വെളുത്തുള്ളി കിട്ടാൻ അവർ എത്ര കൊതിച്ചു!
വെളുത്തുള്ളി കിട്ടാൻ അവർ എത്ര കൊതിച്ചു!
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
വീട്ടിൽനിന്ന് വളരെ അകലെയുള്ള ഒരു സ്ഥലത്ത് നിങ്ങൾ വിശന്നൊട്ടിയ വയറുമായിരിക്കുകയാണെന്നു വിചാരിക്കുക. ആ സമയത്ത് എന്ത് കഴിക്കാനായിരിക്കും നിങ്ങൾ ആഗ്രഹിക്കുക? നാട്ടിൽ വളരുന്ന ഒന്നാന്തരം പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തിയേക്കാം, അതുമല്ലെങ്കിൽ അമ്മ ഉണ്ടാക്കിത്തരാറുള്ള കൊതിയുണർത്തുന്ന ഇറച്ചിക്കറിയോ മീൻകറിയോ കിട്ടിയെങ്കിൽ എന്ന് ആശിച്ചുപോയേക്കാം. പക്ഷേ വെളുത്തുള്ളിയെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങളുടെ വായിൽ വെള്ളമൂറുമോ?
ഏതാണ്ട് 3,500 വർഷം മുമ്പ് സീനായ് മരുഭൂമിയിലൂടെയുള്ള ദുർഘടമായ യാത്രയ്ക്കിടയിൽ ഇസ്രായേൽ ജനം ഇങ്ങനെ പറഞ്ഞു: “ഈജിപ്തിൽവച്ചു വിലകൊടുക്കാതെ തിന്നിട്ടുള്ള മീൻ, വെള്ളരിക്കാ, മത്തങ്ങാ, സബോള, ഈരുള്ളി, വെളുത്തുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു.” (സംഖ്യാപുസ്തകം 11:4, 5, ഓശാന ബൈബിൾ) അതേ, വെളുത്തുള്ളി തിന്നാൻ അവർ കൊതിച്ചു. വെളുത്തുള്ളി അത്രയ്ക്ക് ഇഷ്ടമായിരുന്നതിനാൽ യഹൂദർ തങ്ങളെത്തന്നെ വെളുത്തുള്ളിപ്രിയർ എന്നു വിശേഷിപ്പിച്ചിരുന്നതായി ഒരു ഉറവിടം പറയുന്നു.
ഇസ്രായേല്യർക്ക് വെളുത്തുള്ളിയോട് ഇത്ര പ്രിയം വരാൻ കാരണം എന്താണ്? ഈജിപ്തിലെ 215 വർഷം നീണ്ടുനിന്ന വാസത്തിനിടയിൽ വെളുത്തുള്ളി അവരുടെ ആഹാരത്തിന്റെ ഭാഗമായിത്തീർന്നിരുന്നു. യാക്കോബും കുടുംബവും ഈജിപ്തിലെത്തുന്നതിനു ദീർഘകാലം മുമ്പുതന്നെ അവിടത്തുകാർ വെളുത്തുള്ളി കൃഷി ചെയ്തിരുന്നതായി പുരാവസ്തുഗവേഷണ തെളിവുകൾ സൂചിപ്പിക്കുന്നു. പിരമിഡ് നിർമാണത്തിലേർപ്പെട്ടിരുന്ന തങ്ങളുടെ അടിമകൾക്കു കൊടുക്കാനായി ഈജിപ്ഷ്യൻ അധികാരികൾ വൻതോതിൽ ചുവന്നുള്ളിയും മുള്ളങ്കിയും വെളുത്തുള്ളിയും വാങ്ങിക്കൂട്ടിയിരുന്നതായി ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ് റിപ്പോർട്ടു ചെയ്യുന്നു. ഉയർന്ന അളവിൽ വെളുത്തുള്ളി അടങ്ങിയിരുന്ന ആഹാരക്രമം പണിക്കാരുടെ കായികബലവും ഓജസ്സും വർധിപ്പിച്ചതായി കാണപ്പെടുന്നു. ഈജിപ്തുകാർ തൂത്തൻഖാമൻ ഫറവോനെ അടക്കം ചെയ്തപ്പോൾ വിലപിടിപ്പുള്ള അനേകം വസ്തുക്കളോടൊപ്പം വെളുത്തുള്ളിയും അദ്ദേഹത്തിന്റെ ശവകുടീരത്തിൽ വെക്കുകയുണ്ടായി. മരിച്ചവർക്ക് വെളുത്തുള്ളികൊണ്ടു പ്രയോജനമൊന്നുമില്ലെങ്കിലും ജീവിച്ചിരിക്കുന്നവർക്ക് അത് വളരെ പ്രയോജനകരമാണെന്നു തെളിഞ്ഞിട്ടുണ്ട്.
വീര്യമുള്ള ഔഷധം
രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാർ കാലങ്ങളായി വെളുത്തുള്ളി ഉപയോഗിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് ഗ്രീക്ക് ചികിത്സകരായ ഹിപ്പോക്രറ്റിസും ഡൈയൊസ്കോരിഡിസും ദഹനക്കേട്, കുഷ്ഠം, അർബുദം, പരിക്കുകൾ, അണുബാധ, ഹൃദയസംബന്ധമായ തകരാറുകൾ എന്നിവയ്ക്കുള്ള പ്രതിവിധിയായി വെളുത്തുള്ളി ശുപാർശ ചെയ്തിരുന്നു. 19-ാം നൂറ്റാണ്ടിൽ, ഫ്രഞ്ച് രസതന്ത്രജ്ഞനായ ലൂയി പാസ്ച്ചർ വെളുത്തുള്ളിയെക്കുറിച്ചു പഠിക്കുകയും അതിന്റെ അണുനാശക സവിശേഷതകളെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. 20-ാം നൂറ്റാണ്ടിൽ ആഫ്രിക്കയിലെ ഒരു പ്രശസ്ത മിഷനറിയും ഡോക്ടറുമായിരുന്ന ആൽബെർട്ട് ഷ്വൈറ്റ്സർ അമീബ മൂലമുണ്ടാകുന്ന അതിസാരത്തിന്റെയും മറ്റുചില രോഗങ്ങളുടെയും ചികിത്സയിൽ വെളുത്തുള്ളി ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ആധുനിക ഔഷധങ്ങളുടെ ദൗർലഭ്യം നേരിട്ടപ്പോൾ, പരിക്കേറ്റ സൈനികരെ ചികിത്സിക്കാൻ റഷ്യൻ മിലിറ്ററി ഡോക്ടർമാർ ഉപയോഗിച്ചതും വെളുത്തുള്ളിതന്നെ. അങ്ങനെ വെളുത്തുള്ളി റഷ്യൻ പെൻസിലിൻ എന്ന് അറിയപ്പെടാൻ ഇടയായി. കുറെക്കൂടെ അടുത്തകാലത്ത്, വെളുത്തുള്ളി രക്തപര്യയന വ്യവസ്ഥയ്ക്ക് ഗുണകരമായിരിക്കുന്നത് ഏതു വിധത്തിലാണ് എന്നതിനെപ്പറ്റി ശാസ്ത്രജ്ഞർ പഠനം നടത്തിയിട്ടുണ്ട്.
അതേ, വെളുത്തുള്ളിയുടെ പോഷകഗുണവും ഔഷധമൂല്യവും അപാരമാണ്. അതിന്റെ മണവും രുചിയും ഒന്നുവേറെതന്നെ. വെളുത്തുള്ളി ആദ്യം കൃഷി ചെയ്തിരുന്നത് എവിടെയാണ്? അതിന്റെ ജന്മദേശം മധ്യേഷ്യയാണെന്നും പിന്നീട് അത് ഗോളമെമ്പാടും സ്ഥാനംപിടിക്കുകയായിരുന്നെന്നും ചില സസ്യശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. വെളുത്തുള്ളി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന, പശ്ചിമാർധഗോളത്തിലെ മനോഹരമായ ഒരു സ്ഥലം നമുക്കിപ്പോൾ പരിചയപ്പെടാം.
കോൺസ്റ്റാൻസായിലെ വെളുത്തുള്ളിക്കൃഷി
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ കോൺസ്റ്റാൻസാ താഴ്വരയിൽ മിതോഷ്ണ കാലാവസ്ഥയാണുള്ളത്. മലനിരകളാൽ ചുറ്റപ്പെട്ട ഈ താഴ്വാരത്തിലെ മണ്ണ് ഫലഭൂയിഷ്ഠമാണ്, മാത്രമല്ല ഇവിടെ നല്ല മഴയും ലഭിക്കുന്നു. വെളുത്തുള്ളിക്കൃഷിക്കു പറ്റിയ സ്ഥലമാണ് കോൺസ്റ്റാൻസാ.
സെപ്റ്റംബറിൽ അല്ലെങ്കിൽ ഒക്ടോബറിൽ ഇവിടത്തെ കർഷകർ തങ്ങളുടെ കൃഷിയിടങ്ങൾ വെടിപ്പാക്കുകയും ഉഴുകയും ചെയ്യുന്നു. ആ നിലങ്ങളിൽ അവർ ആഴത്തിലുള്ള ചാലുകൾ കീറുന്നു. ഈ ചാലുകൾ ഏകദേശം ഒരു മീറ്റർ വീതിയുള്ള മൺതിട്ടകളാൽ വേർതിരിച്ചിരിക്കും. ഓരോ മൺതിട്ടയിലും കർഷകർ വീണ്ടും, അത്ര താഴ്ചയില്ലാത്ത മൂന്നോ നാലോ ചാലുകൾ ഉണ്ടാക്കും. ഇവയിലാണ് വെളുത്തുള്ളി നടുന്നത്. ഇതിനിടെ പണിക്കാർ വെളുത്തുള്ളി, അല്ലികളായി അടർത്തിയെടുക്കും. ഈ അല്ലികൾ വെള്ളത്തിൽ 30 മിനിട്ട് മുക്കിവെച്ചശേഷം അവർ അവ മൺത്തിട്ടകളിൽ ഉണ്ടാക്കിയിരിക്കുന്ന ചാലുകളിൽ നടും. തണുപ്പുകാലത്താണ് വെളുത്തുള്ളി വളരുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലാകട്ടെ ശിശിരം ഒട്ടും കഠിനവുമല്ല.
മാർച്ചിൽ അല്ലെങ്കിൽ ഏപ്രിലിൽ ആണ് വിളവെടുപ്പ് ആരംഭിക്കുന്നത്. വിളഞ്ഞ വെളുത്തുള്ളിച്ചെടികൾ വേരോടെ പറിച്ചെടുത്തശേഷം കർഷകർ അവ അഞ്ചോ ആറോ ദിവസം വയലിൽത്തന്നെ ഇടും. അതിനുശേഷം അവർ അവയുടെ വേരുകളും മുകൾഭാഗവും ചെത്തിക്കളഞ്ഞ് വെളുത്തുള്ളിക്കുടങ്ങൾ, ക്രിബാസ് എന്നു വിളിക്കുന്ന തുറന്ന ടബ്ബുകളിൽ ശേഖരിക്കും. നിറഞ്ഞ ടബ്ബുകൾ അവർ ഒരു ദിവസം വെയിലത്തു വെക്കും. വെളുത്തുള്ളിക്കുടങ്ങളിലെ ഈർപ്പം കളയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി അവ വിൽക്കാവുന്നതാണ്.
ഇത്തിരി വെളുത്തുള്ളി, പക്ഷേ എന്തൊരു മണം!
വെളുത്തുള്ളി ചേർത്ത ഒരു കറിയോ മറ്റോ മുന്നിലെത്തേണ്ട താമസം നിങ്ങളുടെ മൂക്ക് അതിന്റെ മണം പിടിച്ചെടുക്കും. എന്നാൽ പൊളിക്കാത്ത ഒരു വെളുത്തുള്ളിക്കുടത്തിന് മണമൊന്നും ഇല്ലാത്തത് എന്തുകൊണ്ടാണ്? വെളുത്തുള്ളിയിൽ വീര്യമുള്ള രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയല്ലി ചതയ്ക്കുകയോ മുറിക്കുകയോ ചെയ്യുമ്പോൾ മാത്രമേ അവ പരസ്പരം സമ്പർക്കത്തിൽ വരികയുള്ളൂ. നിങ്ങൾ ഒരു വെളുത്തുള്ളിയല്ലി അരിയുമ്പോൾ അലൈനേസ് എന്ന എൻസൈം, അലൈൻ എന്ന ഒരു പദാർഥവുമായി ചേരുന്നു. തത്ക്ഷണം സംഭവിക്കുന്ന ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി അലൈസിൻ രൂപംകൊള്ളുന്നു. വെളുത്തുള്ളിക്ക് തനതായ മണവും രുചിയും നൽകുന്നത് ഈ രാസസംയുക്തമാണ്.
വാടാത്ത ഒരു വെളുത്തുള്ളിയല്ലി ഒന്നു കടിക്കുമ്പോൾ വായിൽ അലൈസിന്റെ ഒരു സ്ഫോടനം നടക്കുന്നതുപോലെയാണ്. നിങ്ങൾക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ശരി, വെളുത്തുള്ളിയുടെ ഗന്ധം നിങ്ങളെ വലയം ചെയ്യുകയായി. ശ്വാസത്തിലെ ഗന്ധത്തിന്റെ രൂക്ഷത കുറയ്ക്കാൻ എന്തെങ്കിലും ചെയ്യാനാകുമോ? അൽപ്പം ഗ്രാമ്പൂവോ പാർസ്ലിയോ ചവച്ചാൽ മതിയാകും.
എന്നാൽ ഒരു കാര്യം മനസ്സിൽപ്പിടിക്കുക, ഈ വെളുത്തുള്ളിമണം മുഖ്യമായും നിങ്ങളുടെ ശ്വാസകോശങ്ങളിൽനിന്നാണു വരുന്നത്. എങ്ങനെയെന്നല്ലേ? വെളുത്തുള്ളി തിന്നുകഴിയുമ്പോൾ അത് നിങ്ങളുടെ ദഹനവ്യൂഹത്തിൽനിന്ന് രക്തത്തിലേക്കു കടക്കുന്നു, അങ്ങനെ ശ്വാസകോശങ്ങളിലെത്തുന്നു. തുടർന്ന്, നിങ്ങളുടെ ഉച്ഛ്വാസവായുവിലൂടെ അതിന്റെ രൂക്ഷഗന്ധം പുറത്തുവരുന്നു. അതുകൊണ്ട് മൗത്ത്വാഷ് ഉപയോഗിച്ചാലോ പാർസ്ലി ചവച്ചാലോ ഒന്നും ശ്വാസത്തിലെ വെളുത്തുള്ളിമണം പൂർണമായും ഇല്ലാതാക്കാൻ കഴിയില്ല. അപ്പോൾപ്പിന്നെ ഈ പ്രശ്നത്തിന് ശരിക്കൊരു പരിഹാരമില്ലെന്നാണോ? ഇല്ലെന്നുതന്നെ പറയാം. പക്ഷേ നിങ്ങളുടെ കൂടെയുള്ള എല്ലാവരും വെളുത്തുള്ളി തിന്നുന്നവരാണെങ്കിൽപ്പിന്നെ കുഴപ്പമില്ല, ആരും അതിന്റെ മണം ശ്രദ്ധിച്ചെന്നു വരില്ല!
പല ദേശക്കാർക്കും വെളുത്തുള്ളി ചേർക്കാത്ത ആഹാരത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. വെളുത്തുള്ളി കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നിടങ്ങളിൽപ്പോലും, അതിന്റെ മോശമായ വിശേഷതകളെ കടത്തിവെട്ടുന്നതാണ് അതിന്റെ പ്രയോജനങ്ങൾ എന്നു വിശ്വസിക്കുന്ന അനേകം ആളുകളുണ്ട്.
[23-ാം പേജിലെ ചിത്രം]
വിളവെടുപ്പിനു ശേഷം വെളുത്തുള്ളി വെയിലത്തുവെച്ച് ഉണക്കുന്നു
[23-ാം പേജിലെ ചിത്രം]
കോൺസ്റ്റാൻസാ താഴ്വാരം
[23-ാം പേജിലെ ചിത്രം]
ചതയ്ക്കുകയോ മുറിക്കുകയോ ചെയ്യുമ്പോൾ മാത്രം വെളുത്തുള്ളിയിൽനിന്നു മണം വരുന്നത് എന്തുകൊണ്ട്?