വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജാഗ്രത! “വെളുത്ത വ്യാളികൾ”

ജാഗ്രത! “വെളുത്ത വ്യാളികൾ”

ജാഗ്രത! “വെളുത്ത വ്യാളി​കൾ”

സ്വിറ്റ്‌സർലൻഡിലെ ഉണരുക! ലേഖകൻ

പറക്കും പക്ഷേ ചിറകില്ല, അടിക്കും പക്ഷേ കൈയില്ല, കാണും പക്ഷേ കണ്ണില്ല, പേരെ​ന്തെന്നു പറയാ​മോ?—വെളുത്ത വ്യാളി​ക​ളെ​ക്കു​റി​ച്ചുള്ള ഒരു കടങ്കഥ മധ്യകാ​ല​ഘട്ടം മുതലു​ള്ളത്‌.

ഹിമ​പ്ര​പാ​തങ്ങൾ അഥവാ ഹിമത്തി​ന്റെ മഹാ​പ്ര​വാ​ഹങ്ങൾ (Avalanches), അതാണ്‌ വെളുത്ത വ്യാളി​കൾ. നന്നേ ഇണങ്ങുന്ന പേര്‌. അതിന്‌ ഒരു പർവതാ​രോ​ഹ​കനെ അപ്പാടെ വിഴു​ങ്ങി​ക്ക​ള​യാ​നാ​കും, ഒരു ഗ്രാമത്തെ മുഴുവൻ ഞൊടി​യി​ട​യിൽ കുഴി​ച്ചു​മൂ​ടാ​നാ​കും. അതിനാൽ ആളുകൾ ഈ ഹിമ​പ്ര​വാ​ഹത്തെ വെളുത്ത മരണം എന്നു വിളിച്ചു. സിരക​ളിൽ ഭയം അരിച്ചു​ക​യ​റാ​നി​ട​യാ​ക്കുന്ന ഈ പ്രതി​ഭാ​സം എന്താണ്‌? മഞ്ഞു​തൊ​പ്പി​യ​ണിഞ്ഞ പർവത​ങ്ങ​ളു​ടെ മടിത്ത​ട്ടി​ലാണ്‌ നിങ്ങളു​ടെ താമസ​മെ​ങ്കിൽ ഉത്തരം നിങ്ങൾക്ക​റി​യാം. എന്നാൽ ഉഷ്‌ണ​മേ​ഖ​ല​യി​ലോ താഴ്‌ന്ന​പ്ര​ദേ​ശ​ത്തോ ആണു നിങ്ങൾ താമസി​ക്കു​ന്ന​തെ​ങ്കിൽ നിങ്ങൾക്കു പേടി തോന്നാ​നി​ട​യില്ല. വെളുത്ത വ്യാളി​ക​ളു​ടെ സാമ്രാ​ജ്യ​ത്തി​ലേക്ക്‌ എന്നെങ്കി​ലും ഒരു സാഹസി​ക​യാ​ത്ര​യ്‌ക്കു മുതിർന്നാൽ മാത്രമേ ഇവ നിങ്ങൾക്കൊ​രു ഭീഷണി​യാ​കു​ന്നു​ള്ളൂ.

കനത്ത മഞ്ഞുവീ​ഴ്‌ച​യുള്ള ഉത്തും​ഗ​പർവ​ത​ങ്ങ​ളി​ലാണ്‌ ഈ വൻ ഹിമ​പ്ര​വാ​ഹ​ത്തി​ന്റെ പിറവി. ഇവയുടെ സംഹാ​ര​യാ​ത്ര പൊടു​ന്നനെ ആയിരി​ക്കും. ഭീമമായ അളവിൽ മഞ്ഞും ഹിമക്ക​ട്ട​യും മണ്ണും പാറയും മരങ്ങളു​ടെ തായ്‌ത്ത​ടി​കൾ പോ​ലെ​യുള്ള മറ്റു വസ്‌തു​ക്ക​ളും അമ്പരപ്പി​ക്കുന്ന വേഗത്തിൽ പർവത​ച്ചെ​രി​വി​ലൂ​ടെ​യോ കിഴു​ക്കാം​തൂ​ക്കായ പ്രദേ​ശ​ത്തി​ലൂ​ടെ​യോ ഇരമ്പി​യി​റ​ങ്ങു​ന്നു. ഭീതി​ദ​മായ ഈ മഹാ​പ്ര​വാ​ഹം കടന്നു​പോ​കുന്ന വഴിയി​ലുള്ള സകല​ത്തെ​യും തുടച്ചു​മാ​റ്റു​ക​യാ​ണു പതിവ്‌. ഇതിന്റെ കനത്തഭാ​ര​വും ശക്തിയും മാത്രമല്ല നാശം​വി​ത​യ്‌ക്കു​ന്നത്‌. മറിച്ച്‌ അതിനു മുന്നി​ലാ​യി രൂപം​കൊ​ള്ളുന്ന വായു​മർദ​ത്തിന്‌ തിങ്ങി​നി​റഞ്ഞ മരക്കൂ​ട്ട​ങ്ങളെ കശക്കി​യെ​റി​യാ​നും പാലങ്ങൾ, റോഡ്‌, തീവണ്ടി​പ്പാത എന്നിവ​യ്‌ക്ക്‌ കേടു​വ​രു​ത്താ​നും കഴിയും.

ഒരു സ്വാഭാ​വിക പ്രതി​ഭാ​സം

ടൺകണ​ക്കി​നു ഭാരമുള്ള അതിഭീ​മ​മായ ഹിമ​പ്ര​പാ​ത​ങ്ങ​ളു​ടെ അധിക​പ​ങ്കും ഇത്തിരി​പ്പോന്ന മഞ്ഞിൻക​ണ​ങ്ങ​ളാണ്‌. താഴേക്ക്‌ ഉതിരുന്ന നനുത്ത മഞ്ഞുക​ണം​പോ​ലെ മനോ​ജ്ഞ​മായ ഒന്നിന്‌ കൊല​വി​ളി​മു​ഴക്കി അലറി​പ്പാ​യുന്ന ഹിമ​പ്ര​വാ​ഹ​മാ​കാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌? മഞ്ഞിന്റെ സവി​ശേ​ഷ​തകൾ പരി​ശോ​ധി​ച്ചാൽ ഇതിന്‌ ഉത്തരം കിട്ടും. മഞ്ഞ്‌ പല ആകൃതി​യി​ലുണ്ട്‌: പരൽ, ഉരുള, തരി എന്നിവ. പരലു​കൾക്ക്‌ എല്ലായ്‌പോ​ഴും നക്ഷത്രാ​കൃ​തി​യാണ്‌, അവയ്‌ക്ക്‌ ആറു ഭുജങ്ങ​ളു​ണ്ടാ​യി​രി​ക്കും. അനന്ത​വൈ​വി​ധ്യ​മാർന്ന ഡി​സൈ​നു​ക​ളി​ലുള്ള ഇവയോ​രോ​ന്നും ഒരു വിസ്‌മ​യ​മാണ്‌! ഒരിക്കൽ നിലത്തു വീണു​ക​ഴി​ഞ്ഞാൽ ഈ പരലു​കൾക്ക്‌ രൂപമാ​റ്റം സംഭവി​ച്ചേ​ക്കാം. വായു​വി​ന്റെ താപനി​ല​യി​ലുള്ള വ്യത്യാ​സ​വും മുകളിൽ കുമി​ഞ്ഞു​കൂ​ടുന്ന മഞ്ഞിന്റെ മർദവും കൂടി​യാ​കു​മ്പോൾ അടിയി​ലു​ള്ളവ ചുരു​ങ്ങു​ന്നു. 30 സെന്റി​മീ​റ്റർ പുതു​മ​ഞ്ഞിന്‌ വെറും 24 മണിക്കൂർകൊണ്ട്‌ 10 സെന്റി​മീ​റ്റർ ആയി ചുരു​ങ്ങാൻ കഴിയും.

താഴേ​ക്കു​തി​രു​ന്ന മഞ്ഞിൻക​ണ​ങ്ങ​ളു​ടെ ആകൃതി​ക്ക​നു​സ​രിച്ച്‌ പർവത​ത്തി​ലെ ഉപരി​ത​ല​മ​ഞ്ഞി​ന്റെ സ്ഥിരത വ്യത്യാ​സ​പ്പെ​ടും. ഷഡ്‌ഭുജ പരലുകൾ പരസ്‌പരം കോർത്തു​കി​ട​ക്കും. എന്നാൽ ഉരുള​കൾക്കും തരികൾക്കും ആ സവി​ശേ​ഷ​ത​യില്ല. അവ ഉരുളു​ന്ന​തി​നാൽ അസ്ഥിര​മായ അടുക്കു​ക​ളാ​യി​രി​ക്കും രൂപം​കൊ​ള്ളു​ന്നത്‌. ഇങ്ങനെ​യു​ള്ളവ അടിയി​ലെ കൂടുതൽ ഉറപ്പുള്ള അടുക്കി​ന്റെ മുകളിൽനിന്ന്‌ എളുപ്പം തെന്നി​നീ​ങ്ങി​യേ​ക്കാം. അങ്ങനെ, പൊഴി​യുന്ന മഞ്ഞിന്റെ സ്വഭാവം, അളവ്‌, നിലത്തി​ന്റെ ചെരിവ്‌, താപനി​ല​യി​ലെ വ്യതി​യാ​നം, കാറ്റിന്റെ ശക്തി എന്നിവ​യെ​ല്ലാം വന്യമായ ഹിമ​പ്ര​വാ​ഹ​ത്തിന്‌ ആരംഭം കുറി​ക്കുന്ന ഘടകങ്ങ​ളാണ്‌. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന കിഴു​ക്കാം​തൂ​ക്കായ ഒരു പ്രതല​ത്തി​ലൂ​ടെ ഒരു മൃഗമോ മനുഷ്യ​നോ കടന്നു​പോ​കു​ന്ന​തും ഒരു ഹിമ​പ്ര​വാ​ഹ​ത്തി​നു തുടക്ക​മി​ട്ടേ​ക്കാം. എന്നാൽ മറ്റുത​ര​ത്തി​ലുള്ള ഹിമ​പ്ര​വാ​ഹ​ങ്ങ​ളു​മുണ്ട്‌.

കാറ്റു മൂലമു​ണ്ടാ​കുന്ന ഹിമ​പ്ര​വാ​ഹ​ങ്ങ​ളുണ്ട്‌. തരിക​ളാ​യു​ള്ള​തും പരൽ രൂപത്തി​ലു​ള്ള​തും ആയ പുതു​മഞ്ഞ്‌ ഒന്നിച്ചു​ചേ​രു​മ്പോൾ ഒരുതരം പൗഡർ പോ​ലെ​യാ​യി​ത്തീ​രു​ന്നു. സ്‌കീ​യി​ങ്ങു​കാ​രു​ടെ അഥവാ മഞ്ഞിൽ തെന്നി​നീ​ങ്ങു​ന്ന​വ​രു​ടെ ഹരമാണ്‌ ഇത്തരം മഞ്ഞ്‌. പക്ഷേ ശക്തിയായ കാറ്റ്‌ ഇതിനെ അടിച്ചു​പ​റ​ത്തും. കനം തീരെ കുറവാ​യ​തി​നാൽ ഈ പൊടി​മഞ്ഞ്‌ കാറ്റിന്റെ ശക്തിയിൽ വായു​വി​ലേക്ക്‌ ഉയരും, പിന്നെ താഴ്‌വ​ര​യി​ലേ​ക്കൊ​രു മരണക്കു​തി​പ്പാണ്‌, മണിക്കൂ​റിൽ 300-ലധികം കിലോ​മീ​റ്റർ വേഗത്തിൽ. ഈ സന്ദർഭ​ത്തിൽ മഞ്ഞുപ​ട​ല​ത്തി​ന്റെ മുമ്പി​ലുള്ള വായു​സ​മ്മർദം അത്യധി​ക​മാ​കും. അങ്ങനെ ഇത്തരം ഹിമ​പ്ര​വാ​ഹ​ത്തിന്‌ മേൽക്കൂ​രകൾ പൊക്കി​യെ​റി​യാ​നും നിമി​ഷ​ങ്ങൾക്കകം വീടുകൾ തകർത്തു​ത​രി​പ്പ​ണ​മാ​ക്കാ​നും​പോ​ലും കഴിയും.

കനത്ത ഖര ഹിമപാ​ളി​കൾ മഹാ​പ്ര​വാ​ഹ​മാ​യി താഴേക്കു കുതി​ക്കു​ന്ന​താണ്‌ ഏറ്റവും അപകട​ക​ര​മാ​യ​വ​യി​ലൊന്ന്‌. കുറെ​നാ​ളു​ക​ളാ​യി വീണടിഞ്ഞ്‌ ഉറച്ചു​പോയ മഞ്ഞിന്റെ വൻശേ​ഖ​ര​ത്തിൽനി​ന്നാണ്‌ ഇതു പിറക്കു​ന്നത്‌. മഞ്ഞിന്റെ മേലടുക്ക്‌ വിണ്ടു​കീ​റു​ന്ന​തു​മൂ​ലം കനത്ത ഹിമക്ക​ട്ടകൾ പർവത​ച്ചെ​രി​വി​ലൂ​ടെ തെന്നി​നീ​ങ്ങാൻ ഇടയാ​യേ​ക്കാം, മണിക്കൂ​റിൽ 50-80 വരെ കിലോ​മീ​റ്റർ വേഗത്തിൽ. ഖര രൂപത്തി​ലുള്ള മേൽപ്പറഞ്ഞ തരം പാളികൾ ചില​പ്പോൾ ചെങ്കു​ത്തായ ഒരു പാറ​ക്കെട്ടു കവിഞ്ഞ്‌ താഴേക്കു തൂങ്ങി​ക്കി​ട​ന്നേ​ക്കാം. ഇവ സ്‌കീ​യി​ങ്ങു​കാർക്ക്‌ അത്യന്തം അപകട​ക​ര​മാണ്‌. ഒരു സ്‌കീ​യി​ങ്ങു​കാ​രന്റെ ശരീര​ഭാ​രം മതി ഈ സ്ലാബുകൾ പൊട്ടാൻ, പിന്നെ നിമി​ഷ​ങ്ങൾക്കകം അയാൾ ഹിമത്തി​ന്റെ തടുക്കാ​നാ​വാത്ത പ്രവാ​ഹ​ത്തിൽ ജീവ​നോ​ടെ കുഴി​ച്ചു​മൂ​ട​പ്പെ​ട്ടേ​ക്കാം.

വസന്തകാ​ല​ത്താണ്‌ ഹിമ​പ്ര​വാ​ഹ​ങ്ങ​ളു​ടെ കൂടെ​ക്കൂ​ടെ​യുള്ള സംഹാ​ര​യാ​ത്ര. മഴയോ തെളിഞ്ഞ സൂര്യ​പ്ര​കാ​ശ​മോ മഞ്ഞിന്റെ കാഠി​ന്യം കുറയ്‌ക്കു​മ്പോൾ മഞ്ഞുപാ​ളി​കൾ താഴേക്കു തെന്നി​യി​റങ്ങി ഹിമ​പ്ര​വാ​ഹ​മാ​യി പരിണ​മി​ക്കു​ന്നു. ഇത്തരം പ്രവാ​ഹ​ങ്ങൾക്ക്‌ താരത​മ്യേന വേഗം കുറവാ​ണെ​ങ്കി​ലും മുഴു​പർവ​ത​ച്ചെ​രി​വി​ലെ​യും മഞ്ഞ്‌ തെന്നി​നീ​ങ്ങാ​നി​ട​യുണ്ട്‌. താഴേക്കു പ്രവഹി​ക്കുന്ന ആ വൻ ഹിമസാ​ഗരം കൂറ്റൻ ഉരുളൻപാ​റ​ക​ളും, മരങ്ങളും, മണ്ണും എല്ലാം കൈനീ​ട്ടി വലി​ച്ചെ​ടു​ക്കു​ന്നു. അങ്ങനെ അവശി​ഷ്ട​ങ്ങ​ളു​ടെ ഒരു വൻകൂ​മ്പാ​ര​മാ​യി​ട്ടാണ്‌ ഇവ യാത്ര അവസാ​നി​പ്പി​ക്കു​ന്നത്‌.

ഈ പ്രതി​ഭാ​സ​ത്തി​നു സമാന​മായ ഒന്നാണ്‌ ഹിമാ​നി​പ്ര​വാ​ഹം. നിമ്‌ന​മേ​ഖ​ലകൾ, മഞ്ഞ്‌ ഒരിക്ക​ലും ഉരുകാത്ത നിഴൽവീ​ഴ്‌ച​യുള്ള പർവത​ച്ചെ​രി​വു​കൾ എന്നിങ്ങനെ കൊടും​ശൈ​ത്യ​മുള്ള ഭൂവി​ഭാ​ഗ​ങ്ങ​ളി​ലെ മഞ്ഞ്‌ കാല​ക്ര​മേണ ഉറഞ്ഞ്‌ ഐസാ​കു​ന്നു. അങ്ങനെ​യു​ണ്ടാ​കുന്ന ഭീമാ​കാ​ര​മായ ഹിമപാ​ളി​കൾ വളരെ പതുക്കെ താഴേക്കു നീങ്ങുന്നു. ഇവയുടെ സഞ്ചാര​ഗതി നിർണ​യി​ക്കാ​നാ​കു​ന്ന​തി​നാൽ വൻ നാശന​ഷ്ട​ങ്ങ​ളും അപകട​ങ്ങ​ളും വിരള​മാ​യേ സംഭവി​ക്കാ​റു​ള്ളൂ.

ഹിമ​പ്ര​വാ​ഹങ്ങൾ ഉണ്ടാകു​ന്നത്‌ എവി​ടെ​യെ​ല്ലാ​മാണ്‌?

നമ്മുടെ ഗ്രഹത്തി​ലെ മഞ്ഞുമൂ​ടിയ പ്രദേ​ശ​ങ്ങ​ളി​ലെ​ല്ലാം ഹിമ​പ്ര​വാ​ഹങ്ങൾ ഉണ്ടാകു​ന്നില്ല. നിശ്ചിത ഉയരമുള്ള പർവതങ്ങൾ, മഞ്ഞും ഹിമക്ക​ട്ട​യും ഉണ്ടാകാൻ പറ്റിയ​ത​ര​ത്തി​ലുള്ള കാലാവസ്ഥ എന്നിവ​യാണ്‌ ഇവയുടെ പിറവിക്ക്‌ ആധാര​മാ​യി​രി​ക്കു​ന്നത്‌. വർഷം​തോ​റും ലോക​മൊ​ട്ടാ​കെ ഏകദേശം പത്തുലക്ഷം ഹിമ​പ്ര​വാ​ഹങ്ങൾ ഉണ്ടാകു​ന്നു​ണ്ടെന്ന്‌ കണക്കുകൾ സൂചി​പ്പി​ക്കു​ന്നു. തെക്കേ അമേരി​ക്ക​യി​ലെ ആൻഡീസ്‌, വടക്കേ അമേരി​ക്ക​യി​ലെ റോക്കി പർവത​നി​രകൾ, ഏഷ്യയി​ലെ ഹിമാലയ പർവതം, ഫ്രാൻസിൽനിന്ന്‌ വടക്കു​കി​ഴ​ക്കോട്ട്‌ സ്വിറ്റ്‌സർലൻഡ്‌, ജർമനി, ഓസ്‌ട്രിയ എന്നിവി​ടം​വരെ നീളുന്ന യൂറോ​പ്പി​ലെ ആൽപ്‌സ്‌ എന്നിവി​ട​ങ്ങ​ളി​ലെ ചിലഭാ​ഗങ്ങൾ ഹിമ​പ്ര​വാ​ഹ​ത്തി​ന്റെ ഈറ്റി​ല്ല​ങ്ങ​ളാണ്‌. ഈ പ്രദേ​ശ​ങ്ങ​ളിൽ മനുഷ്യ​വാ​സ​മു​ള്ളി​ടത്ത്‌ വർഷം​തോ​റും ശരാശരി 200 പേർ ഹിമ​പ്ര​വാ​ഹ​ത്തിൽപ്പെട്ടു മരിക്കാ​റുണ്ട്‌. ഇവയിൽ ശരാശരി 26 മരണങ്ങൾ സംഭവി​ക്കു​ന്നത്‌ സ്വിറ്റ്‌സർലൻഡി​ലാണ്‌.

കൊടും​വി​നാ​ശം വിതച്ച രണ്ട്‌ മഹാ​പ്ര​വാ​ഹങ്ങൾ പെറു​വി​ലെ ആൻഡീ​സിൽ ഉണ്ടായി. 1962-ൽ, 6,768 മീറ്റർ ഉയരമുള്ള വാസ്‌കാ​രാൻ പർവത​ത്തി​ലെ 50 മീറ്റർ കനമുള്ള ഒരു ഹിമ​ത്തൊ​പ്പി​യിൽനിന്ന്‌ ഒരു കിലോ​മീ​റ്റർ നീളത്തിൽ ഒരു കനത്ത ഹിമഖണ്ഡം വേർപെ​ട്ടു​പോ​ന്നു. 40 ലക്ഷം ടൺ ഭാരം​വ​രുന്ന ആ ഹിമമല ന്യൂ​യോർക്കി​ലെ എംപയർ സ്റ്റേറ്റ്‌ ബിൽഡി​ങ്ങി​ന്റെ നാലി​രട്ടി വലുപ്പ​മു​ള്ള​താ​യി​രു​ന്നു! ഈ കൂറ്റൻ ഹിമഖണ്ഡം 15 മിനി​ട്ടു​കൊണ്ട്‌ 18 കിലോ​മീ​റ്റർ സഞ്ചരിച്ചു. ഏഴു ഗ്രാമ​ങ്ങളെ ഇത്‌ അപ്പാടെ കുഴി​ച്ചു​മൂ​ടി. 13 മീറ്റർ കനത്തിൽ രണ്ടു കിലോ​മീ​റ്റർ വിസ്‌താ​ര​ത്തിൽ കിടന്ന നാശാ​വ​ശി​ഷ്ട​ങ്ങൾക്കി​ട​യിൽ 3,000-ത്തിനും 4,000-ത്തിനും ഇടയ്‌ക്ക്‌ ജീവൻ പൊലി​ഞ്ഞു. 1970-ൽ അതേ പർവത​ത്തിൽനിന്ന്‌ വീണ്ടു​മൊ​രു ദുരന്തം തെന്നി​നീ​ങ്ങി. ഒരു ഭൂകമ്പ​ത്തി​ന്റെ ഫലമായി പർവത​ത്തി​ന്റെ വടക്കു ഭാഗത്തുള്ള കൊടു​മു​ടി​യി​ലെ ഹിമ​ത്തൊ​പ്പി ഇളകി, പർവതം​തന്നെ നിലം​പൊ​ത്തി. ആയിര​ക്ക​ണ​ക്കിന്‌ ടൺ മഞ്ഞും പാറയും ഹിമക്ക​ട്ട​ക​ളും മണിക്കൂ​റിൽ 300 കിലോ​മീ​റ്റർ വേഗത്തിൽ ഇടുങ്ങിയ ഒരു മലയി​ടു​ക്കി​ലൂ​ടെ ഉരുളൻ പാറക​ളും വീടു​ക​ളും പിഴു​തെ​ടു​ത്തു​കൊണ്ട്‌ അലറി​പ്പാ​ഞ്ഞു. 25,000 പേർ ആ ഹിമ ശ്‌മശാ​ന​ത്തി​ലൊ​ടു​ങ്ങി​യ​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. ഭീതി​ദ​മായ ഇത്തരം ദുരന്ത​ങ്ങ​ളിൽനിന്ന്‌ പർവത​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജനതയെ സംരക്ഷി​ക്കാൻ എന്തു​ചെ​യ്യാൻ കഴിയും?

ഹിമ​പ്ര​വാ​ഹ​ത്തിന്‌ തടയി​ടാ​നാ​കു​മോ?

ചില​തൊ​ക്കെ തടയാ​നാ​കും. മറ്റു ചിലത്‌ തടയുക അസാധ്യ​മാണ്‌. കാലാവസ്ഥ പങ്കുവ​ഹി​ക്കുന്ന ഹിമ​പ്ര​വാ​ഹങ്ങൾ തടയുക സാധ്യമല്ല. മഴവെള്ളം മേൽക്കൂ​ര​യിൽനി​ന്നു താഴേക്കു പതിക്കു​ന്ന​തു​പോ​ലുള്ള ഒരു സ്വാഭാ​വിക പ്രതി​ഭാ​സ​മാ​ണവ, ഋതുപരിവൃത്തിയുടെ സ്വാഭാ​വിക പരിണ​ത​ഫലം. എന്നിരു​ന്നാ​ലും, ഇത്തരം ഹിമ​പ്ര​വാ​ഹങ്ങൾ ഉണ്ടാകുന്ന പ്രദേ​ശ​ങ്ങ​ളിൽ ഗവൺമെന്റ്‌ അധികാ​രി​കൾ അനുഭ​വ​ത്തിൽനിന്ന്‌ ചിലതു പഠിക്കു​ക​യു​ണ്ടാ​യി. അപകട​മേ​ഖ​ല​ക​ളിൽ വീടുകൾ നിർമി​ക്കു​ന്നത്‌ നിരോ​ധി​ക്കുക, ഗതാഗ​ത​പാ​തകൾ സംരക്ഷി​ക്കാൻ തുരങ്ക​ങ്ങ​ളോ ഗാലറി​ക​ളോ പണിയുക എന്നിവ. എന്നാൽ ചില ഹിമ​പ്ര​വാ​ഹങ്ങൾ തടയാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, മുന്നറി​യി​പ്പു​ക​ളും വിലക്കു​ക​ളും അതിലം​ഘിച്ച്‌ കടക്കുന്ന, അതിസാ​ഹ​സി​ക​രായ സ്‌കീ​യി​ങ്ങു​കാ​രെ പോ​ലെ​യുള്ള വിവേ​ക​ശൂ​ന്യ​രായ ആളുകൾ മൂലമു​ണ്ടാ​കു​ന്നവ.

മുൻകാല അനുഭ​വങ്ങൾ കരുതൽ നടപടി​ക​ളെ​ടു​ക്കാൻ സ്വിറ്റ്‌സർലൻഡ്‌ ഗവൺമെ​ന്റി​നെ പ്രേരി​പ്പി​ച്ചു. 1931-ൽ ഒരു സ്വിസ്സ്‌ ഗവേഷക കമ്മീഷൻ സ്ഥാപി​ത​മാ​യി. 1936-ൽ ധീരരായ ഗവേഷ​ക​രു​ടെ ആദ്യസം​ഘം ഡാവോസ്‌ പട്ടണത്തി​നു മുകളി​ലെ വൈസ്‌ഫ്‌ളൂ​യോച്‌ പ്രദേ​ശത്ത്‌ 2,690 മീറ്റർ ഉയരത്തിൽ ശാസ്‌ത്രീയ പഠനങ്ങൾ ആരംഭി​ച്ചു. പിന്നീട്‌ 1942-ൽ മഞ്ഞി​നെ​യും ഹിമ​പ്ര​വാ​ഹ​ത്തെ​യും കുറിച്ചു ഗവേഷണം നടത്തുന്ന സ്വിസ്സ്‌ ഫെഡറൽ ഇൻസ്റ്റി​സ്റ്റ്യൂട്ട്‌ സ്ഥാപി​ത​മാ​യി. അവിടത്തെ പർവത​ങ്ങ​ളിൽ പല സ്ഥലങ്ങളി​ലാ​യി മറ്റു പല ആധുനിക നിരീ​ക്ഷ​ണ​ശാ​ലകൾ സ്ഥാപിച്ചു. ഈ സ്ഥാപനങ്ങൾ കാലാ​വ​സ്ഥ​യി​ലു​ണ്ടാ​കുന്ന വ്യതി​യാ​നങ്ങൾ മുൻകൂ​ട്ടി​ക്കാ​ണാൻ സഹായി​ക്കു​ക​യും തുറസ്സായ പർവത​ച്ചെ​രി​വു​ക​ളിൽ ഹിമ​പ്ര​വാ​ഹ​ത്തി​നു സാധ്യ​ത​യു​ണ്ടെന്ന്‌ കൂടെ​ക്കൂ​ടെ മുന്നറി​യി​പ്പു മുഴക്കു​ക​യും ചെയ്യുന്നു.

ഇങ്ങനെ​യൊ​ക്കെ ആയിരു​ന്നാ​ലും, നിനച്ചി​രി​ക്കാ​തെ കാലാ​വ​സ്ഥ​യു​ടെ മുഖം​ക​റു​ക്കു​മ്പോൾ ദുരന്തം പാഞ്ഞടു​ക്കാ​നി​ട​യുണ്ട്‌, അപകട​സാ​ധ്യ​തകൾ പൂർണ​മാ​യും ഒഴിവാ​ക്കാ​നാ​വില്ല. അതു​കൊണ്ട്‌, അപകട​മേ​ഖ​ല​യിൽ താമസി​ക്കു​ന്ന​വ​രും ശീതകാ​ലത്ത്‌ പർവത​പ്ര​ദേ​ശ​ങ്ങ​ളിൽ അവധി​ക്കാ​ല​മോ വാരാ​ന്ത​മോ ചെലവ​ഴി​ക്കാ​നെ​ത്തു​ന്ന​വ​രും ആയ എല്ലാ ആളുക​ളും ഹിമ​പ്ര​വാ​ഹ​ത്തി​നു കാരണ​മാ​കു​ന്ന​തൊ​ന്നും ചെയ്യാ​തി​രി​ക്കാ​നുള്ള തങ്ങളുടെ ഉത്തരവാ​ദി​ത്വ​ത്തെ​പ്പറ്റി ബോധ​വാ​ന്മാ​രാ​യി​രി​ക്കണം. വിമാനം പുറ​പ്പെ​ടു​വി​ക്കുന്ന ശബ്ദതരം​ഗ​ങ്ങ​ളോ മുമ്പു വിചാ​രി​ച്ചി​രു​ന്ന​തു​പോ​ലെ മനുഷ്യ​ശ​ബ്ദ​മോ ഹിമ​പ്ര​വാ​ഹ​ങ്ങൾക്ക്‌ ഇടയാ​ക്കു​ന്നി​ല്ലെന്ന്‌ ഫ്രാൻസിൽ നടത്തിയ പരീക്ഷ​ണങ്ങൾ വ്യക്തമാ​ക്കു​ക​യു​ണ്ടാ​യി.

ഗവൺമെ​ന്റി​ന്റെ സംരക്ഷണ നടപടി​കൾ

പർവത​പ്ര​ദേ​ശ​ങ്ങ​ളിൽ വാസമു​റ​പ്പിച്ച ജനതകൾ താമസി​യാ​തെ​തന്നെ ഹിമ​പ്ര​വാ​ഹ​ങ്ങ​ളു​ടെ അപകടം തിരി​ച്ച​റി​ഞ്ഞു. പാർപ്പി​ട​ങ്ങളെ ഹിമ​പ്ര​വാ​ഹ​ത്തിൽനി​ന്നു സംരക്ഷി​ക്കാൻ താമസ​സ്ഥ​ല​ത്തി​നു മുകൾഭാ​ഗ​ത്തുള്ള പർവത​ച്ചെ​രി​വു​ക​ളിൽ അവർ വനങ്ങൾ വെച്ചു​പി​ടി​പ്പി​ച്ചു, അവിടെ വളരുന്ന മരങ്ങളും സസ്യജാ​ല​ങ്ങ​ളും വെട്ടി​മാ​റ്റു​ന്നത്‌ നിരോ​ധി​ച്ചി​രു​ന്നു. ഇത്തരം സംരക്ഷണം പലപ്പോ​ഴും ഫലപ്ര​ദ​മാ​യി​രു​ന്നു, പ്രാ​ദേ​ശിക അധികാ​രി​കൾ ഈ വനങ്ങളെ ഇപ്പോ​ഴും സംരക്ഷി​ക്കു​ന്നത്‌ അതിന്റെ തെളി​വാണ്‌. ഹിമ​പ്ര​വാ​ഹത്തെ വരുതി​യി​ലാ​ക്കാൻ സഹായി​ക്കുന്ന പ്രകൃ​ത്യാ​യുള്ള ഏറ്റവും നല്ല പ്രതി​രോ​ധ​മാ​ണിത്‌. എന്നാൽ വനം നിബി​ഡ​മാ​യി​രി​ക്കണം, ഓരോ 2.5 ഏക്കറി​ലും പല ഇനങ്ങളിൽപ്പെട്ട പുതി​യ​തും പഴയതു​മായ നൂറു​ക​ണ​ക്കി​നു മരങ്ങൾ ഉണ്ടായി​രി​ക്കു​ക​യും വേണ​മെന്ന്‌ അനുഭ​വങ്ങൾ തെളി​യി​ക്കു​ന്നു.

അടുത്ത കാലങ്ങ​ളിൽ എഞ്ചിനീ​യർമാർ കോൺക്രീ​റ്റിൽ ഉറപ്പിച്ച ലോഹ​വേ​ലി​കൾ തീർക്കു​ക​യു​ണ്ടാ​യി. മഞ്ഞുപാ​ളി​കൾ അടർന്ന്‌ ഹിമ​പ്ര​വാ​ഹ​മാ​കാൻ സാധ്യ​ത​യുള്ള സ്ഥലങ്ങളിൽ, ആദ്യത്തെ വൃക്ഷനി​ര​കൾക്കും മുകളി​ലാണ്‌ ഇവ സ്ഥാപി​ച്ചി​രി​ക്കു​ന്നത്‌. ഇത്തരം വേലികൾ നാലു​മീ​റ്റർ ഉയരത്തിൽവരെ പണിയാ​നാ​കും, എന്നാൽ എല്ലാ പർവത​ച്ചെ​രി​വു​ക​ളി​ലും ഇവ സ്ഥാപി​ക്കുക അത്യന്തം ചെല​വേ​റി​യ​താണ്‌. കെട്ടി​ട​ങ്ങളെ അടിത്ത​റ​യോ​ടെ പിഴു​തെ​ടു​ക്കു​ന്നതു തടയാ​നാ​യി ഹിമ​പ്ര​വാ​ഹ​ത്തി​ന്റെ ശക്തികു​റ​യ്‌ക്കാൻ പർവത​ച്ചെ​രി​വു​ക​ളു​ടെ അടിഭാ​ഗത്ത്‌ പാറക​ളു​ടെ​യും മണ്ണി​ന്റെ​യും വൻ കൂമ്പാ​ര​ങ്ങ​ളും സജ്ജീക​രി​ച്ചി​ട്ടുണ്ട്‌. താഴ്‌വ​ര​ക​ളി​ലുള്ള ഗ്രാമ​ങ്ങ​ളി​ലേ​ക്കും വീടു​ക​ളി​ലേ​ക്കും പാഞ്ഞു​ക​യറി നാശം​വി​ത​യ്‌ക്കാ​തെ ഹിമ​പ്ര​വാ​ഹത്തെ വഴിതി​രി​ച്ചു​വി​ടാൻ ഇവയ്‌ക്കു കഴിയും. മറ്റൊരു തരം പ്രതി​രോ​ധ​മാണ്‌ V ആകൃതി​യി​ലുള്ള മൺഭി​ത്തി​കൾ. രണ്ടുമീ​റ്റർ കനവും അഞ്ചുമീ​റ്റർ ഉയരവും ഇതിനുണ്ട്‌. V-യുടെ കൂർത്ത​ഭാ​ഗം മുകളി​ലോട്ട്‌ ആയിരി​ക്കും. ഒരു ഹിമ​പ്ര​വാ​ഹത്തെ രണ്ടായി വിഭജിച്ച്‌ ഇരുവ​ശ​ത്തേ​ക്കും തിരി​ച്ചു​വി​ടാൻ ഇതു സഹായിക്കുന്നു. V-യുടെ രണ്ട്‌ വശങ്ങൾക്കും 90-ഓ, 120-ഓ മീറ്റർ നീളമു​ണ്ടാ​യി​രി​ക്കും, പട്ടണങ്ങളെ ഒന്നാകെ സംരക്ഷി​ക്കാൻ ഇതിനു കഴിയും. എന്നാൽ, താഴ്‌വ​ര​യി​ലെ പ്രധാന റോഡു​ക​ളും റെയിൽപ്പാ​ത​ക​ളും അപകട​വി​മു​ക്ത​മാ​ക്കാൻ ഏറ്റവും ചെല​വേ​റി​യ​തെ​ങ്കി​ലും ഉത്തമമായ മാർഗം തടി, സ്റ്റീൽ, കോൺക്രീറ്റ്‌ തുടങ്ങി​യ​വ​കൊ​ണ്ടുള്ള തുരങ്ക​ങ്ങ​ളോ ഗാലറി​ക​ളോ നിർമി​ക്കുക എന്നതാണ്‌.

കനത്ത ഹിമ​ശേ​ഖ​ര​ങ്ങളെ വിഭജി​ക്കു​ന്ന​താണ്‌ മറ്റൊരു മാർഗം. ഉദാഹ​ര​ണ​ത്തിന്‌, ഓരോ ശൈത്യ​കാ​ല​ത്തും പട്ടണങ്ങ​ളിൽ റോന്തു​ചു​റ്റുന്ന കനേഡി​യൻ പട്ടാളം മഞ്ഞിൽ വെടി​യു​തിർക്കാ​റുണ്ട്‌. ട്രാൻസ്‌-കാനഡ ഹൈവേ അവർ സംരക്ഷി​ക്കു​ന്നത്‌ ഈ വിധത്തി​ലാണ്‌. ഒരു ഹിമ​പ്ര​വാ​ഹ​മാ​യി രൂപം​കൊണ്ട്‌ റോഡ്‌ മൂടി​പ്പോ​കു​ന്ന​തി​നു മുമ്പ്‌ അവർ ഹിമപാ​ളി​കൾ വെടി​യു​തിർത്ത്‌ പൊട്ടി​ക്കു​ന്നു. ഒരു പരിധി​വരെ സ്വിറ്റ്‌സർലൻഡി​ലും ഈ രീതി അവലം​ബി​ക്കാ​റുണ്ട്‌. ദുർഘ​ട​മായ പർവത​ച്ചെ​രി​വു​ക​ളിൽ ഹെലി​ക്കോ​പ്‌റ്റ​റു​ക​ളിൽനി​ന്നു വെടി​യു​തിർക്കു​ക​യോ സ്‌ഫോ​ട​ക​വ​സ്‌തു​ക്കൾ ഇട്ട്‌ പൊട്ടി​ക്കു​ക​യോ ചെയ്‌ത്‌ ഉറഞ്ഞ മഞ്ഞിനെ അയവു​ള്ള​താ​ക്കു​ന്നു.

ഹിമ​പ്ര​വാ​ഹ​ത്തിൽനി​ന്നു രക്ഷനേടൽ

പർവത​ച്ചെ​രി​വു​ക​ളി​ലെ സുരക്ഷി​ത​ത്വം ഉറപ്പാ​ക്കു​ന്ന​തി​നുള്ള പരി​ശോ​ധ​നകൾ നടക്കു​മ്പോൾ സ്‌കീ​യിങ്‌, ഹൈക്കിങ്‌ എന്നിവ​യ്‌ക്കാ​യി പോകു​ന്നവർ അതു കഴിയു​ന്ന​തു​വരെ കാത്തു​നിൽക്കേ​ണ്ട​തുണ്ട്‌. മുന്നറി​യി​പ്പു​ക​ളൊ​ന്നും ഒരിക്ക​ലും അവഗണി​ക്ക​രുത്‌! സ്‌കീ​യി​ങ്ങിൽ എത്ര പ്രഗത്ഭ​നാ​ണെ​ങ്കി​ലും കുഴമ​ഞ്ഞിൽ മൂടി​പ്പോ​കാൻ നിമി​ഷങ്ങൾ മതി​യെ​ന്നോർക്കുക. ഒരു ഹിമ​പ്ര​വാ​ഹ​ത്തിൽ നിങ്ങൾ അകപ്പെ​ട്ടു​പോ​യെ​ങ്കിൽ പരി​ഭ്ര​മി​ക്ക​രുത്‌! ഒരു സമു​ദ്ര​ത്തിൽ നീന്തു​ന്ന​തു​പോ​ലെ ചലിച്ചു​കൊ​ണ്ടി​രി​ക്കുക എന്നാണ്‌ വിദഗ്‌ധർ നിർദേ​ശി​ക്കു​ന്നത്‌. അങ്ങനെ​യാ​കു​മ്പോൾ ആണ്ടു​പോ​കാ​തെ നിങ്ങൾ പ്രവാ​ഹ​ത്തി​ന്റെ പ്രതല​ത്തിൽത്തന്നെ ആയിരി​ക്കും. അല്ലെങ്കിൽ ഒരു കൈ തലയ്‌ക്കു മീതെ കഴിയു​ന്നത്ര ഉയർത്തി​പ്പി​ടി​ക്കുക, രക്ഷാ​പ്ര​വർത്ത​കർക്ക്‌ നിങ്ങളെ കണ്ടെത്താൻ അതു സഹായ​ക​മാ​കും. മറ്റേ കൈ​കൊണ്ട്‌ മൂക്കും വായും പൊത്തി​പ്പി​ടി​ക്കുക. 30 മിനി​ട്ടി​ല​ധി​കം ഹിമ​പ്ര​വാ​ഹ​ത്തിൽ കുടു​ങ്ങി​പ്പോ​കു​ന്ന​വ​രിൽ പകുതി​യോ​ളമേ അതിജീ​വി​ക്കു​ന്നു​ള്ളൂ എന്നാണ്‌ രക്ഷാ​പ്ര​വർത്ത​ക​രു​ടെ കണക്കുകൾ കാണി​ക്കു​ന്നത്‌. ഇന്ന്‌ സ്‌കീ​യി​ങ്ങു​കാ​രിൽ ചിലർ ബാറ്ററി​യി​ട്ടു പ്രവർത്തി​പ്പി​ക്കുന്ന ട്രാൻസ്‌മി​റ്റർ പോലുള്ള ആപത്‌സൂ​ചന നൽകുന്ന ഉപകര​ണങ്ങൾ കൂടെ​ക്കൊ​ണ്ടു​പോ​കു​ന്നു. ഉയരം​കൂ​ടിയ പ്രദേ​ശ​ങ്ങ​ളിൽ വെളു​ത്ത​മ​രണം എപ്പോ​ഴും പതിയി​രി​ക്കു​ന്ന​തി​നാൽ അതിൽ അകപ്പെ​ട്ടു​പോ​കു​ന്ന​വരെ രക്ഷിക്കാ​നുള്ള സത്വര​ന​ട​പ​ടി​കൾ അനിവാ​ര്യ​മാണ്‌.

നൂറ്റാ​ണ്ടു​ക​ളാ​യി ആഗസ്റ്റീ​നി​യൻ സന്ന്യാ​സി​മാർ സ്വിസ്സ്‌ ആൽപ്‌സിൽ സെയിന്റ്‌ ബർണാർഡ്‌ നായ്‌ക്കളെ വളർത്തി​യി​രു​ന്നു. ഇവ രക്ഷാ​പ്ര​വർത്ത​ന​ത്തിന്‌ പേരു​കേ​ട്ട​വ​യാ​യി​രു​ന്നു. കനത്തിൽ വീണു​കി​ട​ക്കുന്ന കുഴമ​ഞ്ഞി​ലൂ​ടെ നടക്കാ​നും തുളഞ്ഞു​ക​യ​റുന്ന ശീതക്കാ​റ്റും മരം​കോ​ച്ചുന്ന തണുപ്പും ചെറു​ക്കാ​നും ഉള്ള ഓജസ്സും കരുത്തും ഈ നായ്‌ക്കൾക്ക്‌ ഉണ്ടായി​രു​ന്നു. അപാര​മായ ദിശാ​ബോ​ധ​വും മനുഷ്യ​നു തിരി​ച്ച​റി​യാ​നാ​വാത്ത ശബ്ദവും ചലനവും നിഷ്‌പ്ര​യാ​സം തിരി​ച്ച​റി​യാ​നുള്ള കഴിവും ഇവയ്‌ക്കു​ണ്ടാ​യി​രു​ന്നു. ഈ നായ്‌ക്കൾ നൂറു​ക​ണ​ക്കി​നു ജീവൻ രക്ഷിച്ചി​ട്ടുണ്ട്‌. കഴുത്തിൽ ബ്രാണ്ടി​നി​റച്ച പാത്ര​വു​മാ​യി നിൽക്കു​ന്ന​താ​യാണ്‌ ഇവയെ സാധാരണ ചിത്രീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും രക്ഷാ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി ഈ നായ്‌ക്കൾ അവ ചുമന്നു​കൊ​ണ്ടു​പോ​യി​രു​ന്നില്ല. ഇന്ന്‌ ജർമൻ ഷെപ്പേർഡ്‌ എന്ന ഇനത്തെ​യാണ്‌ കൂടു​ത​ലും രക്ഷാ​പ്ര​വർത്ത​ന​ത്തിന്‌ ഉപയോ​ഗി​ക്കു​ന്നത്‌, മറ്റുചില ഇനങ്ങ​ളെ​യും പരിശീ​ലി​പ്പി​ച്ചു വരുന്നുണ്ട്‌. കൂടാതെ ഇലക്‌​ട്രോ​ണിക്‌ സഹായ​വും ഒപ്പം രക്ഷാ​പ്ര​വർത്ത​ക​രു​ടെ ശ്രദ്ധാ​പൂർവക ശ്രമവും നിരവധി ജീവൻ രക്ഷിക്കാൻ ഫലപ്ര​ദ​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. എന്നാൽ ഈ രീതി​കൾക്കൊ​ന്നും പരിശീ​ലനം കിട്ടിയ നായ്‌ക്ക​ളു​ടെ പ്രാപ്‌തി​യോ​ടു കിടപി​ടി​ക്കാ​നാ​വില്ല.

“പറക്കും പക്ഷേ ചിറകില്ല, അടിക്കും പക്ഷേ കൈയില്ല, കാണും പക്ഷേ കണ്ണില്ല,” ഈ കടങ്കഥ​യു​ടെ ഉത്തരം നന്നായി മനസ്സി​ലാ​യി​ല്ലേ? അതേ, അമ്പരപ്പി​ക്കുന്ന പ്രകൃതി ശക്തിക​ളു​ടെ ഭയാന​ക​മാ​യൊ​രു പ്രകട​ന​മാണ്‌ ഈ ദൃശ്യ​പ്ര​തി​ഭാ​സം. വെളുത്ത വ്യാളി​കൾ നിസ്സാ​രരല്ല.

[19-ാം പേജിലെ ആകർഷക വാക്യം]

ഹിമപ്രവാഹത്തിൽ അകപ്പെ​ട്ടാൽ ഒരു സമു​ദ്ര​ത്തിൽ നീന്തു​ന്ന​തു​പോ​ലെ ചലിച്ചു​കൊ​ണ്ടി​രി​ക്കുക

[18-ാം പേജിലെ ചിത്രം]

ബ്രാണ്ടിനിറച്ച പാത്ര​വു​മാ​യി നിൽക്കു​ന്ന​താ​യാണ്‌ ഇവയെ സാധാരണ ചിത്രീ​ക​രി​ക്കു​ന്നത്‌. എങ്കിലും രക്ഷാ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി ഈ നായ്‌ക്കൾ അവ ചുമന്നു​കൊ​ണ്ടു​പോ​യി​രു​ന്നില്ല

[17-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

AP Photo/Matt Hage