ഒരു നല്ല നാളെ ഉണ്ടാകുമോ?
ഒരു നല്ല നാളെ ഉണ്ടാകുമോ?
എന്നും തീവ്രമായ ആകാംക്ഷയുണർത്തുന്ന ഒന്നാണ് ഭാവി. അടുത്ത മാസം നാം എന്തു ചെയ്യുകയായിരിക്കും? അടുത്ത വർഷമോ? ഒരു ദശകത്തിനുശേഷമോ? ഇതൊക്കെ അറിയാൻ നമ്മിലാർക്കാണ് താത്പര്യമില്ലാത്തത്? കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ പത്തോ ഇരുപതോ മുപ്പതോ വർഷത്തിനുശേഷം ഈ ലോകം എങ്ങനെയായിരിക്കും?
ഭാവിയെക്കുറിച്ചു നിങ്ങൾക്ക് ശുഭപ്രതീക്ഷയുണ്ടോ? കോടിക്കണക്കിന് ആളുകൾ ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുന്നു. ഇവരെ രണ്ടു വിഭാഗങ്ങളായി തിരിക്കാം. കാര്യങ്ങൾ ശുഭകരമാകുമെന്നു വിശ്വസിക്കാൻ ഈടുറ്റ കാരണങ്ങളുണ്ടെന്നു പറയുന്ന ഒരുകൂട്ടർ. വേറൊന്നും ചിന്തിച്ചിട്ടു കാര്യമില്ലാത്തതിനാൽ സുന്ദരമായ ഭാവിയെക്കുറിച്ചു സ്വപ്നങ്ങൾ നെയ്യുന്ന മറ്റൊരുകൂട്ടർ.
ചിലരുടെ ദൃഷ്ടിയിൽ ചക്രവാളമാകെ ഇരുൾ പരന്നിരിക്കുകയാണ്, ശുഭവാർത്തകളൊന്നും കേൾക്കാനില്ല. ഭൂഗ്രഹത്തിന്മേൽ ആഞ്ഞടിക്കാൻപോകുന്ന ഒരു സർവനാശത്തെ വിളംബരം ചെയ്യുന്നതിൽ ഹരംകൊള്ളുന്ന ദുർവാർത്തയുടെ പ്രവാചകന്മാർ ഇവരിൽപ്പെടും. ഏതാനുംപേർ മാത്രമേ വരാനിരിക്കുന്ന നാശത്തെ അതിജീവിക്കൂ, ചിലപ്പോൾ ആരുംതന്നെ രക്ഷപ്പെട്ടെന്നുവരില്ല; അതാണ് അവരുടെ കാഴ്ചപ്പാട്.
അതിരിക്കട്ടെ, ഭാവി എങ്ങനെയുള്ളത് ആയിരിക്കുമെന്നാണു നിങ്ങൾ കരുതുന്നത്? ഇരുളടഞ്ഞ ഭയാനകമായ ഒന്നാണോ അതോ സമാധാനവും സുരക്ഷിതത്വവും നിറഞ്ഞ ഒന്നാണോ? ഒടുവിൽ പറഞ്ഞതിനോടാണു നിങ്ങൾ യോജിക്കുന്നതെങ്കിൽ നിങ്ങൾ അങ്ങനെ ചിന്തിക്കാൻ കാരണമെന്താണ്? വെറുതെ ആശിക്കുകയാണോ അതോ അതിന് ഈടുറ്റ തെളിവുകൾ ഉണ്ടോ?
മനുഷ്യവർഗം സർവനാശത്തിലേക്കു കുതിക്കുകയാണെന്ന് ഉണരുക!യുടെ പ്രസാധകർ വിശ്വസിക്കുന്നില്ല. കൊടുംവിപത്തിന്റെ പ്രവാചകന്മാരിൽനിന്നു വ്യത്യസ്തമായി അവർ ബൈബിൾ പറയുന്നതു വിശ്വസിക്കുന്നു, നമുക്കു മുമ്പിൽ ശോഭനമായ ഒരു ഭാവിയുണ്ടെന്നുള്ളതിന് ബൈബിൾ ഉറപ്പുനൽകുന്നു.
[5-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
U.S. Department of Energy photograph