പൂപ്പൽ—ശത്രുവും മിത്രവും!
പൂപ്പൽ—ശത്രുവും മിത്രവും!
സ്വീഡനിലെ ഉണരുക! ലേഖകൻ
ചില പൂപ്പലുകൾ ജീവൻ രക്ഷിക്കുന്നു, എന്നാൽ ചിലത് മരണത്തിന് ഇടയാക്കുന്നു. ചിലത് ചീസിന്റെയും വീഞ്ഞിന്റെയും സ്വാദു വർധിപ്പിക്കുന്നു; എന്നാൽ ചിലത് ഭക്ഷ്യവസ്തുക്കളെ വിഷമയമാക്കുന്നു. ചിലത് തടികളിൽ വളരുന്നു; മറ്റു ചിലത് കുളിമുറികളിലും പുസ്തകങ്ങളിലും പടർന്നു പിടിക്കുന്നു. വാസ്തവത്തിൽ, പൂപ്പൽ എല്ലായിടത്തുമുണ്ട്—എന്തിനധികം, ഈ വാചകം വായിച്ചുകൊണ്ടിരിക്കുമ്പോൾ പൂപ്പലുകളുടെ വിത്തുകളായ സ്പോറുകൾ നിങ്ങളുടെ മൂക്കിലൂടെ കടന്നുപോകുന്നുണ്ടായിരിക്കാം.
നമുക്കു ചുറ്റും പൂപ്പലുണ്ടെന്നു നിങ്ങൾ സംശയിക്കുന്നെങ്കിൽ, പുറത്തോ റെഫ്രിജറേറ്ററിലോ ഒരു കഷണം റൊട്ടി വെക്കുക. അധികം താമസിയാതെ അതിൽ പഞ്ഞിപോലത്തെ ഒരു ആവരണം രൂപംകൊള്ളും—പൂപ്പൽ!
പൂപ്പൽ എന്താണ്?
കരിമ്പൻ, കൂണുകൾ, സസ്യ തുരുമ്പുകൾ, യീസ്റ്റുകൾ എന്നിവ ഉൾപ്പെടെ 1,00,000-ത്തിലധികം സ്പീഷീസുകൾ അടങ്ങുന്ന ഫംഗൈ സാമ്രാജ്യത്തിൽ ഉൾപ്പെടുന്നതാണ് പൂപ്പൽ. ഏകദേശം 100 തരം ഫംഗസ്സുകൾ മാത്രമേ മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്നതായി കരുതപ്പെടുന്നുള്ളൂ. മറ്റു പലതും, മൃതമായ ജൈവ വസ്തുക്കളെ വിഘടിപ്പിക്കുകയും അങ്ങനെ അവശ്യ മൂലകങ്ങളെ സസ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിൽ പുനഃപര്യയനം ചെയ്യുകയും ചെയ്തുകൊണ്ട് ഭക്ഷ്യശൃംഖലയിൽ സുപ്രധാനമായ പങ്കു വഹിക്കുന്നു. ഇനിയും ചിലത് മണ്ണിൽനിന്നു പോഷകങ്ങൾ വലിച്ചെടുക്കാൻ സസ്യങ്ങളെ സഹായിച്ചുകൊണ്ട് അവയുമായി പരാശ്രയബന്ധങ്ങൾ സ്ഥാപിക്കുന്നു. ചിലതു പരാദങ്ങളാണ്.
വായുവിലൊഴുകി നടക്കുന്ന സൂക്ഷ്മകണങ്ങളായ സ്പോറുകളായാണ് പൂപ്പൽ ഉത്ഭവിക്കുന്നത്. മറ്റു കാര്യങ്ങളോടൊപ്പം ശരിയായ അളവിലുള്ള ഊഷ്മാവും ഈർപ്പവുമുള്ള അനുയോജ്യമായ ഭക്ഷ്യസ്രോതസ്സിൽ സ്പോറുകൾ പതിക്കുകയാണെങ്കിൽ അവ മുളയ്ക്കുകയും ഹൈഫ എന്നറിയപ്പെടുന്ന നൂലുപോലുള്ള കോശങ്ങൾ രൂപംകൊള്ളുകയും ചെയ്യും. അന്യോന്യം പിണഞ്ഞു ചേർന്നുണ്ടാകുന്ന ഹൈഫകളുടെ കൂട്ടത്തെയാണ് മൈസീലിയം എന്നു വിളിക്കുന്നത്. മൈസീലിയം പഞ്ഞിപോലെ മൃദുവാണ്. ഇതാണ് നാം കാണുന്ന പൂപ്പൽ. കുളിമുറിയിലെ ടൈൽസുകൾക്കിടയിലുള്ള വെള്ള സിമെന്റ് പോലുള്ളതിൽ രൂപംകൊള്ളുമ്പോൾ പൂപ്പൽ അഴുക്കോ കറയോ പോലെ കാണപ്പെട്ടേക്കാം.
പ്രത്യുത്പാദനം നടത്തുന്നതിൽ പൂപ്പൽ വിരുതനാണ്. റൊട്ടിയിൽ സാധാരണ കാണപ്പെടുന്ന റൈസോപസ് സ്റ്റോളോണിഫർ എന്ന പൂപ്പലിൽ കാണുന്ന സൂക്ഷ്മമായ കറുത്ത പുള്ളികൾ ബീജബിന്ദുക്കൾ അഥവാ സ്പൊറാഞ്ചിയ ആണ്. ഓരോ ബീജബിന്ദുവിലും 50,000-ത്തിനുമേൽ സ്പോറുകൾ അടങ്ങിയിട്ടുണ്ട്, അതിൽ ഓരോന്നിനും ഏതാനും ദിവസങ്ങൾക്കകം കോടിക്കണക്കിനു പുതിയ സ്പോറുകളെ ഉത്പാദിപ്പിക്കാൻ സാധിക്കും. അനുകൂല സാഹചര്യങ്ങൾ ലഭിക്കുകയാണെങ്കിൽ കാട്ടിലെ തടിയിൽ വളരുന്നതുപോലെ ഒരു പുസ്തകത്തിലോ ബൂട്ടിലോ അല്ലെങ്കിൽ വാൾപേപ്പറിലോ വളരാൻ അതിനു നിഷ്പ്രയാസം സാധിക്കും.
പൂപ്പൽ “ആഹാരം അകത്താക്കുന്നത്” എങ്ങനെയാണ്? ആദ്യം ആഹാരം കഴിക്കുകയും പിന്നെ ദഹനത്തിലൂടെ ആ ആഹാരം ആഗിരണം ചെയ്യുകയും ചെയ്യുന്ന മനുഷ്യരിൽനിന്നും മൃഗങ്ങളിൽനിന്നും വ്യത്യസ്തമായി, പൂപ്പൽ ഈ പ്രക്രിയ നേരെതിരിച്ചാണു നിർവഹിക്കുന്നത്. ജൈവതന്മാത്രകൾ പൂപ്പലുകൾക്കു ഭക്ഷിക്കാൻ സാധിക്കാത്തവിധം വളരെ വലുതും സങ്കീർണവുമാകുമ്പോൾ അവ ദഹനരസങ്ങൾ പുറത്തുവിടുന്നു. ഈ രസങ്ങൾ തന്മാത്രകളെ കൂടുതൽ ലഘുവായ ഘടകങ്ങളായി വിഘടിപ്പിക്കുകയും പിന്നീട് പൂപ്പൽ അവയെ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
തന്നെയുമല്ല, പൂപ്പലുകൾക്കു ഭക്ഷണം അന്വേഷിച്ചു പോകാൻ സാധിക്കാത്തതിനാൽ അവ തങ്ങളുടെ ഭക്ഷണത്തിൽ തന്നെയാണു വസിക്കുന്നത്.പൂപ്പലുകൾക്ക് മൈക്കൊടോക്സിനുകൾ എന്നറിയപ്പെടുന്ന വിഷവസ്തുക്കൾ ഉത്പാദിപ്പിക്കാൻ സാധിക്കും. ഇത് മനുഷ്യരെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ശ്വസനത്തിലൂടെയോ വായിലൂടെയോ ത്വക്കിലൂടെയോ പൂപ്പൽ ശരീരത്തിനകത്തു കടന്നേക്കാം. പക്ഷേ അത് എല്ലായ്പോഴും അപകടകാരിയല്ല. പൂപ്പലിന് പ്രയോജനപ്രദമായ പല സവിശേഷതകളുമുണ്ട്.
പൂപ്പലിന്റെ പ്രയോജനപ്രദമായ സവിശേഷതകൾ
1928-ൽ ശാസ്ത്രജ്ഞനായ അലക്സാണ്ടർ ഫ്ളെമിങ് പച്ച നിറത്തിലുള്ള പൂപ്പലിന് അണുക്കളെ നശിപ്പിക്കാൻ കഴിവുള്ളതായി യാദൃച്ഛികമായി നിരീക്ഷിച്ചു. പെനിസിലിയം നൊട്ടേറ്റം എന്ന പേരിൽ പിന്നീടു തിരിച്ചറിയപ്പെടാനിടയായ ആ പൂപ്പൽ ബാക്ടീരിയയെ നശിപ്പിക്കുമെങ്കിലും മനുഷ്യർക്കും മൃഗങ്ങൾക്കും ഹാനികരമല്ലെന്നു തെളിഞ്ഞു. ഈ കണ്ടുപിടിത്തം “ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും വലിയ ജീവരക്ഷകൻ” എന്നറിയപ്പെട്ട പെനിസിലിൻ വികസിപ്പിച്ചെടുക്കുന്നതിലേക്കു നയിച്ചു. ഈ കണ്ടുപിടിത്തത്തിന് ഫ്ളെമിങ്ങിനും സഹ ഗവേഷകരായ ഹോവാർഡ് ഫ്ളോറിക്കും ഏണസ്റ്റ് ചെയ്നിനും 1945-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അന്നുമുതൽ, വളരെയധികം ഔഷധപദാർഥങ്ങൾ പൂപ്പലിൽനിന്ന് ഉത്പാദിപ്പിച്ചിരിക്കുന്നു—രക്തം കട്ടപിടിക്കൽ, കൊടിഞ്ഞി, പാർക്കിൻസൺസ് രോഗം എന്നിവ ചികിത്സിക്കാനുള്ള മരുന്നുകൾ ഇതിൽ പെടുന്നു.
ഭക്ഷണപദാർഥങ്ങൾക്കു വ്യത്യസ്തതരം രുചികൾ നൽകുന്ന കാര്യത്തിലും പൂപ്പൽ ഒരു അനുഗ്രഹമാണ്. ചീസ്സിന്റെ കാര്യമെടുക്കുക. ബ്രീ, കാംമെംബെർ, ഡാനിഷ് ബ്ലൂ, ഗൊർഗോൻസോല, റോക്ഫോർട്ട്, സ്റ്റിൽട്ടൻ എന്നീ ചീസ്സുകൾ അവയുടെ തനതായ രുചികൾക്കായി പെനിസിലിയത്തിലെ ചില സ്പീഷീസുകളോടാണു കടപ്പെട്ടിരിക്കുന്നത്. അതുപോലെ സലാമി, സോയാ സോസ്, ബിയർ എന്നിവയുടെ ഉത്പാദനത്തിലും ചിലതരം പൂപ്പലുകൾ പങ്കുവഹിക്കുന്നുണ്ട്.
വീഞ്ഞിന്റെ കാര്യത്തിലും ഇതു സത്യമാണ്. ഉചിതമായ സമയത്തു വിളവെടുക്കുന്ന, ഓരോ കുലയിലും ആവശ്യമായ അളവിൽ പൂപ്പലുള്ള, പാകമായ ചില മുന്തിരികൾ വിശിഷ്ടമായ വീഞ്ഞുത്പാദനത്തിന് ഉപയോഗിക്കുന്നു. ബോട്രൈറ്റിസ് സിനെരിയ അഥവാ “നോബിൾ റോട്ട്” എന്നറിയപ്പെടുന്ന പൂപ്പൽ മുന്തിരിയിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും തത്ഫലമായി വീഞ്ഞിന്റെ സ്വാദു വർധിക്കുകയും ചെയ്യുന്നു. വീഞ്ഞു കലവറയിൽ, വീഞ്ഞു മൂക്കുന്ന സമയത്ത് ക്ലാഡോസ്പോറിയം സെല്ലാറെ എന്ന പൂപ്പൽ അതിന് ഒന്നുകൂടി സ്വാദു വർധിപ്പിക്കുന്നു. ഹംഗേറിയൻ വീഞ്ഞുത്പാദകർക്കിടയിലുള്ള ഒരു പഴഞ്ചൊല്ലിന്റെ പരാവർത്തനം ഇങ്ങനെയാണ്: “മേന്മയുള്ള പൂപ്പൽ നല്ല വീഞ്ഞ് ഉത്പാദിപ്പിക്കുന്നു.”
പൂപ്പൽ ഒരു ശത്രു ആകുമ്പോൾ
ചില പൂപ്പലുകളുടെ ഹാനികരമായ സ്വഭാവവിശേഷതകൾക്കും നീണ്ട ചരിത്രമുണ്ട്. പൊ.യു.മു. ആറാം നൂറ്റാണ്ടിൽ, അസ്സീറിയക്കാർ ശത്രുക്കളുടെ കിണറുകൾ വിഷമയമാക്കാൻ കാൽവിസെപ്സ് പർപുറിയ എന്ന പൂപ്പൽ ഉപയോഗിച്ചു—ജൈവയുദ്ധത്തിന്റെ ഒരു പ്രാചീന രൂപമായിരുന്നു അത്. ചിലപ്പോൾ വരകിനെ ബാധിക്കാറുള്ള ഈ പൂപ്പൽ മധ്യകാലഘട്ടങ്ങളിൽ അനേകരിൽ കോച്ചിപ്പിടിത്തം, നീറ്റൽ, വ്രണങ്ങൾ, മതിഭ്രമം എന്നിവയ്ക്ക് ഇടയാക്കി. ഇപ്പോൾ എർഗോട്ടിസം എന്ന് അറിയപ്പെടുന്ന ആ രോഗത്തെ സെന്റ് ആന്റണീസ് ഫയർ എന്നാണു വിളിച്ചിരുന്നത്, കാരണം പല രോഗികളും അത്ഭുതകരമായ രോഗശാന്തി പ്രതീക്ഷിച്ചുകൊണ്ട് ഫ്രാൻസിലെ അന്തോണീസ് പുണ്യവാളന്റെ ദൈവാലയത്തിലേക്കു തീർഥാടനം നടത്തി.
അറിയപ്പെടുന്നതിൽവെച്ച് കാൻസറിനു കാരണമാകുന്ന ഏറ്റവും മാരകമായ പദാർഥം അഫ്ളാടോക്സിൻ ആണ്.
ഈ വിഷം ഉത്പാദിപ്പിക്കുന്നതും പൂപ്പലാണ്. ഒരു ഏഷ്യൻ രാജ്യത്ത്, ഓരോ വർഷവും അഫ്ളാടോക്സിൻ 20,000 പേരുടെ മരണത്തിന് ഇടയാക്കുന്നു. ഈ മാരക പദാർഥം ആധുനിക ജൈവായുധങ്ങളിൽ ഉപയോഗിച്ചുവരുന്നു.എന്നിരുന്നാലും അനുദിനജീവിതത്തിൽ സാധാരണ പൂപ്പലുകളുമായി സമ്പർക്കത്തിൽ വരുന്നതിന്റെ ലക്ഷണങ്ങൾ ഗുരുതരമായ ആരോഗ്യ ഭീഷണി എന്നതിലുപരി അസഹ്യപ്പെടുത്തുന്നതാണ്. “മിക്ക പൂപ്പലുകളും, അവയുടെ മണം നിങ്ങൾക്ക് അനുഭവപ്പെടുന്നെങ്കിൽപ്പോലും, ദോഷമൊന്നും ചെയ്യുകയില്ല” എന്ന് യുസി ബെർക്ലി വെൽനസ് ലെറ്റർ പറയുന്നു. സാധാരണ ഇതിനോട് അസഹ്യതയോടെ പ്രതികരിക്കുന്നവരിൽ ആസ്തമ പോലുള്ള ശ്വാസകോശ തകരാറുള്ളവരും അലർജികൾ, രാസസംവേദകത്വം അല്ലെങ്കിൽ ദുർബലമായ രോഗപ്രതിരോധ വ്യവസ്ഥ ഉള്ളവരും വലിയ അളവിൽ പൂപ്പലുമായി സമ്പർക്കത്തിൽ വരുന്ന കർഷകരും ഉൾപ്പെടുന്നു. പൂപ്പലുമായി സമ്പർക്കത്തിൽ വരുന്നതിന്റെ ഫലങ്ങൾ കുഞ്ഞുങ്ങളിലും പ്രായം ചെന്നവരിലും കൂടുതൽ തീവ്രമായിരുന്നേക്കാം.
‘ശ്വസന തകരാറുകളായ വലിവ്, ശ്വാസതടസ്സം, ത്വരിതഗതിയിലുള്ള ശ്വാസോച്ഛ്വാസം, മൂക്കടപ്പും കഫക്കെട്ടും, കണ്ണിലെ അസ്വസ്ഥത (ചൂടാകുകയോ വെള്ളം വരുകയോ അല്ലെങ്കിൽ ചുവക്കുകയോ ചെയ്യുക), കുത്തിക്കുത്തിയുള്ള വരണ്ട ചുമ, മൂക്കിലോ തൊണ്ടയിലോ ഉള്ള അസ്വസ്ഥത, ത്വക്കിലെ തടിപ്പ് അല്ലെങ്കിൽ ചൊറിച്ചിൽ’ എന്നീ ലക്ഷണങ്ങൾ പൂപ്പൽ ഉളവാക്കിയേക്കാമെന്ന് ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള ഡിപ്പാർട്ടുമെന്റ് ഓഫ് ഹെൽത്ത് സർവീസസ് പറയുന്നു.
പൂപ്പലും കെട്ടിടങ്ങളും
പൂപ്പൽ നിവാരണത്തിനായി സ്കൂളുകൾ അടച്ചിട്ടതായോ ആളുകൾക്കു വീടുകളും ഓഫീസുകളും ഒഴിയേണ്ടി വന്നതായോ കേൾക്കുന്നതു ചില രാജ്യങ്ങളിൽ വളരെ സാധാരണമാണ്. സ്വീഡനിലെ സ്റ്റോക്ഹോമിൽ പുതിയതായി തുറന്ന മ്യൂസിയം ഓഫ് മോഡേൺ ആർട്ട്സ് 2002-ന്റെ ആരംഭത്തിൽ പൂപ്പൽ കാരണം അടച്ചിടേണ്ടിവന്നു. പൂപ്പൽ നിവാരണത്തിന് ഏകദേശം 22.5 കോടി രൂപ ചെലവുവന്നു. എന്തുകൊണ്ടാണ് അടുത്തകാലത്ത് ഈ പ്രശ്നം വളരെ സാധാരണമായിരിക്കുന്നത്?
ഉത്തരത്തിൽ രണ്ടു പ്രധാന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു: നിർമാണ വസ്തുക്കളും രൂപകൽപ്പനയും. അടുത്ത കാലത്തായി നിർമാണ വസ്തുക്കളിൽ പൂപ്പലിന്റെ ആക്രമണത്തിന് എളുപ്പം വിധേയമാകുന്ന ഉത്പന്നങ്ങൾ ഉൾപ്പെടുത്തുന്നു. ഡ്രൈവാൾ അല്ലെങ്കിൽ ജിപ്സം ബോർഡ് ആണ് ഒരു ഉദാഹരണം. പ്രബലമാക്കിയ ജിപ്സം പ്ലാസ്റ്റർ, ഉറപ്പുള്ള കടലാസ് പാളികൾക്കിടയിൽ നിറച്ചാണ് ഇതു നിർമിക്കുന്നത്. ജിപ്സം പ്ലാസ്റ്ററിൽ ഈർപ്പം നിലനിൽക്കും. അതുകൊണ്ട് ജിപ്സം ബോർഡ് വളരെക്കാലം നനഞ്ഞിരുന്നാൽ, പൂപ്പലുകളുടെ വിത്തായ സ്പോറുകൾ മുളയ്ക്കുകയും അതിലെ കടലാസു ഭക്ഷിച്ചുകൊണ്ടു വളരുകയും ചെയ്യും.
രൂപകൽപ്പനകൾക്കും മാറ്റം സംഭവിച്ചിരിക്കുന്നു. 1970-കൾക്കു മുമ്പ്, ഐക്യനാടുകളിലെയും മറ്റു പല രാജ്യങ്ങളിലെയും മിക്ക കെട്ടിടങ്ങളും പിന്നീടുവന്ന രൂപകൽപ്പനകളിൽനിന്നു വ്യത്യസ്തമായി കൂടുതൽ ചൂടും വായുവും കടത്തിവിടുന്നതായിരുന്നു. വായുസഞ്ചാരവും താപനഷ്ടവും ആർജനവും കുറച്ചുകൊണ്ട് ഊർജം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ കെട്ടിടങ്ങളെ പ്രാപ്തമാക്കുകയെന്ന ആഗ്രഹത്തിന്റെ ഫലമായിട്ടാണ് ഈ മാറ്റങ്ങൾ വന്നത്. ഇക്കാരണത്താൽ കെട്ടിടങ്ങൾ ഇപ്പോൾ കൂടുതൽ കാലം ഈർപ്പം നിലനിറുത്തുന്നു. ഇത് പൂപ്പൽ വളർച്ചയ്ക്കു സഹായകമാകുന്നു. പ്രശ്നത്തിന് ഒരു പരിഹാരമുണ്ടോ?
പൂപ്പൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ, കുറഞ്ഞപക്ഷം ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വീടിന് അകത്തുള്ള എല്ലാ വസ്തുക്കളും വൃത്തിയായും നനവു തട്ടാതെയും സൂക്ഷിക്കുന്നതും ഈർപ്പത്തിന്റെ അളവു കുറയ്ക്കുന്നതുമാണ്. എവിടെയെങ്കിലും ഈർപ്പം തങ്ങിനിൽക്കുകയാണെങ്കിൽ പെട്ടെന്നുതന്നെ നനവു നീക്കംചെയ്യുക. അതുപോലെ, വെള്ളം വീണ്ടും കെട്ടിനിൽക്കാതിരിക്കാൻ ആവശ്യമായ മാറ്റങ്ങളോ കേടുപോക്കലുകളോ വരുത്തുക. ഉദാഹരണത്തിന് മേൽക്കൂരയും ഓവുകളും വൃത്തിയായും കേടുപാടില്ലാതെയും സൂക്ഷിക്കുക. കെട്ടിടത്തിന്റെ അടിസ്ഥാനത്തിനു ചുറ്റും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ കെട്ടിടത്തിനു ചുറ്റുമുള്ള സ്ഥലം തറനിരപ്പിലല്ലെന്ന് ഉറപ്പുവരുത്തുക. എയർ കണ്ടീഷനർ ഉണ്ടെങ്കിൽ, ഡ്രിപ്പ് പാനുകൾ വൃത്തിയായും ഡ്രയിൻ ലൈനുകളിലെ തടസ്സങ്ങൾ നീക്കിയും സൂക്ഷിക്കുക.
“പൂപ്പൽ നിയന്ത്രണത്തിനുള്ള താക്കോൽ ഈർപ്പ നിയന്ത്രണമാണ്” എന്ന് ഒരു ആധികാരിക ഉറവിടം പറയുന്നു. ലളിതമായ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ പൂപ്പലുകളുടെ അനഭികാമ്യ വിശേഷതകളുമായുള്ള പോരാട്ടത്തിൽനിന്നു നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ഒഴിവുള്ളവരായിരിക്കും. ചില വിധങ്ങളിൽ പൂപ്പൽ അഗ്നി സമാനമാണ്. അതിന് ഉപദ്രവകരമായിരിക്കാൻ കഴിയും, എന്നാൽ അങ്ങേയറ്റം ഉപകാരപ്രദമായിരിക്കാനും കഴിയും. ഏറെയും ആശ്രയിച്ചിരിക്കുന്നത്, നാം അത് എങ്ങനെ ഉപയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതിനെയാണ്. തീർച്ചയായും പൂപ്പലിനെക്കുറിച്ച് ഇനിയും വളരെയധികം കാര്യങ്ങൾ നമുക്കു മനസ്സിലാക്കാനുണ്ട്. ദൈവത്തിന്റെ വിസ്മയാവഹമായ സൃഷ്ടികളെക്കുറിച്ചുള്ള അറിവ് നമുക്കു പ്രയോജനമേ ചെയ്യൂ.
[14, 15 പേജുകളിലെ ചതുരം/ചിത്രം]
ബൈബിളിൽ പൂപ്പലിനെക്കുറിച്ചു പരാമർശമുണ്ടോ?
ബൈബിളിൽ “വീട്ടിൽ കുഷ്ഠബാധ” എന്ന ഒരു പരാമർശം നാം കാണുന്നു. കെട്ടിടത്തിനുതന്നെയുള്ള ബാധയെയാണ് അത് അർഥമാക്കുന്നത്. (ലേവ്യപുസ്തകം 14:34-48) “തിന്നെടുക്കുന്ന കുഷ്ഠം” എന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം ഒരുതരം കരിമ്പനോ പൂപ്പലോ ആയിരുന്നിരിക്കാനിടയുണ്ട് എന്ന അഭിപ്രായമുണ്ടെങ്കിലും ഇതിനെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു. അത് എന്തായാലും, ബാധിക്കപ്പെട്ടതായി തോന്നുന്ന കല്ലുകളെല്ലാം വീട്ടുടമസ്ഥർ നീക്കണമെന്നും വീടിന്റെ അകം ഒക്കെയും ചുരണ്ടിക്കളയണമെന്നും സംശയമുള്ള വസ്തുക്കളെല്ലാം പട്ടണത്തിനു പുറത്ത് ഒരു “അശുദ്ധസ്ഥലത്തു” ഉപേക്ഷിക്കണമെന്നും ദൈവത്തിന്റെ നിയമം അനുശാസിച്ചു. വീട്ടിൽ പിന്നെയും ബാധയുണ്ടായാൽ മുഴു വീടും അശുദ്ധമായി പ്രഖ്യാപിച്ച് അത് ഇടിച്ചുപൊളിക്കുകയും ഉപേക്ഷിക്കുകയും ചെയ്യണമായിരുന്നു. യഹോവയുടെ വിശദമായ നിർദേശങ്ങൾ, തന്റെ ജനത്തിലും അവരുടെ ഭൗതിക ക്ഷേമത്തിലുമുള്ള അവന്റെ ആഴമായ താത്പര്യത്തെ പ്രതിഫലിപ്പിച്ചു.
[13-ാം പേജിലെ ചിത്രം]
പൂപ്പലിൽനിന്ന് എടുക്കുന്ന ഔഷധങ്ങൾ നിരവധി ജീവൻ രക്ഷിച്ചിട്ടുണ്ട്
[15-ാം പേജിലെ ചിത്രം]
ഡ്രൈവാളും വൈനലും ഈർപ്പം ആഗിരണം ചെയ്യുന്നു, ഇത് പൂപ്പൽ വളർച്ചയ്ക്കു വളമാകുന്നു