വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അൽഹാംബ്ര—ഗ്രനാഡയിലെ ഇസ്ലാമിക രത്‌നം

അൽഹാംബ്ര—ഗ്രനാഡയിലെ ഇസ്ലാമിക രത്‌നം

അൽഹാം​ബ്ര—ഗ്രനാ​ഡ​യി​ലെ ഇസ്ലാമിക രത്‌നം

സ്‌പെയിനിലെ ഉണരുക! ലേഖകൻ

“യഥാർഥ​മോ കാൽപ്പ​നി​ക​മോ ആയ എത്ര​യെത്ര ഐതി​ഹ്യ​ങ്ങ​ളും പുരാ​ണ​ങ്ങ​ളും; സ്‌നേ​ഹ​ത്തെ​യും യുദ്ധ​ത്തെ​യും വീര​യോ​ദ്ധാ​ക്ക​ളു​ടെ ആദർശ ഗുണഗ​ണ​ങ്ങ​ളെ​യും സംബന്ധിച്ച അറബി​യി​ലും സ്‌പാ​നീ​ഷി​ലും ഉള്ള എത്രയോ ഗാനങ്ങ​ളും ഗാഥക​ളും ഈ പൗരസ്‌ത്യ ഹർമ്യ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു!”—വാഷി​ങ്‌ടൺ ഇർവിങ്‌, 19-ാം നൂറ്റാ​ണ്ടി​ലെ അമേരി​ക്കൻ എഴുത്തു​കാ​രൻ.

ഈവാ​ക്കു​കൾ എഴുതാൻ എഴുത്തു​കാ​രനു പ്രേര​ക​മാ​യി​ത്തീർന്നത്‌ സ്‌പാ​നീഷ്‌ നഗരമായ ഗ്രനാ​ഡ​യ്‌ക്കു മകുടം ചാർത്തുന്ന അപൂർവ​സു​ന്ദ​ര​മായ അൽഹാം​ബ്ര എന്ന സുപ്ര​സിദ്ധ കൊട്ടാ​ര​മാണ്‌. തെക്കൻ യൂറോ​പ്പിൽ അറേബ്യ​യു​ടെ അല്ലെങ്കിൽ പേർഷ്യ​യു​ടെ ഒരു തനിപ്പ​കർപ്പാണ്‌ അൽഹാം​ബ്ര. നൂറ്റാ​ണ്ടു​ക​ളോ​ളം സ്‌പെ​യിൻ അടക്കി​വാ​ണി​രുന്ന മുസ്ലീം മൂറു​ക​ളോ​ടാണ്‌ അവി​ടെ​യുള്ള കോട്ട അതിന്റെ അന്യാ​ദൃ​ശ​മായ ചാരു​ത​യ്‌ക്കു കടപ്പെ​ട്ടി​രി​ക്കു​ന്നത്‌. a

അറബ്‌ അമീറായ സാവി ബെൻ സിരി​യാണ്‌ 11-ാം നൂറ്റാ​ണ്ടിൽ സ്വതന്ത്ര രാജ്യ​മായ ഗ്രനാഡ സ്ഥാപി​ച്ചത്‌. അത്‌ 500-ഓളം വർഷം നിലനി​ന്നു. ഇക്കാലത്ത്‌ അത്‌ കലാപ​ര​മാ​യും സാംസ്‌കാ​രി​ക​മാ​യും ഉന്നതി പ്രാപി​ച്ചു. കത്തോ​ലി​ക്കാ ഭരണാ​ധി​കാ​രി​ക​ളായ ഫെർഡി​നാൻഡും ഇസബെ​ല്ല​യും 1492-ൽ സ്‌പെ​യി​നി​ലെ മുസ്ലീം ഭരണത്തി​നു വിരാ​മ​മി​ട്ട​തോ​ടെ ആയിരു​ന്നു അതിന്റെ തിരോ​ധാ​നം.

1236-ൽ ക്രൈ​സ്‌തവ സൈന്യ​ങ്ങൾ കോർഡോബ കീഴട​ക്കി​യ​തി​നെ തുടർന്നു മൂറിഷ്‌ ഗ്രനാഡ അതിന്റെ ഉച്ചകോ​ടി​യി​ലെത്തി. ഗ്രനാഡ മുസ്ലീം സ്‌പെ​യി​നി​ന്റെ തലസ്ഥാ​ന​മാ​യി. ഒന്നിനു പുറകേ ഒന്നായി സിംഹാ​സ​ന​ത്തി​ലേ​റിയ ഭരണാ​ധി​പ​ന്മാർ ഗ്രനാ​ഡ​യിൽ അൽഹാം​ബ്ര എന്ന കൊട്ടാ​ര​സ​മു​ച്ചയം നിർമി​ച്ചു. അതു​പോ​ലെ​യൊന്ന്‌ യൂറോപ്പ്‌ ഒരിക്ക​ലും കണ്ടിട്ടി​ല്ലാ​യി​രു​ന്നു. ഒരു എഴുത്തു​കാ​രൻ ആവേശ​പൂർവം അതിനെ ഇപ്രകാ​രം വർണിച്ചു, “മുഴു​ലോ​ക​ത്തി​ലും​വെച്ച്‌ അങ്ങേയറ്റം അത്ഭുത​മു​ണർത്തുന്ന നിർമി​തി.”

കൊട്ടാര സമുച്ച​യ​ത്തി​ന്റെ അത്രയും​തന്നെ ഗംഭീ​ര​മാണ്‌ അൽഹാം​ബ്ര​യു​ടെ പശ്ചാത്തലം. അൽഹാം​ബ്ര​യു​ടെ പിന്നി​ലാ​യി 3,400-ലേറെ മീറ്റർ ഉയരത്തിൽ തലയു​യർത്തി​നിൽക്കുന്ന സിയെറ നെവാദ പർവത​നി​ര​യു​ടെ ഹിമാ​വൃ​ത​മായ ശൃംഗങ്ങൾ അതിനു കമനീ​യ​മായ പശ്ചാത്ത​ല​മൊ​രു​ക്കു​ന്നു. അൽഹാം​ബ്ര സ്ഥിതി​ചെ​യ്യു​ന്നത്‌ തന്നെ ഗ്രനാഡ നഗരത്തിൽനി​ന്നും 150 മീറ്റർ ഉയരമുള്ള നീണ്ടതും വൃക്ഷനി​ബി​ഡ​വു​മായ സാബികാ കുന്നി​ലാണ്‌. ഗ്രനാ​ഡ​യിൽ തലയു​യർത്തി നിൽക്കുന്ന കുന്നിനെ, തന്റെ ഭാര്യയെ പ്രേമ​പൂർവം നോക്കുന്ന ഭർത്താ​വി​നോ​ടാണ്‌ 14-ാം നൂറ്റാ​ണ്ടി​ലെ കവിയായ ഇബൻ സാമ്രാക്‌ ഉപമി​ച്ചത്‌.

നഗരത്തി​നു​ള്ളി​ലെ നഗരം

അൽഹാം​ബ്ര എന്ന പേരിന്‌ അറബി​യിൽ “ചുവപ്പ്‌” എന്നാണ്‌ അർഥം. പുറം​മ​തി​ലു​കൾ പണിയാൻ മൂറുകൾ ഉപയോ​ഗിച്ച ഇഷ്ടിക​ക​ളു​ടെ നിറത്തെ സൂചി​പ്പി​ക്കു​ന്ന​താ​യി​രി​ക്കാം ഈ പേര്‌. എന്നിരു​ന്നാ​ലും “തീപ്പന്ത​ങ്ങ​ളു​ടെ പ്രഭയി​ലാണ്‌” അൽഹാം​ബ്ര​യു​ടെ നിർമാ​ണം നിർവ​ഹി​ക്ക​പ്പെ​ട്ട​തെന്ന അറബി ചരി​ത്ര​കാ​ര​ന്മാ​രു​ടെ വിശദീ​ക​ര​ണ​ത്തോ​ടാണ്‌ ചിലർ യോജി​ക്കു​ന്നത്‌. രാത്രി​കാ​ലത്തെ ഈ പ്രഭാ​പൂ​രം മതിലു​കൾക്കു ചുവപ്പു നിറം നൽകി​യെ​ന്നും അങ്ങനെ​യാണ്‌ കൊട്ടാ​ര​ത്തിന്‌ ആ പേരു ലഭിച്ച​തെ​ന്നു​മാണ്‌ അവർ പറയു​ന്നത്‌.

അൽഹാം​ബ്ര ഒരു കൊട്ടാ​ര​ത്തെ​ക്കാ​ളും കവിഞ്ഞ​താണ്‌. ഗ്രനാഡ നഗരത്തി​നു​ള്ളി​ലെ നഗര​മെന്ന്‌ അൽഹാം​ബ്രയെ വിശേ​ഷി​പ്പി​ക്കാം. വിസ്‌തൃ​ത​മായ പുറം​മ​തി​ലു​കൾക്കു​ള്ളിൽ ഉദ്യാ​ന​ങ്ങ​ളും മണ്ഡപങ്ങ​ളും ഒരു കൊട്ടാര സമുച്ച​യ​വും ആൽകാ​സാ​ബാ​യും (അല്ലെങ്കിൽ കോട്ട) ഒരു ചെറിയ മെദി​നാ​യും അഥവാ പട്ടണവും സ്ഥിതി​ചെ​യ്യു​ന്നു. അൽഹാം​ബ്ര​യു​ടെ മൂറിഷ്‌ രൂപകൽപ്പ​ന​യും പിന്നീടു കൂട്ടി​ച്ചേർക്ക​പ്പെട്ട നിർമി​തി​ക​ളും, ലോല​വും സങ്കീർണ​വു​മായ അറബി ശിൽപ്പ​രീ​തി​യു​ടെ​യും യൂറോ​പ്യൻ നവോ​ത്ഥാ​ന​കാ​ലത്തെ ജ്യാമി​തീയ മാതൃ​ക​യി​ലുള്ള ഏറെ കരുത്തുറ്റ നിർമാ​ണ​രീ​തി​യു​ടെ​യും ഒരു അതുല്യ മിശ്ര​ണ​മാണ്‌.

മൂറു​ക​ളും അതു​പോ​ലെ പുരാതന ഗ്രീക്കു​കാ​രും ഉപയോ​ഗി​ച്ചി​രുന്ന ഒരു ശിൽപ്പ​രീ​തി​യാണ്‌ അൽഹാം​ബ്ര​യു​ടെ മനോ​ഹാ​രി​ത​യ്‌ക്കു നിദാനം. അവർ ആദ്യം പൊരു​ത്തം, അനുപാ​തം, ലാളി​ത്യം എന്നീ തത്ത്വങ്ങളെ അടിസ്ഥാ​ന​മാ​ക്കി, കല്ലുക​ളു​ടെ സ്വാഭാ​വിക നിറവും ഘടനയും ഉപയോ​ഗ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ നിർമി​തി​കൾക്കു രൂപം​കൊ​ടു​ത്തു. എന്നിട്ട്‌ അവർ തങ്ങളുടെ മനോഹര നിർമി​തി​യെ മോടി​പി​ടി​പ്പി​ച്ചു. ഒരു വിദഗ്‌ധൻ പറയു​ന്നത്‌ ഇപ്രകാ​ര​മാണ്‌, “വാസ്‌തു​ശിൽപ്പ​വി​ദ്യ​യി​ലെ പ്രഥമ തത്ത്വമാ​യി വാസ്‌തു​ശിൽപ്പി​കൾ കരുതു​ന്ന​തി​നെ മൂറുകൾ എപ്പോ​ഴും കണക്കി​ലെ​ടു​ത്തി​രു​ന്നു, നിർമി​തി​യെ അലങ്കരി​ക്കുക, അല്ലാതെ അലങ്കാരം നിർമി​ക്ക​രുത്‌ എന്നതാണ്‌ ആ തത്ത്വം.”

അൽഹാം​ബ്ര​യി​ലൂ​ടെ ഒരു പര്യടനം

“ന്യായാ​ധി​പ​ന്മാ​രു​ടെ കവാടം” എന്നറി​യ​പ്പെ​ടുന്ന കുതി​ര​ലാ​ട​ത്തി​ന്റെ ആകൃതി​യി​ലുള്ള ഒരു വലിയ കമാന​ത്തി​ലൂ​ടെ​യാണ്‌ അൽഹാം​ബ്ര​യി​ലേക്കു കടക്കു​ന്നത്‌. മുസ്ലീം അധിനി​വേ​ശ​കാ​ലത്ത്‌ ഗൗരവ​ത​ര​മ​ല്ലാത്ത പരാതി​കൾ യഥാസ​മയം കേൾക്കു​ന്ന​തി​നാ​യി ഇവിടെ കൂടി​വ​ന്നി​രുന്ന നീതി​ന്യാ​യ​സ​ഭ​യെ​യാണ്‌ അതിന്റെ പേര്‌ ഓർമി​പ്പി​ക്കു​ന്നത്‌. നഗരക​വാ​ട​ങ്ങ​ളിൽവെച്ച്‌ ന്യായം നടപ്പാ​ക്കു​ന്നത്‌ മധ്യപൂർവ​ദേ​ശ​ത്തെ​ങ്ങു​മുള്ള ഒരു പതിവു സമ്പ്രദാ​യ​മാ​യി​രു​ന്നു. ബൈബി​ളിൽ ഇതിനെ സംബന്ധി​ച്ചു പരാമർശ​മുണ്ട്‌. b

അൽഹാം​ബ്ര പോലുള്ള അറേബ്യൻ കൊട്ടാ​ര​ങ്ങ​ളു​ടെ പ്രത്യേ​ക​ത​യായ വിദഗ്‌ധ​മായ അലങ്കാ​ര​പ്പ​ണി​കൾ മിനു​സ​ക്കു​മ്മാ​യം ഉപയോ​ഗി​ച്ചാ​ണു ചെയ്‌തി​രി​ക്കു​ന്നത്‌. മിനു​സ​ക്കു​മ്മാ​യം ഉപയോ​ഗിച്ച്‌ ശിൽപ്പി​കൾ ഒന്നിനു​പു​റകേ മറ്റൊ​ന്നാ​യി ലെയ്‌സ്‌സ​മാന കൊത്തു​പ​ണി​കൾക്കു രൂപം​കൊ​ടു​ത്തു. ചില അലങ്കൃ​ത​ക​മാ​നങ്ങൾ കണ്ടാൽ സ്റ്റാലക്‌​റ്റൈ​റ്റു​കൾ (ഗുഹക​ളിൽ ഞാന്നു​കി​ട​ക്കുന്ന ചുണ്ണാ​മ്പു​കൽപ്പു​റ്റു​കൾ) കൃത്യ​മായ അനുപാ​ത​ത്തിൽ ക്രമീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെന്നു തോന്നും. തിളക്ക​മാർന്ന ടൈൽസ്‌ സങ്കീർണ​മായ ജ്യാമി​തീയ മാതൃ​ക​ക​ളിൽ ക്രമീ​ക​രി​ച്ചി​രി​ക്കുന്ന സിലിസ്‌ ആണ്‌ കൊട്ടാ​ര​ത്തി​ന്റെ മറ്റൊരു പ്രത്യേ​കത. കീഴ്‌മ​തി​ലു​ക​ളിൽ പാകി​യി​രി​ക്കുന്ന ഉജ്ജ്വല വർണങ്ങ​ളി​ലുള്ള ഇവ മുകളി​ലുള്ള മിനു​സ​ക്കു​മ്മായ കൊത്തു​പ​ണി​ക​ളു​ടെ ഇളംനി​റ​വു​മാ​യി ചേരു​മ്പോൾ ഉണ്ടാകുന്ന തികഞ്ഞ വർണ​ഭേദം അമ്പരപ്പി​ക്കു​ന്ന​തു​തന്നെ.

അൽഹാം​ബ്ര​യു​ടെ അങ്കണങ്ങ​ളിൽ ഏറ്റവും വിശി​ഷ്ട​മാ​യത്‌ “സിംഹ​സ​ഭാ​തല”മാണ്‌. “അറബ്‌ [വാസ്‌തു​ശിൽപ്പ]കലയുടെ സ്‌പെ​യി​നിൽ നിലവി​ലി​രി​ക്കുന്ന ഏറ്റവും ഉത്‌കൃ​ഷ്ട​മായ മാതൃക” എന്നാണ്‌ അത്‌ വിശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നത്‌. ഒരു പ്രാ​ദേ​ശിക ഗൈഡ്‌ബുക്ക്‌ വിശദീ​ക​രി​ക്കു​ന്നു: “അനുക​രി​ക്കാ​നോ പുനഃ​സൃ​ഷ്ടി​ക്കാ​നോ കഴിയാത്ത എന്തെങ്കി​ലു​മൊന്ന്‌ ഒരു യഥാർഥ കലാസൃ​ഷ്ടി​യി​ലു​ണ്ടാ​കും. . . . ഗ്രനാ​ഡ​യി​ലെ അൽഹാം​ബ്ര​യി​ലുള്ള സിംഹ​സ​ഭാ​ത​ല​ത്തി​ന്റെ മുമ്പിൽ നിൽക്കു​മ്പോൾ അത്തര​മൊ​രു അനുഭൂ​തി​യാ​യി​രി​ക്കും നമുക്ക്‌ അനുഭ​വ​പ്പെ​ടുക.” സിംഹ​സ​ഭാ​ത​ല​ത്തിൽ വെണ്ണക്ക​ല്ലിൽ തീർത്ത 12 സിംഹങ്ങൾ താങ്ങി​നി​റു​ത്തുന്ന ഒരു ജലധാ​രാ​യ​ന്ത്ര​മുണ്ട്‌. അതിനു ചുറ്റു​മാ​യി വണ്ണംകു​റഞ്ഞ സ്‌തം​ഭങ്ങൾ താങ്ങി​നി​റു​ത്തുന്ന കമാന​നി​ര​ക​ളോ​ടു​കൂ​ടിയ ഇടനാ​ഴി​ക​ളു​മുണ്ട്‌. തികഞ്ഞ അനുപാ​ത​ത്തി​ലാണ്‌ കമാന​നി​രകൾ നിർമി​ച്ചി​രി​ക്കു​ന്നത്‌. സ്‌പെ​യി​നിൽ ഏറ്റവു​മ​ധി​കം ഫോ​ട്ടോ​കൾ എടുക്ക​പ്പെ​ടുന്ന സ്ഥലങ്ങളി​ലൊന്ന്‌ ഇതാണ്‌.

മനസ്സിനെ കുളി​ര​ണി​യി​ക്കുന്ന പൂങ്കാ​വ​ന​ങ്ങൾ

അൽഹാം​ബ്ര​യിൽ നയനമ​നോ​ഹ​ര​മായ പൂന്തോ​പ്പു​ക​ളും ജലധാ​ര​ക​ളും കുളങ്ങ​ളു​മുണ്ട്‌. c “അറബി ശൈലി​യി​ലുള്ള പൂന്തോ​പ്പു​കൾ പറുദീ​സ​യു​ടെ ഒരു പൂർവ​വീ​ക്ഷണം നൽകുന്നു” എന്നാണ്‌ മൂറിഷ്‌ സ്‌പെ​യിൻ എന്ന തന്റെ പുസ്‌ത​ക​ത്തിൽ എൻറികെ സോർഡോ അഭി​പ്രാ​യ​പ്പെ​ടു​ന്നത്‌. ഇസ്ലാമി​ന്റെ സ്വാധീ​നം എവി​ടെ​യും ദൃശ്യ​മാണ്‌. സ്‌പാ​നീഷ്‌ എഴുത്തു​കാ​ര​നായ ഗാർസി​യാ ഗോ​മെസ്‌ ഇപ്രകാ​രം എഴുതി: “മുസ്ലീം പറുദീ​സ​യെ​ക്കു​റിച്ച്‌ ഖുറാ​നിൽ വിശദ​മാ​യി വിവരി​ക്കവേ, സുന്ദര​മായ നീർച്ചോ​ലകൾ നനവേ​കുന്ന . . . ഹരിതാ​ഭ​മായ പൂങ്കാ​വനം എന്നു വർണി​ച്ചി​രി​ക്കു​ന്നു.” അൽഹാം​ബ്ര​യിൽ വെള്ളം യഥേഷ്ടം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു—മരുഭൂ​മി​യി​ലെ വരണ്ട കാലാവസ്ഥ ശീലിച്ച ആളുകൾക്ക്‌ അതൊരു ആഡംബ​ര​മാണ്‌. ജലം അന്തരീ​ക്ഷ​ത്തി​നു കുളിർമ പകരു​മെ​ന്നും നീർച്ചോ​ല​ക​ളു​ടെ കളകളാ​രവം കർണരസം പകരു​മെ​ന്നും ഉദ്യാ​ന​ത്തി​ന്റെ നിർമാ​താ​ക്കൾ മനസ്സി​ലാ​ക്കി​യി​രു​ന്നു. തെളിഞ്ഞ ആകാശത്തെ പ്രതി​ഫ​ലി​പ്പി​ക്കുന്ന ദീർഘ​ച​തു​രാ​കൃ​തി​യി​ലുള്ള കുളങ്ങൾ വിശാ​ല​ത​യു​ടെ​യും വെളി​ച്ച​ത്തി​ന്റെ​യും പ്രതീതി ഉളവാ​ക്കു​ന്നു.

അൽഹാം​ബ്ര​യിൽ നിന്നും അകലെ​യ​ല്ലാ​തെ ഖെനെ​റാ​ലി​ഫെ സ്ഥിതി​ചെ​യ്യു​ന്നു. സാബി​കാ​യു​ടെ സമീപ​ത്തുള്ള സെറോ ഡെൽ സോൾ എന്ന കുന്നിൽ ഒറ്റപ്പെട്ടു നില​കൊ​ള്ളുന്ന ഒരു മൂറിഷ്‌ ബംഗ്ലാ​വും ഉദ്യാ​ന​വു​മാ​ണത്‌. അറബി​ശൈ​ലി​യി​ലുള്ള ഉദ്യാ​ന​നിർമാ​ണ​ത്തി​ന്റെ ഒരു ഉത്തമ മാതൃ​ക​യാണ്‌ ഖെനെ​റാ​ലി​ഫെ. d അതിനെ “ലോക​ത്തി​ലെ ഏറ്റവും മനോ​ഹ​ര​മായ ഉദ്യാ​ന​ങ്ങ​ളി​ലൊന്ന്‌” എന്നാണു വിശേ​ഷി​പ്പി​ച്ചി​ട്ടു​ള്ളത്‌

. മുമ്പ്‌ അതിനെ ഒരു പാലം മുഖേന അൽഹാം​ബ്ര കൊട്ടാ​ര​വു​മാ​യി ബന്ധിപ്പി​ച്ചി​രു​ന്നു. ഗ്രനാ​ഡ​യി​ലെ ഭരണാ​ധി​പ​ന്മാർ വിശ്ര​മി​ക്കാ​നാ​യി ആ സുഖവ​സ​തി​യി​ലെ​ത്തി​യി​രു​ന്നു. അങ്കണത്തി​ലൂ​ടെ പോകു​മ്പോൾ എത്തി​ച്ചേ​രു​ന്നത്‌ ജലഗോ​വ​ണി​ക്ക​ടു​ത്താണ്‌. ഇവിടെ വെളി​ച്ച​വും നിറവും അസംഖ്യം പരിമ​ള​ങ്ങ​ളും സന്ദർശ​കർക്ക്‌ ഇന്ദ്രി​യാ​നു​ഭൂ​തി പകരും.

മൂറിന്റെ നെടു​വീർപ്പ്‌

ഫെർഡി​നാൻഡി​നും ഇസബെ​ല്ല​യ്‌ക്കും ഗ്രനാഡ നഗരം അടിയ​റ​വു​വെ​ച്ച​തി​നെ തുടർന്ന്‌ അവിടത്തെ അവസാന രാജാ​വായ ബോയാ​ബ്‌ദി​ലി​നും (മുഹമ്മദ്‌ പതി​നൊ​ന്നാ​മൻ) കുടും​ബ​ത്തി​നും പ്രവാ​സ​ത്തി​ലേക്കു പോ​കേ​ണ്ടി​വന്നു. നഗരം വിട്ട അവർ ഇപ്പോൾ എൽ സുസ്‌പി​റോ ഡെൽ മോറോ (മൂറിന്റെ നെടു​വീർപ്പ്‌) എന്നറി​യ​പ്പെ​ടുന്ന ഒരു ഉയർന്ന സ്ഥലത്ത്‌ അൽപ്പ​നേരം നിന്നതാ​യി പറയ​പ്പെ​ടു​ന്നു. പ്രൗഢ​മായ തങ്ങളുടെ ചുവപ്പു​കൊ​ട്ടാ​രം അവസാ​ന​മാ​യൊ​ന്നു കാണാൻ അവർ തിരി​ഞ്ഞു​നോ​ക്കി​യ​പ്പോൾ, ബോയാ​ബ്‌ദി​ലി​ന്റെ അമ്മ തന്റെ മകനോട്‌ ഇങ്ങനെ പറഞ്ഞതാ​യി പറയ​പ്പെ​ടു​ന്നു: “ഒരു പുരു​ഷ​നെ​പ്പോ​ലെ പരിര​ക്ഷി​ക്കാൻ കഴിയാ​തി​രു​ന്ന​തി​നെ ചൊല്ലി ഒരു സ്‌ത്രീ​യെ​പ്പോ​ലെ വിതു​മ്പുക!”

ഓരോ വർഷവും അൽഹാം​ബ്ര സന്ദർശി​ക്കുന്ന 30 ലക്ഷംവ​രുന്ന സന്ദർശ​ക​രിൽ ചിലർ ഇന്നും ഈ സ്ഥലത്തു പോകാ​റുണ്ട്‌. ഇവിടെ അവർക്കു ബോയാ​ബ്‌ദി​ലി​നെ​പ്പോ​ലെ, കിരീ​ട​ത്തി​ലെ രത്‌ന​മായ അറേബ്യൻ കൊട്ടാ​ര​ത്തി​ന്റെ താഴെ​യാ​യി വ്യാപി​ച്ചു​കി​ട​ക്കുന്ന ഗ്രനാഡ നഗരത്തി​ന്റെ വിശാ​ല​മായ ഒരു വീക്ഷണം ലഭിക്കും. എന്നെങ്കി​ലു​മൊ​രി​ക്കൽ നിങ്ങൾ ഗ്രനാഡ സന്ദർശി​ക്കു​ക​യാ​ണെ​ങ്കിൽ, അതിന്റെ അവസാ​നത്തെ മൂറിഷ്‌ രാജാവ്‌ അനുഭ​വിച്ച ഹൃദയ​വ്യഥ നിങ്ങളും മനസ്സി​ലാ​ക്കി​യേ​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a പൊ.യു. 711-ൽ അറബ്‌-ബെർബെർ സൈന്യ​ങ്ങൾ സ്‌പെ​യി​നി​ലേക്കു കടന്നു. വെറും ഏഴു വർഷത്തി​നു​ള്ളിൽ ഉപദ്വീ​പി​ന്റെ വലി​യൊ​രു ഭാഗം മുസ്ലീം ഭരണത്തിൻ കീഴി​ലാ​യി. രണ്ടു നൂറ്റാ​ണ്ടു​കൾക്കു​ള്ളിൽ കോർഡോബ യൂറോ​പ്പി​ലെ ഏറ്റവും വലുതും സാധ്യ​ത​യ​നു​സ​രിച്ച്‌ ഏറ്റവും സംസ്‌കാ​ര​സ​മ്പ​ന്ന​വു​മായ നഗരമാ​യി​ത്തീർന്നു.

b ഉദാഹരണത്തിന്‌, ദൈവം മോ​ശെ​യോ​ടു കൽപ്പിച്ചു: “ശഠനും മത്സരി​യു​മായ മകൻ ഒരുത്തന്നു ഉണ്ടെങ്കിൽ അമ്മയപ്പ​ന്മാർ അവനെ പിടിച്ചു പട്ടണത്തി​ലെ മൂപ്പന്മാ​രു​ടെ അടുക്കൽ പട്ടണവാ​തി​ല്‌ക്ക​ലേക്കു” കൊണ്ടു​പോ​കേണം.—ആവർത്ത​ന​പു​സ്‌തകം 16:18, 19.

c സ്‌പെയിൻ ഉൾപ്പെടെ മെഡി​റ്റ​റേ​നി​യൻ പ്രദേ​ശ​ത്താ​ക​മാ​നം പേർഷ്യൻ, ബൈസ​ന്റൈൻ ശൈലി​ക​ളി​ലുള്ള ഉദ്യാ​ന​ങ്ങ​ളു​ടെ സവി​ശേ​ഷ​തകൾ അറബികൾ അവതരി​പ്പി​ച്ചു.

d ജെനെത്ത്‌-ആൽ-ആരിഫ്‌ എന്ന അറബി വാക്കിൽനി​ന്നാണ്‌ ഈ പേര്‌ ഉത്ഭവി​ച്ചി​രി​ക്കു​ന്നത്‌. “ഉയരത്തി​ലുള്ള ഉദ്യാന”മെന്നു ചില​പ്പോ​ഴൊ​ക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇത്‌ “വാസ്‌തു​ശിൽപ്പി​യു​ടെ ഉദ്യാന”ത്തെ കുറി​ക്കുന്ന ഒരു വാക്കാ​യി​രി​ക്കാ​നാണ്‌ ഏറെ സാധ്യത.

[15-ാം പേജിലെ ചിത്രം]

ആൽകാസാബാ

[16-ാം പേജിലെ ചിത്രം]

സിംഹസഭാതലം

[16, 17 പേജു​ക​ളി​ലെ ചിത്രം]

ഖെനെ​റാ​ലി​ഫെ ഉദ്യാനം

[17-ാം പേജിലെ ചിത്രം]

ജലഗോവണി

[14-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Line art: EclectiCollections

[15-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിലത്തെ ചിത്ര​മൊ​ഴിച്ച്‌ ബാക്കിയെല്ലാം: Recinto Monumental de la Alhambra y Generalife

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

എല്ലാ ചിത്രങ്ങളും: Recinto Monumental de la Alhambra y Generalife

[17-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിലത്തെ ചിത്രങ്ങൾ: Recinto Monumental de la Alhambra y Generalife; താഴത്തെ ചിത്രം: J. A. Fernández/San Marcos