വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശക്തമായ സാക്ഷ്യം നൽകുന്ന ഇളംപ്രായക്കാർ

ശക്തമായ സാക്ഷ്യം നൽകുന്ന ഇളംപ്രായക്കാർ

ശക്തമായ സാക്ഷ്യം നൽകുന്ന ഇളം​പ്രാ​യ​ക്കാർ

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട പല കുട്ടി​ക​ളും സ്‌കൂ​ളി​ലും ക്രിസ്‌തീയ ശുശ്രൂ​ഷ​യി​ലും തങ്ങളുടെ വിശ്വാ​സം സംബന്ധിച്ച്‌ ധൈര്യ​പൂർവം സംസാ​രി​ക്കു​ന്നു, അതുവഴി നല്ല ഫലം കൈവ​രി​ക്കാ​നും അവർക്കു കഴിഞ്ഞി​ട്ടുണ്ട്‌. പിൻവ​രുന്ന ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക. *

ക്രിസ്റ്റീന പറയുന്നു: “ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കു​മ്പോൾ ഞങ്ങളുടെ ടീച്ചർ ഞങ്ങൾക്കെ​ല്ലാ​വർക്കും ഓരോ ഡയറി തന്നു. ഓരോ ദിവസ​വും ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അതിൽ എഴുത​ണ​മാ​യി​രു​ന്നു. അതെല്ലാം വായി​ച്ച​ശേഷം ടീച്ചർ തിരിച്ച്‌ ഞങ്ങൾക്ക്‌ എന്തെങ്കി​ലും എഴുതു​മാ​യി​രു​ന്നു. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ എനിക്കു ലഭിച്ചി​രുന്ന പ്രസം​ഗ​നി​യ​മ​ന​ത്തെ​ക്കു​റിച്ച്‌ അതിൽ എഴുതാൻ ഞാൻ തീരു​മാ​നി​ച്ചു. ടീച്ചറിന്‌ അത്‌ വളരെ ഇഷ്ടപ്പെ​ട്ടെന്ന്‌ എനിക്കു തോന്നി. അതു​കൊണ്ട്‌ എന്റെ പ്രസംഗം കേൾക്കാ​നാ​യി ഞാൻ ടീച്ചറെ രാജ്യ​ഹാ​ളി​ലേക്കു ക്ഷണിച്ചു. അവർ മാത്രമല്ല, ഒന്നാം ക്ലാസ്സിൽ എന്നെ പഠിപ്പി​ച്ചി​രുന്ന ടീച്ചറും കൂടെ​വന്നു. എന്റെ പ്രസംഗം വളരെ ഇഷ്ടപ്പെ​ട്ടെന്ന്‌ ക്ലാസ്സിലെ കുട്ടി​ക​ളോട്‌ ടീച്ചർ പറഞ്ഞു. എനിക്കു വളരെ സന്തോ​ഷ​മാ​യി. പിന്നീട്‌ ഏതാണ്ട്‌ ഒരു വർഷത്തി​നു ശേഷം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽ ഈ അനുഭവം പറയാൻ എനിക്ക്‌ അവസരം ലഭിച്ചു. ആ സമ്മേള​ന​ത്തി​നും ടീച്ചർ വന്നു. പിന്നീട്‌ എന്റെ ഒരു പയനിയർ സുഹൃ​ത്തും ഞാനും കൂടെ അവരെ സന്ദർശിച്ച്‌ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌തകം സമ്മാനി​ച്ചു. നമ്മുടെ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷനു പോലും ആ ടീച്ചർ വരിക​യു​ണ്ടാ​യി!”

മരിച്ച​വ​രു​ടെ അവസ്ഥ എന്താണ്‌, ദൈവ​ത്തോ​ടുള്ള ബന്ധത്തിൽ യേശു​വി​ന്റെ സ്ഥാനം എന്താണ്‌ എന്നിങ്ങ​നെ​യുള്ള ദൈവ​വ​ച​ന​ത്തി​ലെ സത്യങ്ങ​ളെ​ക്കു​റിച്ച്‌ സഹപാ​ഠി​ക​ളോ​ടു ധൈര്യ​പൂർവം സംസാ​രി​ക്കാൻ ആറാം വയസ്സിൽ സിഡ്‌നി പ്രാപ്‌തി നേടി​ക്ക​ഴി​ഞ്ഞി​രു​ന്നു. “അവൾ തീക്ഷ്‌ണ​ത​യുള്ള, ധൈര്യ​ശാ​ലി​യായ ഒരു കൊച്ചു ശുശ്രൂ​ഷ​ക​യാണ്‌,” സിഡ്‌നി​യു​ടെ അമ്മ പറയുന്നു. സ്‌കൂ​ളി​ലെ ആദ്യ വർഷം പൂർത്തി​യാ​കാ​റാ​യ​പ്പോൾ ദുഃഖ​ത്തോ​ടെ അവൾ പറഞ്ഞു: “ക്ലാസ്സിലെ കുട്ടി​ക​ളെ​പ്പറ്റി എനിക്കു സങ്കടം തോന്നു​ന്നു. അവർ യഹോ​വ​യെ​ക്കു​റിച്ച്‌ എങ്ങനെയാ പഠിക്കുക?” സിഡ്‌നി​യു​ടെ മനസ്സിൽ ഒരു ആശയം ഉദിച്ചു. സ്‌കൂ​ളി​ലെ അവസാ​ന​ദി​വസം അവൾ വിദ്യാർഥി​കൾക്കെ​ല്ലാം ഗിഫ്‌റ്റ്‌പേ​പ്പർകൊണ്ട്‌ പൊതിഞ്ഞ ഒരു സമ്മാനം നൽകി—എന്റെ ബൈബിൾ കഥാപു​സ്‌തകം എന്ന പ്രസി​ദ്ധീ​ക​രണം. മൊത്തം 26 പ്രതികൾ അവൾ വിതരണം ചെയ്‌തു, വീട്ടിൽ ചെന്ന്‌ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം സമ്മാനം തുറന്നു​നോ​ക്കാൻ അവൾ വിദ്യാർഥി​ക​ളോ​ടു പറഞ്ഞു. സിഡ്‌നി അവളുടെ ക്ലാസ്സിനെ തന്റെ സാക്ഷീ​ക​ര​ണ​പ്ര​ദേ​ശ​മാ​യി​ട്ടാ​ണു കാണു​ന്നത്‌. അവൾ സഹപാ​ഠി​കളെ ഫോണിൽ വിളിച്ച്‌ പുസ്‌തകം ഇഷ്ടപ്പെ​ട്ടോ എന്ന്‌ ചോദി​ക്കു​ക​പോ​ലും ചെയ്‌തു. എല്ലാ രാത്രി​യും അമ്മയു​മൊത്ത്‌ അതു വായി​ക്കാ​റു​ണ്ടെന്ന്‌ ഒരു പെൺകു​ട്ടി സിഡ്‌നി​യോ​ടു പറഞ്ഞു.

15 വയസ്സു​ള്ള​പ്പോൾ എലെൻ തന്റെ ചരിത്ര അധ്യാ​പ​കന്‌ ഉണരുക!യുടെ ഏതാനും പ്രതികൾ നൽകി. “അദ്ദേഹ​ത്തിന്‌ അവ വളരെ ഇഷ്ടമായി, ഇപ്പോൾ രണ്ടു വർഷമാ​യി അദ്ദേഹം ഉണരുക!യുടെ വായന​ക്കാ​ര​നാണ്‌,” എലെൻ പറയുന്നു. അവൾ തുടരു​ന്നു: “അടുത്ത​യി​ടെ ഞാൻ അദ്ദേഹ​ത്തിന്‌ എന്റെ ബൈബിൾ കഥാപു​സ്‌തകം നൽകി. തന്റെ രണ്ടു പെൺമ​ക്കൾക്കും അത്‌ വളരെ ഇഷ്ടമാ​യെന്ന്‌ അദ്ദേഹം പറഞ്ഞു. അതു​കൊണ്ട്‌ ഞാൻ അദ്ദേഹ​ത്തിന്‌ മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക (മലയാ​ള​ത്തിൽ ലഭ്യമല്ല) പുസ്‌തകം നൽകി. കുറച്ചു നാളു​കൾക്കു​ശേഷം അദ്ദേഹം എനി​ക്കൊ​രു കാർഡ്‌ തന്നു. അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: ‘ആ പുസ്‌ത​കങ്ങൾ തന്നതിന്‌ വളരെ നന്ദി. ഞാനും മക്കളും അവയുടെ വായന ശരിക്കും ആസ്വദി​ക്കു​ന്നുണ്ട്‌. ഇത്ര ചെറു​പ്രാ​യ​ത്തി​ലുള്ള ഒരു വ്യക്തി ഇത്തരത്തിൽ ഉറച്ച മനഃസ്ഥി​തി​യും അർപ്പണ​ബോ​ധ​വും പ്രകട​മാ​ക്കു​ന്നതു കാണു​ന്നത്‌ എത്ര ഹൃദ്യ​മാണ്‌! ലഭിക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും വിശി​ഷ്ട​മായ വരദാ​ന​മാണ്‌ കുട്ടി​യു​ടെ ഈ വിശ്വാ​സം. എനിക്കു കുട്ടിയെ പഠിപ്പി​ക്കാൻ കഴിയു​ന്ന​തി​നെ​ക്കാൾ എത്ര​യെത്ര കാര്യ​ങ്ങ​ളാണ്‌ കുട്ടി എന്നെ പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌!’ ബൈബിൾ സത്യം ആളുക​ളു​ടെ പക്കൽ അവതരി​പ്പി​ക്കാൻ നാം ശ്രമി​ക്കു​മ്പോൾ അത്‌ അവർ എത്രമാ​ത്രം വിലമ​തി​ക്കു​ന്നു എന്നു കാണാൻ ഈ അനുഭവം എന്നെ സഹായി​ച്ചു.”

തന്റെ ആദ്യത്തെ ബൈബി​ള​ധ്യ​യനം തുടങ്ങു​മ്പോൾ ഡാനി​യ​ലിന്‌ വെറും ആറു വയസ്സാ​യി​രു​ന്നു. “മമ്മി​യോ​ടൊ​പ്പം ഞാൻ അധ്യയ​ന​ങ്ങൾക്കു പോകു​മാ​യി​രു​ന്നു, പക്ഷേ സ്വന്തമാ​യി ഒരു അധ്യയനം വേണ​മെന്ന്‌ എനിക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു,” അവൻ പറയുന്നു. ഡാനിയൽ ഒരാളെ കണ്ടെത്തു​ക​യും ചെയ്‌തു—റാറ്റ്‌ക്ലിഫ്‌ എന്ന പ്രായം​ചെന്ന ഒരു സ്‌ത്രീ​യെ. ഡാനിയൽ അവർക്ക്‌ ബൈബിൾ സാഹി​ത്യം നൽകി​യി​ട്ടു​ണ്ടാ​യി​രു​ന്നു. “എനി​ക്കേ​റ്റ​വും ഇഷ്ടപ്പെട്ട പുസ്‌തകം കാണി​ച്ചു​ത​രാൻ എനിക്കാ​ഗ്ര​ഹ​മുണ്ട്‌, എന്റെ ബൈബിൾ കഥാപു​സ്‌തകം എന്നാണ്‌ അതിന്റെ പേര്‌,” അവൻ അവരോ​ടു പറഞ്ഞു. എന്നിട്ട്‌ അവൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “എല്ലാ ആഴ്‌ച​യും വന്ന്‌ ഞാൻ അത്‌ വായി​ച്ചു​കേൾപ്പി​ക്കട്ടെ?” മിസ്സിസ്സ്‌ റാറ്റ്‌ക്ലിഫ്‌ സമ്മതം​മൂ​ളി. “അന്നുതന്നെ തിരി​ച്ചു​ചെന്ന്‌ ഞങ്ങൾ അവരു​മൊത്ത്‌ അധ്യയനം ആരംഭി​ച്ചു,” ഡാനി​യ​ലി​ന്റെ അമ്മ ലോറ പറയുന്നു. “ഡാനി​യ​ലും മിസ്സിസ്സ്‌ റാറ്റ്‌ക്ലി​ഫും മാറി മാറി ഖണ്ഡികകൾ വായി​ക്കു​മാ​യി​രു​ന്നു, എന്നിട്ട്‌ ഡാനിയൽ അവരെ​ക്കൊണ്ട്‌ കഥയുടെ അവസാനം നൽകി​യി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​ക​ളിൽ ചിലത്‌ വായി​പ്പി​ക്കും. ഞാനും ഡാനി​യ​ലി​നോ​ടൊ​പ്പം പോകു​മാ​യി​രു​ന്നു, പക്ഷേ അവനു​മാ​യി മാത്രമേ ഈ കാര്യങ്ങൾ ചർച്ച ചെയ്യൂ എന്ന്‌ മിസ്സിസ്സ്‌ റാറ്റ്‌ക്ലി​ഫി​നു നിർബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ തോന്നി!” കുറെ​നാൾ കഴിഞ്ഞ​പ്പോൾ, ഡാനി​യ​ലും മിസ്സിസ്സ്‌ റാറ്റ്‌ക്ലി​ഫും നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും പുസ്‌തകം പഠിക്കാൻ തുടങ്ങി. അപ്പോ​ഴേ​ക്കും ഡാനി​യ​ലി​ന്റെ കുഞ്ഞനി​യത്തി നാറ്റലി അക്ഷരങ്ങൾ കൂട്ടി​വാ​യി​ക്കാൻ പഠിച്ചി​രു​ന്നു. അവളും അധ്യയ​ന​ത്തിൽ പങ്കു​ചേർന്നു. മിസ്സിസ്സ്‌ റാറ്റ്‌ക്ലി​ഫിന്‌ നിരവധി ചോദ്യ​ങ്ങൾ ഉണ്ടായി​രു​ന്നു—ചിലത്‌ തികച്ചും ബുദ്ധി​മു​ട്ടു​ള്ള​തും ആയിരു​ന്നു. പക്ഷേ ഡാനി​യ​ലും നാറ്റലി​യും ചർച്ചയ്‌ക്കു​വേ​ണ്ടി​യുള്ള ബൈബിൾ വിഷയങ്ങൾ എന്ന ചെറു​പു​സ്‌ത​ക​വും ബൈബി​ളി​ന്റെ പുറകി​ലുള്ള കൺകോർഡൻസും ഉപയോ​ഗിച്ച്‌ അവർക്ക്‌ തിരു​വെ​ഴു​ത്തു​പ​ര​മായ ഉത്തരങ്ങൾ നൽകി. പുതു​താ​യി പഠിച്ചു​കൊ​ണ്ടി​രുന്ന കാര്യങ്ങൾ, ജനിച്ച​പ്പോൾ മുതൽ ഒരു കത്തോ​ലി​ക്ക​യാ​യി​രുന്ന മിസ്സിസ്സ്‌ റാറ്റ്‌ക്ലി​ഫി​നെ എത്രമാ​ത്രം സന്തോ​ഷി​പ്പി​ച്ചു​വെ​ന്നോ! “വർഷങ്ങൾക്കു മുമ്പേ ഞാൻ ഈ ബൈബിൾ പഠനം തുട​ങ്ങേ​ണ്ട​താ​യി​രു​ന്നു,” ഒരിക്കൽ അധ്യയ​ന​ത്തി​നു​ശേഷം അവർ പറഞ്ഞു. സങ്കടക​ര​മെന്നു പറയട്ടെ അടുത്ത​യി​ടെ, 91-ാം വയസ്സിൽ മിസ്സിസ്സ്‌ റാറ്റ്‌ക്ലിഫ്‌ നിര്യാ​ത​യാ​യി. എന്നാൽ പറുദീ​സാ ഭൂമി​യി​ലേ​ക്കുള്ള പുനരു​ത്ഥാ​നം സംബന്ധിച്ച തിരു​വെ​ഴു​ത്തു പ്രത്യാശ ഉൾപ്പെടെ വില​യേ​റിയ സത്യങ്ങൾ അറിയാൻ ബൈബിൾ പഠനം അവരെ പ്രാപ്‌ത​യാ​ക്കി. ഡാനി​യ​ലിന്‌ ഇപ്പോൾ പത്തു വയസ്സുണ്ട്‌, ഇപ്പോൾ അവൻ രണ്ട്‌ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തുന്നു. എട്ടു വയസ്സുള്ള നാറ്റലി സമപ്രാ​യ​ക്കാ​രി​യായ ഒരു പെൺകു​ട്ടി​യെ ബൈബിൾ പഠിക്കാൻ സഹായി​ക്കു​ന്നു.

ക്രിസ്റ്റീന, സിഡ്‌നി, എലെൻ, ഡാനിയൽ, നാറ്റലി എന്നിവ​രെ​പ്പോ​ലെ​യുള്ള ചെറു​പ്രാ​യ​ക്കാർ തങ്ങളുടെ ക്രിസ്‌തീയ മാതാ​പി​താ​ക്കൾക്ക്‌ സന്തോഷം കൈവ​രു​ത്തു​ന്നു. അതിലും പ്രധാ​ന​മാ​യി, അവർ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു. ഈ ഇളം​പ്രാ​യ​ക്കാർ തന്റെ നാമ​ത്തോ​ടു കാണി​ക്കുന്ന സ്‌നേഹം അവൻ ഒരിക്ക​ലും മറന്നു​ക​ള​യു​ക​യില്ല.—സദൃശ​വാ​ക്യ​ങ്ങൾ 27:11; എബ്രായർ 6:10.

[അടിക്കു​റിപ്പ്‌]

^ ഈ ലേഖന​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ല്ലാം യഹോ​വ​യു​ടെ സാക്ഷികൾ പ്രകാ​ശനം ചെയ്‌തി​ട്ടു​ള്ള​വ​യാണ്‌.

[18-ാം പേജിലെ ചിത്രങ്ങൾ]

 കിസ്റ്റീനയും (മുകളിൽ) സിഡ്‌നി​യും

[19-ാം പേജിലെ ചിത്രം]

ഡാനിയലും നാറ്റലി​യും

[19-ാം പേജിലെ ചിത്രം]

എലെൻ