ഞാൻ സ്വയം ക്ഷതമേൽപ്പിക്കുന്നത് എന്തുകൊണ്ട്?
യുവജനങ്ങൾ ചോദിക്കുന്നു . . .
ഞാൻ സ്വയം ക്ഷതമേൽപ്പിക്കുന്നത് എന്തുകൊണ്ട്?
“സ്റ്റിച്ചിടേണ്ടത്ര ആഴത്തിൽ എന്റെ കൈത്തണ്ട മുറിഞ്ഞിരുന്നു. ബൾബിന്റെ ചില്ലുകൊണ്ടാണ് മുറിഞ്ഞതെന്നു ഞാൻ ഡോക്ടറോടു പറഞ്ഞു, അതു സത്യമായിരുന്നുതാനും. എന്നാൽ മനഃപൂർവമാണ് അതു ചെയ്തതെന്നു ഞാൻ മിണ്ടിയില്ല.”—സാഷാ, 23.
“ഡാഡിയും മമ്മിയും എന്റെ മുറിവുകൾ കാണാറുണ്ട്, പക്ഷേ ചെറിയ മുറിവുകളും പോറലുകളും മാത്രമേ അവരുടെ കണ്ണിൽ പെടാറുള്ളൂ. . . . ചിലപ്പോൾ ഒരു മുറിവു കണ്ടാലും അവർ തിരിച്ചറിഞ്ഞെന്നു വരില്ല, അതുകൊണ്ട് ഞാൻ ഇങ്ങനെ രക്ഷപ്പെട്ടുപോകുന്നു . . . അവർ ഒന്നും അറിയരുതെന്നാണ് എന്റെ ആഗ്രഹം.”—ഏരിയൽ, 13.
“11 വയസ്സു മുതൽ എനിക്ക് ഈ ശീലമുണ്ടായിരുന്നു. മനുഷ്യശരീരത്തിന് ദൈവം വളരെയധികം മാന്യത കൽപ്പിക്കുന്നെന്ന് എനിക്ക് അറിയാമായിരുന്നു, എന്നാൽ അതുപോലും സ്വയം ക്ഷതമേൽപ്പിക്കുന്നതിൽനിന്ന് എന്നെ തടഞ്ഞില്ല.”—ജെന്നിഫർ, 20.
സാഷാ, ഏരിയൽ, ജെന്നിഫർ a എന്നിവരെപ്പോലെ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമായിരിക്കും. അത് നിങ്ങളുടെ സഹപാഠിയോ കൂടെപ്പിറപ്പോ അതുമല്ലെങ്കിൽ നിങ്ങൾത്തന്നെയോ ആയിരിക്കാം. ഐക്യനാടുകളിൽ മാത്രം, ദശലക്ഷക്കണക്കിന് ആളുകൾ—അവരിൽ പലരും യുവാക്കളാണ്—ശരീരം കീറിമുറിക്കുക, പൊള്ളിക്കുക, ചതവുകൾ വരുത്തുക, ത്വക്കിൽ പോറലുകളുണ്ടാക്കുക എന്നിങ്ങനെ വ്യത്യസ്ത വിധങ്ങളിൽ സ്വയം ക്ഷതമേൽപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. b
അവർ മനഃപൂർവമാണോ സ്വയം ക്ഷതമേൽപ്പിക്കുന്നത്? മുൻകാലങ്ങളിൽ അത്തരം പെരുമാറ്റത്തെ പലരും ഏതെങ്കിലും വിചിത്രമായ ഭ്രമത്തോടോ ആചാരങ്ങളോടോ ബന്ധപ്പെടുത്തിയിരുന്നു. എന്നാൽ അടുത്തകാലത്ത് സ്വയം ക്ഷതമേൽപ്പിക്കുന്ന രീതിയെക്കുറിച്ചുള്ള അറിവ് വളരെയധികം വർധിച്ചിരിക്കുന്നു, ഒപ്പം ഈ പ്രശ്നമുണ്ടെന്നു വെളിപ്പെടുത്തുന്നവരുടെ എണ്ണവും. “ഈ പ്രശ്നം വർധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് എല്ലാ ചികിത്സകരും പറയുന്നത്” എന്ന് ഐക്യനാടുകളിലെ ഒരു ചികിത്സാകേന്ദ്രത്തിന്റെ ഡയറക്ടറായ മൈക്കൽ ഹോളൻഡർ പറയുന്നു.
ഇങ്ങനെ സ്വയം ക്ഷതമേൽപ്പിക്കുന്നത് മിക്കപ്പോഴും മരണത്തിൽ കലാശിക്കാറില്ലെങ്കിലും അപകടകരമായ ഒരു പ്രവണതയാണ് ഇത്. ബെത്തിന്റെ ഉദാഹരണം എടുക്കുക. അവൾ പറയുന്നു “ഒരു ബ്ലെയ്ഡ് ഉപയോഗിച്ചാണു ഞാൻ മുറിവേൽപ്പിക്കുന്നത്. രണ്ടു പ്രാവശ്യം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഒരിക്കൽ ആഴമായ മുറിവുണ്ടായതിനെ തുടർന്ന് എന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.” ഈ പ്രശ്നം അനുഭവിക്കുന്ന അനേകരെയുംപോലെ, ബെത്തും മുതിർന്നതിനുശേഷവും
സ്വയം ക്ഷതമേൽപ്പിക്കുന്ന രീതി തുടർന്നു. അവൾ പറയുന്നു, “15 വയസ്സു മുതൽ ഞാൻ അതു ചെയ്യുന്നതാണ്. എനിക്ക് ഇപ്പോൾ 30 വയസ്സുണ്ട്.”നിങ്ങളോ നിങ്ങൾ അറിയുന്ന ആരെങ്കിലുമോ ഈ പ്രവണതയ്ക്ക് ഇരയായിത്തീർന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിരാശപ്പെടേണ്ട. സഹായം ലഭ്യമാണ്. സ്വയം ക്ഷതമേൽപ്പിക്കുന്നവരെ സഹായിക്കാനാകുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് ഉണരുക!യുടെ അടുത്ത ലക്കത്തിൽ ഞങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും. c എന്നിരുന്നാലും ആദ്യംതന്നെ ആരൊക്കെയാണ് ഈ വൈകല്യത്തിന് അടിമപ്പെടുന്നതെന്നും എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നതെന്നും ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കും.
വിഭിന്ന പശ്ചാത്തലങ്ങളുള്ളവർ
സ്വയം ക്ഷതമേൽപ്പിക്കുന്നവരെ ഒരൊറ്റ ഗണത്തിൽപ്പെടുത്തുക ബുദ്ധിമുട്ടാണ്. ചിലർ പ്രക്ഷുബ്ധ കുടുംബങ്ങളിൽനിന്ന് ഉള്ളവരാണെങ്കിൽ മറ്റു ചിലർ ഭദ്രതയുള്ള സന്തുഷ്ട കുടുംബങ്ങളിൽനിന്നു വന്നവരാണ്. ചിലർ പഠനത്തിലും മറ്റും പിന്നിലായിരിക്കുമ്പോൾ, അനേകർ വിദ്യാർഥികളെന്ന നിലയിൽ മികച്ചുനിൽക്കുന്നു. മിക്കപ്പോഴും, സ്വയം ക്ഷതമേൽപ്പിക്കുന്നവർ തങ്ങൾക്ക് ഈ പ്രശ്നമുള്ളതിന്റെ യാതൊരു സൂചനയും നൽകാറില്ലെന്നുതന്നെ പറയാം. പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തി അത് എല്ലായ്പോഴും പുറത്തു കാണിക്കുന്നില്ല എന്നതാണ് അതിന്റെ കാരണം. ബൈബിൾ ഇപ്രകാരം പറയുന്നു: “ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം.”—സദൃശവാക്യങ്ങൾ 14:13.
ഇതിനുപുറമേ, സ്വയം ക്ഷതമേൽപ്പിക്കുന്നതിന്റെ ഗുരുതരാവസ്ഥ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ചില വ്യക്തികൾ വർഷത്തിൽ ഒരു പ്രാവശ്യം മാത്രം തങ്ങളെത്തന്നെ മുറിവേൽപ്പിക്കുമ്പോൾ മറ്റു ചിലർ ദിവസത്തിൽ ശരാശരി രണ്ടു പ്രാവശ്യം അങ്ങനെ ചെയ്യുന്നുവെന്ന് ഒരു പഠനം കണ്ടെത്തി. ശ്രദ്ധേയമായി, മുമ്പു വിചാരിച്ചിരിക്കുന്നതിനെക്കാൾ അധികം പുരുഷന്മാർ ഈ പ്രവണതയുള്ളവരാണ്. എന്നിരുന്നാലും ഈ പ്രശ്നം കൂടുതലും കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ ഇടയിലാണു കണ്ടുവരുന്നത്. d
വിഭിന്ന പശ്ചാത്തലങ്ങളിൽനിന്ന് ഉള്ളവരാണെങ്കിലും സ്വയം ക്ഷതമേൽപ്പിക്കുന്ന ചിലർക്കു പൊതുവായ ചില സ്വഭാവവിശേഷതകളുണ്ട്. യുവജനങ്ങളെക്കുറിച്ചുള്ള ഒരു എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “സ്വയം ക്ഷതമേൽപ്പിക്കുന്ന കൗമാരപ്രായക്കാർക്കു പലപ്പോഴും തങ്ങൾ അശക്തരാണെന്ന തോന്നൽ, മറ്റുള്ളവരോടു തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ട്, ഒറ്റപ്പെട്ടതായോ അല്ലെങ്കിൽ സ്നേഹം ലഭിക്കുന്നില്ലെന്നോ ഉള്ള തോന്നൽ, ഭയം, ആത്മവിശ്വാസമില്ലായ്മ എന്നിവ അനുഭവപ്പെടുന്നു.”
വളർച്ചയുടെ പടവുകളിൽ ആയിരിക്കുന്നതിന്റേതായ ഭയവും അരക്ഷിതബോധവും അനുഭവിക്കുന്ന ഏതാണ്ട് എല്ലാ യുവവ്യക്തികൾക്കും യോജിക്കുന്നതാണ് ഈ വർണനയെന്നു ചിലർ പറഞ്ഞേക്കാം. എന്നിരുന്നാലും, സ്വയം ക്ഷതമേൽപ്പിക്കുന്ന പ്രവണതയുള്ളവർക്ക് ഈ പോരാട്ടം വിശേഷാൽ തീവ്രതയേറിയതാണ്. മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കാനും അത് ഒരു ആത്മമിത്രത്തോടു പറയാനും സാധിക്കാതെ വരുമ്പോൾ, സ്കൂളിലോ ജോലിസ്ഥലത്തോ ഉള്ള സമ്മർദമോ വീട്ടിലെ തർക്കങ്ങളോ ഒരു വ്യക്തിയെ തളർത്തിക്കളയും. കൺമുമ്പിൽ യാതൊരു പരിഹാരവും ഇല്ലാതെ ഉഴലുന്ന അവസ്ഥ, തുറന്നൊന്നു സംസാരിക്കാൻ ആരുമില്ലെന്ന തോന്നൽ, എല്ലാം ആ വ്യക്തിയെ വീർപ്പുമുട്ടിക്കുന്നു. സമ്മർദം അസഹ്യമാണെന്ന് അവൾ കരുതിത്തുടങ്ങുന്നു. അവസാനം അവൾ ഒരു വഴി കണ്ടെത്തുന്നു: ശാരീരികമായി സ്വയം ക്ഷതമേൽപ്പിച്ചുകൊണ്ട്, വൈകാരികമായ തീവ്രവേദനയ്ക്ക് അവൾ അൽപ്പം ആശ്വാസം കണ്ടെത്തുന്നു. ഇനി അൽപ്പകാലത്തേക്കാണെങ്കിലും—ചുരുങ്ങിയത് ആ നിമിഷത്തേക്കെങ്കിലും—ജീവിതവുമായി മുന്നോട്ടു പോകാമെന്ന് അവൾക്കു തോന്നുന്നു.
ശരീരം കീറിമുറിക്കുന്ന വ്യക്തി വൈകാരികമായ തീവ്രവേദനയിൽനിന്നു രക്ഷ നേടാനുള്ള ശ്രമത്തിൽ ശാരീരികമായ വേദന തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്? അത് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: ഒരു കുത്തിവെപ്പ് എടുക്കുന്നതിനു തയ്യാറായി നിങ്ങൾ ഡോക്ടറുടെ മുറിയിലിരിക്കുമ്പോൾ എന്തു സംഭവിക്കുന്നെന്നു ചിന്തിക്കുക. സൂചി കയറ്റുമ്പോഴത്തെ വേദനയിൽനിന്നു ശ്രദ്ധതിരിക്കുന്നതിനുവേണ്ടി, നിങ്ങൾ നിങ്ങളെത്തന്നെ നുള്ളുകയോ അല്ലെങ്കിൽ ഒരുപക്ഷേ നഖംകൊണ്ടു ത്വക്കിൽ അമർത്തുകയോ ചെയ്യുന്നതായി എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കൂടുതൽ അപകടകരമായ വിധത്തിലാണെങ്കിലും സ്വയം ക്ഷതമേൽപ്പിക്കുന്ന വ്യക്തി ചെയ്യുന്നതും ഇതിനു സമാനമാണ്. സ്വയം ക്ഷതമേൽപ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം മുറിവുകൾ, ശ്രദ്ധതിരിക്കാൻ ഉതകുകയും തീവ്രമായ വൈകാരിക വേദനയിൽനിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
വൈകാരികമായ തീവ്രവേദനയോടുള്ള താരതമ്യത്തിൽ ശാരീരിക വേദന സഹിക്കാവുന്നത് ആയതുകൊണ്ട് അതു തിരഞ്ഞെടുക്കുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം സ്വയം ക്ഷതമേൽപ്പിക്കുന്ന ഒരു വ്യക്തി ഈ നടപടിയെ “എന്റെ ഭയത്തിനുള്ള മരുന്ന്” എന്നു വിശേഷിപ്പിച്ചത്.“സമ്മർദം തരണംചെയ്യാനുള്ള ഒരു മാർഗം”
ഈ വൈകല്യം പരിചിതമല്ലാത്തവർക്ക് സ്വയം ക്ഷതമേൽപ്പിക്കുന്നത് ഒരു ആത്മഹത്യാ ശ്രമമാണെന്നു തോന്നിയേക്കാം. എന്നാൽ എല്ലായ്പോഴും അത് അങ്ങനെയല്ല. “സാധാരണമായി, ഇവർ ജീവിതത്തിനല്ല മറിച്ച് വേദനയ്ക്കുമാത്രം വിരാമമിടാനാണു ശ്രമിക്കുന്നത്” എന്ന് കൗമാരപ്രായക്കാർക്കു വേണ്ടിയുള്ള ഒരു മാസികയുടെ എക്സിക്യൂട്ടിവ് എഡിറ്ററായ സബ്രീന സോളിൻ വൈൽ എഴുതുന്നു. അതുകൊണ്ട് സ്വയം ക്ഷതമേൽപ്പിക്കുന്ന രീതി, “ജീവിതം അവസാനിപ്പിക്കാനുള്ള ഒരു മാർഗം ആയിരിക്കുന്നതിനുപകരം ഒരു ‘ജീവിത സംരക്ഷണോപാധി’” ആണെന്ന് ഒരു ഗ്രന്ഥം പറയുന്നു. “സമ്മർദം തരണംചെയ്യാനുള്ള ഒരു മാർഗം” എന്നും അത് ഈ നടപടിയെ വിളിക്കുന്നു. ഏതു തരത്തിലുള്ള സമ്മർദം?
സ്വയം ക്ഷതമേൽപ്പിക്കുന്ന അനേകരും ബാല്യകാലത്ത് ദുഷ്പെരുമാറ്റമോ അവഗണനയോ നിമിത്തം മാനസിക ആഘാതം അനുഭവിച്ചിട്ടുള്ളവരാണെന്നു കണ്ടെത്തിയിരിക്കുന്നു. മറ്റുള്ളവർക്ക് കുടുംബ കലഹമോ, മാതാപിതാക്കളിൽ ഒരാളുടെ മദ്യപാനമോ ആയിരിക്കാം കാരണം. ചിലർക്കു മാനസിക തകരാറു മൂലമാണ് ഈ പ്രശ്നമുണ്ടാകുന്നത്.
മറ്റു പ്രശ്നങ്ങളും കാരണമായേക്കാം. ദൃഷ്ടാന്തത്തിന് ജീവിതത്തിൽ യാതൊരു പിഴവുകളും വന്നുപോകരുതെന്നു ചിന്തിക്കുന്ന ഒരാളാണ് സാറ. എന്നാൽ അതിനു കഴിയാതെ വരുമ്പോൾ താൻ സ്വയം ശപിക്കുമെന്നും അവൾ പറയുന്നു. ഗുരുതരമായ തെറ്റുകൾ ചെയ്യുകയും ക്രിസ്തീയ മേൽവിചാരകന്മാരിൽനിന്നു സഹായം ലഭിക്കുകയും ചെയ്തിരുന്നെങ്കിലും, നിത്യേനയുള്ള അപൂർണതകളെപ്രതി അവൾക്ക് അതിയായ കുറ്റബോധം തോന്നി. “എന്നോടുതന്നെ കർക്കശമായി പെരുമാറണമെന്നു ഞാൻ വിചാരിച്ചു,” സാറ പറയുന്നു. “എന്നെ സംബന്ധിച്ചിടത്തോളം സ്വയം ക്ഷതമേൽപ്പിക്കുന്നത് വെറും ആത്മശിക്ഷണമായിരുന്നു. എന്റെ ‘ആത്മശിക്ഷണത്തിൽ’ മുടി വലിച്ചുപറിക്കുന്നതും കയ്യും കൈത്തണ്ടയും മുറിക്കുന്നതും എവിടെയെങ്കിലും ശക്തമായി ചെന്നിടിച്ച് ശരീരത്തിൽ ചതവുകളുണ്ടാക്കുന്നതും ഒക്കെ ഉൾപ്പെട്ടിരുന്നു. ഇതിനുപുറമേ, തിളച്ച വെള്ളത്തിൽ കൈകൾ മുക്കുക, സ്വെറ്റർ ഇല്ലാതെ കൊടുംതണുപ്പത്ത് പുറത്തിരിക്കുക, ദിവസം മുഴുവൻ പട്ടിണി കിടക്കുക എന്നീ ശിക്ഷകൾക്കും ഞാൻ സ്വയം വിധേയയാകുമായിരുന്നു.”
തന്നോടുതന്നെയുള്ള ആഴമായ വെറുപ്പിന്റെ പ്രകടനമെന്ന നിലയ്ക്കാണ് സാറ സ്വയം ക്ഷതമേൽപ്പിച്ചത്. “യഹോവ എന്റെ തെറ്റുകളെ ക്ഷമിച്ചിരിക്കുന്നെന്ന് എനിക്ക് അറിയാമായിരുന്ന സമയങ്ങളുണ്ടായിരുന്നു. എന്നാൽ അവൻ എന്നോടു ക്ഷമിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കു തോന്നി. എനിക്കു വേദന അനുഭവിക്കണമായിരുന്നു കാരണം ഞാൻ എന്നെ അത്രയ്ക്കും വെറുത്തിരുന്നു. ക്രൈസ്തവലോകത്തിന്റെ നരകം പോലുള്ള ഒരു ദണ്ഡന സ്ഥലം സൃഷ്ടിക്കാൻ യഹോവയ്ക്ക് ഒരിക്കലും കഴിയുകയില്ലെന്ന് അറിയാമായിരുന്നെങ്കിലും അവൻ എനിക്കുവേണ്ടി മാത്രം അത്തരത്തിലൊരെണ്ണം ഉണ്ടാക്കണമെന്നു ഞാൻ ആഗ്രഹിച്ചു.”
“ദുർഘടസമയങ്ങൾ”
ഉത്കണ്ഠാജനകമായ ഇത്തരമൊരു നടപടി എന്തുകൊണ്ടാണ് അടുത്തകാലത്തു മാത്രം വെളിച്ചത്തുവന്നതെന്നു ചിലർ അതിശയിച്ചേക്കാം. എന്നാൽ, ഇത് ഇടപെടാൻ പ്രയാസമുള്ള “ദുർഘടസമയങ്ങൾ” ആണെന്നു ബൈബിൾ വിദ്യാർഥികൾക്ക് അറിയാം. (2 തിമൊഥെയൊസ് 3:1) അതുകൊണ്ട്, ആളുകൾ—യുവജനങ്ങൾ ഉൾപ്പെടെ—വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള സ്വഭാവരീതികളിലേക്കു തിരിയുന്നതു കാണുമ്പോൾ അവർ അത്ഭുതപ്പെടുന്നില്ല.
അടിച്ചമർത്തൽ “ജ്ഞാനിയെ ഭോഷനാക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 7:7, പി.ഒ.സി. ബൈബിൾ) കൗമാരത്തിന്റേതായ വെല്ലുവിളികൾ—ചിലരുടെ കാര്യത്തിൽ ദുരന്തപൂർണമായ ജീവിതാനുഭവങ്ങളും—സ്വയം ക്ഷതമേൽപ്പിക്കുന്നത് ഉൾപ്പെടെ അപകടകരമായ ശീലങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നതിനുള്ള അടിത്തറ പാകുന്നു. ഒറ്റപ്പെട്ടതായി തോന്നുന്ന, തന്നോടു സംസാരിക്കാൻ ആരുമില്ലെന്നു വിശ്വസിക്കുന്ന ഒരു യുവതി ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിൽ ശരീരം കീറിമുറിച്ചേക്കാം. എന്നിരുന്നാലും സ്വയം ക്ഷതമേൽപ്പിക്കുന്നതുമൂലം ലഭിക്കുന്ന ആശ്വാസത്തിന് അൽപ്പായുസ്സേയുള്ളൂ. ഇന്നല്ലെങ്കിൽ നാളെ പ്രശ്നങ്ങൾ വീണ്ടും പൊന്തിവരും, അതോടൊപ്പം സ്വയം ക്ഷതമേൽപ്പിക്കലും തുടരും.
സ്വയം ക്ഷതമേൽപ്പിക്കുന്ന ശീലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, അത് വളരെ ദുഷ്കരമാണെന്നു കണ്ടെത്തുന്നു. എന്നാൽ ഈ ശീലം നിറുത്താൻ ചിലർക്കു സാധിച്ചിരിക്കുന്നത് എങ്ങനെയാണ്? 2006 ഫെബ്രുവരി ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ” “സ്വയം ക്ഷതമേൽപ്പിക്കുന്നത് നിറുത്താൻ എനിക്ക് എങ്ങനെ സാധിക്കും?” എന്ന ലേഖനത്തിൽ അതിനെപ്പറ്റി ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b സ്വയം ക്ഷതമേൽപ്പിക്കുന്നത്, റിങ്ങും മറ്റും ഇടാനായി ശരീരം കുത്തിത്തുളയ്ക്കുന്നതോ പച്ചകുത്തുന്നതോ പോലുള്ള രീതികൾക്കു സമാനമാണെന്നു ധരിക്കരുത്. കാരണം അതെല്ലാം ചെയ്യുന്നത് കൂടുതലും ആസക്തി നിമിത്തമല്ല മറിച്ച് ഫാഷൻ ഭ്രമം നിമിത്തമാണ്. 2000 ആഗസ്റ്റ് 8 ലക്കം ഉണരുക!യുടെ 18-19 പേജുകൾ കാണുക.
c ലേവ്യപുസ്തകം 19:28 പറയുന്നു, “മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുത്.” ഈ പുറജാതീയ ആചാരം—വ്യക്തമായും, മരിച്ചവരുടെമേൽ ആധിപത്യം പുലർത്തുന്ന ദേവന്മാരെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി രൂപപ്പെടുത്തിയത്—ഇവിടെ ചർച്ച ചെയ്യുന്ന സ്വയം ക്ഷതമേൽപ്പിക്കുന്ന രീതിയിൽനിന്നു വ്യത്യസ്തമാണ്.
d ഈ കാരണത്താൽ, സ്വയം ക്ഷതമേൽപ്പിക്കുന്ന ആളെ ഈ ലേഖനത്തിൽ സ്ത്രീലിംഗത്തിലാണു പരാമർശിച്ചിരിക്കുന്നത്. എന്നിരുന്നാലും, ചർച്ച ചെയ്യപ്പെടുന്ന തത്ത്വങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ബാധകമാണ്.
ചിന്തിക്കാൻ:
◼ എന്തുകൊണ്ടാണ് ചില യുവജനങ്ങൾ സ്വയം ക്ഷതമേൽപ്പിക്കുന്നത്?
◼ ഈ ലേഖനം വായിച്ചശേഷം, വേദനാകരമായ വികാരങ്ങളെ തരണംചെയ്യാനുള്ള മെച്ചമായ മാർഗങ്ങളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാനാകുമോ?
[11-ാം പേജിലെ ആകർഷക വാക്യം]
“ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം.”—സദൃശവാക്യങ്ങൾ 14:13
[11-ാം പേജിലെ ആകർഷക വാക്യം]
“സാധാരണമായി, ഇവർ ജീവിതത്തിനല്ല മറിച്ച് വേദനയ്ക്കുമാത്രം വിരാമമിടാനാണു ശ്രമിക്കുന്നത്”
[12-ാം പേജിലെ ആകർഷക വാക്യം]
ഇടപെടാൻ പ്രയാസമുള്ള “ദുർഘടസമയങ്ങ”ളിലാണ് നാം ജീവിക്കുന്നത്—2 തിമൊഥെയൊസ് 3:1