പാർപ്പിട പ്രതിസന്ധിയുടെ കാരണങ്ങൾ
പാർപ്പിട പ്രതിസന്ധിയുടെ കാരണങ്ങൾ
ആഫ്രിക്കയിലെ ഒരു വൻനഗരത്തിന്റെ പ്രാന്തപ്രദേശത്താണ് 36 വയസ്സുള്ള ജോസഫിനും 6-നും 11-നും ഇടയ്ക്ക് പ്രായമുള്ള മൂന്ന് ആൺമക്കളും താമസിക്കുന്നത്. പ്ലാസ്റ്റിക് പാത്രങ്ങൾ പെറുക്കി അടുത്തുള്ള ഒരു പുനഃസംസ്കരണ പ്ലാന്റിൽ കൊണ്ടുപോയിക്കൊടുത്താണ് ആ ഗൃഹനാഥ ഉപജീവനം കഴിക്കുന്നത്. നടുവൊടിയുന്ന ഈ പണി ചെയ്താൽ ഒരു ദിവസം കിട്ടുന്നതോ 90 രൂപയിൽ താഴെ. ആ നഗരത്തിൽ ഒരു കുടുംബംപോറ്റാനും കുട്ടികളെ പള്ളിക്കൂടത്തിൽ അയയ്ക്കാനും ഈ തുക മതിയാകുകയില്ല.
വൈകുന്നേരം ജോസഫിൻ തന്റെ കൂരയിൽ മടങ്ങിയെത്തുന്നു. വെയിലത്തുണക്കിയ ഇഷ്ടികയും കളിമണ്ണും കമ്പുകളും ചേർത്ത് ഉണ്ടാക്കിയതാണ് ചുവരുകൾ. തുരുമ്പെടുത്ത ഇരുമ്പുഷീറ്റ്, തകരം, പ്ലാസ്റ്റിക് എന്നിവകൊണ്ടുള്ളതാണ് മേൽക്കൂര, ഇതൊന്നും ആണിയടിച്ച് ഉറപ്പിക്കാതെ വെറുതെ എടുത്തുവെച്ചിരിക്കുകയാണ്. കല്ല്, തടി, പഴയ ലോഹപാളികൾ എന്നിവ മേൽക്കൂരയുടെ പുറത്തു വെച്ചിട്ടുണ്ട്. ശക്തമായ കാറ്റത്ത് ഷീറ്റുകൾ പറന്നുപോകാതിരിക്കാനാണിത്. ആ വീടിന്റെ ‘വാതിലുകളും’ ‘ജനലുകളും’ കീറച്ചാക്കുകൊണ്ടുള്ളതാണ്. കള്ളന്മാരിൽനിന്നോ രൂക്ഷമായ
കാലാവസ്ഥയിൽനിന്നോ അത് ആ കുടുംബത്തിന് ഒരു സംരക്ഷണവും നൽകുകയില്ല.വീടെന്നു വിളിക്കാൻ പറ്റില്ലാത്ത ഈ കൂരപോലും അവരുടെ സ്വന്തമല്ല. കുടിയൊഴിപ്പിക്കുമോയെന്ന ഭീതിയിൽ കഴിയുകയാണ് ജോസഫിനും മക്കളും. അവരുടെ ‘വീട്’ സ്ഥിതിചെയ്യുന്ന ഭാഗം അടുത്തുള്ള റോഡു വികസനത്തിനുവേണ്ടി എടുക്കാനിരിക്കുകയാണ്. സങ്കടകരമെന്നു പറയട്ടെ, ലോകമെമ്പാടും പല ദേശങ്ങളിലും നിലവിലുള്ളത് ഇതേ സാഹചര്യമാണ്.
വിഷമയമായ ഭവനം
“ദരിദ്രരുടെ പാർപ്പിടങ്ങ”ളെക്കുറിച്ച് ഒരു അന്താരാഷ്ട്ര പാർപ്പിട സഹായ പരിപാടിയുടെ മുതിർന്ന ഉദ്യോഗസ്ഥനായ റോബിൻ ഷെല്ലിന്റെ അഭിപ്രായം ശ്രദ്ധിക്കുക: അവിടെ “കുട്ടികൾക്ക് തങ്ങളുടെ വീടിനെക്കുറിച്ച് നാണക്കേടാണ്, . . . കുടുംബത്തിൽ രോഗമൊഴിഞ്ഞ നേരമില്ല, . . . സർക്കാർ ഉദ്യോഗസ്ഥനോ സ്ഥലമുടമയോ എപ്പോഴാണ് വന്ന് കുടിയൊഴിപ്പിക്കുകയെന്ന് അവർക്കറിയില്ല.”
മേൽപ്പറഞ്ഞ ഒരു പരിസ്ഥിതിയിൽ ജീവിതം തള്ളിനീക്കുമ്പോൾ കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചു വ്യാകുലപ്പെടാനേ മാതാപിതാക്കൾക്കു നേരമുള്ളൂ. സാഹചര്യം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും ചെയ്യുന്നതിനു പകരം അവർ പലപ്പോഴും ഭക്ഷണം, പാർപ്പിടം, വിശ്രമം തുടങ്ങി മക്കളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി തങ്ങളുടെ സമയത്തിന്റെയും ഊർജത്തിന്റെയും ഭൂരിഭാഗവും ചെലവഴിക്കുന്നു.
സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഈ ദരിദ്രജനത ഒന്നു മനസ്സുവെച്ചു മുന്നോട്ടുവന്നാൽ മതിയല്ലോയെന്ന് ഇത്തരമൊരു ജീവിതത്തിന്റെ കയ്പുനീർ കുടിച്ചിട്ടില്ലാത്ത ഒരാൾ ചിന്തിച്ചേക്കാം. ജീവിതം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ശ്രമിക്കണം എന്ന് പാവപ്പെട്ടവരോടു പറഞ്ഞതുകൊണ്ട് പരിഹാരമാകുന്നില്ല. പാർപ്പിട പ്രതിസന്ധിക്കു പിന്നിൽ ഏതൊരു വ്യക്തിയുടെയും നിയന്ത്രണത്തിന് അപ്പുറത്തായിരിക്കുന്ന ചില ശക്തമായ ഘടകങ്ങളുണ്ട്. ജനസംഖ്യാ വർധന, ത്വരിതഗതിയിലുള്ള നഗരവത്കരണം, പ്രകൃതിവിപത്തുകൾ, രാഷ്ട്രീയ ദുരന്തങ്ങൾ, ഒടുങ്ങാത്ത ദാരിദ്ര്യം എന്നിവയുടെ നേർക്ക് ഗവേഷകർ വിരൽചൂണ്ടുന്നു. അവയുടെ ഉരുക്കുമുഷ്ടിക്കുള്ളിൽ ലോകത്തിലെ ദരിദ്രജനതയുടെ ജീവിതം ഞെരിഞ്ഞമരുകയാണ്.
ജനപ്പെരുപ്പം—പ്രതിസന്ധിയെ രൂക്ഷമാക്കുന്ന മറ്റൊരു ഘടകം
ഓരോ വർഷവും ലോകമൊട്ടാകെ 6.8 കോടിമുതൽ 8 കോടിവരെ ആളുകൾക്കുകൂടെ പാർപ്പിടമൊരുക്കേണ്ടിവരുന്നതായി ഒരു കണക്കു സൂചിപ്പിക്കുന്നു. ‘ഐക്യരാഷ്ട്ര ജനസംഖ്യാ നിധി’ പറയുന്നതനുസരിച്ച് 2001-ൽ ലോകജനസംഖ്യ 610 കോടി കവിഞ്ഞു. 2050 ആകുമ്പോഴേക്ക് അത് 790 കോടിക്കും 1,090 കോടിക്കും ഇടയിലാകുമെന്നാണു നിഗമനം. എന്നാൽ വർധനയുടെ 98 ശതമാനവും അടുത്ത രണ്ടു ദശകങ്ങൾക്കുള്ളിൽ വികസ്വരരാജ്യങ്ങളിലാണു നടക്കാനിരിക്കുന്നത് എന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതു കൂടുതൽ ആശങ്കയ്ക്കു വഴിതെളിക്കുന്നു. പാർപ്പിട പ്രതിസന്ധിയെന്ന കനത്ത വെല്ലുവിളിയുടെ ഭീകരമുഖമാണ് ഈ കണക്കുകൾ വരച്ചുകാട്ടുന്നത്. പല രാജ്യങ്ങളിലെയും അതിശീഘ്രം വളരുന്ന ജനവാസകേന്ദ്രങ്ങൾ ഇപ്പോൾത്തന്നെ ജനനിബിഡമായ നഗരപ്രദേശങ്ങളാണ്. ഇത് പ്രശ്നത്തിന്റെ രൂക്ഷതയേറ്റുന്നു.
നിലയ്ക്കാത്ത നഗരവത്കരണം
ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ തുടങ്ങിയ വൻനഗരങ്ങൾ ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ മുഖമുദ്രകളായി പലപ്പോഴും കണക്കാക്കപ്പെടുന്നു. ഫലമോ? വർഷംതോറും ആയിരക്കണക്കിനു ഗ്രാമവാസികൾ ‘പച്ചപ്പുതേടി നഗരസമൃദ്ധിയിലേക്ക്’ പ്രവഹിക്കുകയാണ്; പ്രധാനമായും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി.
ഉദാഹരണത്തിന് ചൈനയിൽ സമ്പദ്വ്യവസ്ഥ കുതിച്ചുയരുകയാണ്. തത്ഫലമായി, അടുത്ത ഏതാനും ദശകങ്ങൾക്കുള്ളിൽ പ്രധാന നഗരപ്രദേശങ്ങളിൽ മാത്രം 20 കോടിയിലധികം പുതിയ പാർപ്പിട സൗകര്യങ്ങൾ ആവശ്യമാകുമെന്ന് ഒരു കണക്കു സൂചിപ്പിക്കുന്നു. ഇത് ഇപ്പോൾ ഐക്യനാടുകളിൽ നിലവിലിരിക്കുന്ന മുഴുവൻ പാർപ്പിടങ്ങളുടെയും എണ്ണത്തിന്റെ ഇരട്ടിയോളമാണ്. ഇത്തരമൊരു ബൃഹത്തായ സംരംഭം നടപ്പിലാക്കാൻ ഏതെങ്കിലുമൊരു
പാർപ്പിട പദ്ധതിക്കു കഴിയുമെന്നു തോന്നുന്നുണ്ടോ?ലോകബാങ്ക് പറയുന്നു: “ഏകദേശം 1.2 കോടിമുതൽ 1.5 കോടിവരെ പുതിയ കുടുംബങ്ങൾ വർഷംതോറും വികസ്വര ലോകത്തിലെ വൻനഗരങ്ങളിൽ രൂപംകൊള്ളുന്നു അല്ലെങ്കിൽ അവിടേക്കു ചേക്കേറുന്നു, ഇവർക്കെല്ലാം അത്രയുംതന്നെ താമസസൗകര്യങ്ങളും ആവശ്യമാണ്.” മടിശീലയ്ക്കൊതുങ്ങുന്ന പാർപ്പിട സൗകര്യങ്ങൾ വേണ്ടുവോളമില്ലാത്തതിനാൽ എവിടെയെങ്കിലുമൊക്കെ ഒരു കിടപ്പാടം കണ്ടെത്താൻ നഗരങ്ങളുടെ ഈ ദരിദ്രസന്തതികൾ നിർബന്ധിതരാകുന്നു. പലപ്പോഴും മറ്റാരും ജീവിക്കാനിഷ്ടപ്പെടുകയില്ലാത്ത ചിലയിടങ്ങളിൽപ്പോലും.
പ്രകൃതിവിപത്തുകൾ, രാഷ്ട്രീയ ദുരന്തങ്ങൾ
വെള്ളപ്പൊക്കം, ചെളിയൊഴുക്ക്, ഭൂകമ്പം എന്നീ പ്രകൃതിദുരന്തങ്ങൾ ആഞ്ഞടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കാൻ പാവപ്പെട്ടവർ നിർബന്ധിതരായിത്തീരുന്നു. ഉദാഹരണത്തിന്, വെനെസ്വേലയിലെ കരാക്കസിൽ അഞ്ചുലക്ഷത്തിലേറെപ്പേർ “കുത്തനെയുള്ള മലഞ്ചെരിവുകളിൽ കെട്ടിയുയർത്തിയ അനധികൃത ജനവാസകേന്ദ്രങ്ങളിൽ താമസിക്കുന്നു, നിരന്തരം ഉരുൾപൊട്ടൽ ഉണ്ടാകുന്ന സ്ഥലമാണിത്.” 1984-ൽ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായ ദുരന്തം നിങ്ങൾ ഓർക്കുന്നുണ്ടാകും. ആ വ്യാവസായിക വിപത്തിൽ ആയിരങ്ങൾ കൊല്ലപ്പെടുകയും അതിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇത്രയധികം മനുഷ്യജീവൻ പൊലിഞ്ഞത് എന്തുകൊണ്ടാണ്? ഫാക്ടറി പരിസരത്ത് വളർന്നുവന്ന ചേരിപ്പട്ടണവും ഫാക്ടറിവളപ്പും തമ്മിൽ വെറും അഞ്ച് മീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ.
ആഭ്യന്തര യുദ്ധങ്ങൾ പോലുള്ള രാഷ്ട്രീയ ദുരന്തങ്ങളും പാർപ്പിട പ്രതിസന്ധിയുടെ രൂക്ഷത വർധിപ്പിക്കുന്നു. വടക്കുകിഴക്കൻ തുർക്കിയിൽ 1984-നും 1999-നും ഇടയിൽ നടന്ന ആഭ്യന്തര കലാപത്തിൽ 15 ലക്ഷംപേർക്കെങ്കിലും, പ്രധാനമായും ഗ്രാമീണർക്ക് വീടുവിട്ടു പോകേണ്ടിവന്നിട്ടുണ്ടായിരിക്കണം എന്ന് ഒരു മനുഷ്യാവകാശ സംഘടന 2002-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടു പറയുന്നു. പെരുവഴിയിലായ ഈ നിസ്സഹായരിൽ അനേകർക്കും പറ്റുന്നിടത്തൊക്കെ താമസമാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പലരും ജനനിബിഡമായ സ്ഥലങ്ങളിൽ പാർക്കുന്ന ബന്ധുക്കളുടെയും അയൽക്കാരുടെയും കൂടെ താത്കാലികമായി അടിച്ചുകൂട്ടിയ കൂടാരങ്ങളിൽ അഭയംതേടി, ചിലർ വാടകയ്ക്കും. മറ്റുചിലർ കൃഷിയിടങ്ങളിലെ കെട്ടിടങ്ങളിലും നിർമാണസ്ഥലങ്ങളിലും കയറിക്കൂടി. കുറെ കുടുംബങ്ങൾ ഒരു കുതിരലായത്തിൽ താമസിക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. ഒരൊറ്റമുറിയിൽ പതിമൂന്നോ അതിലധികമോ ആളുകളാണ് അന്തിയുറങ്ങിയിരുന്നത്. എല്ലാവർക്കുംകൂടെ ഒറ്റ കക്കൂസും വെള്ളമെടുക്കാൻ ഒരു ടാപ്പും മാത്രമാണ് ഉണ്ടായിരുന്നത്. “ഞങ്ങൾക്ക് ഈ ജീവിതം മടുത്തു” അഭയാർഥികളിലൊരാൾ പറഞ്ഞു. “മൃഗങ്ങൾക്കുവേണ്ടി ഉണ്ടാക്കിയിടത്താണ് ഞങ്ങൾ ജീവിക്കുന്നത്.”
സാമ്പത്തിക മാന്ദ്യം
പാർപ്പിട പ്രതിസന്ധിയും പാവപ്പെട്ടവരുടെ സാമ്പത്തികനിലയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്നുള്ളതു നിഷേധിക്കാനാവില്ല. മുമ്പ് പരാമർശിച്ച
ലോകബാങ്ക് റിപ്പോർട്ടനുസരിച്ച്, 1988-ലെ മാത്രം കണക്കനുസരിച്ച് വികസ്വരരാജ്യങ്ങളിലെ 33 കോടി നഗരവാസികൾ ദരിദ്രരുടെ പട്ടികയിൽ പെടുന്നവരായിരുന്നു. അടുത്ത വർഷങ്ങളിലൊന്നും അവരുടെ സാമ്പത്തിക നില കാര്യമായി മെച്ചപ്പെടുമെന്ന പ്രതീക്ഷയുമില്ലായിരുന്നു. ഭക്ഷണം, വസ്ത്രം മുതലായ അടിസ്ഥാന ജീവിതാവശ്യങ്ങൾ കണ്ടെത്താൻപോലും നട്ടംതിരിയുന്ന ദരിദ്രജനതയ്ക്ക് വാടകയ്ക്ക് ഒരു വീടെടുക്കാനോ കൊള്ളാവുന്ന ഒരു വീടുപണിയാനോ കഴിയുന്നതെങ്ങനെ?ഉയർന്ന പലിശനിരക്കും പണപ്പെരുപ്പവുമാണ് മറ്റുരണ്ടു വൈതരണികൾ. ഫലമോ? ബാങ്ക് ലോണുകൾ നിർധനരുടെ എത്തുപാടിനകലെ. ഇനി വൈദ്യുതി, വെള്ളം, പാചകവാതകം എന്നിവയുടെ വില ഒന്നിനൊന്നു കുതിച്ചുയരുമ്പോൾ, ജീവിതസാഹചര്യം മെച്ചപ്പെടുത്താനായി എന്തെങ്കിലുമൊക്കെ മിച്ചംപിടിക്കാനാകുമെന്ന കണക്കുകൂട്ടലും പിഴയ്ക്കുന്നു. ചില രാജ്യങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനമായിരിക്കെ അഷ്ടിക്കുവക കണ്ടെത്തുകപോലും അസാധ്യമാണെന്നുതന്നെ പറയാം.
ഇവയും മറ്റുപല ഘടകങ്ങളും ചേർന്ന് ഭൂഗോളത്തിലെമ്പാടുമുള്ള ദരിദ്ര ജനകോടികളെ പരിതാപകരമായ ചുറ്റുപാടുകളിലേക്കു തള്ളിവിട്ടിരിക്കുകയാണ്. ഉപയോഗ ശൂന്യമായ ബസ്സുകൾ, ചരക്കുകൾ കൊണ്ടുപോകുന്ന വലിയ കണ്ടെയ്നറുകൾ, കാർഡ്ബോർഡ് പെട്ടികൾ എന്നിവയിലൊക്കെ ആളുകൾ താമസിക്കുന്നു. ഗോവണിപ്പടികൾക്കു താഴെയും പ്ലാസ്റ്റിക്കുകൊണ്ടുള്ള കൂടാരത്തിലും പാഴ്ത്തടികൾകൊണ്ട് തട്ടിക്കൂട്ടിയ കൂരയിലും ആളുകൾ അന്തിയുറങ്ങുന്നു. തലചായ്ക്കാനൊരിടംതേടി, അടച്ചുപൂട്ടിയ വ്യവസായശാലകളിൽപ്പോലും ആളുകൾ കയറിക്കൂടിയിട്ടുണ്ട്.
പ്രശ്നപരിഹാരത്തിന് എന്തു ചെയ്തിരിക്കുന്നു?
ഈ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി ജനക്ഷേമ തത്പരരായ വ്യക്തികളും സംഘടനകളും ഗവൺമെന്റുകളും ഇതിനോടകം ശ്ലാഘനീയമായ ഉദ്യമങ്ങൾ നടത്തിയിട്ടുണ്ട്. ജപ്പാനിൽ ആളുകളുടെ സാമ്പത്തികനിലയ്ക്കൊതുങ്ങുന്ന തരത്തിലുള്ള വീടുകൾ പണിയാൻ സഹായഹസ്തവുമായി നിരവധി ഏജൻസികൾ രംഗത്തുണ്ട്. 1994-ൽ ദക്ഷിണാഫ്രിക്കയിൽ രൂപമെടുത്ത ഒരു ഭവനനിർമാണപദ്ധതി, നാലുമുറികളുള്ള പത്തുലക്ഷത്തിലധികം വീടുകൾ പണിയുകയുണ്ടായി. കെനിയയിൽ, ബൃഹത്തായ സംരംഭങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഒരു ഭവനനിർമാണപദ്ധതിയുടെ ലക്ഷ്യം വർഷംതോറും നഗരപ്രദേശങ്ങളിൽ 1,50,000 വീടുകളും ഗ്രാമപ്രദേശങ്ങളിൽ അതിന്റെ ഇരട്ടിയും പണിയുക എന്നതാണ്. മഡഗാസ്കർ പോലുള്ള മറ്റു രാജ്യങ്ങൾ പാർപ്പിടങ്ങൾ പണിയാനുള്ള ചെലവുകുറഞ്ഞ മാർഗങ്ങൾ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തിൽ മുന്നോട്ടുപോകുന്നു.
യുഎൻ ഹാബിറ്റാറ്റ് പോലുള്ള അന്താരാഷ്ട്ര സംഘടനകൾ “വമ്പിച്ച ജനസാന്ദ്രതയാൽ തിക്കുമുട്ടുന്ന നഗരങ്ങളിൽ മുളപൊട്ടുന്ന പ്രശ്നങ്ങൾ തടയാനോ ശമിപ്പിക്കാനോ” ഉള്ള ലോകത്തിന്റെ പ്രതിബദ്ധത എടുത്തുകാട്ടാനായി രൂപംകൊടുത്തവയാണ്. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്നതോ ഗവൺമെന്റേതരമോ ആയ സംഘടനകളും സഹായഹസ്തവുമായി രംഗത്തുണ്ട്. ലാഭേച്ഛ
കൂടാതെ പ്രവർത്തിക്കുന്ന സംഘടനകളിലൊന്ന് ശോചനീയമായ പാർപ്പിട സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പല ദേശങ്ങളിലായി 1,50,000 കുടുംബങ്ങളെ സഹായിക്കുകയുണ്ടായി. 2005-ഓടെ ഈ സംഘടന ലളിതവും മാന്യവും സാമ്പത്തികനിലയ്ക്ക് ഒതുങ്ങുന്നതുമായ പാർപ്പിട സൗകര്യങ്ങൾ കണ്ടെത്താൻ പത്തുലക്ഷം പേരെ സഹായിച്ചിരിക്കും എന്നു കണക്കാക്കപ്പെടുന്നു.ഈ സംഘടനകളിൽ പലതും സത്വരം ലഭ്യമാകുന്ന തരത്തിൽ പ്രായോഗിക വിവരങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത പാർപ്പിടങ്ങളിൽ കഴിയുന്നവരെ തങ്ങളുടെ പരിതാപകരമായ ചുറ്റുപാടുകളോടു കഴിയുന്നത്ര പൊരുത്തപ്പെടാൻ സഹായിക്കാനും അവരുടെ സാഹചര്യം മെച്ചപ്പെടുത്താനും വേണ്ടി ഉള്ളതാണ് ഇത്. നിങ്ങൾക്ക് ഇക്കാര്യത്തിൽ സഹായം ആവശ്യമുണ്ടെങ്കിൽ ഈ ക്രമീകരണം പൂർണമായി ഉപയോഗപ്പെടുത്താനാകും. നിങ്ങൾക്കുതന്നെ സ്വയം ചെയ്യാവുന്ന നിരവധി അടിസ്ഥാന കാര്യങ്ങളുമുണ്ട്—7-ാം പേജിലെ “വീടും നിങ്ങളുടെ ആരോഗ്യവും” എന്ന ചതുരം കാണുക.
നിങ്ങൾ ആയിരിക്കുന്ന സാഹചര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞാലും ഇല്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്; ഒരു വ്യക്തിക്കോ ഒരു മാനുഷ സംഘടനയ്ക്കോ ഈ കടുത്ത പ്രതിസന്ധിക്കിടയാക്കുന്ന ശക്തമായ ഘടകങ്ങൾ ഉന്മൂലനം ചെയ്യാനാവില്ല. സാമ്പത്തിക വികസനവും മനുഷ്യത്വപരമായ സഹായങ്ങളും അടിയന്തിരമായി ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തിൽ, പരാജയത്തിന്റെ നീർച്ചുഴിയിലേക്ക് ഒന്നിനൊന്നു താണുകൊണ്ടിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം. ഓരോ വർഷവും ലക്ഷക്കണക്കിനു കുഞ്ഞുങ്ങളാണ് ദാരിദ്ര്യത്തിന്റെ ദുരിതക്കയത്തിലേക്കു പിറന്നുവീഴുന്നത്. അങ്ങനെയെങ്കിൽ ഒരു ശാശ്വത പരിഹാരത്തിനുവേണ്ടി പ്രത്യാശിക്കാനാകുമോ?
[7-ാം പേജിലെ ചതുരം]
വീടും നിങ്ങളുടെ ആരോഗ്യവും
താമസക്കാരുടെ ആരോഗ്യത്തിനു സംഭാവന ചെയ്യുന്നതിന് ഒരു വീടിന് ചുരുങ്ങിയത് താഴെപ്പറയുന്ന കാര്യങ്ങൾ ഉണ്ടായിരിക്കണം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
◼ മഴയിൽനിന്നു സംരക്ഷണം നൽകുന്ന നല്ല മേൽക്കൂര
◼ പ്രതികൂല കാലാവസ്ഥയിൽനിന്നും മൃഗങ്ങളിൽനിന്നും സംരക്ഷണം നൽകാൻ പറ്റിയ നല്ല ചുവരുകളും വാതിലുകളും
◼ പ്രാണികൾ, പ്രത്യേകിച്ച് കൊതുകുകൾ കടക്കാതിരിക്കാൻ കമ്പിവല പിടിപ്പിച്ച ജനലുകൾ
◼ വേനലിൽ നേരിട്ടടിക്കുന്ന സൂര്യപ്രകാശത്തിൽനിന്നു ഭിത്തികൾ സംരക്ഷിക്കാൻ വെയിൽമറ
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ആഫ്രിക്കൻ ഗ്രാമങ്ങളിലെ പരമ്പരാഗത വീടുകൾ
കഴിഞ്ഞ വർഷങ്ങളിലെല്ലാം, പരമ്പരാഗത രീതിയിൽ നിർമിച്ച വീടുകൾ ആഫ്രിക്കയിലെങ്ങും കാണാമായിരുന്നു. പല വലുപ്പത്തിലും ആകൃതിയിലും ഉള്ളതായിരുന്നു അവ. കെനിയയിലെ കിക്കുയു, ലൂവോ തുടങ്ങിയ ജനവർഗങ്ങൾക്ക് വൃത്താകൃതിയിലുള്ള ചുവരുകളും കോണാകൃതിയിൽ മേഞ്ഞ മേൽക്കൂരയുമുള്ള വീടുകളോടായിരുന്നു പ്രിയം. കെനിയയിലെയും ടാൻസാനിയയിലെയും മസായികൾ ഉൾപ്പെടെയുള്ളവർ ദീർഘചതുരാകൃതിയിലുള്ള വീടുകൾ നിർമിച്ചിരുന്നു. കിഴക്കൻ ആഫ്രിക്കയുടെ തീരപ്രദേശങ്ങളിലെ ചില വീടുകൾക്ക് നിലത്തുമുട്ടുന്ന, മേഞ്ഞ മേൽക്കൂരയുണ്ടായിരുന്നു. ഇവ കാഴ്ചയ്ക്ക് ഒരു തേനീച്ചക്കൂടുപോലെയിരിക്കും.
ഇത്തരം വീടുകൾ പണിയുന്നതിനുള്ള സാമഗ്രികൾ മിക്കതും അനായാസം ലഭ്യമായിരുന്നതിനാൽ പാർപ്പിട പ്രശ്നങ്ങൾ വിരളമായിരുന്നു. മണ്ണും വെള്ളവും കൂട്ടിക്കുഴച്ചാൽ ചെളി ഉണ്ടാക്കിയെടുക്കാം. ചുറ്റുപാടുമുള്ള വനപ്രദേശങ്ങളിൽനിന്ന് തടി, പുല്ല്, ഈറ്റ, മുളയുടെ ഇല എന്നിവ കിട്ടാൻ ഒരു പ്രയാസവുമില്ലായിരുന്നു. ചുരുക്കത്തിൽ, എത്ര ദരിദ്രരായിരുന്നാലും സ്വന്തം വീടുണ്ടാക്കാൻ ഒരു കുടുംബത്തിന് യാതൊരു വിഷമവുമില്ലായിരുന്നു.
എന്നാൽ ഇത്തരം വീടുകൾക്ക് പോരായ്മകളും ഉണ്ടായിരുന്നു. തീപിടിക്കുന്ന വസ്തുക്കൾകൊണ്ടായിരുന്നു സാധാരണഗതിയിൽ മേൽക്കൂര പണിതിരുന്നത്, അതിനാൽ അഗ്നിബാധ ഉണ്ടാകുവാനുള്ള സാധ്യത ഏറെയായിരുന്നു. ഇനി, മൺഭിത്തി തുരന്ന് കള്ളന്മാർക്ക് അനായാസം അകത്തുകടക്കാനും കഴിയുമായിരുന്നു. അതിനാൽ ഇന്ന് പല പ്രദേശങ്ങളിലും പരമ്പരാഗത ആഫ്രിക്കൻ വീടുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ഈടുറ്റ നിർമിതികൾ അവയുടെ സ്ഥാനം കൈയടക്കിയിരിക്കുന്നു.
[കടപ്പാട്]
ഉറവിടം: പരമ്പരാഗത ആഫ്രിക്കൻ വാസ്തുവിദ്യ
കുടിലുകൾ: Courtesy Bomas of Kenya Ltd - A Cultural, Conference, and Entertainment Center
[5-ാം പേജിലെ ചിത്രം]
യൂറോപ്പ്
[കടപ്പാട്]
© Tim Dirven/Panos Pictures
[6-ാം പേജിലെ ചിത്രം]
ആഫ്രിക്ക
[6-ാം പേജിലെ ചിത്രം]
തെക്കേ അമേരിക്ക
[7-ാം പേജിലെ ചിത്രം]
തെക്കേ അമേരിക്ക
[7-ാം പേജിലെ ചിത്രം]
ഏഷ്യ
[6-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Teun Voeten/Panos Pictures; J.R. Ripper/BrazilPhotos
[7-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
JORGE UZON/AFP/Getty Images; © Frits Meyst/Panos Pictures