ചാറ്റ് റൂമുകൾ—എനിക്കെങ്ങനെ അപകടങ്ങൾ ഒഴിവാക്കാം?
യുവജനങ്ങൾ ചോദിക്കുന്നു . . .
ചാറ്റ് റൂമുകൾ—എനിക്കെങ്ങനെ അപകടങ്ങൾ ഒഴിവാക്കാം?
“ദിവസവും മൂന്നോ നാലോ മണിക്കൂർ ഞാൻ ചാറ്റ് റൂമുകളിൽ സല്ലപിച്ചിരുന്നു. ചിലപ്പോൾ ആറോ ഏഴോ മണിക്കൂർവരെ ഒറ്റയിരുപ്പിരിക്കും.”—ഹോസേ.
അപരിചിതർ വിഹരിക്കുന്ന ഏതു സ്ഥലത്തും എന്നപോലെ ചാറ്റ് റൂമുകളിലും അപകടങ്ങൾ പതിയിരിക്കുന്നു. നിങ്ങൾ അവയെക്കുറിച്ച് അറിഞ്ഞ് ജാഗ്രതപാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ഒരു വലിയ നഗരം സന്ദർശിക്കുന്നുവെന്നിരിക്കട്ടെ. അപകടകരമായ പ്രദേശങ്ങൾ ഏതൊക്കെയെന്നു മനസ്സിലാക്കി നിങ്ങൾ അവിടം ഒഴിവാക്കും, ഈവിധത്തിൽ നിങ്ങളുടെ സുരക്ഷ കഴിയുന്നത്ര ഉറപ്പാക്കാൻ ന്യായമായും നിങ്ങൾ ശ്രമിക്കും.
അതുതന്നെയാണ് ചാറ്റ് റൂമുകൾ സന്ദർശിക്കുമ്പോഴും നിങ്ങൾ ചെയ്യേണ്ടത്. ഒക്ടോബർ 8 ലക്കം ഉണരുക!യിൽ പല ചാറ്റ് റൂമുകളിലും സാധാരണ സംഭവിക്കാവുന്ന രണ്ട് അപകടങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയുണ്ടായി. ഒന്ന്, ലൈംഗിക ആഭാസന്മാരുമായി ബന്ധത്തിൽവരാൻ ഇടയാകുന്നു. മറ്റൊന്ന് യഥാർഥ മുഖം മറച്ചുപിടിച്ചുകൊണ്ട് മറ്റുള്ളവരെ വഞ്ചിക്കാൻ നിങ്ങൾക്കുണ്ടാകുന്ന പ്രചോദനം. ഇതോടൊപ്പം പരിചിന്തിക്കേണ്ട മറ്റുചില അപകടങ്ങളുമുണ്ട്. അതിനുമുമ്പ് ചാറ്റ് റൂമുകൾ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് നമുക്കു നോക്കാം.
ഒരു ഉദ്ദേശ്യം മനസ്സിൽക്കണ്ട് സംഘടിപ്പിക്കപ്പെട്ടത്
ചില പ്രത്യേക കൂട്ടങ്ങളെ മനസ്സിൽക്കണ്ട് അവർക്ക് ആകർഷകമായ വിധത്തിൽ വിഷയാനുസൃതമായിട്ടാണ് സാധാരണഗതിയിൽ ചാറ്റ് റൂമുകൾ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ചില ചാറ്റ് റൂമുകൾ ഒരു പ്രത്യേക കായികവിനോദമോ ഹോബിയോ പ്രിയപ്പെടുന്നവർക്കുവേണ്ടിയുള്ളതായിരിക്കാം. മറ്റു ചിലത് ഒരു ടെലിവിഷൻ പരിപാടിയെക്കുറിച്ചു ചർച്ചചെയ്യുന്നതിനുള്ളതായിരിക്കും. വേറെ ചിലത് ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണ് തങ്ങളെന്ന് അവകാശപ്പെടുന്നവർക്കുള്ളതായിരിക്കാം.
നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണെങ്കിൽ ലോകത്തിനു ചുറ്റുമുള്ള യുവസാക്ഷികൾ പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്ന സ്ഥലമെന്ന് പറയപ്പെടുന്ന ഒരു ചാറ്റ് റൂം സന്ദർശിക്കാൻ നിങ്ങൾക്കു ജിജ്ഞാസ തോന്നിയേക്കാം. നിങ്ങളുടെ അതേ വിശ്വാസമുള്ള യുവസുഹൃത്തുക്കളെ സമ്പാദിക്കുകയെന്നത് തികച്ചും അഭികാമ്യംതന്നെ. എന്നാൽ, ഈ ചാറ്റ് റൂമുകളിൽ ക്രിസ്ത്യാനികൾക്ക് അപകടം പതിയിരിക്കുന്നു. എങ്ങനെയുള്ള അപകടങ്ങൾ?
ധാർമികച്യുതിയുടെ ഈറ്റില്ലം
“ഞാൻ ഒരു ചാറ്റ് റൂമിലായിരുന്നു. മറുവശത്തുള്ള എല്ലാവരും യഹോവയുടെ സാക്ഷികൾ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്,” ടൈലർ എന്ന ഒരു യുവാവ് പറയുന്നു. “കുറച്ചു കഴിഞ്ഞപ്പോൾ ഇവരിൽ ചിലർ നമ്മുടെ വിശ്വാസങ്ങളെ തരംതാഴ്ത്തി സംസാരിക്കാൻ തുടങ്ങി. അവർ വിശ്വാസത്യാഗികളാണെന്ന് അധികം കഴിയുന്നതിനു മുമ്പുതന്നെ വ്യക്തമായി.” സഹവിശ്വാസികളായി നടിച്ചുകൊണ്ട് അവർ ക്രിസ്ത്യാനികളുടെ ധാർമികനിലവാരങ്ങൾക്കു തുരങ്കംവെക്കാൻ മനഃപൂർവം ശ്രമിക്കുകയായിരുന്നു.
തന്നെ അനുഗമിച്ചവരിൽ ചിലർ സ്വന്തം സഹകാരികൾക്കെതിരെ തിരിയുമെന്ന് ദൈവപുത്രനായ യേശുക്രിസ്തു മുന്നറിയിപ്പു നൽകുകയുണ്ടായി. (മത്തായി 24:48-51; പ്രവൃത്തികൾ 20:29, 30) പൗലൊസ് അപ്പൊസ്തലൻ തന്റെ കാലത്തുണ്ടായിരുന്ന ഇത്തരം വ്യക്തികളെ കള്ളസഹോദരന്മാർ എന്നു വിളിച്ചു. ഇക്കൂട്ടർ ക്രിസ്തീയ സഭയിലുള്ളവരെ ഉപദ്രവിക്കാൻ “നുഴഞ്ഞുവന്ന”തായി അവൻ പറഞ്ഞു. (ഗലാത്യർ 2:4) “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതു”വാക്കാൻ “നുഴഞ്ഞു വന്നിരിക്കുന്നു” എന്ന് ബൈബിളെഴുത്തുകാരനായ യൂദാ ഇവരെക്കുറിച്ച് എഴുതുകയുണ്ടായി. (യൂദാ 4) ഇവരെ വെള്ളത്തിനടിയിൽ “മറഞ്ഞുകിടക്കുന്ന പാറകൾ” എന്നും അവൻ വിളിച്ചു.—യൂദാ 12.
പാത്തും പതുങ്ങിയും ഇരയുടെമേൽ പിടിമുറുക്കുന്ന വിശ്വാസത്യാഗികളുടെ ആക്രമണരീതി പൗലൊസും യൂദായും വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക. ഈ വിശ്വാസത്യാഗികൾ ‘നുഴഞ്ഞു വന്നത്’ ക്രിസ്തീയ സഭയിലുള്ളവരെ ധാർമികമായി ദുഷിപ്പിക്കുന്നതിനാണെന്ന് പ്രസ്തുത ബൈബിളെഴുത്തുകാർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഇത്തരം വഞ്ചകന്മാർക്ക് ഇരകളെ കുടുക്കാൻ പറ്റിയ ഒളിയിടമായി ചാറ്റ് റൂമുകൾ ഉതകുന്നു. വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്ന പാറകൾപോലെ ഈ കള്ളക്രിസ്ത്യാനികൾ സാക്ഷികളായ യുവജനങ്ങളുടെ ക്ഷേമത്തിൽ താത്പര്യം ഉള്ളതായി നടിച്ചുകൊണ്ട് തങ്ങളുടെ യഥാർഥ ലക്ഷ്യം മറച്ചുപിടിക്കുന്നു. ജാഗരൂകരല്ലാത്തവരുടെ വിശ്വാസം തകർക്കുകയെന്നതാണ് ഇക്കൂട്ടരുടെ ഗൂഢലക്ഷ്യം.—1 തിമൊഥെയൊസ് 1:19, 20.
ഈ പ്രത്യേക അപകടത്തെക്കുറിച്ച് ഈ മാസികയിലും യഹോവയുടെ സാക്ഷികളുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും ആവർത്തിച്ച് മുന്നറിയിപ്പുകൾ വന്നിട്ടുണ്ട്. അതുകൊണ്ട്, യഹോവയുടെ സാക്ഷികൾക്കായുള്ളവ എന്ന മട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ചാറ്റ് റൂമിൽ നിങ്ങൾ ബന്ധപ്പെടുന്ന ഏതൊരാളും ഒരു വിശ്വാസത്യാഗി അല്ലെങ്കിൽപ്പോലും അത്തരം ബൈബിളധിഷ്ഠിത ബുദ്ധിയുപദേശത്തെ മാനിക്കാത്ത ഒരാളായിരിക്കും. ബൈബിളിന്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തുന്നവരെ സുഹൃത്തുക്കളായി തിരഞ്ഞെടുക്കാൻ നിങ്ങൾ താത്പര്യപ്പെടുമോ?—സദൃശവാക്യങ്ങൾ 3:5, 6; 15:5.
ഒറ്റപ്പെടലെന്ന കെണി
ചാറ്റ് റൂമുകൾ നമ്മുടെ സമയത്തിന്റെ നല്ലൊരുഭാഗം വിഴുങ്ങുന്നു. ഇതു പരിചിന്തിക്കേണ്ട മറ്റൊരു ഘടകമാണ്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ഹോസേ പറയുന്നു: “ചിലപ്പോൾ ഭക്ഷണം കഴിക്കാൻ കൂടി മറന്ന് ഞാൻ ചാറ്റ് റൂം ചർച്ചകളിൽ മുഴുകുമായിരുന്നു.”
ഹോസേയുടെ അത്രയും സമയം
നിങ്ങൾ ചാറ്റ് റൂമിൽ ചെലവഴിച്ചെന്നു വരില്ലായിരിക്കാം. എന്നിരുന്നാലും, ഓൺലൈനിലെ സല്ലാപത്തിനായി സമയം ചെലവഴിക്കുന്നതിന് മറ്റു ചില കാര്യങ്ങളെ ബലികഴിച്ച് നിങ്ങൾ അതു വിലയ്ക്കുവാങ്ങേണ്ടതുണ്ട്. ഈയവസരത്തിൽ പെട്ടെന്ന് ബാധിക്കപ്പെടാൻ പോകുന്നത് നിങ്ങളുടെ ഗൃഹപാഠമോ വീട്ടുജോലികളോ ഒന്നും ആണെന്നുവരില്ല. കുടുംബവുമായുള്ള നിങ്ങളുടെ ആശയവിനിമയത്തെയായിരിക്കാം ഇത് ആദ്യം ബാധിക്കുക. സ്പെയിനിൽനിന്നുള്ള ആഡ്രിയാൻ പറയുന്നു: “ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടൻ ഞാൻ മേശയ്ക്കൽനിന്ന് എഴുന്നേറ്റുപോകും, എന്നിട്ട് ഓൺലൈൻ സല്ലാപം തുടങ്ങും. എന്റെ കുടുംബാംഗങ്ങളോടു സംസാരിക്കാതായെന്നുതന്നെ പറയാം. അത്രയ്ക്കായിരുന്നു ചാറ്റ്റൂമുകളോടുള്ള എന്റെ കമ്പം.”വിലപ്പെട്ട സമയം നിങ്ങൾ ചാറ്റ് റൂമുകളിൽ ചെലവിടുകയാണെങ്കിൽ ആഡ്രിയാനെപ്പോലെ നിങ്ങൾ നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരിൽനിന്ന് സ്വയം ഒറ്റപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. ബൈബിളിന്റെ തികച്ചും പ്രസക്തമായ ഒരു മുന്നറിയിപ്പു ശ്രദ്ധിക്കുക: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” (സദൃശവാക്യങ്ങൾ 18:1) പല ചാറ്റ് റൂമുകളിലും നിങ്ങൾ കണ്ടുമുട്ടുന്ന അപരിചിതർ ബൈബിളിന്റെ പ്രായോഗിക ജ്ഞാനമനുസരിച്ചു ജീവിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു സാധ്യത തീരെയില്ല. മറിച്ച് സ്വാർഥ താത്പര്യങ്ങൾ അന്വേഷിക്കാനും ക്രിസ്തീയ ധാർമിക നിലവാരങ്ങളിൽനിന്ന് സ്വതന്ത്രരാകാനുമുള്ള പ്രലോഭനമായിരിക്കും അവർ നിങ്ങളുടെമേൽ ചെലുത്തുക.
നിങ്ങൾക്ക് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിലും എളുപ്പമായിരിക്കാം ചാറ്റ് റൂം സല്ലാപം. ചാറ്റ് റൂമുകളിലേക്ക് നിങ്ങളെ ആകർഷിക്കുന്ന ഒരു ഘടകമായിരിക്കാം ഇത്. നിങ്ങൾക്കു പറയാനുള്ളതെല്ലാം നിങ്ങളുടെ ചാറ്റ് റൂം സുഹൃത്തുക്കൾ ആകാംക്ഷയോടെ കേട്ടിരുന്നേക്കാം. അവരുടെ വികാരവിചാരങ്ങൾ തുറന്നു പ്രകടിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ നിങ്ങളുടെ ഉത്കണ്ഠകളും ചിന്തകളും മറ്റും കേട്ടിരിക്കാൻ കുടുംബാംഗങ്ങൾക്ക് സമയമുണ്ടായെന്നുവരില്ല, മാത്രമല്ല തങ്ങൾക്കു തോന്നുന്നതു തുറന്നു പറയാനും അവർക്ക് ബുദ്ധിമുട്ടായിരുന്നേക്കാം.
എന്നിരുന്നാലും ഇപ്രകാരം സ്വയം ചോദിക്കുന്നതു നല്ലതാണ്: ‘എന്റെ ഓൺലൈൻ സുഹൃത്തുക്കൾക്ക് എന്നെ ശരിക്കും അറിയാമോ? എന്റെ നിലനിൽക്കുന്ന ക്ഷേമത്തിൽ അവർക്ക് യഥാർഥ താത്പര്യമുണ്ടോ?’ നിങ്ങളുടെ വൈകാരികവും ആത്മീയവുമായ ആരോഗ്യത്തിന്റെ കാര്യത്തിൽ നിങ്ങളുടെ സുഹൃത്തുക്കളെക്കാൾ ശ്രദ്ധപുലർത്തുന്നത് നിങ്ങളുടെ കുടുംബാംഗങ്ങൾ ആയിരിക്കാനാണ് ഏറെ സാധ്യത. നിങ്ങളുടെ മാതാപിതാക്കൾ ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ നിങ്ങളുമായി ആശയവിനിമയം ചെയ്യാൻ അവർ അതീവ താത്പര്യമുള്ളവരായിരിക്കും. (എഫെസ്യർ 6:4) നിങ്ങളുടെ ചിന്തകളും വികാരങ്ങളും ആദരവോടെ അവരോടു പറയുകയാണെങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ ദയാവായ്പോടെ പ്രതികരിച്ചുകൊണ്ട് അവർ നിങ്ങളെ അതിശയിപ്പിച്ചേക്കാം.—ലൂക്കൊസ് 11:11-13.
അപകടങ്ങൾ ഒഴിവാക്കൽ
ഒരു ചാറ്റ് റൂമിൽ പോകാൻ നിങ്ങൾക്കു തക്കതായ കാരണമുണ്ടായിരുന്നേക്കാം. ഉദാഹരണത്തിന് ഒരു സ്കൂൾ പ്രോജക്റ്റിന് അത് ആവശ്യമായി വന്നേക്കാം. അങ്ങനെയെങ്കിൽ, ചാറ്റ് റൂമുകൾ നിങ്ങൾക്ക് ഒരു കെണി ആയിത്തീരുന്നില്ല എന്ന് ഉറപ്പുവരുത്താൻ പിൻവരുന്ന ലളിതമായ കരുതൽനടപടികൾ കൈക്കൊള്ളുക:
ഒന്ന്, നിങ്ങളുടെ മുറിയുടെ സ്വകാര്യതയിൽ ഇന്റർനെറ്റുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടർ ഉപയോഗിക്കാതിരിക്കുക. അങ്ങനെ ചെയ്താൽ ഒരു അപരിചിത നഗരത്തിന്റെ ഇരുണ്ട തെരുവിൽ നിങ്ങൾ ഒറ്റയ്ക്ക് അലഞ്ഞുനടക്കുന്നതുപോലെ ആയിരിക്കും. നിങ്ങൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. മറിച്ച്, എല്ലാവരും കയറിയിറങ്ങുന്ന ഒരിടത്തു കമ്പ്യൂട്ടർ വെക്കുക, അതാകുമ്പോൾ നിങ്ങൾ എന്താണു ചെയ്യുന്നതെന്ന് വീട്ടിലെ മറ്റംഗങ്ങൾക്ക് ശ്രദ്ധിക്കാൻ പറ്റും.
രണ്ട്, നിങ്ങളുടെ മാതാപിതാക്കളുമായി നല്ല ആശയവിനിമയം ഉണ്ടായിരിക്കുക. ഓൺലൈനിൽ നിങ്ങൾ ഏതൊക്കെ സൈറ്റുകളുമായാണ് ബന്ധപ്പെടുന്നതെന്ന് അവരെ കാണിക്കുകയും ആ പ്രത്യേക ചാറ്റ് റൂമിൽ പോകേണ്ട ആവശ്യമുള്ളത് എന്തുകൊണ്ടാണെന്ന് അവരോടു വിശദീകരിക്കുകയും ചെയ്യുക. കൂടാതെ, എത്രനേരം നിങ്ങൾ കമ്പ്യൂട്ടർ ഉപയോഗിക്കും എന്നതിന് ഒരു സമയം ക്ലിപ്തപ്പെടുത്തുക, അതിനോടു പറ്റിനിൽക്കുക.
മൂന്ന്, ഓൺലൈൻവഴിയുള്ള ലൈംഗിക ഉപദ്രവങ്ങളിൽനിന്ന് നിങ്ങൾക്കു സംരക്ഷണമേകുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യുക. ഈ പ്രോഗ്രാമുകൾ നിങ്ങൾക്കുവരുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിച്ച് സഭ്യമല്ലാത്തവ നീക്കം ചെയ്തുതരും. നിങ്ങൾ ഓൺലൈനിൽ ആയിരിക്കെ ലൈംഗികത നിഴലിക്കുന്ന എന്തെങ്കിലും പ്രത്യക്ഷപ്പെടുന്നെങ്കിൽ ഉടൻതന്നെ അക്കാര്യം മാതാപിതാക്കളെയോ അധ്യാപകനെയോ അറിയിക്കുക. നിങ്ങൾ ഒരു കുട്ടിയാണെന്ന് അറിയാമായിരിക്കെ നിങ്ങൾക്കു ലൈംഗികച്ചുവയുള്ള സന്ദേശങ്ങളോ മറ്റ് അശ്ലീല വിവരങ്ങളോ അയച്ചുകൊണ്ട് മുതിർന്നവർ ലൈംഗിക അഭ്യർഥനകൾ നടത്തുന്നത് ചില രാജ്യങ്ങളിൽ ക്രിമിനൽ കുറ്റമാണ്. അവ പോലീസിൽ അറിയിക്കേണ്ടതാണ്.
കൂടാതെ, നിങ്ങളുടെ പേര്, വിലാസം, സ്കൂളിന്റെ പേര്, നിങ്ങളുടെ ഫോൺനമ്പർ എന്നിവ ചാറ്റ് റൂമിൽ പരിചയപ്പെടുന്ന ആളിന് യാതൊരു കാരണവശാലും കൊടുക്കരുത്. ഓൺലൈനിലുള്ള വ്യക്തി നിങ്ങളെ നേരിൽ കാണണമെന്ന് ആവശ്യപ്പെടുന്ന പക്ഷം ഒരിക്കലും അതിനു സമ്മതിക്കരുത്!
ആയിരക്കണക്കിനു വർഷം മുമ്പ് എഴുതിയതാണെങ്കിലും ജ്ഞാനിയായ ശലോമോൻ രാജാവിന്റെ പിൻവരുന്ന വാക്കുകൾ ചാറ്റ് റൂമുകളിൽ പതിയിരിക്കുന്ന അപകടങ്ങളോടുള്ള ബന്ധത്തിൽ തികച്ചും പ്രസക്തമാണ്: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”—സദൃശവാക്യങ്ങൾ 22:3.
[അടിക്കുറിപ്പുകൾ]
ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
2005 ജനുവരി 8 ലക്കം ഉണരുക!യുടെ 18-21 പേജുകൾ കാണുക.
2000 ജനുവരി 22 ലക്കം ഉണരുക!യുടെ 20-ാം പേജ് കാണുക.
[14-ാം പേജിലെ ചിത്രം]
ഓൺലൈനിൽ നിങ്ങൾ ഏതൊക്കെ സൈറ്റുകളുമായാണ് ബന്ധപ്പെടുന്നതെന്ന് മാതാപിതാക്കളെ കാണിക്കുന്നതു ജ്ഞാനമാണ്