വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ടിവി ആസക്തിയിൽനിന്ന്‌ കുഞ്ഞുങ്ങളെ വിമുക്തരാക്കാൻ

ന്യൂയോർക്കിന്റെ വടക്കുഭാഗത്തുള്ള 16 നഴ്‌സറി സ്‌കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട്‌ അഞ്ചുമാസത്തെ ഒരു പ്രത്യേക പഠനം നടത്തുകയുണ്ടായി. ടിവി കാണാൻ കുട്ടികളെ അനുവദിക്കുന്നതിനു പകരം ആ സമയത്ത്‌ മറ്റു ചില ലളിതമായ കാര്യങ്ങൾ ചെയ്യാൻ അവരെ പഠിപ്പിച്ചപ്പോൾ അവരുടെ “ടിവി കാണൽ സമയം ആഴ്‌ചയിൽ മൂന്നുമണിക്കൂർ വീതം കുറയ്‌ക്കാൻ കഴിഞ്ഞു” എന്ന്‌ ഈ പഠനം വെളിപ്പെടുത്തിയതായി ദ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്‌തു. ആ സമയത്ത്‌ കുട്ടികളെ വായിക്കാൻ പ്രോത്സാഹിപ്പിച്ചു. അതുപോലെ, ടേബിൾ മാറ്റുകളും വീട്ടിലെ ടിവി സെറ്റിന്മേൽ വെക്കാനുള്ള “ടിവി വേണ്ട” എന്ന ബോർഡും ഉണ്ടാക്കാൻ അവരോടു പറഞ്ഞു. ടിവിയോ വീഡിയോയോ കാണാതിരിക്കുന്ന സമയത്ത്‌ ചെയ്യാൻ പറ്റിയ മറ്റു ചില കാര്യങ്ങൾ കുട്ടികൾതന്നെ നിർദേശിക്കുകയുണ്ടായി. നിത്യവും കുട്ടികൾക്കു വായിച്ചുകൊടുക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു, അതുപോലെ ഭക്ഷണവേളകളിൽ ടിവി ഓഫ്‌ ചെയ്യാനും. പ്രസ്‌തുത പഠനം നടത്തിയ കാലയളവിൽ രണ്ടുതവണ കുടുംബങ്ങൾ ഒരാഴ്‌ചത്തേക്ക്‌ ടിവി കണ്ടതേയില്ല. കുട്ടികളുടെ ടെലിവിഷൻ ഭ്രമം നിറുത്തുക അസാധ്യമാണെന്നു ചിന്തിക്കേണ്ടതില്ലെന്ന്‌ മുഖ്യഗവേഷകയായ ഡോ. ബാർബറാ ഡെന്നിസൺ മാതാപിതാക്കളോടു പറഞ്ഞു. ആ സമയങ്ങളിൽ “മറ്റെന്തെങ്കിലുമൊക്കെ ചെയ്യാനുള്ള കുട്ടികളുടെ താത്‌പര്യംകണ്ട്‌ നാം അതിശയിച്ചുപോകും,” അവർ കൂട്ടിച്ചേർത്തു. (g05 9/22)

പുകയില ശരീരത്തിന്‌ ആകമാനം ഹാനികരം

“പുകവലി ശ്വാസകോശങ്ങൾക്കും ധമനികൾക്കും മാത്രമല്ല അപകടകരമായിരിക്കുന്നത്‌, സകല ശരീരകലകൾക്കും അതു ഹാനികരമാണ്‌” എന്ന്‌ ന്യൂ സയന്റിസ്റ്റ മാസിക റിപ്പോർട്ടു ചെയ്യുന്നു. യു.എ⁠സ്‌. സർജൻ ജനറൽ റിച്ചാർഡ്‌ എച്ച്‌. കാർമൊണായുടെ ഒരു റിപ്പോർട്ടിൽ, പുകവലിയുടെ പ്രത്യാഘാതങ്ങളായി ഡസൻകണക്കിനു രോഗങ്ങൾ പട്ടികപ്പെടുത്തുകയുണ്ടായി. ന്യൂമോണിയ, രക്താർബുദം, തിമിരം, മോണരോഗം എന്നിവയും വൃക്ക, ഗർഭാശയമുഖം, ആമാശയം, പാൻക്രിയാസ്‌ എന്നിവിടങ്ങളിലെ കാൻസറും അതിൽപ്പെടുന്നു. “പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന്‌ ദശകങ്ങളായി ഞങ്ങൾക്കറിവുള്ളതാണ്‌. എന്നാൽ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ അത്‌ ഞങ്ങൾക്കറിവുള്ളതിലും എത്രയോ മാരകമാണ്‌” കാർമൊണാ പറയുന്നു. “സിഗരറ്റുപുകയിൽനിന്നുള്ള വിഷം രക്തപര്യയന വ്യവസ്ഥയിലെമ്പാടും പരക്കുന്നു.” എന്നാൽ ടാർ, നിക്കോട്ടിൻ എന്നിവയുടെ അളവു കുറഞ്ഞതരം സിഗരറ്റിലേക്കു ചുവടുമാറ്റിക്കൊണ്ട്‌ അപകടം ഒഴിവാക്കാമെന്ന്‌ ചിന്തിക്കുന്നവരുണ്ട്‌. “‘കടുപ്പമില്ലാത്തത്‌’ ‘തീർത്തും ലഘുവായത്‌’ എന്നൊക്കെ എത്ര ഓമനപ്പേരിട്ടു വിളിച്ചാലും സുരക്ഷിതമെന്നു പറയാവുന്ന ഒരു സിഗരറ്റുമില്ല” കാർമൊണാ കൂട്ടിച്ചേർക്കുന്നു. പുകവലിക്കാത്തവരെ അപേക്ഷിച്ച്‌ പുകവലിക്കാർ സാധാരണ 13 മുതൽ 14 വരെ വർഷം നേരത്തേ മരിക്കുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കാർമൊണാ പറയുന്നതനുസരിച്ച്‌, “പുകവലി ശരീരത്തിന്റെ ഏതാണ്ട്‌ എല്ലാ അവയവങ്ങളെയും എല്ലാ പ്രായത്തിലും ബാധിക്കുന്ന രോഗങ്ങൾക്കു കാരണമാകുന്നു” എന്ന്‌ ദ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്‌തു. (g05 9/22)

പ്രശ്‌നപരിഹാരത്തിന്‌ ഉറക്കം

“ഉറങ്ങാൻ കിടക്കുന്നതുവരെ പരിഹാരം കണ്ടെത്താൻ കഴിയാതിരുന്ന പ്രശ്‌നത്തിന്‌ രാവിലെ ഉറക്കമുണരുമ്പോൾ എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ കഴിയുന്നതായി പലരും മനസ്സിലാക്കിയിരിക്കുന്നു. രാത്രി മുഴുവൻ മസ്‌തിഷ്‌കം മൗനമായി അതിനുവേണ്ടി കൂട്ടിക്കിഴിക്കലുകൾ നടത്തുകയായിരുന്നെന്നുതോന്നും,” ലണ്ടന്റെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഇതു ശരിയാണെന്നതിന്‌ തങ്ങൾക്കിപ്പോൾ തെളിവുകളുണ്ടെന്ന്‌ ജർമനിയിലെ ശാസ്‌ത്രജ്ഞർ പറയുന്നു. നേച്ചർ എന്ന ജേർണലിൽ അവർ തങ്ങളുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. പരീക്ഷണവിധേയമാകാൻ സ്വയം മുന്നോട്ടുവന്ന 66 പേരെ ഒരു ഗണിതസമസ്യയ്‌ക്ക്‌ ഉത്തരം കാണാൻ അവർ പഠിപ്പിച്ചു. ഉത്തരം കാണാൻ രണ്ടു വഴികൾ അവരെ പഠിപ്പിച്ചു. മൂന്നാമത്തെ എളുപ്പവഴി അവരോടു പറഞ്ഞില്ല. തുടർന്ന്‌ അവരിൽ ചിലരെ ഉറങ്ങാൻ വിട്ടു. മറ്റുള്ളവരെ രാത്രിയും പകലും ഉറങ്ങാൻ അനുവദിച്ചില്ല. “ഉറക്കം അത്ഭുതങ്ങൾ പ്രവർത്തിച്ചു” എന്ന്‌ ഈ പഠനത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട്‌ ലണ്ടന്റെ ദ ഡെയ്‌ലി ടെലഗ്രാഫ്‌ റിപ്പോർട്ടു ചെയ്യുന്നു. ഉറങ്ങിയവർ “ഉറങ്ങാതിരുന്നവരെക്കാൾ മൂന്നാമത്തെ എളുപ്പവഴി ഉപയോഗിക്കാനുള്ള സാധ്യത ഇരട്ടിയായിരുന്നു.” എന്നാൽ ഉറങ്ങിയവർക്ക്‌ എളുപ്പവഴി കണ്ടെത്താനായത്‌ അവർക്ക്‌ കേവലം വിശ്രമവും ഉന്മേഷവും കിട്ടിയതുകൊണ്ടല്ലെന്ന്‌ ഉറപ്പുവരുത്താൻ ശാസ്‌ത്രജ്ഞർ രണ്ടാമതൊരു പരീക്ഷണം കൂടി നടത്തി. മറ്റൊരു ഗണിതസമസ്യയുമായി അവർ ഇരുകൂട്ടരെയും സമീപിച്ചു. എല്ലാവരെയും രാത്രി ഉറങ്ങാൻ അനുവദിച്ചശേഷം ചിലർക്ക്‌ രാവിലെ ഉറക്കമുണർന്ന്‌ വന്ന ഉടനെ അതു നൽകി, മറ്റുചിലർക്ക്‌ പകലെല്ലാം ഉണർന്നിരുന്ന ശേഷം രാത്രിയിലും. എന്നാൽ ഇത്തവണ ഇരുകൂട്ടരുടെയും ബുദ്ധിപ്രകടനത്തിൽ വ്യത്യാസമൊന്നുമില്ലായിരുന്നു. “മസ്‌തിഷ്‌കത്തിനു വിശ്രമം ലഭിച്ചതല്ല, മറിച്ച്‌ ഉറക്കത്തിലൂടെ അതിന്റെ പ്രവർത്തനങ്ങൾ പുനസ്സംഘടിപ്പിക്കപ്പെട്ടതാണ്‌” അതിനു കാരണം എന്ന്‌ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. “അതിനാൽ ഉറക്കം, പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന ഒരു പഠനപ്രക്രിയപോലെയാണ്‌” എന്ന്‌ ഗവേഷകൻ ഡോ. ഉൾറിഹ്‌ വാഗ്നർ പറയുന്നു. (g05 9/8)

സ്വയം ഏർപ്പെടുത്തുന്ന ചൂതാട്ടവിലക്ക്‌

“ഫ്രാൻസിൽ 3,00,000-ത്തിനും 5,00,000-ത്തിനും ഇടയ്‌ക്ക്‌ ആളുകൾ ചൂതാട്ടത്തിന്‌ അടിപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു” എന്ന്‌ ഫ്രഞ്ച്‌ പത്രമായ ലേ ഫീഗാരോ പറയുന്നു. എങ്കിലും, തങ്ങൾ ഈ ദുശ്ശീലം നിറുത്തേണ്ടതുണ്ട്‌ എന്നുള്ള ഒരു അവബോധം ആസക്തരായവർക്കിടയിൽ വളരുന്നുണ്ട്‌. ഫ്രാൻസിൽ 28,000 പേർ നിയമാനുസൃത ചൂതാട്ടത്തിൽനിന്ന്‌ സ്വയം വിലക്കേർപ്പെടുത്തി പിന്മാറാൻ പത്രം റിപ്പോർട്ടു ചെയ്യുന്നു. ചൂതാട്ട കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന്‌ കുറഞ്ഞത്‌ അഞ്ചുവർഷത്തേക്കു വിലക്കേർപ്പെടുത്താൻ അവർതന്നെ പോലീസ്‌ ഉദ്യോഗസ്ഥന്മാരോട്‌ ആവശ്യപ്പെട്ടു. വർഷംതോറും ഇത്തരത്തിലുള്ള 2,000-ത്തിനും 3,000-ത്തിനും ഇടയ്‌ക്ക്‌ അപേക്ഷകൾ ലഭിക്കുന്നതായും പത്തുവർഷംകൊണ്ട്‌ അത്‌ ആറുമടങ്ങായി വർധിച്ചിരിക്കുന്നുവെന്നും ഫ്രഞ്ച്‌ പോലീസ്‌ റിപ്പോർട്ടു ചെയ്യുന്നു. അനിയന്ത്രിതമായി ചൂതാട്ടത്തിലേർപ്പെടുന്നവർ തങ്ങളുടെ ഈ ആസക്തിയെ “പുകവലി, മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവപോലെ പൊതുജനാരോഗ്യത്തിനു ഹാനികരമായ ഒരു പ്രശ്‌നമായി” കണക്കാക്കാൻ ആഗ്രഹിക്കുന്നുവെന്ന്‌ ലേ ഫീഗാരോ പറയുന്നു. (g05 9/8)

ഗർഭാരംഭ അസ്വസ്ഥതകൾക്ക്‌ ഇഞ്ചി പരിഹാരം

“ഗർഭാരംഭത്തിൽ ഉണ്ടാകുന്ന ഛർദി, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങൾക്ക്‌ ഇഞ്ചി ഫലപ്രദമാണ്‌” എന്ന്‌ ഓസ്‌ട്രേലിയൻ പത്രം പറയുന്നു. ദിവസവും ഏകദേശം ഒരു ഗ്രാം ഇഞ്ചി കഴിക്കുന്നത്‌ ഗർഭാരംഭത്തിലായിരുന്ന സ്‌ത്രീകളിൽ മേൽപ്പറഞ്ഞ പ്രശ്‌നങ്ങൾ കുറച്ചതായി സൗത്ത്‌ ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണം തെളിയിക്കുന്നു. പല ദേശങ്ങളിലും ഗർഭാരംഭ അസ്വസ്ഥതകൾക്കു പ്രതിവിധിയായി പണ്ടുമുതൽക്കേ ഇഞ്ചി ഉപയോഗിക്കാറുണ്ട്‌. എന്നിരുന്നാലും, ഇതിന്റെ ഫലപ്രദത്വം ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിരുന്നില്ല. ഈ അസ്വസ്ഥതകൾക്കുള്ള മറ്റൊരു പ്രതിവിധിയാണ്‌ ജീവകം ബി-6. ദിവസവും ഇഞ്ചി കഴിക്കുന്നത്‌ ജീവകം ബി-6 കഴിക്കുന്നതിനോളംതന്നെ ഫലം ചെയ്യും. (g05 9/8)

നൂറുകോടി കുട്ടികൾ ദുരിതത്തിൽ

ലോകത്താകമാനമുള്ള കുട്ടികളിൽ പകുതിയിലധികം, അതായത്‌ നൂറുകോടിയിലധികം, ഇല്ലായ്‌മയുടെ ദുരിതക്കയത്തിലാണ്‌ എന്ന്‌ ഐക്യരാഷ്‌ട്ര ശിശുക്ഷേമ നിധി അഭിപ്രായപ്പെടുന്നതായി ദ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ 15 വർഷംകൊണ്ട്‌ നാമ്പെടുത്ത പുരോഗതികളിലധികവും യുദ്ധങ്ങൾ, എയ്‌ഡ്‌സ്‌, ദാരിദ്ര്യം എന്നിവയുടെ രൂക്ഷതയ്‌ക്കുമുമ്പിൽ എരിഞ്ഞടങ്ങി. 1990-കൾ മുതലുള്ള യുദ്ധങ്ങൾ​—⁠ഇവയിൽ 55 എണ്ണം ആഭ്യന്തരയുദ്ധങ്ങളായിരുന്നു​—⁠36 ലക്ഷംപേരുടെ ജീവനെടുത്തതായി കണക്കാക്കപ്പെടുന്നു, അതിൽ പകുതിയോളവും കുരുന്നുകളായിരുന്നു. ഈ പോരാട്ടങ്ങളിൽ പലതിലും അക്രമികൾ കുട്ടികളെ ബലംപ്രയോഗിച്ച്‌ പിടിച്ചുകൊണ്ടുപോകുകയോ അവരെ ബലാത്സംഗം ചെയ്യുകയോ സൈന്യത്തിൽ ചേർക്കുകയോ ചെയ്യുന്നു. വികലപോഷണം കുതിച്ചുയരുകയാണ്‌, ആരോഗ്യപരിചരണം എന്നൊരു സംഗതി ഇല്ലെന്നുതന്നെ പറയാം. എയ്‌ഡ്‌സ്‌ നിരാലംബരാക്കിയ കുട്ടികളുടെ എണ്ണം 2003-ൽ 1.5 കോടിയിലെത്തി. ലൈംഗിക വ്യവസായത്തിന്റെ ചെളിക്കുണ്ടിൽ 20 ലക്ഷത്തിലേറെ കുട്ടികളുണ്ടായിരുന്നു. മേൽപ്പറഞ്ഞ റിപ്പോർട്ടു പ്രകാരം, സൈനിക ആവശ്യങ്ങൾക്കായി വർഷംതോറും 43,02,000 കോടി രൂപ വരെ ഇന്ന്‌ ചെലവിടുന്നുവെന്നിരിക്കേ 1,80,000 കോടി മുതൽ 3,15,000 കോടി വരെ രൂപ മാത്രം മതി ദാരിദ്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ. (g05 9/8)

കൊലയായുധങ്ങളിൽനിന്ന്‌ കളിയുപകരണങ്ങൾ

ബ്രസീലിൽ പൊതുജനങ്ങളുടെ കൈവശമുള്ള ആയുധങ്ങളുടെ എണ്ണംകുറയ്‌ക്കുകയെന്ന ലക്ഷ്യത്തിൽ ഒരു പ്രചാരണപരിപാടിക്കു രൂപംനൽകുകയുണ്ടായി. സ്വമേധയാ കൊണ്ടുവരുന്ന ഓരോ ആയുധത്തിനും 1,350 രൂപ മുതൽ 4,500 രൂപ വരെ നഷ്ടപരിഹാരം ലഭിക്കുമായിരുന്നു. 2004 ജൂലൈ മുതൽ ഡിസംബർ വരെ രാജ്യമെമ്പാടുംനിന്ന്‌ 2,00,000-ത്തിലേറെ ആയുധങ്ങൾ ശേഖരിച്ചതായി ഫോൾയോ ഓൺലൈൻ റിപ്പോർട്ടു ചെയ്‌തു. സാവൊ പൗലോ സംസ്ഥാനത്ത്‌ ശേഖരിക്കപ്പെട്ട ആയുധങ്ങൾ നുറുക്കിപ്പൊടിച്ച്‌ ഉരുക്കി കളിയുപകരണങ്ങളാക്കി മാറ്റി നഗരത്തിലെ പാർക്കിൽ സ്ഥാപിച്ചിരിക്കുകയാണ്‌. പാർക്കിലുള്ള സീസോ, ഊഞ്ഞാലുകൾ, സ്ലൈഡ്‌ എന്നിവയെല്ലാം ആയുധങ്ങൾക്കു രൂപമാറ്റം വരുത്തി ഉണ്ടാക്കിയവയാണ്‌. നീതിന്യായവകുപ്പ്‌ മന്ത്രി മാർസ്യൂ ടൂമാസ്‌ ബാസ്റ്റോസ്‌ പറഞ്ഞു: “ഈ പ്രചാരണപരിപാടിയുടെ മുഖ്യ ഉദ്ദേശ്യങ്ങളിലൊന്ന്‌ ജനമനസ്സുകളിൽ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്‌.”