വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നഗരങ്ങളെ തീറ്റിപ്പോറ്റൽ ഒരു വെല്ലുവിളി

നഗരങ്ങളെ തീറ്റിപ്പോറ്റൽ ഒരു വെല്ലുവിളി

നഗരങ്ങളെ തീറ്റി​പ്പോ​റ്റൽ ഒരു വെല്ലു​വി​ളി

“ലോക​ത്തി​ലെ നഗരങ്ങളെ വേണ്ടവി​ധം തീറ്റി​പ്പോ​റ്റുക എന്നത്‌ ഒരു വെല്ലു​വി​ളി​യാണ്‌. അതാകട്ടെ, അനുദി​നം രൂക്ഷമാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌. ഭക്ഷ്യോ​ത്‌പാ​ദകർ, ഭക്ഷ്യവ​സ്‌തു​ക്കൾ ഉത്‌പാ​ദ​ക​രിൽനിന്ന്‌ വ്യാപാ​രി​ക​ളു​ടെ പക്കൽ എത്തിക്കു​ന്നവർ, വിപണന മേഖല​യു​ടെ ചുക്കാൻപി​ടി​ക്കു​ന്നവർ, അനവധി വരുന്ന ചില്ലറ വ്യാപാ​രി​കൾ എന്നിവ​രു​ടെ ഒറ്റക്കെ​ട്ടായ പ്രവർത്തനം അത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു.”—ഐക്യ​രാ​ഷ്ട്ര ഭക്ഷ്യ, കാർഷിക സംഘട​ന​യു​ടെ ഡയറക്ടർ ജനറലായ ഷാക്ക്‌ ജൂഫ്‌.

നഗരങ്ങ​ളി​ലെ ഭക്ഷ്യ ഭദ്രത “മാനവ​രാ​ശി​യു​ടെ ക്ഷേമത്തിൽ അതീവ തത്‌പ​ര​രായ ആളുകൾ” 21-ാം നൂറ്റാ​ണ്ടിൽ നേരി​ടുന്ന “ഏറ്റവും വലിയ പ്രശ്‌നം” ആയിത്തീ​രാ​നി​ട​യു​ണ്ടെ​ന്നു​പോ​ലും ഭക്ഷ്യവി​തരണ വിദഗ്‌ധർ പറയുന്നു.

“ആരോ​ഗ്യ​ത്തോ​ടും ചുറു​ചു​റു​ക്കോ​ടും കൂടി ജീവിതം നയിക്കു​ന്ന​തിന്‌ ആവശ്യ​മായ ആഹാരം എല്ലാവർക്കും എല്ലാ സമയത്തും ലഭ്യമാ​യി​രി​ക്കു​ന്ന​തി​നെ​യാണ്‌” ഭക്ഷ്യ ഭദ്രത എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌. ഇന്ന്‌ ലോക​വ്യാ​പ​ക​മാ​യി ലഭ്യമാ​യി​ട്ടുള്ള ഭക്ഷണം ആവശ്യാ​നു​സ​രണം വിതരണം ചെയ്യു​ന്ന​പക്ഷം അത്‌ ഭൂമി​യി​ലെ എല്ലാവ​രെ​യും തീറ്റി​പ്പോ​റ്റാൻ മാത്ര​മുണ്ട്‌. പക്ഷേ, 84 കോടി​യോ​ളം ആളുക​ളാണ്‌ ഓരോ രാത്രി​യും വയറു​നി​റയെ ഭക്ഷണം കഴിക്കാ​നി​ല്ലാ​തെ കിടന്നു​റ​ങ്ങു​ന്നത്‌. ഇവരിൽ പലരും നഗരങ്ങ​ളി​ലാണ്‌ കഴിയു​ന്നത്‌. പ്രശ്‌ന​ത്തി​ന്റെ ചില മുഖങ്ങൾ പരിചി​ന്തി​ക്കുക.

പെരു​വ​യ​റ​ന്മാ​രായ വൻനഗ​ര​ങ്ങൾ

നഗരങ്ങൾ വളരു​ന്ന​ത​നു​സ​രിച്ച്‌ പുതിയ വീടു​ക​ളും വ്യവസാ​യ​ശാ​ല​ക​ളും റോഡു​ക​ളും, മുമ്പ്‌ കൃഷി​ക്കാ​യി ഒഴിച്ചി​ട്ടി​രുന്ന പ്രാന്ത​പ്ര​ദേ​ശങ്ങൾ കയ്യേറാൻ തുടങ്ങു​ന്നു. ഫലമോ? നഗരങ്ങളെ തീറ്റി​പ്പോ​റ്റുന്ന കൃഷി​യി​ടങ്ങൾ കൂടുതൽ അകലേക്കു പിൻവാ​ങ്ങു​ന്നു. പലപ്പോ​ഴും, നഗരങ്ങൾക്കു​ള്ളിൽ കാര്യ​മായ കൃഷി​യൊ​ന്നും നടക്കു​ന്നില്ല. ഒട്ടും കൃഷി​യി​ല്ലാത്ത നഗരങ്ങ​ളും ധാരാളം. മാംസം വിപണി​യി​ലെ​ത്തു​ന്നത്‌ അകലെ​യുള്ള നാട്ടിൻപു​റ​ങ്ങ​ളിൽനി​ന്നാണ്‌. പല വികസ്വര രാജ്യ​ങ്ങ​ളി​ലും ഭക്ഷ്യവ​സ്‌തു​ക്കൾ കൃഷി​യി​ട​ങ്ങ​ളിൽനി​ന്നു നഗരങ്ങ​ളിൽ എത്തിക്കു​ന്ന​തി​നുള്ള റോഡു​സൗ​ക​ര്യം കുറവാണ്‌. തത്‌ഫ​ല​മാ​യി യാത്ര​യ്‌ക്ക്‌ കൂടുതൽ സമയം വേണ്ടി​വ​രു​ന്നു​വെന്നു മാത്രമല്ല കൂടുതൽ ഭക്ഷ്യവ​സ്‌തു​ക്കൾ വഴിക്കു കേടാ​യി​പ്പോ​കാ​നും ഇടയാ​കു​ന്നു. ഇതി​ന്റെ​യെ​ല്ലാം ഭവിഷ്യത്ത്‌ അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നത്‌ ഉപഭോ​ക്താ​ക്ക​ളാണ്‌. ഭക്ഷ്യവ​സ്‌തു​ക്കൾ ഉയർന്ന​വി​ല​യ്‌ക്ക്‌ വാങ്ങേ​ണ്ടി​വ​രുന്ന അവരിൽ പലരും ദാരി​ദ്ര്യ​ത്താൽ നട്ടംതി​രി​യു​ന്ന​വ​രാണ്‌.

വികസ്വര ലോക​ത്തി​ലെ ചില നഗരങ്ങൾ ഇപ്പോൾത്തന്നെ വലുതാണ്‌. അവ ഇനിയും വളരു​മെന്ന്‌ ഉറപ്പാണ്‌. 2015 ആകു​മ്പോ​ഴേക്ക്‌ മും​ബൈ​യി​ലെ ജനസംഖ്യ 2.26 കോടി​യും ഡൽഹി​യി​ലേത്‌ 2.09 കോടി​യും മെക്‌സി​ക്കോ സിറ്റി​യി​ലേത്‌ 2.06 കോടി​യും സാവൊ പൗലോ​യി​ലേത്‌ 2 കോടി​യും ആയി ഉയരു​മെന്ന്‌ കരുതു​ന്നു. മനില​യോ റിയോ ഡി ജനീ​റോ​യോ പോലെ ഒരു കോടി നിവാ​സി​ക​ളുള്ള ഒരു നഗരിക്ക്‌ ദിവസേന 6,000 ടൺ ആഹാര​മാണ്‌ ഇറക്കു​മതി ചെയ്യേ​ണ്ട​താ​യി വരുന്നത്‌.

അത്‌ ഒരു ഭാരിച്ച സംരംഭം തന്നെയാണ്‌. അത്‌ എളുപ്പ​മാ​ക്കാൻ വഴി​യൊ​ട്ടു കാണു​ന്നു​മില്ല, പ്രത്യേ​കി​ച്ചും ജനസംഖ്യ ത്വരി​ത​ഗ​തി​യിൽ വർധി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ. ഇത്തരം സ്ഥലങ്ങളിൽ ഒന്നാണ്‌ പാക്കി​സ്ഥാ​നി​ലെ ലാഹോർ. ഉയർന്ന ജനനനി​ര​ക്കും (2.8 ശതമാനം) ചില ഉറവി​ടങ്ങൾ പറയു​ന്ന​തു​പോ​ലെ നാട്ടിൻപു​റ​ങ്ങ​ളിൽനി​ന്നുള്ള “ഞെട്ടി​ക്കുന്ന” നിരക്കി​ലുള്ള കുടി​യേ​റ്റ​വും ചേർന്ന്‌ ആ നഗരത്തെ ശ്വാസം​മു​ട്ടി​ക്കു​ന്നു. പല വികസ്വര രാഷ്ട്ര​ങ്ങ​ളി​ലും ലക്ഷക്കണ​ക്കിന്‌ ആളുകൾ ജീവിതം പച്ചപി​ടി​പ്പി​ക്കാ​മെന്ന പ്രതീ​ക്ഷ​യിൽ നഗരങ്ങ​ളി​ലേക്കു ചേക്കേ​റു​ന്നു. മെച്ചപ്പെട്ട ജീവിത ചുറ്റു​പാ​ടു​കൾ, തൊഴി​ലു​കൾ, സാധന​സാ​മ​ഗ്രി​കൾ, സേവനങ്ങൾ എന്നിവ സ്വപ്‌നം കണ്ടുള്ള​താണ്‌ ജനപ്പെ​രു​പ്പ​ത്താൽ ഇപ്പോൾത്തന്നെ പൊറു​തി​മു​ട്ടുന്ന നഗരങ്ങ​ളി​ലേ​ക്കുള്ള ഈ കുടി​യേറ്റം. ഇതിന്റെ ഇപ്പോ​ഴത്തെ നിരക്കു വെച്ചു നോക്കു​മ്പോൾ ബംഗ്ലാ​ദേ​ശി​ലെ ധാക്ക നഗരത്തി​ലെ ജനസംഖ്യ പ്രതി​വർഷം പത്തു ലക്ഷമോ അതില​ധി​ക​മോ കണ്ടു വർധി​ക്കാ​നാ​ണു സാധ്യത. ചൈന​യി​ലെ ജനങ്ങളിൽ മൂന്നിൽ രണ്ടും ഇപ്പോൾ നാട്ടിൻപു​റ​ങ്ങ​ളി​ലാ​ണു പാർക്കു​ന്ന​തെ​ങ്കിൽ 2025 ആകു​മ്പോ​ഴേ​ക്കും ഭൂരി​പക്ഷം ആളുക​ളും നഗരങ്ങ​ളി​ലാ​യി​രി​ക്കും പാർക്കു​ക​യെ​ന്നാ​ണു പ്രവചനം. കണക്കു​കൂ​ട്ടൽ അനുസ​രിച്ച്‌ അപ്പോ​ഴേ​ക്കും ഇന്ത്യയി​ലെ നഗരങ്ങ​ളി​ലെ ജനസംഖ്യ 60 കോടി ആയിത്തീ​രും.

നഗരങ്ങ​ളി​ലേ​ക്കു​ള്ള ആളുക​ളു​ടെ കുടി​യേറ്റം ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളു​ടെ​യും മുഖച്ഛാ​യ​തന്നെ മാറ്റി​ക്ക​ള​യു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പശ്ചിമാ​ഫ്രിക്ക. 1960-ൽ അവിടത്തെ നഗര​പ്ര​ദേ​ശ​ങ്ങ​ളിൽ പാർത്തി​രു​ന്നത്‌ ജനസം​ഖ്യ​യു​ടെ 14 ശതമാനം മാത്ര​മാ​യി​രു​ന്നെ​ങ്കിൽ 1997 ആയപ്പോൾ നഗരങ്ങ​ളി​ലെ ജനസംഖ്യ 40 ശതമാ​ന​മാ​യി ഉയർന്നി​രു​ന്നു. 2020 ആകു​മ്പോ​ഴേ​ക്കും ഇത്‌ 63 ശതമാ​ന​മാ​യി ഉയരു​മെ​ന്നാണ്‌ കണക്കാ​ക്കു​ന്നത്‌. ആഫ്രി​ക്ക​യു​ടെ ഏറ്റവും കിഴക്കേ അറ്റത്തോ​ടു ചേർന്നു കിടക്കുന്ന ഭൂവി​ഭാ​ഗ​ത്തി​ലുള്ള നഗരങ്ങ​ളി​ലെ ജനസംഖ്യ ഒരു പതിറ്റാ​ണ്ടു​കൊണ്ട്‌ ഇരട്ടി​യാ​കു​മെന്നു പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. വികസ്വര രാജ്യ​ങ്ങ​ളിൽ സമീപ ഭാവി​യിൽ ഉണ്ടാകാൻ പോകുന്ന മൊത്തം ജനസം​ഖ്യാ വർധന​യു​ടെ 90 ശതമാ​ന​വും പട്ടണങ്ങ​ളി​ലും നഗരങ്ങ​ളി​ലും ആയിരി​ക്കു​മെ​ന്നാ​ണു പ്രവചനം.

നഗര പ്രദേ​ശ​ങ്ങ​ളി​ലേക്കു ഭക്ഷ്യവ​സ്‌തു​ക്കൾ വൻതോ​തിൽ എത്തിച്ചു​കൊണ്ട്‌ ഈ ആളുക​ളു​ടെ​യെ​ല്ലാം വിശപ്പ​ക​റ്റുക എന്നത്‌ ബൃഹത്തായ ഒരു സംരംഭം തന്നെയാണ്‌. ആയിര​ക്ക​ണ​ക്കി​നു കർഷകർ, ഭക്ഷ്യവ​സ്‌തു​ക്കൾ പായ്‌ക്കു ചെയ്യു​ന്നവർ, ട്രക്ക്‌ ഡ്രൈ​വർമാർ, വ്യാപാ​രി​കൾ, ചുമട്ടു​തൊ​ഴി​ലാ​ളി​കൾ തുടങ്ങി​യവർ കൈ​കോർത്തു പ്രവർത്തി​ച്ചാൽ മാത്രമേ ഇതു സാധ്യ​മാ​കൂ. ഒപ്പം ആയിര​ക്ക​ണ​ക്കിന്‌ വാഹന​ങ്ങ​ളും വേണം. എന്നാൽ ചില നഗര​കേ​ന്ദ്ര​ങ്ങ​ളി​ലെ വർധിച്ച ഭക്ഷണാ​വ​ശ്യം അവയെ തീറ്റി​പ്പോ​റ്റുന്ന ചുറ്റു​മുള്ള പ്രദേ​ശ​ങ്ങളെ വീർപ്പു​മു​ട്ടി​ക്കു​ക​യാണ്‌. അവയുടെ വിശപ്പ​ട​ക്കാൻ ഈ പ്രദേ​ശങ്ങൾ അപര്യാ​പ്‌ത​മാണ്‌. കൂടാതെ, വികസ്വര നാടു​ക​ളി​ലെ മിക്ക നഗരങ്ങ​ളി​ലും ഗതാഗതം പോലുള്ള സേവന​ങ്ങ​ളും സംഭര​ണ​ശാ​ലകൾ, കമ്പോ​ളങ്ങൾ, കശാപ്പു​ശാ​ലകൾ തുടങ്ങി​യ​വ​യും ഇപ്പോൾത്തന്നെ താങ്ങാ​വു​ന്ന​തി​ലേറെ ഭാരം പേറു​ന്നുണ്ട്‌.

ദാരി​ദ്ര്യം കൊടി​കു​ത്തി​വാ​ഴു​മ്പോൾ

ദാരി​ദ്ര്യം കൊടി​കു​ത്തി​വാ​ഴു​മ്പോൾ എണ്ണത്തിൽ പെരു​കി​ക്കൊ​ണ്ടി​രി​ക്കുന്ന ജനതതി​യെ തീറ്റി​പ്പോ​റ്റുക എന്ന വെല്ലു​വി​ളി ഒന്നുകൂ​ടി സങ്കീർണ​മാ​യി​ത്തീ​രു​ന്നു. ഗ്വാട്ടി​മാല സിറ്റി, ധാക്ക, ഫ്രീടൗൺ, ലാഗോസ്‌, ലാ പാസ്‌ തുടങ്ങി വികസ്വര നാടു​ക​ളി​ലെ പല വൻനഗ​ര​ങ്ങ​ളി​ലും ദാരി​ദ്ര്യ​ത്തി​ന്റെ നിരക്ക്‌ ഇപ്പോൾത്തന്നെ 50 ശതമാ​ന​മോ അതി​ലേ​റെ​യോ ആണ്‌.

അത്തരം സ്ഥലങ്ങളി​ലേ​ക്കുള്ള ഭക്ഷ്യ വിതര​ണ​ത്തെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യു​മ്പോൾ വിശകലന വിദഗ്‌ധർ ലഭ്യത​യും പ്രാപ്യ​ത​യും തമ്മിൽ വ്യത്യാ​സം കൽപ്പി​ക്കു​ന്നു. ഭക്ഷ്യവ​സ്‌തു​ക്കൾ നഗരത്തി​ലെ വിപണി​ക​ളിൽ ഉണ്ടായി​രി​ക്കാം, അതായത്‌ അവ ലഭ്യമാ​യി​രി​ക്കാം. എന്നാൽ അവയുടെ വില അവിടത്തെ ദരി​ദ്ര​ജ​ന​ത​യ്‌ക്ക്‌ താങ്ങാ​വു​ന്ന​തി​ലേറെ ആണെങ്കിൽ അതു​കൊണ്ട്‌ അവർക്ക്‌ ഒരു പ്രയോ​ജ​ന​വു​മില്ല. വരുമാ​നം വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ചില നഗരവാ​സി​കൾ വൈവി​ധ്യ​മേ​റിയ ആഹാര​സാ​ധ​നങ്ങൾ ഉയർന്ന അളവിൽ വാങ്ങി ഭക്ഷിക്കു​ന്ന​താ​യി കാണുന്നു. അതേസ​മയം, അവിട​ത്തെ​തന്നെ നിർധ​ന​രായ ആളുകൾ തങ്ങളുടെ ആവശ്യ​ങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസൃ​ത​മാ​യി വേണ്ടത്ര ആഹാരം വാങ്ങാ​നാ​കാ​തെ ബുദ്ധി​മു​ട്ടു​ന്നു. അത്തരം ദരിദ്ര കുടും​ബ​ങ്ങൾക്ക്‌ തങ്ങളുടെ മൊത്തം വരുമാ​ന​ത്തി​ന്റെ 60 മുതൽ 80 വരെ ശതമാനം ഭക്ഷണത്തി​നാ​യി ചെലവാ​ക്കേ​ണ്ടി​വ​ന്നേ​ക്കാം.

ഭക്ഷ്യവ​സ്‌തു​ക്കൾ കുറേ​ശ്ശെ​യാ​യി വാങ്ങു​ന്ന​തി​നു പകരം കുറെ​യേറെ ഒന്നിച്ചു​വാ​ങ്ങു​ക​യാ​ണെ​ങ്കിൽ ഒരുപക്ഷേ ചെലവ്‌ കുറവാ​യി​രു​ന്നേ​ക്കാം. എന്നാൽ ആവശ്യ​ത്തി​നു പണം കയ്യിൽ ഇല്ലാത്ത​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്‌ അസാധ്യ​മാണ്‌. പല കുടും​ബ​ങ്ങൾക്കും കഷ്ടിച്ചു വിശപ്പ​ക​റ്റാ​നുള്ള ആഹാര​ത്തി​നു​പോ​ലു​മുള്ള വകയില്ല. ഫലമോ, അവർ വികല​പോ​ഷ​ണ​ത്തി​ന്റെ പിടി​യി​ല​മ​രു​ന്നു. സഹാറ​യ്‌ക്കു തെക്കുള്ള ആഫ്രിക്കൻ നഗരങ്ങ​ളിൽ വികല​പോ​ഷണം “ഗുരു​ത​ര​വും വ്യാപ​ക​വു​മായ ഒരു പ്രശ്‌നം” ആയിത്തീർന്നി​രി​ക്കു​ന്നു​വെന്ന്‌ പറയ​പ്പെ​ടു​ന്നു. വികല​പോ​ഷ​ണ​ത്തി​ന്റെ കെടു​തി​കൾ അനുഭ​വി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ ഒന്നു മാത്ര​മാ​ണിത്‌.

ഈ പ്രശ്‌ന​ത്തിന്‌ വിശേ​ഷി​ച്ചും ഇരകളാ​കു​ന്നത്‌ നാട്ടിൻപു​റ​ങ്ങ​ളിൽനി​ന്നു നഗരങ്ങ​ളി​ലേക്കു പുതു​താ​യി ചേക്കേ​റു​ന്ന​വ​രാണ്‌. നഗരത്തി​ലെ പുതിയ ചുറ്റു​പാ​ടു​ക​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ബുദ്ധി​മു​ട്ടുന്ന ഇക്കൂട്ട​രിൽ ഒറ്റക്കാ​രായ അമ്മമാർ, ജോലി​യിൽ പ്രവേ​ശി​ച്ചിട്ട്‌ അധിക​മാ​കാത്ത സർക്കാർ ഉദ്യോ​ഗസ്ഥർ (ഗവൺമെ​ന്റിന്‌ വേണ്ടത്ര പണമി​ല്ലാ​ത്തതു നിമിത്തം ഇവർക്കു സമയത്ത്‌ ശമ്പളം ലഭി​ച്ചെന്നു വരില്ല), വികലാം​ഗർ, പ്രായ​മാ​യവർ, രോഗി​കൾ എന്നിവർ ഉൾപ്പെ​ടു​ന്നു. ഇക്കൂട്ടർ മിക്ക​പ്പോ​ഴും നഗര​കേ​ന്ദ്ര​ങ്ങ​ളിൽനിന്ന്‌ ദൂരെ മാറി​യാ​യി​രി​ക്കും താമസി​ക്കു​ന്നത്‌. ഈ സ്ഥലങ്ങളിൽ വൈദ്യു​തി, പൈപ്പു സൗകര്യം, റോഡു​കൾ, അഴുക്കു​ചാ​ലു​കൾ, ചപ്പുച​വ​റു​കൾ നിർമാർജനം ചെയ്യാ​നുള്ള സൗകര്യ​ങ്ങൾ എന്നിങ്ങ​നെ​യുള്ള അടിസ്ഥാന സൗകര്യ​ങ്ങൾപോ​ലും ഉണ്ടായി​രി​ക്കി​ല്ലെന്നു മാത്രമല്ല, അധികം​പേ​രും പാർക്കു​ന്നത്‌ താത്‌കാ​ലി​ക​മോ ഒട്ടും സുരക്ഷി​ത​മ​ല്ലാ​ത്ത​തോ ആയ വീടു​ക​ളി​ലും ആയിരി​ക്കും. ഇത്തരം ചുറ്റു​പാ​ടു​ക​ളിൽ അഹോ​വൃ​ത്തി​ക്കു വക കണ്ടെത്താൻ പാടു​പെ​ടുന്ന ജനകോ​ടി​കളെ ഭക്ഷ്യോ​ത്‌പാ​ദന, വിതരണ സംവി​ധാ​ന​ത്തി​ലെ ഏതൊരു പാളി​ച്ച​ക​ളും വളരെ പെട്ടെന്നു ബാധി​ക്കും. ഏറ്റവും അടുത്തുള്ള മാർക്ക​റ്റു​കൾതന്നെ അവർ പാർക്കു​ന്നി​ട​ത്തു​നിന്ന്‌ വളരെ അകലെ ആയിരി​ക്കും. ഇക്കൂട്ടർക്ക്‌ ഗുണമേന്മ കുറഞ്ഞ സാധനങ്ങൾ തീവി​ല​യ്‌ക്ക്‌ വാങ്ങു​ക​യ​ല്ലാ​തെ നിർവാ​ഹ​മില്ല. എത്ര ദയനീ​യ​മായ അവസ്ഥ!

അനിശ്ചി​ത​ത്വം നിറഞ്ഞ അനാ​രോ​ഗ്യ​ക​ര​മായ ചുറ്റു​പാ​ടു​കൾ

നഗരങ്ങ​ളി​ലെ ജനസംഖ്യ ആസൂ​ത്ര​ണ​മി​ല്ലാ​തെ​യും നിയമ​വി​രു​ദ്ധ​മാ​യും പെട്ടെന്നു വർധി​ക്കു​ന്നത്‌ പലയി​ട​ങ്ങ​ളി​ലും സാധാ​ര​ണ​മാണ്‌. അനാ​രോ​ഗ്യ​ക​ര​വും കുറ്റകൃ​ത്യ​ങ്ങൾ തേർവാഴ്‌ച നടത്തുന്ന സുരക്ഷി​ത​മ​ല്ലാ​ത്ത​തും ആയ ചുറ്റു​പാ​ടു​കൾക്ക്‌ ഇത്‌ വഴി​യൊ​രു​ക്കു​ന്നു. “താരത​മ്യേന വളരെ ചെറിയ ഒരു കൂട്ടം ആളുകളെ മാത്രം പോറ്റി​പ്പു​ലർത്താൻ പര്യാ​പ്‌ത​മായ ചുറ്റു​പാ​ടു​ക​ളി​ലെ കുതി​ച്ചു​യ​രുന്ന ജനപ്പെ​രു​പ്പത്തെ കൈകാ​ര്യം​ചെ​യ്യാൻ വികസ്വര നാടു​ക​ളി​ലെ നഗരാ​ധി​കൃ​തർ മിക്ക​പ്പോ​ഴും പെടാ​പ്പാ​ടു പെടു​ക​യാണ്‌” എന്ന്‌ നഗരങ്ങളെ തീറ്റി​പ്പോ​റ്റൽ എന്ന ഐക്യ​രാ​ഷ്ട്ര ഭക്ഷ്യ, കാർഷിക സംഘട​ന​യു​ടെ പ്രസി​ദ്ധീ​ക​രണം പറയുന്നു.

ആഫ്രി​ക്ക​യിൽ മിക്കയി​ട​ങ്ങ​ളി​ലും കമ്പോ​ളങ്ങൾ പൊന്തി​വ​രു​ന്നത്‌ പലപ്പോ​ഴും യാതൊ​രു ആസൂ​ത്ര​ണ​വും ഇല്ലാ​തെ​യാണ്‌. ആവശ്യ​ക്കാർ ഉള്ളിട​ത്തൊ​ക്കെ വ്യാപാ​രി​കൾ തങ്ങളുടെ സാധനങ്ങൾ വിറ്റഴി​ച്ചു തുടങ്ങു​ന്നു. ഇങ്ങനെ ഉയർന്നു​വ​രുന്ന മാർക്ക​റ്റു​ക​ളിൽ ഏറ്റവും അടിസ്ഥാന സൗകര്യ​ങ്ങൾപോ​ലും ഉണ്ടാവില്ല.

ശ്രീല​ങ്ക​യി​ലെ കൊളം​ബോ​യു​ടെ കാര്യം​തന്നെ എടുക്കാം. മൊത്ത​വ്യാ​പാ​ര​വും ചില്ലറ​വ്യാ​പാ​ര​വും നടക്കുന്ന അവിടത്തെ കമ്പോ​ളങ്ങൾ സൗകര്യ​പ്ര​ദ​മായ ഇടങ്ങളി​ലല്ല സ്ഥിതി​ചെ​യ്യു​ന്നത്‌. അമിത​മായ തിക്കി​ലും തിരക്കി​ലും വീർപ്പു​മു​ട്ടു​ക​യാ​ണവ. കമ്പോള മധ്യത്തിൽ എത്താനും അവി​ടെ​നി​ന്നു തിരി​കെ​പ്പോ​രാ​നും മണിക്കൂ​റു​കൾ വേണ്ടി​വ​രു​ന്ന​താ​യി ട്രക്ക്‌ ഡ്രൈ​വർമാർ പരാതി​പ്പെ​ടു​ന്നു. വാഹനങ്ങൾ പാർക്ക്‌ ചെയ്യാ​നും സാധനങ്ങൾ കയറ്റി​യി​റ​ക്കാ​നു​മുള്ള സ്ഥലവും പരിമി​ത​മാണ്‌.

ഇനിയും ചിലയി​ട​ങ്ങ​ളിൽ കമ്പോ​ളങ്ങൾ വൃത്തി​യാ​യി സൂക്ഷി​ക്കു​ക​യോ അവ ശരിയായ വിധത്തിൽ നോക്കി​ന​ട​ത്തു​ക​യോ ചെയ്യു​ന്നില്ല. ജൈവ മാലി​ന്യ​ങ്ങ​ളു​ടെ​യും മറ്റു പാഴ്‌വ​സ്‌തു​ക്ക​ളു​ടെ​യും അളവു വർധി​ച്ചു​വ​രു​ന്നതു മൂലമുള്ള വൃത്തി​ഹീ​ന​മായ ചുറ്റു​പാ​ടു​കൾ ആരോ​ഗ്യ​ത്തി​നു ഭീഷണി ഉയർത്തു​ന്നു. “ഈ പ്രശ്‌നങ്ങൾ ജീവിത ഗുണനി​ല​വാ​ര​ത്തി​ന്റെ പടിപ​ടി​യാ​യുള്ള അപചയ​ത്തിന്‌ കാരണ​മാ​കു​ന്നു” എന്ന്‌ ഒരു ദക്ഷി​ണേ​ഷ്യൻ നഗരത്തി​ന്റെ മേയർ പറയുന്നു.

ഒരു ദക്ഷിണ​പൂർവേ​ഷ്യൻ നഗരത്തി​ലെ മാംസ​വി​പ​ണി​യിൽ നടത്തിയ ഒരു സർവേ ശുചി​ത്വം, പരിസ്ഥി​തി എന്നിവ​യു​മാ​യി ബന്ധപ്പെട്ട പ്രശ്‌ന​ങ്ങ​ളു​ടെ ആഴങ്ങളി​ലേക്കു വെളിച്ചം വീശുന്നു. മാംസം “പൊടി​യും ചെളി​വെ​ള്ള​വും ഒക്കെയുള്ള വെറും നിലത്തു​വെച്ച്‌ വിൽക്കു​ന്നത്‌” അവിടെ സാധാ​ര​ണ​മാണ്‌. പരി​ശോ​ധ​ന​യ്‌ക്കു വിധേ​യ​മാ​ക്കിയ പന്നിയി​റ​ച്ചി​യു​ടെ 40 ശതമാ​ന​ത്തി​ലും മാട്ടി​റ​ച്ചി​യു​ടെ 60 ശതമാ​ന​ത്തി​ലും സാൽമൊ​ണെല്ല ഉണ്ടായി​രു​ന്നു. പരി​ശോ​ധ​ന​യ്‌ക്ക്‌ എടുത്ത മുഴുവൻ മാട്ടി​റ​ച്ചി​യി​ലും ഇ. കോളൈ ബാക്ടീ​രി​യയെ കാണാൻ കഴിഞ്ഞു. ഈയം, മെർക്കു​റി തുടങ്ങിയ ഘനലോ​ഹ​ങ്ങ​ളും മാംസ​ത്തിൽ അടങ്ങി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

ഭക്ഷണസാ​ധ​ന​ങ്ങൾ മതിയായ അളവി​ലോ ക്രമമായ അടിസ്ഥാ​ന​ത്തി​ലോ ലഭ്യമ​ല്ലാ​ത്ത​തി​നാൽ നഗരവാ​സി​കൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ കൃഷി​ചെ​യ്‌തു തുടങ്ങു​ന്നു. നൈജീ​രി​യ​യി​ലെ കാനോ​യി​ലുള്ള പലരും ഈ രീതി​യിൽ കൃഷി നടത്തു​ന്ന​വ​രാണ്‌. എന്നാൽ ഇവരിൽ മിക്കവർക്കും കൃഷി​സ്ഥ​ല​ത്തി​ന്മേൽ നിയമ​പ​ര​മായ അവകാ​ശ​ങ്ങ​ളൊ​ന്നു​മില്ല. അതു​കൊ​ണ്ടു​തന്നെ ഏതു സമയത്തും അവരെ ഒഴിപ്പി​ക്കാം. അങ്ങനെ അധ്വാ​നി​ച്ചു നട്ടുണ്ടാ​ക്കിയ വിളക​ളൊ​ക്കെ അവർക്കു നഷ്ടമാ​യെന്നു വരാം.

ഐക്യ​രാ​ഷ്ട്ര ഭക്ഷ്യ, കാർഷിക സംഘട​ന​യു​ടെ നഗര ഭക്ഷ്യ-ഭദ്രതാ വിദഗ്‌ധ​നായ ഓലി​വി​യോ ആർജെന്റി ഒരു മെക്‌സി​ക്കൻ നഗരത്തി​ലെ കൃഷി​സ്ഥലം സന്ദർശി​ച്ച​പ്പോൾ താൻ കണ്ടെത്തിയ കാര്യം വിവരി​ക്കു​ന്നു. ഒരു നദി​യോ​ടു ചേർന്നാണ്‌ ഈ കൃഷി​സ്ഥലം. അടുത്തുള്ള ഒരു ഗ്രാമ​ത്തിൽനി​ന്നു മാലി​ന്യ​ങ്ങൾ മുഴു​വ​നും ഒഴുകി​വീ​ഴു​ന്നത്‌ ഈ നദിയി​ലേ​ക്കാണ്‌. സ്ഥലത്തെ കർഷകർ പച്ചക്കറി​കൾ നനയ്‌ക്കു​ന്നത്‌ ഇതിലെ വെള്ളം കോരി​യാണ്‌. വിത്തു​പാ​കാ​നാ​യി നില​മൊ​രു​ക്കു​ന്ന​താ​കട്ടെ അതിലെ ചേറു​കൊ​ണ്ടും. “ഉൾപ്പെ​ട്ടി​രി​ക്കുന്ന അപകട​ത്തെ​ക്കു​റിച്ച്‌ അറിയാ​മോ​യെന്ന്‌ ഞാൻ അധികൃ​ത​രോ​ടു ചോദി​ച്ചു. ആവശ്യ​മായ പണമോ സാമ​ഗ്രി​ക​ളോ ഇല്ലാത്ത​തി​നാൽ യാതൊ​ന്നും ചെയ്യാൻ പറ്റാത്ത സ്ഥാനത്താ​ണു തങ്ങൾ എന്നായി​രു​ന്നു അവരുടെ മറുപടി,” ആർജെന്റി എഴുതു​ന്നു. വികസ്വര നാടു​ക​ളിൽ ഉടനീ​ള​മുള്ള പല സ്ഥലങ്ങ​ളെ​യും ഇത്തരം പ്രശ്‌നങ്ങൾ ചൂഴ്‌ന്നു​നിൽക്കു​ന്നതു കാണാം.

പ്രശ്‌ന​പ​രി​ഹാ​ര​ത്തി​നാ​യി കിണഞ്ഞു​ശ്ര​മി​ക്കുന്ന നഗരങ്ങൾ

ത്വരി​ത​ഗ​തി​യി​ലുള്ള വളർച്ച​യ്‌ക്കു വേദി​യാ​കുന്ന നഗരങ്ങ​ളു​ടെ പ്രശ്‌നങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. അന്താരാ​ഷ്ട്ര സംഘട​ന​ക​ളും ആസൂ​ത്ര​ക​രും ഭരണസാ​ര​ഥ്യം വഹിക്കു​ന്ന​വ​രും ഒക്കെ അവയ്‌ക്കു പരിഹാ​രം കാണാൻ തങ്ങളാ​ലാ​വു​ന്നത്‌ ചെയ്യു​ന്നുണ്ട്‌. നാട്ടിൻപു​റ​ങ്ങ​ളി​ലെ ഭക്ഷ്യോ​ത്‌പാ​ദനം ഉന്നമി​പ്പി​ക്കുക, ഉത്‌പാ​ദി​പ്പി​ക്കുന്ന ഭക്ഷ്യവ​സ്‌തു​ക്കൾ മതിയായ അളവിൽ ലഭ്യമാ​ക്കുക, പുതിയ റോഡു​ക​ളും കമ്പോ​ള​ങ്ങ​ളും കശാപ്പു​ശാ​ല​ക​ളും പണിയുക എന്നിവ അവരുടെ പദ്ധതി​ക​ളിൽ ചിലതാണ്‌. സംഭര​ണ​ശാ​ല​ക​ളു​ടെ കാര്യ​ത്തിൽ സ്വകാര്യ മുതൽമു​ടക്ക്‌ പ്രോ​ത്സാ​ഹി​പ്പി​ക്കുക; കർഷകർ, വ്യാപാ​രി​കൾ, സാധനങ്ങൾ ഒരിട​ത്തു​നിന്ന്‌ മറ്റൊ​രി​ടത്ത്‌ എത്തിക്കു​ന്നവർ എന്നിവർക്ക്‌ പണം കടം വാങ്ങു​ന്നത്‌ എളുപ്പ​മാ​ക്കി​ത്തീർക്കുക; വ്യാപാ​രം, ശുചി​ത്വം എന്നിവ സംബന്ധിച്ച നിയമങ്ങൾ നടപ്പി​ലാ​ക്കുക തുടങ്ങി​യവ ചെയ്യേ​ണ്ട​തി​ന്റെ ആവശ്യ​വും അവർ കാണുന്നു. ശ്രമങ്ങ​ളെ​ല്ലാം ഉണ്ടായി​രു​ന്നി​ട്ടും പല പ്രാ​ദേ​ശിക അധികാ​രി​ക​ളും ഉൾപ്പെ​ട്ടി​രി​ക്കുന്ന പ്രശ്‌നങ്ങൾ തിരി​ച്ച​റിഞ്ഞ്‌ വേണ്ടവി​ധം പ്രതി​ക​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്ന​താ​യി വിശകലന വിദഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അവർ അവ തിരി​ച്ച​റിഞ്ഞ്‌ പ്രതി​ക​രി​ച്ചാൽ തന്നെ, പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നാ​വ​ശ്യ​മായ വിഭവ​ശേഷി കുറവാണ്‌.

നഗരങ്ങളെ, പ്രത്യേ​കി​ച്ചും വികസ്വര രാജ്യ​ങ്ങ​ളി​ലെ നഗരങ്ങളെ, വീർപ്പു​മു​ട്ടി​ക്കുന്ന വെല്ലു​വി​ളി​ക​ളു​ടെ ബാഹു​ല്യം അടിയ​ന്തിര മുന്നറി​യി​പ്പു​കൾ മുഴക്കാൻ ചിലരെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു. വാഷി​ങ്‌ടൺ ഡി.സി.-യിലെ അന്താരാ​ഷ്ട്ര ഭക്ഷ്യനയ ഗവേഷണ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ന്റെ അഭി​പ്രാ​യ​ത്തിൽ “നഗരങ്ങ​ളി​ലെ ജനസംഖ്യ ഇനിയും വർധി​ച്ചു​കൊ​ണ്ടി​രി​ക്കും, [പട്ടിണി, വികല​പോ​ഷണം, ദാരി​ദ്ര്യം] തുടങ്ങിയ പ്രശ്‌ന​ങ്ങ​ളും അതോ​ടൊ​പ്പം വർധി​ക്കു​ക​യേ​യു​ള്ളൂ—ഇപ്പോൾ നാം നടപടി എടുക്കാ​ത്ത​പക്ഷം.” നഗരങ്ങളെ വലയ്‌ക്കുന്ന പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കണ്ടെത്തു​ന്ന​തിൽ പ്രതി​ജ്ഞാ​ബ​ദ്ധ​രായ സംഘട​ന​ക​ളു​ടെ ഒരു അന്തർദേ​ശീയ ശൃംഖ​ല​യാണ്‌ മെഗാ-സിറ്റീസ്‌ പ്രോ​ജ​ക്‌റ്റ്‌. അതിന്റെ പ്രസി​ഡ​ന്റായ ജാനിസ്‌ പെൾമൻ ദരിദ്ര രാജ്യ​ങ്ങ​ളി​ലെ നഗരങ്ങ​ളു​ടെ ഭാവി​യെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “സാമ്പത്തി​ക​വും പാരി​സ്ഥി​തി​ക​വു​മായ പരിമി​തി​കൾക്കു​ള്ളിൽ നിന്നു​കൊണ്ട്‌ ഇത്രയ​ധി​കം ജനസാ​ന്ദ്ര​ത​യുള്ള പ്രദേ​ശത്തെ ഇത്ര​യേറെ ആളുകൾക്ക്‌ ആഹാരം, പാർപ്പി​ടം, തൊഴിൽ, ഗതാഗത സൗകര്യം എന്നിവ ലഭ്യമാ​ക്കേണ്ട ഒരു അവസ്ഥാ​വി​ശേഷം ഉടലെ​ടു​ക്കു​ന്നത്‌ ഇത്‌ ആദ്യമാ​യാണ്‌. നഗരങ്ങ​ളിൽ തിങ്ങി​പ്പാർക്കുന്ന ജനതതി​കൾ മനുഷ്യ​ജീ​വനെ പുലർത്താ​നുള്ള അവയുടെ വിഭവ​ശേഷി മുഴുവൻ ഊറ്റി​യെ​ടു​ക്കു​ക​യാണ്‌.”

എന്നാൽ ഭക്ഷ്യോ​ത്‌പാ​ദ​ന​ത്തോ​ടും വിതര​ണ​ത്തോ​ടും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പെട്ടെ​ന്നു​തന്നെ പരിഹ​രി​ക്ക​പ്പെ​ടും എന്നു വിശ്വ​സി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌.

[5-ാം പേജിലെ ചതുരം]

വളരുന്ന നഗരങ്ങൾ

അടുത്ത 30 വർഷത്തി​നു​ള്ളിൽ ലോക​മെ​മ്പാ​ടും പ്രതീ​ക്ഷി​ക്ക​പ്പെ​ടുന്ന ജനസം​ഖ്യാ വളർച്ച​യിൽ അധിക​ത്തി​നും വേദി​യാ​കു​ന്നത്‌ നഗരങ്ങ​ളാ​യി​രി​ക്കും.

2007 ആകു​മ്പോ​ഴേ​ക്കും ലോക ജനസം​ഖ്യ​യു​ടെ പകുതി​യി​ല​ധി​കം നഗര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കും പാർക്കു​ക​യെന്നു പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

ലോക​മെ​മ്പാ​ടു​മുള്ള നഗരവാ​സി​ക​ളു​ടെ എണ്ണത്തിൽ വർഷം​തോ​റും ശരാശരി 1.8 ശതമാ​ന​ത്തി​ന്റെ വർധന ഉണ്ടാകു​മെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു; നഗരങ്ങ​ളി​ലെ ജനസംഖ്യ ഈ നിരക്കിൽ വർധി​ച്ചാൽ 38 വർഷം​കൊണ്ട്‌ അത്‌ ഇരട്ടി​യാ​യി​ത്തീ​രും.

50 ലക്ഷമോ അതില​ധി​ക​മോ നിവാ​സി​ക​ളുള്ള നഗരങ്ങ​ളു​ടെ എണ്ണം 2003-ൽ 46 ആയിരു​ന്നെ​ങ്കിൽ 2015 ആകു​മ്പോ​ഴേ​ക്കും 61 ആയിത്തീ​രു​മെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു.

[കടപ്പാട്‌]

ഉറവിടം: World Urbanization Prospects—The 2003 Revision, United Nations Department of Economic and Social Affairs, Population Division

[6-ാം പേജിലെ ചതുരം]

ആശ്രയയോഗ്യമല്ലാത്ത ഭക്ഷ്യവി​ത​ര​ണ​ത്തി​ന്റെ ചില കാരണ​ങ്ങ​ളും ഫലങ്ങളും

“ഭക്ഷ്യവില കുതി​ച്ചു​യർന്നി​ട്ടു​ള്ള​പ്പോ​ഴൊ​ക്കെ നഗരങ്ങ​ളിൽ രാഷ്ട്രീയ പ്രക്ഷു​ബ്ധാ​വ​സ്ഥ​യും സാമൂ​ഹിക അസ്ഥിര​ത​യും രംഗ​പ്ര​വേശം ചെയ്‌തി​ട്ടുണ്ട്‌. മുഴു​ലോ​ക​ത്തി​നും അറിവുള്ള കാര്യ​മാ​ണിത്‌.”—യുഎൻ ഭക്ഷ്യ, കാർഷിക സംഘട​ന​യു​ടെ ഡയറക്ടർ ജനറലായ ഷാക്ക്‌ ജൂഫ്‌.

ഷോർഷ്‌, മിച്ച്‌ എന്നീ ചുഴലി​ക്കൊ​ടു​ങ്കാ​റ്റു​കൾ 1999-ൽ കരീബി​യൻ പ്രദേ​ശ​ത്തെ​യും മധ്യ അമേരി​ക്ക​യെ​യും പ്രഹരിച്ച്‌ വ്യാപ​ക​മായ വിനാശം വിതച്ചു, സാധാരണ ജനജീ​വി​തം സ്‌തം​ഭി​ച്ചു, ഭക്ഷ്യദൗർല​ഭ്യം അനുഭ​വ​പ്പെട്ടു.

ഇന്ധനവില ഉയർത്തി​യ​തി​നെ​തി​രെ 1999-ൽ ഇക്വ​ഡോ​റി​ലും 2000-ത്തിൽ ബ്രിട്ട​നി​ലും അരങ്ങേ​റിയ പ്രതി​ഷേധ പ്രകട​നങ്ങൾ ഭക്ഷ്യവി​ത​ര​ണത്തെ സാരമാ​യി ബാധിച്ചു.

യുദ്ധത്തി​ന്റെ കെടു​തി​ക​ളിൽ ഒന്നാണ്‌ ഭക്ഷ്യക്ഷാ​മം.

[7-ാം പേജിലെ ചതുരം/ചിത്രം]

കോടികളിൽ ഒരാൾ

പെറു​വി​ലെ ലിമയു​ടെ പ്രാന്ത​പ്ര​ദേ​ശ​ത്തുള്ള പുറ​മ്പോ​ക്കി​ലാണ്‌ (മുകളിൽ കാണി​ച്ചി​രി​ക്കു​ന്നു) കോൺസ്വെ​ലോ​യും 13 മക്കളും പാർക്കു​ന്നത്‌. മക്കളിൽ മൂന്നു പേർ ക്ഷയരോ​ഗി​ക​ളാണ്‌. അവൾ തന്റെ കഥ പറയുന്നു: “ഞങ്ങൾ അങ്ങ്‌ മലമ്പ്ര​ദേ​ശ​ത്താ​ണു പാർത്തി​രു​ന്നത്‌. എന്നാൽ ഒരു ദിവസം രാത്രി​യിൽ ഞങ്ങളുടെ ഗ്രാമ​ത്തിൽനിന്ന്‌ നൂറു​ക​ണ​ക്കി​നാ​ളു​കൾ നഗരത്തി​ലേക്കു ചേക്കേറി. ‘ലിമയി​ലാ​കു​മ്പോൾ കുട്ടി​കൾക്കു പള്ളിക്കൂ​ട​ത്തിൽ പോകാ​നും ഷൂസ്‌ വാങ്ങി​ക്കൊ​ടു​ക്കാ​നും സാധി​ക്കും, അങ്ങനെ അവരുടെ ജീവിതം പച്ചപി​ടി​ക്കു​മ​ല്ലോ’ എന്നു ഞങ്ങൾ കരുതി.” അതു​കൊണ്ട്‌ ഗ്രാമ​വാ​സി​കൾ പുൽപ്പാ​യകൾ നെയ്‌തു​ണ്ടാ​ക്കി, എന്നിട്ട്‌ ഒരു രാത്രി​യിൽ നഗരത്തി​ലേക്കു കുടി​യേറി. അവിടെ അവർ പുൽക്കു​ടി​ലു​കൾ കെട്ടി താമസ​മാ​രം​ഭി​ച്ചു. നേരം വെളു​ത്ത​പ്പോ​ഴേ​ക്കും അധികൃ​തർക്ക്‌ ഒഴിപ്പി​ക്കാൻ കഴിയാ​ത്തത്ര ആളുകൾ അവിടെ താമസം ഉറപ്പിച്ചു കഴിഞ്ഞി​രു​ന്നു.

കോൺസ്വെ​ലോ​യു​ടെ വീടിന്റെ മേൽക്കൂ​ര​യിൽ വലി​യൊ​രു ദ്വാര​മുണ്ട്‌. തറയാ​ണെ​ങ്കിൽ വെറും മണ്ണു​കൊ​ണ്ടു​ള്ള​താണ്‌. “പണക്കാർക്കു വിൽക്കാൻ വേണ്ടി​യാണ്‌ ഞാൻ ഈ കോഴി​ക്കു​ഞ്ഞു​ങ്ങളെ വളർത്തു​ന്നത്‌,” കുടി​ലി​നു വെളി​യി​ലൂ​ടെ ഓടി നടക്കുന്ന കോഴി​കളെ ചൂണ്ടി​ക്കാ​ട്ടി​ക്കൊണ്ട്‌ അവൾ പറയുന്നു. “അവയെ വിറ്റു കിട്ടുന്ന പണം​കൊണ്ട്‌ മകൾക്കു ഷൂസ്‌ വാങ്ങണ​മെ​ന്നാ​യി​രു​ന്നു എന്റെ ആഗ്രഹം. എന്നാൽ ഇപ്പോൾ അതു മുഴു​വ​നും ആശുപ​ത്രി​യി​ലും മരുന്നി​നു​മാ​യി ചെലവാ​ക്കി​യേ മതിയാ​കൂ.”

വിശപ്പ​ട​ക്കാ​നാ​യി കോൺസ്വെ​ലോ​യു​ടെ പക്കൽ കുറച്ച്‌ ഉള്ളികൾ മാത്ര​മേ​യു​ള്ളൂ. പണി കിട്ടാൻ വലിയ ബുദ്ധി​മു​ട്ടാണ്‌. പതിവാ​യി വെള്ളം വാങ്ങാ​നുള്ള പണം പോലും അവളുടെ പക്കലില്ല. എപ്പോൾ വേണ​മെ​ങ്കി​ലും നിലം​പൊ​ത്താ​വുന്ന ആ കൂരയിൽ പൈപ്പു സൗകര്യ​മോ ഒരു കക്കൂസ്‌ പോലു​മോ ഇല്ല. “ഈ ബക്കറ്റാണ്‌ ഞങ്ങളുടെ കക്കൂസ്‌. രാത്രി​യിൽ പിള്ളേർ അതിലുള്ള അഴുക്ക്‌ എവി​ടെ​യെ​ങ്കി​ലും കളഞ്ഞിട്ടു വരും. ഇങ്ങനെ​യൊ​ക്കെ​യാണ്‌ ഞങ്ങളുടെ ജീവിതം,” അവൾ വിവരി​ക്കു​ന്നു.

ഭർത്താ​വിൽനിന്ന്‌ കോൺസ്വെ​ലോ​യ്‌ക്ക്‌ യാതൊ​രു സഹായ​വും കിട്ടു​ന്നില്ല. അവൾ അയാളെ കാണു​ന്ന​തു​തന്നെ വിരള​മാ​യാണ്‌. അവൾക്ക്‌ 30-നും 39-നും ഇടയ്‌ക്കു പ്രായ​മേ​യു​ള്ളൂ. പക്ഷേ കണ്ടാൽ അതി​ലൊ​ക്കെ പ്രായം തോന്നി​ക്കും. “വിങ്ങി​വീർത്തി​രി​ക്കുന്ന അവളുടെ മുഖത്തെ കറുത്തി​രുണ്ട കൊച്ചു മിഴി​ക​ളിൽ നിർവി​കാ​രത തളം​കെ​ട്ടി​നിൽക്കു​ന്നു. അവയിൽ പ്രതീ​ക്ഷ​യു​ടെ നിഴലാ​ട്ടമേ ഇല്ല,” അവളു​മാ​യി അഭിമു​ഖം നടത്തിയ എഴുത്തു​കാ​രി പറയുന്നു.

[കടപ്പാട്‌]

ഉറവിടം: ഇൻ കോൺടെ​ക്‌സ്റ്റ്‌

AP Photo/Silvia Izquierdo

[9-ാം പേജിലെ ചതുരം/ചിത്രം]

“ഞാൻ നഗരത്തി​ലേക്കു മാറണ​മോ?”

നഗരത്തി​ലേക്കു താമസം മാറ്റു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുന്ന ഏതൊ​രാ​ളും ചില ഘടകങ്ങൾ പരിചി​ന്തി​ക്കു​ന്നതു നന്നായി​രി​ക്കും. “ജീവിതം പച്ചപി​ടി​പ്പി​ക്കാ​മെന്ന പ്രതീ​ക്ഷ​യാണ്‌ ആളുകളെ” നഗരങ്ങ​ളി​ലേക്ക്‌ “ആകർഷി​ക്കുന്ന പ്രധാന ഘടകങ്ങ​ളിൽ ഒന്ന്‌. നാട്ടിൻപു​റങ്ങൾ വെച്ചു​നീ​ട്ടുന്ന അവസര​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ ഇവ വളരെ ആകർഷ​ക​മാ​യി തോന്നു​ന്നു,” നഗരങ്ങളെ തീറ്റി​പ്പോ​റ്റൽ എന്ന യുൻ ഭക്ഷ്യ, കാർഷിക സംഘട​ന​യു​ടെ പ്രസി​ദ്ധീ​ക​രണം പറയുന്നു. എന്നിരു​ന്നാ​ലും “അത്ര പെട്ടെന്ന്‌ ജീവിതം പച്ചപി​ടി​ച്ചെ​ന്നു​വ​രില്ല, ഒരുപക്ഷേ അതിന്‌ ഒരു തലമു​റ​യോ അതി​ലേ​റെ​യോ പോലും കാത്തി​രി​ക്കേണ്ടി വന്നേക്കാം.”

നാട്ടിൻപു​റ​ങ്ങ​ളിൽനി​ന്നു നഗരത്തി​ലേക്കു ചേക്കേ​റുന്ന പലരെ​യും അവിടെ കാത്തി​രി​ക്കു​ന്നത്‌ ഭവനരാ​ഹി​ത്യം, തൊഴി​ലി​ല്ലായ്‌മ തുടങ്ങിയ പ്രശ്‌ന​ങ്ങ​ളാണ്‌. ദാരി​ദ്ര്യ​വും പൂർവാ​ധി​കം ശക്തി​യോ​ടെ അവരു​ടെ​മേൽ പിടി​മു​റു​ക്കു​ന്നു. ഈ പ്രശ്‌ന​ങ്ങ​ളെ​ല്ലാം അവരെ വേട്ടയാ​ടു​ന്ന​തോ തികച്ചും അപരി​ചി​ത​മായ ഒരു ചുറ്റു​പാ​ടി​ലും. അതു​കൊണ്ട്‌ നഗരത്തി​ലേക്കു മാറി​ത്താ​മ​സി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നെ​ങ്കിൽ അത്തര​മൊ​രു നീക്കം കുടും​ബം പുലർത്താൻ നിങ്ങളെ സഹായി​ക്കു​മെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ണ്ടോ? നഗരങ്ങ​ളിൽ എന്തെങ്കി​ലും ജോലി കിട്ടി​യാൽത്തന്നെ താഴ്‌ന്ന വേതനം ആയിരി​ക്കും പലപ്പോ​ഴും ലഭിക്കുക. കഷ്ടിച്ചു ജീവി​ച്ചു​പോ​കാൻതന്നെ ഏറെ നേരം ജോലി ചെയ്യേ​ണ്ടി​വ​രു​ന്ന​തി​ന്റെ സമ്മർദങ്ങൾ നിമിത്തം നിങ്ങൾക്കോ കുടും​ബ​ത്തി​നോ, പ്രധാ​ന​പ്പെ​ട്ട​തെന്നു കരുതുന്ന പ്രവർത്ത​നങ്ങൾ ബലിക​ഴി​ക്കേണ്ടി വന്നേക്കു​മോ?—മത്തായി 28:19, 20; എബ്രായർ 10:24, 25.

ചില മാതാ​പി​താ​ക്കൾ കുടും​ബത്തെ കൂടാതെ നഗരത്തി​ലേക്കു കുടി​യേ​റാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇതു ബുദ്ധി​യാ​ണോ? കുടും​ബ​ത്തി​നു​വേണ്ടി ഭൗതി​ക​മാ​യി കരുതാ​നുള്ള ഉത്തരവാ​ദി​ത്വം ക്രിസ്‌തീയ മാതാ​പി​താ​ക്കൾക്കുണ്ട്‌, എന്നാൽ വീട്ടിൽ നിങ്ങളു​ടെ സാന്നി​ധ്യം ഇല്ലാതെ വരുന്നത്‌ കുടും​ബത്തെ വൈകാ​രി​ക​മാ​യും ആത്മീയ​മാ​യും എങ്ങനെ ബാധി​ക്കും? (1 തിമൊ​ഥെ​യൊസ്‌ 5:8) മക്കളെ “കർത്താ​വി​ന്റെ ബാലശി​ക്ഷ​യി​ലും പത്ഥ്യോ​പ​ദേ​ശ​ത്തി​ലും” ഫലകര​മാ​യി വളർത്തി​ക്കൊ​ണ്ടു​വ​രാൻ പിതാ​ക്ക​ന്മാർക്കു കഴിയു​മോ? (എഫെസ്യർ 6:4) ഭർത്താ​വും ഭാര്യ​യും വേറിട്ടു താമസി​ക്കു​ന്നത്‌ ധാർമിക പ്രലോ​ഭ​ന​ങ്ങൾക്ക്‌ അവരെ വിധേ​യ​രാ​ക്കു​മോ?—1 കൊരി​ന്ത്യർ 7:5.

നഗരത്തി​ലേക്കു മാറി​ത്താ​മ​സി​ക്കു​ന്നതു സംബന്ധിച്ച ഏതു തീരു​മാ​ന​വും വ്യക്തി​പ​ര​മാ​യി എടുക്കേണ്ട ഒന്നാണ്‌. അത്തരം ഒരു തീരു​മാ​നം എടുക്കു​ന്ന​തി​നു മുമ്പ്‌ ക്രിസ്‌ത്യാ​നി​കൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാ ഘടകങ്ങ​ളും വിലയി​രു​ത്തു​ക​യും പ്രാർഥ​ന​യിൽ യഹോ​വ​യു​ടെ മാർഗ​നിർദേശം തേടു​ക​യും വേണം.—ലൂക്കൊസ്‌ 14:28.

[8, 9 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ശുചിത്വമില്ലായ്‌മയും ഗതാഗത തിരക്കും നഗരങ്ങളെ വീർപ്പു​മു​ട്ടി​ക്കു​ന്നു

ഇന്ത്യ

നൈജർ

മെക്‌സിക്കോ

ബംഗ്ലാദേശ്‌

[8-ാം പേജിലെ ചിത്രം]

നഗരങ്ങളിലെ പല ദരിദ്ര കുടും​ബ​ങ്ങ​ളി​ലും കുട്ടി​കൾക്കു​പോ​ലും പണി​യെ​ടു​ക്കേ​ണ്ടി​വ​രു​ന്നു

[8-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഇന്ത്യ: © Mark Henley/Panos Pictures; നൈജർ: © Olivio Argenti; മെക്‌സിക്കോ: © Aubrey Wade/Panos Pictures; ബംഗ്ലാദേശ്‌: © Heldur Netocny/ Panos Pictures; താഴെ​യുള്ള ചിത്രം: © Jean-Leo Dugast/Panos Pictures