ചാറ്റ് റൂമുകൾ—അവയെക്കുറിച്ച് ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?
യുവജനങ്ങൾ ചോദിക്കുന്നു . . .
ചാറ്റ് റൂമുകൾ—അവയെക്കുറിച്ച് ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?
“ഞാൻ ഒരു നാണംകുണുങ്ങിയാണ്. ഇന്റർനെറ്റിലെ ചാറ്റ് റൂമിൽ പക്ഷേ ആളുകളോടു സംസാരിക്കാൻ എനിക്ക് മടിയൊന്നുമില്ല, നേരിട്ടുകാണുകയാണെങ്കിൽ ഞാൻ സംസാരിക്കുകയില്ലാത്തവരോടുപോലും. കാരണം അവിടെ, ഞാൻ ആരാണെന്ന് ആർക്കും അറിയാനേ കഴിയില്ല.”—പീറ്റർ. *
“ചാറ്റ് റൂമിൽ നമുക്ക് ഇഷ്ടമുള്ളതെന്തും പറയാനുള്ള സ്വാതന്ത്ര്യം തോന്നും.”—അബിഗേൽ.
കമ്പ്യൂട്ടറിൽ സന്ദേശങ്ങൾ ടൈപ്പ് ചെയ്തുകൊണ്ട് പരസ്പരം സംഭാഷണം നടത്താൻ കഴിയുന്ന, ഇന്റർനെറ്റിലെ ഒരു ക്രമീകരണമാണ് ചാറ്റ് റൂം. പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങൾ വായിച്ചും അവയോടു പ്രതികരിച്ചും നിരവധി പേർക്ക് ഒരേ സമയം ചാറ്റ് റൂമുകളിൽ സല്ലപിക്കാൻ കഴിയും.
ചില ചാറ്റ് റൂമുകൾ യുവപ്രായത്തിലുള്ളവരെ വിശേഷാൽ ആകർഷിക്കുന്നു. വിവിധ സംസ്കാരങ്ങളിൽപ്പെട്ട ലക്ഷക്കണക്കിനു യുവജനങ്ങൾ ഈ സംവിധാനം ഉപയോഗിച്ചുകൊണ്ട് ഏതാണ്ട് എല്ലാ വിഷയങ്ങളെക്കുറിച്ചും ദിവസേന പരസ്പരം അഭിപ്രായങ്ങൾ കൈമാറുന്നു. ഇന്ന് ചില സ്കൂളുകൾ, ഈ ആഗോള സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ഐക്യനാടുകളിലെ വിദ്യാർഥികൾ അധ്യാപകരുടെ മേൽനോട്ടത്തിൻ കീഴിൽ സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സഹ വിദ്യാർഥികളുമായി സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്തേക്കാം. യോഗ്യതയുള്ള ഒരു എഞ്ചിനീയറോടോ രസതന്ത്രജ്ഞനോടോ മറ്റേതെങ്കിലും വിദഗ്ധരോടോ തങ്ങളുടെ ക്ലാസ്സ് പ്രോജക്റ്റിനെക്കുറിച്ച് ചർച്ച ചെയ്യാൻപോലും വിദ്യാർഥികൾ താത്പര്യപ്പെട്ടേക്കാം.
എന്നിരുന്നാലും ചാറ്റ് റൂമുകൾ സന്ദർശിക്കുന്നവരിൽ പലരും, കലാലയ വിഷയങ്ങൾ ചർച്ച ചെയ്യാനല്ല അവ ഉപയോഗിക്കുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ എന്ത് അപകടങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം?
ലൈംഗിക ആഭാസന്മാരുടെ വിഹാരരംഗം
അബിഗേൽ പറയുന്നതു ശ്രദ്ധിക്കുക: “ഒരിക്കൽ ഞാൻ ചാറ്റ് റൂമിൽ ചില ആളുകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരാൾ എന്നോട്, 14 വയസ്സുള്ള കുട്ടികളെ ആരെയെങ്കിലും എനിക്ക് അറിയാമോ എന്നു ചോദിച്ചത്. അയാൾക്ക് അവരുമായി സെക്സിൽ ഏർപ്പെടാനാണത്രേ. അവർക്ക് പണം നൽകാൻ തയ്യാറാണെന്നും അയാൾ പറഞ്ഞു.”
അബിഗേലിന്റേത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല. ലൈംഗികചൂഷകർ ഓൺലൈൻ വ്യാപകമായി കയ്യടക്കിയിരിക്കുന്നതിനാൽ യുവജനങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ചില ഗവൺമെന്റുകൾ ഗൈഡുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഐക്യനാടുകളിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഒരു പ്രസിദ്ധീകരണം, ചാറ്റ് റൂമിൽ സല്ലപിക്കാൻ തുടങ്ങുന്ന ഉടൻതന്നെ പച്ചയായ ലൈംഗിക വിഷയങ്ങളിലേക്കു സംഭാഷണം തിരിച്ചുവിടാൻ ശ്രമിക്കുന്ന വ്യക്തികളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു. “സ്നേഹവും ദയയും താത്പര്യവും ചൊരിഞ്ഞും സമ്മാനങ്ങൾ നൽകിയുമൊക്കെ ഇരകളെ പതുക്കെപ്പതുക്കെ വശീകരിക്കു”ന്നവർക്കെതിരെയും ജാഗ്രത പാലിക്കാൻ അത് ആവശ്യപ്പെടുന്നു.
ഇത്തരം ഇരപിടിയന്മാരിൽ ചിലർ ഉപയോഗിക്കുന്ന പ്രത്യേക മാർഗങ്ങളെക്കുറിച്ച് എഫ്ബിഐ ഗൈഡ് വിശദീകരിക്കുന്നു: “അവർ കുട്ടികളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചുകേൾക്കുകയും സമാനുഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ പാട്ടുകൾ ഏതെല്ലാമാണെന്നും കുട്ടികളുടെ താത്പര്യങ്ങളും ഹോബികളും എന്തൊക്കെയാണെന്നും അവർക്കറിയാം. ലൈംഗികച്ചുവയുള്ള വാക്കുകളും വിഷയങ്ങളും പതുക്കെപ്പതുക്കെ തങ്ങളുടെ സംഭാഷണങ്ങളിൽ തിരുകിക്കയറ്റിക്കൊണ്ട് കുട്ടികളുടെ സങ്കോചം ക്രമേണ കുറച്ചുകൊണ്ടുവരാൻ ഇവർ ശ്രമിക്കുന്നു.”
അപകടഭീഷണി ഉയർത്തുന്നത് സ്വഭാവവൈകൃതമുള്ള മുതിർന്ന വ്യക്തികൾ മാത്രമല്ല. ബൈബിളിന്റെ ധാർമിക നിലവാരങ്ങളെക്കുറിച്ച് അറിവില്ലാത്ത അല്ലെങ്കിൽ അവയെ ആദരിക്കാത്ത യുവജനങ്ങൾക്കെതിരെയും നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോഡി എന്ന ഒരു യുവവ്യക്തിയുടെ
അനുഭവം പരിചിന്തിക്കുക. അവൻ ചാറ്റ് റൂമിൽ മറ്റു യുവജനങ്ങളുമായി സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു പെൺകുട്ടി അവനെ, സ്വകാര്യമായി സംഭാഷണം നടത്താൻ കഴിയുന്ന ഒരു സൈറ്റിലേക്കു ക്ഷണിച്ചത്. തുടർന്നുണ്ടായ സംഭാഷണത്തിനിടെ അവൾ അവനോട് ലൈംഗികച്ചുവയുള്ള ഒരു ചോദ്യം ചോദിച്ചു. ഉടനടി സംഭാഷണം അവസാനിപ്പിക്കാനുള്ള ആത്മനിയന്ത്രണം കോഡിക്ക് ഉണ്ടായിരുന്നു.ലൈംഗികതയിലുള്ള താത്പര്യം സ്വാഭാവികമായതുകൊണ്ട് കോഡി പ്രതികരിച്ച അതേവിധത്തിൽ പ്രതികരിക്കാൻ നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. നേരത്തേ പ്രതിപാദിച്ച പീറ്റർ ഇപ്രകാരം സമ്മതിച്ചുപറയുന്നു: “വിഷയം ലൈംഗിക കാര്യങ്ങളിലേക്കു തിരിയുന്നപക്ഷം ചാറ്റ് റൂമിലെ സംഭാഷണം അവസാനിപ്പിക്കാൻ ആവശ്യമായ ആത്മനിയന്ത്രണം എനിക്കുണ്ടെന്നു ഞാൻ കരുതി. എന്നാൽ പലപ്പോഴും മറിച്ചാണു സംഭവിച്ചത്. സംഭാഷണം നിറുത്തുന്നതിനു പകരം ലൈംഗിക വിഷയങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമായിരുന്നു. പിന്നീട് അതേക്കുറിച്ചോർക്കുമ്പോൾ എനിക്കു കുറ്റബോധം തോന്നുകയും ചെയ്യുമായിരുന്നു.” എന്നിരുന്നാലും, ‘ഞാൻ ആരാണെന്നു വെളിപ്പെടുത്താതിരിക്കുകയാണെങ്കിൽ ചാറ്റ് റൂമിൽ ലൈംഗിക കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം.
ഓൺലൈനിലൂടെയുള്ള ലൈംഗിക ചർച്ചകൾ ദോഷകരമോ?
ബൈബിൾ ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കുന്നു. (സദൃശവാക്യങ്ങൾ 5:18, 19) യുവപ്രായക്കാർക്ക് ലൈംഗികതയിൽ വർധിച്ച താത്പര്യം ഉണ്ടായിരിക്കുമെന്നതു ശരിയാണ്. അതുകൊണ്ട് ലൈംഗികതയെക്കുറിച്ചു നിങ്ങൾ സംസാരിക്കുകതന്നെ വേണം. ഈ സുപ്രധാന വിഷയത്തെക്കുറിച്ച് നിങ്ങൾക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടത് ആവശ്യമാണ്. * എന്നാൽ ലൈംഗിക വിഷയങ്ങളിലുള്ള ജിജ്ഞാസയെ നിങ്ങൾ എങ്ങനെ തൃപ്തിപ്പെടുത്തുന്നു എന്നത് നിങ്ങളുടെ ഇപ്പോഴത്തെയും ഭാവിയിലെയും സന്തോഷത്തിന്മേൽ ആഴമായ പ്രഭാവം ചെലുത്തും.
സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്ന വ്യക്തികളുമായിട്ടാണെങ്കിൽപ്പോലും ലൈംഗികതയെക്കുറിച്ച് ഇന്റർനെറ്റിലൂടെ സംസാരിക്കാൻ തീരുമാനിക്കുന്നെങ്കിൽ, ബൈബിളിൽ വിവരിച്ചിരിക്കുന്ന ചെറുപ്പക്കാരന്റെ അനുഭവംതന്നെ നിങ്ങൾക്കും നേരിട്ടേക്കാം. ജിജ്ഞാസ നിമിത്തം അവൻ ഒരു വേശ്യാസ്ത്രീയുടെ വീടിന്റെ പരിസരത്ത് ചുറ്റിത്തിരിഞ്ഞു. ആദ്യമെല്ലാം അവർ തമ്മിൽ വെറുതേ സംസാരിക്കുകയേ ചെയ്തുള്ളൂ. എന്നാൽ ഉള്ളിൽ തെറ്റായ മോഹങ്ങൾ ഉണർന്നപ്പോൾ അവന് അവളോട് സംസാരിച്ചാൽ മാത്രം പോരെന്ന അവസ്ഥയായി. പെട്ടെന്നുതന്നെ, “അറുക്കുന്നേടത്തേക്കു കാള . . . പോകുന്നതുപോലെയും, പക്ഷി . . . കെണിയിലേക്കു ബദ്ധപ്പെടുന്നതു പോലെയും . . . അവൻ അവളുടെ പിന്നാലെ ചെന്നു.”—സദൃശവാക്യങ്ങൾ 7:22, 23.
സമാനമായി, ഇന്റർനെറ്റിലൂടെയുള്ള ലൈംഗിക സംഭാഷണങ്ങൾ കൂടുതൽ സംതൃപ്തി തേടി പോകുന്നതിലേക്കു നിങ്ങളെ എളുപ്പം നയിച്ചേക്കാം. “ഞാൻ ഓൺലൈനിൽ ഒരു വ്യക്തിയുമായി സംസാരിക്കുകയായിരുന്നു,” ഫിലിപ്പ് എന്ന കൗമാരപ്രായക്കാരൻ പറയുന്നു. “പെട്ടെന്നാണ് സ്ക്രീനിൽ ഒരു അശ്ലീലചിത്രം പ്രത്യക്ഷപ്പെട്ടത്. ഞാനുമായി സംഭാഷണം നടത്തിക്കൊണ്ടിരുന്ന ആൾതന്നെയാണ് അത് അയച്ചത്.” ലൈംഗികതയെ പച്ചയായി തുറന്നുകാട്ടുന്ന വിവരങ്ങളോ ചിത്രങ്ങളോ ആസ്വദിക്കാനുള്ള മോഹം ഉണർന്നുകഴിഞ്ഞാൽ, ഒരു പടികൂടെ മുന്നോട്ടു പോയി മുതിർന്നവർക്കുള്ള ചാറ്റ് റൂമോ മറ്റോ സന്ദർശിച്ചുകൊണ്ട് ആ ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ നിങ്ങൾക്കു പ്രലോഭനം ഉണ്ടായേക്കാം. * അശ്ലീലം വീക്ഷിക്കുകയെന്ന കെണിയിൽ അകപ്പെടുന്ന പലരും തുടർന്ന് അധാർമികതയിലേക്കു വഴുതിവീഴുകയും അതിന്റെ ഒഴിവാക്കാനാവാത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.—ഗലാത്യർ 6:7, 8.
ഓൺലൈനിൽ നിങ്ങളുമായി ലൈംഗിക കാര്യങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ക്ഷേമത്തിൽ താത്പര്യമുള്ളവരല്ല. അധാർമികമായ സംസാരത്തിലേക്കും * ആളുകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന ഒരു സ്ത്രീയിൽനിന്ന് തന്റെ മകനെ സംരക്ഷിക്കാനായി ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “നിന്റെ വഴി അവളിൽനിന്ന് അകന്നിരിക്കട്ടെ, അവളുടെ വീട്ടുപടിക്കടുത്ത് നീ പോകരുത്; അല്ലെങ്കിൽ നിന്റെ അന്തസ്സ് അന്യർക്കു . . . നല്കേണ്ടിവരും. നിന്റെ ശക്തി മുഴുവൻ അന്യർ സ്വായത്തമാക്കും.” (സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 5:8-10, ഓശാന ബൈബിൾ) ഈ ബുദ്ധിയുപദേശത്തിൽ അടങ്ങിയിരിക്കുന്ന തത്ത്വം ബാധകമാക്കിക്കൊണ്ട് ഇങ്ങനെ പറയാവുന്നതാണ്: ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ചാറ്റ് റൂമുകൾക്കടുത്തേക്കു പോകരുത്. അല്ലെങ്കിൽ നിങ്ങളെ ചൂഷണം ചെയ്ത് സ്വന്തമോഹങ്ങൾ തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന അപരിചിതർക്ക് നിങ്ങളുടെ അന്തസ്സു നൽകേണ്ടിവരും.
സാധ്യതയനുസരിച്ച് പ്രവൃത്തികളിലേക്കും തന്ത്രപൂർവം നിങ്ങളെ വലിച്ചിഴച്ച് സ്വന്തമോഹങ്ങൾ തൃപ്തിപ്പെടുത്താനാണ് ഈ അപരിചിതർ ആഗ്രഹിക്കുന്നത്.‘കപടക്കാർ’
എന്നാൽ ഓൺലൈനിൽ ലൈംഗികതയെക്കുറിച്ചു സംസാരിക്കാനൊന്നും ആഗ്രഹമില്ലെന്നു നിങ്ങൾ പറഞ്ഞേക്കാം. മുമ്പ് പ്രതിപാദിച്ച പീറ്ററിനെയും അബിഗേലിനെയും പോലെ ആരാണെന്നു വെളിപ്പെടുത്താതെ, സങ്കോചമില്ലാതെ ആളുകളുമായി തുറന്ന സംഭാഷണത്തിലേർപ്പെടാൻ പറ്റിയ ഒരിടമായിട്ടായിരിക്കാം നിങ്ങൾ ചാറ്റ് റൂമിനെ വീക്ഷിക്കുന്നത്. * എന്നാൽ അവിടെയും ഒരപകടം പതിയിരിപ്പുണ്ട്.
പേരോ വിലാസമോ വെളിപ്പെടുത്താതെ ആളുകളുമായി സംസാരിക്കാൻ ചാറ്റ് റൂമുകൾ സൗകര്യം ഒരുക്കിത്തരുന്നതുകൊണ്ട് വഞ്ചനാത്മകമായി പെരുമാറാൻ നിങ്ങൾക്കു പ്രലോഭനം തോന്നിയേക്കാം. അബിഗേൽ പറയുന്നു: “ആളുകളുമായി സംഭാഷണത്തിലേർപ്പെട്ടു കഴിയുമ്പോൾ, അവരുമായി ഇഴുകിച്ചേരാൻ ഞാൻ മറ്റൊരു വ്യക്തിത്വം എടുത്തണിയും.” ചാറ്റ് റൂമിൽ നിങ്ങളോടൊപ്പം സല്ലപിച്ചുകൊണ്ടിരിക്കുന്ന കൂട്ടത്തോടൊപ്പം ഇഴുകിച്ചേരുന്നതിനായി വേറൊരു വ്യക്തിത്വം ധരിക്കാൻ അബിഗേലിനെപ്പോലെ നിങ്ങൾക്കും പ്രലോഭനം തോന്നിയേക്കാം. പുതിയ സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള ശ്രമത്തിൽ നിങ്ങൾ അവരുടെ ഭാഷാ നിലവാരങ്ങളുമായി അനുരൂപപ്പെടുകയോ അവരുടെ അഭിരുചികൾ സ്വന്തമാക്കുകയോ ചെയ്തേക്കാം. അതല്ലെങ്കിൽ, നിങ്ങളുടെ മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ സ്വീകാര്യമായിരിക്കുകയില്ലെന്നു നിങ്ങൾക്കു തോന്നുന്ന ആശയങ്ങളും തോന്നലുകളും തുറന്നു പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി നിങ്ങൾ ചാറ്റ് റൂമിനെ വീക്ഷിച്ചേക്കാം. രണ്ടു തരത്തിലായാലും, ഏതെങ്കിലും ഒരു പക്ഷത്തെ നിങ്ങൾ വഞ്ചിക്കുകയാണ്. ഓൺലൈനിൽ മറ്റൊരാളായി നടിക്കുകവഴി ചാറ്റ് റൂമിൽ നിങ്ങളോടൊപ്പം സംഭാഷണത്തിൽ ഏർപ്പെടുന്നവരെ നിങ്ങൾ വഞ്ചിക്കുന്നു. ഇനി, യഥാർഥത്തിൽ മനസ്സിലുള്ള ആശയങ്ങളും തോന്നലുകളുമല്ല വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നിൽ നിങ്ങൾ പ്രകടിപ്പിക്കുന്നതെങ്കിൽ നിങ്ങൾ അവരെ വഞ്ചിക്കുകയാണ്.
ചാറ്റ് റൂമുകൾ അടുത്തകാലത്ത് രൂപംകൊണ്ടിട്ടുള്ള ഒരു സംവിധാനമാണെങ്കിലും കള്ളം പറയാനും വഞ്ചന കാണിക്കാനുമുള്ള മനുഷ്യരുടെ പ്രവണതയ്ക്ക് ചരിത്രത്തോളംതന്നെ പഴക്കമുണ്ട്. ചാറ്റ് റൂം സന്ദർശകരിൽ ചിലർ ഉപയോഗിക്കുന്ന തന്ത്രത്തിന്റെ ആവിഷ്കാരകൻ ആദ്യത്തെ ഭോഷ്കാളിയായ പിശാചായ സാത്താനാണ് എന്നു ബൈബിൾ വെളിപ്പെടുത്തുന്നു. താൻ യഥാർഥത്തിൽ ആരാണെന്ന് മറച്ചുപിടിച്ചുകൊണ്ടാണ് അവൻ തന്റെ ആദ്യത്തെ നുണ അവതരിപ്പിച്ചത്. (ഉല്പത്തി 3:1-5; വെളിപ്പാടു 12:9, 10) ദാവീദ് രാജാവിന്റെ മാതൃക പിൻപറ്റുന്നെങ്കിൽ, കള്ളം പറയുന്നവരാൽ വഞ്ചിതരാകുന്നത് നിങ്ങൾക്ക് ഒഴിവാക്കാം. “വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ” അതായത്, യഥാർഥ മുഖം മറച്ചുപിടിക്കുന്നവരുടെ “അടുക്കൽ ഞാൻ ചെന്നിട്ടുമില്ല” എന്ന് അവൻ എഴുതി.—സങ്കീർത്തനം 26:4.
മുമ്പ് പരാമർശിച്ചപ്രകാരം, ചില ചാറ്റ് റൂമുകൾ പ്രയോജനകരമായ കാര്യങ്ങൾക്ക് ഉതകിയേക്കാം. എന്നുവരികിലും യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾ ഈ ആധുനിക ആശയവിനിമയോപാധിയുടെ ഉപയോഗത്തിൽ അതീവ ജാഗ്രത പാലിക്കണം. സ്കൂളിൽ എന്തെങ്കിലും പ്രോജക്റ്റ് തയ്യാറാക്കാനോ മറ്റോ നിങ്ങൾക്ക് ഏതെങ്കിലും ചാറ്റ് റൂം ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ മാതാപിതാക്കളോടോ പക്വതയുള്ള മറ്റേതെങ്കിലും മുതിർന്ന വ്യക്തിയോടോ ആ സമയത്ത് നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ആവശ്യപ്പെടുക. ചാറ്റ് റൂമുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കേണ്ടതിന്റെ മറ്റു രണ്ടു കാരണങ്ങളെക്കുറിച്ച് മറ്റൊരു ലക്കത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും. അവ ഉപയോഗിക്കുന്നതിൽ നിങ്ങൾ ജാഗ്രത പാലിക്കുന്നെങ്കിൽത്തന്നെയും ഉയർന്നുവന്നേക്കാവുന്ന ചില പ്രശ്നങ്ങളുണ്ട്. അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അതു കാണിച്ചുതരും.
[അടിക്കുറിപ്പുകൾ]
^ ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
^ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിൽ വിവാഹത്തിനു മുമ്പുള്ള ലൈംഗികത, ഹസ്തമൈഥുനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആരോഗ്യാവഹമായ, ബൈബിളധിഷ്ഠിത ബുദ്ധിയുപദേശങ്ങൾ അടങ്ങിയിട്ടുണ്ട്.
^ മുതിർന്നവർക്കുള്ളതെന്ന് പറയപ്പെടുന്ന ചില ചാറ്റ് റൂമുകൾ ഒരു പ്രത്യേക പ്രായപരിധിക്കു താഴെയുള്ളവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്നു. പൊതുവേ അതിനുള്ള കാരണം, അശ്ലീല ചിത്രങ്ങളും വിവരങ്ങളുമാണ് അവിടെ പങ്കുവെക്കപ്പെടുന്നത് എന്നതാണ്. എങ്കിലും ഒമ്പതു വയസ്സു മാത്രമുള്ള കുട്ടികൾപോലും വയസ്സു കൂട്ടിപ്പറഞ്ഞ് പ്രായപൂർത്തിയായവർക്കുള്ള ചാറ്റ് റൂമുകളിലേക്കു പ്രവേശനം നേടാൻ ശ്രമിക്കുന്നതായി സർവേകൾ വെളിപ്പെടുത്തുന്നു.
^ ചാറ്റ് റൂമിൽ നിങ്ങളുമായി സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തി ആരാണെന്നു തിരിച്ചറിയാൻ സാധിക്കാത്തതിനാൽ നിങ്ങളുടെ അതേ ലിംഗവർഗത്തിൽപ്പെട്ട ആരെങ്കിലും എതിർലിംഗവർഗത്തിൽപ്പെട്ട ആളായി നടിച്ചുകൊണ്ട് നിങ്ങളോടു സംസാരിച്ചേക്കാം.
^ ഉപയോക്താക്കൾ തങ്ങളുടെ പേരോ മേൽവിലാസമോ ഫോൺനമ്പറോ ചാറ്റ് റൂമിൽ ‘കണ്ടുമുട്ടുന്ന’ അപരിചിതർക്ക് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് ഇന്റർനെറ്റ് സുരക്ഷിതത്വം—മാതാപിതാക്കൾക്ക് ഒരു ഗൈഡ് നിർദേശിക്കുന്നു!
[14, 15 പേജുകളിലെ ചിത്രം]
ഓൺലൈൻ ചർച്ചകൾ അപകടകരമായിരുന്നേക്കാം