ഒടുവിൽ സ്വന്തമായൊരു വീട് എല്ലാവർക്കും!
ഒടുവിൽ സ്വന്തമായൊരു വീട് എല്ലാവർക്കും!
കെനിയയിലെ നയ്റോബി നഗരത്തിനു വെളിയിൽ 140 ഏക്കർ വിസ്തൃതിയിൽ മനോഹരമായൊരു സ്ഥലമുണ്ട്. കെട്ടിടങ്ങളും ഒരു പ്രകൃതിസംരക്ഷണ കേന്ദ്രവും അടങ്ങിയ, ഐക്യരാഷ്ട്രങ്ങളുടെ ഗിഗിറി കോമ്പൗണ്ട് ആണത്. യുഎൻ ഹാബിറ്റാറ്റിന്റെ ആസ്ഥാനവും ഇവിടെയാണ്. ആഗോള പാർപ്പിട പ്രതിസന്ധി പരിഹരിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ കോമ്പൗണ്ടും ഇവിടത്തെ സൗകര്യങ്ങളും. ആ വളപ്പിൽത്തന്നെയുള്ള ഗിഗിറി നേച്ചർ ട്രെയിൽ
ഒന്നു നടന്നു കാണുകയാണെങ്കിൽ നാം അതിശയിച്ചുപോകും. കൂട്ടായ ശ്രമവും ആവശ്യത്തിന് നിക്ഷേപത്തുകയും ഉണ്ടെങ്കിൽ എത്ര അത്ഭുതങ്ങൾ പ്രവർത്തിക്കാമെന്നുള്ളതിന്റെ ഒന്നാന്തരം തെളിവാണത്. ഈ പ്രദേശം മുമ്പ് ഒരു പാഴ്നിലമായിരുന്നു. ഇപ്പോൾ അത് അവിടത്തെ ജോലിക്കാർക്കും സന്ദർശകർക്കും വിനോദം പകരുന്ന, തികച്ചും ഉപയോഗപ്രദമായ ഒരു സുന്ദരഭൂമിയായി മാറിയിരിക്കുന്നു.ഇവിടെനിന്ന് ഏതാനും കിലോമീറ്റർ അകലെ ഒരു ചേരിപ്രദേശമുണ്ട്. താരതമ്യേന പുതുതായി രൂപംകൊണ്ട, ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു ചേരിപ്പട്ടണമാണിത്. ഇന്നത്തെ പാർപ്പിട പ്രതിസന്ധി എത്ര ഭീകരമാണെന്നതിന്റെ നിറംകെട്ട പ്രതീകമായി നിലകൊള്ളുകയാണിത്. തകരവും കമ്പുകളും ചെളിയും കൊണ്ട് തട്ടിക്കൂട്ടിയ ചാളപ്പുരകൾക്ക് 16 ചതുരശ്ര മീറ്റർ വിസ്തീർണമാണുള്ളത്. ഈ കൂരകൾക്കിടയിലൂടെയുള്ള നടപ്പാതയിലൂടെ ദുർഗന്ധംവമിക്കുന്ന മലിനജലം ഒഴുകുന്നു. ഇവർ വെള്ളത്തിനു കൊടുക്കുന്ന വില ഒരു ശരാശരി അമേരിക്കൻ പൗരൻ കൊടുക്കുന്നതിന്റെ അഞ്ചിരട്ടിയോളംവരും. ഇവിടെ കഴിയുന്ന ഏകദേശം 40,000 പേരിൽ മിക്കവരും 20-നും 40-നും ഇടയിൽ പ്രായമുള്ളവരാണ്. ഇവർ മടിയന്മാരോ യാതൊരു ഉദ്ദേശ്യവുമില്ലാതെ വന്നുകിടക്കുന്നവരോ അല്ല. സമീപനഗരമായ നയ്റോബിയിൽ തൊഴിൽതേടി വന്നവരാണ്.
വൈരുധ്യമെന്നു പറയട്ടെ, ലോകനേതാക്കൾ യുഎൻ ഹാബിറ്റാറ്റിലെ വൃത്തിയും വെടിപ്പുമുള്ള, സൗകര്യപ്രദവും മനോഹരവുമായ ചുറ്റുപാടിൽ സമ്മേളിച്ച് തങ്ങളുടെ പടിവാതിലിനപ്പുറത്ത് ദുസ്സഹമായ സാഹചര്യത്തിൽ നട്ടംതിരിയുന്ന സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും ഭാവിയെക്കുറിച്ച് വാദവിവാദങ്ങളിലേർപ്പെടുന്നു! ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ തികച്ചും നിരാശാജനകമായ ഒരു വസ്തുത വെളിപ്പെടുത്തുകയുണ്ടായി. ചേരിനിവാസികളുടെ ജീവിതസാഹചര്യം ഗണ്യമാംവിധം മെച്ചപ്പെടുത്താൻ ആവശ്യമായ “വിഭവങ്ങളും അറിവും പ്രാപ്തിയും ലോകത്തിനുണ്ട്” അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ എന്താണു ചെയ്യേണ്ടത്? “പുരോഗതിക്കു പ്രതിബന്ധമായി നിൽക്കുന്ന നിസ്സംഗതയും ഗവൺമെന്റുകളുടെ ഭാഗത്തെ തീരുമാനശേഷിയില്ലായ്മയും തരണം ചെയ്യാൻ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും [കഴിയുമെന്ന്] . . . ഞാൻ പ്രത്യാശിക്കുന്നു,” കോഫി അന്നൻ പറഞ്ഞു.
എന്നാൽ ആ പ്രത്യാശ എത്ര യാഥാർഥ്യബോധത്തോടു കൂടിയതാണ്? സ്വന്തം താത്പര്യങ്ങൾ അവഗണിച്ചുകൊണ്ട് പൊതുതാത്പര്യം മുൻനിറുത്തി പ്രവർത്തിക്കാനായി അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക നേതാക്കളെ ഒരുമിപ്പിക്കാൻ എങ്ങനെ കഴിയും? എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ വിഭവങ്ങളും അറിവും പ്രാപ്തിയും ഉള്ള ഒരാളുണ്ട്. പെട്ടെന്നുതന്നെ നടപടിയെടുക്കാനുള്ള ആഗ്രഹവും സഹാനുഭൂതിയും ആ വ്യക്തിക്കുണ്ട് എന്നതാണ് ഏറെപ്രധാനമായ സംഗതി. തന്റെ ഗവൺമെന്റിലൂടെ ആഗോള പാർപ്പിട പ്രതിസന്ധി എന്നേക്കുമായി പരിഹരിക്കുന്നതിനുവേണ്ടി വിപുലമായ ഒരു പദ്ധതി നടപ്പാക്കാൻ ആ വ്യക്തി ഇപ്പോൾത്തന്നെ കാര്യങ്ങൾ ക്രമീകരിച്ചുകഴിഞ്ഞു.
ഒരു പുതിയ ഭവനപരിപാടി
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം, താൻ എന്താണു ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമായി ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നു. അവന്റെ വാഗ്ദാനമിതാണ്: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു.” (യെശയ്യാവു 65:17) ഈ വാഗ്ദാന നിവൃത്തിയിലൂടെ നാടകീയമായ ഒരു മാറ്റം ഇവിടെ സംഭവിക്കും. ഇന്നത്തെ മാനുഷ ഗവൺമെന്റുകൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പുതിയ ഗവൺമെന്റാകുന്ന ‘ആകാശം’ ഈ ഭൂമിയിൽ നടപ്പിലാക്കും. ദൈവരാജ്യം അഥവാ ദൈവിക ഗവൺമെന്റ് പുതിയ ഭൂമിയാകുന്ന മനുഷ്യസമുദായത്തിൽ ഉൾപ്പെടുന്ന സകലർക്കും ആരോഗ്യം, സുരക്ഷ, ആത്മാഭിമാനം എന്നിവ ഉറപ്പുവരുത്തും. ഈ പുതിയ മനുഷ്യസമുദായത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നവർ “അന്ത്യകാലത്തു” കൂട്ടിച്ചേർക്കപ്പെടും എന്ന് വളരെ മുമ്പ് യെശയ്യാ പ്രവാചകൻ പറയുകയുണ്ടായി. (യെശയ്യാവു 2:1-4) അതിന്റെയർഥം ഈ മാറ്റങ്ങൾക്കുള്ള സമയം ആഗതമായിരിക്കുന്നു എന്നുതന്നെയാണ്.—മത്തായി 24:3-14; 2 തിമൊഥെയൊസ് 3:1-5.
അന്ന് എല്ലാവർക്കും സ്ഥിരമായ പാർപ്പിടം ഉണ്ടായിരിക്കും. അതിനെക്കുറിച്ച് യെശയ്യാവു 65-ാം അധ്യായത്തിലെ മറ്റുചില വാക്യങ്ങളിൽ കാണുന്ന ദൈവത്തിന്റെ പ്രത്യേക വാഗ്ദാനം ശ്രദ്ധേയമാണ്. “അവർ വീടുകളെ പണിതു പാർക്കും,” അവൻ പറയുന്നു. “അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല.” (യെശയ്യാവു 65:21, 22) അതേ, വിസ്മയകരമായ ഒരു പറുദീസയിൽ വൃത്തിയുംവെടിപ്പുമുള്ള ചുറ്റുപാടുകളും സുരക്ഷിതത്വവും ആസ്വദിച്ചുകൊണ്ട് മനസ്സിനിണങ്ങിയ സ്വന്തം വീട്ടിൽ ജീവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക! അത്തരമൊരു അവസ്ഥ ആസ്വദിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്? എന്നാൽ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു സംബന്ധിച്ച് നിങ്ങൾക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?
നിങ്ങൾക്കു വിശ്വസിക്കാനാവുന്ന ഒരു വാഗ്ദാനം
ആദിയിൽ ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചിട്ട് അവരെ ഒരു തരിശുനിലത്ത് ജീവിക്കാൻ വിടുകയല്ല ചെയ്തത്. മറിച്ച് അവൻ അവരെ ഏദെൻതോട്ടത്തിലാക്കി. ശുദ്ധവായുവും ജലസമൃദ്ധിയും ഉള്ള, ഭക്ഷ്യവിഭവങ്ങൾ നിറഞ്ഞ ഒരു മനോഹരമായ ഉദ്യാനമായിരുന്നു അത്. (ഉല്പത്തി 2:8-15) ‘ഭൂമിയിൽ നിറയുക’ എന്നാണ് ദൈവം ആദാമിനോടു പറഞ്ഞത് അല്ലാതെ നിറഞ്ഞുകവിയാനല്ല. (ഉല്പത്തി 1:28) അങ്ങനെ എല്ലാവരും അച്ചടക്കത്തിലും ഐക്യത്തിലും ജീവിച്ച് എല്ലാ നന്മയും ആവോളം ആസ്വദിക്കണം എന്നതായിരുന്നു തുടക്കം മുതൽക്കേ ദൈവത്തിന്റെ ഉദ്ദേശ്യം.
പിന്നീട് നോഹയുടെ കാലമായപ്പോഴേക്ക് അക്രമവും അധാർമികതയും മനുഷ്യസമൂഹത്തെ ഗ്രസിച്ചു. അതേ, “ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” (ഉല്പത്തി 6:11, 12) ഇതെല്ലാം കണ്ട് ദൈവം കണ്ണടച്ചുകളഞ്ഞോ? ഇല്ല. അവൻ സത്വരം നടപടിയെടുത്തു. ഒരു ആഗോള ജലപ്രളയംവരുത്തിക്കൊണ്ട് അവൻ ഭൂമിയെ ശുദ്ധീകരിച്ചു, തന്റെ സ്വന്തം നാമത്തിനും നീതിമാനായ നോഹയ്ക്കും അവന്റെ മക്കൾക്കും വേണ്ടി. നോഹയും കുടുംബവും പെട്ടകത്തിൽനിന്ന് പുറത്തുവന്നത് അവരുടെ പുതിയ ഭവനത്തിലേക്കായിരുന്നു. അപ്പോൾ ദൈവം വീണ്ടും അവരോടു പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.”—ഉല്പത്തി 9:1.
പിന്നെയും കുറെക്കാലം കഴിഞ്ഞപ്പോൾ, ദൈവം ഇസ്രായേല്യർക്ക് അവരുടെ പിതാമഹനായ അബ്രാഹാമിനോടു ചെയ്ത വാഗ്ദാനം പാലിച്ചുകൊണ്ട് ഒരു ദേശം അവകാശമായി നൽകി. ആ വാഗ്ദത്ത ദേശം “നല്ലതും വിശാലവുമായ . . . പാലും തേനും ഒഴുകുന്ന ദേശ”മായിരിക്കുമായിരുന്നു. (പുറപ്പാടു 3:8) എന്നാൽ ഇസ്രായേല്യർ അനുസരണക്കേടു നിമിത്തം സ്ഥിരമായ ഒരു ഭവനമില്ലാതെ 40 വർഷം മരുഭൂമിയിൽ ഉഴന്നു. പക്ഷേ ദൈവം വാക്കുപാലിച്ചു. കാലാന്തരത്തിൽ അവൻ അവർക്ക് സ്ഥിരതാമസത്തിന് ഒരു ദേശം നൽകി. നിശ്വസ്തരേഖ പറയുന്നപ്രകാരം യഹോവ “ചുറ്റും അവർക്കു സ്വസ്ഥത നല്കി . . . യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.”—യോശുവ 21:43-45.
ഒടുവിൽ, സ്വന്തമായൊരു വീട്!
യെശയ്യാവു 65-ാം അധ്യായത്തിൽ നാം കാണുന്ന യഹോവയുടെ വാഗ്ദാനങ്ങൾ പാഴ്വാക്കുകളല്ലെന്ന് വ്യക്തമായിരിക്കുന്നു. തന്റെ ആദിമ ഉദ്ദേശ്യം നിവർത്തിക്കുന്നതിന് ഈ ഭൂഗ്രഹത്തെ ശുദ്ധീകരിക്കാൻ എന്തെല്ലാം ചെയ്യേണ്ടിവരുമോ അതെല്ലാം ചെയ്യുന്നതിനുള്ള പ്രാപ്തി അവനുണ്ട്. കാരണം അവൻ സകലത്തിന്റെയും സ്രഷ്ടാവാണ്. (യെശയ്യാവു 40:26, 28; 55:10, 11) മാത്രമല്ല, അതെല്ലാം ചെയ്യാൻ അവന് ആഗ്രഹവും ഉണ്ടെന്ന് ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. (സങ്കീർത്തനം 72:12, 13) മുൻകാലത്ത് നീതിമാന്മാരായ മനുഷ്യർക്ക് മതിയായ പാർപ്പിടസൗകര്യങ്ങൾ ലഭ്യമാക്കാൻ അവൻ വേണ്ടതു ചെയ്തു. അവൻ ഉടൻ ചെയ്യാനിരിക്കുന്നതും അതുതന്നെയാണ്.
ദൈവപുത്രനായ യേശുക്രിസ്തു ഭൂമിയിൽ വന്നപ്പോൾ തന്റെ അനുഗാമികളെ വിശേഷാൽ ഒരു സംഗതി പഠിപ്പിച്ചു. ദൈവത്തിന്റെ “ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാർഥിക്കാൻ. (മത്തായി 6:10) ഭൂമി ഒരു പറുദീസയായിത്തീരുമെന്ന് യേശു സൂചിപ്പിക്കുകയും ചെയ്തു. (ലൂക്കൊസ് 23:43) അവൻ പറഞ്ഞതിന്റെ അർഥമെന്തായിരിക്കുമെന്നു ചിന്തിക്കുക. ചേരിപ്രദേശങ്ങളോ അനധികൃത ജനവാസകേന്ദ്രങ്ങളോ അന്ന് ഉണ്ടായിരിക്കുകയില്ല. ആളുകൾക്ക് തെരുവിൽ ഉറങ്ങേണ്ടിവരില്ല, കുടിയൊഴിപ്പിക്കൽ ഭീഷണി ഒരു പഴങ്കഥയായി മാറും. എത്ര ആഹ്ലാദഭരിതമായ സമയമായിരിക്കും അത്! അതേ, ദൈവരാജ്യം ഭരിക്കുമ്പോൾ എല്ലാവർക്കുമുണ്ടായിരിക്കും സ്വന്തമായൊരു വീട്!
[10-ാം പേജിലെ ചതുരം/ചിത്രം]
പുരാതന ഇസ്രായേലിലെ വീടുകൾ
തെളിവനുസരിച്ച്, കനാനിൽ മുമ്പു ജീവിച്ചിരുന്ന കനാന്യരെപ്പോലെതന്നെ കല്ലുകൊണ്ടുള്ള വീടുകളോടായിരുന്നു ഇസ്രായേല്യർക്കു പ്രിയം. ഇവ മറ്റുള്ളവയെ അപേക്ഷിച്ച് ഉറപ്പുള്ളതും കള്ളന്മാരിൽനിന്നു സംരക്ഷണം നൽകുന്നതും ആണെന്നതായിരിക്കണം കാരണം. (യെശയ്യാവു 9:9; ആമോസ് 5:11) എന്നാൽ സമതല പ്രദേശങ്ങളിൽ വെയിലത്തുണക്കിയതോ ചൂളയിൽ ചുട്ടെടുത്തതോ ആയ ഇഷ്ടികകൾ ഉപയോഗിച്ചാണ് വീടുകളുടെ ചുവരുകൾ പണിതിരുന്നത്. മിക്കതിന്റെയും മേൽക്കൂര പരന്നതായിരുന്നു. ചിലപ്പോൾ മുകളിൽ ഒരു മുറിയും പണിതിട്ടുണ്ടായിരിക്കും. പല വീടുകളുടെയും മുറ്റത്ത് ഒരു അടുപ്പുണ്ടായിരുന്നു, കൂടാതെ ഒരു കിണറോ വെള്ളം സംഭരിച്ചുവെക്കുന്ന കുഴിയോ ചില വീട്ടുമുറ്റങ്ങളിൽ കാണാമായിരുന്നു.—2 ശമൂവേൽ 17:18.
വീടുണ്ടാക്കുമ്പോൾ പാലിക്കേണ്ട നിരവധി നിബന്ധനകളെക്കുറിച്ച് മോശൈക ന്യായപ്രമാണം പറയുന്നുണ്ട്. ഏറ്റവും പ്രധാനം സുരക്ഷ ആയിരുന്നുവെന്നതിൽ സംശയമില്ല. അപകടം ഒഴിവാക്കാനായി, പരന്ന മേൽക്കൂരയ്ക്കു ചുറ്റും ഒരു പാരപ്പറ്റ് അഥവാ കൈമതിൽ കെട്ടേണ്ടതുണ്ടായിരുന്നു. സഹമനുഷ്യന്റെ വീട് മോഹിക്കരുത് എന്നുള്ള മുന്നറിയിപ്പായിരുന്നു ഇസ്രായേല്യർക്കുള്ള പത്താമത്തെ കൽപ്പന. ഇനി, ആർക്കെങ്കിലും തന്റെ വീടു വിൽക്കേണ്ടതായിവന്നാൽ അയാൾക്ക് നിശ്ചിത അവധിക്കുള്ളിൽ അതു വീണ്ടെടുക്കാനുള്ള അവകാശമുണ്ടായിരുന്നു.—പുറപ്പാടു 20:17; ലേവ്യപുസ്തകം 25:29-33; ആവർത്തനപുസ്തകം 22:8.
ഇസ്രായേലിലെ ഒരു ഭവനം ആത്മീയ പ്രബോധനത്തിന്റെ കേന്ദ്രമായും വർത്തിച്ചിരുന്നു. വീട്ടിലിരിക്കുമ്പോൾ പുത്രന്മാരെ ദൈവിക നിബന്ധനകൾ പഠിപ്പിക്കേണ്ടതുണ്ടെന്ന് പിതാക്കന്മാരോടു പ്രത്യേകം നിർദേശിച്ചിരുന്നു. അതുപോലെ വിഗ്രഹാരാധനയുടെ സകല മാലിന്യങ്ങളിൽനിന്നും വീട് സംരക്ഷിക്കേണ്ടിയിരുന്നു.—ആവർത്തനപുസ്തകം 6:6, 7; 7:26.
[ചിത്രം]
പുരാതന ഇസ്രായേലിൽ, കൂടാരപ്പെരുന്നാൾ പോലുള്ള ആത്മീയ പ്രവർത്തനങ്ങൾക്ക് വീടുകൾ ഉപയോഗിച്ചിരുന്നു
[12-ാം പേജിലെ ചതുരം/ചിത്രം]
പുരാതനകാലത്തെ വീടുകൾ
ആദാമും ഹവ്വായും ഒരു വീട്ടിൽ താമസിച്ചതിനെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. എന്നാൽ കയീൻ “ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്റെ മകന്റെ പേരിട്ടു” എന്ന് ഉല്പത്തി 4:17-ലെ വിവരണം പറയുന്നു. ഇന്നത്തെ നിലയ്ക്കുനോക്കിയാൽ കയീൻ പണിത പട്ടണം, ചുറ്റും കെട്ടിയുറപ്പിച്ച ഒരു ഗ്രാമമായിരുന്നിരിക്കണം. ഏതുതരം പാർപ്പിടങ്ങളായിരുന്നു അന്നത്തേത് എന്നു വിവരണം പറയുന്നില്ല. സാധ്യതയനുസരിച്ച് ആ ഗ്രാമവാസികൾ മുഴുവനും കയീന്റെ അടുത്ത ബന്ധുക്കൾ ആയിരുന്നിരിക്കാം.
മുൻകാലങ്ങളിൽ സാധാരണമായിരുന്ന പാർപ്പിടമായിരുന്നു കൂടാരങ്ങൾ. കയീന്റെ മറ്റൊരു പിൻഗാമിയായ യാബാൽ “കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായ്തീർന്നു” എന്നു ബൈബിൾ പറയുന്നു. (ഉല്പത്തി 4:20) കെട്ടിയുയർത്താനും പൊളിച്ചുകൊണ്ടുപോകാനും കൂടുതൽ എളുപ്പമുള്ളതായിരുന്നു കൂടാരങ്ങൾ.
കാലാന്തരത്തിൽ നിരവധി സംസ്കാരങ്ങൾ ഉടലെടുത്തു, പട്ടണങ്ങൾ കൂടുതൽ ആഡംബര വസതികൾകൊണ്ടു നിറഞ്ഞു. ഉദാഹരണത്തിന് പൂർവപിതാവായ അബ്രാം (അബ്രാഹാം) ഒരിക്കൽ പാർത്തിരുന്ന ഊർ നഗരത്തിന്റെ കാര്യമെടുക്കാം. അവിടത്തെ ചില നിവാസികൾ തേച്ച് വെള്ളപൂശിയ സുഖസൗകര്യങ്ങളുള്ള വീടുകളിൽ താമസിച്ചിരുന്നതായി ശൂന്യശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരം വീടുകൾക്ക് 13-ഓ 14-ഓ മുറികളുമുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ ആളുകളുടെ അസൂയയ്ക്കു പാത്രമായ മണിമാളികകൾ ആയിരുന്നിരിക്കണം അവ.
[8, 9 പേജുകളിലെ ചിത്രം]
നീതിമാന്മാർക്ക് ഒരു സുരക്ഷിത പാർപ്പിടം ദൈവം വാഗ്ദാനം ചെയ്യുന്നു