നിറചിരിയുടെ സൗന്ദര്യം നിലനിറുത്താൻ
നിറചിരിയുടെ സൗന്ദര്യം നിലനിറുത്താൻ
കാനഡയിലെ ഉണരുക! ലേഖകൻ
കണ്ണാടിയുടെ മുമ്പിൽ നിൽക്കുമ്പോൾ നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ നോക്കും? മുടിയും മറ്റും ശരിക്കാണോ, നന്നായി ഒരുങ്ങിയിട്ടുണ്ടോ എന്നൊക്കെ. ഒന്നു പുഞ്ചിരിച്ചുനോക്കൂ, നിങ്ങളുടെ പുഞ്ചിരിയുടെ സൗന്ദര്യത്തിനു പിന്നിൽ പല്ലുകളാണെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? ഭംഗിയായി പുഞ്ചിരിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ നല്ല ദന്തസംരക്ഷണം കൂടിയേ തീരൂ. പാൽപ്പല്ല് കൊഴിഞ്ഞിട്ടു മുളയ്ക്കുന്ന സ്ഥിരദന്തങ്ങൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കാനുള്ളവയാണ്. അതുകൊണ്ട് അവയ്ക്കു പ്രത്യേക ശ്രദ്ധനൽകണം. ഭക്ഷണം ചവയ്ക്കുകയും തടസ്സമില്ലാതെ സംസാരിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനു പുറമേ, പല്ല് നിങ്ങളുടെ ചുണ്ടുകൾ, കവിളുകൾ എന്നിവയ്ക്ക് ഒരു താങ്ങാണ്. അങ്ങനെ അവ നിങ്ങളുടെ പുഞ്ചിരിയുടെ അഴകും ആകർഷണീയതയും വർധിപ്പിക്കുന്നു. നിങ്ങളുടെ പല്ലുകൾ വിലപ്പെട്ടതാണെന്ന കാര്യം മറക്കരുത്!
ദന്തസംരക്ഷണത്തിന് എന്തുചെയ്യാൻ കഴിയും?
നിങ്ങൾക്ക് ആരോഗ്യമുള്ള പല്ലുകൾ ഉണ്ടായിരിക്കണമെങ്കിൽ ആദ്യംതന്നെ ആഹാരത്തിൽ ശ്രദ്ധിക്കണം. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മുതൽ പല്ലുകളുടെ വളർച്ച പൂർത്തിയാകുന്ന സമയംവരെയുള്ള അവയുടെ വളർച്ചയ്ക്ക് കാൽസ്യം, ജീവകങ്ങളായ എ, സി, ഡി എന്നിവയുൾപ്പെട്ട സമീകൃതാഹാരം സഹായകമാണ്. * നല്ല ഭക്ഷണശീലങ്ങൾ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനു സഹായിക്കും. എന്നാൽ അധികം പഞ്ചസാര അടങ്ങിയ ആഹാരക്രമം ദോഷംചെയ്യും. പല്ലിൽ പൊത്തുകൾ ഉണ്ടാകുന്നതിന്റെ സാധ്യതയെ അതു വർധിപ്പിക്കും. പഞ്ചസാര കഴിക്കുന്നത് ദന്തക്ഷയത്തിനിടയാക്കുമെന്ന് ആവർത്തിച്ചു മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട്. എന്നിട്ടും ശരാശരി വടക്കേ അമേരിക്കക്കാരൻ വർഷം തോറും 50-60 കിലോഗ്രാം പഞ്ചസാര അകത്താക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു! പഞ്ചസാര പല്ലിന് ദോഷം ചെയ്യുന്നത് എന്തുകൊണ്ട്?
ദന്തക്ഷയത്തിനു കാരണം “മ്യൂട്ടൻസ് സ്ട്രെപ്റ്റോകോക്കി, ലാക്ടോബാസില്ലി” എന്നീ രണ്ടുതരം ബാക്ടീരിയയാണ്. ഇവ പല്ലിലുണ്ടാകുന്ന പ്ലാക്കിന്റെ ഭാഗമായിത്തീരുന്നു. ബാക്ടീരിയയും ഭക്ഷണാവശിഷ്ടങ്ങളും ചേർന്നുണ്ടാകുന്ന ഒട്ടുന്ന ഒരു നേർത്ത ആവരണമാണ് പ്ലാക്. പഞ്ചസാര ഭക്ഷിക്കുന്ന പ്ലാക് ബാക്ടീരിയ അതിനെ ഹാനികരമായ ചില അമ്ലങ്ങളാക്കി മാറ്റുന്നു, ഈ അമ്ലങ്ങൾ പല്ലുകൾക്കു കേടുവരുത്താൻ തുടങ്ങുന്നു. ചിലതരം പഞ്ചസാരകൾ വളരെ എളുപ്പത്തിൽ അമ്ലങ്ങളായി മാറ്റാവുന്നവയോ പല്ലിൽ ഒട്ടിപ്പിടിച്ചിരിക്കാനുള്ള സാധ്യത കൂടുതലുള്ളവയോ ആണ്. ഇങ്ങനെ വരുമ്പോൾ ദന്തക്ഷയത്തിനു തുടക്കമിടാൻ പ്ലാക്കിന് കൂടുതൽ സമയം കിട്ടുന്നു. * പ്ലാക് നീക്കംചെയ്യാതിരിക്കുന്നപക്ഷം അത് അവിടെയിരുന്നു കട്ടിപിടിച്ച് മോണയോടു ചേർന്നുള്ള ഭാഗത്തു പറ്റിപ്പിടിക്കുന്ന ടാർടർ അഥവാ കാൽക്കുലസ് ആയിത്തീരാനിടയുണ്ട്.
ദന്തക്ഷയം വ്യാപിക്കുന്നതു തടയുന്നതിന് പ്ലാക്കിനെയും പ്രത്യേകിച്ച് മ്യൂട്ടൻസ് സ്ട്രെപ്റ്റോകോക്കി ബാക്ടീരിയയെയും നിയന്ത്രണവിധേയമാക്കേണ്ടത് അനിവാര്യമാണ്. പുഞ്ചിരിയുടെ ഭംഗി നിലനിറുത്തണമെങ്കിൽ ദിവസവും വായ് നന്നായി വൃത്തിയാക്കിയേ മതിയാകൂ. കൊളംബിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡെന്റൽ ആൻഡ് ഓറൽ സർജറി ഇങ്ങനെ പറയുന്നു: “പല്ലിന്റെയും പല്ലിനു താങ്ങുനൽകുന്ന കലകളുടെയും ആരോഗ്യവും ഓജസ്സും നിലനിറുത്താനായി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനസംഗതി [പല്ലുതേക്കുന്നതും] ഫ്ളോസ് ചെയ്യുന്നതും ആണ്.” പല്ലുതേക്കുകയും ഫ്ളോസ് ചെയ്യുകയും (ഒരു പ്രത്യേകതരം
നൂൽ ഉപയോഗിച്ച് പല്ലിനിടയിൽനിന്ന് അവശിഷ്ടങ്ങൾ നീക്കംചെയ്യൽ) ചെയ്യേണ്ട ഫലപ്രദമായ വിധങ്ങൾ ഈ പേജിലും തുടർന്നുവരുന്ന പേജിലും ചിത്രീകരിച്ചിട്ടുണ്ട്. നിങ്ങളുടെ പല്ലു നന്നായി വൃത്തിയാക്കി പുഞ്ചിരിയുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന് നിങ്ങളുടെ ദന്തഡോക്ടർ മറ്റെന്തെങ്കിലും ഉപകരണങ്ങളോ രീതികളോ ശുപാർശചെയ്തേക്കാം.പല്ല് ആവർത്തിച്ച് അമ്ലവുമായി സമ്പർക്കത്തിൽ വരുമ്പോൾ പല്ലിലെ ധാതുക്കൾ നഷ്ടപ്പെടുകയോ പല്ലിന്റെ ഇനാമൽ മൃദുവാകുകയോ ചെയ്യുന്നു. എന്നിരുന്നാലും അത്തരം ധാതുനഷ്ടം ദിവസവും പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്ങനെ? നഷ്ടപ്പെടുന്ന ധാതുക്കൾ വീണ്ടും ലഭ്യമാക്കിക്കൊണ്ട് ഫ്ളൂറൈഡുകൾ ദന്തക്ഷയം തടയുന്നതിന് സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ദന്തക്ഷയം തുടങ്ങിക്കഴിഞ്ഞാൽ വ്യാപിച്ചുകൊണ്ടിരിക്കുമെങ്കിലും ഫ്ളൂറൈഡുകൾപോലുള്ള ചില ഘടകങ്ങൾ പല്ലിനു ലഭ്യമാണെങ്കിൽ പ്രശ്നം പരിഹരിക്കാൻ കഴിയും. അതേ പല്ലുകൾക്ക് സ്വയം ചികിത്സിക്കാനാകും!
പേടികൂടാതെ ദന്തഡോക്ടറുടെ അടുത്തേക്ക്
ഒരു സർവേയിൽ കുറെയാളുകളോട് തങ്ങൾക്കു പേടിയുള്ള കാര്യങ്ങൾ പട്ടികപ്പെടുത്താൻ ആവശ്യപ്പെട്ടു. പൊതുവേദിയിൽ സംസാരിക്കുന്നതു കഴിഞ്ഞാൽ പിന്നെ ദന്തഡോക്ടറെ സമീപിക്കുന്നതിനെയാണ് അവർ ഭയപ്പെട്ടത്. ഇങ്ങനെ പേടിക്കുന്നതിൽ വല്ല കഴമ്പുമുണ്ടോ? സമ്പന്ന രാഷ്ട്രങ്ങളിൽ ഇപ്പോൾ ദന്തഡോക്ടർമാർക്ക് ദന്തചികിത്സയുമായി ബന്ധപ്പെട്ട മിക്ക സംഗതികളും രോഗിക്ക് കാര്യമായ ഒരു വേദനയും അസ്വസ്ഥതയും ഉണ്ടാകാത്ത വിധത്തിൽ ചെയ്യാൻ കഴിയുന്നുണ്ട്. വേഗത്തിൽ കിഴിക്കാനുള്ള ഡ്രില്ല്, ലോക്കൽ അനസ്തേഷ്യ, പുറമേ എന്തെങ്കിലും പുരട്ടിക്കൊണ്ട് ആ ഭാഗം മാത്രം മരവിപ്പിക്കൽ എന്നീ മാർഗങ്ങളാണ് വേദന തീരെ കുറഞ്ഞ വിധത്തിൽ ചികിത്സിക്കാൻ അവരെ പ്രാപ്തരാക്കുന്നത്. നിങ്ങളുടെ പല്ലിന്റെ ചികിത്സയിലെ ഓരോ പടിയിലും എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നുവെന്ന് അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ പേടി കുറച്ചൊക്കെ ലഘൂകരിക്കാൻ സഹായിച്ചേക്കും.
നിങ്ങൾ ദന്തഡോക്ടറുടെ ചികിത്സാമുറിയിൽ ചെല്ലുമ്പോൾ, സാധാരണഗതിയിൽ വൈദഗ്ധ്യം നേടിയ ഒരു ഹൈജിനിസ്റ്റ് പല്ല് നന്നായി വൃത്തിയാക്കിയേക്കാം, ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കും ഇതു ചെയ്യുന്നത്. പല്ലുതേക്കുന്നതിലൂടെയും ഫ്ളോസ് ചെയ്യുന്നതിലൂടെയും നീക്കംചെയ്യാൻ പറ്റാത്ത സ്ഥലങ്ങളിലുള്ള ടാർടർ, പ്ലാക് എന്നിവ ഇതിലൂടെ നീക്കം ചെയ്യുന്നു. തുടർന്ന് പല്ലുകൾ പോളീഷ് ചെയ്യുന്നു. പ്ലാക് പറ്റിപ്പിടിക്കുന്നതു തടയാനും നിങ്ങളുടെ പുഞ്ചിരിയുടെ തിളക്കം കെടുത്തുന്നതരം കറകൾ നീക്കം ചെയ്യാനും വേണ്ടിയാണിത്.
ഫ്ളൂറൈഡ് ദന്തക്ഷയത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ പലരാജ്യങ്ങളിലും ദന്തചികിത്സാവിദഗ്ധർ ഇത് ജെൽ, ലായനി, വാർണിഷ് എന്നീ രൂപത്തിൽ കുട്ടികളുടെ പല്ലിൽ തേക്കാറുണ്ട്. പലദേശങ്ങളിലും പൊതുജനങ്ങൾക്കുവേണ്ടി വിതരണം ചെയ്യുന്ന വെള്ളത്തിൽ ഫ്ളൂറൈഡ് അടങ്ങിയിട്ടുണ്ടായിരിക്കും, ടൂത്ത്പേസ്റ്റുകളിൽ മിക്കപ്പോഴും ഫ്ളൂറൈഡ് കണ്ടുവരുന്നു, ഇതു ദന്തക്ഷയം കുറയ്ക്കാൻ സഹായിക്കും.
ദന്തഡോക്ടർക്കു ചെയ്യാൻ കഴിയുന്നത്
പല്ലിൽനിന്ന് ധാതുക്കൾ നഷ്ടപ്പെടുന്നതുമൂലം പല്ലിനുണ്ടാകുന്ന കേട് കുറയ്ക്കുന്നതിനായി പ്രതിരോധ നടപടികൾ
കൈക്കൊള്ളാനുള്ള കൂടുതലായ പരിശീലനം ഇന്ന് ദന്തവിദഗ്ധർക്കു കിട്ടിക്കൊണ്ടിരിക്കുന്നു. പല്ലിലെ കേടുകൾ തീരെ നിസ്സാരമായിരിക്കുമ്പോൾത്തന്നെ ചികിത്സിച്ചാൽ പലപ്പോഴും ദന്തക്ഷയം പരിഹരിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് കേടുകൾ നേരത്തേ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത് ഒരു പതിവാക്കുന്നെങ്കിൽ ദന്തഡോക്ടറെ സന്ദർശിക്കുന്നത് അസുഖകരമായ ഒരു അനുഭവം ആയിരിക്കാനിടയില്ല.എന്നാൽ പ്ലാക് ഉത്പാദിപ്പിക്കുന്ന അമ്ലം പല്ലിൽ പറ്റിപ്പിടിച്ചിരുന്നാൽ പല്ലിനു കേടുപിടിക്കും. ഇതു ചികിത്സിക്കാതിരുന്നാൽ പല്ലിൽ പൊത്തുണ്ടാകാനിടയുണ്ട്, ഇതു ശരിയാക്കേണ്ടത് ആവശ്യമാണ്. പല്ലിന്റെ കേട് പല്ലിനോടു ബന്ധപ്പെട്ട നാഡികൾ സ്ഥിതിചെയ്യുന്ന പൾപ്പിനെ (ദന്തമജ്ജയെ) ബാധിച്ചിട്ടില്ലെങ്കിൽ പല്ല് അടച്ചാൽ സാധാരണഗതിയിൽ കാര്യം ശരിയാകും.
പല്ല് അടയ്ക്കുന്നതിനുമുമ്പ് ദന്തഡോക്ടർ ഒരു ഡ്രിൽ ഉപയോഗിച്ച് പല്ലിന്റെ പൊത്ത് വൃത്തിയാക്കുകയും അതിന് ആകൃതിവരുത്തുകയും ചെയ്യുന്നു. തുടർന്ന് അടയ്ക്കാനുള്ള വസ്തുക്കൾ അതിലിട്ടു നിറയ്ക്കുന്നു. പല്ല് അടയ്ക്കാൻ ഉപയോഗിക്കുന്ന അമാൽഗം പെട്ടെന്ന് ഉറച്ചു കട്ടിയാകുന്നതാണ്, അത് പൊത്തിൽ നിറച്ചിട്ട് വേണ്ടവിധത്തിൽ ആകൃതി വരുത്തിയെടുക്കുന്നു. എന്നാൽ പല്ല് അടയ്ക്കാൻ ഉപയോഗിക്കുന്ന കോംപോസിറ്റ് റെസിനുകൾ ഉറയ്ക്കണമെങ്കിൽ ഒരു നീല ഫൈബർ-ഒപ്റ്റിക്ക് ലൈറ്റ് കടത്തിവിടണം. പല്ലിലെ പൊത്തുകൾ അടയ്ക്കാതെ ഇട്ടേക്കുകയാണെങ്കിൽ കേട് പൾപ്പിനെ ബാധിക്കാനിടയുണ്ട്, അങ്ങനെവരുമ്പോൾ റൂട്ട്-കനാൽ ചികിത്സ ചെയ്യുകയോ പല്ല് എടുത്തുകളയുകയോപോലും ചെയ്യേണ്ടതായിവന്നേക്കാം. റൂട്ട്-കനാൽ ചെയ്യുകയാണെങ്കിൽ പല്ല് എടുത്തുകളയുന്നത് ഒഴിവാക്കാനായേക്കും. കാരണം കേടുവന്ന പല്ലിന്റെ ഉൾഭാഗത്ത് മറ്റുവസ്തുക്കൾ ഇട്ട് അടച്ച് ഉറപ്പാക്കുന്നതാണ് റൂട്ട്-കനാൽ ചികിത്സയിൽ ഉൾപ്പെടുന്നത്. ഗുരുതരമായി കേടുപറ്റിയ പല്ലുകളിൽ ഒരു മൂടിപോലെ ‘ക്രൗൺ’ (കൃത്രിമമായ ദന്തശീർഷം അഥവാ മകുടം) പിടിപ്പിക്കുകയോ എടുത്തുകളഞ്ഞശേഷം കൃത്രിമപ്പല്ലുകൾ വെക്കുകയോ ചെയ്യുന്നു. *
ഇത് ശ്രമത്തിനു തക്ക മൂല്യം ഉള്ളതായിരിക്കുന്നതിന്റെ കാരണം
ഇത്രയൊക്കെയായിട്ടും നിങ്ങൾക്ക് ഒരു ദന്തഡോക്ടറുടെ ചികിത്സതേടാൻ പേടിയാണെങ്കിലോ. അങ്ങനെയാണെങ്കിൽ ആദ്യംതന്നെ എന്തൊക്കെയാണ് നിങ്ങളുടെ പേടി എന്ന് അദ്ദേഹത്തോടു തുറന്നു പറയുക. നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുണ്ട് എന്ന് ഡോക്ടറെ അറിയിക്കാൻ എന്ത് അടയാളം (കൈ ഉയർത്തുന്നതുപോലുള്ളവ) ഉപയോഗിക്കും എന്ന് ചികിത്സ തുടങ്ങുന്നതിനുമുമ്പുതന്നെ ഡോക്ടറോടു പറയുക. നിങ്ങളുടെ ദന്തചികിത്സയിലെ ഓരോ പടിയും വിശദീകരിക്കാൻ ഡോക്ടറോട് ആവശ്യപ്പെടുക. ഇനി, നിങ്ങളുടെ കുട്ടിയുടെ ദന്തപരിചരണത്തിന് നിങ്ങൾക്കു ചിലതു ചെയ്യാനാകും, അവനോട് എല്ലായ്പോഴും ദന്തപരിചരണത്തെപ്പറ്റി നല്ലതുമാത്രം പറയുക, കുസൃതികാണിക്കുമ്പോൾ ‘നിന്നെ ഇപ്പോൾത്തന്നെ പല്ലുപറിക്കുന്ന ആ ഡോക്ടറുടെ അടുത്തുകൊണ്ടുപോകും’ എന്നതുപോലുള്ള ഭീഷണികൾ മുഴക്കാതിരിക്കുക.
മൊൺട്രിയൽ സർവകലാശാലയിലെ ഓറൽ ഹെൽത്ത് വിഭാഗത്തിന്റെ പ്രൊഫസർ ഡോ. ഡാനിയേൽ കാൻഡെൽമൻ പറയുന്നു: “ആരോഗ്യം തുളുമ്പുന്ന പ്രകൃതിദത്തമായ പല്ലുകളെ സംരക്ഷിക്കൂ, ജീവിതകാലം മുഴുവനും മുഖത്ത് സുന്ദരമായ പുഞ്ചിരിയുടെ തിളക്കമുണ്ടാകട്ടെ, മൂല്യവത്തായ ഈ ലക്ഷ്യം കൈവരിക്കുക ഇന്ന് സാധ്യമാണ്.” അതേ, ദന്തസംരക്ഷണം ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്!
[അടിക്കുറിപ്പുകൾ]
^ കുഞ്ഞിന്റെ മോണയ്ക്കുള്ളിൽ പല്ലുകൾ രൂപപ്പെടുന്ന ഗർഭാവസ്ഥയിലും ശൈശവകാലത്തും അമ്മ പിൻപറ്റിയ പോഷകാഹാരക്രമത്തിന്റെ സ്ഥായിയായ ഒരു രേഖയാണ് പൂർണമായി വികാസംപ്രാപിച്ച പല്ലുകൾ. കൗമാരത്തിന്റെ ഒടുവിലോ ഇരുപതുകളുടെ പ്രാരംഭവർഷങ്ങളിലോ പല്ലുകളുടെ വളർച്ച അവസാനിക്കുന്നു.
^ സൈലിറ്റോൾ എന്ന പ്രകൃതിജന്യമായ പഞ്ചസാര ദന്തക്ഷയത്തിനു കാരണമാകുന്ന പ്ലാക് ബാക്ടീരിയയെ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്നതായി ദന്തവിദഗ്ധർ കണ്ടുപിടിച്ചിട്ടുണ്ട്. സൈലിറ്റോൾ ചില ച്യൂയിംഗങ്ങളിൽ ഉപയോഗിച്ചുവരുന്നു.
^ കൃത്രിമപ്പല്ലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1993 ജൂൺ 8 ലക്കം ഉണരുക!യുടെ 10-12 പേജുകളിലെ “നിങ്ങൾക്കു കൃത്രിമപ്പല്ലുകൾ ആവശ്യമാണോ?” എന്ന ലേഖനം കാണുക.
[16-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പല്ലു തേക്കുമ്പോൾ
പല്ലു തേക്കുന്നതിന് പല രീതികളുണ്ട്. പക്ഷേ ഇതു ശ്രദ്ധിക്കുക: പേസ്റ്റ് അൽപ്പം മാത്രം ഉപയോഗിക്കുക. പേസ്റ്റ് പല്ലിൽ ഉരയുന്ന പദാർഥമാണ്. “പല്ലിന്റെ ഭാഗങ്ങളെക്കാൾ നൂറുകണക്കിന് മടങ്ങ് കടുപ്പമുള്ളതായിരിക്കാം” അത്.
1 ബ്രഷിന്റെ നാരുള്ള ഭാഗം പല്ലും മോണയും തമ്മിൽ ചേരുന്ന ഭാഗത്ത് ഏതാണ്ട് 45 ഡിഗ്രി ചെരിവിൽ പിടിക്കുക. എന്നിട്ട് പല്ലിന്റെ വിളുമ്പുവരെ ബ്രഷ് മൃദുവായി ചലിപ്പിക്കുക. പല്ലിന്റെ അകവും പുറവും വൃത്തിയാക്കുന്നെന്ന് ഉറപ്പുവരുത്തുക.
2 ചവയ്ക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കാൻ ഹ്രസ്വദൈർഘ്യത്തിൽ ബ്രഷ് ചലിപ്പിക്കുക.
3 മുൻനിരപ്പല്ലുകളുടെ അകവശം വൃത്തിയാക്കാൻ, ബ്രഷ് ഏതാണ്ട് കുത്തനെ പിടിക്കുക, എന്നിട്ട് പല്ലും മോണയും തമ്മിൽ ചേരുന്ന ഭാഗത്തുനിന്ന് പല്ലിന്റെ വിളുമ്പുവരെ തേക്കുക.
4 നാക്കിലും അണ്ണാക്കിലും ബ്രഷോടിച്ച് വൃത്തിയാക്കുക.
[കടപ്പാട്]
1-4 പടികൾ: Courtesy www.OralB.com
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ഫ്ളോസ് ചെയ്യുമ്പോൾ
ദിവസവും ഫ്ളോസ് ചെയ്യാനും ആഹാരം കഴിച്ചശേഷമെല്ലാം പല്ലുതേക്കാനും ദന്തവിദഗ്ധർ ശുപാർശചെയ്യുന്നു.
1 ഇരുകൈകളുടെയും നടുവിരലിൽ ഫ്ളോസ് ചുറ്റുക, ഇടയ്ക്ക് അൽപ്പം സ്ഥലം വിടണം.
2 ഒരു കയ്യുടെ തള്ളവിരലും മറ്റേ കയ്യുടെ ചൂണ്ടുവിരലും ഉപയോഗിച്ച് ഫ്ളോസ് വലിച്ചുപിടിക്കുക, പല്ലുകൾക്കിടയിൽ കടത്തുന്നതിന് ഫ്ളോസ് മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കുക.
3 ഫ്ളോസ് C ആകൃതിയിൽ വളച്ചുപിടിക്കുക, എന്നിട്ട് ഓരോ പല്ലിന്റെയും വശങ്ങളിൽ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക. പല്ലും മോണയും ചേരുന്ന ഭാഗത്തിനു താഴെ മൃദുവായി ചലിപ്പിക്കുക, പക്ഷേ മോണയോടു ചേർത്ത് അമർത്തുകയോ പല്ലും മോണയും ചേരുന്ന ഭാഗത്തിനു താഴെ മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കുകയോ ചെയ്യരുത്.
[കടപ്പാട്]
ഉറവിടം: ദ കൊളംബിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡെന്റൽ ആൻഡ് ഓറൽ സർജറീസ് ഗൈഡ് റ്റു ഫാമിലി ഡെന്റൽ കെയർ
1-3 പടികൾ: Courtesy www.OralB.com