ഞങ്ങളുടെ വിവാഹം എങ്ങനെ നടത്തണം?
യുവജനങ്ങൾ ചോദിക്കുന്നു . . .
ഞങ്ങളുടെ വിവാഹം എങ്ങനെ നടത്തണം?
“ബന്ധുമിത്രാദികളിൽ എല്ലാവരെയുമൊന്നും അറിയിക്കാതെ രഹസ്യമായി ഒരു സ്വകാര്യ ചടങ്ങിൽവെച്ച് വിവാഹിതരാകുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞത് ഞാൻ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന സിൻഡിയാണ്. അതേപ്പറ്റി ചർച്ച ചെയ്തു കഴിഞ്ഞപ്പോൾ, അങ്ങനെ ചെയ്യുകയാണെങ്കിൽ അധികം സമയമോ അധ്വാനമോ വേണ്ടിവരില്ലെന്നും പിരിമുറുക്കം കുറവായിരിക്കുമെന്നും ഉള്ള അഭിപ്രായത്തിൽ ഞങ്ങൾ ഇരുവരും എത്തിച്ചേർന്നു.”—അലൻ. *
നിങ്ങൾ വിവാഹപ്രായത്തിൽ എത്തുകയും ആരെയെങ്കിലും പ്രണയിക്കുകയും ചെയ്യുകയാണെങ്കിൽ രഹസ്യമായി വിവാഹം കഴിക്കുക എന്നത് ആകർഷകമായി തോന്നിയേക്കാം. ചില സാഹചര്യങ്ങളിൽ പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേർ തങ്ങളുടെ മാതാപിതാക്കളോടുപോലും പറയാതെ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കാൻ പ്രലോഭിതരായേക്കാം. എന്താണു ചെയ്യേണ്ടത് എന്നു തീരുമാനിക്കാൻ ഏതു തത്ത്വങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും?
പാരമ്പര്യത്തിനാണോ മുൻതൂക്കം?
വിവാഹം മിക്ക സംസ്കാരങ്ങളിലും ഉള്ള ഒന്നാണ്. എങ്കിലും ആ ചടങ്ങിനോടു ബന്ധപ്പെട്ട ആചാരങ്ങൾ സംസ്കാരങ്ങൾതോറും വ്യത്യാസപ്പെട്ടിരിക്കുന്നു. നാട്ടുനടപ്പ് അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും പിൻപറ്റിക്കൊണ്ടുള്ളതായിരിക്കുമോ തങ്ങളുടെ വിവാഹം എന്നതിനല്ല വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്ത്യാനികൾ മുൻതൂക്കം നൽകുന്നത്. (റോമർ 12:2) മറിച്ച്, യഹോവയാം ദൈവത്തിന് മഹത്ത്വം കൈവരുത്തുന്ന രീതിയിൽ കോർട്ടിങ്ങും വിവാഹവും നടത്തുക എന്നതിലാണ് അവരുടെ മുഖ്യ താത്പര്യം.—1 കൊരിന്ത്യർ 10:31.
വിവാഹം മാന്യമായ ഒരു ക്രമീകരണമായതിനാൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന മിക്കവരും അതു രഹസ്യമായി വെക്കാൻ താത്പര്യപ്പെടുന്നില്ല. പല നാടുകളിലും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യഹോവയുടെ സാക്ഷികൾ സാധാരണമായി തങ്ങളുടെ പ്രാദേശിക രാജ്യഹാളിലെ ഒരു ചടങ്ങിൽവെച്ച് വിവാഹിതരാകാനുള്ള ക്രമീകരണം ചെയ്യുന്നു. * അതിനുശേഷം, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഒരു വിരുന്നിൽ പങ്കുപറ്റുന്നതിനും ഒരുപക്ഷേ അൽപ്പം വിനോദത്തിൽ ഏർപ്പെടുന്നതിനും വേണ്ടി ഒരു സത്കാരം നടത്താൻ അവർ ആഗ്രഹിച്ചേക്കാം. ഇത്തരം ക്രമീകരണങ്ങൾ വലുതും സങ്കീർണവും ആയിരിക്കേണ്ടതില്ല. എന്നിരുന്നാലും വിവാഹവും സത്കാരവും സംഘടിപ്പിക്കുന്നത് സമ്മർദപൂരിതവും ഗണ്യമായ പണച്ചെലവ് ഉൾപ്പെടുന്നതുമാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, ഐക്യനാടുകളിൽ വിവാഹ സത്കാരങ്ങൾക്ക് പലപ്പോഴും ആയിരക്കണക്കിനു ഡോളർ വേണ്ടിവരാറുണ്ട്.
പിരിമുറുക്കവും ചെലവും കുറയ്ക്കാനുള്ള ശ്രമത്തിൽ, ചിലർ കുറച്ചുകൂടെ ലളിതമായ ഒരു മാർഗം തിരഞ്ഞെടുത്തിരിക്കുന്നു. “ഞങ്ങൾ പരമ്പരാഗതമായ രീതിയിൽ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാതാപിതാക്കളോടു പറഞ്ഞു, കാരണം ഞങ്ങളുടെ വിവാഹ ചടങ്ങ്
ലളിതവും ചെലവു ചുരുങ്ങിയതുമായിരിക്കാനാണു ഞങ്ങൾ ആഗ്രഹിച്ചത്. ഞങ്ങളുടെ സാഹചര്യം മനസ്സിലാക്കുന്നതായി എന്റെ മാതാപിതാക്കൾ പറയുകയും ഞങ്ങളോടു സമാനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. അവർ ഞങ്ങളെ വളരെയധികം പിന്തുണച്ചു,” സിൻഡി പറയുന്നു. നേരെ മറിച്ച്, നേരത്തേ പരാമർശിച്ച അലൻ, സിൻഡിയുടെ പ്രതിശ്രുത വരൻ, വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് തന്റെ മാതാപിതാക്കളോടു പറഞ്ഞപ്പോൾ ആ തീരുമാനം ഉൾക്കൊള്ളാൻ അവർക്കു ബുദ്ധിമുട്ടായിരുന്നു. അലൻ പറയുന്നു, “അത് അവരുടെ ഭാഗത്തെ തെറ്റാണെന്നും അവർ എന്തോ ചെയ്തതുകൊണ്ടാണ് ഞങ്ങൾ ഈ തീരുമാനം എടുത്തതെന്നും അവർ വിചാരിച്ചു. എന്നാൽ ഒരിക്കലും അതായിരുന്നില്ല കാരണം.”വളരെ ലളിതമായ ഒരു വിവാഹം മതി എന്നു നിങ്ങൾ തീരുമാനിക്കുന്നെങ്കിൽ അതു നിങ്ങളുടെ മാതാപിതാക്കളെയും നിരാശപ്പെടുത്താനിടയുണ്ട്, കാരണം ആ വിശേഷ ദിവസത്തിൽ സാധിക്കുന്നത്ര ആളുകൾ തങ്ങളോടൊപ്പം ഉണ്ടായിരിക്കാനും ആഹ്ലാദത്തിൽ പങ്കുചേരാനും അവർ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ, നിങ്ങൾ വിവാഹം കഴിക്കുന്നതിനെത്തന്നെ കുടുംബാംഗങ്ങൾ എതിർക്കും എന്ന് അറിയാമെന്നതിനാൽ മാതാപിതാക്കളോടു പോലും പറയാതെ വിവാഹം കഴിക്കുന്നതിനെപ്പറ്റി നിങ്ങൾ ആലോചിക്കുകയാണെങ്കിലോ?
കുടുംബാംഗങ്ങളുടെ വികാരങ്ങൾ കണക്കിലെടുക്കുക
ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കാൻ തക്ക പ്രായം നിങ്ങൾക്ക് ആയിട്ടില്ലെന്നു കരുതുന്നതുകൊണ്ടായിരിക്കാം മാതാപിതാക്കൾ നിങ്ങളെ എതിർക്കുന്നത്. മുതിരുമ്പോൾ നിങ്ങളുടെ അഭിരുചികൾക്കു മാറ്റം വരുമെന്നും അപ്പോൾ വിവാഹ ഇണയുടെ തിരഞ്ഞെടുപ്പിനെ പ്രതി നിങ്ങൾക്കു ഖേദിക്കേണ്ടി വരുമെന്നും അവർ ഭയപ്പെട്ടേക്കാം. ഇനി, നിങ്ങൾക്കു വിവാഹം കഴിക്കാൻ പ്രായമായി എന്ന് മാതാപിതാക്കൾ കരുതുകയാണെങ്കിൽത്തന്നെ, നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ സ്വഭാവത്തിൽ ചില ന്യൂനതകൾ അവർ കണ്ടേക്കാം. അതുമല്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തി നിങ്ങളുടെ അതേ മതവിശ്വാസങ്ങൾ വെച്ചുപുലർത്താത്തതിനാലാകാം അവർ നിങ്ങളുടെ വിവാഹത്തെ എതിർക്കുന്നത്.
നിങ്ങളുടെ മാതാപിതാക്കൾ സത്യക്രിസ്ത്യാനികളാണെങ്കിൽ, അവരുടെ ഉത്കണ്ഠകൾക്ക് സാധ്യതയനുസരിച്ച് ബൈബിളധിഷ്ഠിത കാരണങ്ങളുണ്ടായിരുന്നേക്കാം. തങ്ങൾക്ക് ഉണ്ടായിരുന്നേക്കാവുന്ന ഏതൊരു ആശങ്കയും അവർ തുറന്നു പ്രകടിപ്പിക്കുന്നത് ഉചിതവുമാണ്. അങ്ങനെ ചെയ്യുന്നതിൽ അവർ പരാജയപ്പെടുകയാണെങ്കിൽ യഹോവ അവരെ അവഗണന കാട്ടുന്നവരും സ്നേഹശൂന്യരുമായി വീക്ഷിക്കുമെന്നതിൽ സംശയമില്ല. അവരുടെ അഭിപ്രായങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യും.—സദൃശവാക്യങ്ങൾ 13:1, 24.
ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. നിങ്ങൾ ഒരു വസ്ത്രം വാങ്ങുമ്പോൾ, അതു നിങ്ങൾക്കു ചേരുമോ ഇല്ലയോ എന്നതു സംബന്ധിച്ച് മറ്റാരുടെയെങ്കിലും അഭിപ്രായം തേടാനിടയുണ്ട്. അവരുടെ അഭിപ്രായത്തോടു നിങ്ങൾ എല്ലായ്പോഴും യോജിച്ചെന്നു വരില്ല. എന്നിരുന്നാലും ആ വസ്ത്രത്തിന്റെ സൈസും സ്റ്റൈലും നിങ്ങൾക്കു യോജിച്ചതല്ലെന്ന് നിങ്ങളുടെ അടുത്ത കൂട്ടുകാർക്കു തോന്നുന്നെങ്കിൽ അവർ അതു തുറന്നുപറയാൻ നിങ്ങൾ പ്രതീക്ഷിക്കും. അവരുടെ അഭിപ്രായങ്ങളെ നിങ്ങൾ വിലമതിക്കും; കാരണം പണം വെറുതെ കളയാതിരിക്കാൻ അവർ നിങ്ങളെ സഹായിച്ചേക്കാം. അങ്ങനെയെങ്കിൽ വിവാഹം കഴിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തിയെ സംബന്ധിച്ചുള്ള കുടുംബാംഗങ്ങളുടെ അഭിപ്രായത്തെ നിങ്ങൾ എത്രയധികം വിലമതിക്കേണ്ടതാണ്. നിങ്ങൾക്ക് ഒരു വസ്ത്രം മാറ്റിവാങ്ങിക്കാനോ അത് ഉപേക്ഷിക്കാനോ കഴിയുമായിരിക്കും. എന്നാൽ നിങ്ങളുടെ വിവാഹത്തിന്റെ കാര്യത്തിൽ അത് ആജീവനാന്ത ബന്ധമായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (മത്തായി 19:5, 6) നിങ്ങളുടെ വ്യക്തിത്വവുമായും ആത്മീയതയുമായും ഒത്തുപോകാത്ത ഒരു ഇണയെയാണു നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ ആ വിവാഹം അനുയോജ്യമല്ലാത്ത ഒരു വസ്ത്രം ധരിക്കുന്നതിനെക്കാൾ എത്രയോ അസ്വസ്ഥജനകമായിരിക്കും. (ഉല്പത്തി 2:18; സദൃശവാക്യങ്ങൾ 21:9) അതിന്റെ ഫലമായി യഥാർഥ സന്തുഷ്ടി കണ്ടെത്താനുള്ള ഒരു അവസരം നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.—സദൃശവാക്യങ്ങൾ 5:18; 18:22.
വിവാഹത്തെ എതിർക്കുന്നതിന് ചില മാതാപിതാക്കൾക്ക് സ്വാർഥപരമായ കാരണങ്ങൾ ഉണ്ടായിരിക്കാം എന്നതു ശരിതന്നെ. ഉദാഹരണത്തിന്, തങ്ങളുടെ കുട്ടിയുടെമേൽ നിയന്ത്രണമുണ്ടായിരിക്കാൻ അവർ ആഗ്രഹിച്ചേക്കാം. എന്നിരുന്നാലും നിങ്ങളുടെ മാതാപിതാക്കളുടെ ആകുലതകളെ സ്വാർഥതയാണെന്നു പറഞ്ഞു തള്ളിക്കളയുകയും രഹസ്യമായി വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നതിനുമുമ്പ് എന്തുകൊണ്ട് അവരുടെ തടസ്സവാദങ്ങളെ വിശകലനം ചെയ്തുകൂടാ?
ജാഗ്രതയുണ്ടായിരിക്കേണ്ടതിന്റെ കാരണങ്ങൾ
വളരുന്തോറും നിങ്ങളുടെ അഭിരുചികൾക്കു മാറ്റം വരും എന്നത് ഒരു വസ്തുതയാണ്. അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതി, “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.” (1 കൊരിന്ത്യർ 13:11) സമാനമായി, മറ്റൊരു വ്യക്തിയുടെ സ്വഭാവവിശേഷങ്ങളോടുള്ള ബന്ധത്തിൽ, കൗമാരപ്രായത്തിൽ നിങ്ങൾക്ക് ആകർഷകമായി തോന്നുന്നതും കുറച്ചു കൂടെ പ്രായമായതിനുശേഷം ആകർഷകമായി തോന്നുന്നതും തമ്മിൽ സാധ്യതയനുസരിച്ച് വളരെ വ്യത്യാസമുണ്ടായിരിക്കും. അതുകൊണ്ട്, “നവയൗവനം”—നിങ്ങളുടെ ലൈംഗിക ആഗ്രഹങ്ങൾ അതിന്റെ കൊടുമുടിയിൽ എത്തിനിൽക്കുന്ന വർഷങ്ങൾ—പിന്നിടുന്നതുവരെ കാത്തിരിക്കാനും അതിനുശേഷം മാത്രം വിവാഹ ഇണയെ തിരഞ്ഞെടുക്കുക എന്ന ഗൗരവാവഹമായ നടപടി സ്വീകരിക്കാനും ബൈബിൾ നിർദേശിക്കുന്നു.—1 കൊരിന്ത്യർ 7:36, NW.
നിങ്ങൾ ജീവിതസഖിയാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയിൽ മാതാപിതാക്കൾ കുറ്റം കണ്ടുപിടിക്കുകയാണെങ്കിലോ? ജീവിതത്തിലെ അനുഭവപരിചയത്തിലൂടെ തെറ്റും ശരിയും തമ്മിൽ വിവേചിക്കാൻ തക്കവണ്ണം നിങ്ങളുടെ മാതാപിതാക്കളുടെ ഗ്രഹണപ്രാപ്തികൾ മെച്ചമായി പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ടായിരിക്കാം. (എബ്രായർ 5:14) അതുകൊണ്ട് നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുടെ വ്യക്തിത്വത്തിൽ നിങ്ങൾക്കു കാണാൻ കഴിയാത്ത ഗുരുതരമായ പിശകുകൾ കാണാൻ അവർക്കു സാധിച്ചേക്കും. ജ്ഞാനിയായ ശലോമോന്റെ പിൻവരുന്ന വാക്കുകളിലെ തത്ത്വം പരിചിന്തിക്കുക: “തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും; എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.” (സദൃശവാക്യങ്ങൾ 18:17) സമാനമായി, നിങ്ങളുടെ പ്രേമഭാജനം, താനാണ് നിങ്ങൾക്ക് ഏറ്റവും യോജിച്ച വ്യക്തിയെന്ന് നിങ്ങളെ വിശ്വസിപ്പിച്ചിരിക്കാം. എന്നിരുന്നാലും നിങ്ങളുടെ മാതാപിതാക്കൾ ആ വ്യക്തിയെ ‘പരിശോധിച്ചു’ കഴിയുമ്പോൾ പരിഗണന അർഹിക്കുന്ന ചില വസ്തുതകളിലേക്ക് അവർ നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ചേക്കാം.
ഉദാഹരണത്തിന്, ‘കർത്താവിൽ വിശ്വസിക്കുന്നവനെ മാത്രം’ വിവാഹം കഴിക്കാൻ ബൈബിൾ സത്യക്രിസ്ത്യാനികളെ ഉപദേശിക്കുന്നതായി ശക്തമായ വാക്കുകളിൽ അവർ നിങ്ങളെ ഓർമപ്പെടുത്തിയേക്കാം. (1 കൊരിന്ത്യർ 7:39) ക്രിസ്തീയ വിശ്വാസത്തിലല്ലാതിരുന്നവരെ വിവാഹം കഴിക്കുകയും എന്നാൽ ഇപ്പോൾ ഇണയോടൊപ്പം സന്തോഷത്തോടെ യഹോവയെ സേവിക്കുകയും ചെയ്യുന്ന പലരെയും നിങ്ങൾക്ക് അറിയാമെന്ന് നിങ്ങൾ ന്യായവാദം ചെയ്തേക്കാം. അങ്ങനെ സംഭവിക്കാറുണ്ട് എന്നുള്ളതു ശരിയാണ്. എന്നിരുന്നാലും അത്തരം സംഭവങ്ങൾ വിരളമാണ്. നിങ്ങളുടെ വിശ്വാസം വെച്ചുപുലർത്താത്ത ഒരാളെയാണു നിങ്ങൾ വിവാഹം കഴിക്കുന്നതെങ്കിൽ, നിങ്ങൾ യഹോവയുടെ നിലവാരങ്ങൾ അവഗണിക്കുക മാത്രമല്ല നിങ്ങളെത്തന്നെ ഗുരുതരമായ ആത്മീയ അപകടത്തിലാക്കുകയും ആണ് ചെയ്യുന്നത്.—2 കൊരിന്ത്യർ 6:14. *
വിവാഹത്തിന് ബുദ്ധിശൂന്യമായ ഒരു കാരണം
അധാർമിക നടത്തയിൽ ഏർപ്പെട്ടു എന്ന കാരണത്താൽ ചില യുവപ്രായക്കാർ ഒളിച്ചോടിപ്പോയി വിവാഹിതരായിരിക്കുന്നു. തങ്ങളുടെ പങ്കാളിയെ വിവാഹം കഴിക്കുന്നത് മനസ്സാക്ഷിക്കുത്തിന് അയവു വരുത്തുമെന്ന് അവർ വിചാരിക്കുന്നു. അല്ലെങ്കിൽ ആഗ്രഹിക്കാത്ത ഗർഭധാരണംപോലുള്ള പാപത്തിന്റെ അനന്തരഫലങ്ങൾ മറച്ചുവെക്കാമെന്ന് അവർ പ്രതീക്ഷിച്ചിരിക്കാം.
ഒരു പാപം മൂടിവെക്കുന്നതിനാണു നിങ്ങൾ വിവാഹം കഴിക്കുന്നതെങ്കിൽ, നിങ്ങൾ ഒരു തെറ്റിനോട് മറ്റൊന്നു കൂട്ടുകയായിരിക്കും ചെയ്യുന്നത്. ശലോമോൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.” (സദൃശവാക്യങ്ങൾ 28:13) ശലോമോന്റെ പിതാവായ ദാവീദും മാതാവായ ബത്ത്-ശേബയും തങ്ങളുടെ അധാർമിക പെരുമാറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിന്റെ ഭോഷത്തം മനസ്സിലാക്കി. (2 ശമൂവേൽ 11:2-12:25) നിങ്ങളുടെ പാപം മറച്ചുവെക്കുന്നതിനു പകരം മാതാപിതാക്കളുമായും സഭയിലെ മൂപ്പന്മാരുമായും അതിനെപ്പറ്റി സംസാരിക്കുക. അതിന് നിങ്ങളുടെ ഭാഗത്ത് ധൈര്യം ആവശ്യമാണ്. അനുതാപമുണ്ടെങ്കിൽ യഹോവ നിങ്ങളോടു ക്ഷമിക്കും എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ സാധിക്കും. (യെശയ്യാവു 1:18) ഒരിക്കൽ ശുദ്ധമായ മനസ്സാക്ഷി വീണ്ടെടുത്തുകഴിഞ്ഞാൽ, വിവാഹത്തെപ്പറ്റി സമനിലയോടുകൂടിയ ഒരു തീരുമാനം എടുക്കാൻ കുറച്ചുകൂടി മെച്ചമായ ഒരു സ്ഥാനത്തായിരിക്കും നിങ്ങൾ.
ഖേദിക്കുന്നതിനുള്ള കാരണങ്ങൾ ഒഴിവാക്കുക
തന്റെ വിവാഹത്തെപ്പറ്റി സ്മരിച്ചുകൊണ്ട്, അലൻ പറയുന്നു: “ലളിതമായ വിവാഹം മതി എന്ന ഞങ്ങളുടെ തീരുമാനം ആ സന്ദർഭത്തെ താരതമ്യേന സമ്മർദം കുറവുള്ളതാക്കിത്തീർത്തു. ആ തീരുമാനത്തിലേക്കു നയിച്ച കാരണങ്ങൾ മെച്ചമായി മനസ്സിലാക്കാൻ ഞാൻ എന്റെ കുടുംബത്തെ സഹായിച്ചില്ല എന്നതു മാത്രമാണ് എന്റെ ദുഃഖം.”
വ്യക്തമായും, പ്രായപൂർത്തിയായ ഒരു സ്ത്രീക്കും പുരുഷനും പരമ്പരാഗതമായ രീതിയിൽ വിവാഹിതരാകണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാനാവുന്നതാണ്. എന്നിരുന്നാലും വിവാഹത്തെ സംബന്ധിച്ച ഏതൊരു തീരുമാനവും എടുക്കുമ്പോൾ ധൃതി കൂട്ടാതെ, കുടുംബാംഗങ്ങളുമായി ആലോചിക്കുകയും “നടപ്പു സൂക്ഷിച്ചുകൊള്ളു”കയും ചെയ്യുക. അപ്പോൾ ഖേദിക്കുന്നതിനുള്ള പല കാരണങ്ങളും നിങ്ങൾക്ക് ഒഴിവാക്കാനാകും.—സദൃശവാക്യങ്ങൾ 14:15.
[അടിക്കുറിപ്പുകൾ]
^ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
^ ഈ ആരാധനാസ്ഥലങ്ങൾ യഹോവയുടെ സാക്ഷികളുടെ വിവാഹങ്ങൾക്ക് തികച്ചും അനുയോജ്യമായ വേദികളാണ്. ചടങ്ങ് ലളിതമാണ്. നല്ല വിവാഹബന്ധത്തിന് അടിസ്ഥാനമായി വർത്തിക്കുന്ന ബൈബിൾ തത്ത്വങ്ങളുടെ ഹ്രസ്വമായ ചർച്ചയും ചടങ്ങിന്റെ സവിശേഷതയാണ്. അവർ രാജ്യഹാൾ ഉപയോഗിക്കുന്നതിന് വാടക ഈടാക്കുന്നില്ല.
^ ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായി, വീക്ഷാഗോപുരത്തിന്റെ 2004 ജൂലൈ 1 ലക്കത്തിന്റെ 30-1 പേജുകളും 1990 ജൂൺ 1 ലക്കത്തിന്റെ 12-16 പേജുകളും കാണുക.
[23-ാം പേജിലെ ചിത്രം]
വിവാഹത്തെ സംബന്ധിച്ച ഏതൊരു തീരുമാനം എടുക്കുമ്പോഴും കുടുംബാംഗങ്ങളുമായി ആലോചിക്കുക