മൈക്കൽ അഗ്രികോള ഒരു “നവയുഗ ശിൽപ്പി”
മൈക്കൽ അഗ്രികോള ഒരു “നവയുഗ ശിൽപ്പി”
ഫിൻലൻഡിലെ ഉണരുക! ലേഖകൻ
“ഫിന്നിഷ് സംസ്കാരത്തെയും മൂല്യങ്ങളെയും ചിന്താഗതിയെയും ഇത്ര ആഴമായും സമഗ്രമായും സ്വാധീനിക്കാൻ ബൈബിളിനല്ലാതെ മറ്റൊരു പുസ്തകത്തിനും കഴിഞ്ഞിട്ടില്ല.”—“ബിബ്ലിയാ 350—ഫിന്നിഷ് ബൈബിളും സംസ്കാരവും.”
ബൈബിൾ ഇന്ന് മുഴുവനായോ ഭാഗികമായോ 2,000-ത്തിലേറെ ഭാഷകളിൽ ലഭ്യമാണ്. ഇത് ആകസ്മികമായി സംഭവിച്ചതല്ല. ചരിത്രത്തിലുടനീളം അസംഖ്യം സ്ത്രീപുരുഷന്മാർ പ്രാദേശിക ഭാഷകളിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തുന്നതിനായി അഹോരാത്രം പരിശ്രമിച്ചിട്ടുണ്ട്, കടുത്ത എതിർപ്പുകളിൻമധ്യേപോലും. മൈക്കൽ അഗ്രികോള അവരിൽ ഒരാളായിരുന്നു.
ബൈബിൾ ഫിന്നിഷ് ഭാഷയിലേക്കു തർജമചെയ്യുന്ന ജോലി ഏറ്റെടുത്ത ഒരു പണ്ഡിതനായിരുന്നു അഗ്രികോള. അദ്ദേഹത്തിന്റെ കൃതികൾക്ക് ഇന്നുകാണുന്ന ഫിന്നിഷ് സംസ്കാരത്തിന്റെ ഉദയത്തിൽ നല്ലൊരു പങ്കുണ്ട്. അതിനാൽ അദ്ദേഹത്തെ ഒരു നവയുഗ ശിൽപ്പി എന്നു വിളിക്കുന്നതിൽ അതിശയിക്കാനില്ല.
ദക്ഷിണ ഫിൻലൻഡിലെ ടോർസ്ബി ഗ്രാമത്തിൽ ഏകദേശം 1510-ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന് ഒരു ഫാം ഉണ്ടായിരുന്നു, അഗ്രികോള എന്ന ഉപനാമം “കർഷകൻ” എന്നതിന്റെ ലത്തീൻ പദത്തിൽനിന്നു വന്നതാണ്. സ്വീഡിഷും ഫിന്നിഷും സംസാരിക്കുന്ന പ്രദേശത്തു വളർന്നതിനാൽ അഗ്രികോള ഈ രണ്ടു ഭാഷകളും സ്വായത്തമാക്കിയിരിക്കാം. വൈബോർഗ് പട്ടണത്തിലെ ഒരു ലത്തീൻ സ്കൂളിൽ ചേർന്നുകൊണ്ട് അദ്ദേഹം തന്റെ ഭാഷാപരമായ പ്രാവീണ്യത്തിനു തിളക്കമേറ്റി. പിന്നീട് അദ്ദേഹം ഫിൻലൻഡിന്റെ അപ്പോഴത്തെ ഭരണ സിരാകേന്ദ്രമായിരുന്ന ടർക്കുവിലേക്കു പോയി, അവിടെ ഫിൻലൻഡിലെ കത്തോലിക്കാ ബിഷപ്പായ മാർട്ടി സ്കിറ്റെയുടെ സെക്രട്ടറിയായി ജോലിനോക്കി.
അന്നത്തെ മത-രാഷ്ട്രീയ രംഗം
ഈ കാലത്താണ് സ്കാൻഡിനേവിയ കലാപകലുഷിതമാകുന്നത്. സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഉൾപ്പെടുന്ന കൽമാർ യൂണിയനിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു സ്വീഡൻ. 1523-ൽ ഗുസ്റ്റാവ് ഒന്നാമൻ സ്വീഡന്റെ രാജാവായി. ഈ സംഭവങ്ങൾ ഫിൻലൻഡിൽ ശക്തമായ ഫലമുളവാക്കി, കാരണം അന്ന് ഇത് സ്വീഡന്റെ അധീനതയിലുള്ള ഒരു പ്രവിശ്യ ആയിരുന്നു.
തന്റെ അധികാരം ശക്തിപ്പെടുത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു പുതിയ രാജാവ്. ഈ ലക്ഷ്യം നേടാൻ അന്ന് ഉത്തര യൂറോപ്പിലുടനീളം അലയടിച്ച നവോത്ഥാന തരംഗത്തെ അദ്ദേഹം സ്വാഗതം ചെയ്തു. തന്റെ ഭരണപ്രദേശത്തെ മതം കത്തോലിക്കാമതമായിരുന്നത് ലൂഥറൻമതമാക്കി മാറ്റി, വത്തിക്കാനുമായുള്ള ബന്ധം വിച്ഛേദിച്ചു, കത്തോലിക്കാ ബിഷപ്പുമാരുടെ അധികാരത്തെ നിസ്സാരീകരിച്ചു, സഭയുടെ കണക്കറ്റ സമ്പത്തിൽ അദ്ദേഹം കൈവെച്ചു. ഇന്നും സ്വീഡനിലെയും ഫിൻലൻഡിലെയും ജനങ്ങൾ മിക്കവരും ലൂഥറൻകാരാണ്.
പ്രൊട്ടസ്റ്റന്റ്വത്കരണത്തിന്റെ ഒരു സുപ്രധാന ലക്ഷ്യം ലത്തീൻഭാഷയിൽ നടത്തിവരുന്ന സഭാചടങ്ങുകൾ പ്രാദേശിക ഭാഷകളിലാക്കുക എന്നതായിരുന്നു. അങ്ങനെ, 1526-ൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ അഥവാ “പുതിയ
നിയമം” സ്വീഡിഷ് ഭാഷയിൽ പുറത്തിറങ്ങി. എന്നാൽ ഫിൻലൻഡിൽ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം തീരെ ദുർബലമായിരുന്നു. അന്നൊന്നും ബൈബിൾ ഫിന്നിഷിലേക്കു പരിഭാഷപ്പെടുത്തണമെന്ന ചിന്തപോലും ആർക്കും ഇല്ലായിരുന്നു. എന്തുകൊണ്ട്?“ആയാസകരമായ, വെല്ലുവിളിനിറഞ്ഞ” ഒരു സംരംഭം
അന്നുവരെ ഫിന്നിഷ് ഭാഷയിൽ ഒരു സാഹിത്യസൃഷ്ടിപോലും ഇല്ലായിരുന്നു എന്നതാണ് അതിന്റെ മുഖ്യ കാരണം. 1500-കളുടെ പകുതിക്കു മുമ്പ് കത്തോലിക്കരുടെ ഏതാനും പ്രാർഥനകൾ മാത്രമാണ് ആ ഭാഷയിൽ എഴുതപ്പെട്ടിരുന്നത്. അതുകൊണ്ട് വിശുദ്ധതിരുവെഴുത്തുകളുടെ ഫിന്നിഷിലേക്കുള്ള തർജമ ഒരു വൻ സംരംഭം ആയിരിക്കുമായിരുന്നു. കാരണം പല വാക്കുകൾക്കും ലിഖിതരൂപങ്ങൾ ഉണ്ടാക്കേണ്ടിയിരുന്നു, പുതിയ പദങ്ങളും വാചകങ്ങളും കണ്ടുപിടിക്കേണ്ടതുപോലുമുണ്ടായിരുന്നു. അതും യാതൊരുവിധ ഭാഷാസഹായികളുടെയും പിൻബലമില്ലാതെ. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അഗ്രികോള ബൈബിൾ പരിഭാഷയ്ക്ക് ഇറങ്ങിത്തിരിച്ചു!
1536-ൽ ഫിൻലൻഡിലെ കത്തോലിക്കാ ബിഷപ്പായിരുന്ന സ്കിറ്റെ ദൈവശാസ്ത്രത്തിലും ഭാഷയിലും ഉപരിപഠനം നടത്താനായി അഗ്രികോളയെ ജർമനിയിലെ വിറ്റൻബർഗിലേക്ക് അയച്ചു. അതിന് 20 വർഷങ്ങൾക്കുമുമ്പ് ലൂഥറിന്റെ ചുറ്റികയുടെ പ്രഹരം പ്രകമ്പനംകൊണ്ടത് ഈ പട്ടണത്തിലാണ്. ചില വിവരണങ്ങൾ പറയുന്നതനുസരിച്ച് ലൂഥർ ഇവിടത്തെ അരമനപ്പള്ളിയുടെ പടിവാതിലിൽ തന്റെ വിഖ്യാതമായ 95 പ്രബന്ധങ്ങൾ ആണിയടിച്ചു തറച്ചു.
വിറ്റൻബർഗിൽ ആയിരുന്നപ്പോൾ അഗ്രികോള തന്റെ പഠനകാര്യങ്ങളിലുമപ്പുറം ചെയ്തു. ബൈബിൾ ഫിന്നിഷിലേക്കു പരിഭാഷപ്പെടുത്തുകയെന്ന ശ്രമകരമായ യത്നത്തിന് അവിടെവെച്ചു തുടക്കമിട്ടു. 1537-ൽ സ്വീഡിഷ് രാജാവിനുള്ള ഒരു കത്തിൽ അദ്ദേഹം എഴുതി: “ദൈവം എന്റെ പഠനകാര്യങ്ങളെ നയിക്കുന്നിടത്തോളംകാലം ഞാൻ നേരത്തേ നിശ്ചയിച്ചതുപോലെതന്നെ പുതിയനിയമത്തിന്റെ ഫിന്നിഷ് പരിഭാഷയുമായി മുന്നോട്ടുപോകാൻ ശ്രമിക്കും.” ഫിൻലൻഡിലേക്കു മടങ്ങിവന്നതിനുശേഷവും അദ്ദേഹം പരിഭാഷാവേല തുടർന്നു, ഒപ്പം ഒരു സ്കൂൾ പ്രിൻസിപ്പലായി ജോലിനോക്കുകയും ചെയ്തു.
ബൈബിളിന്റെ മറ്റ് ആദ്യകാല പരിഭാഷകരുടേതുപോലെതന്നെ ശ്രമകരമായിരുന്നു അഗ്രികോളയുടെ ഉദ്യമവും. ലൂഥർപോലും ഇങ്ങനെ പറയുകയുണ്ടായി: “എബ്രായ എഴുത്തുകാരെക്കൊണ്ട് ജർമൻഭാഷ പറയിക്കുകയെന്നത് എത്ര ആയാസകരമായ, വെല്ലുവിളിനിറഞ്ഞ ഒരു സംരംഭമാണെന്നോ!” ഇതിനോടകം ലഭ്യമായിരുന്ന പരിഭാഷകൾ പ്രയോജനപ്പെടുത്താൻ അഗ്രികോളയ്ക്കു കഴിയുമായിരുന്നെങ്കിലും ഫിന്നിഷ് ഭാഷ അദ്ദേഹത്തിന്റെ മാർഗമധ്യേ ഒരു വിലങ്ങുതടിയായിരുന്നു. വാസ്തവത്തിൽ ഫിന്നിഷിന് അന്നുവരെ ഒരു എഴുത്തുഭാഷ ഇല്ലായിരുന്നെന്നുതന്നെ പറയാം!
ഒരു പ്ലാനിന്റെ സഹായമില്ലാതെ, അവിടെയും ഇവിടെയും ചിതറിക്കിടക്കുന്ന സാമഗ്രികൾ പെറുക്കിവെച്ച് ഒരു വീടു പണിയുന്നതുപോലെയായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആ ദൗത്യം. എങ്ങനെയാണ് അദ്ദേഹം അതുമായി മുന്നോട്ടുപോയത്? ഫിന്നിഷ് ഭാഷയുടെ വിവിധ ദേശ്യഭേദങ്ങളിൽനിന്നു വാക്കുകൾ പെറുക്കിയെടുത്ത് അവയുടെ ഉച്ചാരണമനുസരിച്ച് അദ്ദേഹം എഴുതിവെക്കാൻ തുടങ്ങി. ഫിന്നിഷിലെ ചില പദങ്ങൾ അദ്ദേഹത്തിന്റെതന്നെ സൃഷ്ടികളാണെന്നു കരുതപ്പെടുന്നു. “ഗവൺമെന്റ്,” “കപടനാട്യക്കാരൻ,” “കയ്യെഴുത്തുപ്രതി,” “സൈനിക ശക്തി,” “മാതൃക,” “ശാസ്ത്രി” തുടങ്ങിയവയെ കുറിക്കുന്ന പദങ്ങൾ അതിന് ഉദാഹരണങ്ങളാണ്. അദ്ദേഹം സംയുക്തപദങ്ങൾക്കു രൂപംനൽകി, വ്യുത്പന്നപദങ്ങൾ ഉണ്ടാക്കി. മറ്റു ഭാഷകളിൽനിന്ന്, പ്രത്യേകിച്ചും സ്വീഡിഷിൽനിന്ന് പദങ്ങൾ കടമെടുത്തു, എൻകെലി (എയ്ഞ്ചൽ), ഹിസ്റ്റോര്യ (ഹിസ്റ്ററി), ലാംപു (ലാംപ്), മാർട്ടിറി (മാർട്ടിർ), പാമു (പാം ട്രീ) തുടങ്ങിയവ അത്തരം പദങ്ങളാണ്.
പ്രാദേശിക ഭാഷയിൽ ദൈവവചനം
അങ്ങനെ 1548-ൽ സെ ഊസി ടെസ്റ്റാമെന്റി (പുതിയ നിയമം) എന്ന പേരിൽ അഗ്രികോളയുടെ ഉദ്യമത്തിന്റെ ആദ്യഫലം പുറത്തുവന്നു. പണമില്ലാതിരുന്നതിനാൽ, പരിഭാഷ പൂർത്തിയായി അഞ്ചുവർഷത്തിനു ശേഷമാണ്
അതു പ്രസിദ്ധീകരിക്കാനായതെന്നു ചിലർ പറയുന്നു. ന്യായമായും അച്ചടിച്ചെലവിന്റെ സിംഹഭാഗവും വഹിച്ചത് അഗ്രികോളതന്നെയായിരിക്കണം.മൂന്നു വർഷത്തിനുശേഷം ഡാവിഡിൻ സാൾടാരി (സങ്കീർത്തനങ്ങൾ) പുറത്തിറങ്ങി, സഹപ്രവർത്തകരുടെ സഹായത്താലാണ് അദ്ദേഹം ഇത് തർജമ ചെയ്തതെന്നു തോന്നുന്നു. മോശെയുടെയും പ്രവാചകന്മാരുടെയും ചില പുസ്തകങ്ങളുടെ പരിഭാഷയ്ക്കു ചുക്കാൻപിടിച്ചതും അദ്ദേഹമായിരുന്നു.
തന്റെ പരിമിതികൾ താഴ്മയോടെ തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം ഇങ്ങനെ തുറന്നെഴുതി: “ഈ വിശുദ്ധഗ്രന്ഥം വായിക്കുന്നത് ദൈവഭക്തനായ ഒരു ക്രിസ്ത്യാനിയോ മറ്റാരെങ്കിലുമോ ആയിക്കൊള്ളട്ടെ, യാതൊരു മുൻപരിചയവും ഇല്ലാതെ നിർവഹിച്ച ഈ പരിഭാഷയിൽ തെറ്റോ വൈചിത്ര്യമോ അപ്രിയകരമോ ഇതുവരെ കേട്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്നതോ ആയ എന്തെങ്കിലും കാണുമ്പോൾ ദയവായി അസ്വസ്ഥരാകരുത്.” അഗ്രികോളയുടെ പരിഭാഷയ്ക്ക് എന്തുതന്നെ ന്യൂനതകൾ ഉണ്ടായിരുന്നാലും സാധാരണക്കാരന്റെ ഭാഷയിൽ ബൈബിൾ ലഭ്യമാക്കുകയെന്ന തികഞ്ഞ നിശ്ചയദാർഢ്യവുമായി മുന്നോട്ടുപോയ അദ്ദേഹം അങ്ങേയറ്റം അഭിനന്ദനാർഹനാണ്.
അഗ്രികോളയുടെ അവകാശപത്രം
1557-ന്റെ പ്രാരംഭത്തിൽ, സ്വീഡനും റഷ്യയും തമ്മിലുണ്ടായിരുന്ന അതിർത്തി തർക്കത്തിനു മധ്യസ്ഥത വഹിക്കാൻ അഗ്രികോളയെ തിരഞ്ഞെടുത്ത് ഒരു പ്രതിനിധിയായി മോസ്കോയിലേക്ക് അയച്ചു. അപ്പോഴേക്കും അദ്ദേഹം ഒരു ലൂഥറനായിത്തീർന്നിരുന്നു, ഒപ്പം ടുർക്കുവിലെ ബിഷപ്പ് എന്ന പദവിയും അദ്ദേഹം വഹിച്ചിരുന്നു. ആ ദൗത്യം വിജയകരമായിരുന്നു. എന്നാൽ തെളിവനുസരിച്ച് ക്ലേശപൂർണമായ മടക്കയാത്രയിൽ പൊടുന്നനെ അദ്ദേഹം രോഗബാധിതനായി, യാത്രാമധ്യേ അദ്ദേഹം അന്തരിച്ചു, അദ്ദേഹത്തിന് ഏകദേശം 47 വയസ്സായിരുന്നു.
താരതമ്യേന ഹ്രസ്വമായ ജീവിതകാലത്ത് അഗ്രികോളയ്ക്ക് ഫിന്നിഷ് ഭാഷയിൽ പത്തോളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കാനേ കഴിഞ്ഞുള്ളൂ, അവയെല്ലാംകൂടി ഏകദേശം 2,400 പേജുകൾ വരും. എന്നുവരികിലും ഈ “നവയുഗ ശിൽപ്പി” ഫിന്നിഷ് സംസ്കാരത്തെ വളർച്ചയുടെ പടവുകളിലേക്കു കൈപിടിച്ചുയർത്തിയെന്ന് അനേകരും വിശ്വസിക്കുന്നു. അവിടെനിന്ന് ഫിന്നിഷ് ഭാഷയും ആ ജനതയും ഇന്ന് കലയുടെയും ശാസ്ത്രത്തിന്റെയും പന്ഥാവിൽ ബഹുദൂരം പിന്നിട്ടിരിക്കുന്നു.
ഏറെ പ്രധാനമായി, മൈക്കൽ അഗ്രികോള മറ്റൊരു യുഗത്തിനു നാന്ദികുറിച്ചു. ഫിന്നിഷ് സംസാരിക്കുന്ന ജനങ്ങളിലേക്കു കൂടുതലായി ദൈവവചനത്തിന്റെ പ്രകാശം പരക്കാൻ അദ്ദേഹം വഴിതെളിച്ചു. മരണശേഷം അദ്ദേഹത്തിനായി രചിക്കപ്പെട്ട ഒരു ഓർമക്കുറിപ്പിലെ പിൻവരുന്ന വരികളിൽ ആ ദൗത്യത്തിന്റെ ഉത്കൃഷ്ടത വ്യക്തമാകുന്നു: “ഒരു സാധാരണ അവകാശമല്ല അദ്ദേഹം വെച്ചിട്ടുപോയത്. അദ്ദേഹത്തിന്റെ കൃതി, ഫിന്നിഷിലേക്കുള്ള ബൈബിൾ പരിഭാഷ, അതാണ് മറ്റ് ഏതൊരു അവകാശത്തെക്കാളും ഉദാത്തമായിരിക്കുന്നത്.”
[23-ാം പേജിലെ ചതുരം/ചിത്രം]
ഫിന്നിഷ് ബൈബിൾ
1642-ൽ, ഫിന്നിഷ് ഭാഷയിലെ ആദ്യത്തെ സമ്പൂർണ ബൈബിൾ പുറത്തിറങ്ങി. ഇതിന്റെ നല്ലൊരുപങ്കും മൈക്കൽ അഗ്രികോളയുടെ കൃതിയെ ആധാരമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. കാലാന്തരത്തിൽ ഇത് ഫിന്നിഷ് ലൂഥറൻ സഭയുടെ ഔദ്യോഗിക വേദപുസ്തകമായി. വർഷങ്ങളിലുടനീളം പാഠഭാഗത്തു ചെറിയചെറിയ കുറെ തിരുത്തലുകൾ വരുത്തുകയുണ്ടായെങ്കിലും 1938 വരെ ഈ ബൈബിൾ ഏറെക്കുറെ മാറ്റമില്ലാതെ തുടർന്നു. ഏറ്റവും പുതിയ പതിപ്പ് 1992-ൽ പുറത്തിറങ്ങി.
ഫിന്നിഷ് ഭാഷയിൽ ഇതു കൂടാതെ ലഭ്യമായിരിക്കുന്ന ഏക സമ്പൂർണ ബൈബിൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ആണ്. 1995-ലാണ് ഇതു പുറത്തിറക്കിയത്. 20 വർഷങ്ങൾക്കുമുമ്പ് 1975-ൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പരിഭാഷ സാക്ഷികൾ പുറത്തിറക്കിയിരുന്നു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം മൂല പാഠത്തോടു കഴിയുന്നത്ര യോജിപ്പിലാണ്. ഇന്നുവരെ ഇതിന്റെ ഏകദേശം 13,00,00,000 പ്രതികൾ അച്ചടിച്ചിട്ടുണ്ട്.
[22-ാം പേജിലെ ചിത്രം]
മൈക്കൽ അഗ്രികോളയും ആദ്യത്തെ ഫിന്നിഷ് ബൈബിളും. 1910-ലെ ഒരു പോസ്റ്റ്കാർഡ്
[കടപ്പാട്]
National Board of Antiquities/Ritva Bäckman
[23-ാം പേജിലെ ചിത്രം]
അഗ്രികോളയുടെ “പുതിയ നിയമം”
[21-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
National Board of Antiquities