ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
“കുഴപ്പക്കാരായ” കുട്ടികൾക്കു മെച്ചപ്പെടാനാകും
“പ്രൈമറി സ്കൂൾപ്രായത്തിലുള്ള കുഴപ്പക്കാരായ നിരവധി കുട്ടികൾ വളർന്നുവരുമ്പോൾ മിടുക്കരായിത്തീരുന്നു,” ദ സിഡ്നി മോർണിങ് ഹെറാൾഡ് പറയുന്നു. “സാഹചര്യങ്ങളോടു നന്നായി പൊരുത്തപ്പെടുന്ന കുമാരീകുമാരന്മാരായി അവർക്കു വളർന്നുവരാനാകും.” കുടുംബങ്ങളെക്കുറിച്ചു പഠനങ്ങൾ നടത്തുന്ന ഓസ്ട്രേലിയൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഒരു ഗവേഷണ ഉദ്യമത്തിൽ 178 കുട്ടികളുടെ പുരോഗതി അടുത്തു നിരീക്ഷിക്കുകയുണ്ടായി. ഈ കുട്ടികൾ “അങ്ങേയറ്റം അക്രമാസക്തർ, സഹകരണശേഷിയും ആത്മനിയന്ത്രണവും കുറഞ്ഞവർ, ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു കുറഞ്ഞവർ, അമിത ചുറുചുറുക്കുള്ളവർ, പെട്ടെന്നു ക്ഷോഭിക്കുന്നവർ, അടിക്കടി ഭാവം മാറുന്നവർ” എന്നിങ്ങനെയുള്ള സ്വഭാവവിശേഷതകളിൽ മൂന്നോ അതിൽ കൂടുതലോ പ്രകടമാക്കുന്ന 11, 12 വയസ്സുകാരായിരുന്നു. ആറുവർഷം കഴിഞ്ഞ്, ഇവരിൽ 100 പേർ “നല്ല പെരുമാറ്റ രീതിയുള്ള യുവജനങ്ങളുടെ ഏതാണ്ട് അതേ” സ്വഭാവമുള്ളവരായിത്തീർന്നു. മെച്ചപ്പെടാൻ അവരെ സഹായിച്ചത് എന്തായിരുന്നു? “സന്തുഷ്ടരായ കൗമാരക്കാരായി വളർന്നുവന്ന കുട്ടികൾ സാമൂഹ്യവിരുദ്ധ നടപടികളിൽ ഏർപ്പെടുന്ന സമപ്രായക്കാരുമായി സഹവസിക്കാൻ സാധ്യത കുറവായിരുന്നു. മാത്രമല്ല അവർക്കു മാതാപിതാക്കളുടെ അടുത്ത ശ്രദ്ധ കിട്ടുന്നതിനുള്ള സാധ്യത കൂടുതലുണ്ടായിരുന്നുതാനും,” റിപ്പോർട്ടു പറയുന്നു.
വിനോദസഞ്ചാരികളെ പേടിക്കാത്ത തള്ളക്കരടികൾ
“പ്രകൃതിസ്നേഹികളായ വിനോദസഞ്ചാരികളുടെ ബഹളം വന്യ ചുറ്റുപാടുകളിലെ തവിട്ടുകരടികൾക്ക് ഉപകാരമായേക്കാം” എന്ന് ബ്രിട്ടന്റെ ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന വനാന്തരങ്ങളിലേക്കു പോകുന്ന സഞ്ചാരികൾ പലപ്പോഴും മൃഗങ്ങളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാറുണ്ട്, ഇതു ചിലപ്പോൾ വിപത്കരമായ ഫലങ്ങൾക്ക് ഇടയാക്കുന്നു. എന്നിരുന്നാലും, പശ്ചിമ കാനഡയിലെ തവിട്ടുകരടികളെക്കുറിച്ചു പഠിക്കുന്ന ബ്രിട്ടീഷ്, അമേരിക്കൻ ഗവേഷകർ കണ്ടെത്തിയതനുസരിച്ച്, “മുതിർന്ന ആൺ കരടികൾ വിനോദസഞ്ചാരികളെ കണ്ട് മാറിപ്പോയപ്പോൾ . . . തള്ളക്കരടികൾക്കും കുഞ്ഞുങ്ങൾക്കും മനുഷ്യസാന്നിധ്യം ഒട്ടും ശല്യമായില്ല. വാഹനങ്ങളുടെ ശബ്ദം അപകടകാരികളായ ആൺ കരടികൾ അരുവിയിൽനിന്നു സ്ഥലംവിട്ടെന്നുള്ളതിന്റെ സൂചനയായാണ് അവ കരുതിയതെന്നു തോന്നുന്നു,” റിപ്പോർട്ട് പറയുന്നു. സാൽമൺ മത്സ്യങ്ങൾ മുട്ടയിടാനെത്തുന്ന ഒറ്റപ്പെട്ടുകിടക്കുന്ന ഒരു അരുവിയുടെ പരിസരമാണ് ഇവയുടെ വിഹാരരംഗം. “ആൺകരടികൾ ഒന്നടങ്കം സ്ഥലംവിട്ടപ്പോൾപ്പോലും വിനോദസഞ്ചാരികൾ അവിടെ വരുന്നതുവരെ പെൺകരടികൾ രംഗത്തേക്കു വന്നില്ല.” ആൺപ്രജകൾ കുഞ്ഞുങ്ങളെ ആക്രമിക്കുമെന്ന ഭയമില്ലാതെ, കുശാലായി തീറ്റ തിന്നുന്നതിനുള്ള അവസരമായി തള്ളക്കരടികൾ ഇതിനെ കണക്കാക്കുന്നതായി കാണുന്നു.
രോഗവുംവെച്ചുകൊണ്ടു ജോലിചെയ്യുമ്പോൾ
“സുഖമില്ലായ്മ വകവെക്കാതെ ജോലിചെയ്യുന്നവർ” തങ്ങൾക്കു ഹൃദ്രോഗ സാധ്യത വർധിപ്പിച്ചേക്കാമെന്ന് ബ്രിട്ടന്റെ ടെലഗ്രാഫ് എന്ന ഓൺലൈൻ പത്രം റിപ്പോർട്ടു ചെയ്യുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളെജിലുള്ള ശാസ്ത്രജ്ഞർ ലണ്ടനിലുള്ള 10,000-ത്തിലധികം ഗവൺമെന്റ് ജീവനക്കാരുടെ ആരോഗ്യവും തൊഴിൽഹാജർ സംബന്ധിച്ച രേഖകളും പഠനവിധേയമാക്കി. അതിൽ 30 മുതൽ 40 വരെ ശതമാനം ജോലിക്കാർ സുഖമില്ലാത്തപ്പോൾ വീട്ടിലിരുന്നു വിശ്രമിക്കാതിരുന്നത് അവരിൽ “തുടർന്നുള്ള വർഷങ്ങളിൽ ഹൃദയധമനീരോഗനിരക്ക് ഇരട്ടിയാക്കി,” എന്ന് പത്തുവർഷം നീണ്ടുനിന്ന ഈ പഠനത്തിന്റെ ഡയറക്ടറായ സർ മൈക്കൽ മാർമോട്ട് പറഞ്ഞു. സാധാരണ ജലദോഷത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്.
ഉല്ലാസവായന, ഉയർന്ന മാർക്ക്
“മണിക്കൂറുകളോളം പഠിക്കണം, മാതാപിതാക്കൾ നല്ല വിദ്യാഭ്യാസമുള്ളവർ ആയിരിക്കണം, ക്ലാസ്സിൽ നോട്ടുകളെടുക്കണം, കമ്പ്യൂട്ടർ ഉപയോഗിക്കണം,” ഇവയൊക്കെ നല്ല മാർക്കു നേടാൻ സഹായിക്കുന്ന ഘടകങ്ങളാണ്. എങ്കിലും നല്ല മാർക്കു നേടി മിടുക്കരാകാൻ ഇവയെക്കാളൊക്കെ മെച്ചമായ ഒരു മാർഗമുണ്ട്. വെറും രസത്തിനുവേണ്ടിയുള്ള വായന. മെക്സിക്കോ സിറ്റിയുടെ മിലെനിയോ പത്രം പറഞ്ഞതാണിത്. സ്കൂളിലെ കാര്യങ്ങൾ പഠിക്കാനും ഒപ്പം ഉല്ലാസത്തിനുവേണ്ടി വായിക്കാനും സമയം കണ്ടെത്തുന്ന കുട്ടികൾ സ്കൂളിൽ വിജയം നേടാൻ ഏറെ സാധ്യതയുണ്ടെന്നാണ് ഹൈസ്കൂളിലേക്കു പ്രവേശനം നേടിയ ലക്ഷക്കണക്കിനു വിദ്യാർഥികളുടെ പ്രവേശനപരീക്ഷകളെക്കുറിച്ചുള്ള പഠനം സൂചിപ്പിക്കുന്നത്. സ്കൂൾ പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ടവ മാത്രമേ വിദ്യാർഥികൾ വായിക്കാവൂ എന്നില്ല. വായിച്ചു രസിക്കാൻ വേണ്ടി മാത്രമുള്ള ജീവചരിത്രങ്ങൾ, കവിതകൾ, ശാസ്ത്രവിഷയങ്ങൾ എന്നിവയൊക്കെ തിരഞ്ഞെടുക്കാവുന്നതാണ്. നേരെ മറിച്ച്, വായിക്കുന്നതിനു പകരം ദിവസവും മണിക്കൂറുകളോളം ടിവിയുടെ മുന്നിലിരിക്കുന്ന കുട്ടികൾ പഠനത്തിൽ താണനിലവാരം പുലർത്തുന്നുവെന്നു റിപ്പോർട്ടു പറയുന്നു.
മെയ്യനങ്ങാതെയുള്ള ജീവിതരീതി പുകവലിയെക്കാൾ മാരകം
“നിഷ്ക്രിയമായ ഒരു ജീവിതം പുകവലിയെക്കാൾ മാരകമാണ്,” 1998-ൽ മരണമടഞ്ഞ 24,000 ഹോങ്കോങ് നിവാസികളുടെ വ്യായാമശീലങ്ങളെക്കുറിച്ചുള്ള ഒരു പരിശോധനയിൽനിന്നു വ്യക്തമായതാണിത്. സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ടുചെയ്യുന്ന പ്രകാരം മെയ്യനങ്ങാതെയുള്ള ജീവിതരീതി അകാലമരണത്തിനുള്ള സാധ്യത പുരുഷന്മാരിൽ 59 ശതമാനവും സ്ത്രീകളിൽ 33 ശതമാനവും വർധിപ്പിക്കുന്നതായി പഠനം വെളിപ്പെടുത്തി. “നിങ്ങൾ പുകവലിക്കുന്നില്ലെങ്കിൽ അതു നല്ലതുതന്നെ. പക്ഷേ വ്യായാമം ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ [അപ്പോഴും] ഉയർന്ന അപകടമേഖലയിൽത്തന്നെയാണ്.” ഹോങ്കോങ് സർവകലാശാലയുടെ കമ്മ്യൂണിറ്റി മെഡിസിന്റെ തലവൻ ലാം ടായ്-ഹിങ് പറഞ്ഞു. പ്രൊഫസറുടെ അഭിപ്രായത്തിൽ ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാൾ നല്ലതാണ് അൽപ്പം വ്യായാമംപോലും. ഇരിപ്പ് അരമണിക്കൂർ കുറച്ചിട്ട് ആ സമയം നടക്കാനോ വീടു വൃത്തിയാക്കാനോ ആയി ചെലവഴിക്കാൻ അദ്ദേഹം ശുപാർശ ചെയ്യുന്നു.
ഭൂട്ടാൻ പുകയില വിൽപ്പന നിരോധിക്കുന്നു
ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ, ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന രാജ്യമായ ഭൂട്ടാൻ സകല പുകയില ഉത്പന്നങ്ങളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും വിദേശ നയതന്ത്രപ്രതിനിധികൾ, വിനോദസഞ്ചാരികൾ, സർക്കാരേതര സംഘടനകൾക്കുവേണ്ടി പ്രവർത്തിക്കുന്നവർ എന്നിവർക്ക് ഈ നിരോധനം ബാധകമല്ല. ഇത്തരമൊരു നടപടിയെടുക്കുന്ന ലോകത്തിലെ പ്രഥമരാജ്യമാണ് ഭൂട്ടാൻ എന്നു കരുതപ്പെടുന്നു. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതും നിരോധിച്ചിട്ടുണ്ട്. “ഭൂട്ടാനെ പുകവലി വിമുക്തമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നിരോധനം,” ബിബിസി ന്യൂസ് പറയുന്നു.
വിശ്വാസ്യത പ്രതിസന്ധിയിൽ
ലോകമെമ്പാടും രാഷ്ട്രീയക്കാരിലും വ്യാപാരപ്രമുഖരിലും ആളുകൾക്കു പൊതുവേ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നെന്ന് പാരീസ് ദിനപ്പത്രമായ ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നു. 60 രാജ്യങ്ങളിൽ നടത്തിയ ഒരു അന്താരാഷ്ട്ര അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത് രാഷ്ട്രീയനേതാക്കൾ “സത്യസന്ധരല്ല,” “അമിതമായി അധികാരം” കൈയാളുന്നു, “എളുപ്പം മറ്റുള്ളവരുടെ കളിപ്പാവകളാകുന്നു,” “സദാചാരമൂല്യങ്ങൾ കാറ്റിൽപ്പറത്തുന്നു” എന്നൊക്കെയാണ്. ആഫ്രിക്ക, പശ്ചിമേഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ സർവേയിൽ പങ്കെടുത്തവരിൽ 80 ശതമാനത്തിലധികവും രാഷ്ട്രീയക്കാരുടെ സത്യസന്ധതയെക്കുറിച്ചു സംശയങ്ങൾ പ്രകടിപ്പിച്ചു. വ്യവസായ പ്രമുഖരെക്കുറിച്ച് അൽപ്പംകൂടെ മെച്ചപ്പെട്ട അഭിപ്രായമുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 40 ശതമാനത്തോളം മാത്രമേ ഇവർ സത്യസന്ധതയില്ലാത്തവരും സദാചാരമൂല്യങ്ങൾ കാറ്റിൽപ്പറത്തുന്നവരുമാണെന്ന് അഭിപ്രായപ്പെട്ടുള്ളൂ. ആഗോളസുരക്ഷിതത്വത്തിന്റെ കാര്യത്തിലോ? പശ്ചിമയൂറോപ്പിലെ 55 ശതമാനം പേർ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഇല്ലാത്തവരായിരുന്നു. ഈജിപ്തിൽ 70 ശതമാനം പേർക്ക് “ഭാവി ഇരുളടഞ്ഞതായി” തോന്നി. സർവേ നടന്ന മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതൽ ശുഭാപ്തിവിശ്വാസം പ്രകടമാക്കിയത്. അവിടെ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 50 ശതമാനം പറഞ്ഞത് അവസ്ഥകൾ മെച്ചപ്പെടുമെന്നാണ്.
സമയ ബാങ്ക്
സ്പെയിനിൽ ഒരു പുതിയതരം ബാങ്കിങ് സംവിധാനം രംഗത്തുവന്നിരിക്കുന്നു. പല പ്രാദേശിക സന്നദ്ധ സംഘടനകളും “സമയ ബാങ്കുകൾ” രൂപീകരിച്ചിരിക്കുന്നു. ഇത് ആളുകൾക്കിടയിൽ സേവനങ്ങൾ പരസ്പരം കൈമാറുന്നു. “പണമില്ലാതെ പ്രവർത്തിക്കുന്ന ആദ്യത്തെ ബാങ്കാണ് ‘സമയ ബാങ്ക്’” എന്ന് എൽവിരാ മെൻഡേത്ത് അവകാശപ്പെടുന്നു. ഹെൽത്ത് ആൻഡ് ഫാമിലി എന്ന സ്പാനീഷ് അസ്സോസിയേഷന്റെ ഡയറക്ടറാണ് അവർ. വൃദ്ധപരിചരണം, കുട്ടികളുടെ പരിപാലനം, പാചകം, ശുചിയാക്കൽ, പഠിപ്പിക്കൽ എന്നിങ്ങനെയുള്ള സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായവരുടെ ഒരു ലിസ്റ്റ് ഈ ബാങ്കുകൾ സൂക്ഷിക്കുന്നു. വിനിമയ യൂണിറ്റ് മണിക്കൂർ ആണ്, സേവനങ്ങൾക്കെല്ലാം ഒരേ മൂല്യം. ഉദാഹരണത്തിന്, ഒരു മണിക്കൂർ ക്വാണ്ടം ഫിസിക്സ് പഠിപ്പിച്ചുകൊടുക്കുന്നത് ഒരു മണിക്കൂർ കേശാലങ്കാരം ചെയ്യുകയോ കുഞ്ഞിനെ നോക്കുകയോ ചെയ്യുന്നതിനു തുല്യമാണ്. സേവനത്തിൽനിന്നു പ്രയോജനം നേടുന്നവർ പ്രതിഫലം കൊടുക്കുന്നത് തിരിച്ച് മറ്റെന്തെങ്കിലും സേവനം ചെയ്തുകൊണ്ടാണ്. അയാൾ എത്രസമയം ചെലവഴിച്ചോ അത് അയാളുടെ കണക്കിൽ കൊള്ളിക്കും. അങ്ങനെ ഈ സമയ ബാങ്കുകൾ മുമ്പൊക്കെ സമൂഹത്തിൽ നല്ല അയൽക്കാർക്കിടയിലുണ്ടായിരുന്ന സേവനമനോഭാവം നട്ടുവളർത്താൻ പ്രോത്സാഹിപ്പിക്കുകയും അതിനായി കാര്യങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.