ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പർവതങ്ങൾ—ഭൗമജീവന് അനുപേക്ഷണീയം (2005 ഏപ്രിൽ 8) ഗ്രാൻഡ് ടെറ്റൻ സന്ദർശിച്ചത് എന്നിൽ ഭയാദരവു നിറച്ച, ജീവിതത്തിലെ വിസ്മയകരമായ ഒരു സംഭവമായിരുന്നു. എന്നാൽ പർവതങ്ങൾ എത്ര പ്രധാനമാണ് എന്നതിനെക്കുറിച്ചു വായിച്ചപ്പോൾ ഞാൻ അതിശയിച്ചുപോയി. നമ്മുടെ ഭൂമിയിലെ പർവതങ്ങളെ ഞാൻ ഇപ്പോൾ ഏറെ വിലമതിക്കുന്നു, ഒപ്പം അവയെല്ലാം രൂപകൽപ്പനചെയ്ത അത്ഭുതവാനായ സ്രഷ്ടാവിനെയും.
ജെ. ജി., ഐക്യനാടുകൾ
യഹോവയുടെ സൃഷ്ടികളിലെ സൗന്ദര്യം എന്റെ മനസ്സിലുണർത്തുന്ന വികാരങ്ങൾ വിവരിക്കാൻ വാക്കുകളില്ല. മനുഷ്യൻ പരിസ്ഥിതിയെ കൈയടക്കുകയും മലിനപ്പെടുത്തുകയും ചെയ്തിട്ടുപോലും ഗിരിനിരകളുടെ പ്രൗഢഭംഗി ആസ്വദിക്കാൻ ഇപ്പോഴും നമുക്കു കഴിയും, ഒപ്പം അവയെ വിലമതിക്കാനും. സങ്കീർത്തനം 72:16-ലെ വാഗ്ദാനം സമീപഭാവിയിൽ നിവൃത്തിയേറുമെന്നു മറ്റുള്ളവരോടു പറയുന്നത് ഞാൻ ആസ്വദിക്കുന്നു.
ആർ. സി., ഐക്യനാടുകൾ
യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ കായികാധ്വാനം ചെയ്യേണ്ടത് എന്തുകൊണ്ട്? (2005 ഏപ്രിൽ 8) എന്റെ ഡാഡിയുടെ മേൽനോട്ടത്തിലുള്ള പെയിന്റിങ് കമ്പനിയിലാണു ഞാൻ ജോലിചെയ്യുന്നത്. എന്നാൽ ബുദ്ധി ഉപയോഗിക്കേണ്ടതില്ലാത്ത ജോലികളാണ് ഇവയൊക്കെ എന്ന് ഒരാൾ എന്നോടു പറഞ്ഞു. എന്നാൽ യേശുവും പൗലൊസും സ്വന്തം കൈകൊണ്ട് അധ്വാനിച്ചതായി ഈ ലേഖനത്തിലുണ്ടായിരുന്നു. ഇതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് മുമ്പത്തേതിലും ഉത്സാഹത്തോടെയാണ് ഞാൻ ഇപ്പോൾ എന്റെ ജോലി ചെയ്യുന്നത്. ജോലി നന്നായി പഠിക്കാൻ ഞാൻ ശ്രമിക്കുകയാണ്, അതാകുമ്പോൾ സമ്മേളനഹാളുകളുടെയും രാജ്യഹാളുകളുടെയും നിർമാണത്തിൽ എനിക്ക് ഈ കഴിവുകൾ ഉപയോഗിക്കാമല്ലോ.
എം. വൈ., ജപ്പാൻ
ഈ ലേഖനം എനിക്കു ശരിക്കും പ്രോത്സാഹനം പകർന്നു! നമ്മുടെ ജീവിതത്തിലെ പ്രധാന ഉദ്ദേശ്യം യഹോവയെ സേവിക്കുക എന്നതാണെന്നും അതുകൊണ്ട് ഞാൻ തിരഞ്ഞെടുക്കുന്ന തൊഴിൽ ഈ ഉദ്ദേശ്യം സാധിക്കുന്നതായിരിക്കണമെന്നും അത് എന്നെ ഓർമപ്പെടുത്തി. മനോഹരമായ ഈ ലേഖനം വായിച്ചതുവഴി, വീട്ടിൽ ആവശ്യമായ ഏതുപണിയും മുൻകൈയെടുത്തു ചെയ്യുന്നതിൽ മെച്ചപ്പെടാൻ എനിക്കു കഴിഞ്ഞു. അതിലുപരി, കായികാധ്വാനം സംബന്ധിച്ച് യഹോവയുടെ കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു.
വൈ. കെ., റഷ്യ
ജീവൻ—ചങ്ങലകളുടെ വിസ്മയാവഹമായ ഒരു സമാഹാരം (2005 ഫെബ്രുവരി 8) എനിക്കു 15 വയസ്സുണ്ട്. സ്കൂളിൽ ബയോളജി ക്ലാസ്സിൽ ഞങ്ങൾക്ക് എനർജി മെറ്റബോളിസത്തെക്കുറിച്ചു പഠിക്കാനുണ്ട്. ഞാൻ ഈ മാസിക സ്കൂളിൽ കൊണ്ടുചെന്നപ്പോൾ ഞങ്ങളുടെ ബയോളജി ടീച്ചർ ഈ ലേഖനം ഉപയോഗിച്ചു ക്ലാസ്സെടുത്തു, ഇതിൽ കൊടുത്തിരുന്ന ചിത്രങ്ങളും ഉപയോഗിച്ചു. ക്ലാസ്സു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഇതിന്റെ ഓരോ പ്രതി വേണമെന്നായി. യഹോവയ്ക്ക് എന്തുമാത്രം ജ്ഞാനമുണ്ടെന്ന് ഈ ലേഖനം വളരെ നന്നായി വ്യക്തമാക്കുന്നു. അവൻ സ്തുത്യർഹനാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കുന്ന കാലം വന്നുകാണാൻ എത്ര ആകാംക്ഷയോടെയാണ് ഞാൻ നോക്കിയിരിക്കുന്നതെന്നോ!
വൈ. ബി., റഷ്യ
“ആളുകൾ ഇതൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ!” (2005 ഫെബ്രുവരി 8) എനിക്കു 17 വയസ്സുണ്ട്. രാജ്യപ്രസാധകരുടെ ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കുന്നതിനെക്കുറിച്ചു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഡേവിഡിനെക്കുറിച്ചു വായിച്ചുകഴിഞ്ഞപ്പോൾ സ്കൂൾ പഠനം കഴിഞ്ഞാലുടൻ അത്തരമൊരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തു. പ്രോത്സാഹനം പകരുന്ന ഇത്തരം വിവരങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുമല്ലോ. പ്രസംഗവേലയിൽ മുന്നോട്ടുവരുന്നതിന് എന്റെ പ്രായക്കാരായ യുവജനങ്ങൾക്കു തുടർച്ചയായ പ്രോത്സാഹനം ആവശ്യമാണ്.
കെ. ഒ., പോളണ്ട്
എനിക്ക് 20 വയസ്സുണ്ട്. ഈ ലേഖനം വായിച്ചപ്പോൾ എന്റെ കണ്ണുനിറഞ്ഞു. ‘എനിക്കാണ് ഇത്ര ചെറുപ്പത്തിലേ മരിക്കേണ്ടിവരുന്നതെങ്കിൽ, യഹോവയെ എന്റെ മുഴുപ്രാപ്തികൾകൊണ്ടും സേവിച്ചില്ലല്ലോ എന്നോർത്ത് വിഷമിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല!’ ഒരു മുഴുസമയ സുവിശേഷക ആയിത്തീരുകയെന്നതാണ് എന്റെ ലക്ഷ്യം. ഈ ലേഖനം ഫ്രെയിം ചെയ്ത് ഭിത്തിയിൽ തൂക്കാൻ പോകുകയാണു ഞാൻ. ഇത് വായിച്ചപ്പോൾ എനിക്കുണ്ടായ വികാരങ്ങൾ ഒരിക്കലും മറക്കാതിരിക്കാൻ വേണ്ടിയാണത്. ഇത്തരം വിസ്മയകരമായ അനുഭവകഥകൾ പ്രസിദ്ധീകരിക്കുന്നതിന് നന്ദി.
എൻ. എൻ., ജപ്പാൻ