ബൈബിൾ സ്ത്രീകളോടു വിവേചനം കാണിക്കുന്നുണ്ടോ?
ബൈബിളിന്റെ വീക്ഷണം
ബൈബിൾ സ്ത്രീകളോടു വിവേചനം കാണിക്കുന്നുണ്ടോ?
മൂന്നാം നൂറ്റാണ്ടിലെ ഒരു ദൈവശാസ്ത്രജ്ഞനായ തെർത്തുല്യൻ സ്ത്രീകളെ, “പിശാചിന്റെ പ്രവേശന കവാടം” എന്നു വിശേഷിപ്പിച്ചു. സ്ത്രീകൾ പുരുഷന്മാരെക്കാൾ തരംതാണവരാണെന്നു ചിത്രീകരിക്കാൻ ചിലർ ബൈബിളിനെ കൂട്ടുപിടിച്ചിട്ടുണ്ട്. ഫലമോ? ബൈബിൾ സ്ത്രീകളോടു വിവേചനം കാണിക്കുന്നുവെന്ന ധാരണ അത് അനേകരിലും ഉളവാക്കിയിരിക്കുന്നു.
“സ്ത്രീവിമോചനത്തിന്റെ പാതയിലെ ഏറ്റവും വലിയ വിലങ്ങുതടികൾ ബൈബിളും സഭയും ആണെന്ന്” ഐക്യനാടുകളിൽ വനിതകളുടെ അവകാശങ്ങൾക്കായി പൊരുതിയ 19-ാം നൂറ്റാണ്ടിലെ ഒരു മുന്നണിപ്രവർത്തക, എലിസബെത്ത് കാഡി സ്റ്റാൻടൺ ചിന്തിച്ചിരുന്നു. ബൈബിളിലെ ആദ്യ അഞ്ചു പുസ്തകങ്ങളെക്കുറിച്ച് അവർ ഒരിക്കൽ പറഞ്ഞു: “സ്ത്രീകൾ കീഴ്പെട്ടിരിക്കണമെന്നും അവരെ തരംതാഴ്ത്തണമെന്നും ഇത്രമാത്രം നിഷ്കർഷിക്കുന്ന വേറെ പുസ്തകങ്ങളുണ്ടെന്ന് ഞാൻ കരുതുന്നില്ല.”
ഇത്തരം കടുത്ത വീക്ഷണങ്ങൾ വെച്ചുപുലർത്തുന്ന ചിലർ ഇന്നുമുണ്ടായിരിക്കാം. എന്നാൽ അത്രത്തോളമില്ലെങ്കിലും അനേകരും ബൈബിളിന്റെ ചില ഭാഗങ്ങൾ സ്ത്രീവിവേചനത്തെ പിന്താങ്ങുന്നുണ്ടെന്നുതന്നെ ചിന്തിക്കുന്നവരാണ്. അത്തരമൊരു നിഗമനം ശരിയാണോ?
എബ്രായ തിരുവെഴുത്തുകൾ സ്ത്രീകളെ എങ്ങനെ വീക്ഷിക്കുന്നു?
“നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.” (ഉല്പത്തി 3:16) ഇതു ഹവ്വായ്ക്ക് ദൈവത്തിൽനിന്നു കിട്ടിയ ന്യായവിധിയാണെന്നും സ്ത്രീകളെ അടിമത്തത്തിൽവെക്കാൻ പുരുഷന്മാരെ അനുവദിച്ചുകൊണ്ടുള്ള ദൈവാംഗീകാരമാണെന്നും വിമർശകർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഇത് പാപത്തിന്റെയും ദൈവത്തിന്റെ പരമാധികാരം നിരസിച്ചതിന്റെയും ദാരുണമായ പരിണതഫലങ്ങൾ കൃത്യമായി വ്യക്തമാക്കുന്ന ഒരു പ്രസ്താവനയാണ്, അല്ലാതെ സ്ത്രീകളെ സംബന്ധിച്ച ദൈവോദ്ദേശ്യം വെളിപ്പെടുത്തുന്ന ഒരു പ്രഖ്യാപനമല്ല. സ്ത്രീകളോടുള്ള ദുഷ്പെരുമാറ്റം മനുഷ്യവർഗത്തിന്റെ അപൂർണതയുടെ നേരിട്ടുള്ള ഫലമാണ്, ദൈവേഷ്ടമല്ല. പല മാനവസംസ്കാരങ്ങളിലും ഭാര്യമാർക്ക് ഭർത്താക്കന്മാരുടെ മേധാവിത്വത്തിന്റെ ഇരകളാകേണ്ടിവന്നിട്ടുണ്ട്, പലപ്പോഴും വളരെ നിർദയമായ വിധങ്ങളിൽ. എന്നാൽ ഇതൊന്നും ദൈവം ഉദ്ദേശിച്ചിരുന്നതല്ല.
ആദ്യ മാതാപിതാക്കൾ രണ്ടുപേരും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ്. മാത്രമല്ല, സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിവാഴാനുള്ള ദൈവകൽപ്പന ലഭിച്ചതും അവർക്കു രണ്ടുപേർക്കുംകൂടിയായിരുന്നു. ഒരു ടീം എന്ന നിലയിൽ ആദാമും ഹവ്വായും ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ടായിരുന്നു. (ഉല്പത്തി 1:27, 28) അന്ന് ഒരാൾ മറ്റേയാളുടെമേൽ ക്രൂരമേധാവിത്വം പുലർത്തിയിരുന്നില്ലെന്നു വ്യക്തം. ഉല്പത്തി 1:31 പറയുന്നു: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”
ബൈബിൾ വിവരണങ്ങൾ ചിലപ്പോഴൊക്കെ ഒരു പ്രത്യേക കാര്യത്തോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ വീക്ഷണം എന്താണെന്നു സൂചിപ്പിക്കുന്നില്ല, അവ വെറും ചരിത്രവിവരണങ്ങളായിരിക്കാം. തന്റെ പെൺമക്കളെ വിട്ടുതരാമെന്ന് ലോത്ത് സോദോമ്യരോടു പറയുന്നതു സംബന്ധിച്ച വിവരണം നോക്കുക. അത് ധാർമികമായി സ്വീകാര്യമായിരുന്നോ, ദൈവം അതിനെ കുറ്റംവിധിച്ചോ എന്നൊന്നും നാം അവിടെ കാണുന്നില്ല. *—ഉല്പത്തി 19:6-8.
സകലവിധ ചൂഷണവും ദുഷ്പെരുമാറ്റവും ദൈവം വെറുക്കുന്നുവെന്നുള്ളതാണു വസ്തുത. (പുറപ്പാടു 22:22; ആവർത്തനപുസ്തകം 27:19; യെശയ്യാവു 10:1, 2) ബലാത്സംഗവും വേശ്യാവൃത്തിയും മോശൈക ന്യായപ്രമാണത്തിൽ കുറ്റംവിധിച്ചിരുന്നു. (ലേവ്യപുസ്തകം 19:29; ആവർത്തനപുസ്തകം 22:23-29) വ്യഭിചാരം ചെയ്യാൻ പാടില്ലായിരുന്നു, ചെയ്താൽ ഇരുകൂട്ടർക്കും മരണശിക്ഷയായിരുന്നു ഫലം. (ലേവ്യപുസ്തകം 20:10) സ്ത്രീകളോടു വിവേചനം കാണിക്കുന്നതിനു പകരം ന്യായപ്രമാണം അവർക്ക് ഉത്കൃഷ്ട സ്ഥാനം കൽപ്പിച്ചു. ചുറ്റുമുള്ള ദേശങ്ങളിൽ സ്ത്രീകൾക്കെതിരെ വ്യാപകവും സാധാരണവുമായിരുന്ന ചൂഷണത്തിൽനിന്ന് അത് അവരെ സംരക്ഷിച്ചു. പ്രാപ്തിയുള്ള ഒരു യഹൂദ ഭാര്യയെ അതിയായി ബഹുമാനിക്കുകയും വിലകൽപ്പിക്കുകയും ചെയ്തിരുന്നു. (സദൃശവാക്യങ്ങൾ 31:10, 28-30) സ്ത്രീകളോടു ബഹുമാനം കാണിക്കാൻ ആവശ്യപ്പെടുന്ന ദൈവനിയമങ്ങൾ പാലിക്കാൻ ഇസ്രായേല്യർ പരാജയപ്പെട്ടത് അവരുടെ പിഴവായിരുന്നു, അല്ലാതെ ദൈവേഷ്ടമായിരുന്നില്ല. (ആവർത്തനപുസ്തകം 32:5) ഒടുവിൽ, ദൈവം ആ മുഴു ജനതയെയും ന്യായംവിധിച്ചു ശിക്ഷിച്ചു, അവരുടെ കൊടിയ അനുസരണക്കേടുനിമിത്തം.
കീഴ്പെടൽ വിവേചനമാണോ?
ഏതു സമൂഹത്തിലും കാര്യങ്ങൾ ഭംഗിയായി നടക്കണമെങ്കിൽ സംഘാടനം വേണം. അത് അധികാരം പ്രയോഗിക്കേണ്ടത് ആവശ്യമാക്കിത്തീർക്കും. അല്ലെങ്കിലോ? ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയായിരിക്കും ഫലം. “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.”—1 കൊരിന്ത്യർ 14:33.
പൗലൊസ് അപ്പൊസ്തലൻ കുടുംബത്തിലെ ശിരഃസ്ഥാനക്രമീകരണത്തെക്കുറിച്ച് ഇപ്രകാരം വിവരിക്കുന്നു: “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം.” (1 കൊരിന്ത്യർ 11:3) ദൈവം ഒഴികെ ഓരോ വ്യക്തിയും തന്നെക്കാൾ ഉയർന്ന ഒരു അധികാരത്തിനു കീഴിൽവരുന്നു. യേശു ഒരു ശിരഃസ്ഥാനത്തിനു കീഴ്പെട്ടിരിക്കുന്നു എന്ന വസ്തുത അവൻ വിവേചനത്തിന് ഇരയാണെന്ന് അർഥമാക്കുന്നുണ്ടോ? ഒരിക്കലുമില്ല. അതുകൊണ്ട് സഭയിലും കുടുംബത്തിലും നേതൃത്വം എടുക്കാൻ തിരുവെഴുത്തുകൾ പുരുഷന്മാരെ നിയോഗിച്ചിരിക്കുന്നതിനാൽ ബൈബിൾ സ്ത്രീകളോടു വിവേചനം കാണിച്ചിരിക്കുന്നു എന്ന് അർഥമില്ല. കുടുംബത്തിന്റെയും സഭയുടെയും അഭിവൃദ്ധിക്ക് സ്ത്രീകളും പുരുഷന്മാരും സ്നേഹത്തോടും ബഹുമാനത്തോടും കൂടെ അവരവരുടേതായ ധർമങ്ങൾ നിർവഹിക്കേണ്ടതുണ്ട്.—എഫെസ്യർ 5:21-25, 28, 29, 32.
യേശു എല്ലായ്പോഴും സ്ത്രീകളോട് ആദരപൂർവം ഇടപെട്ടു. പരീശന്മാർ വിവേചനാപൂർവം നിഷ്കർഷിച്ച പാരമ്പര്യങ്ങളും സമ്പ്രദായങ്ങളും അവൻ പിൻപറ്റിയില്ല. അവൻ യഹൂദരല്ലാത്ത സ്ത്രീകളോടു സംസാരിച്ചു. (മത്തായി 15:22-28; യോഹന്നാൻ 4:7-9) അവൻ സ്ത്രീകളെ പഠിപ്പിച്ചു. (ലൂക്കൊസ് 10:38-42) ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെടാതിരിക്കാൻ അവൻ സ്ത്രീകൾക്കു സംരക്ഷണനിയമം വെച്ചു. (മർക്കൊസ് 10:11, 12) അവന്റെ അടുത്ത സുഹൃദ്വലയത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു, അന്നത്തെ സാമൂഹികവ്യവസ്ഥയിൽ അവൻ സ്വീകരിച്ച ഏറ്റവും വിപ്ലവാത്മകമായ നടപടി ഒരുപക്ഷേ അതായിരുന്നിരിക്കാം. (ലൂക്കൊസ് 8:1-3) ദൈവിക ഗുണങ്ങളെല്ലാം പൂർണമായി പ്രതിഫലിപ്പിച്ച യേശു, ദൈവത്തിന്റെ ദൃഷ്ടിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമൂല്യം ഉണ്ടെന്നു പ്രകടമാക്കി. ആദിമക്രിസ്ത്യാനികൾക്കിടയിൽ പരിശുദ്ധാത്മാവ് എന്ന വരം ലഭിച്ചവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. (പ്രവൃത്തികൾ 2:1-4, 17, 18) ക്രിസ്തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കാനുള്ള അഭിഷിക്തരിൽപ്പെട്ടവർ സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം ചെയ്തുകഴിഞ്ഞാൽപ്പിന്നെ ലിംഗവ്യത്യാസങ്ങൾ ഉണ്ടായിരിക്കില്ല. (ഗലാത്യർ 3:28) ബൈബിളിന്റെ എഴുത്തുകാരനായ യഹോവ സ്ത്രീകളോടു വിവേചനം കാണിക്കുന്നില്ല.
[അടിക്കുറിപ്പ്]
[18-ാം പേജിലെ ചിത്രം]
പല സമകാലീനരിൽനിന്നും വ്യത്യസ്തനായി യേശു സ്ത്രീകളെ ബഹുമാനിച്ചു