപരി, ദൈവവചനം അതിനെ സ്പഷ്ടമായി കുറ്റം വിധിക്കുന്നു.
[അടിക്കുറിപ്പ്]
^ ജ്യോത്സ്യന്മാർ ഉപയോഗിക്കുന്ന 12 നക്ഷത്രഗണങ്ങളാണ് രാശിചക്ര ചിഹ്നങ്ങൾ.