“കിണറ്റുകരയിൽവെച്ചു കാണാം”
“കിണറ്റുകരയിൽവെച്ചു കാണാം”
മൊൾഡോവയിലെ ഉണരുക! ലേഖകൻ
കിണറ്റിൽനിന്നു വെള്ളം കോരി വഴിയിലേക്ക് ഒഴിക്കുന്നത് പരിഭ്രമത്തോടെ നോക്കിനിൽക്കുകയാണ് വധു. തുടർന്ന് വരൻ അവളെ തന്റെ കൈകളിൽ കോരിയെടുക്കുമ്പോൾ അവളുടെ മുഖത്ത് ചിരിവിടരുന്നു. എന്നിട്ട് അവൻ അവളെയുംകൊണ്ട് നനഞ്ഞു കുതിർന്ന നിലത്തുകൂടെ നടന്നുപോകുന്നു. എല്ലാം കണ്ടുനിൽക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആർത്തുവിളിക്കുന്നു. നവവധൂവരന്മാർ തലമുറകളായി ചെയ്തുവരുന്ന ഒരു ആചാരമാണ് ഇവിടെ അരങ്ങേറിയത്. വിവാഹത്തോടു ബന്ധപ്പെട്ട് കിണറ്റുകരയിൽവെച്ചു നടക്കുന്ന ഈ അസാധാരണ ചടങ്ങിൽനിന്ന് ഒന്നു മനസ്സിലാക്കാം. മൊൾഡോവക്കാർക്ക് കിണറുകൾ വെറും ജലസംഭരണികളല്ല.
തെക്കുകിഴക്കൻ യൂറോപ്പിലാണ് മൊൾഡോവ. വടക്കും കിഴക്കും തെക്കും അതിർത്തി യൂക്രെയിനാണ്. പടിഞ്ഞാറ്
റൊമേനിയയും. മൊത്തം വിസ്തീർണം ഏകദേശം 34,000 ചതുരശ്ര കിലോമീറ്റർ വരും.മൊൾഡോവയിൽ ഏകദേശം 3,100 നദികളുണ്ട്. പക്ഷേ, വരൾച്ചമൂലം ഈ നദികൾക്ക് അവിടത്തെ 43,00,000 നിവാസികൾക്ക് ആവശ്യമായത്ര വെള്ളം നൽകാൻ പലപ്പോഴും കഴിയാതെവരുന്നു. നദികളിലെയും മറ്റു ജലാശയങ്ങളിലെയും വെള്ളത്തോടൊപ്പം അവർ കിണറുകളെയും ആശ്രയിക്കുന്നു. രാജ്യത്തിന് ആവശ്യമായ ജലത്തിന്റെ 20 ശതമാനത്തിലധികവും ലഭിക്കുന്നത് കിണറുകളിൽനിന്നാണ്. മൊൾഡോവൻ ഭാഗത്തെ പ്രൂട്ട് നദിയുടെ ഇരുവശങ്ങളിലുമായി 1,00,000-ത്തിനും 2,00,000-ത്തിനും ഇടയ്ക്ക് കിണറുകൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു!
മൊൾഡോവയുടെ പാതയോരങ്ങളിലും ഇടവഴികളിലും വളരെ സൗകര്യപ്രദമായാണ് കിണറുകൾ കുഴിച്ചിരിക്കുന്നത്. മനോഹരമായ അലങ്കാരമേലാപ്പുള്ള ഈ നീരുറവുകൾ ക്ഷീണിച്ചെത്തുന്ന യാത്രക്കാർക്ക് ദാഹജലവുമായി കാത്തുനിൽക്കുകയാണ്. അവിടത്തെ പല ഗ്രാമങ്ങളിലും സ്ഥലത്തെ കിണർ സുഹൃത്തുക്കളുടെ സംഗമസ്ഥാനവും അന്നത്തെ സംഭവവികാസങ്ങൾ ചർച്ചചെയ്യാനുള്ള വേദിയും കൂടിയാണ്.
വെള്ളം—പണ്ടുമുതൽക്കേ ആദരിക്കപ്പെടുന്ന ഒന്ന്
മൊൾഡോവക്കാർ കിണർജലത്തോട് ആദരവു കാട്ടുന്നത് പല വിധങ്ങളിലാണ്. ഉദാഹരണത്തിന്, കിണറ്റിങ്കൽനിന്ന് മതിയായ അകലത്തിലേ അവർ കക്കൂസ് പണിയുകയുള്ളൂ. കിണർജലത്തിന്റെ ശുചിത്വം സംരക്ഷിക്കാൻ ചെയ്യുന്ന കാര്യങ്ങൾ ഇനിയുമുണ്ട്. കോരിയെടുത്തിട്ട് മിച്ചംവരുന്ന വെള്ളം കിണറ്റിലേക്കു തിരിച്ചൊഴിക്കാൻ പാടില്ല. മിച്ചമുള്ള വെള്ളം നിലത്ത് ഒഴിക്കുകയോ കിണറ്റുകരയിൽ വെച്ചിരിക്കുന്ന പാത്രത്തിൽ ഒഴിക്കുകയോ ചെയ്യാം. കിണറിനടുത്തുള്ള നിലത്തു തുപ്പുന്നത് അപമര്യാദയാണ്. എന്തിന്, കിണറിന്റെ പരിസരത്തുവെച്ചു തർക്കിക്കുന്നതുപോലും പാരമ്പര്യം വിലക്കുന്നു!
കിണറുകൾ മൊൾഡോവക്കാരിൽ ഒരു ഒത്തൊരുമ സൃഷ്ടിക്കുന്നു. പുതിയതായി കിണറുകുത്തുന്നത് നാട്ടുകാർ ഒത്തുചേർന്നുള്ള ഒരു സംരംഭമാണ്. ഒരു പുതിയ വീടുവെക്കുന്നതിന്റെ അത്രയും പ്രാധാന്യമുണ്ട് അതിന്. ഒരു വീടുപണിയാത്തവൻ, ഒരു പുത്രനെ വളർത്താത്തവൻ, ഒരു കിണറുകുഴിക്കാത്തവൻ, ഒരു മരംനടാത്തവൻ ജീവിതം പാഴാക്കിയിരിക്കുന്നു എന്ന ചൊല്ലിൽ ഇതിന്റെ പ്രാധാന്യം നിഴലിക്കുന്നു. പുതിയ കിണറിന്റെ പണികളെല്ലാം തീർന്നു കഴിയുമ്പോൾ അതിൽ പങ്കെടുത്തവരെയെല്ലാം ക്ഷണിച്ച് ഒരു വലിയ സദ്യ കൊടുക്കും.
പാരിസ്ഥിതിക പ്രശ്നങ്ങൾ
മൊൾഡോവയിലെ മിക്ക കിണറുകളിലും വെള്ളം ലഭിക്കുന്നത് 5-12 മീറ്റർ ആഴത്തിലുള്ള ഒരു ഭൂഗർഭ ജലവിതാനത്തിൽനിന്നാണ്. 150-250 മീറ്റർ ആഴത്തിൽ മറ്റൊരു ജലവിതാനമുണ്ട്. ജലസംരക്ഷണത്തിന് പരമ്പരാഗതമായ പല മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടുകൂടി മൊൾഡോവയിലെ ഭൂഗർഭജലത്തിന്റെ നല്ലൊരുപങ്കും മുൻകാലങ്ങളിലെ വ്യാവസായികമാലിന്യങ്ങളും കാർഷിക രാസവസ്തുക്കളും കൊണ്ട് മലിനമായിരിക്കുകയാണ്. നൈട്രേറ്റുകളും രോഗകാരികളായ ബാക്ടീരിയയും “മൊൾഡോവയിലെ കിണറുകളിൽ ഏകദേശം 60 ശതമാനത്തെയും” മലിനമാക്കിയതായി 1996-ൽ ഐക്യരാഷ്ട്രങ്ങൾ പ്രസിദ്ധീകരിച്ച റിപ്പബ്ലിക് ഓഫ് മൊൾഡോവ ഹ്യൂമൻ ഡിവെലപ്മെന്റ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും, അടുത്തകാലത്ത് വ്യാവസായിക ഉത്പാദനത്തിലും ജലവിതാനത്തിലേക്ക് അരിച്ചിറങ്ങുന്ന ഇന്ധനങ്ങളുടെയും രാസവസ്തുക്കളുടെയും അളവിലും കുറവു സംഭവിച്ചതോടെ കിണർജലത്തിന്റെ ഗുണമേന്മ വർധിച്ചിട്ടുണ്ട്.
കിണറ്റിൽനിന്ന് വെള്ളം കോരി വഴിയിൽ ഒഴിക്കുന്ന അസാധാരണ ചടങ്ങിനെപ്പറ്റി നേരത്തേ പരാമർശിച്ചുവല്ലോ. എന്നാൽ, നിങ്ങൾ മൊൾഡോവ സന്ദർശിക്കുകയാണെങ്കിൽ ഒരു സൗഹൃദസംഭാഷണം ആസ്വദിക്കുന്നതിന് അങ്ങനെയൊന്നും ചെയ്യേണ്ടതില്ല. ഒരു ഗ്ലാസ്സ് തണുത്തവെള്ളം കുടിച്ച് ദാഹം ശമിപ്പിക്കുമ്പോഴേക്ക് നിങ്ങൾ അന്നത്തെ വിശേഷങ്ങളൊക്കെ കേട്ടിട്ടുണ്ടാകും. ആകെ വേണ്ടത് നിങ്ങളെ കിണറ്റിങ്കൽവെച്ചു കണ്ടുമുട്ടാമെന്നു സമ്മതിക്കുന്ന അതിഥിപ്രിയനായ ഒരു മൊൾഡോവക്കാരനെയാണ്.
[12, 13 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ഒരു പരമ്പരാഗത കൈത്തൊഴിൽ
ഓല്യെക് അന്നാട്ടുകാരനായ ഒരു ലോഹത്തകിടു പണിക്കാരനാണ്. സ്കൂൾ പഠനം കഴിഞ്ഞപ്പോൾമുതൽ കിണറുകൾക്കുള്ള അലങ്കാര മൂടികൾ ഉണ്ടാക്കുകയാണ് അദ്ദേഹത്തിന്റെ തൊഴിൽ. “ലോഹത്തകിടിന്റെ പണി ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്നു തോന്നുന്നു” ഓല്യെക് പറയുന്നു. “കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, എന്റെ വല്യപ്പൻ ഒരു യഹൂദനിൽനിന്ന് ലോഹത്തകിടിന്റെ പണി പഠിച്ചെടുത്തു, അന്ന് ലോഹത്തകിടിന്റെ പണി അറിയാവുന്ന നിരവധി യഹൂദന്മാരുണ്ടായിരുന്നു. വല്യപ്പന്റെ ഗ്രാമമായ ലിപ്കാനിക്കു വെളിയിലുള്ള ഒരു വലിയ യഹൂദ കോളനിയിലാണ് അവരെല്ലാം താമസിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലെ കൂട്ടക്കൊലയ്ക്കുശേഷം അവശേഷിച്ചത് യഹൂദരല്ലാത്ത തൊഴിലാളികൾ മാത്രമായിരുന്നു, അവരുടെ എണ്ണം തീരെക്കുറവായിരുന്നുതാനും. ആ സമയത്താണ് എന്റെ പിതാവ് ഈ തൊഴിൽ പഠിച്ചെടുത്തത്. പിന്നെ അദ്ദേഹം അത് എന്നെ പഠിപ്പിക്കുകയും ചെയ്തു.”
ലളിതമായ ഉപകരണങ്ങളും മുറിച്ചെടുക്കുന്ന ലോഹത്തിന്റെ ആകൃതി നിശ്ചയിക്കുന്നതിനുള്ള ഏതാനും മാതൃകകളും ഉപയോഗിച്ചാണ് അദ്ദേഹം കിണർ മൂടികളിലെ സങ്കീർണമായ അലങ്കാരപ്പണികൾ ചെയ്യുന്നത്. പാരമ്പര്യവും ഭാവനയും അദ്ദേഹത്തിന്റെ കരങ്ങൾക്കു വൈദഗ്ധ്യം പകരുന്നു. നാട്ടുകാർക്ക് അദ്ദേഹത്തിന്റെ ഉത്പന്നം ഏറെ ഇഷ്ടമാണ്. കിണർമൂടിക്കായി “എന്റെ അടുക്കൽ വരുന്നവർ സാധാരണഗതിയിൽ മറ്റു ലോഹത്തകിടു പണിക്കാരോടു വിലപേശുന്നവരാണ്. എന്നാൽ ഞാൻ അവർക്ക് കിണർമൂടി ഉണ്ടാക്കിക്കൊടുത്താൽ ചോദിക്കുന്ന വിലതന്നെ അവർ സന്തോഷത്തോടെ തരാറുണ്ട്,” ഓല്യെക് പറയുന്നു.
[12, 13 പേജുകളിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
യൂക്രെയിൻ
മൊൾഡോവ
റൊമേനിയ
കരിങ്കടൽ