“ഈ വീഡിയോ ആളുകളെ നാശത്തിൽനിന്നു രക്ഷിക്കുന്നു!”
“ഈ വീഡിയോ ആളുകളെ നാശത്തിൽനിന്നു രക്ഷിക്കുന്നു!”
യഹോവയുടെ സാക്ഷികൾ 1999-ൽ യുവജനങ്ങൾക്കുവേണ്ടി ഒരു വീഡിയോ പുറത്തിറക്കി, യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് യഥാർഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും? എന്നായിരുന്നു അതിന്റെ പേര്. 30-ലധികം ഭാഷകളിൽ ഇന്ന് ഇതു ലഭ്യമാണ്. “ഈ വീഡിയോ ഞങ്ങളുടെ ഏവരുടെയും മേൽ പ്രഭാവം ചെലുത്തിയിരിക്കുന്നു!” യൂക്രെയിനിലെ ഒരു സഭാമേൽവിചാരകൻ എഴുതുന്നു. “ചിലർ അത് അഞ്ചു പ്രാവശ്യം കണ്ടു, വേറെ ചിലരാകട്ടെ ഏഴു പ്രാവശ്യം പോലും! പിന്നീട് യുവപ്രായക്കാരിൽ അനേകരും ഉത്സാഹപൂർവം അതിലെ വിശേഷാശയങ്ങൾ ചർച്ച ചെയ്തു. പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. യുവജനങ്ങളോട് യഹോവയ്ക്കുള്ള സ്നേഹവും ആത്മാർഥ താത്പര്യവും ഞങ്ങൾക്കെല്ലാം അനുഭവവേദ്യമായിരുന്നു. യുവപ്രായക്കാരുടെ ആവശ്യങ്ങൾ കുറെക്കൂടെ മനസ്സിലാക്കാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്. അവരെ കൂടുതൽ സഹായിക്കാനും അവരുടെ അടുത്ത സുഹൃത്തായിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു.”
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുള്ള യുവജനങ്ങളെയും ഈ വീഡിയോ ആഴമായി സ്വാധീനിക്കുകയുണ്ടായി. ഉദാഹരണത്തിന് ഉറുഗ്വേയിൽനിന്നുള്ള പതിനേഴു വയസ്സുകാരി (ചിത്രത്തിൽ ഇടതുവശത്തായി കാണിച്ചിരിക്കുന്ന) ലെറ്റീഷ്യ എഴുതുന്നു: “ഞാൻ വല്ലാതെ വികാരാധീനയായി. അതിലെ വിവരങ്ങൾ മാത്രമല്ല, യഹോവയും അവന്റെ സംഘടനയും യുവപ്രായക്കാരായ ഞങ്ങളിൽ എടുക്കുന്ന താത്പര്യവും എന്നെ സ്പർശിച്ചു. ഈ അമൂല്യ വീഡിയോ ലഭ്യമാക്കിയതിൽ ഞാൻ എത്ര നന്ദിയുള്ളവളാണെന്ന് വാക്കുകളാൽ വിവരിക്കാൻ എനിക്കു കഴിയില്ല. വളരെ, വളരെ നന്ദി!”
ഐക്യനാടുകളിലുള്ള പ്രായപൂർത്തിയെത്തിയ ഒരു സാക്ഷി പല പ്രാവശ്യം ഈ വീഡിയോ കണ്ടു, ഇരട്ട ജീവിതം നയിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയെ അത് ഉപയോഗിച്ചു സഹായിക്കാനും അവർക്കു സാധിച്ചു. അവർ എഴുതുന്നു: “ആന്നെറ്റ് മദ്യപാനിയായ, മോശമായ കൂട്ടുകെട്ടുകളുള്ള ഒരു പെൺകുട്ടിയായിരുന്നു. അവൾ മയക്കുമരുന്നുകൾ പരീക്ഷിച്ചു നോക്കുകപോലും ചെയ്തിരുന്നു. * എന്നാൽ ആ വീഡിയോ അവളെ ശക്തമായി സ്വാധീനിച്ചു. കുറഞ്ഞകാലംകൊണ്ട് അവൾ ആ കൂട്ടുകെട്ടുകളും തെറ്റായ നടപടികളും ഉപേക്ഷിച്ചു. ആറു മാസത്തിനു ശേഷം അവൾ സ്നാപനമേറ്റു. അതേ, ഈ വീഡിയോ ആളുകളെ നാശത്തിൽനിന്നു രക്ഷിക്കുന്നു!”
◼ യഹോവയുടെ സാക്ഷികൾ 2004-ൽ യുവജനങ്ങൾക്കുവേണ്ടി മറ്റൊരു വീഡിയോ പുറത്തിറക്കി. യുവജനങ്ങൾ ചോദിക്കുന്നു—ഞാൻ ജീവിതം എങ്ങനെ വിനിയോഗിക്കും? എന്നായിരുന്നു അതിന്റെ പേര്. (ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന രണ്ടു വീഡിയോകളും മലയാളത്തിൽ ലഭ്യമല്ല) ഈ ഡിവിഡി വീഡിയോയുടെ സഹായത്താൽ യഹോവയുടെ ആരാധനയ്ക്ക് ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകാൻ ഒട്ടനവധി യുവജനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.—മത്തായി 6:33.
[അടിക്കുറിപ്പ്]
^ പേരിനു മാറ്റം വരുത്തിയിരിക്കുന്നു.