ഇതാ അവ പറന്നകലുകയായി!
ഇതാ അവ പറന്നകലുകയായി!
കുളിരാർന്ന ഒരു ശരത്കാലം. സന്ധ്യ മയങ്ങിവരുന്നു. താമസിയാതെ ഒരു കൂട്ടം വാത്തകളുടെ ഉച്ചത്തിലുള്ള ചിലയ്ക്കൽശബ്ദം ആ സ്വച്ഛമായ സന്ധ്യാസമയത്തെ നിശ്ശബ്ദതയെ ഭേദിച്ചു. പൊടുന്നനെ അവ ആകാശത്തു പ്രത്യക്ഷമായി—20-ഓളം വാത്തകൾ. ആകർഷകവും ശക്തവുമായ ചിറകടികളോടെ പറന്നുതുടങ്ങിയ അവ ഒരു വമ്പൻ ‘V’ ആകൃതി കൈവരിച്ചു. ഒരു വാത്ത മെല്ലെ ഇടത്തോട്ടു തിരിഞ്ഞ് കൂട്ടത്തിന്റെ പുറകിലേക്കു നീങ്ങി. ഈ വിസ്മയക്കാഴ്ച്ച എന്നിൽ കൗതുകമുണർത്തി. എന്തുകൊണ്ടാണ് വാത്തകൾ പ്രത്യേക ആകൃതിയിലുള്ള കൂട്ടങ്ങളായി പറക്കുന്നത്? അവ എവിടേക്കാണു പോകുന്നത്?
താറാവ്, അരയന്നം എന്നിവയുമായി അടുത്തു ബന്ധമുള്ള ജലപക്ഷിയാണ് വാത്ത. ലോകമെമ്പാടും 40-ഓളം ഇനം വാത്തകളുണ്ട്. ഏഷ്യയിലും യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. കറുത്തു നീണ്ട കഴുത്തും കണ്ഠത്തിനു ചുറ്റും വെളുത്ത നിറവുമുള്ള കാനഡ വാത്ത ആണ് പരക്കെ അറിയപ്പെടുന്ന ഇനങ്ങളിലൊന്ന്. ജയന്റ് കനേഡിയൻ വാത്ത എന്ന ഉപവർഗത്തിലെ പൂർണ വളർച്ചയെത്തിയ ആൺപക്ഷികൾക്ക് 8 കിലോഗ്രാംവരെ ഭാരവും 2 മീറ്റർ ചിറകുവിരിവും ഉണ്ടായിരിക്കും. ഇത് വടക്ക് അലാസ്കയിലും വടക്കൻ കാനഡയിലും വേനൽക്കാലം ചെലവഴിക്കുകയും ശൈത്യകാലം ചെലവിടുന്നതിനായി തെക്ക് മെക്സിക്കോയിലേക്കു ദേശാടനം നടത്തുകയും ചെയ്യുന്നു.
വാത്തകളെ സംബന്ധിച്ചിടത്തോളം ദേശാടനം നടത്തുന്ന സമയം വളരെ നിർണായകമാണ്. വളരെ നേരത്തേയാണ് അവ വടക്ക് എത്തിച്ചേരുന്നതെങ്കിൽ, വെള്ളം അപ്പോഴും തണുത്തുറഞ്ഞിരിക്കുകയും ഭക്ഷണ ദൗർലഭ്യം നേരിടുകയും ചെയ്യും. അതുകൊണ്ടുതന്നെ അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിന് അനുസരിച്ചായിരിക്കും കാനഡ വാത്തയുടെ വടക്കോട്ടുള്ള മുന്നേറ്റവും. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ, വാത്തകൾ ജോഡിയായി തിരിയുകയും ഓരോ
ജോഡിയും ഇണചേരുന്നതിനു സ്വന്തമായ പ്രദേശം കൈയടക്കുകയും ചെയ്യുന്നു.പ്രത്യേക ആകൃതിയിലുള്ള കൂട്ടങ്ങളായി പറക്കുമ്പോൾ വാത്തകൾക്കു പരസ്പരം കാണാൻ സാധിക്കുന്നു. ഇത്, മുമ്പിൽ പറക്കുന്ന പക്ഷി ഗതിയിലോ വേഗത്തിലോ ഉയരത്തിലോ വരുത്തുന്ന മാറ്റങ്ങളോട് എളുപ്പം പ്രതികരിക്കാൻ അവയെ സഹായിക്കുന്നു. കൂടാതെ, മുമ്പിൽ പറക്കുന്ന പക്ഷി സൃഷ്ടിക്കുന്ന വായുവിന്റെ മുകളിലേക്കുള്ള ആക്കം വായുവിലെ വിക്ഷുബ്ധത കുറയ്ക്കുന്നതിനാൽ കൂട്ടത്തിലെ മറ്റു പക്ഷികൾക്കു പറക്കൽ എളുപ്പമാകുന്നെന്നു ചില വിദഗ്ധർ വിശ്വസിക്കുന്നു. എന്തായാലും ദേശാടനം നടത്തുന്ന പക്ഷിക്കൂട്ടങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ ഉള്ളതായും മുതിർന്നവർ ഊഴമനുസരിച്ചു നേതൃത്വമെടുക്കുന്നതായും കാണപ്പെടുന്നു.
കാനഡ വാത്ത എല്ലാ വർഷവും ഒരേസ്ഥലത്താണു കൂടൊരുക്കുന്നത്. സാധാരണമായി ചുള്ളിക്കമ്പുകൾ, പുല്ല്, പായൽ എന്നിങ്ങനെ ലളിതമായ സാമഗ്രികൾ ഉപയോഗിച്ചാണു കൂടുകെട്ടുന്നത്. വാത്തകൾക്ക് ജീവിതകാലം മുഴുവൻ ഒരു ഇണ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒരു ഇണ ചത്തുപോകുകയാണെങ്കിൽ, ശേഷിച്ചിരിക്കുന്ന വാത്ത മറ്റൊരു ഇണയെ സ്വീകരിച്ചെന്നുവരും. എന്നിരുന്നാലും, സാധാരണഗതിയിൽ അത് ഏകാകിയായിത്തന്നെ തുടരുന്നു.
പെൺപക്ഷി നാലു മുതൽ എട്ടു വരെ മുട്ടകളിടുന്നു. ഏകദേശം 28 ദിവസം അവൾ അതിന് അടയിരിക്കുന്നു. ആൺപക്ഷിയും പെൺപക്ഷിയും നല്ല സംരക്ഷകരുമാണ്. അവയ്ക്കോ കുഞ്ഞുങ്ങൾക്കോ ഭീഷണി നേരിടുമ്പോൾ അവ വല്ലാത്ത ആക്രമണസ്വഭാവമുള്ളവരായി മാറും. ചിറകുകൾകൊണ്ട് ഇരപിടിയന്മാരെ ശക്തമായി പ്രഹരിക്കാൻ അവയ്ക്കു കഴിയും.
മുട്ടയ്ക്കുള്ളിൽ ആയിരിക്കുമ്പോൾത്തന്നെ വാത്തക്കുഞ്ഞുങ്ങൾ ആശയവിനിമയം നടത്താൻ തുടങ്ങും. സംതൃപ്തിയെ സൂചിപ്പിക്കുന്ന ഉച്ചത്തിലുള്ള വിറയൽ ശബ്ദംമുതൽ സഹായം അഭ്യർഥിക്കുന്ന തരത്തിലുള്ള ശബ്ദങ്ങൾവരെ അവ പുറപ്പെടുവിക്കാറുണ്ട്. കുഞ്ഞുങ്ങളുമായും പരസ്പരവും ആശയവിനിമയം നടത്തുന്നതിനു മുതിർന്നവരും പല തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. വാസ്തവത്തിൽ, കാനഡ വാത്തകളുടെ കുറഞ്ഞപക്ഷം 13 വ്യത്യസ്ത ശബ്ദങ്ങൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.
സഹജ“ജ്ഞാനമുള്ളവ” ആണെന്നതിനു വാത്തകൾ യഥാർഥത്തിൽ തെളിവു നൽകുന്നു. (സദൃശവാക്യങ്ങൾ 30:24) തീർച്ചയായും ഇതിന്റെയെല്ലാം ബഹുമതി യഹോവയാം ദൈവത്തിന്, ആകാശത്തിലെ പറവജാതികളെ ഉൾപ്പെടെ സകലത്തെയും സൃഷ്ടിച്ചവന്, ഉള്ളതാണ്.—സങ്കീർത്തനം 104:24.
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങൾ അറിഞ്ഞിരുന്നോ?
● മുട്ടകൾ വിരിഞ്ഞാലുടനെ, വാത്തക്കുഞ്ഞുങ്ങൾ തങ്ങളുടെ അച്ഛനോടും അമ്മയോടുമൊപ്പം കൂടുവിട്ടുപോകുന്നു. കുടുംബങ്ങൾ സാധാരണ ഒരുമിച്ചു കഴിയുന്നു.
● ബാർ-ഹെഡഡ് വാത്തകൾ ഏകദേശം 8,900 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിക്കു മുകളിലൂടെ ദേശാടനം നടത്തുന്നതായി പറയപ്പെടുന്നു.
● ചില ഇനം വാത്തകൾക്ക് 1,600 കിലോമീറ്ററെങ്കിലും വിശ്രമിക്കാതെ പറക്കാൻ സാധിക്കും.
● ‘V’ ആകൃതിയിൽ കൂട്ടങ്ങളായി പറക്കുമ്പോൾ വാത്തകൾക്ക് കൂടെക്കൂടെ ചിറകടിക്കേണ്ടി വരുന്നില്ല. അതുകൊണ്ട് ഒറ്റയ്ക്കു പറക്കുമ്പോഴത്തേതിനെ അപേക്ഷിച്ച് അവയുടെ ഹൃദയമിടിപ്പിന്റെ എണ്ണം കുറവായിരിക്കും.
[കടപ്പാട്]
മുകളിൽ ഇടത്ത്: U.S. Fish & Wildlife Service, Washington, D.C./Duane C. Anderson
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പറക്കുന്ന വാത്തകൾ: © Tom Brakefield/CORBIS