ഗതാഗതക്കുരുക്ക്—നിങ്ങൾക്ക് എന്തു ചെയ്യാനാകും?
ഗതാഗതക്കുരുക്ക്—നിങ്ങൾക്ക് എന്തു ചെയ്യാനാകും?
ഫിലിപ്പീൻസിലെ ഉണരുക! ലേഖകൻ
മുന്നറിയിപ്പ്: നിരവധി വൻനഗരങ്ങളെ ഒരു ബാധ ഗ്രസിച്ചിരിക്കുന്നു. അത് ഏതെങ്കിലും പകർച്ചവ്യാധിയല്ല, തിന്നുമുടിക്കാനായി ഇരമ്പിയെത്തിയ വെട്ടുക്കിളിപ്പറ്റവുമല്ല. പക്ഷേ, അത് ജനകോടികളുടെ സ്വസ്ഥത കെടുത്തുന്നു. എന്താണത്? ഗതാഗതക്കുരുക്ക്!
കൂടെക്കൂടെ ഗതാഗതക്കുരുക്കിൽ പെടുന്നത് ആരോഗ്യത്തിനു ഹാനികരമായേക്കാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഗതാഗതക്കുരുക്കിൽപ്പെടുന്ന ഒരാൾക്ക് അതിനുശേഷം കുറഞ്ഞത് ഒരു മണിക്കൂർ നേരത്തേക്ക് ഹൃദയാഘാതത്തിനുള്ള വർധിച്ച സാധ്യതയുണ്ടെന്നുപോലും അടുത്തകാലത്തെ ഒരു പഠനം സൂചിപ്പിക്കുന്നു. ദ ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് “വാഹനങ്ങളിൽനിന്നുള്ള പുക, ശബ്ദകോലാഹലങ്ങൾ, സമ്മർദം എന്നിവയായിരിക്കാം [ഹൃദയാഘാത] സാധ്യതയ്ക്കു പെട്ടെന്ന് ആക്കംകൂട്ടുന്ന മുഖ്യ ഘടകങ്ങൾ.”
വിഷമയമായ വായു
മിക്ക മോട്ടോർ വാഹനങ്ങളും നൈട്രജൻ ഓക്സൈഡുകളും കാൻസറിനു കാരണമാകാവുന്ന ചില പദാർഥങ്ങളും വായുവിലേക്കു പുറന്തള്ളുന്നു. വലിയ അളവിൽ സൂക്ഷ്മകണങ്ങൾ അന്തരീക്ഷത്തിലേക്കു തുപ്പുന്നവയാണ് പല വാഹനങ്ങളും, പ്രത്യേകിച്ച് ഡീസൽവണ്ടികൾ. ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഹാനിവരുത്തുന്നു. വർഷംതോറും 30 ലക്ഷത്തോളം ആളുകൾ വായുമലിനീകരണം നിമിത്തം മരണമടയുന്നതായി കണക്കാക്കപ്പെടുന്നു, ഏറെയും മോട്ടോർവാഹനങ്ങൾ മൂലമുള്ള മലിനീകരണമാണ്. യൂറോപ്പിലെ കുട്ടികളിൽ ഉണ്ടാകുന്ന ശ്വാസകോശരോഗങ്ങളിൽ 10 ശതമാനം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന സൂക്ഷ്മകണങ്ങൾ നിമിത്തമാണെന്ന് ഒരു റിപ്പോർട്ടുപറയുന്നു, ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരങ്ങളിൽ ഇതിലും ഉയർന്ന നിരക്കാണുള്ളത്.
പരിസ്ഥിതിക്കു വരുത്തുന്ന ക്ഷതമോ? വാഹനങ്ങളിൽനിന്നു ബഹിർഗമിക്കുന്ന നൈട്രജൻ ഓക്സൈഡുകളും സൾഫർ ഡൈ ഓക്സൈഡും ആസിഡ് മഴയ്ക്കു കാരണമാകുന്നു. ജലാശയങ്ങളെ മലിനമാക്കുന്ന ഈ മഴ ജലജീവികൾക്കും നാനാതരത്തിൽപ്പെട്ട സസ്യലതാദികൾക്കും നാശംവരുത്തുന്നു. വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ ഭീമമായ അളവുകൂടിയാകുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു. ഭൂഗ്രഹത്തെ മറ്റ് ആപത്തുകളിലേക്കു തള്ളിവിടുമെന്നു കരുതപ്പെടുന്ന ആഗോളതപനത്തിന്റെ പിന്നിലെ മുഖ്യ വില്ലൻ ഈ വാതകമാണ്.
വർധിക്കുന്ന അപകടങ്ങൾ
വാഹനഗതാഗതം വർധിക്കുമ്പോൾ മനുഷ്യജീവന് അപകടവും വർധിക്കുന്നു. വാഹനാപകടങ്ങളിൽ വർഷംതോറും പത്തുലക്ഷത്തിലേറെപ്പേരാണ് കൊല്ലപ്പെടുന്നത്, ഈ സംഖ്യ അടിക്കടി ഉയരുകയും ചെയ്യുന്നു. ചില സ്ഥലങ്ങളിൽ അപകടനിരക്ക് വിശേഷിച്ചും കൂടുതലാണ്. ഉദാഹരണത്തിന്, “ഗ്രീസിൽ ഓരോ പത്തുലക്ഷം പേരിലും 690 പേർ റോഡപകടങ്ങളിൽ മരണമടയുന്നു, സ്വീഡനിൽ ഇത് 120 ആണ്” എന്ന് യൂറോപ്യൻ കമ്മീഷന്റെ ഗവേഷകർ കണ്ടെത്തുകയുണ്ടായി.
അടുത്തകാലങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെടാനിടയായിട്ടുള്ള ദോഷകരമായ ഒരു പ്രവണതയാണ് റോഡുകളിലെ രോഷം. ചില ഡ്രൈവർമാർ തങ്ങളുടെ രോഷം മുഴുവനും മറ്റു ഡ്രൈവർമാരുടെ നേർക്ക് തീർക്കുന്നു, ഇത് ഇന്നു കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഡ്രൈവർമാരുടെ അക്രമാസക്തിയുടെ ഒരു കാരണം “ഗതാഗതത്തിരക്കു വർധിക്കുന്നതോ ഗതാഗതക്കുരുക്കോ ആണ്” എന്ന് ഡ്രൈവർമാർ കരുതുന്നതായി ഐക്യനാടുകളിൽ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ നടത്തിയ സർവേയിൽ കണ്ടെത്തി.
ഒരു സാമ്പത്തിക പ്രഹരം
ഗതാഗതക്കുരുക്ക് സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. കാലിഫോർണിയയിലെ ലോസാഞ്ചലസിൽ മാത്രം ഗതാഗതക്കുരുക്കു മൂലം വർഷം 400 കോടിയിലധികം ലിറ്റർ ഇന്ധനം പാഴാകുന്നതായി ഒരു പഠനം വെളിപ്പെടുത്തി. ബിസിനസ്സ് അവസരങ്ങളുടെ നഷ്ടം, മലിനീകരണം നിമിത്തം ആരോഗ്യപരിചരണത്തിനു മുടക്കേണ്ടിവരുന്ന അധിക ചെലവുകൾ, വർധിച്ചുവരുന്ന ട്രാഫിക് അപകടങ്ങൾ വരുത്തിവെക്കുന്ന ഹാനി എന്നിങ്ങനെ നേരിട്ടുള്ളതല്ലാത്ത നഷ്ടങ്ങൾ വേറെയും.
ഈ നഷ്ടങ്ങളെല്ലാം കൂടി ചേർന്ന് ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു പ്രഹരമാകുകയാണ്. ഗതാഗതക്കുരുക്കുകളിൽ നഷ്ടമാകുന്ന സമയത്തിന്റെയും ഇന്ധനത്തിന്റെയും മാത്രം വിലകണക്കാക്കിയാൽ അമേരിക്കക്കാർക്ക് വർഷംതോറും ഏകദേശം 6,800 കോടി ഡോളറാണ് (4.6 ലക്ഷം കോടി രൂപ) നഷ്ടമാകുന്നതെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. വിദൂരപൂർവ ദേശങ്ങളിലെ കാര്യമോ? ഫിലിപ്പീൻ സ്റ്റാർ എന്ന പത്രത്തിൽ വന്ന ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ടാക്സിയുടെ മീറ്റർ കറങ്ങുന്നതുപോലെയാണ് ഗതാഗതക്കുരുക്കുകളിൽ വർഷംതോറും രാജ്യത്തിന് ശതകോടിക്കണക്കിന് പെസോകൾ [ഫിലിപ്പീൻസിലെ നാണയം] നഷ്ടപ്പെടുന്നത്.” യൂറോപ്പിന്റെ നഷ്ടം ഒരു ഭീമമായ തുകയാണ്, ഏകദേശം 10 ലക്ഷംകോടി രൂപ.
ഭാവിയിലേക്കു നീളുന്ന ഗതാഗതക്കുരുക്കോ?
ഈ കുരുക്ക് അഴിക്കാനുള്ള പോംവഴികൾക്കായി എത്ര ശ്രമിച്ചിട്ടും കാര്യങ്ങൾ പൂർവാധികം വഷളായിരിക്കുകയാണ്. ഐക്യനാടുകളിലെ 75 നഗരപ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ടെക്സാസ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഒരു ദേശീയ സർവേ നടത്തുകയുണ്ടായി. അതിൽ ഒരു വ്യക്തി ഗതാഗതക്കുരുക്കിൽപ്പെട്ടുപോകുന്ന സമയത്തിന്റെ അളവ് വർധിക്കുകയാണെന്ന്, 1982-ൽ പ്രതിവർഷം ശരാശരി 16 മണിക്കൂർ ആയിരുന്നത് 2000-ത്തിൽ 62 ആയി വർധിച്ചുവെന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടു. ദിവസേന യാത്രക്കാർ ഗതാഗതക്കുരുക്കിൽപ്പെടാൻ സാധ്യതയുള്ള സമയത്തിന്റെ ദൈർഘ്യവും വർധിച്ചു, 4.5 മണിക്കൂർ ആയിരുന്നത് 7 മണിക്കൂർ ആയി. “പഠനവിധേയമാക്കിയ എല്ലാ പ്രദേശങ്ങളിലും പഠനം നടന്ന വർഷങ്ങളിൽ ഗതാഗതക്കുരുക്ക് വർധിച്ചുകൊണ്ടിരുന്നു. കുരുക്കിന്റെ സമയം ദീർഘിക്കുകയാണ്, കഴിഞ്ഞകാലത്തെക്കാൾ കൂടുതൽ റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടാകുന്നു, വാഹനത്തിരക്കും ഏറിയിരിക്കുന്നു,” റിപ്പോർട്ടു പറയുന്നു.
മറ്റു രാജ്യങ്ങളിൽനിന്നുള്ളതും സമാനമായ റിപ്പോർട്ടുകളാണ്. യൂറോപ്യൻ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷകർ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “നമ്മുടെ യാത്രാസംവിധാനങ്ങളിൽ സമൂല പരിവർത്തനം വരുത്തിയില്ലെങ്കിൽ അടുത്ത ദശകത്തിൽ ട്രാഫിക് കുരുക്കുകളിൽ നഗരങ്ങൾ നിശ്ചലമാകും.”
ഏഷ്യൻ രാജ്യങ്ങൾക്കും വളരെ സമാനമായ പ്രശ്നങ്ങളാണ് ഉള്ളത്. യാത്രാക്കുരുക്കിനു പേരുകേട്ടതാണ് ടോക്കിയോ നഗരം, ജപ്പാനിൽ ഉടനീളമുള്ള മറ്റു നഗരങ്ങളിൽ ഇപ്പോൾ ഗതാഗത നിരക്ക് വർധിക്കുകയാണ്. ഫിലിപ്പീൻസിലെ കാര്യമെടുക്കുക. “സൂചികുത്താനിടയില്ലാതവണ്ണം തൊട്ടുതൊട്ടാണ് തെരുവുകളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്, ഏറ്റവും യാത്രാതിരക്കേറിയ മണിക്കൂറുകളുടെ ദൈർഘ്യം കൂടുകയാണ്, ആയിരക്കണക്കിനു സ്ഥിരയാത്രക്കാരാണ് വാഹനമൊന്നു നീങ്ങിക്കിട്ടാൻ കാത്തുകെട്ടിക്കിടക്കുന്നത്,” മനിലാ ബുള്ളറ്റിനിൽവന്ന ഇത്തരം റിപ്പോർട്ടുകൾ സാധാരണമാണവിടെ.
ഇപ്പോൾ ഈ പ്രതിസന്ധിക്ക് ഒരു പൂർണപരിഹാരം ഉള്ളതായി കാണുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു. ഗതാഗതക്കുരുക്കിൽ—തിരക്കേറിയ മണിക്കൂറുകളിലെ യാത്രാക്കുരുക്കുമായി പൊരുത്തപ്പെടൽ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ എഴുത്തുകാരനായ ആന്തണി ഡൗൺസ് ഇപ്രകാരം പറയുന്നു: “ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന യാത്രാക്കുരുക്കിനെതിരെ എന്തൊക്കെ പൊതുനയം രൂപീകരിച്ചാലും, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുംതന്നെ സാഹചര്യം കൂടുതൽ വഷളാകാനാണു സാധ്യത. അതുകൊണ്ട് എനിക്കു പറയാനുള്ളത് ഇതാണ്: അതുമായിട്ടങ്ങ് പൊരുത്തപ്പെടുക.”
നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?
കാര്യങ്ങളുടെ നിജസ്ഥിതി ഇതായതിനാൽ നിങ്ങൾക്ക് ഈ ദുഷ്കരമായ സാഹചര്യത്തോടു പൊരുത്തപ്പെടാൻ എന്തുചെയ്യാൻ കഴിയും? കൂടെക്കൂടെ യാത്രാക്കുരുക്കിൽപ്പെട്ടുപോകുന്ന ജനകോടികളിൽ ഒരാളാണു നിങ്ങളെങ്കിൽ ശാരീരികവും മാനസികവും ആയ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിങ്ങൾക്കു ചിലത് ചെയ്യാൻ കഴിയും.
◼ തയ്യാറെടുക്കുക. യാത്രാക്കുരുക്കിൽപ്പെടുന്നതിനു മുമ്പേതന്നെ പലരും പിരിമുറുക്കത്തിലായിരിക്കും. താമസിച്ച് എഴുന്നേൽക്കുന്ന ഇവർ ധൃതിയിൽ കുളിച്ചൊരുങ്ങി എന്തെങ്കിലും ഭക്ഷണം പെട്ടെന്ന് അകത്താക്കി പുറപ്പെടുന്നു. ജോലിക്ക് എത്താൻ വൈകുമല്ലോ
എന്ന വേവലാതിയുമായാണ് വീട്ടിൽനിന്നിറങ്ങുന്നത്, ഇക്കൂട്ടർക്ക് യാത്രാക്കുരുക്കിൽപ്പെടുമ്പോൾ സമ്മർദം ഒന്നുകൂടെ കൂടുന്നു. ഗതാഗത തടസ്സം ഉണ്ടായേക്കുമെന്ന് ധാരണയുണ്ടെങ്കിൽ യാത്രയ്ക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്ന സമയം കൂട്ടുക. നേരത്തേ പുറപ്പെടുന്നെങ്കിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനു മുമ്പുതന്നെ നിങ്ങൾക്ക് അപ്പുറം കടക്കാൻപോലും കഴിഞ്ഞേക്കും. പതിവുയാത്രയുടെ സമ്മർദം—കാരണങ്ങൾ, ഫലങ്ങൾ, പൊരുത്തപ്പെടൽ രീതികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം അനുസരിച്ച്, “സമ്മർദം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു പതിവുയാത്രക്കാരൻ കാര്യങ്ങൾ മുന്നമേ ചെയ്തുവെക്കും.” “ഇടാനുള്ള വസ്ത്രങ്ങൾ, ബ്രീഫ്കെയ്സ്, തന്റെയും കുട്ടികളുടെയും ഉച്ചഭക്ഷണം എന്നിവയെല്ലാം രാത്രിയിൽത്തന്നെ തയ്യാറാക്കിവെക്കും. അതാകുമ്പോൾ രാവിലത്തെ തിരക്ക് ഒഴിവാക്കാം,” പുസ്തകം തുടരുന്നു. നന്നായി ഉറങ്ങണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നേരത്തേ എഴുന്നേൽക്കണമെങ്കിൽ രാത്രി അധികം വൈകാതെ ഉറങ്ങാൻ പോയേപറ്റൂ.നേരത്തേ എഴുന്നേൽക്കുന്നതുകൊണ്ട് മറ്റുചില പ്രയോജനങ്ങളുമുണ്ട്. ഉദാഹരണത്തിന്, ഗതാഗതക്കുരുക്കിൽ
കുടുങ്ങി ഏറെനേരം വാഹനത്തിലിരിക്കുമ്പോൾ നിങ്ങളുടെ പേശികൾക്കു സമ്മർദം ഏറുകയും അവയുടെ വഴക്കം കുറയുകയും ചെയ്യുന്നു. സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ രാവിലെ വ്യായാമം ചെയ്യരുതോ? പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മൊത്തം ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുകയും ഗതാഗതക്കുരുക്കിൽ പെട്ടുപോകുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകൾ തരണംചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. നേരത്തേ എഴുന്നേറ്റാൽ പോഷകപ്രദമായ ഭക്ഷണം കഴിക്കുന്നതിനുള്ള സമയവും കിട്ടും. എന്തെങ്കിലുമൊക്കെ ചവറുഭക്ഷണവും കഴിച്ച്, അല്ലെങ്കിൽ വെറുംവയറോടെ വഴിയിൽ പെട്ടുപോയാൽ അതു സമ്മർദം കൂടാനേ ഇടയാക്കുകയുള്ളൂ.ഇനി, നിങ്ങളുടെ വാഹനം കേടുപാടുകൾ പോക്കി നല്ലനിലയിലാണോ എന്ന് ഉറപ്പുവരുത്തുന്നത് സമ്മർദം കുറയ്ക്കാൻ സഹായിക്കും. ഗതാഗതക്കുരുക്കിൽ, അതും നടുറോഡിൽ വണ്ടിനിന്നുപോകുന്നത്രയും ദുഷ്കരമായത് വേറെ അധികമില്ല, രൂക്ഷമായ കാലാവസ്ഥയാണെങ്കിൽ പ്രത്യേകിച്ചും. അതുകൊണ്ട് ബ്രേക്കുകൾ, ടയറുകൾ, എസി, ഹീറ്റർ, വിൻഡ്ഷീൽഡ് വൈപ്പറുകൾ, മഞ്ഞ് ഉരുക്കിക്കളയുന്ന ഉപകരണങ്ങൾ, മറ്റു പ്രധാനഭാഗങ്ങൾ തുടങ്ങിയവയെല്ലാം കാലാകാലങ്ങളിൽ കേടുപോക്കി പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുക. ഗതാഗതക്കുരുക്കിൽവെച്ചുണ്ടാകുന്ന ചെറിയൊരു അപകടംപോലും നിങ്ങളുടെ സമ്മർദം അത്യധികമായി വർധിപ്പിച്ചേക്കാം. ഇന്ധനടാങ്കിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് എപ്പോഴും ഉറപ്പാക്കുക.
◼ കാര്യങ്ങൾ അറിഞ്ഞിരിക്കുക. ദിവസവും വണ്ടിയുമെടുത്തു പുറപ്പെടുന്നതിനു മുമ്പേ, മോശമായ കാലാവസ്ഥ, എവിടെയെങ്കിലും റോഡുപണി നടക്കുന്നുണ്ടോ, ഇടയ്ക്ക് എവിടെയെങ്കിലും റോഡ് അടച്ചിട്ടുണ്ടോ, അപകടമുണ്ടായിട്ടുണ്ടോ, മറ്റ് ട്രാഫിക് വിവരങ്ങൾ എന്നിവയെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കുന്നത് സഹായകമായിരുന്നേക്കാം. വാർത്ത കേൾക്കുകയോ പത്രംവായിക്കുകയോ ആരോടെങ്കിലും അന്വേഷിക്കുകയോ ഒക്കെ ചെയ്താൽ നിങ്ങൾക്ക് ഇത്തരം വിവരങ്ങൾ ലഭിച്ചേക്കും. പ്രദേശത്തിന്റെ ഒരു മാപ്പ് ഉണ്ടായിരിക്കുന്നതും നല്ലതാണ്. മറ്റ് വഴികളെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കുക, തടസ്സങ്ങളുള്ള സ്ഥലങ്ങൾ ഒഴിവാക്കി ലക്ഷ്യസ്ഥാനത്തെത്താൻ ഈ വഴികൾ നിങ്ങളെ സഹായിച്ചേക്കും.
◼ വാഹനത്തിലെ ഇരിപ്പ് സൗകര്യപ്രദമാക്കുക. വാഹനത്തിനുള്ളിലെ വായുസഞ്ചാരമാർഗങ്ങളും സീറ്റും ക്രമീകരിച്ചുകൊണ്ട് അതിനുള്ളിലെ ഇരിപ്പ് കഴിയുന്നത്ര സുഖപ്രദമാക്കുക. ഒരു റേഡിയോയോ, കാസെറ്റ്/സിഡി-പ്ലെയറോ ഉണ്ടെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട പാട്ടുകേൾക്കാമല്ലോ. ചിലതരം സംഗീതം മനസ്സിനെ ശാന്തമാക്കി, പിരിമുറുക്കം കുറയ്ക്കും. ഇവയൊക്കെ ഗതാഗതക്കുരുക്കിന്റെ ശബ്ദകോലാഹലങ്ങളിൽനിന്ന് ഒരുപരിധിവരെ നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടുകയും ചെയ്യും. *
◼ സമയം ഫലകരമായി ഉപയോഗിക്കുക. ഗതാഗതക്കുരുക്കിൽപ്പെട്ടുകിടക്കുമ്പോൾ ക്രിയാത്മകമായി ചിന്തിക്കുക, അതാണ് നിങ്ങൾക്കു ചെയ്യാവുന്ന ഏറ്റവും ഫലകരമായ സംഗതികളിലൊന്ന്. ഗതാഗതക്കുരുക്കിന്റെ തലവേദനകളെക്കുറിച്ചു ചിന്തിച്ച് ആവലാതിപ്പെടുന്നതിനു പകരം അന്നത്തെ നിങ്ങളുടെ കാര്യാദികളെക്കുറിച്ചു ചിന്തിക്കാൻ ശ്രമിക്കുക. നിങ്ങൾ തനിയെ ആണെങ്കിൽ ആ സമയത്ത് നിങ്ങൾക്ക് ഒരു അസുലഭ അവസരമാണു വീണുകിട്ടുന്നത്. നിങ്ങളുടെ ചിന്താമണ്ഡലത്തിൽ കുരുങ്ങിക്കിടക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാനും എന്തിന് തീരുമാനങ്ങൾ എടുക്കാൻ പോലുമുള്ള അവസരം, അതും മറ്റാരുടെയും കൈകടത്തലില്ലാതെ.
ഇനി നിങ്ങൾ ഒരു യാത്രക്കാരൻ ആണെന്നിരിക്കട്ടെ, കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വാഹനനിരയെനോക്കി നെടുവീർപ്പിടുന്നത് നിങ്ങളുടെ പിരിമുറുക്കം കൂട്ടുകയേയുള്ളൂ. അതുകൊണ്ട് ഇത്തരം സന്ദർഭങ്ങൾ പ്രയോജനപ്രദമായി ഉപയോഗിക്കാൻ മുന്നമേ പ്ലാൻ ചെയ്യുക. നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകമോ പത്രമോ കൂടെ കരുതരുതോ? കൈയിൽ കൊണ്ടുനടക്കാവുന്ന ഒരു ചെറിയ കമ്പ്യൂട്ടറിൽ കത്തുകൾ എഴുതാനോ ചില ജോലികൾ ചെയ്യാനോ തലേദിവസം കിട്ടിയ കത്തുകൾ പരിശോധിക്കാനോ ഈ സമയം ഉപയോഗിക്കാൻ ചിലർ ഇഷ്ടപ്പെട്ടേക്കാം.
◼ യാഥാർഥ്യബോധം ഉണ്ടായിരിക്കുക. നിങ്ങളുടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് ഒരു നിത്യസംഭവമാണെങ്കിൽ, അതു പ്രതീക്ഷിച്ച് അതിനനുസൃതമായി കാര്യങ്ങൾ ആസൂത്രണം ചെയ്യുക. മിക്ക നഗരങ്ങൾക്കും ഇതിന്റെ പിടിയിൽനിന്ന് മോചനമുണ്ടെന്നു തോന്നുന്നില്ല. ഗതാഗതക്കുരുക്കിൽ—തിരക്കേറിയ മണിക്കൂറുകളിലെ യാത്രാക്കുരുക്കുമായി പൊരുത്തപ്പെടൽ എന്ന പുസ്തകം പറയുന്നു: “തിരക്കേറിയ മണിക്കൂറുകളിലെ യാത്രാക്കുരുക്ക് ഇപ്പോൾത്തന്നെ നിലനിൽക്കുന്ന വൻനഗരങ്ങൾക്കൊന്നിനും അടുത്തഭാവിയിലെങ്ങും അതിൽനിന്നു കാര്യമായ മോചനമുണ്ടാകുമെന്നു തോന്നുന്നില്ല.” അതുകൊണ്ട് ഗതാഗതക്കുരുക്ക് നിങ്ങളുടെ സാധാരണജീവിതത്തിന്റെ ഭാഗമായി കരുതുക. ആ സമയം കഴിയുന്നത്ര ഫലപ്രദമാക്കാൻ വേണ്ടതെല്ലാം ചെയ്യുക.
[അടിക്കുറിപ്പ്]
^ ഉണരുക!യുടെ വായനക്കാരിൽ പലരും ഉണരുക!യുടെയും കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെയും ഓഡിയോ റെക്കോർഡിങ്ങുകൾ കേൾക്കാറുണ്ട്. ചില ഭാഷകളിൽ ഇവയുടെ ഓഡിയോ കാസെറ്റ്, കോംപാക്ട് ഡിസ്ക്, MP3 ഫോർമാറ്റ് എന്നിവ ലഭ്യമാണ്.
[26-ാം പേജിലെ ചിത്രം]
മുന്നമേ കാര്യങ്ങൾ ആസൂത്രണം ചെയ്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുക
[26-ാം പേജിലെ ചിത്രം]
പുറപ്പെടുന്നതിനു മുമ്പ് അനുയോജ്യമായ ഒരു കാസെറ്റോ സിഡി-യോ തിരഞ്ഞെടുക്കുക
[26-ാം പേജിലെ ചിത്രം]
യാത്രക്കാരനാണെങ്കിൽ, സമയം ഫലപ്രദമായി ഉപയോഗിക്കുക
[26-ാം പേജിലെ ചിത്രം]
നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളെപ്രതി അസ്വസ്ഥരാകരുത്