ഹൃദയസ്‌പർശിയായ ഒരു പഴയ ലേഖനം
ഹൃദയസ്‌പർശിയായ ഒരു പഴയ ലേഖനം
വടക്കുകിഴക്കൻ പോളണ്ടിലെ സുവൗകിയിലുള്ള ഒരു സ്കൂളിലെ അധ്യാപിക, ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കായി തയ്യാറെടുക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. പതിനാറു വയസ്സുള്ള യുസ്റ്റിനാ ഇതിനായി യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിൽനിന്നു കുറെ വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ ചർച്ചയ്‌ക്കുള്ള ദിവസം വന്നെത്തി. അഭിപ്രായങ്ങൾ പറയാൻ അധ്യാപിക വിദ്യാർഥികളെ ക്ഷണിച്ചു.
“ഞാൻ അധ്യാപികയുടെ അടുത്തേക്കു ചെന്നിട്ട് ഉണരുക!യുടെ 1980 മേയ് 22 ലക്കത്തിൽ [മലയാളത്തിൽ 1981 ജൂൺ 8 ലക്കം] വന്ന ‘ഒരു അജാത ശിശുവിന്റെ ഡയറി’ എന്ന ലേഖനം അവർക്കു കാണിച്ചു കൊടുത്തു,” യുസ്റ്റിനാ പറയുന്നു. അവൾ അധ്യാപികയോട് ഇങ്ങനെ പറഞ്ഞു: “ഗർഭച്ഛിദ്രത്തിന് വിധേയമാകാനിരിക്കുന്ന ഒരു കുഞ്ഞ് തന്റെ കഥ വിവരിച്ചാൽ എങ്ങനെയോ അതുപോലെയാണ് ഇത് എഴുതിയിരിക്കുന്നത്. ഇത് വളരെയേറെ താത്പര്യമുണർത്തുന്ന ഒരു ലേഖനമാണെന്നു ഞാൻ കരുതുന്നു.” അധ്യാപിക അത് ഉച്ചത്തിൽ വായിക്കാൻ തുടങ്ങി. വിദ്യാർഥികൾ എല്ലാവരും നിശ്ശബ്ദരായിരുന്ന് അതു സശ്രദ്ധം കേട്ടു.
അതു പകുതിപോലും വായിച്ചു തീർന്നില്ല, അതിനുമുമ്പെ അധ്യാപികയുടെ നിയന്ത്രണം വിട്ടുപോയി. വായന തുടരാൻ ഒരു വിദ്യാർഥിനിയോടു പറഞ്ഞിട്ട് അവർ ഇരുന്നു കരയാൻ തുടങ്ങി. അതു വായിച്ചു തീർന്നപ്പോൾ രസകരമായ ഒരു ചർച്ച നടന്നു. വിദ്യാർഥികളിൽ ചിലർ ആ ലേഖനത്തിന്റെ ഒരു കോപ്പി ആവശ്യപ്പെട്ടു. “യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങളോടുള്ള വിദ്യാർഥികളുടെ മനോഭാവത്തിനു മാറ്റം വന്നു,” യുസ്റ്റിനാ പറയുന്നു. “മുമ്പ് അവർക്ക് ആ സാഹിത്യങ്ങളെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവർക്ക് അവയെക്കുറിച്ച് നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ഒരു ആൺകുട്ടിയാണെങ്കിൽ ഉണരുക!യുടെ ക്രമമായ വായനക്കാരനായിത്തീരുകപോലും ചെയ്‌തു.”
ഉണരുക!യുടെ 20-തിലേറെ വർഷം പഴക്കമുള്ള ഒരു ലക്കത്തിൽ കണ്ട ലേഖനം യുസ്റ്റിനാ ഫലകരമായി ഉപയോഗിച്ചു. നിങ്ങൾക്കും ഈ മാസികയുടെ പഴയ ലക്കങ്ങളിൽ വളരെയേറെ ‘ജ്ഞാനം’ കണ്ടെത്താനാകും. (ഇയ്യോബ് 28:18) യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളിലെ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ അവിടത്തെ ലൈബ്രറിയിൽ വെച്ചിരിക്കുന്ന ഉണരുക!യുടെ ബയന്റിട്ട വാല്യങ്ങൾ നിങ്ങൾക്കു പരിശോധിക്കാനാകും. കാലപ്പഴക്കത്താൽ മൂല്യം നഷ്ടപ്പെടാത്ത, അവയിലെ പ്രയോജനപ്രദമായ ലേഖനങ്ങളുടെ വായന നിങ്ങൾ ആസ്വദിക്കും. നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുടെ പക്കൽനിന്ന് ഉണരുക!യുടെ ഒരു പുതിയ ലക്കം സ്വന്തമാക്കാനും നിങ്ങൾക്കു കഴിയും.
[31-ാം പേജിലെ ചിത്രം]
യുസ്റ്റിനാ, ഹൈസ്‌കൂൾ പഠന കാലത്ത്