തേൻ—മനുഷ്യന് തേനീച്ചയുടെ സമ്മാനം
തേൻ—മനുഷ്യന് തേനീച്ചയുടെ സമ്മാനം
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
അയാൾ ക്ഷീണിച്ച് അവശനായിരുന്നു. കാട്ടിൽ തേൻ ഇറ്റിറ്റുവീഴുന്ന ഒരു തേൻകട്ട അവിചാരിതമായി കണ്ടപ്പോൾ ആ യിസ്രായേല്യ പടയാളിയുടെ മനംനിറഞ്ഞു. തന്റെ വടികൊണ്ട് തേൻകട്ടയിൽ കുത്തി അയാൾ അൽപ്പം തേൻ നുകർന്നു. പെട്ടെന്നുതന്നെ അയാളുടെ “കണ്ണു തെളിഞ്ഞു.” അയാൾ ഉന്മേഷം വീണ്ടെടുത്തു. (1 ശമൂവേൽ 14:25-30) മനുഷ്യനു ഗുണം ചെയ്യുന്ന തേനിന്റെ ഒരു സവിശേഷത ഈ ബൈബിൾ വിവരണത്തിൽ കാണാം. അതേ, പെട്ടെന്ന് ഊർജം പകർന്നുതരുന്ന ഒരു ഭക്ഷ്യപദാർഥമാണിത്. ഇതിൽ പ്രധാനമായും കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നു എന്നതാണ് അതിനു കാരണം, ഏകദേശം 82 ശതമാനം. സിദ്ധാന്തപരമായി പറഞ്ഞാൽ, വെറും 30 ഗ്രാം തേൻ നൽകുന്ന ഊർജം മതി ഒരു തേനീച്ചയ്ക്ക് ഉലകംചുറ്റിപ്പറക്കാൻ. വിസ്മയകരം അല്ലേ?
മനുഷ്യനുവേണ്ടി മാത്രമാണോ തേനീച്ചകൾ തേനുണ്ടാക്കുന്നത്? അല്ല. അവയുടെ ആഹാരമാണ് തേൻ. സാധാരണവലുപ്പമുള്ള ഒരു തേനീച്ചക്കൂട്ടിലെ ഈച്ചകൾക്ക് ശൈത്യകാലത്തെ അതിജീവിക്കണമെങ്കിൽ 10 മുതൽ 15 കിലോഗ്രാംവരെ തേൻ ആവശ്യമാണ്. എന്നാൽ അനുയോജ്യമായ ഋതുവിൽ ഒരു തേനീച്ചക്കൂട്ടിൽ ഏകദേശം 25 കിലോഗ്രാം തേൻ ഉത്പാദിപ്പിക്കപ്പെടുന്നു. അപ്പോൾ മനുഷ്യർക്കും കരടി, റക്കൂൺ തുടങ്ങിയ മൃഗങ്ങൾക്കും നുകരാൻ വേണ്ടുവോളം മിച്ചമുണ്ടാകും.
* ജലാംശം 18 ശതമാനത്തിലും കുറവാകുമ്പോൾ അറകൾ മെഴുകിന്റെ നേർത്ത ഒരു ആവരണംകൊണ്ടു മൂടുന്നു. ഇങ്ങനെ ഭദ്രമാക്കിയ തേൻ എത്രകാലം വേണമെങ്കിലും കേടാകാതെ ഇരുന്നുകൊള്ളും. ഫറവോന്മാരുടെ ഏകദേശം 3,000 വർഷം പഴക്കമുള്ള ശവകുടീരങ്ങളിൽനിന്ന് തികച്ചും ഭക്ഷ്യയോഗ്യമായ തേൻ കണ്ടെടുത്തതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
തേനീച്ചകൾ തേനുണ്ടാക്കുന്നത് എങ്ങനെയാണ്? തീറ്റിയന്വേഷിച്ചുപോകുന്ന ഈച്ചകൾ പുഷ്പങ്ങളിൽനിന്നു പൂന്തേൻ നുകരുന്നു, കുഴൽപോലെയുള്ള നാക്ക് ഉപയോഗിച്ചാണു പൂന്തേൻ വലിച്ചെടുക്കുന്നത്. പൂന്തേൻ ശേഖരിച്ചു കൊണ്ടുവരാൻവേണ്ടി മാത്രം തേനീച്ചയ്ക്ക് ഒരു വയറുണ്ട്. കൂട്ടിലെത്തിക്കഴിയുമ്പോൾ പൂന്തേൻ മറ്റ് ഈച്ചകൾക്കു കൈമാറുന്നു, പൂന്തേൻ “ചവയ്ക്കുക” എന്ന ജോലിയാണ് ഇക്കൂട്ടരുടേത്. ഏകദേശം അരമണിക്കൂർ നേരത്തേക്കുള്ള ഈ പ്രക്രിയയിൽ അവയുടെ വായിലെ ഗ്രന്ഥികളിൽനിന്നുള്ള എൻസൈമുകൾ പൂന്തേനുമായി കൂടിക്കലരുന്നു. തുടർന്ന് ഈ മിശ്രിതം ആറ് വശങ്ങളുള്ള മെഴുകുനിർമിതമായ അറകളിൽ വെച്ചിട്ട് ഈച്ചകൾ ചിറകുകൾകൊണ്ടു വീശി അധികമുള്ള ജലാംശം നീക്കം ചെയ്യുന്നു.തേനിന്റെ ഔഷധഗുണങ്ങൾ
വിശേഷതരമായ ഒരു ഭക്ഷണം—ബി ജീവകങ്ങൾ, പലതരം ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ ഒരു ഒന്നാന്തരം കലവറയാണ് തേൻ—എന്നതിലുപരി അറിയപ്പെടുന്നതിൽവെച്ച് അതിപ്രാചീനവും ഇന്നുവരെയും ഉപയോഗത്തിലിരിക്കുന്നതുമായ ഒരു ഔഷധവുമാണ് തേൻ. * യു.എസ്.എ.-യിലെ ഇല്ലിനോയ്സ് സർവകലാശാലയിലെ പ്രാണിശാസ്ത്രവിദഗ്ധനായ ഡോ. മേയ് ബെറെൻബൗം പറയുന്നു: “മുറിവുകൾ, പൊള്ളൽ, തിമിരം, തൊലിപ്പുറത്തുണ്ടാകുന്ന വ്രണങ്ങൾ, ചൊറിഞ്ഞുപൊട്ടൽ തുടങ്ങിയവയെല്ലാം ചികിത്സിക്കാൻ നൂറ്റാണ്ടുകളായി തേൻ ഉപയോഗിച്ചുവരുന്നു.”
അടുത്ത കാലത്ത് തേനിന്റെ ഔഷധമൂല്യത്തിലുണ്ടായ വർധിച്ച താത്പര്യത്തെക്കുറിച്ച് സിഎൻഎൻ വാർത്താസംഘടന ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “മുറിവുകളിൽ പുരട്ടാൻ രണ്ടാം ലോകമഹായുദ്ധ കാലത്ത് ആന്റിബയോട്ടിക്കുകൾ കണ്ടുപിടിച്ചപ്പോൾ തേൻ അപ്രസക്തമായി. എന്നാൽ, പുതിയ ഗവേഷണങ്ങളും ആന്റിബയോട്ടിക്കുകളെ വെല്ലുവിളിക്കുന്ന ഇനം ബാക്ടീരിയയും ഈ പുരാതന നാട്ടുമരുന്നിന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മരുന്നുപെട്ടിയിൽ സ്ഥാനം നൽകിയിരിക്കുന്നു.” ഉദാഹരണത്തിന്, ഗവേഷണത്തിന്റെ ഒരു ഭാഗം പൊള്ളലിനുള്ള ചികിത്സാവിധിയെക്കുറിച്ചുള്ളതാണ്. പൊള്ളലിൽ തേൻ പുരട്ടിയപ്പോൾ രോഗികൾ കൂടുതൽ വേഗം സുഖം പ്രാപിച്ചതായും വേദനയും പാടും കുറവായിരുന്നതായും നിരീക്ഷിക്കപ്പെട്ടു.
പൂന്തേനിൽ തേനീച്ചകളിൽനിന്നുള്ള ഒരു എൻസൈം കൂടിക്കലരുന്നതിനാൽ തേനിന് ചെറിയതോതിൽ ബാക്ടീരിയ-പ്രതിരോധ പ്രാപ്തിയും ആന്റിബയോട്ടിക്ക് സവിശേഷതകളും ഉണ്ടെന്നു പഠനങ്ങൾ കാണിക്കുന്നു. ഈ എൻസൈം ഉപദ്രവകാരികളായ ബാക്ടീരിയയെ കൊല്ലുന്ന ഹൈഡ്രജൻ പെറോക്സൈഡ് ഉത്പാദിപ്പിക്കുന്നു. * ഇനി, തേൻ തൊലിപ്പുറമേ തേച്ചാൽ വീക്കം കുറയുകയും ആരോഗ്യമുള്ള കലകളുടെ വളർച്ച ത്വരിതപ്പെടുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ന്യൂസിലൻഡിലെ ഒരു ബയോകെമിസ്റ്റായ ഡോ. പീറ്റർ മോലൻ പറയുന്നു: “വ്യാപകമായി നടപ്പിലിരിക്കുന്ന ചികിത്സ നടത്തുന്ന ഡോക്ടർമാർ ഇപ്പോൾ തേനിനെ ഫലപ്രദവും മാന്യവുമായ ഒരു ചികിത്സാ ഉപാധിയായി അംഗീകരിച്ചു വരികയാണ്.” തേനിനെ ഒരു ഔഷധമായി ഓസ്ട്രേലിയൻ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചിട്ടുണ്ട്. മുറിവുകളിൽ പുരട്ടുന്നതിനുള്ള ഒരു ഔഷധമായി തേൻ അവിടത്തെ വിപണിയിൽ ലഭ്യമാണ്.
ഇതുപോലെ പോഷകസമൃദ്ധവും രുചികരവും ഔഷധഗുണമുള്ളതുമായ വേറെ എത്ര ഭക്ഷണപദാർഥങ്ങളുണ്ട്? കഴിഞ്ഞകാലങ്ങളിൽ തേനീച്ചകളെയും തേനീച്ചവളർത്തലുകാരെയും സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമങ്ങൾ രൂപീകരിച്ചതിന്റെ കാരണം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. തേനീച്ച കൂടുകൂട്ടിയിരിക്കുന്ന മരങ്ങൾക്കോ അവയുടെ കൂടുകൾക്കോ കേടുവരുത്തുന്നവർക്കു കനത്ത പിഴയോ മരണശിക്ഷ പോലുമോ വിധിച്ചിരുന്നു. അതേ, തേൻ മനുഷ്യന് തേനീച്ചയുടെ വിലപ്പെട്ട സമ്മാനമാണ്, അവയുടെ സ്രഷ്ടാവിനു ബഹുമതിയും.
[അടിക്കുറിപ്പുകൾ]
^ ഈച്ചകൾ തേനട ഉണ്ടാക്കുന്നത് അവയുടെ ശരീരത്തിലുള്ള പ്രത്യേകതരം ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന മെഴുക് ഉപയോഗിച്ചാണ്. തേനടയിലെ അറകൾക്ക് ഷഡ്ഭുജാകൃതിയാണ്. ഇതുമൂലം ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നു മാത്രം കനമുള്ള അവയുടെ ലോലമായ ഭിത്തികൾക്ക് അറയുടെ ഭാരത്തിന്റെ 30 മടങ്ങ് ഭാരം താങ്ങാൻ കഴിയും. തേനട പ്രകൃതിയിലെ ഒരു എഞ്ചിനീയറിങ് അത്ഭുതമാണ്.
^ ബോട്ടുലിസം എന്ന രോഗം വരാൻ സാധ്യതയുള്ളതിനാൽ ശിശുക്കൾക്കു തേൻ നൽകാൻ ശുപാർശചെയ്യുന്നില്ല.
^ ചൂടാക്കുകയോ വെളിച്ചത്തു വെക്കുകയോ ചെയ്താൽ എൻസൈം നഷ്ടപ്പെടുമെന്നതിനാൽ പാസ്ചറൈസേഷനു വിധേയമാക്കാത്ത തേനാണ് ചികിത്സാർഥം ഉപയോഗിക്കുന്നത്.
[16-ാം പേജിലെ ചതുരം/ചിത്രം]
തേൻ ചേർത്തുള്ള പാചകം
തേനിന് പഞ്ചസാരയെക്കാൾ മധുരമുണ്ട്. അതുകൊണ്ട് പഞ്ചസാരയ്ക്കു പകരം തേൻ ഉപയോഗിക്കുമ്പോൾ പഞ്ചസാരയുടെ പകുതിമുതൽ മുക്കാൽ ഭാഗംവരെയുള്ള അളവിൽ ചേർത്താൽ മതി. തേനിൽ 18 ശതമാനത്തോളം വെള്ളമായതിനാൽ തേൻ ചേർത്തു പാകം ചെയ്യുമ്പോൾ അതിനനുസരിച്ചു ദ്രാവകങ്ങളുടെ അളവു കുറയ്ക്കുക. പാചകത്തിൽ ദ്രാവകങ്ങളൊന്നും ചേരുവയായിട്ടില്ലെങ്കിൽ ഒരു കപ്പ് തേനിന് രണ്ടു ടേബിൾസ്പൂൺ മാവ് വീതം ചേർക്കുക. ബേക്ക് ചെയ്തെടുക്കുന്നവയിൽ ഒരു കപ്പ് തേനിന് അര ടീസ്പൂൺ എന്ന കണക്കിൽ ബേക്കിങ് സോഡ ചേർക്കണം, ചൂട് 15 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുകയും വേണം.
[കടപ്പാട്]
National Honey Board
[16-ാം പേജിലെ ചിത്രം]
പൂന്തേൻ തേടുന്ന തേനീച്ച
[16, 17 പേജുകളിലെ ചിത്രം]
തേനട
[17-ാം പേജിലെ ചിത്രം]
തേനീച്ചകളുടെ ഒരു കോളനി
[17-ാം പേജിലെ ചിത്രം]
ഒരു തേനീച്ചവളർത്തലുകാരൻ കൂട്ടിനുള്ളിലെ ഒരു ചട്ടം പരിശോധിക്കുന്നു