എല്ലാവർക്കും വേണം ഒരു വീട്
എല്ലാവർക്കും വേണം ഒരു വീട്
“ഒരു പാർപ്പിടം ഉൾപ്പെടെ . . . തന്റെയും കുടുംബത്തിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും മതിയായ അടിസ്ഥാന ജീവിതസൗകര്യങ്ങൾ ഉണ്ടായിരിക്കാനുള്ള അവകാശം ഏതൊരു വ്യക്തിക്കുമുണ്ട്.”—‘സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം,’ 25-ാം വകുപ്പ്.
കർഷക തൊഴിലാളികളുടെ ആ കുടിയേറ്റ സമൂഹം ക്രമേണ ഒരിടത്തു പാർപ്പുറപ്പിച്ചു, ഇനി അതാണ് അവരുടെ വീട്. നൂറുകണക്കിനു കുടുംബങ്ങളാണ് പട്ടണത്തിനു തൊട്ടുവെളിയിലുള്ള പാർകെയോഡോറസ് എന്നുവിളിക്കുന്ന വാടകകുറഞ്ഞ വാഹനഭവനങ്ങളിൽ അന്തിയുറങ്ങുന്നത്. ഇവിടെ മാലിന്യനിർമാർജനം, കുടിവെള്ളം, ചപ്പുചവറുകൾ നീക്കംചെയ്യാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാനസംഗതികൾ പ്രാകൃതരീതിയിലുള്ളതാണ്, പലതും ഇല്ലെന്നുതന്നെ പറയാം. ഈ ജനവാസകേന്ദ്രത്തെ “[കർഷക തൊഴിലാളികളുടെ] മടിശീലയ്ക്കൊതുങ്ങുന്ന പരമദരിദ്രമായ ഒരിടം” എന്നാണ് ഒരു റിപ്പോർട്ടർ വർണിച്ചത്.
മൂന്നുവർഷം മുമ്പ് അധികാരികൾ ഇത്തരം ജനവാസകേന്ദ്രങ്ങളിൽ ചിലത് ഒഴിപ്പിക്കുകയുണ്ടായി. അപ്പോൾ ചില കുടുംബങ്ങൾ തങ്ങളുടെ വാഹനഭവനങ്ങൾ വിറ്റ് പട്ടണഹൃദയത്തിലേക്കു ചേക്കേറി, ആളുകൾ തിങ്ങിപ്പാർത്തിരുന്ന വീടുകളിലും അപ്പാർട്ട്മെന്റുകളിലും ഗരാജുകളിലുമാണ് അവർ ഇടംതേടിയത്. മറ്റുചിലർ ഉള്ളതെല്ലാം പെറുക്കിക്കെട്ടി, പണിയെടുക്കുന്ന കൃഷിസ്ഥലത്തേക്ക് പോകുകയും വരികയും ചെയ്യാൻ പറ്റിയ സ്ഥലംതേടിപ്പോയി.
ഇത് ഏതെങ്കിലും ദരിദ്ര രാജ്യത്തെ സാഹചര്യമാണെന്നാണോ നിങ്ങൾ കരുതുന്നത്? ഈ വാഹനഭവന കോളനി മറ്റെങ്ങുമല്ല യു.എസ്.എ.-യിലെ ദക്ഷിണ കാലിഫോർണിയയിലുള്ള മെക്കാ പട്ടണത്തിനടുത്താണ്. പാം സ്പ്രിംഗ്സ് എന്ന ആഡംബര നഗരിക്കു കിഴക്കാണ് ഈ സ്ഥലം. പാം സ്പ്രിംഗ്സിൽനിന്ന് ഒരുമണിക്കൂർപോലും യാത്രചെയ്യേണ്ട ഇവിടെയെത്താൻ. സ്വന്തമായി വീടുള്ളവരുടെ എണ്ണം ഐക്യനാടുകളിൽ മുമ്പെന്നത്തേതിലും കൂടിയിട്ടുണ്ടെന്നു പറയപ്പെടുന്നു. 2002-ൽ അവിടത്തെ ശരാശരി കുടുംബവരുമാനം ഏകദേശം 18,90,000 രൂപ ആയിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും 50 ലക്ഷത്തിലേറെ അമേരിക്കൻ കുടുംബങ്ങൾ ഇപ്പോഴും ആവശ്യത്തിനു സൗകര്യങ്ങളില്ലാത്ത പാർപ്പിടങ്ങളിലാണ് കഴിയുന്നതെന്നു കണക്കുകൾ കാണിക്കുന്നു.
വികസ്വര രാജ്യങ്ങളിലെ സ്ഥിതിഗതികൾ ഇതിലും ഏറെ നിരാശാജനകമാണ്. രാഷ്ട്രീയ, സാമൂഹിക, മത രംഗങ്ങളിൽനിന്ന് നിരവധി സംരംഭങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ആഗോള പാർപ്പിട പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ഒരു ആഗോള പ്രതിസന്ധി
ലോകമെമ്പാടുമായി ചേരിപ്രദേശങ്ങളിൽ പാർക്കുന്നവരുടെ എണ്ണം 100 കോടിയിലേറെ ആണെന്നു കണക്കാക്കപ്പെടുന്നു. അനുദിനം വലുപ്പംവെക്കുന്ന ഫാവെല്ലാസ് അഥവാ ചേരിപ്പട്ടണങ്ങൾ പെട്ടെന്നുതന്നെ “അവ പൊട്ടിമുളച്ച നഗരങ്ങളെക്കാൾ കൂടുതൽ വിസ്താരവും ജനസാന്ദ്രതയും ഉള്ളവയായിത്തീരും” എന്ന് ബ്രസീലിലെ നഗരവത്കരണ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു. നൈജീരിയയിലെ ചില നഗരങ്ങളിൽ നിവാസികളുടെ 80 ശതമാനത്തിലധികവും ചേരിപ്രദേശങ്ങളിലും അനധികൃത ജനവാസകേന്ദ്രങ്ങളിലുമാണു താമസിക്കുന്നത്. “കാര്യമായ നടപടികളൊന്നും എടുക്കുന്നില്ലെങ്കിൽ, അടുത്ത 30 വർഷംകൊണ്ട് ലോകവ്യാപകമായി ചേരിനിവാസികളുടെ എണ്ണം ഏകദേശം 200 കോടിയാകുമെന്ന് കണക്കാക്കപ്പെടുന്നതായി” 2003-ൽ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നൻ പറയുകയുണ്ടായി.
ഉപരിപ്ലവമായ വിവരങ്ങൾമാത്രം പ്രദാനം ചെയ്യുന്ന ഇത്തരം കണക്കുകൾ ദുസ്സഹമായ ജീവിതസാഹചര്യങ്ങളിൽ വീർപ്പുമുട്ടുന്ന ലോകത്തിലെ ദരിദ്രജനതയുടെ ദുരിതങ്ങളെക്കുറിച്ചുള്ള യഥാർഥ ചിത്രം നൽകുന്നില്ല. ഐക്യരാഷ്ട്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നപ്രകാരം വികസ്വരരാജ്യങ്ങളിലെ പകുതിയിലധികം ജനങ്ങൾക്കും അഴുക്കുചാൽ, മാലിന്യനിർമാർജനം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളില്ല. മൂന്നിലൊന്നിന് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല, നാലിലൊന്നിന് അനുയോജ്യമായ പാർപ്പിടസൗകര്യമില്ല, അഞ്ചിലൊന്നിന് ആധുനിക ആരോഗ്യപരിചരണം എത്തുപാടിനകലെയാണ്. സമ്പന്ന രാജ്യങ്ങളിലെ നിവാസികളിൽ പലരും തങ്ങളുടെ ഓമനമൃഗങ്ങൾപോലും അത്തരമൊരു ചുറ്റുപാടിൽ ജീവിക്കാൻ അനുവദിക്കില്ല.
സകലരുടെയും അവകാശം
തലചായ്ക്കാൻ ഭേദപ്പെട്ട ഒരിടം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽപ്പെട്ടതാണ് എന്നതിനു രണ്ടുപക്ഷമില്ല. മനസ്സിനിണങ്ങിയ പാർപ്പിടം ഉൾപ്പെടെ മതിയായ ജീവിതസൗകര്യങ്ങൾ ഉണ്ടായിരിക്കാനുള്ള അവകാശം സകലർക്കുമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന 1948-ൽ അംഗീകരിച്ച ‘സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിൽ’ പറയുന്നു. അതേ, സാമാന്യം ഭേദപ്പെട്ട ഒരു വീട് എല്ലാവരുടെയും ആവശ്യമാണ്.
1996-ൽ കുറെ രാജ്യങ്ങൾ ചേർന്ന് യുഎൻ ഹാബിറ്റാറ്റ് അജൻഡ എന്നറിയപ്പെടുന്ന ഒരു രേഖയ്ക്ക് രൂപംനൽകുകയുണ്ടായി. സംതൃപ്തികരമായ കിടപ്പാടം എല്ലാവർക്കും നൽകുക എന്ന പ്രതിജ്ഞയാണ് ഈ അജൻഡയിലുള്ളത്. 2002 ജനുവരി 1-ന് ഈ അജൻഡ, യുഎൻ നടപ്പാക്കാൻ പോകുന്ന ഔദ്യോഗിക പരിപാടിയായി തീർച്ചപ്പെടുത്തിക്കൊണ്ട് കാര്യങ്ങൾ ഊർജിതമാക്കി.
അതിസമ്പന്നമായ ചില രാജ്യങ്ങൾ ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കാനും ചൊവ്വയിൽ പര്യവേക്ഷണം നടത്താനും പുതിയപുതിയ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കേ, ആ രാജ്യങ്ങളിലെ പരമദാരിദ്ര്യത്തിൽ കഴിയുന്ന ഒരു വമ്പിച്ച ജനസഞ്ചയം ഈ ഭൂഗ്രഹത്തിൽ കൊള്ളാവുന്ന ഒരു കിടപ്പാടമുണ്ടാക്കാൻ ത്രാണിയില്ലാതെ നട്ടംതിരിയുകയാണ്. എത്ര വൈരുധ്യം! പാർപ്പിട പ്രതിസന്ധി നിങ്ങളെ ബാധിക്കുന്നത് എങ്ങനെയാണ്? മനസ്സിനിണങ്ങിയ ഒരു വീട് എന്ന ജനകോടികളുടെ സ്വപ്നം ഒരുനാൾ പൂവണിയുമെന്നു പ്രത്യാശിക്കാനാകുമോ?
[4-ാം പേജിലെ ആകർഷക വാക്യം]
ചില രാജ്യങ്ങൾ ചന്ദ്രനിൽ കോളനി സ്ഥാപിക്കാൻ തയ്യാറെടുക്കുമ്പോൾ അവരുടെ പൗരന്മാരിൽ പലർക്കും ഈ ഭൂഗ്രഹത്തിൽ കൊള്ളാവുന്ന ഒരു കിടപ്പാടമില്ല
[2, 3 പേജുകളിലെ ചിത്രം]
ഒരു ഏഷ്യൻ അഭയാർഥി കുടുംബം.
ഒരു നഗരത്തിൽ താത്കാലിക കൂടാരങ്ങളിൽ കഴിയുന്ന 3,500 കുടുംബങ്ങളുണ്ട്. വെള്ളവും ശുചീകരണമാർഗങ്ങളും ഇവരുടെ അടിയന്തിരാവശ്യമാണ്
[4-ാം പേജിലെ ചിത്രം]
വടക്കേ അമേരിക്ക