സത്യത്തിന്റെ സൗന്ദര്യം എന്നെ സ്രഷ്ടാവിലേക്ക് ആകർഷിച്ചു
സത്യത്തിന്റെ സൗന്ദര്യം എന്നെ സ്രഷ്ടാവിലേക്ക് ആകർഷിച്ചു
റ്റ്സുയോഷി ഫുജീ പറഞ്ഞപ്രകാരം
ഏതാനും വർഷങ്ങൾക്കു മുമ്പ് എനിക്ക് അപൂർവമായ ഒരു അവസരം വീണുകിട്ടി. ഇകേനോബോ പുഷ്പാലങ്കാര സ്കൂളിന്റെ ഹെഡ്മാസ്റ്ററായ സെനെയ് ഇകേനോബോയുടെ സഹായി എന്ന നിലയിൽ, ജപ്പാനിലെ ടോക്കിയോയിലുള്ള ഇംപീരിയൽ പാലസിലെ കമനീയമായ ഒരു മുറിയിൽ പുഷ്പാലങ്കാരം നടത്താനുള്ള നിയമനമായിരുന്നു അത്. കനത്ത സുരക്ഷാകാവലിലാണ് ഞങ്ങൾ അന്ന് അവിടെ ജോലി ചെയ്തത്. പിരിമുറുക്കം നിറഞ്ഞ ആ അന്തരീക്ഷത്തിൽ, ഒരു തുള്ളി വെള്ളംപോലും നിലത്തു വീഴാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പുഷ്പാലങ്കാര രംഗത്തെ എന്റെ ജീവിതവൃത്തിയിലെ തിളക്കമേറിയ നിമിഷങ്ങളിലൊന്നായിരുന്നു അത്. ആ ലോകത്തിലേക്ക് ഞാൻ കടന്നുചെന്നതിനെക്കുറിച്ച് ഒന്നു വിശദീകരിക്കട്ടെ.
1948-ൽ ജപ്പാനിലെ കോബെയുടെ വടക്കുപടിഞ്ഞാറുള്ള നിഷിവാക്കി നഗരത്തിലായിരുന്നു എന്റെ ജനനം. ഋതുക്കൾ നാലും മാറിമാറി വിരുന്നിനെത്തുമ്പോൾ പുഷ്പങ്ങളിൽ പ്രതിഫലിച്ചുകാണുന്ന അഴകിന്റെ ആ നിറഭേദങ്ങൾ കുട്ടിക്കാലം മുതലേ എന്നെ ഹഠാദാകർഷിച്ചിരുന്നു. വല്ല്യമ്മയാണ് എന്നെ വളർത്തിയത്. ഒരു തികഞ്ഞ ബുദ്ധമതവിശ്വാസിയായിരുന്നു വല്ല്യമ്മ. അതുകൊണ്ടുതന്നെ ഒരു സ്രഷ്ടാവിനെക്കുറിച്ചുള്ള ചിന്ത ഒരിക്കലും എന്റെ മനസ്സിലേക്കു കടന്നുവന്നില്ല.
അമ്മ എന്റെ ജന്മനാട്ടിൽ ഇകേബാനാ അഥവാ പുഷ്പാലങ്കരണം പഠിപ്പിച്ചിരുന്നു, ഇപ്പോഴും പഠിപ്പിക്കുന്നുണ്ട്. കാഡോ (പൂക്കളുടെ വഴി) എന്നും അറിയപ്പെടുന്ന ഇകേബാനാ ജപ്പാനിലെ അത്യന്തം ആദരണീയമായ ഒരു പഠനശാഖയാണ്. അമ്മ ഒരിക്കലും എന്നെ ഈ കല നേരിട്ടു പഠിപ്പിച്ചില്ലെങ്കിലും എന്റെമേൽ ഗണ്യമായ പ്രഭാവം ചെലുത്തി. ഭാവിയിൽ എന്തു ചെയ്യുമെന്നു തീരുമാനിക്കാനുള്ള സമയം വന്നെത്തിയപ്പോൾ ഞാൻ ഇകേബാനായുടെ ലോകത്തിലേക്കു പിച്ചവെക്കാൻ ആഗ്രഹിച്ചു. എന്റെ അധ്യാപികയും അമ്മയും നിർദേശിച്ചത് സാധാരണരീതിയിലുള്ള ഒരു യൂണിവേഴ്സിറ്റി പഠനമാണ്. എങ്കിലും തെല്ലും മടിച്ചുനിൽക്കാതെ ഞാൻ ഇകേനോബോ കോളേജിൽ ചേരാൻ തീരുമാനിച്ചു. ജപ്പാനിൽ ഇകേബാനായുടെ ഏറ്റവും പ്രാചീനമായ പഠനശാഖയാണ് ഇകേനോബോ. അത്തരമൊരു കോളേജിൽ പ്രവേശനം ലഭിച്ച ഞാൻ അതീവ ഉത്സാഹത്തോടെ പുഷ്പാലങ്കരണ കല പഠിക്കാൻ തുടങ്ങി.
ഇകേബാനായുടെ ലോകത്തിലേക്ക്
ജപ്പാനിലെ ഒരു പരമ്പരാഗത കലാരൂപമായ ഇകേബാനായുടെ പ്രമേയംതന്നെ ജീവൻ ആണ്. അതിനെക്കുറിച്ചു ഞാൻ വിശദീകരിക്കാം. ഒരു പൂക്കടയിൽ തൊട്ടിക്കകത്തു വെച്ചിരിക്കുന്ന പുഷ്പങ്ങൾക്ക് ഭംഗിയുണ്ടായിരിക്കാം. എന്നാൽ വയലേലകളിൽ പൂചൂടിനിൽക്കുന്ന കൊച്ചു ചെടികളോടോ മലമടക്കുകളിൽ പൂത്തുലഞ്ഞുനിൽക്കുന്ന വൃക്ഷങ്ങളോടോ അവയെ ഒന്നു താരതമ്യം ചെയ്തുനോക്കൂ. പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് നിങ്ങൾക്കു ജീവന്റെ സ്പന്ദനങ്ങൾക്കു കാതോർക്കാനാകുക, ഋതുക്കളുടെ സാന്നിധ്യം തൊട്ടറിയാനാകുക. ഹൃദയത്തിൽ തൊടുന്ന സാന്നിധ്യമായി നിങ്ങൾക്ക് അവ അനുഭവപ്പെടാൻ ഏറെ സാധ്യതയുള്ളത് അപ്പോഴാണ്. കണ്ണിനും മനസ്സിനും വിരുന്നൊരുക്കുന്ന പ്രകൃതിയുടെ ആ കോമളഭാവങ്ങൾ പുഷ്പങ്ങളും ഇലച്ചാർത്തുകളുംകൊണ്ടു പുനരാവിഷ്കരിക്കുന്ന വിദ്യയാണ് ഇകേബാനാ.
ഉദാഹരണത്തിന്, നിങ്ങൾ ശരത്കാലഭംഗി പകർത്താൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. ശരത്കാല പുഷ്പങ്ങളും ഇലകളും ഉപയോഗിച്ച് നിങ്ങൾക്കതു ചെയ്യാനാകും. ജെൻഷൻ, പാട്രിനിയ തുടങ്ങിയ പൂക്കൾ ശരത്കാലത്തു വിരിയുന്നവയാണ്. കുളിർമയേകുന്ന ഇളംതെന്നലിന്റെ ഒരു മൃദുല സ്പർശം കൂടി ചേർക്കണമെന്നുണ്ടോ? മെല്ലെയാടുന്ന യൂലാലിയായുടെ ഏതാനും തണ്ടുകൾ വെച്ചാൽ മതി, കാഴ്ചക്കാർക്ക് ശരത്കാല മന്ദമാരുതന്റെ സാന്നിധ്യവും അനുഭവവേദ്യമാകുകയായി. ഇകേബാനാ എനിക്കു ജീവനായിരുന്നു. പ്രകൃതിചാരുതകൾ എന്റെ ഉള്ളിൽ കോറിയിടുന്ന അഴകിന്റെ മിഴിവാർന്ന ചിത്രങ്ങൾക്ക് പുഷ്പങ്ങളും ചെടികളും ഉപയോഗിച്ച് ദൃശ്യാവിഷ്കാരം നൽകുന്നതിൽ ഞാൻ അതീവ സന്തോഷം കണ്ടെത്തി.
ഒരു വലിയ “തറവാട്”
ഒരു അലങ്കാര കല എന്ന നിലയിലുള്ള ഇകേബാനായുടെ ചരിത്രത്തിന്റെ വേരു തേടിപ്പോയാൽ നാം 500 വർഷം മുമ്പു ചെന്നെത്തും. ഹെഡ്മാസ്റ്റർ ഭരണ വ്യവസ്ഥയാണ് ഇകേബാനാ സ്കൂളുകളുടെ സാരഥ്യം വഹിക്കുന്നത്. ഹെഡ്മാസ്റ്റർ പദവി പരമ്പരാഗതമായി ലഭിക്കുന്നതാണ്. കലാപാരമ്പര്യങ്ങൾ അവകാശമായി കൈമാറിക്കിട്ടുന്ന ആൾ എന്ന നിലയിൽ അദ്ദേഹം ശിഷ്യഗണങ്ങളുടെ വലിയ ‘തറവാട്ടിലെ’ കാരണവരാണ്. പാരമ്പര്യങ്ങൾക്കൊപ്പം,
താൻ ജീവിക്കുന്ന കാലഘട്ടത്തിനു ചേർച്ചയിൽ താൻ വികസിപ്പിച്ചെടുത്ത പുതിയ ശൈലികളും അദ്ദേഹം പുതിയ തലമുറയ്ക്കു കൈമാറേണ്ടതുണ്ട്.ഇകേനോബോ കോളേജിൽനിന്നു ബിരുദം നേടുകയും കാഡോയുടെ രണ്ടു വർഷത്തെ ഒരു ടെക്നിക്കൽ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തതിനെ തുടർന്ന് 1971 ജനുവരിയിൽ ഞാൻ ഇകേനോബോ ഫൗണ്ടേഷനിൽ ജോലിക്കു ചേർന്നു. ജപ്പാനിൽ ഉടനീളം “ഇകേനോബോ [ഫൗണ്ടേഷൻ] നടത്തുന്ന ഇകേബാനാ പ്രദർശനങ്ങൾ” ആസൂത്രണം ചെയ്ത് സംഘടിപ്പിക്കുന്ന ജോലി എന്റേതായിരുന്നു. കലാസൃഷ്ടികൾക്കു രൂപംകൊടുക്കുന്നതിൽ ഹെഡ്മാസ്റ്ററുടെ സഹായികളിൽ ഒരാളായി വർത്തിച്ച ഞാൻ അദ്ദേഹത്തോടൊപ്പം രാജ്യമെമ്പാടും ചുറ്റിസഞ്ചരിക്കുകയും ചെയ്തു.
ഹെഡ്മാസ്റ്റർ പുഷ്പാലങ്കരണം പ്രകടിപ്പിച്ചു കാണിക്കവേ അദ്ദേഹത്തിന്റെ സഹായിയായി ഫൂക്കൂവോക്കാ സ്പോർട്സ് സെന്ററിലെ സ്റ്റേജിൽ ആദ്യമായി നിൽക്കുന്നത് ഇപ്പോഴും എന്റെ ഓർമയിൽ മിഴിവാർന്നു നിൽക്കുന്നു. ആയിരക്കണക്കിന് ആളുകൾ കൂടിവന്നിരിക്കുന്ന ഒരു സദസ്സിനു മുമ്പാകെ പേടിച്ചുവിറച്ചാണ് ഞാൻ അന്നു നിന്നത്. തണ്ടുകൾ വളയ്ക്കുന്നതും കൊമ്പുകൾ മുറിക്കുന്നതും പോലെ ചെയ്യരുതാത്ത പല പണികളും അന്നു ഞാൻ ചെയ്തു. എന്നാൽ ഹെഡ്മാസ്റ്റർ സദസ്സിന് താൻ ചെയ്യുന്ന കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുന്നതിനിടയിൽ ലേശം നർമഭാവം കലർത്തി അതെല്ലാം അവതരിപ്പിച്ചു. ഇത് എന്റെ പിരുമുറുക്കം അൽപ്പമൊന്നു കുറച്ചു.
വിദേശത്തുനിന്നുള്ള പ്രശസ്ത വ്യക്തികളെ ഉൾക്കൊള്ളിച്ചു നടത്തുന്ന ദേശീയ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ, പുഷ്പാലങ്കരണത്തിനായി ഞാൻ ഹെഡ്മാസ്റ്ററോടൊപ്പം പോയിരുന്നു. തുടക്കത്തിൽ പറഞ്ഞ, ഇംപീരിയൽ പാലസിലെ കമനീയമായ ആ മുറിയിലേക്ക് ഞാൻ കടന്നുചെല്ലുന്നത് ഇതുപോലൊരു അവസരത്തിലാണ്.
പിന്നീട് ഇകേനോബോ കേന്ദ്രീയ പരിശീലന സ്കൂൾ സ്ഥാപിതമായി. രാജ്യമെമ്പാടുമുള്ള അധ്യാപകരെ പുനരഭ്യസിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് അതു സ്ഥാപിച്ചത്. പഠിപ്പിക്കൽ, പാഠ്യപദ്ധതി തയ്യാറാക്കൽ, ജപ്പാനിൽ ഉടനീളമുള്ള 300 ശാഖകളിലായി പരിശീലനം സിദ്ധിക്കുന്ന 2,00,000-ത്തോളം പേർക്കുവേണ്ടി നടത്തുന്ന പ്രഭാഷണങ്ങൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെയും ഫിലിമുകളുടെയും ഉത്പാദനത്തിന് മേൽനോട്ടം വഹിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ജോലി എന്നെ ഭരമേൽപ്പിച്ചു. കോഴ്സിനു മേൽനോട്ടം വഹിക്കാൻ ഞാൻ രാജ്യമെമ്പാടും സഞ്ചരിച്ചു. ഇകേനോബോയ്ക്ക് വിദേശങ്ങളിലും ശാഖകളുണ്ട്. വർഷത്തിൽ പല തവണ ഞാൻ തായ്വാനിലേക്കു യാത്രചെയ്തു. അങ്ങനെ ഞാൻ ഹെഡ്മാസ്റ്ററുടെ വിശ്വാസം നേടിയെടുക്കുകയും ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനം അലങ്കരിക്കുകയും ചെയ്തു.
ജോലി ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു. എങ്കിലും എന്റെ ജീവിതരീതിയിൽ ഞാൻ പൂർണമായും സംതൃപ്തനല്ലായിരുന്നു. സൗന്ദര്യത്തിന്റെ മൂടുപടത്തിനു പിന്നിൽ എന്നെ നിരാശനാക്കിയ പല കാര്യങ്ങളും ഉണ്ടായിരുന്നു. പരിശീലനം നേടാൻ വന്നവരുടെയിടയിലെ അസൂയയും കുശുമ്പും പരദൂഷണത്തിലേക്കു നയിച്ചു. ഞാൻ ചെല്ലുന്ന സ്ഥലങ്ങളിലെ അധ്യാപകർ ഈ പ്രശ്നങ്ങൾക്കു പരിഹാരം തേടി പലപ്പോഴും എന്നെ സമീപിക്കുമായിരുന്നു. എന്നാൽ പഴയ ആചാരങ്ങളും അധികാരവും അരങ്ങുവാണിരുന്ന ഒരു സംഘടനയിൽ മിക്ക കാര്യങ്ങളും എന്റെ നിയന്ത്രണത്തിന് അപ്പുറത്തായിരുന്നു. എന്നാൽ പലർക്കും ഇകേബാനായോട് യഥാർഥ പ്രിയം ഉണ്ടായിരുന്നു, അവർ കോഴ്സ് ഗൗരവത്തോടെ എടുക്കുകയും ചെയ്തു. അതുകൊണ്ട് അവർക്കു സന്തോഷത്തോടെ അതു പഠിക്കാൻ കഴിയേണ്ടതിന് എന്നാലാവതു ചെയ്യാൻ ഞാൻ ആത്മാർഥമായി ശ്രമിച്ചു.
സത്യത്തിന്റെ സൗന്ദര്യം ആദ്യമായി നേരിൽ കാണുന്നു
എനിക്കു മതത്തോടു വെറുപ്പായിരുന്നു, അത് മനസ്സിനെ അന്ധമാക്കും എന്നായിരുന്നു എന്റെ ധാരണ. കൂടാതെ, സമാധാനത്തെയും സന്തോഷത്തെയും കുറിച്ചു സംസാരിക്കുന്നവരുടെ ഇടയിൽ ഞാൻ വളരെയധികം കാപട്യം കണ്ടിരുന്നു. എന്നാൽ, എന്റെ ഭാര്യ കെയ്ക്കോ കുട്ടിക്കാലം മുതൽത്തന്നെ സത്യത്തിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. അവൾ വ്യത്യസ്ത മതങ്ങളിൽ താത്പര്യമെടുക്കുകയും അവയുടെ പഠിപ്പിക്കലുകൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു, എന്നാൽ അതൊന്നും അവളുടെ ആത്മീയ വിശപ്പു ശമിപ്പിച്ചില്ല.
അതുകൊണ്ട് യഹോവയുടെ സാക്ഷികളിലൊരാൾ ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ കെയ്ക്കോ ബൈബിളധ്യയനത്തിനു സമ്മതിച്ചു. പഠിച്ചതും തന്നിൽ മതിപ്പുളവാക്കിയതുമായ എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ അവൾ എന്നെ പറഞ്ഞു കേൾപ്പിക്കുമായിരുന്നു. കെയ്ക്കോ പറഞ്ഞതൊക്കെ നല്ല കാര്യങ്ങളായി എനിക്കു തോന്നി, എന്നാൽ എനിക്ക് അതിൽ അവളുടെ അത്രയും ഉത്സാഹം തോന്നിയില്ല.
എങ്കിലും, ബൈബിളിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ ഉറച്ച ബോധ്യത്തോടെ അവൾ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ യാത്ര പോകുമ്പോഴെല്ലാം ബൈബിളിനെക്കുറിച്ചു ചർച്ചചെയ്യുന്ന ഏതാനും മാസികകൾ എന്റെ ബാഗിൽ വെക്കാൻ അവൾ മറന്നില്ല. എന്നാൽ ഞാനവ വായിക്കാൻ ഇഷ്ടപ്പെട്ടില്ല. വർഷങ്ങൾകൊണ്ട് നേടിയെടുത്തതെല്ലാം സംരക്ഷിക്കണമെന്ന ചിന്തയിലായിരുന്നു ഞാൻ. ഞങ്ങൾ അപ്പോൾ സ്വന്തമായി ഒരു വീട് വാങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ബൈബിൾ പഠിപ്പിക്കലുകൾ സ്വീകരിച്ചാൽ എനിക്ക് വീട് ഉപേക്ഷിക്കേണ്ടിവരുമെന്ന ചിന്ത എങ്ങനെയോ എന്റെ മനസ്സിൽ കയറിക്കൂടി. ഇതിനിടയിൽ കെയ്ക്കോ ശീഘ്ര പുരോഗതി വരുത്തുകയും വിശ്വസിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്തു. എനിക്ക് ആകെ ഒറ്റപ്പെട്ടതുപോലെ തോന്നി. അവൾ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് അറിയാമായിരുന്നിട്ടും ഞാൻ അവളെ എതിർക്കാൻ തുടങ്ങി.
എതിർത്തു, എങ്കിലും സത്യത്തിൽ തത്പരനായിത്തീർന്നു
ജോലി കഴിഞ്ഞ് രാത്രി വൈകിയാണു ഞാൻ വീട്ടിലെത്തിയിരുന്നത്. എന്നാൽ കെയ്ക്കോ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പോകുന്ന രാത്രികളിൽ ഞാൻ മനഃപൂർവം പതിവിലും താമസിച്ചേ എത്തുമായിരുന്നുള്ളൂ. ഞാൻ വെളുപ്പിന് രണ്ടു മണിക്കോ മൂന്നു മണിക്കോ എത്തിയാലും ശരി, ആ ദിവസം നടന്ന കാര്യങ്ങൾ
പറയാനായി അവൾ എനിക്കുവേണ്ടി ഉറക്കമിളച്ച് കാത്തിരിക്കുമായിരുന്നു. ഈ വിധത്തിലെല്ലാം അവൾ എന്നോടു കരുതൽ പ്രകടമാക്കിയിരുന്നെങ്കിലും, ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാനായി എന്റെ കുടുംബം ഏതാനും മണിക്കൂർ വീട്ടിൽനിന്ന് അകന്നുനിൽക്കുന്നത് എനിക്ക് ഒട്ടും അംഗീകരിക്കാനായില്ല. ഞാൻ എന്റെ എതിർപ്പിന് ആക്കം കൂട്ടി. വിവാഹമോചനത്തെക്കുറിച്ചു ഞാൻ സംസാരിക്കാൻ തുടങ്ങി. ഇതൊക്കെയായിട്ടും, കെയ്ക്കോ ഉറച്ചുതന്നെ നിന്നു.കെയ്ക്കോ ഇങ്ങനെ ആയിരിക്കുന്നത് എന്തുകൊണ്ടെന്ന് എത്ര ചിന്തിച്ചിട്ടും എനിക്കു പിടികിട്ടിയില്ല. ആസ്ത്മയുടെ ശല്യവും ഞങ്ങളുടെ ബന്ധത്തിൽ ഉയർന്നു കേട്ട അപസ്വരങ്ങളും ഒന്നും അവളുടെ സന്തോഷത്തിനു തെല്ലും മങ്ങലേൽപ്പിച്ചില്ല, അവൾ തന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെയേറെ പ്രസന്നവതിയായി കാണപ്പെട്ടു. കെയ്ക്കോയുടെ ശുദ്ധ ഹൃദയവും നിഷ്കളങ്കതയും ആ സൗമ്യഭാവവും ആയിരുന്നു എന്നെ ആദ്യം അവളിലേക്ക് ആകർഷിച്ചത്. അതുകൊണ്ടുതന്നെ, കെയ്ക്കോ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ആരെങ്കിലും അവളെ വഞ്ചിക്കുമെന്ന ചിന്ത എന്നെ അലട്ടാൻ തുടങ്ങി.
എങ്കിലും, പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കാനും നല്ലൊരു ഭാര്യയും അമ്മയും ആയിരിക്കാനും കെയ്ക്കോ ശ്രമിച്ചു. ഞാൻ അവളെ എതിർത്തിരുന്നെങ്കിലും ക്രിസ്തീയ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും ചെല്ലാൻ അവൾ എന്നോടു കേണപേക്ഷിച്ചപ്പോൾ ഇടയ്ക്കൊക്കെ ഞാൻ അവയിൽ സംബന്ധിക്കുമായിരുന്നു, ഒരുപക്ഷേ ഇത് എനിക്ക് കെയ്ക്കോയെക്കുറിച്ച് അഭിമാനം തോന്നിയിരുന്നതുകൊണ്ടാകാം.
അതേസമയംതന്നെ എനിക്ക് യഹോവയോട് അസൂയ തോന്നി. കെയ്ക്കോ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നതു കണ്ടപ്പോൾ ബൈബിൾ സത്യങ്ങൾക്ക് ആളുകളുടെ മേൽ ഇത്രയേറെ പ്രഭാവമുള്ളത് എന്തുകൊണ്ടെന്നു ഞാൻ അത്ഭുതപ്പെട്ടു. ‘യഹോവയ്ക്കുവേണ്ടി എന്തു ബുദ്ധിമുട്ടും സഹിക്കാൻ എന്റെ ഭാര്യ തയ്യാറാകുന്നത് എന്തുകൊണ്ടാണ്?’ ഞാൻ ചിന്തിച്ചു.
താമസിയാതെ, കെയ്ക്കോയുടെ സഭയിൽനിന്നുള്ള ചില ക്രിസ്തീയ സഹോദരന്മാർ എന്നെ കാണാനായി വീട്ടിൽ വന്നു. അവരെ കാണാൻ എനിക്കു തെല്ലും ആഗ്രഹമില്ലായിരുന്നു. എങ്കിലും, കെയ്ക്കോയ്ക്ക് ഇത്ര മനസ്സമാധാനം ഉള്ളത് എന്തുകൊണ്ടെന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു. ഒടുവിൽ, എന്റെതന്നെ ജിജ്ഞാസയ്ക്കു വഴങ്ങി ഞാൻ ബൈബിളധ്യയനത്തിനു സമ്മതിച്ചു. എന്റെ അടുക്കൽ വരുന്നവരെ കൂടുതൽ അടുത്തു പരിചയപ്പെട്ടപ്പോൾ അവരിൽ നവോന്മേഷപ്രദമായ എന്തോ ഒന്ന് ഉള്ളതായി എനിക്കു ദർശിക്കാൻ കഴിഞ്ഞു. ആഴ്ചതോറുമുള്ള പഠനത്തിലൂടെ ബൈബിൾ സത്യം എന്റെ ഹൃദയത്തിലേക്ക് സാവധാനം കിനിഞ്ഞിറങ്ങി, എന്റെ വീക്ഷണങ്ങൾ വിശാലമായിത്തീർന്നു.
പ്രകൃതിയുടെ സൗന്ദര്യം, സത്യത്തിന്റെയും
ഇകേബാനായിലൂടെ പ്രകൃതിയുടെ സൗന്ദര്യവും പ്രഭാവവും വെളിപ്പെടുത്താൻ ശ്രമിക്കവേ അതിന്റെ പ്രൗഢിയും ഗാംഭീര്യവും പകർത്തേണ്ടത് എങ്ങനെയെന്നോർത്ത് ഞാൻ വിഷമിച്ചിട്ടുണ്ട്. പ്രകൃതിയിലെ അത്ഭുതങ്ങളെ മെനഞ്ഞത് യഹോവയാണെന്നു മനസ്സിലാക്കിയപ്പോൾ എനിക്ക് അതിന്റെയെല്ലാം കാരണം പിടികിട്ടി. വെറും നിസ്സാരനായ ഒരു മനുഷ്യന് എങ്ങനെയാണു സ്രഷ്ടാവിന്റെ കലാവിരുതിനോടു കിടപിടിക്കാനാവുക? യഹോവയാണ് ഏറ്റവും വലിയ കലാകാരൻ. എങ്കിലും, അവനെ അനുകരിക്കാൻ ശ്രമിച്ചതിലൂടെ എനിക്ക് പുഷ്പാലങ്കരണത്തിൽ വളരെയേറെ മെച്ചപ്പെടാൻ കഴിഞ്ഞു. വാസ്തവത്തിൽ, ബൈബിൾ പഠിക്കാൻ തുടങ്ങിയതിൽപ്പിന്നെ എന്റെ ജോലിയിൽ മാറ്റം കാണാനുണ്ടെന്ന് ആളുകൾ പറയാൻ തുടങ്ങി. പ്രസരിപ്പിനൊപ്പം സൗമ്യതയുടെ തൂവൽ സ്പർശവും എന്റെ കലാസൃഷ്ടികളിൽ ഇപ്പോൾ പ്രകടമായിരുന്നു.
മുമ്പു മനസ്സിലാക്കാതിരുന്ന പല കാര്യങ്ങളും ഗ്രഹിക്കാൻ ബൈബിൾ സത്യങ്ങൾ എന്നെ സഹായിച്ചു. ലോകത്തിന്റെ ഭരണാധികാരി എന്ന നിലയിൽ പിശാചായ സാത്താനാണ് ഇന്നത്തെ കഷ്ടപ്പാടുകൾക്കു കാരണക്കാരനെന്നും ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപം നിമിത്തം നമ്മുടെ ഹൃദയം വഞ്ചനാത്മകമാണെന്നും മനസ്സിലാക്കിയപ്പോൾ നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളുടെ പൊരുൾ എനിക്കു മനസ്സിലായി. (യിരെമ്യാവു 17:9; 1 യോഹന്നാൻ 5:19) യഹോവ സമാധാനപ്രിയനായ ഒരു ദൈവമാണെന്നും സ്നേഹം, നീതി, ശക്തി, ജ്ഞാനം എന്നീ ഗുണങ്ങളുടെ മൂർത്തിമദ്ഭാവമാണെന്നും ഞാൻ ഗ്രഹിച്ചു. (ആവർത്തനപുസ്തകം 32:4; റോമർ 11:33; 1 യോഹന്നാൻ 4:8; വെളിപ്പാടു 11:17) നമ്മോടുള്ള സ്നേഹം നിമിത്തം ദൈവം യേശുവിനെ നമുക്കുവേണ്ടി മരിക്കാൻ അയച്ചുവെന്നും ഞാൻ പഠിച്ചു. (യോഹന്നാൻ 3:16; 2 കൊരിന്ത്യർ 5:14) കഷ്ടപ്പാടോ മരണമോ ഇല്ലാത്ത കാലം വരുമെന്നും ഞാൻ മനസ്സിലാക്കി. (വെളിപ്പാടു 21:4, 5എ) ഈ സത്യങ്ങളുടെ സൗന്ദര്യം എന്റെ മനംകവർന്നു. ഇതിനു പുറമേ, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന യേശുവിന്റെ ഉപദേശം യഹോവയുടെ സാക്ഷികൾ ജീവിതത്തിൽ പ്രായോഗികമാക്കുന്നതു നേരിൽ കാണാനും എനിക്കു സാധിച്ചു. അത് സത്യമതം ഇതുതന്നെയാണെന്ന് എന്നെ ബോധ്യപ്പെടുത്തി.—മത്തായി 22:39.
മറികടക്കേണ്ടിയിരുന്ന ഒരു പ്രതിബന്ധം
സത്യം എന്റെ ഹൃദയത്തിൽ വേരുപിടിച്ചപ്പോൾ ഞാൻ ഒരു വെല്ലുവിളിയെ അഭിമുഖീകരിച്ചു. ഹെഡ്മാസ്റ്ററിന് ശവസംസ്കാരശുശ്രൂഷകളിൽ സംബന്ധിക്കാൻ കഴിയാതെവരുന്ന പല സാഹചര്യങ്ങളിലും ബുദ്ധമത ചടങ്ങുകളിൽ അദ്ദേഹത്തിന്റെ പ്രതിനിധിയായി സംബന്ധിച്ചിരുന്നതു ഞാനാണ്. യഹോവയ്ക്ക് എന്നെത്തന്നെ സമർപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പരിശോധന ആയിത്തീർന്നു. ബുദ്ധമത ചടങ്ങുകളിൽ പങ്കെടുക്കുകയില്ലെന്ന് ഞാൻ വ്യക്തിപരമായി തീരുമാനമെടുത്തു. (1 കൊരിന്ത്യർ 10:21) താമസിയാതെ ഞാൻ സ്നാപനമേൽക്കാൻ പോകുകയാണെന്നും ജോലിയുടെ ഭാഗമായിപ്പോലും മറ്റൊരു ആരാധനയിൽ പങ്കെടുക്കുകയില്ലെന്ന് ദൃഢതീരുമാനം എടുത്തിരിക്കുകയാണെന്നും ആദരപൂർവം ഞാൻ ഹെഡ്മാസ്റ്ററോടു വിശദീകരിച്ചു. ഞാനൊരു ക്രിസ്ത്യാനി ആയിത്തീരുന്നതിൽ തനിക്കു യാതൊരു വിരോധവുമില്ലെന്നും മതപരമായ കാര്യങ്ങളെ എനിക്ക് എന്റേതായ വിധത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം എന്നോടു പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് എത്രയധികം സന്തോഷം തോന്നിയെന്നോ! അങ്ങനെയൊരു മറുപടി ഞാൻ തീരെ പ്രതീക്ഷിച്ചതല്ല. അദ്ദേഹം എന്നെ ശകാരിക്കുമെന്നും എനിക്കു ജോലി നഷ്ടമാകുമെന്നുമാണു ഞാൻ കരുതിയത്.
ആ പ്രതിബന്ധം നീങ്ങിയതോടെ യഹോവയ്ക്കുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്നാപനമേറ്റു. ബൈബിൾ പഠിച്ചുതുടങ്ങി ഒരു വർഷത്തിനു ശേഷം 1983 ജൂണിൽ ഒരു ക്രിസ്തീയ സമ്മേളനത്തിൽ വെച്ചായിരുന്നു സ്നാപനം. സ്നാപനക്കുളത്തിൽനിന്നു കയറിവരുന്ന എന്നെ സ്വാഗതം ചെയ്യാൻ, വിടർന്ന പുഞ്ചിരിയും കണ്ണുകളിൽ ആനന്ദാശ്രുക്കളും ആയി കെയ്ക്കോ നിൽപ്പുണ്ടായിരുന്നു. എന്റെ കണ്ണുകളും ഈറനണിഞ്ഞു. നിറകണ്ണുകളോടെ ഞാനും കെയ്ക്കോയും ഞങ്ങൾക്ക് ഒരുമിച്ചു പങ്കിടാൻ കഴിഞ്ഞ സന്തോഷത്തിന് യഹോവയ്ക്കു നന്ദി കൊടുത്തു.
ലൗകിക ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം
ഒരു സമർപ്പിത ക്രിസ്ത്യാനി എന്ന നിലയിലുള്ള എന്റെ നിലപാട് നല്ലവണ്ണം മനസ്സിലാക്കി സഹാനുഭൂതിയോടെയാണ് ഹെഡ്മാസ്റ്റർ എന്നോടു പെരുമാറിയത്. ജോലിയുമായി ബന്ധപ്പെട്ട ചുമതലകൾ ഞാൻ മുമ്പത്തെക്കാൾ ശ്രദ്ധയോടെ നിർവഹിച്ചു. എന്നുവരികിലും, ലൗകിക ജോലിക്കും ക്രിസ്തീയ ജീവിതത്തിനും ഇടയിൽ സമനില പാലിക്കാൻ ഞാൻ ശ്രമിച്ചു. വർഷത്തിൽ പല മാസങ്ങളിൽ ഞാൻ ക്രിസ്തീയ ശുശ്രൂഷയിലുള്ള എന്റെ പങ്കു വർധിപ്പിച്ചു. ഏഴു വർഷത്തേക്ക് ഞാൻ ഇതു തുടർന്നു.
എന്നാൽ, എനിക്ക് എന്റെ ഏക മകന്റെ ആത്മീയതയ്ക്കും കെയ്ക്കോയുടെ ഒന്നിനൊന്നു മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യത്തിനും ഗൗരവ ശ്രദ്ധ നൽകേണ്ടതുണ്ടായിരുന്നു. ‘കുടുംബത്തോടൊപ്പം ഞാൻ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്,’ ഞാൻ ചിന്തിച്ചു. രാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാനും ഞാൻ ആഗ്രഹിച്ചു. ഈ ആവശ്യങ്ങളും ആഗ്രഹങ്ങളും, ഇകേബാനാ രംഗത്തെ ജീവിതവൃത്തി ഉപേക്ഷിക്കുന്ന കാര്യം യഹോവയോടുള്ള പ്രാർഥനയിൽ ഉൾപ്പെടുത്താൻ എന്നെ പ്രേരിപ്പിച്ചു. എന്റെ തീരുമാനം മാറ്റാനാവില്ലെന്ന് ഹെഡ്മാസ്റ്റർക്കു മനസ്സിലായി. ഒടുവിൽ 1990 ജൂലൈ മാസത്തിൽ 42-ാം വയസ്സിൽ നിഷ്പ്രയാസം എനിക്കു ജോലിയിൽനിന്നു വിരമിക്കാൻ കഴിഞ്ഞു.
സത്യത്തിന്റെ സൗന്ദര്യം കാണാൻ മറ്റുള്ളവരെ സഹായിക്കുന്നു
ജോലിയിൽനിന്നു വിരമിച്ച ഉടനെ ഞാൻ സത്യം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കാനായി മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം ഞാൻ പുഷ്പാലങ്കരണം പഠിപ്പിക്കുന്നുണ്ട്. ഇകേനോബോ ശൈലിയുടെ നിയന്ത്രണങ്ങളിൽനിന്നു വിട്ടുനിന്നുകൊണ്ടാണ് ഞാനിതു പഠിപ്പിക്കുന്നത്. സഭയിൽ ഒരു മൂപ്പനായി സേവിക്കാനുള്ള പദവി എനിക്കുണ്ട്. കെയ്ക്കോ പയനിയർ സേവനം ചെയ്യുന്നു. അവൾക്ക് ഇപ്പോൾ ആസ്ത്മയുടെ ശല്യം മുമ്പത്തെ അത്ര കൂടെക്കൂടെ ഉണ്ടാകുന്നില്ല. ഞങ്ങളുടെ മകൻ—ഇപ്പോൾ അവൻ വിവാഹിതനാണ്—അടുത്തുള്ള ഒരു സഭയിൽ ശുശ്രൂഷാദാസനായി സേവിക്കുന്നു. ഒരു കുടുംബമെന്ന നിലയിൽ യഹോവയെ സേവിക്കാൻ കഴിയുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം എത്ര അമൂല്യമായ പദവിയാണ്!
യേശുക്രിസ്തുവിന്റെ രാജ്യഭരണത്തിൻ കീഴിൽ, എന്റെ പൂന്തോട്ടത്തിൽ ഞാൻ നട്ടുവളർത്തുന്ന ചെടികൾ ഉപയോഗിച്ച് മനോഹരമായ പുഷ്പാലങ്കരണം നടത്താൻ ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്. എന്റെ പ്രിയ കുടുംബത്തോടൊപ്പം സുന്ദരമായ സകലതിന്റെയും സ്രഷ്ടാവായ യഹോവയുടെ മഹനീയ നാമത്തെ എന്നേക്കും സ്തുതിക്കുക എന്നത് എന്റെ ഹൃദയാഭിലാഷമാണ്.
[23-ാം പേജിലെ ചിത്രം]
പ്രകൃതിചാരുതകൾ മനസ്സിൽ ഉണർത്തുന്ന വിസ്മയഭാവങ്ങൾക്ക് ഇകേബാനായിലൂടെ ദൃശ്യാവിഷ്കാരം നൽകാനാകും
[23-ാം പേജിലെ ചിത്രങ്ങൾ]
ഭാര്യയോടും മകനോടും അവന്റെ കുടുംബത്തോടും ഒപ്പം