വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വർണം മാറ്റുകുറയാത്ത മാസ്‌മരികത

സ്വർണം മാറ്റുകുറയാത്ത മാസ്‌മരികത

സ്വർണം മാറ്റുകുറയാത്ത മാസ്‌മരികത

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

ഓസ്‌ട്രേലിയയിലെ ഒരു വനാന്തരം. ലോഹനിക്ഷേപങ്ങൾക്കായി തിരച്ചിൽ നടത്തുന്ന ഒരാൾ വറ്റിവരണ്ട ഒരു നദീതടത്തിലൂടെ ആയാസപ്പെട്ടു നടക്കുകയാണ്‌. നട്ടുച്ചയ്‌ക്കത്തെ പൊരിവെയിലേറ്റ്‌ അയാളുടെ പുറം ചുട്ടുപൊള്ളുന്നുണ്ട്‌. പൊടിപുരണ്ട ഷർട്ട്‌ വിയർപ്പിൽ കുതിരുന്നു. പ്ലെയ്‌റ്റിന്റെ വലുപ്പമുള്ള ഒരു സാമഗ്രിയോടു ബന്ധിപ്പിച്ചിരിക്കുന്ന ഒരു നീണ്ട ലോഹദണ്ഡ്‌ അയാൾ കയ്യിൽ പിടിച്ചിട്ടുണ്ട്‌. വെയിലും ചൂടും ഒന്നും വകവയ്‌ക്കാതെ, അയാൾ ആ അത്യാധുനിക മെറ്റൽ ഡിറ്റക്ടർ മണ്ണിനു മീതെയായി അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചുകൊണ്ട്‌ നടപ്പു തുടരുകയാണ്‌. അതിന്റെ കാന്തിക മണ്ഡലം കല്ലുനിറഞ്ഞ മണ്ണിലേക്ക്‌ ഒരു മീറ്റർ ആഴത്തിൽ തുളച്ചിറങ്ങുന്നു. അയാളുടെ ചെവിയിൽ ഘടിപ്പിച്ചിരിക്കുന്ന ഹെഡ്‌ഫോണുകൾ മെറ്റൽ ഡിറ്റക്ടറിൽനിന്നുള്ള സിഗ്നൽ സ്വീകരിച്ച്‌ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നു.

ഉച്ചസ്ഥായിയിലുള്ള, വിസിലടിപോലുള്ള ആ ശബ്ദം പെട്ടെന്ന്‌ സ്ഥായി കുറഞ്ഞ ക്ലിക്‌ ശബ്ദമായി മാറുന്നതോടെ അയാളുടെ നാഡിമിടിപ്പു വർധിക്കുന്നു. അയാൾ നിൽക്കുന്നതിനു താഴെ മണ്ണിനടിയിൽ ലോഹം ഉണ്ടെന്നുള്ളതിന്റെ സ്‌പഷ്ടമായ സൂചനയാണ്‌ ഉപകരണം ഇപ്പോൾ നൽകുന്നത്‌. അയാൾ മുട്ടുകുത്തിനിന്ന്‌ ഒരു ചെറിയ പിക്കാസുകൊണ്ട്‌ കടുപ്പമുള്ള മണ്ണ്‌ അതിവേഗം കുഴിക്കാൻ തുടങ്ങുന്നു. മണ്ണിൽ ഒളിഞ്ഞിരിക്കുന്നത്‌ തുരുമ്പെടുത്ത വെറുമൊരു ആണിയാകാം, പഴയ ഒരു നാണയമാകാനും മതി. എന്നാൽ കുഴിയുടെ ആഴം വർധിക്കവേ അദ്ദേഹത്തിന്റെ കണ്ണുകൾ സ്വർണത്തിന്റെ സൂചനയ്‌ക്കായി പരതുന്നു.

സ്വർണം തേടിയുള്ള നിലയ്‌ക്കാത്ത പ്രവാഹം

സ്വർണം കണ്ടെടുക്കുന്ന രീതികൾക്കു മാറ്റംവന്നിരിക്കാം. എന്നാൽ തിളക്കമാർന്ന ഈ മഞ്ഞലോഹത്തിനു വേണ്ടി ചരിത്രത്തിലുടനീളം മനുഷ്യവർഗം ആകാംക്ഷയോടെ തിരച്ചിൽ നടത്തിയിട്ടുണ്ട്‌. വേൾഡ്‌ ഗോൾഡ്‌ കൗൺസിൽ റിപ്പോർട്ട്‌ ചെയ്യുന്നതനുസരിച്ച്‌ കഴിഞ്ഞ 6,000 വർഷംകൊണ്ട്‌ 1,25,000 ടണ്ണിലേറെ സ്വർണം ഭൂമിയിൽനിന്നു ഖനനം ചെയ്‌തെടുത്തിട്ടുണ്ട്‌. * ഈജിപ്‌ത്‌, ഓഫിർ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ പുരാതന സംസ്‌കാരങ്ങൾ സ്വർണസമ്പത്തിന്‌ പേരുകേട്ടവയായിരുന്നു. എങ്കിലും ഇതുവരെ ശേഖരിച്ചിട്ടുള്ള സ്വർണത്തിന്റെ 90 ശതമാനത്തിലധികവും ഖനനം ചെയ്‌തെടുത്തിരിക്കുന്നത്‌ കഴിഞ്ഞ ഏതാണ്ട്‌ 150 വർഷത്തിനുള്ളിലാണ്‌.​—⁠1 രാജാക്കന്മാർ 9:28.

1848-ലാണ്‌ സ്വർണഖനനത്തിൽ കുതിച്ചുകയറ്റം ഉണ്ടാകാൻ തുടങ്ങിയത്‌

. ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള അമേരിക്കൻ നദിക്കു സമീപം സറ്റർ എന്ന വ്യക്തിയുടെ മിൽ സ്ഥിതിചെയ്‌തിരുന്നിടത്ത്‌ സ്വർണം കണ്ടെത്തിയത്‌ അന്നാണ്‌. ഇത്‌ ആളുകൾ ആ പ്രദേശത്തേക്ക്‌ കൂട്ടത്തോടെ പ്രവഹിക്കുന്നതിന്‌ ഇടയാക്കി. സ്വർണം തേടിയുള്ള ‘ഭാഗ്യാ’ന്വേഷികളുടെ ഈ പ്രവാഹം ഗോൾഡ്‌ റഷ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. കാലിഫോർണിയയുടെ മണ്ണിൽ ഒളിഞ്ഞുകിടക്കുന്ന സ്വർണം കണ്ടെടുത്ത്‌ ധനികരാകാമെന്ന സ്വപ്‌നവുമായി എത്തിയവരാണ്‌ എല്ലാവരും. പലരുടെയും കാര്യത്തിൽ ഈ സ്വപ്‌നം പൂവണിഞ്ഞില്ല. എന്നാൽ ചിലർ അവിടത്തെ സ്വർണപ്പാടത്തിൽനിന്ന്‌ ഗംഭീര കൊയ്‌ത്തുതന്നെ നടത്തി. 1851 എന്ന ഒറ്റവർഷത്തിൽ കാലിഫോർണിയയിലെ സ്വർണപ്പാടങ്ങളിൽനിന്നുമാത്രം ശേഖരിക്കപ്പെട്ടത്‌ 77 ടൺ സ്വർണമാണ്‌.

ഏതാണ്ട്‌ ഇതേ സമയത്തുതന്നെ, ലോകത്തിന്റെ മറുഭാഗത്ത്‌ സ്വർണം കണ്ടെത്തി. പുതുതായി രൂപംകൊണ്ട കോളനിയായ ഓസ്‌ട്രേലിയയിൽ ആയിരുന്നു അത്‌. കാലിഫോർണിയയിലെ സ്വർണപ്പാടങ്ങളിൽനിന്ന്‌ പരിചയസമ്പത്ത്‌ ആർജിച്ച എഡ്വേർഡ്‌ ഹാർഗ്രേവ്‌സ്‌ ഓസ്‌ട്രേലിയയിലേക്കു വരുകയും ന്യൂ സൗത്ത്‌ വെയ്‌ൽസിലെ ബാഥർസ്റ്റ്‌ എന്ന ചെറിയ പട്ടണത്തിനു സമീപത്തുള്ള ഒരു അരുവിയിൽ സ്വർണം കണ്ടെത്തുകയും ചെയ്‌തു. 1851-ൽ വിക്ടോറിയ സംസ്ഥാനത്തിലെ ബാലറാറ്റ്‌, ബെൻഡിഗോ എന്നീ സ്ഥലങ്ങളിലും വലിയ സ്വർണനിക്ഷേപങ്ങൾ കണ്ടെത്തി. കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള വാർത്ത പരന്നതോടെ ആളുകൾ ആ സ്ഥലങ്ങളിലേക്കു പ്രവഹിക്കാൻ തുടങ്ങി. അവിടെ എത്തിയവരിൽ ചിലർ ഖനിത്തൊഴിലാളികളായിരുന്നു. എന്നാൽ മിക്കവരും ഖനിത്തൊഴിലാളികളുടെ ആയുധം ഒരിക്കൽപ്പോലും കൈകൊണ്ടു തൊട്ടിട്ടില്ലാത്ത കൃഷിപ്പണിക്കാരോ ഓഫീസ്‌ ജോലിക്കാരോ ആയിരുന്നു. സ്വർണംതേടിയുള്ള ആളുകളുടെ കൂട്ടത്തോടെയുള്ള പ്രവാഹത്തിനു വേദിയായ ഒരു പട്ടണത്തെക്കുറിച്ച്‌ അക്കാലത്തെ ഒരു തദ്ദേശ പത്രം റിപ്പോർട്ടു ചെയ്‌തത്‌ ഇങ്ങനെയാണ്‌: “ബാഥർസ്റ്റ്‌ വീണ്ടും ഭ്രാന്തമായ അവസ്ഥയിൽ ആയിരിക്കുന്നു. സ്വർണജ്വരം ആളുകളുടെ തലയ്‌ക്കു പിടിച്ചിരിക്കുന്നു, പൂർവാധികം തീവ്രതയോടെ. ആളുകൾ ഒന്നിച്ചുകൂടി പരസ്‌പരബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നു, അർഥശൂന്യമായ നോട്ടങ്ങൾ കൈമാറുന്നു, ഇനിയെന്താണു സംഭവിക്കുകയെന്ന്‌ അത്ഭുതംകൂറുന്നു.”

അടുത്തതായി എന്താണു സംഭവിച്ചത്‌? ജനസംഖ്യ കുതിച്ചുയർന്നു. 1851-നു ശേഷമുള്ള ദശകത്തിൽ ഓസ്‌ട്രേലിയയിലെ ജനസംഖ്യ ഇരട്ടിയായിത്തീർന്നു. സ്വർണം കണ്ടെത്താമെന്ന മോഹവുമായി ലോകത്തിന്റെ എല്ലാ കോണുകളിൽനിന്നും ആളുകൾ അവിടെ എത്തിച്ചേർന്നതാണു കാരണം. ഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്‌ത അളവുകളിൽ സ്വർണം കണ്ടെത്തി. ഒരിടത്തെ ജനപ്രവാഹം കുറയുമ്പോൾ മറ്റൊരിടത്ത്‌ അത്‌ ആരംഭിക്കുകയായിരുന്നു. 1856-ൽ മാത്രം ഓസ്‌ട്രേലിയയിൽനിന്നു ശേഖരിക്കപ്പെട്ടത്‌ 95 ടൺ സ്വർണമാണ്‌. 1893-ൽ ഖനിത്തൊഴിലാളികൾ പശ്ചിമ ഓസ്‌ട്രേലിയയിലെ കാൽഗുർലി-ബോൾഡറിനു സമീപത്തുനിന്ന്‌ സ്വർണം ഖനനം ചെയ്യാൻ തുടങ്ങി. അന്നുമുതൽ, “2.5 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള, ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്വർണപ്പാടം” എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രദേശത്തുനിന്ന്‌ 1,300 ടണ്ണിലേറെ സ്വർണം കുഴിച്ചെടുത്തിരിക്കുന്നു. ആ പ്രദേശത്ത്‌ ഇപ്പോഴും സ്വർണം വിളയുന്നുണ്ട്‌. പ്രതല ഖനനം നടന്നിട്ടുള്ള ലോകത്തിലെ ഏറ്റവും ആഴംകൂടിയ സ്വർണഖനി അവിടെയാണ്‌. ഈ മനുഷ്യനിർമിത ഗർത്തത്തിന്‌ ഏകദേശം രണ്ടു കിലോമീറ്റർ വീതിയും മൂന്നു കിലോമീറ്റർ നീളവും 400 മീറ്റർ ആഴവും ഉണ്ട്‌!

ഇന്ന്‌ സ്വർണോത്‌പാദനത്തിൽ ലോകത്ത്‌ മൂന്നാം സ്ഥാനമാണ്‌ ഓസ്‌ട്രേലിയയ്‌ക്കുള്ളത്‌. ഈ മേഖലയിൽ 60,000 തൊഴിലാളികളുണ്ട്‌. 500 കോടി ഓസ്‌ട്രേലിയൻ ഡോളർ (17,000 കോടി രൂപ) വിലമതിക്കുന്ന ഏകദേശം 300 ടൺ സ്വർണമാണ്‌ വർഷംതോറും അവിടെ ഖനനം ചെയ്‌തെടുക്കുന്നത്‌. സ്വർണഖനനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്‌ ഐക്യനാടുകളാണ്‌. എന്നാൽ നൂറിലേറെ വർഷമായി സ്വർണോത്‌പാദനത്തിൽ ലോകത്ത്‌ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്‌ ദക്ഷിണാഫ്രിക്കയാണ്‌. ഇതുവരെ ഖനനം ചെയ്യപ്പെട്ടിട്ടുള്ള സ്വർണത്തിന്റെ ഏകദേശം 40 ശതമാനവും സംഭാവന ചെയ്‌തിരിക്കുന്നത്‌ ആ രാജ്യമാണ്‌. 2,000 ടണ്ണിലേറെ സ്വർണമാണ്‌ ഓരോ വർഷവും ലോകമൊട്ടുക്ക്‌ ഖനനം ചെയ്യപ്പെടുന്നത്‌. ആ സ്വർണത്തിനൊക്കെ പിന്നെ എന്താണു സംഭവിക്കുന്നത്‌?

മൂല്യവും അഴകും ഒത്തിണങ്ങിയ ഒരു ലോഹം

സ്വർണത്തിൽ കുറച്ചുഭാഗം ഇപ്പോഴും നാണയങ്ങൾ ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കുന്നുണ്ട്‌. പശ്ചിമ ഓസ്‌ട്രേലിയയിലെ പെർത്തിലുള്ള നാണയനിർമാണശാല ഇപ്പോൾ ഇത്തരം കറൻസികളുടെ ലോകത്തിലെ മുഖ്യ ഉത്‌പാദകരിൽ ഒന്നാണ്‌. ഈ നാണയങ്ങൾ പൊതു ഉപയോഗത്തിനുള്ളവയല്ല. നാണയശേഖരണത്തിൽ കമ്പമുള്ളവർ അവ വാങ്ങി സൂക്ഷിക്കുന്നു. ഇനിയും, ഇതുവരെ ഖനനം ചെയ്‌തിട്ടുള്ള സ്വർണത്തിന്റെ 25 ശതമാനത്തോളം സ്വർണക്കട്ടികളാക്കി മാറ്റി ബാങ്കുകളിലെ പ്രത്യേക അറകളിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്‌. ലോകത്തിൽ ഉത്‌പാദിപ്പിക്കപ്പെട്ടിട്ടുള്ള ഈ കട്ടിപ്പൊന്നിലധികവും ഐക്യനാടുകളിലെ ബാങ്കുകളിലാണുള്ളത്‌.

വർഷംതോറും ഖനനം ചെയ്‌തെടുക്കുന്ന സ്വർണത്തിന്റെ 80 ശതമാനത്തോളം, അതായത്‌ ഏകദേശം 1,600 ടൺ, ഇന്ന്‌ ആഭരണ നിർമാണത്തിന്‌ ഉപയോഗിച്ചുവരുന്നു. കട്ടിപ്പൊന്നിന്റെ രൂപത്തിൽ ഏറ്റവുമധികം സ്വർണമിരിക്കുന്നത്‌ ഐക്യനാടുകളിലെ ബാങ്കുകളിലായിരിക്കാമെങ്കിലും ആഭരണങ്ങളുംകൂടെ കണക്കിൽ ഉൾപ്പെടുത്തുമ്പോൾ, ഏറ്റവും കൂടുതൽ സ്വർണം ഉള്ളത്‌ ഇന്ത്യയുടെ അതിരുകൾക്കുള്ളിലാണ്‌. മൃദുവായ ഈ ലോഹം അമൂല്യവും മനോഹരവുമാണെന്നതിനു പുറമേ, മറ്റുചില സവിശേഷതകളും അതിനുണ്ട്‌. ഇവ അതിനെ ഒട്ടനവധി ഉപയോഗങ്ങളുള്ള ഒന്നാക്കിത്തീർക്കുന്നു.

ആധുനിക ഉപയോഗങ്ങളുള്ള ഒരു പുരാതന ലോഹം

സ്വർണം ക്ലാവുപിടിക്കുകയോ തുരുമ്പിക്കുകയോ ഇല്ലെന്ന്‌ പുരാതന ഈജിപ്‌തിലെ ഫറവോന്മാർക്ക്‌ അറിയാമായിരുന്നു എന്നു തോന്നുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ ഡെത്ത്‌ മാസ്‌കുകൾ (മമ്മിയുടെ മുഖംമൂടി) ഉണ്ടാക്കാൻ അവർ സ്വർണം ഉപയോഗിച്ചിരുന്നു. തൂത്തൻഖാമൻ ഫറവോന്റെ മരണത്തിന്‌ ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷം പുരാവസ്‌തുഗവേഷകർ അദ്ദേഹത്തിന്റെ ശവകുടീരം കണ്ടെടുത്തപ്പോൾ ആ യുവരാജാവിന്റെ സ്വർണ മുഖംമൂടി തിളക്കമാർന്ന മഞ്ഞനിറം നഷ്ടപ്പെടാതെ ഇരിക്കുന്നതായി കാണാൻ കഴിഞ്ഞു. സ്വർണത്തിന്റെ ഈടുറപ്പിന്‌ ഇതു സാക്ഷ്യം നൽകുന്നു.

ഇരുമ്പുപോലുള്ള ലോഹങ്ങളുടെ ശത്രുക്കളായ വെള്ളവും വായുവും സ്വർണത്തിന്‌ യാതൊരു കേടും വരുത്തുന്നില്ല. സ്വർണത്തിന്റെ തിളക്കം നഷ്ടപ്പെടാത്തതിന്റെ പിന്നിലെ രഹസ്യം അതാണ്‌. ദ്രവീകരണത്തെ ചെറുത്തുനിൽക്കാനുള്ള ഈ കഴിവും വൈദ്യുതി കടത്തിവിടാനുള്ള അസാധാരണ പ്രാപ്‌തിയും സ്വർണത്തെ ഇലക്‌ട്രോണിക്‌ ഘടകങ്ങളിലെ ഉപയോഗത്തിന്‌ തികച്ചും അനുയോജ്യമാക്കുന്നു. ടെലിവിഷനുകൾ, വിസിആർ, സെൽഫോണുകൾ, അഞ്ചുകോടിയോളം കമ്പ്യൂട്ടറുകൾ എന്നിവയുടെ നിർമാണത്തിനായി വർഷംതോറും 200 ടണ്ണോളം സ്വർണമാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. ഇതിനു പുറമേ, ഉയർന്ന ഗുണനിലവാരമുള്ള കോംപാക്‌റ്റ്‌ ഡിസ്‌കുകളിൽ ഈടുനിൽക്കുന്ന സ്വർണം നേരിയ തോതിൽ ഉപയോഗിക്കാറുണ്ട്‌. ദീർഘനാളത്തേക്കുള്ള പ്രവർത്തനശേഷി ഉറപ്പുവരുത്തുന്നതിനാണ്‌ ഇത്‌.

സ്വർണത്തിന്റെ നേരിയ പാളികൾ അസാധാരണമായ ചില സവിശേഷതകൾ പ്രകടമാക്കുന്നു. പ്രകാശവുമായുള്ള സ്വർണത്തിന്റെ പ്രവർത്തനത്തെക്കുറിച്ചു ചിന്തിക്കുക. സ്വർണത്തെ തീരെ നേർത്ത പാളികളാക്കി മാറ്റുമ്പോൾ അത്‌ സുതാര്യമായിത്തീരുന്നു. അപ്പോൾ അത്‌ പച്ചനിറത്തിലുള്ള പ്രകാശ തരംഗങ്ങളെ കടത്തിവിടുകയും ഇൻഫ്രാറെഡ്‌ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. സ്വർണത്തിന്റെ കോട്ടിങ്ങുള്ള ജാലകങ്ങൾ പ്രകാശത്തെ കടത്തിവിടുകയും ചൂടിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌, ആധുനിക വിമാനങ്ങളുടെ കോക്‌പിറ്റിന്റെയും പല പുതിയ ഓഫീസ്‌ കെട്ടിടങ്ങളുടെയും ജാലകങ്ങളിൽ സ്വർണത്തിന്റെ കോട്ടിങ്ങുണ്ട്‌. കൂടാതെ, ബഹിരാകാശ വാഹനങ്ങളുടെ എളുപ്പത്തിൽ കേടുവരാവുന്ന ഭാഗങ്ങൾ അതാര്യമായ സ്വർണ ഫോയിൽ അഥവാ സ്വർണത്താളുകൊണ്ടു പൊതിയാറുണ്ട്‌. ശക്തമായ വികിരണത്തിൽനിന്നും ചൂടിൽനിന്നും ഇത്‌ അവയ്‌ക്ക്‌ വളരെയേറെ സംരക്ഷണം പ്രദാനം ചെയ്യുന്നു.

ബാക്ടീരിയയെ പ്രതിരോധിക്കാനും സ്വർണത്തിനു വളരെയേറെ കഴിവുണ്ട്‌. അതുകൊണ്ടുതന്നെ, കേടുവന്നതോ ദ്രവിച്ചതോ ആയ പല്ലുകളുടെ കേടുപോക്കാനോ അവ എടുത്തുകളഞ്ഞ്‌ പകരം വെക്കാനോ ആയി ദന്തഡോക്ടർമാർ സ്വർണം ഉപയോഗിക്കാറുണ്ട്‌. ശസ്‌ത്രക്രിയയിലൂടെ ശരീരത്തിനുള്ളിൽ കടത്തിവെക്കുന്ന സ്റ്റെന്റുപോലുള്ള​—⁠തകരാറു സംഭവിച്ച ധമനികളെയോ സിരകളെയോ ബലപ്പെടുത്തുന്നതിനായി ശരീരത്തിനുള്ളിൽ കടത്തുന്ന കമ്പികൊണ്ടുള്ള ചെറിയ ട്യൂബ്‌​—⁠ഉപകരണങ്ങളിലെ ഉപയോഗത്തിന്‌ സ്വർണം വളരെ അനുയോജ്യമാണെന്ന്‌ അടുത്തകാലത്ത്‌ കണ്ടെത്തിയിരിക്കുന്നു.

സ്വർണത്തിന്റെ ബഹുമുഖോപയോഗവും മൂല്യവും മനോഹാരിതയും കണക്കിലെടുക്കുമ്പോൾ ഹൃദയഹാരിയായ ഈ ലോഹത്തിനു വേണ്ടിയുള്ള തിരച്ചിൽ മനുഷ്യർ ഇനിയും തുടരുമെന്ന കാര്യത്തിൽ സംശയമില്ല.

[25-ാം പേജിലെ ചതുരം]

സ്വർണം കാണപ്പെടുന്നത്‌ എവിടെയാണ്‌?

ശിലകൾ: എല്ലാ ആഗ്നേയ ശിലകളിലും സ്വർണം നേരിയ അളവിൽ അടങ്ങിയിട്ടുണ്ട്‌. ചില ശിലകളിൽ ഉയർന്ന അളവിൽ അത്‌ അടങ്ങിയിരിക്കുന്നു, അത്തരം സന്ദർഭങ്ങളിൽ ഖനനം ചെയ്‌തും പൊടിച്ചും രാസപ്രക്രിയയിലൂടെയും സ്വർണം വേർതിരിച്ചെടുക്കുന്നത്‌ കമ്പനികളെ സംബന്ധിച്ചിടത്തോളം മൂല്യവത്താണ്‌. ഉയർന്ന ഗുണമേന്മയുള്ളത്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന അയിരുകളിൽപ്പോലും ടണ്ണിന്‌ ഏകദേശം 30 ഗ്രാം എന്ന അളവിലേ അതു കാണുകയുള്ളൂ.

റീഫുകൾ: അപൂർവമായി, ക്വാർട്‌സിന്റെ പാളികൾക്കിടയ്‌ക്ക്‌ വരികളായോ പാളികളായോ സ്വർണം കാണപ്പെടുന്നു. ഇതിനു റീഫ്‌ ഗോൾഡ്‌ എന്നാണു പറയുന്നത്‌.

നദികൾ: കാറ്റ്‌, വെയിൽ, മഴ എന്നിവയുടെ പ്രവർത്തന ഫലമായി സ്വർണം അടങ്ങിയിട്ടുള്ള ശിലകൾ കാലാന്തരത്തിൽ വിഘടിക്കുകയും അവയിലുള്ള സ്വർണം വേർപെടുകയും ചെയ്യുന്നു. തുടർന്ന്‌ അത്‌ ചെറു തരികളായോ ശകലങ്ങളായോ അരുവികളിലും നദികളിലും വന്നടിയുന്നു. ഇതു ജലവാഹിത സ്വർണം (alluvial gold) എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.

ഭൗമോപരിതലം: ഭൗമോപരിതലത്തിൽ വിചിത്രമായ ആകൃതിയുള്ള സ്വർണക്കട്ടകൾ രൂപംകൊള്ളാറുണ്ട്‌. ഇവയിൽ ചിലത്‌ അപാര വലുപ്പമുള്ളവയാണ്‌. ഓസ്‌ട്രേലിയയിൽ കണ്ടെത്തിയിട്ടുള്ളതിൽവെച്ച്‌ ഏറ്റവും വലുപ്പമുള്ള സ്വർണക്കട്ടയുടെ പേര്‌ ദ വെൽകം സ്‌ട്രേഞ്ചർ എന്നായിരുന്നു. അതിന്‌ ഏകദേശം 70 കിലോഗ്രാം തൂക്കം ഉണ്ടായിരുന്നു! ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിൽ 1869-ലാണ്‌ അതു കണ്ടെടുത്തത്‌. വലിയ സ്വർണക്കട്ടകളുടെ നാടാണ്‌ ഓസ്‌ട്രേലിയ. ഏറ്റവും വലുപ്പമുള്ള 25 സ്വർണക്കട്ടകളിൽ 23-ഉം കണ്ടെടുത്തിരിക്കുന്നത്‌ അവിടെനിന്നാണ്‌. തീപ്പെട്ടിക്കൊള്ളിയുടെ തലപ്പിന്റെ അത്രയും മാത്രം വലുപ്പമുള്ള സ്വർണക്കട്ടകളുമുണ്ട്‌. ഇന്ന്‌ സ്വർണക്കട്ടകൾ ആഭരണങ്ങളിൽ ഉപയോഗിക്കാൻ തക്ക ഗുണമേന്മയുള്ള വജ്രത്തെക്കാൾ വിരളമാണ്‌.

[27-ാം പേജിലെ ചതുരം/ചിത്രം]

മെറ്റൽ ഡിറ്റക്ടർ പ്രവർത്തിക്കുന്നത്‌ എങ്ങനെ?

സാധാരണഗതിയിൽ ഒരു മെറ്റൽ ഡിറ്റക്ടറിന്റെ പ്രധാനഭാഗങ്ങൾ രണ്ടു കമ്പിച്ചുരുളുകളാണ്‌. ഇതിൽ ഒന്നിലൂടെ വൈദ്യുതി കടന്നുപോകുമ്പോൾ ഒരു കാന്തിക മണ്ഡലം രൂപംകൊള്ളുന്നു. മെറ്റൽ ഡിറ്റക്ടർ സ്വർണക്കട്ട പോലുള്ള ഒരു ലോഹ പദാർഥവുമായി സമ്പർക്കത്തിൽ വരുമ്പോൾ അത്‌ ആ പദാർഥത്തിൽ ദുർബലമായ ഒരു കാന്തിക മണ്ഡലം സൃഷ്ടിക്കുന്നു. മെറ്റൽ ഡിറ്റക്ടറിലെ രണ്ടാമത്തെ കമ്പിച്ചുരുൾ ദുർബലമായ ഈ കാന്തിക മണ്ഡലം തിരിച്ചറിഞ്ഞ്‌ പ്രകാശമോ ശബ്ദമോ പുറപ്പെടുവിച്ചുകൊണ്ടോ ഒരു മാപിനി മുഖേനയോ ഓപ്പറേറ്ററെ വിവരം അറിയിക്കുന്നു.

[25-ാം പേജിലെ ചിത്രങ്ങൾ]

1800-കളുടെ മധ്യത്തിൽ സ്വർണഖനനത്തിൽ ഉണ്ടായ കുതിച്ചുകയറ്റം:

1. ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള സറ്ററിന്റെ മിൽ

2. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലുള്ള ബെൻഡിഗോ അരുവി

3. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ ബാലറാറ്റിലുള്ള ഗോൾഡൻ പോയിന്റ്‌

[അടിക്കുറിപ്പ്‌]

^ വെറും 37 സെന്റിമീറ്റർ നീളവും 37 സെന്റിമീറ്റർ വീതിയും 37 സെന്റിമീറ്റർ ഉയരവും ഉള്ള ഒരു സ്വർണക്കട്ടിക്ക്‌ ഒരു ടണ്ണോളം ഭാരം വരും. അത്രയ്‌ക്ക്‌ ഘനത്വമുള്ള ലോഹമാണ്‌ സ്വർണം.

[കടപ്പാട്‌]

1: Library of Congress; 2: Gold Museum, Ballarat; 3: La Trobe Picture Collection, State Library of Victoria

[26-ാം പേജിലെ ചിത്രങ്ങൾ]

സ്വർണത്തിന്റെ ആധുനിക ഉപയോഗങ്ങൾ

ഉയർന്ന ഗുണനിലവാരമുള്ള കോംപാക്‌റ്റ്‌ ഡിസ്‌കുകളിൽ സ്വർണം നേരിയ തോതിൽ ഉപയോഗിക്കുന്നു

ബഹിരാകാശ വാഹനങ്ങളിൽ സ്വർണത്തിന്റെ ഫോയിൽ ഉപയോഗിക്കുന്നു

മൈക്രോചിപ്പുകളിൽ സ്വർണം ഉപയോഗിക്കുന്നു

സ്വർണത്തിന്റെ പ്ലെയിറ്റിങ്ങുള്ള കമ്പികൾക്ക്‌ വൈദ്യുതി കടത്തിവിടാൻ അസാധാരണ കഴിവുണ്ട്‌

[കടപ്പാട്‌]

NASA photo

Carita Stubbe

Courtesy Tanaka Denshi Kogyo

[26-ാം പേജിലെ ചിത്രം]

പ്രതല ഖനനം നടന്നിട്ടുള്ള ലോകത്തിലെ ഏറ്റവും ആഴം കൂടിയ സ്വർണ ഖനി, പശ്ചിമ ഓസ്‌ട്രേലിയയിലെ കാൽഗുർലി-ബോൾഡറിലാണ്‌ ഇത്‌

[കടപ്പാട്‌]

Courtesy Newmont Mining Corporation

[24-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Brasil Gemas, Ouro Preto, MG