നൂറുകോടി ആളുകളുടെ വിശപ്പകറ്റാനുള്ള ഉദ്യമം
നൂറുകോടി ആളുകളുടെ വിശപ്പകറ്റാനുള്ള ഉദ്യമം
വയറുനിറയെ ഭക്ഷണം കഴിക്കാനില്ലാത്ത നൂറുകോടി ആളുകളുണ്ട്. ഐക്യരാഷ്ട്രങ്ങളുടെ അഭിപ്രായത്തിൽ ഇത്തരമൊരു ഭീകരാവസ്ഥ നിലനിൽക്കാൻ പാടില്ലാത്തതാണ്.
2000 സെപ്റ്റംബർ 8-ന് ലോകത്തിലെ ഏറ്റവും പ്രമുഖരായ സ്ത്രീപുരുഷന്മാരുടെ ഒരു സദസ്സിനോട് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ കോഫി അന്നൻ ഇങ്ങനെ പറഞ്ഞു: “കൊടുംദാരിദ്ര്യം തുടച്ചുമാറ്റുകയെന്നതാണു നിങ്ങളുടെ പ്രഥമ ലക്ഷ്യമെന്നു നിങ്ങൾ പറഞ്ഞിട്ടുണ്ട്.” ഐക്യരാഷ്ട്രങ്ങളുടെ സഹസ്രാബ്ദ ഉച്ചകോടിയിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു ഇവരെല്ലാം. അവിടെവെച്ച് ഈ നേതാക്കളിൽ പലരും ലോകത്തിലെ ദരിദ്ര ജനതയുടെ പ്രശ്നങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കുകയുണ്ടായി. “കൊടുംദാരിദ്ര്യം മനുഷ്യരാശിക്ക് ഒരു അപമാനമാണ്,” ബ്രസീലിന്റെ ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ വാക്കുകൾ ഒരുപടികൂടെ കടന്നതായിരുന്നു: “വികസിത രാജ്യങ്ങൾ, ആഫ്രിക്കയിൽ പരാജയത്തിന്റെ ഒരു നിറംമങ്ങിയ രേഖയാണുണ്ടാക്കിയത്. അത് നമ്മുടെ സംസ്കാരത്തെ ഞെട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതും ആണ്.”
വിശക്കുന്ന മനുഷ്യരെ പോറ്റാൻ തങ്ങളാലാവതു ചെയ്യാൻ പരാജയപ്പെടുകവഴി രാഷ്ട്രങ്ങൾ സ്വയം അപമാനം വരുത്തിവെച്ചിരിക്കുന്നുവെന്ന് ഈ രണ്ടു പ്രസംഗകർ വ്യക്തമാക്കി. ഉച്ചകോടിയിൽ പങ്കെടുത്തവർ, ഭൂമുഖത്തെമ്പാടും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള തങ്ങളുടെ ആഗ്രഹത്തിന്റെ തെളിവെന്നവണ്ണം എട്ടുഭാഗങ്ങളുള്ള ഒരു പ്രമേയം അംഗീകരിച്ചുകൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കാൻ സ്വയം പ്രതിജ്ഞാബദ്ധരാക്കി. ആ പ്രമേയത്തിൽ പിൻവരുന്ന സംഗതികൾ ഉൾപ്പെടുന്നു: “കൊടുംദാരിദ്ര്യത്തിന്റെ അങ്ങേയറ്റം ദുരിതമയവും മനുഷ്യത്വഹീനവുമായ അവസ്ഥകളിൽനിന്നു സഹജീവികളെ മോചിപ്പിക്കാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യും. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കോടിയിലേറെപ്പേർ ഇന്ന് ഇതിന്റെ പിടിയിലാണ്. . . . 2015 ആകുമ്പോഴേക്ക്, ലോകജനതയിൽ ദിവസം ഒരു ഡോളറിൽതാഴെ വരുമാനമുള്ളവരുടെ അനുപാതവും വിശന്നുവലയുന്നവരുടെ അനുപാതവും പകുതിയായി കുറയ്ക്കാൻ യത്നിക്കുമെന്നും ഞങ്ങൾ ദൃഢനിശ്ചയം ചെയ്യുന്നു.”
ഈ മഹത്തായ ലക്ഷ്യം നിറവേറ്റുന്ന കാര്യത്തിൽ 2000 സെപ്റ്റംബർ മുതൽ എന്തു പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്?
പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു
2003-ൽ ലോക സാമ്പത്തിക ഫോറത്തിന്റെ ‘ഗ്ലോബൽ ഗവേർണൻസ് ഇനിഷ്യേറ്റീവ്,’ ഐക്യരാഷ്ട്രങ്ങളുടെ സഹസ്രാബ്ദ പ്രഖ്യാപനത്തിലെ ലക്ഷ്യങ്ങൾ നേടാൻവേണ്ടി എന്തെല്ലാം ചെയ്തിരിക്കുന്നെന്നു വിലയിരുത്താൻ തുടങ്ങി. 2004 ജനുവരി 15-ന് പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “അതിപ്രധാന ലക്ഷ്യങ്ങളുടെ കാര്യത്തിലെല്ലാം ആവശ്യമായ പരിശ്രമം ചെയ്യുന്നതിൽ ലോകം അമ്പേ പരാജയപ്പെടുകയാണ്.” വിശപ്പിന്റെ കാര്യമെടുത്താൽത്തന്നെ, “ഭക്ഷ്യവസ്തുക്കളുടെ അഭാവമല്ല ലോകത്തിലെ പ്രശ്നം. ആവശ്യത്തിന് ആഹാരപദാർഥങ്ങൾ ലഭ്യമാണ്. പക്ഷേ, ഉള്ള ഭക്ഷണവും പോഷണവും ഒന്നും നിർധനർക്കു ലഭ്യമല്ല, അതാണു പ്രശ്നം,” റിപ്പോർട്ട് പറയുന്നു.
ലോകമൊട്ടാകെയുള്ള ദാരിദ്ര്യപ്രശ്നം കണക്കിലെടുത്താൽ,
“ഉദാസീനമായി പ്രവർത്തിക്കുന്നതിന്റെ ഉത്തരവാദിത്വം പ്രധാനമായും ഇപ്പോൾ സമ്പന്നവും ദരിദ്രവുമായ ഗവൺമെന്റുകളുടെ ചുമലിലാണ്. സമ്പന്ന രാഷ്ട്രങ്ങൾ രൂപംനൽകുന്ന ആഗോള സാമ്പത്തിക വ്യവസ്ഥ ഒട്ടുമിക്കപ്പോഴും അങ്ങേയറ്റം ദരിദ്രമായ രാഷ്ട്രങ്ങൾക്കു തിരിച്ചടിയാകുകയാണ്. സമ്പന്ന രാജ്യങ്ങൾ വാചകക്കസർത്തു നടത്തുമെങ്കിലും തങ്ങൾ രൂപീകരിച്ച വ്യവസ്ഥ അഴിച്ചുപണിയാൻ അവർക്കു മനസ്സില്ല. തീരെ ദരിദ്രമായ രാജ്യങ്ങളെ ഉദ്ദേശിച്ചുള്ള വികസന സഹായങ്ങൾ ഗണ്യമായ തോതിൽ വർധിപ്പിക്കുന്നതിനും അവർക്കൊരു താത്പര്യവുമില്ല,” റിപ്പോർട്ട് പറയുന്നു. ഇത്രയൊക്കെ കേട്ടിട്ടും രാഷ്ട്രീയക്കാർ ഇക്കാര്യങ്ങളിലൊക്കെ എന്തെങ്കിലും ചെയ്യുന്നതിനു പകരം വാഗ്വാദങ്ങളിൽ തുടരുന്നു, ഗവൺമെന്റുകൾ ഓരോന്നും സ്വന്തം പ്രയോജനത്തിനുവേണ്ടി കരുക്കൾ നീക്കുന്നതിലും. ലോകത്തിലെ ദരിദ്രജനതയോ? അവർ എന്നത്തെയുംപോലെ വിശന്ന് ഉറങ്ങുന്നു.ലോക സാമ്പത്തിക ഫോറത്തിന്റെ “വാഞ്ഛയിൽനിന്നു പ്രവർത്തനത്തിലേക്ക്” എന്ന തലക്കെട്ടോടുകൂടിയ ഒരു വസ്തുതാപത്രം ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “അന്താരാഷ്ട്ര വ്യാപാര നയങ്ങൾക്കു മാറ്റംവന്നില്ലെങ്കിൽ, ദേശീയ നയങ്ങൾ വിശപ്പകറ്റുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും വിജയകരമായ പ്രാദേശിക ഉദ്യമങ്ങൾ വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ, മനുഷ്യകുലത്തിന്റെ വലിയൊരു ഭാഗവും വിശന്നു വലയും.” മെച്ചപ്പെട്ട നയങ്ങൾക്കു രൂപം നൽകുകയും “വിജയകരമായ പ്രാദേശിക ഉദ്യമങ്ങൾ” വർധിപ്പിക്കുകയും ചെയ്യേണ്ടത് ആരാണ്? മുഴു മാനവജാതിയുടെയും അവസ്ഥ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള തങ്ങളുടെ തീരുമാനം 2000-ത്തിൽ പരസ്യമായി പ്രഖ്യാപിച്ച അതേ ഗവൺമെന്റുകൾക്കു തന്നെയാണ് ഇതിന്റെ ഉത്തരവാദിത്വം.
പൂവണിയാതെപോയ ഒരു വാഗ്ദാനത്തിന്റെ പേരിൽ നിരാശ തോന്നിയേക്കാം. എന്നാൽ വെറും ജലരേഖകളായ നിരവധി വാഗ്ദാനങ്ങൾ ജനമനസ്സുകളിൽ അവിശ്വാസം വിതയ്ക്കുന്നു. പാവപ്പെട്ടവർക്കുവേണ്ടി കരുതുമെന്ന വാഗ്ദാനം പാലിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ലോക ഗവൺമെന്റുകൾ ജനങ്ങളുടെ അവിശ്വാസത്തിനു പാത്രമായിരിക്കുന്നു. ഒരു ദരിദ്ര കരീബിയൻ രാജ്യത്തു ജീവിക്കുന്ന ഒരു അമ്മയ്ക്ക് അഞ്ചുമക്കളടങ്ങുന്ന തന്റെ കുടുംബത്തിന് ഒരുനേരത്തെ ആഹാരമേ നൽകാൻ കഴിയുന്നുള്ളൂ. അവൾ പറയുന്നു: “കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നതിനെക്കുറിച്ചു മാത്രമാണ് എന്റെ ചിന്ത. ആരു ഭരിക്കുന്നു എന്നതൊന്നും ഞങ്ങൾക്കൊരു പ്രശ്നമേയല്ല. ഏതെങ്കിലും ഭരണാധികാരിയിൽനിന്നു ഞങ്ങൾക്കിതുവരെ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.”
യിരെമ്യാവ് എന്ന ബൈബിളെഴുത്തുകാരന്റെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) ദരിദ്രജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലുള്ള മാനവഭരണകൂടങ്ങളുടെ പരാജയം ഈ ബൈബിൾ സത്യത്തിന് അടിവരയിടുന്നു.
എന്നാൽ, മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ശക്തിയും ആഗ്രഹവും ഉള്ള ഒരു ഭരണാധികാരിയുണ്ട്. ബൈബിൾ അവനെ തിരിച്ചറിയിക്കുന്നു. ആ ഭരണാധിപൻ ഭരണം ഏറ്റെടുക്കുമ്പോൾ മേലാൽ ആരെയും വിശപ്പ് അലട്ടുകയില്ല.
പ്രത്യാശയ്ക്ക് ഒരു അടിസ്ഥാനം
“എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു.” (സങ്കീർത്തനം 145:15) മനുഷ്യന്റെ ആഹാരത്തിനായുള്ള ആവശ്യം നിറവേറ്റുന്നതിൽ ശ്രദ്ധാലുവായ ഈ വ്യക്തി ആരാണ്? അത് നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവമാണ്. മനുഷ്യകുലം സഹസ്രാബ്ദങ്ങളിലുടനീളം ക്ഷാമത്തിനും മറ്റു കഷ്ടതകൾക്കും ഇരയായിട്ടുണ്ടെങ്കിലും യഹോവ എല്ലായ്പോഴും അവരിൽ തത്പരനായിരുന്നു. മാനവഭരണകൂടങ്ങളുടെ ദാരുണപരാജയം അവൻ കണ്ടിരിക്കുന്നു, അവൻ ഉടൻതന്നെ ഈ ഗവൺമെന്റുകളെ മാറ്റി തത്സ്ഥാനത്ത് തന്റേതായ ഒരു ഗവൺമെന്റ് സ്ഥാപിക്കുമെന്ന് ഒരിക്കലും തെറ്റുപറ്റാത്ത അവന്റെ വചനമായ ബൈബിൾ നമുക്കു കാണിച്ചുതരുന്നു.
യഹോവ ഇങ്ങനെ പറയുന്നു. “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീർത്തനം 2:6) അഖിലാണ്ഡത്തിന്റെ പരമാധികാരിയായവനിൽനിന്നുള്ള ഈ പ്രഖ്യാപനം പ്രത്യാശ പകരുന്നു. പ്രജകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ മനുഷ്യഭരണാധിപന്മാർ പലപ്പോഴും പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ദൈവത്താൽ നിയമിക്കപ്പെട്ട രാജാവായ യേശുക്രിസ്തു, ദരിദ്രജനതകൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള പ്രയോജനങ്ങൾ കൈവരുത്തും.
ഈ രാജാവിനെ ഉപയോഗിച്ച് യഹോവ വിശക്കുന്ന എല്ലാവരെയും പോറ്റും. “യഹോവ . . . സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടു . . . ഒരു വിരുന്നു കഴിക്കും,” യെശയ്യാവു 25:6 പറയുന്നു. യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യത്തിൻ കീഴിൽ ആളുകൾക്കു പോഷകസമൃദ്ധമായ ആഹാരം എന്നുമുണ്ടായിരിക്കും, അവർ ഭൂമിയുടെ ഏതുഭാഗത്തു ജീവിച്ചാലും. യഹോവയാം ദൈവത്തെക്കുറിച്ചു ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും . . . തൃപ്തിവരുത്തുന്നു.”—സങ്കീർത്തനം 145:16.
[21-ാം പേജിലെ ആകർഷക വാക്യം]
“വികസിത രാജ്യങ്ങൾ, ആഫ്രിക്കയിൽ പരാജയത്തിന്റെ ഒരു നിറംമങ്ങിയ രേഖയാണുണ്ടാക്കിയത്. അത് നമ്മുടെ സംസ്കാരത്തെ ഞെട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതും ആണ്.”—ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ
[20-ാം പേജിലെ ചിത്രം]
എത്യോപ്യ: ഇവിടെ ഏകദേശം 1.3 കോടി ആളുകൾ ഭക്ഷ്യസഹായങ്ങളെ ആശ്രയിക്കുന്നു. മുകളിൽ കാണിച്ചിരിക്കുന്ന കുട്ടി അവരിലൊരാളാണ്
[20-ാം പേജിലെ ചിത്രം]
ഇന്ത്യ: ഈ വിദ്യാർഥികൾക്കു സ്കൂളിൽ ഭക്ഷണം കിട്ടുന്നു
[20-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിൽ: © Sven Torfinn/Panos Pictures; താഴെ: © Sean Sprague/Panos Pictures