മാർഗദർശനത്തിനായി ബൈബിളിലേക്കു നോക്കേണ്ടത് എന്തുകൊണ്ട്?
ബൈബിളിന്റെ വീക്ഷണം
മാർഗദർശനത്തിനായി ബൈബിളിലേക്കു നോക്കേണ്ടത് എന്തുകൊണ്ട്?
“എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും . . . പ്രയോജനമുള്ളതു ആകുന്നു.” —2 തിമൊഥെയൊസ് 3:16, 17.
ജീവിതത്തിൽ മാർഗനിർദേശത്തിനായി നിങ്ങൾ എങ്ങോട്ടാണു നോക്കുന്നത്? മിക്കവാറും എല്ലാ വിഷയങ്ങളെക്കുറിച്ചും ഉപദേശങ്ങളുടെ ഒരു പ്രളയംതന്നെ ഇന്നു നമുക്കു ചുറ്റുമുണ്ട്. എന്നിട്ടും പലരും മാർഗദർശനത്തിനായി ബൈബിളിലെ പുരാതന ലിഖിതങ്ങളിലേക്കു നോക്കുന്നു.
എന്നിരുന്നാലും ഭൂരിഭാഗംപേരും ബൈബിളിനെ അത്ര ഗൗനിക്കാറില്ല. വിശേഷിച്ച് വിവരങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുന്ന, നൂതനസാങ്കേതികവിദ്യയുടെ ഇക്കാലത്ത്. വിദ്യാഭ്യാസ-ശാസ്ത്ര രംഗങ്ങളിലെ ചില ആദരണീയ വ്യക്തികൾ ഇനിയങ്ങോട്ടു ബൈബിൾ പ്രായോഗികമേയല്ല എന്ന ആശയത്തെ പിന്താങ്ങുന്നവരാണ്. അവർ പറയുന്നതു ശരിയാണോ? ഇന്ന് മാർഗനിർദേശത്തിന്റെ നിരവധി ഉറവിടങ്ങൾ വ്യാപകമാണെന്നിരിക്കെ ബൈബിളിലേക്കു തിരിയേണ്ടത് എന്തുകൊണ്ടാണ്?
സത്യത്തിന്റെ ഒരു പുസ്തകം
യേശുക്രിസ്തു ഒരിക്കൽ ഒരു കിണറ്റുകരയിൽ വിശ്രമിക്കവേ അവിടെ വന്ന ഒരു ശമര്യക്കാരിയോടു സംസാരിച്ചുതുടങ്ങി. അവൻ പറഞ്ഞു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹന്നാൻ 4:24) ദൈവത്തിനു സ്വീകാര്യമായ ഒരു ആരാധനാരീതിയുണ്ടെന്ന് ഈ വാക്കുകൾ കാണിച്ചുതരുന്നു. നമ്മുടെ ആരാധന സത്യത്തോടുകൂടെയുള്ളത് ആയിരിക്കണമെങ്കിൽ ദൈവം തന്നെക്കുറിച്ചു ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളോടു ചേർച്ചയിലായിരിക്കണം അത്. ദൈവവചനത്തിലാണ് സത്യം അടങ്ങിയിരിക്കുന്നത്.—യോഹന്നാൻ 17:17.
എന്നാൽ ബൈബിളിൽ വിശ്വസിക്കുന്നെന്ന് അവകാശപ്പെടുന്ന നിരവധി മതങ്ങളുണ്ട്, ഇവയുടെ ഓരോന്നിന്റെയും പഠിപ്പിക്കലുകളോ വ്യത്യസ്തവും. തന്നിമിത്തം, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു എന്നതു സംബന്ധിച്ച് ഏറെ ആശയക്കുഴപ്പങ്ങളുണ്ട്. യേശു ദൈവമാണോ അതോ ദൈവത്തിന്റെ പുത്രനാണോ? മരണാനന്തരം ഒരു ജീവിതമുണ്ടോ? മരണാനന്തരം ആളുകളെ ദണ്ഡിപ്പിക്കുന്ന ശരിക്കുമുള്ള ഒരു സ്ഥലമാണോ നരകം? സാത്താൻ ഒരു യഥാർഥ വ്യക്തിയാണോ? ക്രിസ്ത്യാനിയായിരിക്കുകയെന്നാൽ എന്താണ് അർഥം? നാം ചെയ്യുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങൾ ദൈവം കണക്കിലെടുക്കുന്നുവോ? ആത്മാർഥ പ്രണയം a ഈ കാര്യങ്ങളെല്ലാം സംബന്ധിച്ച് തങ്ങൾ സത്യമാണു പഠിപ്പിക്കുന്നതെന്ന് പല മതങ്ങളും അവകാശപ്പെടുന്നു. പക്ഷേ മതോപദേശങ്ങൾ പലപ്പോഴും പരസ്പര വിരുദ്ധമാണെന്നു മാത്രം. അവയെല്ലാംകൂടെ ഏതായാലും സത്യമായിരിക്കുകയില്ല.—മത്തായി 7:21-23.
വിവാഹത്തിനു മുമ്പേയുള്ള ലൈംഗികതയ്ക്കു ന്യായീകരണമാകുമോ? മദ്യം കഴിക്കുന്നതു തെറ്റാണോ?അങ്ങനെയാണെങ്കിൽ നിങ്ങൾ ദൈവത്തെക്കുറിച്ചുള്ള സത്യവും അവനു പ്രസാദകരമായ ആരാധനാരീതിയും എവിടെനിന്നു മനസ്സിലാക്കും? ഉദാഹരണത്തിന് ഒരു ഗുരുതരമായ രോഗം ഭേദമാക്കാൻ നിങ്ങൾക്കൊരു ശസ്ത്രക്രിയ ആവശ്യമാണെന്നു നിങ്ങൾ മനസ്സിലാക്കിയെന്നിരിക്കട്ടെ. നിങ്ങൾ എന്തു ചെയ്യും? സാധ്യമെങ്കിൽ ഇക്കാര്യത്തിൽ ഏറ്റവും നിപുണനായ ഒരു ശസ്ത്രക്രിയാവിദഗ്ധനെ കണ്ടുപിടിക്കാൻ നിങ്ങൾ കഴിയുന്നത്ര ശ്രമിക്കും. അദ്ദേഹത്തിന്റെ യോഗ്യതകളും അനുഭവപരിചയവും നിങ്ങൾ കണക്കിലെടുക്കും, അദ്ദേഹത്തെ സമീപിച്ച് നിങ്ങൾ കാര്യങ്ങളെല്ലാം സംസാരിക്കും. തെളിവുകളെല്ലാം പരിചിന്തിച്ച് അദ്ദേഹമാണ് ഏറ്റവും സമർഥൻ എന്നു ബോധ്യപ്പെടുമ്പോൾ പിന്നെ നിങ്ങൾക്ക് അദ്ദേഹത്തെ പൂർണ വിശ്വാസമാണ്, നിങ്ങളുടെ ശസ്ത്രക്രിയ അദ്ദേഹത്തെക്കൊണ്ടു നടത്തിക്കാൻ നിങ്ങൾക്കു സമ്മതമാണ്. മറ്റുള്ളവർക്കു ചിലപ്പോൾ വേറൊരു അഭിപ്രായം ഉണ്ടായിരുന്നേക്കാം. പക്ഷേ ഈ ഡോക്ടറുടെമേൽ ഇപ്പോൾ നിങ്ങൾക്കുള്ള വിശ്വാസം നിങ്ങളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്.
സമാനമായി, ലഭ്യമായ തെളിവുകൾ പരമാർഥതയോടെ സൂക്ഷ്മമായി പരിശോധിക്കുന്നെങ്കിൽ ദൈവത്തിലും ബൈബിളിലും നിങ്ങൾക്കു വിശ്വാസം വളർത്തിയെടുക്കാനാകും. (സദൃശവാക്യങ്ങൾ 2:1-4) ദൈവത്തിനു സ്വീകാര്യമായ ആരാധന സംബന്ധിച്ച് നിങ്ങൾക്കുള്ള ചോദ്യങ്ങളുടെ ഉത്തരം അന്വേഷിക്കവേ നിങ്ങൾക്കു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒന്നുകിൽ ആളുകളുടെ പരസ്പര വിരുദ്ധമായ പഠിപ്പിക്കലുകളും അഭിപ്രായങ്ങളും നിങ്ങൾക്കു പരിചിന്തിക്കാം, അതല്ലെങ്കിൽ ബൈബിളിന്റെ വീക്ഷണം മനസ്സിലാക്കാം.
കൃത്യതയുള്ളതും പ്രായോഗികവും
ബൈബിൾ ശ്രദ്ധാപൂർവം പരിചിന്തിക്കുമ്പോൾ “എല്ലാതിരുവെഴുത്തും ദൈവശ്വാസീയ”വും “പ്രയോജനമുള്ള”തുമാണ് എന്നതിനു നിങ്ങൾക്കു ഗണ്യമായ തെളിവുകൾ ലഭിക്കും. b (2 തിമൊഥെയൊസ് 3:16, 17) ഉദാഹരണത്തിന്, ബൈബിളിൽ വിശദാംശങ്ങൾ സഹിതമുള്ള ഒട്ടനവധി പ്രവചനങ്ങളുണ്ട്. ചരിത്രരേഖകൾ അവയുടെ സത്യത ശരിവെക്കുന്നു. (യെശയ്യാവു 13:19, 20; ദാനീയേൽ 8:3-8, 20-22; മീഖാ 5:2) ബൈബിൾ ഒരു ശാസ്ത്രപുസ്തകമല്ലെങ്കിലും ശാസ്ത്രീയ വസ്തുതകളോടു തികച്ചും യോജിപ്പിലാണ്. പ്രകൃതി, ആരോഗ്യം എന്നീ വിഷയങ്ങളോടു ബന്ധപ്പെട്ട വസ്തുതകൾ ഇന്നത്തെ ശാസ്ത്രജ്ഞർ മനസ്സിലാക്കുന്നതിന് ആയിരക്കണക്കിനു വർഷംമുമ്പേ ബൈബിളിൽ എഴുതപ്പെട്ടിരുന്നു.—ലേവ്യപുസ്തകം 11:27, 28, 32, 33; യെശയ്യാവു 40:22.
മാത്രമല്ല, ബൈബിൾ നമ്മെ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു. കുടുംബജീവിതം, ശാരീരികവും വൈകാരികവുമായ ആരോഗ്യം, ബിസിനസ്, മറ്റ് ദൈനംദിന കാര്യാദികൾ എന്നീ മേഖലകളിൽ ആവശ്യമായ പ്രായോഗിക നിർദേശങ്ങളുടെ ഒരു കലവറതന്നെയാണു ബൈബിൾ. സദൃശവാക്യങ്ങൾ 2:6, 7 പറയുന്നു: “യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു. അവൻ നേരുള്ളവർക്കു രക്ഷ [“പ്രായോഗിക ജ്ഞാനം,” NW] സംഗ്രഹിച്ചു വെക്കുന്നു.” മാർഗനിർദേശത്തിനായി ബൈബിളിലേക്കു നോക്കുന്നതുവഴി “നന്മതിന്മകളെ തിരിച്ചറിവാൻ” നിങ്ങൾക്കു നിങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കാൻ കഴിയും.—എബ്രായർ 5:14.
ജീവിതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും ദൈവവചനം നമ്മെ സഹായിക്കുന്നു. (യോഹന്നാൻ 17:3; പ്രവൃത്തികൾ 17:26, 27) ഇന്നത്തെ ലോകാവസ്ഥകളുടെ അർഥം അതു വിശദീകരിക്കുന്നു. (മത്തായി 24:3, 7, 8, 14; 2 തിമൊഥെയൊസ് 3:1-5) ഭൂമിയിൽനിന്നു താൻ തിന്മ തുടച്ചുനീക്കാൻ പോകുന്നത് എങ്ങനെയെന്നും മനുഷ്യവർഗത്തിനു പൂർണ ആരോഗ്യത്തോടെ എന്നേക്കും ജീവിക്കാൻ കഴിയുന്നത് എങ്ങനെയെന്നും ദൈവം അതിലൂടെ വിവരിച്ചിരിക്കുന്നു.—യെശയ്യാവു 33:24; ദാനീയേൽ 2:44; വെളിപ്പാടു 21:3-5.
ബൈബിൾ പ്രായോഗിക ജ്ഞാനത്തിന്റെ വിശ്വസനീയവും ആശ്രയയോഗ്യവുമായ ഒരു ഉറവാണെന്ന് ലക്ഷക്കണക്കിന് ആളുകൾ നേരിട്ടു മനസ്സിലാക്കിയിരിക്കുന്നു. ഉണരുക! മാസികയുടെ എല്ലാ ലക്കങ്ങളിലുമുള്ള “ബൈബിളിന്റെ വീക്ഷണം” എന്ന പതിവ് ഇനത്തിൽ വരുന്ന ലേഖന പരമ്പരകൾ ക്രമമായി വായിക്കാൻ ഇതിന്റെ പ്രസാധകർ നിങ്ങളെ ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ മാർഗദർശനത്തിനായി നോക്കാൻ കഴിയുന്ന ഉത്തമ ഉറവിടമാണ് ബൈബിൾ എന്നുള്ളതിനു കൂടുതൽ തെളിവുകൾ നിങ്ങൾക്കു കണ്ടെത്താനായേക്കും.
[അടിക്കുറിപ്പുകൾ]
a ഉണരുക!യിലെ “ബൈബിളിന്റെ വീക്ഷണം” എന്ന പതിവ് ഇനത്തിലൂടെ വരുംലക്കങ്ങളിൽ ഇവയും മറ്റു ചോദ്യങ്ങളും പരിചിന്തിക്കുന്നതായിരിക്കും.
b ബൈബിൾ ദിവ്യനിശ്വസ്തതയാൽ രചിക്കപ്പെട്ടതാണ് എന്നതിനുള്ള തെളിവുകൾക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകം കാണുക.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ ഏതു വിധത്തിലുള്ള ആരാധനയാണ് ദൈവത്തിനു സ്വീകാര്യം?—യോഹന്നാൻ 4:24.
◼ ദൈവത്തിന്റെ ജ്ഞാനത്തിൽനിന്നു പ്രയോജനം നേടാൻ നിങ്ങൾ എന്തുചെയ്യണം?—സദൃശവാക്യങ്ങൾ 2:1-4.
◼ ബൈബിൾ പ്രായോഗിക മാർഗനിർദേശത്തിന്റെ ഉറവായിരിക്കുന്നത് ഏതുവിധത്തിൽ?—എബ്രായർ 5:14.