വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മദ്യദുരുപയോഗവും ആരോഗ്യവും

മദ്യദുരുപയോഗവും ആരോഗ്യവും

മദ്യദു​രു​പ​യോ​ഗ​വും ആരോ​ഗ്യ​വും

“സാന്റേ!” “സാലൂട്ടെ!” “സാ വാഷെ സ്‌ഡോ​റോ​യി​വ്യെ!” “ചൂക്ക്‌ സൂക്ക്‌ ക്വേ!” ഫ്രാൻസി​ലോ ഇറ്റലി​യി​ലോ റഷ്യയി​ലോ വിയറ്റ്‌നാ​മി​ലോ ആയിരു​ന്നാ​ലും​ശരി സുഹൃ​ത്തു​ക്കൾ ഒരുമി​ച്ചു മദ്യപി​ക്കു​ന്ന​തി​നു​മു​മ്പാ​യി പരസ്‌പരം ആയുരാ​രോ​ഗ്യം നേർന്നു​കൊ​ണ്ടുള്ള ഇത്തരം അഭിവാ​ദ്യ​ങ്ങൾ മുഴങ്ങി​ക്കേൾക്കാ​റുണ്ട്‌. എന്നാൽ വൈരു​ധ്യ​മെന്നു പറയട്ടെ മദ്യപാ​നം ലോക​വ്യാ​പ​ക​മാ​യി കോടി​ക്ക​ണ​ക്കി​നാ​ളു​കളെ കുഴി​മാ​ട​ത്തി​ലേ​ക്കാ​ണു നയിക്കു​ന്നത്‌.

അപകട​ക​ര​മായ മദ്യപാ​നം, ഹാനി​ക​ര​മായ മദ്യപാ​നം, മദ്യാ​സക്തി എന്നിങ്ങനെ ബഹുമു​ഖ​ങ്ങ​ളുള്ള ഒരു പ്രശ്‌ന​മാണ്‌ മദ്യദു​രു​പ​യോ​ഗം. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ നിർവ​ച​ന​മ​നു​സ​രിച്ച്‌ ശാരീ​രി​ക​മോ മാനസി​ക​മോ സാമൂ​ഹി​ക​മോ ആയി “ഹാനി​ക​ര​മായ പരിണ​ത​ഫ​ല​ങ്ങ​ളി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന മദ്യപാന ശീലമാണ്‌” അപകട​ക​ര​മായ മദ്യപാ​നം. ആരോ​ഗ്യ​ക്ഷേമ അധികൃ​തർ ശുപാർശ ചെയ്‌തി​രി​ക്കു​ന്ന​തോ നിയമം നിഷ്‌കർഷി​ച്ചി​രി​ക്കു​ന്ന​തോ ആയ അളവി​ലും കൂടുതൽ മദ്യം കഴിക്കു​ന്നത്‌ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ശാരീ​രി​ക​മോ മാനസി​ക​മോ ആയി ഹാനി​ക​ര​മായ ഫലങ്ങൾ ഉളവാ​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്ന​തും എന്നാൽ ആസക്തി​യിൽ എത്തിയി​ട്ടി​ല്ലാ​ത്ത​തും ആയ മദ്യപാ​ന​മാണ്‌ ഹാനി​ക​ര​മായ മദ്യപാ​നം. “മദ്യപാ​ന​ത്തിൽനി​ന്നു വിട്ടു​നിൽക്കാ​നുള്ള കഴിവി​ല്ലായ്‌മ” എന്നാണ്‌ മദ്യാ​സക്തി നിർവ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. മദ്യാ​സ​ക്ത​നായ ഒരു വ്യക്തി മദ്യത്തി​നാ​യി അടങ്ങാത്ത ആഗ്രഹം പ്രകട​മാ​ക്കു​ന്നു. മദ്യപാ​ന​ത്തോ​ടു ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾ അനുഭ​വി​ക്കു​ന്നെ​ങ്കി​ലും ആ ശീലം തുടരു​ന്നു, മദ്യം ലഭിക്കാ​തെ​വ​ന്നാൽ അസ്വാ​സ്ഥ്യ​ങ്ങൾ പ്രകടി​പ്പി​ക്കു​ക​യും ചെയ്യുന്നു.

ഏതു പ്രായ​ത്തി​ലോ ദേശത്തി​ലോ ലിംഗ​വർഗ​ത്തി​ലോ പെട്ടവർ ആയിരു​ന്നാ​ലും​ശരി, അപകട​ക​ര​മായ മദ്യപാ​നം നിങ്ങൾക്ക്‌ അപകട​ക​ര​മാണ്‌ എന്നതിനു സംശയ​മില്ല. മദ്യത്തി​നു ശരീര​ത്തി​ന്മേൽ എന്തു ഫലമാ​ണു​ള്ളത്‌? അമിത മദ്യപാ​നം ആരോ​ഗ്യ​ത്തി​നു ഹാനി​കരം ആയിരി​ക്കു​ന്നത്‌ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌? സുരക്ഷി​ത​മെന്നു പൊതു​വേ കരുത​പ്പെ​ടുന്ന മദ്യപാ​ന​ത്തി​ന്റെ അളവ്‌ എത്രയാണ്‌?

മനസ്സിന്‌ ആപത്‌ക​രം

മിക്കവാ​റും മദ്യങ്ങ​ളിൽ എഥനോൾ എന്ന രാസസം​യു​ക്തം അടങ്ങി​യി​രി​ക്കു​ന്നു. അത്‌ ഒരു ന്യൂ​റോ​ടോ​ക്‌സിൻ അഥവാ നാഡീ​വ്യ​വ​സ്ഥയെ തകരാ​റി​ലാ​ക്കു​ക​യോ നശിപ്പി​ക്കു​ക​യോ ചെയ്യുന്ന ഒരു പദാർഥ​മാണ്‌. മദ്യപി​ക്കുന്ന ഒരാൾ ഫലത്തിൽ ഒരുതരം വിഷബാ​ധ​യ്‌ക്കു വിധേ​യ​നാ​കു​ക​യാ​ണു ചെയ്യു​ന്നത്‌. എഥനോ​ളി​ന്റെ അളവ്‌ കൂടി​പ്പോ​യാൽ ഗുരു​ത​ര​മായ ബോധ​ക്ഷ​യ​വും മരണവും സംഭവി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഇക്കി​നോ​മി അഥവാ മദ്യം ഒറ്റയടിക്ക്‌ അകത്താക്കൽ എന്ന നടപടി ഓരോ വർഷവും ജപ്പാനി​ലെ പല വിദ്യാർഥി​ക​ളു​ടെ​യും ജീവൻ അപഹരി​ക്കു​ന്നു. എഥനോ​ളി​നെ ഹാനി​ക​ര​മ​ല്ലാത്ത പദാർഥ​ങ്ങ​ളാ​ക്കി മാറ്റാൻ ശരീര​ത്തി​നു കഴിയും. എന്നാൽ അത്‌ ഉടനടി സംഭവി​ക്കു​ക​യില്ല. ശരീര​ത്തി​നു കൈകാ​ര്യം ചെയ്യാൻ കഴിയു​ന്ന​തി​ലും കൂടുതൽ വേഗത്തിൽ മദ്യം അകത്തു ചെല്ലു​ന്ന​പക്ഷം ശരീര​ത്തിൽ എഥനോ​ളി​ന്റെ അളവു വർധി​ക്കു​ക​യും തലച്ചോ​റി​ന്റെ പ്രവർത്ത​ന​ങ്ങളെ അതു സാരമാ​യി ബാധി​ക്കാൻ തുടങ്ങു​ക​യും ചെയ്യും. ഏതു വിധത്തി​ലാണ്‌ അതു ബാധി​ക്കു​ന്നത്‌?

സംസാരം, കാഴ്‌ച, ഏകോ​പനം, ചിന്ത, പെരു​മാ​റ്റം എന്നിവ​യെ​ല്ലാം തലച്ചോ​റി​ലെ അതി​പ്ര​ധാന കോശ​ങ്ങ​ളായ ന്യൂ​റോ​ണു​ക​ളിൽ നടക്കുന്ന അതിസ​ങ്കീർണ​മായ രാസ​പ്ര​ക്രി​യ​ക​ളു​ടെ ഒരു പരമ്പര​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ന്യൂ​റോ​ണു​കൾക്കി​ട​യിൽ സംജ്ഞകൾ കൈമാ​റുന്ന രാസവ​സ്‌തു​ക്ക​ളായ നാഡീ​പ്രേ​ക്ഷ​ക​ങ്ങ​ളിൽ (neurotransmitters) ചിലതി​ന്റെ പ്രവർത്ത​നത്തെ അടിച്ച​മർത്തു​ക​യോ ഉദ്ദീപി​പ്പി​ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ എഥനോൾ ആ പ്രക്രി​യ​കളെ സ്വാധീ​നി​ക്കു​ന്നു. അങ്ങനെ തലച്ചോ​റി​ലൂ​ടെ​യുള്ള വിവര​ങ്ങ​ളു​ടെ പ്രവാ​ഹ​ത്തി​നു വ്യതി​യാ​നം സംഭവി​ക്കു​ക​യും തലച്ചോ​റി​ന്റെ ശരിയായ പ്രവർത്തനം തടസ്സ​പ്പെ​ടു​ക​യും ചെയ്യുന്നു. അതു​കൊ​ണ്ടാണ്‌ അമിത​മാ​യി മദ്യപി​ക്കുന്ന ഒരു പുരു​ഷ​ന്റെ​യോ സ്‌ത്രീ​യു​ടെ​യോ സംസാ​ര​വും നടപ്പും കുഴഞ്ഞു​പോ​കു​ക​യും കാഴ്‌ച മങ്ങുക​യും പെരു​മാ​റ്റം നിയ​ന്ത്രണം വിട്ടു​പോ​കു​ക​യും ഒക്കെ ചെയ്യു​ന്നത്‌. ലഹരി പിടി​ക്കു​മ്പോ​ഴു​ണ്ടാ​കുന്ന സാധാരണ ലക്ഷണങ്ങ​ളാണ്‌ ഇവയെ​ല്ലാം.

മദ്യപാ​നം കുറെ​നാ​ള​ത്തേക്കു തുടരു​മ്പോൾ എഥനോ​ളി​ന്റെ വിഷബാ​ധയെ ചെറു​ക്കാ​നും നാഡീ​പ്ര​വർത്തനം സാധാ​ര​ണ​നി​ല​യിൽത്തന്നെ മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും വേണ്ടി തലച്ചോറ്‌ അതിന്റെ രാസഘ​ട​ന​യ്‌ക്ക്‌ ആവശ്യ​മായ പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്തു​ന്നു. തത്‌ഫ​ല​മാ​യി, ഒരു നിശ്ചിത അളവിൽ മദ്യം കഴിക്കു​ന്ന​തിൽ തുടരുന്ന ഒരു വ്യക്തിയെ സംബന്ധി​ച്ചി​ട​ത്തോ​ളം മുമ്പ്‌ അതു ശരീര​ത്തിൽ ഉളവാ​ക്കി​യി​രുന്ന ഫലം ക്രമേണ കുറഞ്ഞു​വ​രുന്ന ഒരു അവസ്ഥ (ടോള​റൻസ്‌) സംജാ​ത​മാ​കു​ന്നു. ആൽക്ക​ഹോ​ളി​ന്റെ അഭാവ​ത്തിൽ ശരിയാ​യി പ്രവർത്തി​ക്കാൻ കഴിയാ​ത്ത​വണ്ണം തലച്ചോറ്‌ അതുമാ​യി വളരെ​യ​ധി​കം പൊരു​ത്ത​ത്തി​ലാ​കു​മ്പോ​ഴാണ്‌ ആസക്തി ഉണ്ടാകു​ന്നത്‌. ഈ ഘട്ടത്തിൽ രാസസ​ന്തു​ലി​താ​വസ്ഥ നിലനി​റു​ത്താൻ ശരീരം മദ്യത്തി​നാ​യി ദാഹി​ക്കു​ന്നു. മദ്യം ലഭിക്കാ​താ​യാൽ തലച്ചോ​റി​ന്റെ രാസഘടന തകിടം​മ​റി​യു​ക​യും മദ്യം നിഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ അസ്വാ​സ്ഥ്യ​ങ്ങ​ളെന്ന നിലയിൽ ഉത്‌ക​ണ്‌ഠ​യോ വിറയ​ലോ ജന്നിയു​ടെ ലക്ഷണങ്ങൾപോ​ലു​മോ രംഗ​പ്ര​വേശം ചെയ്യു​ക​യും ചെയ്യുന്നു.

തലച്ചോ​റി​നു രാസപ​ര​മാ​യി മാറ്റം​വ​രു​ന്ന​തി​നു​പു​റമേ അതിന്റെ ഘടനയ്‌ക്കു​തന്നെ വ്യതി​യാ​നം സംഭവി​ക്കു​മാറ്‌ കോശങ്ങൾ ക്ഷയിക്കു​ക​യും നശിക്കു​ക​യും ചെയ്യു​ന്ന​തിന്‌ മദ്യദു​രു​പ​യോ​ഗം കാരണ​മാ​യേ​ക്കാം. മദ്യം വർജി​ക്കു​ന്ന​തി​ലൂ​ടെ ഭാഗി​ക​മാ​യി സുഖം പ്രാപി​ക്കാൻ കഴിയു​മെ​ങ്കി​ലും ഇങ്ങനെ സംഭവി​ക്കുന്ന ചില തകരാ​റു​കൾ ഒരിക്ക​ലും പരിഹ​രി​ക്ക​പ്പെ​ടു​ക​യി​ല്ലെ​ന്നാ​ണു കരുത​പ്പെ​ടു​ന്നത്‌. ഓർമ​ശ​ക്തി​യെ​യും ബോധ​പൂർവ​മായ മറ്റു ബൗദ്ധിക പ്രവർത്ത​ന​ങ്ങ​ളെ​യും അത്‌ അപകട​ത്തി​ലാ​ക്കു​ന്നു. ദീർഘ​കാ​ലത്തെ മദ്യപാ​നം​കൊ​ണ്ടു​മാ​ത്രം സംഭവി​ക്കുന്ന ഒന്നല്ല തലച്ചോ​റി​നു​ണ്ടാ​കുന്ന ക്ഷതം. താരത​മ്യേന ഹ്രസ്വ​കാ​ല​ത്തേ​ക്കുള്ള മദ്യപാ​നം​പോ​ലും ഹാനി​ക​ര​മാ​ണെന്നു ഗവേഷണം സൂചി​പ്പി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു.

കരൾരോ​ഗ​വും കാൻസ​റും

ഭക്ഷണത്തി​ന്റെ ഉപാപ​ചയം, അണുബാ​ധയെ ചെറുക്കൽ, രക്തപ്ര​വാ​ഹ​ത്തി​ന്റെ നിയ​ന്ത്രണം, മദ്യം ഉൾപ്പെ​ടെ​യുള്ള വിഷപ​ദാർഥങ്ങൾ ശരീര​ത്തിൽനി​ന്നു നീക്കം​ചെയ്യൽ എന്നീ കാര്യ​ങ്ങ​ളിൽ കരൾ മർമ​പ്ര​ധാ​ന​മായ പങ്കുവ​ഹി​ക്കു​ന്നു. ദീർഘ​മാ​യി മദ്യപി​ക്കു​ന്നത്‌ മൂന്നു ഘട്ടങ്ങളി​ലാ​യി കരളിനു ഹാനി​വ​രു​ത്തു​ന്നു. എഥനോ​ളി​ന്റെ വിഘടനം കൊഴു​പ്പി​ന്റെ ദഹന​പ്ര​ക്രി​യയെ മന്ദഗതി​യി​ലാ​ക്കു​ന്ന​തി​ന്റെ ഫലമായി കൊഴുപ്പ്‌ കരളിൽ അടിഞ്ഞു​കൂ​ടു​ന്ന​താണ്‌ ആദ്യഘട്ടം. ഇതിനാണ്‌ ആൽക്ക​ഹോ​ളിക്‌ സ്റ്റിയ​റ്റോ​സിസ്‌ അല്ലെങ്കിൽ കൊഴുപ്പ്‌ അടിഞ്ഞ കരൾ (fatty lever) എന്നു പറയു​ന്നത്‌. കാല​ക്ര​മ​ത്തിൽ സ്ഥായി​യായ കരൾവീ​ക്കം അഥവാ ഹെപ്പ​റ്റൈ​റ്റിസ്‌ രംഗ​പ്ര​വേശം ചെയ്യുന്നു. ഹെപ്പ​റ്റൈ​റ്റി​സിന്‌ നേരിട്ട്‌ ഇടയാ​ക്കു​ന്ന​തി​നു​പു​റമേ മദ്യം, ഹെപ്പ​റ്റൈ​റ്റിസ്‌ ബി, ഹെപ്പ​റ്റൈ​റ്റിസ്‌ സി എന്നീ വൈറ​സു​കൾക്കെ​തി​രെ​യുള്ള ശരീര​ത്തി​ന്റെ പ്രതി​രോ​ധത്തെ ദുർബ​ല​മാ​ക്കു​ന്ന​താ​യും കാണ​പ്പെ​ടു​ന്നു. * ചികി​ത്സി​ക്കാ​ത്ത​പക്ഷം കോശങ്ങൾ വിഘടി​ച്ചു മൃതമാ​യി​ത്തീ​രാൻ കരൾവീ​ക്കം ഇടയാ​ക്കും. സ്വാഭാ​വി​ക​വും ജനിത​ക​പ​ര​വും ആയി നടക്കുന്ന കോശ​ങ്ങ​ളു​ടെ നാശത്തിന്‌ (ആപ്പൊ​പ്‌റ്റോ​റ്റിസ്‌) മദ്യം വഴിമ​രു​ന്നി​ടു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. അത്‌ ഈ അവസ്ഥയെ കൂടുതൽ വഷളാ​ക്കു​ന്നു.

സിറോ​സിസ്‌ ആണ്‌ അവസാന ഘട്ടം. തുടർച്ച​യായ കരൾവീ​ക്ക​ത്തി​ന്റെ​യും കോശ​മൃ​ത്യു​വി​ന്റെ​യും വിഷമ​വൃ​ത്തം അപരി​ഹാ​ര്യ​മായ ഹാനി വരുത്തി​വെ​ക്കു​ന്നു. ക്രമേണ കരളിന്റെ മാർദവം ഇല്ലാതാ​കു​ക​യും അത്‌ കട്ടിയാ​കു​ക​യും ചെയ്യുന്നു. ഒടുവിൽ, രക്തം സാധാ​ര​ണ​ഗ​തി​യിൽ ഒഴുകു​ന്ന​തി​നു കട്ടിയാ​യി​ത്തീർന്ന അതിലെ കലകൾ വിഘ്‌നം സൃഷ്ടി​ക്കു​ക​യും അതു കരളിന്റെ സ്‌തം​ഭ​ന​ത്തി​ലേ​ക്കും മരണത്തി​ലേ​ക്കും നയിക്കു​ക​യും ചെയ്യുന്നു.

മദ്യത്തി​നു കരളി​ന്മേ​ലുള്ള സ്വാധീ​ന​ത്തി​നു കുടി​ല​മായ മറ്റൊരു പാർശ്വ​ഫ​ല​മുണ്ട്‌. കാൻസ​റിന്‌ ഇടയാ​ക്കുന്ന പദാർഥ​ങ്ങളെ ചെറു​ക്കു​ന്ന​തിൽ സ്വന്തമായ പങ്കു നിർവ​ഹി​ക്കാ​നുള്ള കരളിന്റെ പ്രാപ്‌തി ക്ഷയിക്കു​ന്നു​വെ​ന്ന​താണ്‌ അത്‌. കരളിനു കാൻസർ ബാധി​ക്കാൻ ഇടയാ​ക്കു​ന്ന​തി​നു പുറമേ മദ്യം, വായി​ലും ഗ്രസനി​യി​ലും സ്വന​പേ​ട​ക​ത്തി​ലും അന്നനാ​ള​ത്തി​ലും കാൻസർ ഉണ്ടാകു​ന്ന​തി​നുള്ള സാധ്യത പലമടങ്ങു വർധി​പ്പി​ക്കു​ക​യും ചെയ്യുന്നു. കൂടു​ത​ലാ​യി, പുകയി​ല​യിൽ അടങ്ങി​യി​ട്ടു​ള്ള​തും കാൻസ​റിന്‌ ഇടയാ​ക്കു​ന്ന​തും ആയ പദാർഥ​ങ്ങൾക്ക്‌ വായിലെ ശ്ലേഷ്‌മ​സ്‌ത​ര​ങ്ങളെ എളുപ്പ​ത്തിൽ തുളച്ചു​ക​ട​ക്കാൻ പര്യാ​പ്‌ത​മായ ഒരു അവസ്ഥ സൃഷ്ടി​ച്ചു​കൊണ്ട്‌ മദ്യം പുകവ​ലി​ക്കാ​രെ കൂടുതൽ അപകട​ത്തി​ലാ​ക്കു​ന്നു. ദിവസ​വും മദ്യപി​ക്കുന്ന സ്‌ത്രീ​കൾക്ക്‌ സ്‌തനാർബു​ദം ഉണ്ടാകാൻ കൂടുതൽ സാധ്യ​ത​യുണ്ട്‌. പ്രതി​ദി​നം മൂന്നോ അതില​ധി​ക​മോ ഡ്രിങ്ക്‌സ്‌ കഴിക്കു​ന്ന​വർക്ക്‌ മദ്യപി​ക്കാ​ത്ത​വരെ അപേക്ഷിച്ച്‌ സ്‌തനാർബു​ദം ഉണ്ടാകാ​നുള്ള സാധ്യത 69 ശതമാനം അധിക​മാ​യി​രു​ന്നെന്ന്‌ ഒരു പഠനം വെളി​പ്പെ​ടു​ത്തി.

വിഷബാ​ധി​ത​രായ ശിശുക്കൾ

മദ്യദു​രു​പ​യോ​ഗ​ത്തി​ന്റെ വിശേ​ഷാൽ ശ്രദ്ധാർഹ​മായ ഒരു ദാരുണ ഫലം അജാത ശിശു​ക്ക​ളിൽ അതിനുള്ള സ്വാധീ​ന​മാണ്‌. “വളർന്നു​കൊ​ണ്ടി​രി​ക്കുന്ന ഒരു ഭ്രൂണ​ത്തിന്‌ മദ്യം മറ്റേ​തൊ​രു ലഹരി​പ​ദാർഥ​ത്തെ​ക്കാ​ളും അത്യന്തം ഹാനി​ക​ര​മാണ്‌,” ഇന്റർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. ഗർഭി​ണി​യായ ഒരു സ്‌ത്രീ മദ്യപി​ക്കു​മ്പോൾ വയറ്റിൽ വളരുന്ന ശിശു​വും അവളോ​ടൊ​പ്പം മദ്യപി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. ഗർഭസ്ഥ​ശി​ശു വികാസം പ്രാപി​ക്കുന്ന ഈ ഘട്ടത്തിൽ മദ്യത്തി​ന്റെ വിഷ​പ്ര​ഭാ​വം വിശേ​ഷാൽ വിനാ​ശ​ക​മാണ്‌. ശിശു​വി​ന്റെ കേന്ദ്ര​നാ​ഡീ​വ്യൂ​ഹ​ത്തിന്‌ അതു കൈവ​രു​ത്തുന്ന ദോഷം പരിഹ​രി​ക്കാ​നാ​വാ​ത്ത​താണ്‌. ന്യൂ​റോ​ണു​കൾ ശരിയാ​യ​രീ​തി​യിൽ രൂപ​പ്പെ​ടാ​താ​കു​ന്നു. കോശങ്ങൾ നശിക്കു​ന്നു. മറ്റു ചില കോശങ്ങൾ അനുചി​ത​മായ സ്ഥാനങ്ങ​ളിൽ വളരാൻ തുടങ്ങു​ന്നു.

തത്‌ഫ​ല​മാ​യു​ണ്ടാ​കുന്ന ഫീറ്റൽ ആൽക്ക​ഹോൾ സിൻ​ഡ്രോം നവജാ​ത​ശി​ശു​ക്ക​ളു​ടെ മാനസി​ക​വൈ​ക​ല്യ​ത്തി​നുള്ള ഏറ്റവും പ്രമുഖ കാരണ​മാണ്‌. അത്തരം ശിശു​ക്കൾക്കു​ണ്ടാ​കുന്ന വൈഷ​മ്യ​ങ്ങ​ളിൽപ്പെ​ടു​ന്ന​വ​യാണ്‌ ബുദ്ധി​മാ​ന്ദ്യം, ഭാഷാ​പ്ര​ശ്‌നങ്ങൾ, സിദ്ധികൾ വികാസം പ്രാപി​ക്കു​ന്ന​തി​ലുള്ള കാലതാ​മസം, പെരു​മാറ്റ വൈക​ല്യ​ങ്ങൾ, വളർച്ചാ​മാ​ന്ദ്യം, അമിത ചുറു​ചു​റുക്ക്‌, ശ്രവണ-ദൃശ്യ ക്രമ​ക്കേ​ടു​കൾ എന്നിവ. അങ്ങനെ ജനിക്കുന്ന അനേകം ശിശു​ക്ക​ളു​ടെ മറ്റൊരു പ്രത്യേ​ക​ത​യാണ്‌ മുഖത്തി​ന്റെ വൈരൂ​പ്യം.

കൂടാതെ, ഗർഭകാ​ലത്ത്‌ മിതമാ​യി​പ്പോ​ലും മദ്യപി​ച്ചി​രുന്ന സ്‌ത്രീ​ക​ളു​ടെ കുട്ടി​കൾക്കു പെരു​മാറ്റ-പഠന വൈക​ല്യം ഉൾപ്പെ​ടെ​യുള്ള ചില പ്രശ്‌നങ്ങൾ ഉണ്ടാ​യേ​ക്കാം. വാഷി​ങ്‌ടൺ യൂണി​വേ​ഴ്‌സി​റ്റി​യു​ടെ ഫീറ്റൽ ആൽക്ക​ഹോൾ ആൻഡ്‌ ഡ്രഗ്‌ യൂണി​റ്റി​ലെ പ്രൊ​ഫ​സ​റായ ആൻ സ്‌​ട്രൈ​സ്‌ഗൂത്‌ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഒരു മദ്യാസക്ത ആയിരു​ന്നാ​ലേ നിങ്ങളു​ടെ കുഞ്ഞിനു ഹാനി സംഭവി​ക്കു​ക​യു​ള്ളു എന്നില്ല, ഗർഭി​ണി​യാ​യി​രി​ക്കെ മിതമായ അളവിൽ മദ്യപി​ച്ചാ​ലും അങ്ങനെ സംഭവി​ക്കും.” ആൽക്കോൾ എഫെ സുവെർ ലാ സാന്റേ എന്ന ഫ്രഞ്ച്‌ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ മെഡിക്കൽ റിസേർച്ചി​ന്റെ ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “ഗർഭകാ​ല​ത്തി​ന്റെ ഏതു ഘട്ടത്തി​ലും മദ്യം കുടി​ക്കു​ന്നതു വിപത്‌ക​ര​മാണ്‌. ഹാനി​ക​ര​മ​ല്ലാ​ത്ത​വി​ധം കുടി​ക്കാ​വുന്ന മദ്യത്തി​ന്റെ കുറഞ്ഞ അളവ്‌ എന്നൊന്ന്‌ ഇന്നോളം നിശ്ചയി​ക്ക​പ്പെ​ട്ടി​ട്ടില്ല.” അതിനാൽ ഗർഭി​ണി​ക​ളാ​യ​വ​രോ ഗർഭം​ധ​രി​ക്കാൻ ഉദ്ദേശി​ക്കു​ന്ന​വ​രോ അൽപ്പം​പോ​ലും മദ്യം കുടി​ക്കാ​തി​രി​ക്കുക എന്നതാണ്‌ ഏറ്റവും ജ്ഞാനപൂർണം. *

സുരക്ഷി​ത​മായ മദ്യപാ​നം

ആരോ​ഗ്യ​സം​ബ​ന്ധ​മായ അപകട​ങ്ങ​ളു​ടെ മേൽപ്പറഞ്ഞ പട്ടിക തീർച്ച​യാ​യും സമ്പൂർണമല്ല. “ആൽക്ക​ഹോ​ളി​ന്റെ കുറഞ്ഞ അളവു​പോ​ലും അപകട​സാ​ധ്യത ഉയർത്തു​ന്നു​വെ​ന്നും ഏകദേശം 60 രോഗങ്ങൾ ഉണ്ടാകാ​നുള്ള സാധ്യ​തയെ വർധി​പ്പി​ക്കു​ന്നു​വെ​ന്നും” നേച്ചർ മാസിക 2004-ൽ ചൂണ്ടി​ക്കാ​ട്ടി. ഇതിന്റെ വീക്ഷണ​ത്തിൽ ഏത്‌ അളവി​ലുള്ള മദ്യപാ​ന​ത്തെ​യാ​ണു സുരക്ഷി​ത​മെന്നു പറയാ​വു​ന്നത്‌? ഇന്നു ലോക​വ്യാ​പ​ക​മാ​യി കോടി​ക്ക​ണ​ക്കി​നാ​ളു​കൾ ഹാനി​ക​ര​മ​ല്ലാ​ത്ത​വി​ധം വല്ലപ്പോ​ഴു​മൊ​ക്കെ മദ്യപി​ക്കു​ക​യും സന്തോ​ഷി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. മിതത്വ​മാണ്‌ ആരോ​ഗ്യ​ത്തി​നു നിർണാ​യ​ക​മാ​യി​രി​ക്കു​ന്നത്‌. എന്നാൽ മിതമായ അളവെന്നു പറയാ​വു​ന്നത്‌ കൃത്യ​മാ​യി എത്ര​ത്തോ​ള​മാണ്‌? കുടിച്ചു മത്തരാ​കു​ക​യോ മദ്യാ​സ​ക്ത​രാ​യി​ത്തീ​രു​ക​യോ ചെയ്യാ​ത്തി​ട​ത്തോ​ളം ഒരു കുഴപ്പ​വു​മി​ല്ലെന്ന്‌ ഒരുപക്ഷേ ചിന്തി​ച്ചു​കൊണ്ട്‌ തങ്ങൾ കുടി​ക്കു​ന്നതു മിതമായ അളവിൽത്ത​ന്നെ​യാ​ണെന്നു മിക്കവ​രും കരുതു​ന്നു. എന്നാൽ യൂറോ​പ്പിൽ നാലിൽ ഒരാൾവീ​തം അപകട​ക​ര​മെന്നു കണക്കാ​ക്ക​പ്പെ​ടുന്ന അളവിൽ മദ്യപി​ക്കു​ന്നു.

പ്രതി​ദി​നം പുരു​ഷ​ന്മാർക്കു 20 ഗ്രാം ശുദ്ധമായ ആൽക്ക​ഹോ​ളും അതായത്‌ രണ്ടു സ്റ്റാൻഡേർഡ്‌ ഡ്രിങ്കും സ്‌ത്രീ​കൾക്ക്‌ 10 ഗ്രാം അഥവാ ഒരു ഡ്രിങ്കും എന്നിങ്ങ​നെ​യാണ്‌ മിതമായ അളവി​ലുള്ള മദ്യപാ​നത്തെ വിവിധ ഉറവി​ടങ്ങൾ നിർവ​ചി​ക്കു​ന്നത്‌. പ്രതി​ദി​നം പുരു​ഷ​ന്മാർക്ക്‌ മൂന്നു ഡ്രിങ്കും സ്‌ത്രീ​കൾക്ക്‌ രണ്ടു ഡ്രിങ്കും “ന്യായ​മായ അളവ്‌” ആണെന്ന്‌ ഫ്രഞ്ച്‌-ബ്രിട്ടീഷ്‌ ആരോ​ഗ്യ​ക്ഷേമ അധികൃ​തർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. കൂടു​ത​ലാ​യി “65-ഉം അതിൽക്കൂ​ടു​ത​ലും പ്രായ​മു​ള്ളവർ മദ്യപാ​ന​ത്തി​ന്റെ അളവ്‌ പ്രതി​ദി​നം ഒരു ഡ്രിങ്ക്‌ ആയി പരിമി​ത​പ്പെ​ടു​ത്താൻ” യു.എസ്‌. നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓൺ ആൽക്ക​ഹോൾ അബ്യൂസ്‌ ആൻഡ്‌ ആൽക്ക​ഹോ​ളി​സം ശുപാർശ ചെയ്യുന്നു. * എന്നിരു​ന്നാ​ലും മദ്യ​ത്തോ​ടുള്ള ഓരോ​രു​ത്ത​രു​ടെ​യും പ്രതി​ക​രണം വ്യത്യ​സ്‌ത​മാണ്‌. ചിലരു​ടെ കാര്യ​ത്തിൽ താരത​മ്യേന താഴ്‌ന്ന ഈ അളവു​കൾപോ​ലും വളരെ​ക്കൂ​ടു​തൽ ആയിരു​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ടെൻത്‌ സ്‌പെ​ഷ്യൽ റിപ്പോർട്ട്‌ ടു ദ യു.എസ്‌. കോൺഗ്രസ്‌ ഓൺ ആൽക്ക​ഹോൾ ആൻഡ്‌ ഹെൽത്തി​ന്റെ അഭി​പ്രാ​യ​പ്ര​കാ​രം, “വിഷാ​ദം​പോ​ലുള്ള ക്രമ​ക്കേ​ടു​ക​ളും ഉത്‌ക​ണ്‌ഠാ​രോ​ഗ​വും ഉള്ളവരു​ടെ കാര്യ​ത്തിൽ മിതമായ അളവി​ലുള്ള മദ്യപാ​നം ഹാനി​കരം ആയിരു​ന്നേ​ക്കാം.” വ്യക്തി​യു​ടെ പ്രായം, ചികി​ത്സാ​സം​ബ​ന്ധ​മായ രേഖകൾ, ശരീര​ത്തി​ന്റെ വലുപ്പം എന്നിവ പരിഗണന അർഹി​ക്കു​ന്നു.—“അപകട​സാ​ധ്യത എങ്ങനെ കുറയ്‌ക്കാം?” എന്ന ചതുരം കാണുക.

മദ്യം ദുരു​പ​യോ​ഗി​ക്കു​ന്ന​വർക്ക്‌ എന്തു സഹായം ലഭ്യമാണ്‌? അടുത്ത ലേഖനം ഈ ചോദ്യ​ത്തി​നുള്ള ഉത്തരം നൽകും.

[അടിക്കു​റി​പ്പു​കൾ]

^ ഫ്രാൻസിൽ നടന്ന ഒരു പഠനം അനുസ​രിച്ച്‌, അമിത മദ്യപാ​നി​ക​ളും ഹെപ്പ​റ്റൈ​റ്റിസ്‌ സി വൈറസ്‌ ബാധി​ച്ചി​ട്ടു​ള്ള​വ​രും ആയ രോഗി​കൾക്കു സിറോ​സിസ്‌ ഉണ്ടാകാ​നുള്ള സാധ്യത മിതമാ​യി മദ്യപി​ക്കുന്ന വൈറസ്‌ ബാധി​ത​രു​ടേ​തി​നെ​ക്കാൾ ഇരട്ടി​യാണ്‌. അവർ വളരെ​ക്കു​റച്ചു മദ്യം കുടി​ക്കു​ക​യോ അല്ലെങ്കിൽ ഒട്ടും​തന്നെ കുടി​ക്കാ​തി​രി​ക്കു​ക​യോ ചെയ്യാൻ ശുപാർശ ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.

^ മദ്യപിക്കുമ്പോൾ മുലപ്പാ​ലിൽ ആൽക്ക​ഹോ​ളി​ന്റെ അളവ്‌ വർധി​ക്കു​മെന്ന്‌ മുലയൂ​ട്ടുന്ന സ്‌ത്രീ​കൾ ഓർക്കണം. ആൽക്ക​ഹോ​ളി​നെ ആഗിരണം ചെയ്യാൻ മുലപ്പാ​ലിൽ രക്തത്തി​ലു​ള്ള​തി​നെ​ക്കാൾ ജലമുണ്ട്‌. അതു​കൊ​ണ്ടു​തന്നെ മുലപ്പാ​ലി​ലെ ആൽക്ക​ഹോ​ളി​ന്റെ അളവ്‌ രക്തത്തി​ലേ​തി​നെ​ക്കാൾ മിക്ക​പ്പോ​ഴും കൂടു​ത​ലാണ്‌.

^ ഒരു “ഡ്രിങ്ക്‌” എന്നു വിളി​ക്ക​പ്പെ​ടു​ന്നത്‌ വിവിധ സ്ഥലങ്ങളിൽ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ പ്രാ​ദേ​ശി​ക​മായ മാനദ​ണ്ഡ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നിങ്ങൾക്കു മദ്യം വിളമ്പു​ന്നത്‌. കുടി​ക്കു​ന്ന​തി​നു മുമ്പ്‌ ഇക്കാര്യം ഓർക്കേ​ണ്ട​തുണ്ട്‌.

[5-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

വാഹനം ഓടി​ക്കു​ന്ന​തി​നു​മു​മ്പു മദ്യപി​ക്കാ​മോ?

മദ്യപിച്ചു വാഹനം ഓടി​ക്കു​ന്ന​തി​ലുള്ള വിലക്കിന്‌ വാഹനങ്ങൾ നിരത്തി​ലി​റി​ങ്ങിയ കാല​ത്തോ​ളം​തന്നെ പഴക്കമുണ്ട്‌. ഇക്കാര്യ​ത്തിൽ ആദ്യമാ​യി നിയമം കൊണ്ടു​വന്ന രാജ്യം ഡെൻമാർക്ക്‌ ആണ്‌, 1903-ൽ.

വെറുംവയറ്റിൽ മദ്യം കഴിക്കു​മ്പോൾ ഏകദേശം അരമണി​ക്കൂ​റി​നു​ള്ളിൽ നിങ്ങളു​ടെ രക്തത്തിൽ അതിന്റെ അളവ്‌ പരമാ​വധി ഉയരുന്നു. പലരും കരുതു​ന്ന​തു​പോ​ലെ, കാപ്പി കുടി​ക്കു​ന്ന​തും ശുദ്ധവാ​യു ശ്വസി​ക്കു​ന്ന​തും വ്യായാ​മം ചെയ്യു​ന്ന​തും ഒന്നും ലഹരി​യി​റ​ങ്ങാൻ സഹായി​ക്കില്ല, അതിനു സമയം കടന്നു​പോ​കു​ക​തന്നെ വേണം. വീഞ്ഞോ ബിയറോ വാറ്റി​യെ​ടു​ക്കുന്ന ലഹരി​പാ​നീ​യ​ങ്ങ​ളോ (ബ്രാണ്ടി, വിസ്‌കി തുടങ്ങി​യവ) അതതി​ന്റേ​തായ അടിസ്ഥാന അളവിൽ (സ്റ്റാൻഡേർഡ്‌ ഡ്രിങ്ക്‌) കഴിക്കു​മ്പോൾ അവ എല്ലാറ്റി​ലു​മുള്ള ആൽക്ക​ഹോ​ളി​ന്റെ അളവ്‌ ഒന്നുത​ന്നെ​യാ​ണെ​ന്ന​തും മറക്കരുത്‌. *

കുറഞ്ഞ അളവി​ലുള്ള മദ്യം​പോ​ലും വാഹനം ഓടി​ക്കു​ന്ന​തി​നുള്ള നിങ്ങളു​ടെ പ്രാപ്‌തി​ക്കു ഹാനി വരുത്തി​യേ​ക്കാം. അതു കാഴ്‌ച​ശ​ക്തി​യെ ബാധി​ക്കു​ന്നു. പാത​യോര ബോർഡു​ക​ളു​ടെ വലുപ്പം കുറവാ​യി​ത്തോ​ന്നു​ക​യും പാർശ്വ​വീ​ക്ഷ​ണ​വും ദൂരം കണക്കു​കൂ​ട്ടാ​നും അകലെ​യുള്ള വസ്‌തു​ക്ക​ളിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കാ​നും ഉള്ള പ്രാപ്‌തി​യും മങ്ങി​പ്പോ​കു​ക​യും ചെയ്യുന്നു. തലച്ചോ​റി​ന്റെ വിവര​വി​ശ​ക​ല​ന​ശേ​ഷി​യും അനൈ​ച്ഛിക പ്രവർത്ത​ന​ങ്ങ​ളും ഏകോ​പ​ന​ശേ​ഷി​യും മന്ദീഭ​വി​ക്കു​ക​യും ചെയ്യുന്നു.

മദ്യപിച്ച അവസ്ഥയിൽ നിങ്ങൾ ഒരു അപകട​ത്തിൽപ്പെ​ടു​ന്ന​പക്ഷം നിങ്ങൾക്കു​ണ്ടാ​കുന്ന പരുക്കു​കൾ മദ്യപി​ക്കാത്ത അവസ്ഥയിൽ ആയിരു​ന്നെ​ങ്കിൽ ഉണ്ടാകു​ന്ന​വ​യെ​ക്കാൾ ഗുരു​തരം ആയിരി​ക്കാൻ സാധ്യ​ത​യുണ്ട്‌. കൂടാതെ, അടിയ​ന്തി​ര​മാ​യി ഒരു ശസ്‌ത്ര​ക്രിയ നടത്തേ​ണ്ടി​വ​ന്നാൽ ഹൃദയ​ത്തി​ലും രക്തപ്ര​വാ​ഹ​ത്തി​ലും ഉള്ള ആൽക്ക​ഹോ​ളി​ന്റെ സ്വാധീ​നം നിമിത്തം നിങ്ങൾ രക്ഷപ്പെ​ടാ​നുള്ള സാധ്യത കുറവാ​യി​രി​ക്കും. “അങ്ങനെ പൊതു​ജ​നാ​ഭി​പ്രാ​യ​ത്തി​നു വിരു​ദ്ധ​മാ​യി, മദ്യപാ​ന​വു​മാ​യി ബന്ധപ്പെട്ട മരണങ്ങ​ളിൽ ഭൂരി​ഭാ​ഗ​വും സംഭവി​ക്കു​ന്നത്‌ മദ്യപാ​നി​ക​ളായ ഡ്രൈ​വർമാർക്കി​ട​യിൽ തന്നെയാണ്‌” എന്ന്‌ ഫ്രഞ്ച്‌ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ മെഡിക്കൽ റിസേർച്ചി​ന്റെ ഒരു റിപ്പോർട്ട്‌ ചൂണ്ടി​ക്കാ​ട്ടു​ന്നു. ഉൾപ്പെ​ട്ടി​രി​ക്കുന്ന അപകട​ങ്ങ​ളു​ടെ വീക്ഷണ​ത്തിൽ ആ റിപ്പോർട്ട്‌ പിൻവ​രുന്ന കാര്യങ്ങൾ ശുപാർശ ചെയ്യുന്നു:

◼ മദ്യപി​ച്ചു വാഹനം ഓടി​ക്ക​രുത്‌.

◼ ഡ്രൈവർ മദ്യപി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അദ്ദേഹം ഓടി​ക്കുന്ന വാഹന​ത്തിൽ കയറാ​തി​രി​ക്കുക.

◼ മദ്യപി​ച്ചു വാഹന​മോ​ടി​ക്കാൻ സുഹൃ​ത്തു​ക്ക​ളെ​യും മാതാ​പി​താ​ക്ക​ളെ​യും അനുവ​ദി​ക്കാ​തി​രി​ക്കുക.

[അടിക്കു​റിപ്പ്‌]

^ പൊതുവേ പറഞ്ഞാൽ, മണിക്കൂ​റിൽ ഏകദേശം 7 ഗ്രാം ആൽക്ക​ഹോൾ ശരീര​ത്തിൽനി​ന്നു നീക്കം​ചെ​യ്യ​പ്പെ​ടു​ന്നു. സ്റ്റാൻഡേർഡ്‌ ഡ്രിങ്ക്‌ എന്നത്‌ ഓരോ രാജ്യ​ത്തും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ നിർവ​ചനം അനുസ​രിച്ച്‌, 10 ഗ്രാം (0.35 ഔൺസ്‌) ശുദ്ധമായ ആൽക്ക​ഹോൾ അടങ്ങു​ന്ന​താണ്‌ ഒരു സ്റ്റാൻഡേർഡ്‌ ഡ്രിങ്ക്‌. ഏകദേശം 250 മില്ലി​ലി​റ്റർ ബിയറി​നോ 100 മില്ലി​ലി​റ്റർ വീഞ്ഞി​നോ 30 മില്ലി​ലി​റ്റർ വാറ്റി​യെ​ടു​ക്കുന്ന മദ്യത്തി​നോ സമമാണ്‌ ഇത്‌.

[ചിത്രങ്ങൾ]

ഇവയിലെല്ലാം അടങ്ങി​യി​രി​ക്കുന്ന ആൽക്ക​ഹോ​ളി​ന്റെ അളവ്‌ മിക്കവാ​റും തുല്യ​മാണ്‌

ഒരു കുപ്പി സാധാരണ ബിയർ (330 മില്ലി​ലി​റ്റർ; ആൽക്ക​ഹോൾ അനുപാ​തം—5%)

വാറ്റിയെടുത്ത ഒരു യൂണിറ്റ്‌ മദ്യം (വിസ്‌കി, ജിൻ, വോഡ്‌ക) (40 മില്ലി​ലി​റ്റർ; ആൽക്ക​ഹോൾ അനുപാ​തം—40%)

ഒരു ഗ്ലാസ്‌ വീഞ്ഞ്‌ (140 മില്ലി​ലി​റ്റർ; ആൽക്ക​ഹോൾ അനുപാ​തം—12%)

ഒരു ചെറിയ ഗ്ലാസ്‌ മധുര​മ​ദ്യം (പഴങ്ങളും സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളും മറ്റും ചേർത്തു തയ്യാറാ​ക്കുന്ന മദ്യം) (70 മില്ലി​ലി​റ്റർ; ആൽക്ക​ഹോൾ അനുപാ​തം—25%)

[6-ാം പേജിലെ ചതുരം]

മദ്യാസക്തി—കുറ്റക്കാർ ജീനു​ക​ളോ?

മദ്യാ​സ​ക്തി​ക്കു ചികിത്സ തേടുന്ന ശാസ്‌ത്രജ്ഞർ അതു തുടങ്ങു​ക​യും വികാസം പ്രാപി​ക്കു​ക​യും ചെയ്യു​ന്ന​തിൽ ജീനു​കൾക്കുള്ള പങ്കു മനസ്സി​ലാ​ക്കാൻ യത്‌നി​ച്ചി​ട്ടുണ്ട്‌. അതിന്റെ ഫലമായി, മദ്യ​ത്തോ​ടുള്ള ഒരു വ്യക്തി​യു​ടെ പ്രതി​ക​ര​ണത്തെ സ്വാധീ​നി​ക്കു​ന്ന​താ​യി കരുത​പ്പെ​ടുന്ന പല ജീനു​കളെ അവർ കണ്ടെത്തു​ക​യും ചെയ്‌തു. എന്നിരു​ന്നാ​ലും മദ്യാ​സ​ക്തിക്ക്‌ ഇടയാ​ക്കു​ന്നത്‌ ജനിതക ഘടകങ്ങൾ മാത്രമല്ല. ചിലർക്ക്‌ അതിനുള്ള ജനിതക പ്രവണത ഒരള​വോ​ളം ഉണ്ടായി​രു​ന്നേ​ക്കാ​മെ​ങ്കിൽപ്പോ​ലും മദ്യാ​സക്തി ഒഴിവാ​ക്കാ​നാ​വാ​ത്തതല്ല. ഇതിൽ പാരി​സ്ഥി​തിക ഘടകങ്ങൾ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. മാതാ​പി​താ​ക്കൾ കുട്ടി​കളെ ശരിയായ രീതി​യിൽ വളർത്തി​ക്കൊ​ണ്ടു​വ​രാ​ത്തത്‌, വീട്ടി​ലു​ള്ള​വ​രു​ടെ​യോ സമപ്രാ​യ​ക്കാ​രു​ടെ​യോ മദ്യദു​രു​പ​യോ​ഗം, അഭി​പ്രാ​യ​സം​ഘ​ട്ട​ന​ങ്ങ​ളും മറ്റും ഉൾപ്പെട്ട സംഘർഷ​പൂ​രി​ത​മായ സാഹച​ര്യ​ങ്ങൾ, വൈകാ​രിക വിഷമ​തകൾ, വിഷാദം, അക്രമ​സ്വ​ഭാ​വം, ഹരം​തേ​ടാ​നുള്ള മോഹം, മദ്യത്തി​ന്റെ ഫലങ്ങ​ളോ​ടുള്ള ഉയർന്ന പ്രതി​രോ​ധം, മറ്റൊരു പദാർഥ​ത്തോ​ടുള്ള ആസക്തി എന്നിവ​യെ​ല്ലാം ഇക്കാര്യ​ത്തിൽ പങ്കുവ​ഹി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. ഇവയും മറ്റു ഘടകങ്ങ​ളും മദ്യാ​സ​ക്തി​യി​ലേക്കു നയിക്കു​ന്നു.

[6-ാം പേജിലെ ചതുരം/ചിത്രം]

ഫ്രാൻസ്‌:

ഏകദേശം 50 ലക്ഷംപേർ മദ്യം ദുരു​പ​യോ​ഗം ചെയ്യു​ന്ന​താ​യി പഠന ങ്ങൾ കണക്കാ​ക്കു​ന്നു. ഇവരിൽ 20 ലക്ഷത്തി​നും 30 ലക്ഷത്തി​നും ഇടയ്‌ക്ക്‌ ആളുകൾ മദ്യാ​സ​ക്ത​രാണ്‌

നൈജീരിയ:

ലാഗോ​സി​ലെ ഡെയ്‌ലി ചാമ്പ്യൻ എന്ന പത്രം അനുസ​രിച്ച്‌, “1.5 കോടി​യി​ല​ധി​കം നൈജീ​രി​യ​ക്കാർ മദ്യാ​സ​ക്ത​രാണ്‌”—അതായത്‌ ജനസം​ഖ്യ​യു​ടെ ഏകദേശം 12 ശതമാനം

പോർച്ചുഗൽ:

ശുദ്ധമായ ആൽക്ക​ഹോ​ളി​ന്റെ ശരാശരി ഉപയോ​ഗം ഏറ്റവും കൂടു​ത​ലാ​യി​രി​ക്കുന്ന രാജ്യ​ങ്ങ​ളിൽ ഒന്നാണ്‌ ഇത്‌. ജനസം​ഖ്യ​യു​ടെ 10 ശതമാനം “മദ്യപാ​ന​വു​മാ​യി ബന്ധപ്പെട്ട ഗുരു​ത​ര​മായ വൈക​ല്യ​ങ്ങൾ” അനുഭ​വി​ക്കു​ന്നു​വെന്ന്‌ ലിസ്‌ബ​ണി​ലെ പൂബ്ലി​ക്കോ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു

ഐക്യനാടുകൾ:

“ഏകദേശം 1.4 കോടി അമേരി​ക്ക​ക്കാർ—ജനസം​ഖ്യ​യു​ടെ 7.4 ശതമാനം—മദ്യദു​രു​പ​യോ​ഗ​ത്തി​ന്റെ അല്ലെങ്കിൽ മദ്യാ​സ​ക്തി​യു​ടെ ഇരകളാ​ണെന്ന്‌ പരി​ശോ​ധ​ന​യി​ലൂ​ടെ കണ്ടെത്താ​നാ​കും” എന്ന്‌ ടെൻത്‌ സ്‌പെ​ഷ്യൽ റിപ്പോർട്ട്‌ ടു ദ യു.എസ്‌. കോൺഗ്രസ്‌ ഓൺ ആൽക്ക​ഹോൾ ആൻഡ്‌ ഹെൽത്ത്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു

[8-ാം പേജിലെ ചതുരം]

അപകടസാധ്യത എങ്ങനെ കുറയ്‌ക്കാം?

കാര്യ​മായ അപകടം വരുത്തി​വെ​ക്കാത്ത മദ്യത്തി​ന്റെ അളവു സംബന്ധിച്ച്‌ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ മാനസി​കാ​രോ​ഗ്യ-ആസക്തി ഡിപ്പാർട്ടു​മെന്റ്‌ പിൻവ​രുന്ന നിർവ​ച​നങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. അപ്പോ​ഴും മദ്യപാ​നം തീർത്തും അപകട​ര​ഹി​ത​മാ​ണെന്നല്ല ഇതിന്റെ അർഥം. മദ്യ​ത്തോ​ടുള്ള പ്രതി​ക​രണം പലരി​ലും പല വിധമാണ്‌.

◼ രണ്ടു സ്റ്റാൻഡേർഡ്‌ ഡ്രിങ്കിൽ കൂടുതൽ ഒരു ദിവസം കുടിക്കരുത്‌ *

◼ ആഴ്‌ച​യിൽ രണ്ടു ദിവസ​മെ​ങ്കി​ലും മദ്യപാ​നം ഒഴിവാ​ക്കു​ക

പിൻവരുന്ന സാഹച​ര്യ​ങ്ങ​ളിൽ ഒന്നോ രണ്ടോ ഡ്രിങ്കു​പോ​ലും അപകട​കരം ആയിരു​ന്നേ​ക്കാം:

◼ വാഹനം ഓടി​ക്കു​മ്പോൾ അല്ലെങ്കിൽ മെഷീൻ പ്രവർത്തി​പ്പി​ക്കു​മ്പോൾ

◼ ഗർഭിണി ആയിരി​ക്കു​മ്പോൾ അല്ലെങ്കിൽ മുലയൂ​ട്ടു​മ്പോൾ

◼ ചിലതരം മരുന്നു​കൾ കഴിക്കു​മ്പോൾ

◼ ചില പ്രത്യേക ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉള്ളപ്പോൾ

◼ മദ്യപാ​ന​ത്തി​ന്റെ കാര്യ​ത്തിൽ നിങ്ങൾക്കു നിയ​ന്ത്രണം ഇല്ലെങ്കിൽ

[അടിക്കു​റിപ്പ്‌]

^ ഒരു യൂണി​റ്റിന്‌ അല്ലെങ്കിൽ ഒരു ഗ്ലാസിന്‌ 10 ഗ്രാം (0.35 ഔൺസ്‌) ആൽക്ക​ഹോ​ളാണ്‌ ഒരു സ്റ്റാൻഡേർഡ്‌ ഡ്രിങ്ക്‌ എന്നു പറയു​ന്നത്‌.

[കടപ്പാട്‌]

ഉറവിടം: അപകട​ക​ര​വും ഹാനി​ക​ര​വും ആയ മദ്യപാ​ന​ത്തിന്‌ അൽപ്പം ഇടവേള (ഇംഗ്ലീഷ്‌)

[9-ാം പേജിലെ ചതുരം/ചിത്രം]

മദ്യം—ഹൃദയ​ത്തി​നു നന്നോ?

ചുവന്ന വീഞ്ഞി​ലുള്ള രാസവ​സ്‌തു​ക്കൾ (പോളി​ഫി​നോ​ളു​കൾ) രക്തക്കു​ഴ​ലു​കൾ ചുരു​ങ്ങാൻ ഇടയാ​ക്കുന്ന ഒരു രാസവ​സ്‌തു​വി​നെ പ്രതി​രോ​ധി​ക്കു​ന്നു​വെന്ന്‌ ശാസ്‌ത്രജ്ഞർ കരുതു​ന്നു.

കൂടാതെ, നല്ലതെന്നു വിശേ​ഷി​പ്പി​ക്ക​പ്പെ​ടുന്ന കൊള​സ്‌​ട്രോ​ളി​ന്റെ വർധന​യു​മാ​യി പൊതു​വേ മദ്യം ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. രക്തം കട്ടപി​ടി​ക്കാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന പദാർഥ​ങ്ങ​ളു​ടെ അളവ്‌ അതു കുറയ്‌ക്കു​ക​യും ചെയ്യുന്നു.

ഉള്ളതു മുഴുവൻ ഒറ്റയി​രി​പ്പിന്‌ അകത്താ​ക്കു​ന്ന​തി​നു​പ​കരം, ആഴ്‌ച​യിൽ പലപ്പോ​ഴാ​യി കുറേശ്ശെ കഴിക്കു​മ്പോ​ഴാണ്‌ മദ്യപാ​ന​ത്തി​ലൂ​ടെ എന്തെങ്കി​ലും പ്രയോ​ജനം കൈവ​രു​ന്ന​താ​യി കാണ​പ്പെ​ടു​ന്നത്‌. ഒരു ദിവസം രണ്ടു ഡ്രിങ്കി​ലു​മ​ധി​കം കുടി​ക്കു​ന്നത്‌ രക്തസമ്മർദം വർധി​പ്പി​ച്ചേ​ക്കാം. അമിത മദ്യപാ​നം മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​നുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു. ഹൃദയം വീങ്ങു​ന്ന​തി​നും ഹൃദയ​മി​ടി​പ്പി​ന്റെ താളം​തെ​റ്റു​ന്ന​തി​നും അത്‌ ഇടയാ​ക്കി​യേ​ക്കാം. അമിത മദ്യപാ​നം സൃഷ്ടി​ക്കുന്ന ഇത്തരത്തി​ലു​ള്ള​തും സമാന​വും ആയ അപകടങ്ങൾ ഹൃദയ​ര​ക്ത​പ​ര്യ​യന വ്യവസ്ഥ​യു​ടെ​മേൽ മദ്യത്തി​നുള്ള ഏതൊരു പ്രയോ​ജ​ന​ത്തെ​യും കടത്തി​വെ​ട്ടു​ന്നു. അമിത​മാ​യാൽ അമൃതും വിഷം​തന്നെ!

[7-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

മദ്യം നിങ്ങൾക്കു ഹാനി​വ​രു​ത്തുന്ന വിധം

തലച്ചോറ്‌

കോശനഷ്ടം, ഓർമ​ക്കു​റവ്‌, വിഷാദം, അക്രമ​പ്ര​വ​ണത

കാഴ്‌ച, സംസാരം, ഏകോ​പ​ന​പ്രാ​പ്‌തി എന്നിവ​യ്‌ക്കു​ണ്ടാ​കുന്ന ഹാനി

തൊണ്ട, വായ്‌, സ്‌തനം, കരൾ എന്നിവി​ട​ങ്ങ​ളിൽ ഉണ്ടാകുന്ന കാൻസർ

ഹൃദയം

പേശികൾ ദുർബ​ല​മാ​കു​ന്നു, ഹൃദയ സ്‌തം​ഭ​ന​ത്തി​നുള്ള സാധ്യത

കരൾ

കൊഴുപ്പ്‌ അടിയു​ന്നു, തുടർന്ന്‌ കരൾവീ​ക്ക​വും സിറോ​സി​സും

മറ്റ്‌ അപകടങ്ങൾ

ദുർബലമായ പ്രതി​രോ​ധ​വ്യ​വസ്ഥ, അൾസർ, ആഗ്നേയ​ഗ്ര​ന്ഥി​യു​ടെ വീക്കം

ഗർഭിണികൾ

രൂപവൈകല്യമോ ബുദ്ധി​മാ​ന്ദ്യ​മോ ഉള്ള ശിശുക്കൾ ഉണ്ടാകാ​നുള്ള സാധ്യത

[8-ാം പേജിലെ ചിത്രം]

“വളർന്നു​കൊ​ണ്ടി​രി​ക്കുന്ന ഒരു ഭ്രൂണ​ത്തിന്‌ മദ്യം മറ്റേ​തൊ​രു ലഹരി​പ​ദാർഥ​ത്തെ​ക്കാ​ളും അത്യന്തം ഹാനി​ക​ര​മാണ്‌”