ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പൊണ്ണത്തടി “പൊണ്ണത്തടി—പരിഹാരമെന്ത്?” എന്ന ലേഖന പരമ്പര പ്രസിദ്ധീകരിച്ചതിന് അഭിനന്ദനങ്ങൾ. (2004 ഡിസംബർ 8) എന്റെ തൂക്കം 50 കിലോ കുറയ്ക്കാൻ എനിക്കു സാധിച്ചു. ശരിയായ ഭക്ഷണരീതിയും ദിവസേനയുള്ള വ്യായാമവുമാണ് അതിന് എന്നെ സഹായിച്ചത്. തൂക്കം കുറച്ചതിൽപ്പിന്നെ, ഞാൻ അത്ര പെട്ടെന്നു ക്ഷീണിച്ച് അവശയാകുന്നില്ല. അമിത ക്ഷീണം തോന്നാതെ വയൽ ശുശ്രൂഷയിൽ കൂടുതൽ സമയം ഏർപ്പെടാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്.
എം. ഇ., ഐക്യനാടുകൾ
എനിക്ക് 50-നോട് അടുത്തു പ്രായമുണ്ട്. ആരോഗ്യകാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ എന്റെ അമിതവണ്ണം ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല. വണ്ണം കുറയ്ക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഞാനിപ്പോൾ. ലേഖനം വായിച്ച ഉടൻതന്നെ ഞാൻ അതിനുള്ള ശ്രമം ആരംഭിച്ചു. യഹോവ നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ അതീവ ശ്രദ്ധാലുവാണെന്ന് ഈ ലേഖന പരമ്പര വായിച്ചപ്പോൾ എനിക്ക് ഉറപ്പായി.
എച്ച്. എസ്., ജപ്പാൻ
പൊണ്ണത്തടിയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങൾക്കു നന്ദി. വ്യായാമ പരിപാടിയും വ്യത്യസ്തമായ ഭക്ഷണശീലങ്ങളും ഇന്നുമുതൽ ഞാൻ പിൻപറ്റാൻ തുടങ്ങി. 30-ലേറെ വർഷമായി ഞാൻ ഉണരുക!യുടെ ഒരു വായനക്കാരിയാണ്. നിങ്ങളുടെ മാസിക ജീവിതത്തിൽ എനിക്ക് വളരെയധികം സഹായം പ്രദാനം ചെയ്തിരിക്കുന്നു!
എൻ. ജെ., ഐക്യനാടുകൾ
എനിക്ക് 160 കിലോ തൂക്കമുണ്ട്. 5-ാം പേജിലെ ചാർട്ട് അനുസരിച്ച് എനിക്ക് 76 കിലോ തൂക്കമേ പാടുള്ളൂ. ഇതൊന്നു കുറച്ചെടുക്കുക എന്നത് വലിയ ഒരു ജോലിതന്നെയാണ്. ഈ ലേഖനവും അതിലെ അനുഭവങ്ങളും ഇക്കാര്യത്തിൽ സഹായകമാകുമെന്ന് എനിക്കറിയാം.
ഡബ്ലിയു. ഒ., ഐക്യനാടുകൾ
യഹോവയും അവന്റെ സംഘടനയും നമ്മുടെ ആരോഗ്യകാര്യത്തിൽ കാണിക്കുന്ന താത്പര്യം എന്നെ വളരെയധികം സന്തോഷിപ്പിച്ചു. എന്നാൽ എനിക്ക് ഒരു കാര്യം അറിയണമെന്നുണ്ടായിരുന്നു. 5-ാം പേജിൽ ഒരു ചാർട്ടു കൊടുത്തിരുന്നല്ലോ. ഒരു വ്യക്തിയുടെ ശരീരഘടനയനുസരിച്ച് ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ തൂക്കം മുതൽ ഏറ്റവും കൂടിയ തൂക്കം വരെ കാണിക്കുന്ന ചാർട്ട് ചില ഡോക്ടർമാർ ഉപയോഗിക്കാറുണ്ട്. എല്ലുമുഴുപ്പു കൂടുതലുള്ള ശരീരപ്രകൃതിയാണ് എന്റേത്. അതുകൊണ്ട് എന്റെ തൂക്കം എന്റെ അതേ ഉയരമുള്ള, എന്നാൽ വലുപ്പം കുറഞ്ഞ ശരീരഘടനയുള്ള ഒരാളുടേതിൽനിന്നു വ്യത്യസ്തമായിരിക്കും.
സി. എസ്., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: ഈ വിവരങ്ങൾക്കു നന്ദി. 5-ാം പേജിലെ ചാർട്ട് ശരിയായ തൂക്കം മനസ്സിലാക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്ന ഒരിനം ചാർട്ടു മാത്രമാണ്. മറ്റു ചാർട്ടുകൾക്കു സാധുത കുറവാണെന്നു സൂചിപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചില്ല.
മെലിഞ്ഞവരാണ് ജീവിതത്തിൽ വിജയം വരിക്കുന്നതെന്നും അമിതവണ്ണമുള്ളവർ ഒരു പരാജയമാണെന്നും ഉള്ള വ്യാപകമായ വീക്ഷണം ഈ ലേഖനപരമ്പര പ്രതിഫലിപ്പിച്ചു. അമിതവണ്ണമുള്ളതുകൊണ്ട് ഞാൻ ഒന്നിനും കൊള്ളാത്ത, കാര്യങ്ങൾ ചെയ്യാൻ ഉത്സാഹം കാണിക്കാത്ത അലസയായ ഒരു വ്യക്തിയാണെന്ന് അർഥമുണ്ടോ?
ഐ. ജെ., ജർമനി
നിങ്ങൾ ഈ പ്രശ്നത്തിന്റെ മനശ്ശാസ്ത്രപരമായ വശം കണക്കിലെടുത്തില്ലെന്നാണ് എനിക്കു തോന്നുന്നത്. പൊണ്ണത്തടിക്ക് എതിരെ പൊരുതേണ്ടത് പ്രധാനമാണ് എന്നതിനോടു ഞാനും യോജിക്കുന്നു. എന്നാൽ ഒരാൾക്ക് തൂക്കം കുറയ്ക്കാൻ കഴിയുന്നില്ലെങ്കിലോ? ആ വ്യക്തിക്ക് എന്തു തോന്നും?
വൈ. ഇസഡ്., റഷ്യ
യഹോവ മെലിഞ്ഞ ആളുകളെ മാത്രമേ സ്നേഹിക്കുന്നുള്ളു എന്നോ “സാധാരണ” തൂക്കം ഉള്ളവർക്കു മാത്രമേ യഹോവയുടെ സാക്ഷികളാകാൻ കഴിയൂ എന്നോ ഉള്ള ധാരണ ചില വായനക്കാർക്കു ലഭിച്ചേക്കാം.
ആർ. ബി., ജർമനി
“ഉണരുക!”യുടെ പ്രതികരണം: ഞങ്ങളുടെ ലേഖനങ്ങളിൽ ചർച്ചചെയ്യാതിരുന്ന ആശയങ്ങളെ കുറിച്ചാണ് ഈ മൂന്നു വായനക്കാരും പരാമർശിച്ചിരിക്കുന്നത്. പൊണ്ണത്തടിയുടെ കാരണം എല്ലായ്പോഴും അമിത ഭക്ഷണമല്ല എന്നതു ശരിയാണ്. ഉദാഹരണത്തിന്, ചില മരുന്നുകൾ തൂക്കം വർധിക്കുന്നതിന് ഇടയാക്കിയേക്കാം. ജനിതക ഘടകങ്ങളും തൂക്കം കുറയ്ക്കുന്നത് ചിലർക്ക് കൂടുതൽ ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം. അതിന്റെ കാരണം എന്തുതന്നെയായിരുന്നാലും, പാകത്തിനു വണ്ണമുള്ള സ്ത്രീപുരുഷന്മാർക്കു മാത്രമേ ദൈവത്തിന്റെ അംഗീകാരമുള്ളു എന്നു സൂചിപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചതേയില്ല. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പിൻപറ്റാനും അങ്ങനെ അമിത തൂക്കം കുറയ്ക്കാനും ആഗ്രഹിക്കുന്ന ഏവർക്കും ആവശ്യമായ പ്രചോദനവും പ്രായോഗിക നിർദേശങ്ങളും നൽകുക എന്ന ഉദ്ദേശ്യത്തിലാണ് ഞങ്ങൾ ആ ലേഖനപരമ്പര തയ്യാറാക്കിയത്. അവ പിൻപറ്റുന്നത് ജീവരക്ഷാകരമാണ്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിൽ ഞങ്ങൾ ഖേദിക്കുന്നു.