ഞങ്ങളുടെ വായനക്കാരോട്
ഞങ്ങളുടെ വായനക്കാരോട്
ഈ ലക്കം മുതൽ ഉണരുക!യുടെ ഉള്ളടക്കത്തിൽ ചില ഭേദഗതികൾ വരുത്തിയിരിക്കുന്നു. ചില കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമെങ്കിലും അധികവും മാറ്റമില്ലാതെ തുടരും.
ദശാബ്ദങ്ങളോളം മുറുകെപ്പിടിച്ച അതേ ലക്ഷ്യം പിൻപറ്റാൻ ഉണരുക! ഇപ്പോഴും പ്രതിജ്ഞാബദ്ധമാണ്. 4-ാം പേജിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, “ഈ പത്രിക പ്രസിദ്ധീകരിക്കുന്നത് മുഴു കുടുംബത്തെയും പ്രബുദ്ധരാക്കുന്നതിനു വേണ്ടിയാണ്.” ലോകസംഭവങ്ങൾ സശ്രദ്ധം പരിശോധിക്കുക, വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള ആളുകളെപ്പറ്റി പറയുക, സൃഷ്ടിയുടെ വിസ്മയങ്ങൾ വിശദീകരിക്കുക, ആരോഗ്യത്തെക്കുറിച്ചു സംസാരിക്കുക, ശാസ്ത്രീയ വിവരങ്ങൾ വിശദീകരിച്ചുകൊടുക്കുക എന്നിങ്ങനെ നമുക്കു ചുറ്റുമുള്ള ലോകത്തെപ്പറ്റി കാലാനുസൃതമായ വിവരങ്ങൾ ഉണരുക! വായനക്കാർക്ക് തുടർന്നും പകർന്നുകൊടുക്കും.
1946 ആഗസ്റ്റ് 22 ലക്കത്തിൽ ഉണരുക! ഇപ്രകാരം ഉറപ്പുനൽകി: “സത്യത്തോടു പറ്റിനിൽക്കുക എന്നതായിരിക്കും ഈ മാസികയുടെ പരമപ്രധാന ലക്ഷ്യം.” അതിനു ചേർച്ചയിൽ, വസ്തുനിഷ്ഠമായ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഉണരുക! എല്ലായ്പോഴും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് സമഗ്രമായ ഗവേഷണം നടത്തി, കൃത്യത പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നത്. എന്നാൽ ഈ പത്രിക ഇതിനെക്കാൾ കൂടുതൽ ശ്രദ്ധേയമായ വിധത്തിൽ ‘സത്യത്തോടു പറ്റിനിന്നിരിക്കുന്നു.’
എല്ലായ്പോഴും ഉണരുക! ബൈബിളിലേക്കു വായനക്കാരുടെ ശ്രദ്ധ തിരിച്ചിരുന്നു. എന്നിരുന്നാലും, ഈ ലക്കം മുതൽ ഉണരുക! മുമ്പത്തെക്കാളധികം ബൈബിളധിഷ്ഠിത ലേഖനങ്ങൾ വിശേഷവത്കരിക്കുന്നതായിരിക്കും. (യോഹന്നാൻ 17:17) അർഥവത്തും വിജയപ്രദവുമായ ജീവിതം നയിക്കാൻ ബൈബിളിന്റെ പ്രായോഗിക ബുദ്ധിയുപദേശത്തിനു നമ്മെ സഹായിക്കാൻ കഴിയുന്നത് എങ്ങനെയെന്നു കാണിച്ചുതരുന്ന ലേഖനങ്ങളും ഉണരുക! തുടർന്നും പ്രസിദ്ധീകരിക്കും. ഉദാഹരണത്തിന്, വളരെയധികം ബൈബിളധിഷ്ഠിത മാർഗനിർദേശങ്ങൾ പ്രദാനംചെയ്യുന്ന “യുവജനങ്ങൾ ചോദിക്കുന്നു . . . ,” “ബൈബിളിന്റെ വീക്ഷണം” എന്നീ ലേഖനപരമ്പരകൾ ഈ പത്രികയുടെ പതിവ് ഇനങ്ങളായി തുടരും. കൂടാതെ, നിയമത്തിനു വില കൽപ്പിക്കാത്ത ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ സ്ഥാനത്ത് സമാധാനപൂർണമായ പുതിയ ലോകം സ്ഥാപിക്കപ്പെടുമെന്ന ബൈബിളിന്റെ വാഗ്ദാനത്തിലേക്ക് ഉണരുക! തുടർന്നും വായനക്കാരുടെ ശ്രദ്ധ തിരിക്കുന്നതായിരിക്കും.—വെളിപ്പാടു 21:3-5.
മറ്റു വ്യത്യാസങ്ങൾ എന്തൊക്കെയായിരിക്കും? ഇപ്പോൾ ഉണരുക! പ്രത്യക്ഷപ്പെടുന്ന 82 ഭാഷകളിൽ മിക്കവയിലും ഈ ലക്കം മുതൽ അത് പ്രതിമാസ പതിപ്പായിട്ടായിരിക്കും പ്രസിദ്ധീകരിക്കുക (മുമ്പ് പല ഭാഷകളിലും ഇത് അർധമാസ പതിപ്പായിരുന്നു). a 1946 മുതലുള്ള പതിവ് ഇനമായ “ലോകത്തെ വീക്ഷിക്കൽ” തുടർന്നും എല്ലാ ലക്കത്തിലും ഉണ്ടായിരിക്കും, എന്നാൽ രണ്ടു പേജുണ്ടായിരുന്ന അത് ഒരു പേജായി ചുരുങ്ങും. 31-ാം പേജിൽ, “ഉത്തരം പറയാമോ?” എന്ന രസകരമായ ഒരു പുതിയ പരമ്പര ഞങ്ങൾ അവതരിപ്പിക്കുന്നു. അതിൽ എന്താണ് അടങ്ങിയിരിക്കുന്നത്, നിങ്ങൾക്ക് അത് എങ്ങനെ ഉപയോഗിക്കാൻ സാധിക്കും?
ഈ ലക്കത്തിലെ 31-ാം പേജിലൂടെ ഒന്നു കണ്ണോടിക്കുക. ചില ഭാഗങ്ങൾ യുവ വായനക്കാർക്ക് ആകർഷകമായിരിക്കും. ബൈബിൾ നന്നായി അറിയാവുന്നവരുടെ ഓർമയെ പരിശോധിക്കുന്നതായിരിക്കും മറ്റു ഭാഗങ്ങൾ. “ചരിത്രത്തിൽ എപ്പോൾ?” എന്ന ഭാഗം ബൈബിൾ കഥാപാത്രങ്ങൾ ജീവിച്ചിരുന്നതും സുപ്രധാന സംഭവങ്ങൾ നടന്നതും എപ്പോഴെന്നു കാണിക്കുന്ന ഒരു കാലാനുക്രമ ചാർട്ട് ഉണ്ടാക്കിയെടുക്കാൻ നിങ്ങളെ സഹായിക്കും. “ഈ ലക്കത്തിൽനിന്ന്” എന്ന ഭാഗത്തെ ചോദ്യങ്ങൾക്കുള്ള ഉത്തരം മാസികയിലുടനീളം കണ്ടെത്താൻ സാധിക്കും. എന്നാൽ മറ്റു ചോദ്യങ്ങൾക്കുള്ള ഉത്തരം അതേ ലക്കത്തിലെ ഒരു നിശ്ചിത പേജിൽ കണ്ടെത്താനാകും, അവിടെ അവ തലകീഴായി അച്ചടിച്ചിരിക്കും. ഉത്തരങ്ങൾ വായിക്കുന്നതിനുമുമ്പ് അൽപ്പം ഗവേഷണം നടത്തരുതോ? പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയുകയും ചെയ്യാവുന്നതാണ്. “ഉത്തരം പറയാമോ?” എന്ന ഈ പുതിയ പരമ്പരയെ അടിസ്ഥാനപ്പെടുത്തി കുടുംബാംഗങ്ങളുമായും നിങ്ങൾ സഹവസിക്കുന്ന മറ്റുള്ളവരുമായും ബൈബിൾ ചർച്ചകളിൽ ഏർപ്പെടാനും സാധിക്കും.
ഏകദേശം 60 വർഷം മുമ്പ് ഉണരുക! ഇപ്രകാരം വാഗ്ദാനം ചെയ്തു: “ചർച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ, പ്രാദേശികമായ വീക്ഷണകോണിലൂടെയല്ല മറിച്ച് സാർവലൗകികമായ കാഴ്ചപ്പാടിലൂടെ വിവരങ്ങൾ അവതരിപ്പിക്കാനായിരിക്കും ഈ മാസിക ശ്രമിക്കുക. . . . ഇത് എല്ലാ രാജ്യങ്ങളിലുമുള്ള ആത്മാർഥഹൃദയരായ ആളുകൾക്ക് ആകർഷകമായിരിക്കും. ഈ മാസികയുടെ ഉള്ളടക്കവും വിവരങ്ങളും . . . വളരെയധികം ആളുകൾക്ക്, പ്രായമായവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ . . . വിജ്ഞാനപ്രദവും വിദ്യാഭ്യാസമൂല്യമുള്ളതും താത്പര്യജനകവും ആയിരിക്കും.” ഉണരുക! വാക്കു പാലിച്ചിരിക്കുന്നെന്നു ലോകമെമ്പാടുമുള്ള വായനക്കാർ സമ്മതിക്കും. ഇനിയും അത് അങ്ങനെതന്നെ തുടരുമെന്നു ഞങ്ങൾ നിങ്ങൾക്ക് ഉറപ്പുനൽകുന്നു.
പസാധകർ
[അടിക്കുറിപ്പുകൾ]
a ചില ഭാഷകളിൽ ഉണരുക! ത്രൈമാസ പതിപ്പായി പ്രസിദ്ധീകരിക്കുന്നതിനാൽ ഈ ലേഖനത്തിൽ ചർച്ചചെയ്യുന്ന സവിശേഷതകൾ എല്ലാ പതിപ്പുകളിലും ഉണ്ടായെന്നുവരില്ല.
[3-ാം പേജിലെ ചിത്രങ്ങൾ]
1919-ൽ “സുവർണയുഗം” എന്ന പേരിൽ അറിയപ്പെട്ടു, 1937-ൽ “ആശ്വാസം” എന്നും 1946-ൽ “ഉണരുക!” എന്നും മാറ്റി
[4-ാം പേജിലെ ചിത്രങ്ങൾ]
“ഉണരുക!” കാലങ്ങളായി വായനക്കാരുടെ ശ്രദ്ധ ബൈബിളിലേക്കു തിരിക്കുന്നു
[കടപ്പാട്]
തോക്കുകൾ: U.S. National Archives photo; വിശന്നുവലയുന്ന കുട്ടി: WHO photo by W. Cutting