വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മദ്യദുരുപയോഗം ഒരു സാമൂഹിക വിപത്ത്‌

മദ്യദുരുപയോഗം ഒരു സാമൂഹിക വിപത്ത്‌

മദ്യദു​രു​പ​യോ​ഗം ഒരു സാമൂ​ഹിക വിപത്ത്‌

മദ്യത്തി​നു രണ്ടു മുഖങ്ങ​ളുണ്ട്‌, ഒന്നു സന്തോ​ഷ​ക​ര​വും മറ്റൊന്നു സങ്കടക​ര​വും. മിതമായ അളവി​ലുള്ള മദ്യപാ​ന​ത്തി​നു ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാൻ കഴിയു​മെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 104:15) എന്നാൽ അമിത മദ്യപാ​നം ഹാനി​ക​ര​വും സർപ്പദം​ശനം പോലെ മാരകം​പോ​ലും ആയിരി​ക്കാ​മെന്ന്‌ അതു മുന്നറി​യി​പ്പു നൽകുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 23:31, 32) മദ്യദു​രു​പ​യോ​ഗം എന്തെല്ലാം വിനകൾ വരുത്തി​വെ​ക്കു​ന്നെന്ന്‌ നമുക്ക്‌ അടുത്തു പരി​ശോ​ധി​ക്കാം.

“മദ്യപി​ച്ചു വാഹന​മോ​ടിച്ച ഒരാൾ 25 വയസ്സുള്ള മാതാ​വി​നെ​യും രണ്ടു വയസ്സായ മകനെ​യും ഇടിച്ചു​തെ​റി​പ്പി​ച്ചു. ശനിയാ​ഴ്‌ച​യാ​യി​രു​ന്നു സംഭവം. . . . ആറു മാസം ഗർഭി​ണി​യാ​യി​രുന്ന യുവമാ​താവ്‌ പിറ്റേന്നു മരണമ​ടഞ്ഞു. തലയ്‌ക്കു പരുക്കു​പ​റ്റിയ കുട്ടി ഗുരു​ത​രാ​വ​സ്ഥ​യി​ലാണ്‌” എന്ന്‌ ലെ മോണ്ട്‌ പത്രം റിപ്പോർട്ടു ചെയ്‌തു. സങ്കടക​ര​മെന്നു പറയട്ടെ ഇത്തരം സംഭവങ്ങൾ സാധാ​ര​ണ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. മദ്യപി​ച്ചു വാഹനം ഓടി​ച്ച​തി​ന്റെ ഫലമായി അപകട​ത്തിൽപ്പെട്ട ആരെ​യെ​ങ്കി​ലും കുറിച്ച്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. ഓരോ വർഷവും മദ്യപാ​ന​വു​മാ​യി ബന്ധപ്പെ​ട്ടു​ണ്ടാ​കുന്ന റോഡ​പ​ക​ട​ങ്ങ​ളിൽ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്കു പരു​ക്കേൽക്കു​ക​യോ ജീവഹാ​നി സംഭവി​ക്കു​ക​യോ ചെയ്യുന്നു.

ജീവഹാ​നി

ലോക​വ്യാ​പ​ക​മാ​യി മദ്യദു​രു​പ​യോ​ഗ​ത്തി​ന്റെ ഫലമാ​യു​ണ്ടാ​കുന്ന ആൾനാ​ശ​ത്തി​നു കയ്യും കണക്കു​മില്ല. ഫ്രാൻസിൽ, കാൻസ​റും ഹൃദയ​ധ​മനീ രോഗ​വും കഴിഞ്ഞാൽപ്പി​ന്നെ മരണത്തി​നി​ട​യാ​ക്കു​ന്നത്‌ മദ്യദു​രു​പ​യോ​ഗ​മാണ്‌. ഓരോ വർഷവും ഏകദേശം 50,000 പേരാണ്‌ നേരി​ട്ടോ പരോ​ക്ഷ​മാ​യോ ഈ രീതി​യിൽ മരണമ​ട​യു​ന്നത്‌. ഫ്രഞ്ച്‌ ആരോഗ്യ മന്ത്രാ​ല​യ​ത്തി​ന്റെ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌, “ഓരോ ആഴ്‌ച​യി​ലും രണ്ടോ മൂന്നോ ജമ്പോ​ജറ്റ്‌ വിമാ​നങ്ങൾ തകർന്നാ​ലു​ണ്ടാ​കുന്ന ആൾനാ​ശ​ത്തി​നു തുല്യ​മാണ്‌” ഇത്‌.

മദ്യപാ​നം മൂലമുള്ള മരണനി​രക്ക്‌ ചെറു​പ്പ​ക്കാ​രു​ടെ ഇടയിൽ വിശേ​ഷാൽ അധിക​മാണ്‌. ലോകാ​രോ​ഗ്യ സംഘടന 2001-ൽ പ്രസി​ദ്ധീ​ക​രിച്ച റിപ്പോർട്ട്‌ അനുസ​രിച്ച്‌ യൂറോ​പ്പി​ലെ 15-നും 29-നും ഇടയ്‌ക്കു പ്രായ​മുള്ള യുവാ​ക്ക​ന്മാർക്കി​ട​യി​ലെ മരണത്തി​ന്റെ പ്രധാന കാരണം മദ്യമാണ്‌. മദ്യദു​രു​പ​യോ​ഗം പെട്ടെ​ന്നു​തന്നെ ചില പൂർവ യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലുള്ള മൂന്നി​ലൊ​രു ഭാഗം യുവാ​ക്ക​ന്മാ​രു​ടെ​യും ജീവൻ അപഹരി​ക്കു​മെന്നു പ്രവചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

അക്രമ​വും ലൈം​ഗിക പീഡന​വും

മദ്യം അക്രമ​പ്ര​വർത്ത​ന​ങ്ങൾക്കു പ്രേര​ണ​യേ​കു​ന്നു. ആത്മനി​യ​ന്ത്ര​ണത്തെ കാറ്റിൽപ​റ​ത്തു​ന്ന​തി​നു പുറമേ മറ്റുള്ള​വ​രു​ടെ പ്രവൃ​ത്തി​കൾ വിവേ​ചി​ക്കാ​നുള്ള കഴിവി​ന്മേൽ ഇരുൾപ​ര​ത്താ​നും അങ്ങനെ അക്രമാ​സ​ക്ത​മാ​യി പ്രതി​ക​രി​ക്കാ​നുള്ള സാധ്യത വർധി​പ്പി​ക്കാ​നും അതിനു കഴിയും.

വീട്ടി​നു​ള്ളി​ലെ അക്രമ​ത്തി​ന്റെ​യും ലൈം​ഗിക പീഡന​ത്തി​ന്റെ​യും കാര്യ​ത്തിൽ മദ്യം ഒരു നിർണാ​യക പങ്കു വഹിക്കു​ന്നു. ഫ്രാൻസി​ലെ ജയിൽപ്പു​ള്ളി​കൾ നടത്തിയ മൂന്നിൽ രണ്ടു ബലാത്സം​ഗ​ങ്ങ​ളും ലൈം​ഗിക അതി​ക്ര​മ​ങ്ങ​ളും മദ്യത്തി​ന്റെ സ്വാധീ​ന​ത്തിൻകീ​ഴിൽ ആയിരു​ന്നെന്ന്‌ അവരെ​ക്കു​റി​ച്ചു നടത്തിയ ഒരു പഠനം സൂചി​പ്പി​ക്കു​ന്നു. പോള​ണ്ടി​ലെ 75 ശതമാനം മദ്യാ​സ​ക്ത​രു​ടെ​യും ഭാര്യ​മാർ അക്രമ​ത്തി​നു വിധേ​യ​രാ​കു​ന്നു​വെന്ന്‌ സർവേകൾ വെളി​പ്പെ​ടു​ത്തു​ന്ന​താ​യി പോളി​റ്റി​ക്കാ എന്ന മാസിക അഭി​പ്രാ​യ​പ്പെ​ടു​ന്നു. “മദ്യത്തി​ന്റെ ഉപയോ​ഗം എല്ലാ പ്രായ​ത്തി​ലും​പെ​ട്ടവർ കൊല​ചെ​യ്യ​പ്പെ​ടു​ന്ന​തി​നുള്ള സാധ്യത ഏകദേശം ഇരട്ടി​യാ​യി വർധി​ക്കു​ന്ന​തിന്‌ ഇടയാ​ക്കു​ന്നെ​ന്നും മദ്യപാ​നി​ക​ളോ​ടൊ​പ്പം വീട്ടിൽ താമസി​ക്കുന്ന മദ്യപി​ക്കാ​ത്തവർ[പോലും] കൊല​ചെ​യ്യ​പ്പെ​ടു​ന്ന​തി​നു കൂടുതൽ സാധ്യത ഉള്ളവരാ​ണെ​ന്നും” ഒരു പഠനം വെളി​പ്പെ​ടു​ത്തി.—അമേരി​ക്കൻ മെഡിക്കൽ അസ്സോ​സി​യേഷൻ, കൗൺസിൽ ഓൺ സയന്റി​ഫിക്‌ അഫേർസ്‌.

സമൂഹം ഒടു​ക്കേ​ണ്ടി​വ​രുന്ന വില

അപകട​ങ്ങ​ളും രോഗ​ങ്ങ​ളും അകാല​മ​ര​ണ​വും മൂലം ആരോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ഇൻഷ്വ​റൻസി​നും വേണ്ടി​വ​രുന്ന ചെലവു​ക​ളും ഉത്‌പാ​ദ​ന​ക്ഷ​മ​ത​യി​ലു​ണ്ടാ​കുന്ന ഇടിവും കണക്കു​കൂ​ട്ടു​മ്പോൾ സമൂഹ​ത്തി​നു​ണ്ടാ​കുന്ന സാമ്പത്തിക ചെലവ്‌ അതിഭീ​മ​മാണ്‌. മദ്യദു​രു​പ​യോ​ഗം അയർലൻഡി​ലെ 40 ലക്ഷം ആളുകൾക്ക്‌ ഓരോ വർഷവും കുറഞ്ഞത്‌ നൂറു കോടി ഡോള​റി​ന്റെ (4,500 കോടി രൂപ) നഷ്ടം വരുത്തു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. ഈ തുക “ഓരോ വർഷവും ഒരു പുതിയ ആശുപ​ത്രി​യും ഒരു സ്‌പോർട്‌സ്‌ സ്റ്റേഡി​യ​വും പണിയാ​നും ഓരോ മന്ത്രി​മാർക്കും ഓരോ ജെറ്റു​വി​മാ​നം വാങ്ങാ​നും ആവശ്യ​മായ തുകയ്‌ക്കു” തുല്യ​മാ​ണെന്ന്‌ ദി ഐറിഷ്‌ ടൈംസ്‌ ഉദ്ധരിച്ച ഒരു ഉറവിടം പ്രസ്‌താ​വി​ച്ചു. ജപ്പാനിൽ അമിത മദ്യപാ​നം സൃഷ്ടി​ക്കുന്ന സാമ്പത്തിക നഷ്ടം “പ്രതി​വർഷം 6 ലക്ഷം കോടി യെന്നി​ലും (2,47,500 കോടി രൂപ) അധിക​മാ​ണെന്ന്‌” 1998-ൽ മൈനി​ച്ചി ഡെയ്‌ലി ന്യൂസ്‌ റിപ്പോർട്ടു ചെയ്‌തു. യു.എസ്‌. കോൺഗ്ര​സ്സി​നു സമർപ്പിച്ച ഒരു റിപ്പോർട്ട്‌ ഇപ്രകാ​രം പ്രഖ്യാ​പി​ച്ചു: “മദ്യദു​രു​പ​യോ​ഗം മൂലമുള്ള സാമ്പത്തിക ചെലവ്‌ 1998-ൽ മാത്രം 18,460 കോടി ഡോളർ (8,30,700 കോടി രൂപ) ആയിരു​ന്നു. ആ വർഷം ഐക്യ​നാ​ടു​ക​ളിൽ ജീവി​ച്ചി​രുന്ന ഓരോ പുരു​ഷ​നും സ്‌ത്രീ​ക്കും കുട്ടി​ക്കും ഏകദേശം 638 ഡോളർ (28,710 രൂപ) വീതം വരുമാ​യി​രു​ന്നു അത്‌.” കുടും​ബ​ത്ത​കർച്ച​യും കുടും​ബാം​ഗ​ങ്ങ​ളു​ടെ മരണവും കൈവ​രു​ത്തുന്ന മാനസിക പ്രത്യാ​ഘാ​ത​ങ്ങ​ളും വിദ്യാ​ഭ്യാ​സ-തൊഴിൽ രംഗങ്ങ​ളി​ലെ മാന്ദ്യ​വും സംബന്ധി​ച്ചെന്ത്‌?

മദ്യദു​രു​പ​യോ​ഗം സമൂഹ​ത്തിൽ ഉളവാ​ക്കുന്ന പ്രത്യാ​ഘാ​തങ്ങൾ മനസ്സി​ലാ​ക്കുക പ്രയാ​സമല്ല. നിങ്ങളു​ടെ മദ്യപാ​നം നിങ്ങളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ആരോ​ഗ്യം അപകട​ത്തി​ലാ​ക്കു​ന്നു​ണ്ടോ? അടുത്ത ലേഖനം ഈ ചോദ്യ​ത്തി​നുള്ള ഉത്തരം നൽകുന്നു.