ഭയത്തിന്റെ തടവറയിൽ എന്തുകൊണ്ട് ഇത്രയേറെ പേർ?
ഭയത്തിന്റെ തടവറയിൽ എന്തുകൊണ്ട് ഇത്രയേറെ പേർ?
ഭീതിയുടെ ഒരു അന്തരീക്ഷം മനുഷ്യരാശിയെ വലയം ചെയ്യുന്നു. അദൃശ്യമെങ്കിലും അനുഭവവേദ്യവും മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാതെപോകുന്നതും ആയ ഈ സ്ഥിതിവിശേഷം എല്ലാവരെയുംതന്നെ ബാധിക്കുന്നു. ഇത്തരം ഒരു അവസ്ഥ സംജാതമാകാനുള്ള കാരണം എന്താണ്? വീടുവിട്ടിറങ്ങുമ്പോൾ ചിലർക്കു പേടി തോന്നുന്നത് എന്തുകൊണ്ട്? പലർക്കും ജോലിസ്ഥലത്ത് അരക്ഷിതത്വം തോന്നുന്നതിന്റെ കാരണമോ? മക്കളുടെ സുരക്ഷിതത്വത്തെപ്രതി അനേകരും ഉത്കണ്ഠപ്പെടുന്നത് എന്തുകൊണ്ടാണ്? ആളുകൾ സ്വന്തം ഭവനത്തിൽപ്പോലും ഭയത്തിൽ കഴിഞ്ഞുകൂടാൻ ഇടയാക്കുന്ന ചില സാഹചര്യങ്ങൾ ഏവ?
ഭയം ജനിപ്പിക്കുന്ന അസംഖ്യം സംഗതികൾ ഉണ്ടെങ്കിലും നഗരങ്ങളിലെ അക്രമം, ലൈംഗിക ദുഷ്പെരുമാറ്റം, ബലാത്സംഗം, വീട്ടിനുള്ളിലെ അക്രമം എന്നിങ്ങനെ നിരന്തരം ആളുകളെ വേട്ടയാടാൻ സാധ്യതയുള്ള നാലു സംഗതികളെക്കുറിച്ചു നമുക്കിപ്പോൾ ചിന്തിക്കാം. ആദ്യംതന്നെ നഗരങ്ങളിലെ അക്രമം. മനുഷ്യരിൽ പകുതിയോളവും ഇന്നു നഗരങ്ങളിൽ ജീവിക്കുന്നതിനാൽ ഈ വിഷയം വിശേഷാൽ കാലോചിതമാണ്.
നഗരങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങൾ
സാധ്യതയനുസരിച്ച് സംരക്ഷണത്തിനുവേണ്ടി ആയിരുന്നു ആദ്യകാലത്തു നഗരങ്ങൾ നിർമിച്ചിരുന്നത്. എന്നാൽ ഇന്ന് അവിടങ്ങളിൽ അപകടം പതിയിരിക്കുന്നതായി അനേകർ ഭയപ്പെടുന്നു. ഒരിക്കൽ സംരക്ഷണം നൽകിയിരുന്നവ ഇന്നു സംഭീതിയുടെ കേന്ദ്രങ്ങളാണ്. തിരക്കേറിയ നഗരകേന്ദ്രങ്ങൾ പിടിച്ചുപറിക്കാരുടെ താവളങ്ങളായിത്തീർന്നിരിക്കുന്നു. ചില നഗരങ്ങളിൽ, ആവശ്യത്തിനു വഴിവിളക്കുകളും
പോലീസ് സഹായവും ഇല്ലാത്ത ദരിദ്ര മേഖലകൾ തികച്ചും അപകടകരമാണ്.മനുഷ്യർക്കു ഭയം തോന്നുന്നതിനു ചിലപ്പോഴൊക്കെ തക്ക കാരണമുണ്ട്—അക്രമങ്ങളിൽ മരിച്ചുവീഴുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് ഓരോ വർഷവും 16 ലക്ഷം പേരാണ് ലോകമെമ്പാടും ആ വിധത്തിൽ മരണമടയുന്നത്. ആഫ്രിക്കയിൽ പ്രതിവർഷം, ഒരു ലക്ഷം ആളുകളിൽ 60.9 പേർക്കു വീതം അക്രമത്തിൽ ജീവൻ നഷ്ടമാകുന്നതായി കണക്കാക്കപ്പെടുന്നു.
ഒരിക്കൽ സുരക്ഷിതത്വം പ്രദാനം ചെയ്തിരുന്ന അനേകം ആളുകളും സ്ഥലങ്ങളും സംഘടനകളും ഇന്ന് അതിന് ഒരു ഭീഷണിയായി കാണപ്പെടുന്നു. ഉദാഹരണത്തിന്, അനേകം കളിസ്ഥലങ്ങളും സ്കൂളുകളും കടകളും ഇപ്പോൾ വൻ കുറ്റകൃത്യങ്ങളുടെ പേടിപ്പെടുത്തുന്ന വിളനിലങ്ങളായി മാറിയിരിക്കുന്നു. സംരക്ഷണം നൽകേണ്ടവരായ മതനേതാക്കളും സാമൂഹിക പ്രവർത്തകരും അധ്യാപകരും ചിലപ്പോഴൊക്കെ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. ചിലർ കുട്ടികളോടു മോശമായി പെരുമാറുന്നതു സംബന്ധിച്ചു കേൾക്കുമ്പോൾ മക്കളെ മറ്റുള്ളവരുടെ സംരക്ഷണയിൽ വിടാൻ മാതാപിതാക്കൾ മടിക്കുന്നു. ജനത്തിനു സുരക്ഷ പ്രദാനം ചെയ്യേണ്ട പോലീസുകാർതന്നെ ചില നഗരങ്ങളിൽ അഴിമതിയിലും അധികാര ദുർവിനിയോഗത്തിലും മുന്നിട്ടുനിൽക്കുന്നു. ഇനി “സുരക്ഷാ” ഭടന്മാരുടെ കാര്യമോ? ആഭ്യന്തര യുദ്ധങ്ങളെക്കുറിച്ചുള്ള ഓർമകൾ ചില രാജ്യങ്ങളിൽ ആളുകളുടെ മനസ്സിൽ ഇന്നും ഒരു കനലായി എരിഞ്ഞുകൊണ്ടിരിക്കുന്നു. അന്നു പട്ടാളക്കാർ അറസ്റ്റു ചെയ്തുകൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ പിന്നീടൊരിക്കലും അവർക്കു കാണാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ, ലോകത്തിന്റെ പല ഭാഗങ്ങളിലും പോലീസുകാരും പട്ടാളക്കാരും ഭയത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനുപകരം അതിന് ആക്കം കൂട്ടിയിരിക്കുന്നു.
“ലാറ്റിൻ അമേരിക്കയുടെ തലസ്ഥാന നഗരത്തിൽ വസിക്കുന്നവർ സ്ഥിരം ഭയത്തിൽ ജീവിക്കുന്നു. ലോകത്തിൽ ഏറ്റവും അപകടകരമായ ചില സ്ഥിതിവിശേഷങ്ങളാണ് അവർ അഭിമുഖീകരിക്കുന്നത്. വിസ്തൃതമായ ഈ ദേശത്ത് ഓരോ വർഷവും ഏകദേശം 1,40,000 പേർ അക്രമത്തിൽ മരിക്കുന്നു. മൂന്നിലൊന്നുപേർ നേരിട്ടോ അല്ലാതെയോ അക്രമങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നു” എന്ന് ഭയത്തിന്റെ പൗരന്മാർ—ലാറ്റിൻ അമേരിക്കൻ നഗരങ്ങളിലെ അക്രമം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും തലസ്ഥാന നഗരികൾ കൂടെക്കൂടെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കു വേദിയാകുന്നു. അത്തരം പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറുമ്പോൾ കടകൾ കൊള്ളയടിച്ചുകൊണ്ട് അനേകരും സാഹചര്യം മുതലെടുക്കുന്നു. അതു ക്രമസമാധാനം തകരാറിലാക്കുന്നു. കോപാന്ധരായ ജനക്കൂട്ടം നഗരങ്ങളിലെ വ്യാപാരികളുടെമേൽ ആക്രമണം അഴിച്ചുവിട്ടേക്കാം.
സമ്പന്നരുടെയും ദരിദ്രരുടെയും ജീവിതനിലവാരങ്ങളിൽ ഉണ്ടായിട്ടുള്ള വൻ വിടവ് അനേകം രാജ്യങ്ങളിലും ആളുകളിൽ നീരസം നുരഞ്ഞുപൊന്താൻ ഇടയാക്കിയിരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കുപോലും ഗതിയില്ലാത്ത ജനവർഗങ്ങൾ സമ്പന്നരെ കൊള്ളയടിച്ചിരിക്കുന്നു. ചില നഗരങ്ങളിൽ ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ലെങ്കിലും, അവിടങ്ങളിലെ സാഹചര്യം തുടിച്ചുകൊണ്ടിരിക്കുന്ന ഒരു ടൈംബോംബിനു സമാനമാണ്—അതു പൊട്ടിത്തെറിക്കുമെന്ന് ഉറപ്പാണ്, എപ്പോഴാണെന്ന് അറിയില്ലെന്നുമാത്രം.
മോഷ്ടാക്കളുടെയും വിപ്ലവകാരികളുടെയും ഭീഷണി പോരാഞ്ഞിട്ടെന്നവണ്ണം, ഉത്കണ്ഠ ഉളവാക്കുന്ന മറ്റു സംഗതികൾ ഭയത്തിന്റെ അന്തരീക്ഷത്തെ ഊട്ടിവളർത്തുന്നു.
ലൈംഗിക ദുഷ്പെരുമാറ്റം സൃഷ്ടിക്കുന്ന ഭീതി
ചൂളമടി, അശ്ലീല ആംഗ്യങ്ങൾ, കാമക്കൊതി പൂണ്ട നോട്ടങ്ങൾ എന്നിവ ലക്ഷക്കണക്കിനു സ്ത്രീകൾക്ക് എന്നും ഒരു പേടിസ്വപ്നമാണ്. ഏഷ്യാ വീക്ക് ഇങ്ങനെ പറയുന്നു: “ജപ്പാനിലെ നാലു സ്ത്രീകളിൽ ഒരാൾവീതം പൊതുസ്ഥലങ്ങളിൽവെച്ചു ലൈംഗിക ദുഷ്പെരുമാറ്റങ്ങൾക്കു വിധേയരാകുന്നു. അവയിൽ 90 ശതമാനവും സംഭവിക്കുന്നതു ട്രെയിനിൽവെച്ചാണ്. . . . അത്തരം പെരുമാറ്റങ്ങൾക്കു വിധേയരാകുന്നവരിൽ 2 ശതമാനം മാത്രമേ എന്തെങ്കിലുമൊക്കെ നടപടികൾ സ്വീകരിക്കുന്നുള്ളൂ. ദുഷ്പ്രവൃത്തിക്കാരന്റെ പ്രതികരണം സംബന്ധിച്ച ഭയമാണ് തങ്ങൾ മൗനം പാലിക്കുന്നതിന്റെ പ്രധാന കാരണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.”
ഇന്ത്യയിൽ ‘പൂവാലശല്യം’ കുതിച്ചുയർന്നിരിക്കുന്നു. ഇവിടെയുള്ള ഒരു പത്രപ്രവർത്തക പറയുന്നു: “വീട്ടിൽനിന്നു പുറത്തിറങ്ങിയാൽ ഉടൻ ഭയം സ്ത്രീകളെ ഗ്രസിക്കുന്നു. . . . ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും മാനംകെടുത്തുന്ന പെരുമാറ്റങ്ങളും അസഭ്യമായ കമന്റടികളും അവൾ നേരിടുന്നു.” താരതമ്യേന സുരക്ഷിതമായ
തെരുവുകൾ ഉള്ളതിൽ അഭിമാനംകൊള്ളുന്ന ഒരു ഇന്ത്യൻ നഗരത്തിൽനിന്നുള്ളതാണ് പിൻവരുന്ന റിപ്പോർട്ട്: “[ഈ നഗരത്തിലെ] പ്രശ്നം തെരുവുകളിലല്ല, ഓഫീസുകളിലാണ്. . . . സർവേയിൽ പങ്കെടുത്ത 35 ശതമാനം സ്ത്രീകൾ, ജോലിസ്ഥലത്തു തങ്ങൾ ലൈംഗിക ദുഷ്പെരുമാറ്റത്തിനു വിധേയരായിട്ടുണ്ടെന്നു വെളിപ്പെടുത്തി. . . . ജോലിസ്ഥലത്തെ ലൈംഗിക ദുഷ്പെരുമാറ്റം സംബന്ധിച്ച ഭയം നിമിത്തം, . . . സ്ത്രീകളോടുമാത്രം ഇടപഴകേണ്ടിവരുന്ന, വരുമാനം കുറഞ്ഞ ജോലികൾ സ്വീകരിക്കാൻ തങ്ങൾ ഇഷ്ടപ്പെടുന്നതായി 52 ശതമാനം സ്ത്രീകൾ പറഞ്ഞു.”ബലാത്സംഗഭീതി
സ്ത്രീകളുടെ ഭയം അവർക്കു മാന്യത കൈമോശംവരുന്ന കാര്യങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ല. ലൈംഗിക ദുഷ്പെരുമാറ്റത്തിൽ ചിലപ്പോൾ ബലാത്സംഗ ഭീഷണിയും ഉൾപ്പെട്ടേക്കാം. അനേകം സ്ത്രീകളും ബലാത്സംഗത്തെ കൊലപാതകത്തെക്കാൾ ഭയപ്പെടുന്നു, ഇതു സ്വാഭാവികമാണ്. ചിലപ്പോൾ ഒരു സ്ത്രീ യാദൃച്ഛികമായി ഒരു സ്ഥലത്തു തനിച്ച് ആയിപ്പോയേക്കാം. താൻ ബലാത്സംഗം ചെയ്യപ്പെടുമോയെന്ന ഭയം പെട്ടെന്ന് അവളെ വരിഞ്ഞുമുറുക്കുന്നു. തനിക്കു പരിചയമോ വിശ്വാസമോ ഇല്ലാത്ത ഒരു മനുഷ്യനെ അവൾ കണ്ടേക്കാം. ‘അയാൾ എന്താണ് ചെയ്യാൻ പോകുന്നത്? ഞാൻ എവിടേക്ക് ഓടും? അലറി വിളിച്ചാലോ?’ എന്നൊക്കെ ചിന്തിച്ചുകൊണ്ട് സംഭ്രാന്തിയോടെ സാഹചര്യം വിലയിരുത്താൻ ശ്രമിക്കവേ അവളുടെ ഹൃദയമിടിപ്പ് ഉയരുന്നു. കൂടെക്കൂടെ ഉണ്ടാകുന്ന അത്തരം അനുഭവങ്ങൾ സ്ത്രീകളുടെ ആരോഗ്യം കാർന്നുതിന്നുന്നു. അത്തരം ഭയപ്പാടുകൾ നിമിത്തം അനേകർ നഗരങ്ങളിൽ ജീവിക്കുന്നതോ അവിടം സന്ദർശിക്കുന്നതോ ഒഴിവാക്കുന്നു.
സ്ത്രീഭയം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “അനേകം സ്ത്രീകളെ സംബന്ധിച്ചും ഭയം, ഉത്കണ്ഠ, മനഃക്ലേശം എന്നിവ നഗരജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ബലാത്സംഗം ചെയ്യപ്പെടുമെന്നുള്ള ഭയം, സദാ ജാഗരൂകരും ശ്രദ്ധാലുക്കളും കരുതലുള്ളവരും ആയിരിക്കണമെന്നു ചിന്തിക്കാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്ന ഒരു വികാരമാണ്. പ്രത്യേകിച്ചു രാത്രിയിൽ ആരെങ്കിലും ഒരു സ്ത്രീയുടെ പിന്നാലെ വന്നാൽ കടുത്ത ഉത്കണ്ഠ അവളെ ഗ്രസിക്കുന്നതിനും ആ ഭയം ഇടയാക്കുന്നു. സ്ത്രീകൾ ആ ഭയത്തിൽനിന്ന് ഒരിക്കലും പൂർണമായി സ്വതന്ത്രരാകുന്നില്ല.”
അനേകം സ്ത്രീകളും അക്രമാസക്തമായ കുറ്റകൃത്യത്തിന് ഇരയാകുമ്പോൾ, എല്ലാ സ്ത്രീകളുംതന്നെ അക്രമം സംബന്ധിച്ച ഭയത്തിൽ ജീവിക്കുന്നവരാണ്. ഐക്യരാഷ്ട്രങ്ങളുടെ ഒരു പ്രസിദ്ധീകരണമായ ദ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ 2000 ഇപ്രകാരം പറയുന്നു: “ലോകമെമ്പാടും കുറഞ്ഞത് മൂന്നു സ്ത്രീകളിൽ ഒരാൾവീതം മർദനത്തിനോ നിർബന്ധിച്ചുള്ള ലൈംഗികബന്ധത്തിനോ മറ്റേതെങ്കിലും വിധത്തിലുള്ള ദ്രോഹത്തിനോ ഇരയാകുന്നുണ്ട്, മിക്കപ്പോഴും ഈ ദുഷ്കൃത്യങ്ങൾ ചെയ്യുന്നതാകട്ടെ അവർക്ക് അറിയാവുന്ന ഒരു വ്യക്തിയും.” ഭീതിയുടെ കരിമേഘങ്ങൾ കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചിരിക്കുകയാണോ? സ്വന്തം ഭവനങ്ങളിൽ ആളുകൾ ഭയത്തിൽ കഴിഞ്ഞുകൂടുന്നത് എത്രത്തോളം സാധാരണമാണ്?
വീട്ടിലെ അക്രമം സംബന്ധിച്ച ഭയം
ഭാര്യയെ മർദിച്ച് കീഴ്പെടുത്തുക എന്നതു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന കടുത്ത അനീതിയാണ്. വീടിന്റെ സ്വകാര്യതയ്ക്കുള്ളിൽ അരങ്ങേറുന്ന ഈ ദുഷ്കൃത്യം അനേക സ്ഥലങ്ങളിലും അടുത്ത കാലത്തു മാത്രമാണ് ഒരു കുറ്റകൃത്യമായി അംഗീകരിക്കപ്പെട്ടത്. “ഇന്ത്യയിൽ കുറഞ്ഞത് 45 ശതമാനം സ്ത്രീകളെ ഭർത്താക്കന്മാർ അടിക്കുകയോ തൊഴിക്കുകയോ മർദിക്കുകയോ ചെയ്യുന്നു” എന്ന് ഇവിടെനിന്നുള്ള ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇണയിൽനിന്നുള്ള ദ്രോഹം ആഗോളമായി കാണപ്പെടുന്ന ഗുരുതരമായ ആരോഗ്യ ഭീഷണിയാണ്. കാറപകടങ്ങൾ, പിടിച്ചുപറി, ബലാത്സംഗങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന മൊത്തം സ്ത്രീകളെക്കാൾ കൂടുതൽ സ്ത്രീകൾ വീട്ടിനുള്ളിലെ അക്രമത്താൽമാത്രം ദ്രോഹിക്കപ്പെടുന്നുണ്ടെന്നാണ് ഐക്യനാടുകളിലെ, 15-നും 44-നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളെക്കുറിച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടു ചെയ്യുന്നത്. അതുകൊണ്ട്, ഒന്നോ രണ്ടോ തല്ലിൽ അവസാനിക്കുന്ന വല്ലപ്പോഴുമുള്ള വാഗ്വാദത്തെക്കാൾ വളരെയേറെ ഗുരുതരമാണ് വീട്ടിനുള്ളിലെ അക്രമം. അനേകം സ്ത്രീകൾ ശാരീരികദ്രോഹവും മരണവും സംബന്ധിച്ച ഭയത്തിലാണു കുടുംബജീവിതം നയിക്കുന്നത്. വീട്ടിനുള്ളിലെ അക്രമത്തിനു വിധേയരായ സ്ത്രീകളിൽ മൂന്നിൽ ഒരു ഭാഗം, ചിലപ്പോഴൊക്കെ തങ്ങൾ മരിച്ചുപോകുമെന്നു ഭയപ്പെട്ടിരുന്നതായി കാനഡയിൽ നടന്ന ഒരു ദേശീയ സർവേ വെളിപ്പെടുത്തി. ഐക്യനാടുകളിലെ രണ്ടു ഗവേഷകർ ഇങ്ങനെ നിഗമനം ചെയ്തു: “സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ സ്ഥലം ഭവനമാണ്. മിക്കപ്പോഴും അത് ക്രൂരതയ്ക്കും പീഡനത്തിനും വേദിയായിത്തീരുന്നു.”
ഇത്രയേറെ സ്ത്രീകൾ അപകടകരമായ അത്തരം ബന്ധങ്ങളിൽ തളയ്ക്കപ്പെട്ടു കിടക്കുന്നത് എന്തുകൊണ്ടാണ്? ‘എന്തുകൊണ്ട് അവർ സഹായം അഭ്യർഥിക്കുന്നില്ല? എന്തുകൊണ്ട് അത്തരം സാഹചര്യങ്ങളിൽനിന്ന് അവർ രക്ഷപ്പെടുന്നില്ല?’ എന്നൊക്കെ അനേകർ ആശ്ചര്യപ്പെടുന്നു. അതിനുള്ള കാരണം മിക്കപ്പോഴും ഭയംതന്നെയാണ്. ഭയം വീട്ടിനുള്ളിലെ അക്രമത്തിന്റെ മുഖമുദ്രയാണെന്നു പറയപ്പെടുന്നു. മോശമായി പെരുമാറുന്ന ഭർത്താക്കന്മാർ ഭാര്യമാരെ നിയന്ത്രിക്കാൻ പൊതുവേ അക്രമം പ്രവർത്തിക്കുകയും തുടർന്ന് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ട് അവരെ നിശ്ശബ്ദരാക്കുകയും ചെയ്യുന്നു. ദ്രോഹത്തിന് ഇരയായ ഭാര്യ സഹായം അഭ്യർഥിക്കാൻ ധൈര്യപ്പെട്ടാൽപ്പോലും എല്ലായ്പോഴും അവൾക്ക് അതു ലഭിച്ചെന്നുവരില്ല. മറ്റ് അക്രമപ്രവർത്തനങ്ങളെ കഠിനമായി വെറുക്കുന്ന ആളുകൾപോലും ഭർത്താക്കന്മാർ ചെയ്യുന്ന അക്രമങ്ങളെ നിസ്സാരമായി കാണുകയോ അവഗണിക്കുകയോ ന്യായീകരിക്കുകയോ ചെയ്യാൻ പ്രവണതയുള്ളവരാണ്. തന്നെയുമല്ല, ഭാര്യയെ ദ്രോഹിക്കുന്ന ഒരു വ്യക്തി വീടിനുവെളിയിൽ ‘നല്ല പിള്ള ചമഞ്ഞേക്കാം’. അയാൾ ഭാര്യയെ തല്ലുന്നവനാണെന്നു വിശ്വസിക്കാൻ മിക്കപ്പോഴും സുഹൃത്തുക്കൾക്കു കഴിയില്ല. ആരും തങ്ങളെ വിശ്വസിക്കാതിരിക്കുകയും പോകാൻ മറ്റൊരിടവും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ, നിരന്തരം ഭീതിയിൽ കഴിയുകയല്ലാതെ മറ്റു
പോംവഴി ഇല്ലെന്നു ദ്രോഹിക്കപ്പെടുന്ന അനേകം ഭാര്യമാരും ചിന്തിക്കുന്നു.ദ്രോഹം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിപ്പോകുന്ന ഭാര്യമാർ, ചിലപ്പോഴൊക്കെ മറ്റൊരു തരം ദുഷ്പെരുമാറ്റത്തിന് ഇരകളാകുന്നു—ഭീഷണിയുമായി ഭർത്താക്കന്മാർ അവരെ തുടർച്ചയായി പിന്തുടരുന്നു. അടുത്തകാലത്ത് വടക്കേ അമേരിക്കയിലെ ലൂസിയാന എന്ന സംസ്ഥാനത്ത് ആയിരത്തിലേറെ സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനം അനുസരിച്ച് അവരിൽ 15 ശതമാനത്തെയും ഭർത്താക്കന്മാർ വേട്ടയാടിയിരുന്നു. അവരുടെ മനസ്സിൽ വേരോടുന്ന ഭയം ഒന്നു സങ്കൽപ്പിച്ചുനോക്കൂ. നിങ്ങൾക്കെതിരെ ഭീഷണി ഉയർത്തിയ ഒരു വ്യക്തി നിങ്ങൾ പോകുന്നിടത്തെല്ലാം നിഴൽപോലെ നിങ്ങളെ പിന്തുടരുന്നു. അയാൾ നിങ്ങൾക്കു ഫോൺ ചെയ്യുകയും നിങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കുകയും നിങ്ങൾക്കായി കാത്തുനിൽക്കുകയും ചെയ്യുന്നു. നിങ്ങൾ ഓമനിക്കുന്ന വളർത്തുമൃഗത്തെ അയാൾ കൊന്നുകളയുകപോലും ചെയ്തേക്കാം. കൊടുംഭീതി പരത്തുക എന്ന ലക്ഷ്യത്തിലുള്ള തുടർച്ചയായ കരുനീക്കങ്ങൾതന്നെ!
അത്തരം ഭയത്തിൽ ജീവിക്കുന്ന ഒരു വ്യക്തി അല്ലായിരിക്കാം നിങ്ങൾ. എന്നാൽ, ദിവസവും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെമേൽ ഭയം എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്?
ഭയം നിങ്ങളുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുണ്ടോ?
ഭയത്തിന്റെ ഒരു അന്തരീക്ഷം നമ്മെ ചൂഴ്ന്നുനിൽക്കുന്നതിനാൽ, ദിവസവും നാം കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ എത്രയെണ്ണത്തെ ഭയം സ്വാധീനിക്കുന്നുണ്ടെന്ന കാര്യം നാം തിരിച്ചറിയാതിരുന്നേക്കാം. ഭയം നിങ്ങളുടെ പ്രവർത്തനങ്ങളെ എത്ര കൂടെക്കൂടെ സ്വാധീനിക്കുന്നുണ്ട്?
അക്രമം സംബന്ധിച്ച ഭയം, നിങ്ങളോ കുടുംബാംഗങ്ങളോ രാത്രിയിൽ ഒറ്റയ്ക്കു വീട്ടിലേക്കു യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ഇടയാക്കിയിട്ടുണ്ടോ? പൊതുവാഹനങ്ങളിൽ സഞ്ചരിക്കണമോ വേണ്ടയോ എന്ന നിങ്ങളുടെ തീരുമാനത്തിൽ ഭയം സ്വാധീനം ചെലുത്തുന്നുണ്ടോ? ദിവസേന പോയിവരുമ്പോൾ സംഭവിച്ചേക്കാവുന്ന അപകടങ്ങളോ സഹപ്രവർത്തകരോടോ ജോലിസ്ഥലത്തു ബന്ധപ്പെടേണ്ടിവരുന്ന മറ്റുള്ളവരോടോ ഉള്ള ഭയമോ, എവിടെ ജോലി ചെയ്യും അല്ലെങ്കിൽ ഏതു ജോലി ചെയ്യും എന്ന നിങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടോ? നിങ്ങളുടെ സാമൂഹിക ജീവിതത്തിന്മേലോ നിങ്ങൾ തിരഞ്ഞെടുക്കുന്ന വിനോദപ്രവർത്തനങ്ങളിന്മേലോ ഭയം നിയന്ത്രണം ചെലുത്തുന്നുണ്ടോ? ഒരുപക്ഷേ കുടിയന്മാരെയോ അച്ചടക്കമില്ലാത്ത ജനക്കൂട്ടത്തെയോ അഭിമുഖീകരിക്കുന്നതിലെ ഭയം, ചില കായിക മത്സരങ്ങൾക്കോ സംഗീതപരിപാടികൾക്കോ മറ്റോ പോകുന്നതിൽനിന്നു നിങ്ങളെ പിന്തിരിപ്പിക്കുന്നുണ്ടോ? സ്കൂളിലെ നിങ്ങളുടെ പ്രവർത്തനങ്ങളെ ഭയം സ്വാധീനിക്കുന്നുണ്ടോ? മക്കൾ വഴിതെറ്റിപ്പോകുമോയെന്ന ഭയം, അവരെ ഏതു സ്കൂളിൽ വിടണം എന്നു തീരുമാനിക്കുന്നതിൽ മാതാപിതാക്കളെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. പൊതുവാഹനങ്ങളിലോ കാൽനടയായോ വീട്ടിൽ തിരിച്ചെത്താൻ പ്രാപ്തരായ കുട്ടികളെപ്പോലും സ്കൂളിൽച്ചെന്നു കൂട്ടിക്കൊണ്ടുവരാൻ അവരിൽ പലരും ആഗ്രഹിക്കുന്നതിന്റെ കാരണവും ഭയംതന്നെയാണ്.
ഭയത്തിന്റെ ഒരു അന്തരീക്ഷം മനുഷ്യരാശിയെ വലയം ചെയ്യുന്നു എന്നതിനു സംശയമില്ല. വാസ്തവത്തിൽ, മനുഷ്യചരിത്രത്തിന്റെ സിംഹഭാഗവും അക്രമഭീതി നിറഞ്ഞതായിരുന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു മാറ്റം നമുക്കു യഥാർഥത്തിൽ പ്രതീക്ഷിക്കാനാകുമോ? ഭയത്തിൽനിന്നുള്ള മോചനം വെറുമൊരു സ്വപ്നമാണോ? അതോ സകലരും നിർഭയം ജീവിതം ആസ്വദിക്കുന്ന ഒരു ഭാവിക്കായി പ്രതീക്ഷിക്കാൻ നമുക്ക് ഈടുറ്റ കാരണം ഉണ്ടോ?