വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മദ്യദുരുപയോഗം അതിന്റെ അടിമത്തത്തിൽനിന്നു മോചനം നേടുന്നു

മദ്യദുരുപയോഗം അതിന്റെ അടിമത്തത്തിൽനിന്നു മോചനം നേടുന്നു

മദ്യദു​രു​പ​യോ​ഗം അതിന്റെ അടിമ​ത്ത​ത്തിൽനി​ന്നു മോചനം നേടുന്നു

“ഡാഡി മദ്യത്തിന്‌ അടിമ​യാ​യി​രു​ന്നു. ഞാനും അതേ ഗതി പിൻപറ്റി. 12 വയസ്സു​ള്ള​പ്പോൾ മദ്യപി​ക്കാൻ തുടങ്ങിയ ഞാൻ വിവാ​ഹി​ത​നാ​യ​പ്പോ​ഴേ​ക്കും ദിവസ​വും കുടി​ക്കു​മാ​യി​രു​ന്നു. അക്രമാ​സ​ക്ത​നാ​യി​ത്തീർന്ന എന്റെ ഉപദ്ര​വ​ത്തിൽനി​ന്നു കുടും​ബത്തെ രക്ഷിക്കാൻ മിക്ക​പ്പോ​ഴും പോലീസ്‌ എത്തിയി​രു​ന്നു. എന്റെ ആരോ​ഗ്യം ക്ഷയിച്ചു​കൊ​ണ്ടി​രു​ന്നു. മദ്യം സമ്മാനിച്ച ഉദര രക്തസ്രാ​വം എന്നെ മരണത്തി​ന്റെ വക്കോളം എത്തി​ച്ചെ​ങ്കി​ലും എങ്ങനെ​യോ ഞാൻ അതിജീ​വി​ച്ചു. തുടർന്നു സിറോ​സി​സും വിളർച്ച​യും പിടി​കൂ​ടി. മദ്യപാ​ന​ത്തിൽനി​ന്നു കരകയ​റാൻ സ്വാശ്രയ സംഘങ്ങ​ളിൽ ചേർന്നെ​ങ്കി​ലും ഫലമു​ണ്ടാ​യില്ല. ഞാൻ ഒരു കെണി​യി​ലാ​ണെ​ന്നും ഇനി മോച​ന​മി​ല്ലെ​ന്നും എനിക്കു തോന്നി.”—ബിക്‌റ്റർ, * അർജന്റീന.

മദ്യപാ​ന​ത്തി​ന്റെ കെണി​യിൽ അകപ്പെട്ട അനേകർക്കും ഇത്തരം അനുഭ​വങ്ങൾ പറയാ​നുണ്ട്‌. ബിക്‌റ്റ​റി​നെ​പ്പോ​ലെ തങ്ങൾക്കും മോച​ന​മി​ല്ലെന്ന്‌ അവർ കരുതു​ന്നു. മദ്യപാ​ന​വു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തരണം ചെയ്യാ​നോ ഒഴിവാ​ക്കാൻപോ​ലു​മോ കഴിയു​മോ? കഴിയു​മെ​ങ്കിൽ, എങ്ങനെ?

പ്രശ്‌നം തിരി​ച്ച​റി​യു​ക

ആദ്യമാ​യി, ഒരു വ്യക്തി മദ്യപാ​ന​ത്തി​ന്റെ കെണി​യി​ലാ​യി​രി​ക്കു​മ്പോൾ അദ്ദേഹം​ത​ന്നെ​യും അദ്ദേഹ​ത്തി​ന്റെ ഉറ്റവരും അതു തിരി​ച്ച​റി​യേ​ണ്ടത്‌ അതി​പ്ര​ധാ​ന​മാണ്‌. യഥാർഥ​ത്തിൽ, ബൃഹത്തായ ഒരു പ്രശ്‌ന​ത്തി​ന്റെ പ്രകട​മായ ഒരു ചെറിയ ഭാഗം മാത്ര​മാണ്‌ മദ്യാ​സക്തി. മുമ്പ്‌ ഒരുപക്ഷേ മിതമായ അളവിൽ ഉണ്ടായി​രുന്ന മദ്യപാ​ന​മാണ്‌ കാല​ക്ര​മ​ത്തിൽ മദ്യാ​സ​ക്തി​യാ​യി പരിണ​മി​ക്കു​ന്നത്‌. അതിശ​യ​ക​ര​മെന്നു പറയട്ടെ, മദ്യം മൂലമു​ണ്ടാ​കുന്ന ഭൂരി​ഭാ​ഗം അപകട​ങ്ങൾക്കും അക്രമ​ത്തി​നും സാമൂ​ഹിക പ്രശ്‌ന​ങ്ങൾക്കും ഉത്തരവാ​ദി​കൾ മദ്യാ​സക്തർ അല്ല. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ഈ അഭി​പ്രാ​യം ശ്രദ്ധി​ക്കുക: “മദ്യവു​മാ​യി ബന്ധപ്പെട്ട എല്ലാവിധ സാമൂ​ഹിക പ്രശ്‌ന​ങ്ങ​ളും കുറയ്‌ക്കു​ന്ന​തി​നുള്ള ഏറ്റവും നല്ല മാർഗം മിതമാ​യി മദ്യപി​ക്കു​ന്ന​വ​രു​ടെ കുടി—അമിത​മാ​യി മദ്യപി​ക്കു​ന്ന​വ​രു​ടെയല്ല—നിയ​ന്ത്രി​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക എന്നതാണ്‌.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) നിങ്ങൾ കുടി​ക്കുന്ന മദ്യം, ആരോ​ഗ്യ​ക്ഷേമ അധികൃ​തർ ശുപാർശ ചെയ്‌തി​രി​ക്കുന്ന അളവി​ലും അധിക​മാ​ണോ? പൂർണ ശ്രദ്ധയും പെട്ടെന്നു പ്രതി​ക​രി​ക്കാ​നുള്ള ശേഷി​യും ആവശ്യ​മാ​യി​രി​ക്കുന്ന സന്ദർഭ​ങ്ങ​ളിൽ നിങ്ങൾ മദ്യപി​ക്കാ​റു​ണ്ടോ? നിങ്ങളു​ടെ മദ്യപാ​ന​ശീ​ലം വീട്ടി​ലോ ജോലി​സ്ഥ​ല​ത്തോ പ്രശ്‌നങ്ങൾ ഉണ്ടാക്കാ​റു​ണ്ടോ? മദ്യപാ​ന​ത്തി​ന്റെ അളവ്‌ അപകട​ക​ര​മാം​വണ്ണം കൂടു​ത​ലാ​ണെ​ങ്കിൽ അക്കാര്യം അംഗീ​ക​രി​ക്കു​ന്ന​തും തദനു​സൃ​തം അതു കുറയ്‌ക്കു​ന്ന​തും ആണ്‌ പിന്നീ​ടു​ണ്ടാ​കാ​വുന്ന ഗുരു​ത​ര​മായ പ്രത്യാ​ഘാ​തങ്ങൾ ഒഴിവാ​ക്കാ​നുള്ള “ഏറ്റവും നല്ല മാർഗം.” മദ്യത്തിന്‌ അടിമ​യാ​യി​ക്ക​ഴി​ഞ്ഞാൽപ്പി​ന്നെ മാറ്റം​വ​രു​ത്തുക വലിയ പ്രയാ​സ​മാണ്‌.

അമിത​മാ​യി മദ്യപി​ക്കുന്ന പലരി​ലും കണ്ടുവ​രുന്ന ഒരു പ്രവണത, അങ്ങനെ​യൊ​രു പ്രശ്‌ന​മു​ള്ള​താ​യി അംഗീ​ക​രി​ക്കാ​തി​രി​ക്കുക എന്നതാണ്‌. “മറ്റെല്ലാ​വ​രെ​യും​പോ​ലെയേ ഞാൻ കുടി​ക്കു​ന്നു​ള്ളൂ” എന്നോ “എപ്പോൾ വേണ​മെ​ങ്കി​ലും എനിക്കതു നിറു​ത്താ​നാ​കും” എന്നോ അവർ അവകാ​ശ​പ്പെ​ടു​ന്നു. റഷ്യയി​ലുള്ള കൊൺസ്റ്റ​ന്റിൻ ഇങ്ങനെ പറയുന്നു: “മദ്യപാ​നം എന്നെ മരണ​ത്തോ​ടു മുഖാ​മു​ഖം കൊണ്ടു​വ​ന്നി​ട്ടും ഞാൻ ഒരു മദ്യാ​സ​ക്ത​നാ​ണെന്ന്‌ എനിക്കു തോന്നി​യില്ല. അതു​കൊണ്ട്‌ അത്‌ ഉപേക്ഷി​ക്കാൻ ഞാൻ ഒരിക്ക​ലും ശ്രമി​ച്ചില്ല.” പോള​ണ്ടി​ലുള്ള മാറെക്ക്‌ പറയു​ന്നതു ശ്രദ്ധി​ക്കുക: “ഈ ശീലം ഉപേക്ഷി​ക്കാൻ ഞാൻ പലവട്ടം ശ്രമി​ച്ചെ​ങ്കി​ലും ഞാൻ ഒരു മദ്യാ​സ​ക്ത​നാ​ണെന്ന്‌ ഞാൻ അംഗീ​ക​രി​ച്ച​തേ​യില്ല. മദ്യപാന സംബന്ധ​മായ പ്രശ്‌ന​ങ്ങളെ ഞാനത്ര കാര്യ​മാ​ക്കി​യില്ല.”

മദ്യപാ​നം തന്റെ ഒരു ബലഹീ​ന​ത​യാ​ണെന്നു തിരി​ച്ച​റി​യാ​നും അതു തരണം ചെയ്യാൻ ക്രിയാ​ത്മക പടികൾ സ്വീക​രി​ക്കാ​നും ഒരു വ്യക്തിയെ എങ്ങനെ സഹായി​ക്കാ​നാ​കും? തന്റെ പ്രശ്‌ന​ങ്ങൾക്കു കാരണം മദ്യപാ​ന​മാ​ണെ​ന്നും അതിൽനി​ന്നു വിട്ടു​നിൽക്കു​ന്നത്‌ ജീവി​ത​ത്തി​ന്റെ ഗുണനി​ല​വാ​രം മെച്ച​പ്പെ​ടു​ത്തു​മെ​ന്നും ആദ്യം​തന്നെ അദ്ദേഹം സമ്മതി​ക്കേ​ണ്ട​തുണ്ട്‌. ലാ റെവുവെ ഡുവെ പ്രാറ്റി​സ്യെൻ —മെഡ്‌സിൻ ഷേനേ​റാൽ പ്രസ്‌താ​വി​ക്കു​ന്ന​ത​നു​സ​രിച്ച്‌, “ഭാര്യ എന്നെ വിട്ടു​പോ​കു​ക​യും എനിക്കു ജോലി നഷ്ടമാ​കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ഞാൻ കുടി​ക്കു​ന്നു” എന്നു ചിന്തി​ക്കാ​തെ “ഞാൻ കുടി​ക്കു​ന്ന​തു​കൊണ്ട്‌ ഭാര്യ എന്നെ വിട്ടു​പോ​കു​ക​യും എനിക്കു ജോലി നഷ്ടമാ​കു​ക​യും ചെയ്‌തു” എന്നു ചിന്തി​ക്കാൻ അദ്ദേഹം പ്രേരി​ത​നാ​കണം.

ചിന്താ​ഗ​തി​യിൽ ഇങ്ങനെ​യൊ​രു മാറ്റം വരുത്താൻ ഒരു മദ്യാ​സ​ക്തനെ സഹായി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​പക്ഷം പിൻവ​രുന്ന നിർദേ​ശങ്ങൾ പിൻപ​റ്റു​ന്നതു സഹായകം ആയിരു​ന്നേ​ക്കാം: അദ്ദേഹം പറയുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധി​ക്കുക; തന്റെ വികാ​ര​വി​ചാ​രങ്ങൾ തുറന്നു പ്രകടി​പ്പി​ക്കാൻ അദ്ദേഹത്തെ സഹായി​ക്കുന്ന നേരി​ട്ടുള്ള ചോദ്യ​ങ്ങൾ ചോദി​ക്കുക; സമാനു​ഭാ​വം പ്രകട​മാ​ക്കുക; നിസ്സാ​ര​മായ പുരോ​ഗ​തി​കൾക്കു​പോ​ലും അഭിന​ന്ദി​ക്കുക; സഹായം അഭ്യർഥി​ക്കു​ന്ന​തി​നും തുറന്ന ആശയവി​നി​മ​യ​ത്തി​നും തടസ്സം സൃഷ്ടി​ക്കു​ന്ന​തരം മനോ​ഭാ​വം പ്രകടി​പ്പി​ക്കു​ക​യോ അറുത്തു​മു​റി​ച്ചു സംസാ​രി​ക്കു​ക​യോ കുറ്റ​പ്പെ​ടു​ത്തു​ക​യോ ചെയ്യരുത്‌. ഞാൻ മദ്യപാ​നം തുടർന്നാൽ എന്തു സംഭവി​ക്കും? നിറു​ത്തി​യാൽ എന്തു സംഭവി​ക്കും? എന്നീ ചോദ്യ​ങ്ങൾ അടിസ്ഥാ​ന​മാ​ക്കി രണ്ടു ലിസ്റ്റു തയ്യാറാ​ക്കാൻ അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെ​ടു​ന്ന​തും സഹായകം ആയിരു​ന്നേ​ക്കാം.

സഹായം തേടുന്ന വിധം

അമിത​മാ​യി മദ്യപി​ക്കാൻ ആരംഭി​ക്കു​മ്പോൾ ഒരു വ്യക്തി വില​കെ​ട്ട​വ​നോ പ്രതീ​ക്ഷ​യ്‌ക്കു വകയി​ല്ലാ​ത്ത​വ​നോ ആയിരി​ക്കു​ന്നില്ല. ചിലർക്കു സ്വയമേ അതിൽനി​ന്നു മോചി​ത​രാ​കാൻപോ​ലും കഴിയു​ന്നു. എന്നിരു​ന്നാ​ലും മദ്യാ​സ​ക്ത​രായ വ്യക്തി​കൾക്ക്‌ ഇക്കാര്യ​ത്തിൽ വിദഗ്‌ധ സഹായം ആവശ്യ​മാ​യി​രു​ന്നേ​ക്കാം. * ചികി​ത്സ​യ്‌ക്കാ​യി ചിലർക്ക്‌ ആശുപ​ത്രി​യിൽ കിട​ക്കേ​ണ്ടി​വ​രു​ന്നി​ല്ലെ​ങ്കി​ലും മദ്യപാ​നം നിറു​ത്തു​മ്പോ​ഴു​ണ്ടാ​കുന്ന അസ്വാ​സ്ഥ്യ​ങ്ങൾ ഗുരു​ത​ര​മാ​കു​ന്ന​പക്ഷം അവരെ ആശുപ​ത്രി​യിൽ കിട​ത്തേ​ണ്ടി​വ​ന്നേ​ക്കാം. മദ്യപാ​നം നിറു​ത്തു​മ്പോൾ ആദ്യഘ​ട്ട​ത്തിൽ ഉണ്ടാകുന്ന ശാരീ​രിക അസ്വാ​സ്ഥ്യ​ങ്ങൾ രണ്ടുമു​തൽ അഞ്ചുവരെ ദിവസ​ങ്ങൾക്കു​ള്ളിൽ കെട്ടട​ങ്ങി​യ​ശേഷം മദ്യ​ത്തോ​ടുള്ള ആഗ്രഹം ശമിപ്പി​ക്കു​ന്ന​തി​നും അത്‌ ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നു വിട്ടു​നിൽക്കു​ന്ന​തിൽ തുടരു​ന്ന​തി​നും സഹായി​ക്കുന്ന മരുന്നു​കൾ നൽകി​യേ​ക്കാം.

എന്നിരു​ന്നാ​ലും ആസക്തി​നി​വാ​രണ പരിപാ​ടി​കൾ എല്ലായ്‌പോ​ഴും വിജയി​ക്ക​ണ​മെ​ന്നില്ല. ചികിത്സ ഒരു താത്‌കാ​ലിക സഹായം മാത്ര​മാണ്‌, ഒരു പ്രതി​വി​ധി​യല്ല. പല ആസക്തി​നി​വാ​രണ പരിപാ​ടി​ക​ളിൽ പങ്കെടുത്ത വ്യക്തി​യാണ്‌ ഫ്രാൻസി​ലുള്ള അലൻ. “ആശുപ​ത്രി വിട്ട ഉടൻതന്നെ ഞാൻ വീണ്ടും കുടി തുടങ്ങി. മദ്യപാ​നി​ക​ളായ സുഹൃ​ത്തു​ക്ക​ളു​മാ​യി പിന്നെ​യും സഹവസി​ച്ച​താ​യി​രു​ന്നു കാരണം. അടിസ്ഥാ​ന​പ​ര​മാ​യി, മദ്യപാ​നം നിറു​ത്താൻ ശരിയായ ഒരു പ്രേര​ക​ഘ​ട​ക​ത്തി​ന്റെ അഭാവം എനിക്ക്‌ ഉണ്ടായി​രു​ന്നു” എന്ന്‌ അദ്ദേഹം പറയുന്നു.

ശൂന്യത നികത്തു​ന്നു

മദ്യം ഇല്ലാതി​രി​ക്കു​ന്നത്‌ ഏറെക്കു​റെ ഒരു ഉറ്റ സുഹൃ​ത്തി​നെ നഷ്ടമാ​കു​ന്ന​തു​പോ​ലെ​യാണ്‌. മദ്യപാ​നം നിറു​ത്തു​മ്പോ​ഴു​ണ്ടാ​കുന്ന ശൂന്യ​താ​ബോ​ധ​മാണ്‌ വീണ്ടും കുടി തുടങ്ങാൻ അനേക​രെ​യും പ്രേരി​പ്പി​ക്കു​ന്നത്‌. റഷ്യയി​ലുള്ള വാസിലി പറയുന്നു: “മദ്യപാ​ന​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു എപ്പോ​ഴും എന്റെ ചിന്ത. ഒരു ദിവസം കുടി​ച്ചി​ല്ലെ​ങ്കിൽ അന്നത്തെ ജീവിതം അർഥശൂ​ന്യം ആയിരു​ന്നു.” മദ്യാ​സ​ക്ത​നായ ഒരു വ്യക്തിയെ സംബന്ധി​ച്ചി​ട​ത്തോ​ളം മദ്യ​ത്തോ​ടുള്ള ആസക്തി തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​താണ്‌ ജീവി​ത​ത്തിൽ പരമ​പ്ര​ധാ​നം. “മദ്യപി​ക്കു​ക​യും മദ്യത്തി​നുള്ള പണം സമ്പാദി​ക്കു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നു ജീവി​ത​ത്തി​ലെ എന്റെ ഏക ലക്ഷ്യം,” പോള​ണ്ടി​ലുള്ള യെഷി പറയുന്നു. വ്യക്തമാ​യും മദ്യം ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നു വിട്ടു​നിൽക്കു​ന്ന​തിൽ തുടരാൻ മദ്യാ​സ​ക്തി​യിൽനി​ന്നു രക്ഷപ്പെ​ട്ടു​കൊ​ണ്ടി​രി​ക്കുന്ന ഒരു വ്യക്തി ജീവി​ത​ത്തിൽ പുതിയ ഒരു ലക്ഷ്യം കണ്ടെ​ത്തേ​ണ്ടതു മർമ​പ്ര​ധാ​ന​മാണ്‌.

മദ്യപാ​ന​ശീ​ല​ത്തിൽ മാറ്റം​വ​രു​ത്താൻ ശ്രമി​ക്കു​ന്ന​വർക്കുള്ള ബുദ്ധി​യു​പ​ദേശം അടങ്ങിയ, ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ഒരു പ്രസി​ദ്ധീ​ക​രണം, വീണ്ടും കുടി തുടങ്ങാ​തി​രി​ക്കാൻ അങ്ങനെ​യു​ള്ളവർ ഉദ്ദേശ്യ​പൂർണ​മായ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നതു പ്രധാ​ന​മാ​ണെന്ന്‌ ഊന്നി​പ്പ​റ​യു​ന്നു. ഉദാഹ​ര​ണ​മാ​യി അതു ചൂണ്ടി​ക്കാ​ട്ടിയ ഒരു കാര്യം മതപര​മായ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​താ​യി​രു​ന്നു.

ആത്മീയ പ്രവർത്ത​ന​ങ്ങ​ളിൽ വ്യാപൃ​ത​നാ​കു​ന്നത്‌ മദ്യത്തിന്‌ ഒരു വ്യക്തി​യു​ടെ​മേ​ലുള്ള സ്വാധീ​ന​ത്തിൽനി​ന്നു മുക്തി​നേ​ടാൻ അദ്ദേഹത്തെ സഹായി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, മദ്യപാ​ന​വു​മാ​യി ബന്ധപ്പെട്ടു ചെയ്‌ത കുറ്റകൃ​ത്യ​ങ്ങൾ നിമിത്തം മൂന്നു പ്രാവ​ശ്യം ജയിലിൽ കഴിഞ്ഞ​തി​നു​ശേഷം അലൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊ​ത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. അദ്ദേഹം പറയുന്നു: “ബൈബിൾ പഠിച്ച​തി​ലൂ​ടെ എന്റെ ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യം കൈവന്നു. മദ്യത്തി​നു വഴി​പ്പെ​ടാ​തി​രി​ക്കാൻ ആ പഠനം എന്നെ പ്രാപ്‌ത​നാ​ക്കി. മദ്യപാ​നം നിറു​ത്തുക എന്നതി​ലു​പരി യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള ആഗ്രഹം എനിക്കു പ്രചോ​ദനം പകർന്നു.”

വീണ്ടും വീണു​പോ​കു​മ്പോൾ

മദ്യാ​സ​ക്തി​യിൽനി​ന്നു മോചനം നേടി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു വ്യക്തിക്ക്‌ സഹായ​വും പ്രോ​ത്സാ​ഹ​ന​വും നൽകേ​ണ്ടതു പ്രധാ​ന​മാ​ണെന്ന്‌ ഈ മേഖല​യി​ലെ വിദഗ്‌ധർ ചൂണ്ടി​ക്കാ​ട്ടു​ന്നു. അനേകം മദ്യപാ​നി​കൾക്കും തങ്ങളുടെ അധഃപ​തിച്ച അവസ്ഥ നിമിത്തം കുടും​ബ​വും സുഹൃ​ത്തു​ക്ക​ളും നഷ്ടമാ​യി​രി​ക്കു​ന്നു. അതുമൂ​ല​മുള്ള ഒറ്റപ്പെടൽ വിഷാ​ദ​ത്തി​നും ആത്മഹത്യ​യ്‌ക്കും​പോ​ലും കാരണ​മാ​യേ​ക്കാം. മുമ്പു പരാമർശിച്ച പ്രസി​ദ്ധീ​ക​രണം, മദ്യപാ​ന​ത്തിൽനി​ന്നു കരകയ​റാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​വർക്ക്‌ ഈ ഉപദേശം നൽകുന്നു: “നിങ്ങൾ സഹായി​ക്കുന്ന വ്യക്തി​യു​ടെ പെരു​മാ​റ്റം നിങ്ങളെ അലോ​സ​ര​പ്പെ​ടു​ത്തു​ക​യോ നിരാ​ശ​പ്പെ​ടു​ത്തു​ക​യോ ചെയ്‌താൽപ്പോ​ലും ഒരിക്ക​ലും അദ്ദേഹത്തെ വിമർശി​ക്കാ​തി​രി​ക്കാൻ ശ്രമി​ക്കുക. ശീലങ്ങ​ളിൽ മാറ്റം​വ​രു​ത്തുക എളുപ്പ​മ​ല്ലെന്ന്‌ ഓർക്കുക. അദ്ദേഹം ചില ആഴ്‌ച​ക​ളിൽ വിജയി​ച്ചാൽ മറ്റു ചില ആഴ്‌ച​ക​ളിൽ പരാജ​യ​പ്പെ​ട്ടേ​ക്കാം. കുറഞ്ഞ അളവിൽ മാത്രം മദ്യപി​ക്കാ​നോ മദ്യം തീർത്തും ഒഴിവാ​ക്കാ​നോ വേണ്ടി നിങ്ങൾ നൽകുന്ന പിന്തു​ണ​യ്‌ക്കും പ്രോ​ത്സാ​ഹ​ന​ത്തി​നു​മൊ​പ്പം പുതിയ ആശയഗ​തി​കൾക്കു രൂപം​കൊ​ടു​ക്കാ​നുള്ള നിങ്ങളു​ടെ കഴിവും ഇക്കാര്യ​ത്തിൽ ആവശ്യ​മാണ്‌.”

30 വർഷ​ത്തോ​ളം മദ്യപി​ച്ചി​രുന്ന ഇലാറി​യോ പറയുന്നു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക സഭയി​ലുള്ള സുഹൃ​ത്തു​ക്ക​ളു​ടെ സ്‌നേ​ഹ​വും കരുത​ലും ആണ്‌ എന്നെ സഹായി​ച്ചത്‌. പഴയ ശീലത്തി​ലേക്കു ഞാൻ പലതവണ വീണു​പോ​യെ​ങ്കി​ലും എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടും സന്ദർഭോ​ചി​ത​മായ ബൈബിൾ ബുദ്ധി​യു​പ​ദേശം നൽകി​ക്കൊ​ണ്ടും അവർ എപ്പോ​ഴും എന്നോ​ടൊ​പ്പം ഉണ്ടായി​രു​ന്നു.”

മദ്യാ​സ​ക്തി​യിൽനി​ന്നുള്ള മോച​ന​ത്തി​നാ​യി പാടു​പെ​ടുന്ന ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ പിന്നെ​യും നിങ്ങൾ മദ്യപി​ക്കാ​നുള്ള സാധ്യത ഉണ്ടെന്ന്‌ ഓർക്കുക. എന്നാൽ അങ്ങനെ സംഭവി​ക്കു​മ്പോൾ അതിനെ വിജയ​ത്തി​ലേ​ക്കുള്ള യാത്ര​യു​ടെ ഒരു ഭാഗമാ​യി​വേണം കരുതാൻ. ഒരിക്ക​ലും ശ്രമം ഉപേക്ഷി​ക്ക​രുത്‌. വീണ്ടും കുടി​ക്കാൻ കാരണ​മാ​യത്‌ എന്താ​ണെന്നു വിശക​ലനം ചെയ്യു​ക​യും ആ അറിവ്‌ ഉപയോ​ഗി​ച്ചു​കൊണ്ട്‌, പിന്നെ​യും മദ്യപി​ക്കാ​നുള്ള സാധ്യത ഒഴിവാ​ക്കു​ക​യും ചെയ്യുക. മദ്യ​ത്തോ​ടുള്ള ആഗ്രഹം ജനിപ്പി​ക്കുന്ന പ്രത്യേക സാഹച​ര്യ​ങ്ങൾ തിരി​ച്ച​റി​യുക. മദ്യപാ​നം ഉൾപ്പെ​ട്ടി​രി​ക്കുന്ന പരിപാ​ടി​കൾ അല്ലെങ്കിൽ മദ്യപി​ക്കുന്ന സ്ഥലങ്ങൾ, മുഷിപ്പ്‌, വിഷാദം, ഏകാന്തത, വാഗ്വാ​ദങ്ങൾ, സമ്മർദം എന്നിവ മദ്യപി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ അവ ഒഴിവാ​ക്കുക! മദ്യം പൂർണ​മാ​യി ഒഴിവാ​ക്കാൻ രണ്ടു വർഷം കാത്തി​രി​ക്കേ​ണ്ടി​വന്ന യെഷി ഇങ്ങനെ പറയുന്നു: “മദ്യപാ​ന​ത്തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന വികാ​രങ്ങൾ മനസ്സി​ലാ​ക്കാ​നും വേർതി​രി​ച്ച​റി​യാ​നും ഞാൻ പഠിച്ചു. പ്രലോ​ഭ​നാ​ത്മ​ക​മായ ഏതൊരു സാഹച​ര്യ​വും ഞാൻ ഒഴിവാ​ക്കു​ന്നു. ആളുകൾ മദ്യപി​ക്കുന്ന ഇടങ്ങളിൽനി​ന്നു ഞാൻ അകന്നു​നിൽക്കു​ന്നു. ആൽക്ക​ഹോൾ അടങ്ങിയ ഭക്ഷണപ​ദാർഥ​ങ്ങ​ളും അത്തരത്തി​ലുള്ള ശരീര സംരക്ഷക വസ്‌തു​ക്ക​ളോ മരുന്നു​ക​ളോ​പോ​ലും ഞാൻ ഒഴിവാ​ക്കു​ന്നു. മദ്യത്തി​ന്റെ പരസ്യ​ങ്ങ​ളും ഞാൻ നോക്കാ​റില്ല.” “അത്യന്ത​ശക്തി”ക്കായി ദൈവ​ത്തോ​ടു പ്രാർഥി​ക്കുക എന്നതാണ്‌ മദ്യപി​ക്കാ​നുള്ള പ്രലോ​ഭനം തരണം ചെയ്യാൻ അടിസ്ഥാ​ന​പ​ര​മാ​യി ആവശ്യ​മാ​യി​രി​ക്കു​ന്ന​തെന്ന്‌ അനേകർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.—2 കൊരി​ന്ത്യർ 4:7; ഫിലി​പ്പി​യർ 4:6, 7.

മോചനം!

മദ്യാ​സ​ക്തി​യിൽനി​ന്നു കരകയ​റാ​നുള്ള ശ്രമം തുടർച്ച​യായ ഒരു വെല്ലു​വി​ളി ആയിരു​ന്നേ​ക്കാ​മെ​ങ്കി​ലും അതിന്റെ അടിമ​ത്ത​ത്തിൽനി​ന്നുള്ള മോചനം സാധ്യ​മാണ്‌. ഈ ലേഖന​ത്തിൽ പരാമർശിച്ച എല്ലാവ​രും അതിൽ വിജയി​ച്ച​വ​രാണ്‌. മെച്ചപ്പെട്ട ആരോ​ഗ്യം ആസ്വദി​ക്കുന്ന അവർ കുടും​ബ​ജീ​വി​ത​ത്തി​ലും തൊഴിൽരം​ഗ​ത്തും അനേകം പ്രയോ​ജ​നങ്ങൾ കൊയ്യു​ന്നു. അലൻ പറയുന്നു: “മദ്യപാ​നം ഒരുക്കിയ കുരു​ക്കിൽനി​ന്നു ഞാനിതാ പുറത്തു​വ​ന്നി​രി​ക്കു​ന്നു.” കൊൺസ്റ്റ​ന്റിൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “യഹോ​വയെ അറിയാൻ ഇടയാ​യത്‌ എന്റെ കുടും​ബ​ത്തി​നു രക്ഷയായി. ഇപ്പോൾ എന്റെ ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യ​മുണ്ട്‌. മദ്യമല്ല എന്റെ സന്തോ​ഷ​ത്തിന്‌ അടിസ്ഥാ​നം.” ബിക്‌റ്റർ പറയു​ന്നതു ശ്രദ്ധി​ക്കുക: “എനിക്കു സ്വാത​ന്ത്ര്യം ലഭിച്ച​തു​പോ​ലെ തോന്നു​ന്നു. എന്റെ അന്തസ്സും വ്യക്തി​ത്വ​വും എനിക്കു തിരി​ച്ചു​കി​ട്ടി​യി​രി​ക്കു​ന്നു.”

ഒരു വ്യക്തി, അമിത മദ്യപാ​ന​ത്തി​ന്റെ ഫലമായി അപകട​ത്തി​ന്റെ പാതയിൽ ആയിരി​ക്കു​ക​യോ മദ്യദു​രു​പ​യോ​ഗ​ത്തി​ന്റെ തിക്തഫ​ലങ്ങൾ അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യോ മദ്യാ​സ​ക്ത​നാ​യി​ത്തീർന്നി​രി​ക്കു​ക​യോ ആണെങ്കി​ലും അദ്ദേഹ​ത്തി​നു മാറ്റം വരുത്താ​നാ​കും. മദ്യപാ​നം നിങ്ങളു​ടെ ക്ഷേമത്തി​നു ഭീഷണി​യാ​യി​രി​ക്കു​ന്ന​പക്ഷം ആവശ്യ​മായ മാറ്റം വരുത്താൻ മടിക്ക​രുത്‌. അതു നിങ്ങളു​ടെ​യും നിങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ​യും നന്മയിൽ കലാശി​ക്കും.

[അടിക്കു​റി​പ്പു​കൾ]

^ ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

^ സഹായകമായ അനേകം ചികി​ത്സാ​കേ​ന്ദ്ര​ങ്ങ​ളും ആശുപ​ത്രി​ക​ളും പുനര​ധി​വാസ പരിപാ​ടി​ക​ളും ഉണ്ട്‌. യഹോ​വ​യു​ടെ സാക്ഷികൾ ഏതെങ്കി​ലും ഒരു പ്രത്യേക ചികിത്സ ശുപാർശ ചെയ്യു​ന്നില്ല. സഹായം തേടു​മ്പോൾ, തിരു​വെ​ഴു​ത്തു തത്ത്വങ്ങൾക്കു ചേർച്ച​യി​ല​ല്ലാത്ത പ്രവർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ട്ടു​പോ​കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കേ​ണ്ട​താണ്‌. ആത്യന്തി​ക​മാ​യി, ഏതുതരം ചികി​ത്സ​യാ​ണു തനിക്കു വേണ്ട​തെന്ന്‌ തീരു​മാ​നി​ക്കേ​ണ്ടത്‌ ഓരോ വ്യക്തി​യു​മാണ്‌.

[10-ാം പേജിലെ ചിത്രം]

പ്രശ്‌നം ഉള്ളതായി സമ്മതി​ക്കുക എന്നതാണ്‌ ആദ്യപടി

[11-ാം പേജിലെ ചിത്രം]

കരകയറാൻ അനേകർക്കും വിദഗ്‌ധ സഹായം ആവശ്യ​മാണ്‌

[12-ാം പേജിലെ ചിത്രം]

പ്രാർഥന സഹായ​ക​മാണ്‌

[12-ാം പേജിലെ ചിത്രം]

മദ്യപാനത്തിൽനിന്നു വിട്ടു​നിൽക്കാ​നുള്ള ശക്തി കൈവ​രി​ക്കാൻ നിങ്ങൾക്കു കഴിയും!