ഹീക്കാമാ—ആരോഗ്യപ്രദമായ ഒരു മെക്സിക്കൻ ഭക്ഷ്യവിഭവം
ഹീക്കാമാ—ആരോഗ്യപ്രദമായ ഒരു മെക്സിക്കൻ ഭക്ഷ്യവിഭവം
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
പയറുവർഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് ഹീക്കാമാ. അതിന്റെ ഇലകളോ കായോ കണ്ടാൽ ഭക്ഷ്യയോഗ്യമാണെന്നു തോന്നുകയേയില്ല. അത് ഏതായാലും നന്നായി, കാരണം ഇവ കഴിക്കാൻ കൊള്ളില്ല. നാവിൽ വെള്ളമൂറിക്കുന്ന രുചികരമായ ഭാഗം മണ്ണിനടിയിലാണ്, ഈ ചെടിയുടെ കിഴങ്ങാണ് അത്.
പണ്ടുമുതൽക്കേ മെക്സിക്കൻ ജനത ഹീക്കാമാ ഭക്ഷിച്ചുവരുന്നു. നാവാറ്റ്ൽ ഭാഷയിൽനിന്നുവന്ന ഹീക്കാമാ എന്ന പേരിന്റെയർഥം, “രുചിച്ചുനോക്കിയിട്ടുള്ളത്” എന്നാണ്. ഹീക്കാമാ പച്ചയ്ക്കു കനംകുറച്ചു മുറിച്ചതിൽ ഉപ്പും നാരങ്ങാനീരും പിക്വിൻ മുളകോ കേയെൻ മുളകോ പൊടിച്ചതും ചേർത്ത് രുചികരമാക്കിയ പ്രസിദ്ധമായ മെക്സിക്കൻ ഭക്ഷ്യവിഭവത്തിന്റെ ചിത്രം കണ്ടാൽപ്പോലും വായിൽ വെള്ളമൂറും.
ഹീക്കാമായുടെ രുചിയെന്താണ്? ആപ്പിളിന്റെയും വാട്ടർ ചെസ്റ്റ്നട്ടിന്റെയും രുചികളോട് അടുത്തുവരുമെന്ന് ചിലർ പറയുന്നു. മെക്സിക്കോയും മധ്യ അമേരിക്കയും ആണ് ഇതിന്റെ ജന്മദേശങ്ങൾ. ഇവിടെനിന്ന് വിദൂരരാജ്യങ്ങളായ ഫിലിപ്പീൻസ്, ചൈന, നൈജീരിയ എന്നിവിടങ്ങളോളം ഹീക്കാമാ യാത്രചെയ്തിട്ടുണ്ട്. ഇന്ന് ഇത് പല ദേശങ്ങളിലും കൃഷിചെയ്യുന്നുണ്ട്. ചുട്ടും അച്ചാറിട്ടും സാലഡിൽ ചേർത്തും സൂപ്പുണ്ടാക്കിയും ഒക്കെ പല വിധങ്ങളിലാണ് അവിടങ്ങളിൽ ആളുകൾ ഇതു ഭക്ഷിക്കുന്നത്.
പൗരസ്ത്യപാചകത്തിൽ വാട്ടർ ചെസ്റ്റ്നട്ടിനു പകരം ഹീക്കാമാ ഉപയോഗിക്കുന്നു. വേവിച്ചുകഴിഞ്ഞാലും കറുമുറെയിരിക്കുമെന്നതാണ് ഇതിന്റെ ഒരു മേന്മ. തെളിഞ്ഞ നീരുള്ള ഹീക്കാമായെക്കാൾ പാൽനിറമുള്ള നീരുള്ള ഹീക്കാമായ്ക്കാണ് ഈ സവിശേഷത കൂടുതൽ. ഈ രണ്ടുതരം ഹീക്കാമാകളും ഒരേ വിത്തിൽനിന്ന് ഉത്പാദിപ്പിക്കാനാകും എന്നതാണു രസകരമായ സംഗതി.
ഒരു ‘ചെറുകടി’യായി കഴിക്കാൻ പറ്റിയതാണ് ഹീക്കാമാ. ഇതു പോഷകവും ഉന്മേഷവും നൽകുന്നു. കറുമുറെ തിന്നാവുന്നതും നീരുള്ളതും പെട്ടെന്നു ദഹിക്കുന്നതും കലോറി തീരെക്കുറഞ്ഞതുമാണിത്. 100 ഗ്രാം ഉരുളക്കിഴങ്ങ് ഉപ്പേരിയിൽ 540 കലോറി ഉള്ളപ്പോൾ, അത്രയും ഹീക്കാമായിൽ വെറും 40 കലോറിയേ ഉള്ളൂവെന്ന് പോഷകത്തെക്കുറിച്ചു പഠനംനടത്തുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശകലനം വ്യക്തമാക്കുന്നു. കാൽസ്യം, ഫോസ്ഫറസ്, ജീവകം-സി എന്നിവയും ഹീക്കാമായിൽ അടങ്ങിയിട്ടുണ്ട്.
നേരത്തേ പറഞ്ഞതുപോലെ കിഴങ്ങല്ലാതെ ഹീക്കാമാ ചെടിയുടെ മറ്റുഭാഗങ്ങളൊന്നും ഭക്ഷ്യയോഗ്യമല്ല. പക്ഷേ അവ ഉപയോഗശൂന്യമാണെന്ന് അതിനർഥമില്ല. പയർമണികളിൽ നല്ല കീടനാശിനിക്കു യോജിച്ച ചില ഘടകങ്ങളുള്ളതിനാൽ അവ പൊടിച്ച് അതിനായി ഉപയോഗിക്കാവുന്നതാണ്. ത്വഗ്രോഗങ്ങൾക്കുള്ള ചില ഔഷധങ്ങളിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഈ ചെടിയുടെ തണ്ടിൽ നല്ല ഉറപ്പുള്ള നാരുകൾ ഉള്ളതിനാൽ മീൻവലകൾ ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്.
ഹീക്കാമാ കിഴങ്ങുകൾ പല വലുപ്പത്തിലുണ്ട്. 300 ഗ്രാമിലും കുറവുമുതൽ ഒരു കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ളവവരെ. റഫ്രിജറേറ്ററിൽ വെക്കുകയാണെങ്കിൽ മൂന്നാഴ്ചയോളം ഇതു കേടുകൂടാതെ ഇരിക്കും. ഹീക്കാമാ വൃത്തിയാക്കുന്നത് എങ്ങനെയാണെന്നറിയേണ്ടേ? കഴുകുക, തൊലി പൊളിക്കുക, തീരെ പിഞ്ചുകിഴങ്ങല്ലെങ്കിൽ മാത്രം പുറത്തെ നാരുപോലുള്ളത് നീക്കം ചെയ്യുക. അത്രയും മതി.
നിങ്ങളുടെ നാട്ടിൽ ഹീക്കാമാ ഉണ്ടെങ്കിൽ ഒരു ‘ചെറുകടി’യായി അതു കഴിച്ചുനോക്കരുതോ? അതു നിങ്ങളുടെ ആരോഗ്യത്തിനു നല്ലതായിരിക്കാം!