കൃത്രിമ കൈകാലുകളുടെ ഒരു കേന്ദ്രത്തിലേക്ക്
കൃത്രിമ കൈകാലുകളുടെ ഒരു കേന്ദ്രത്തിലേക്ക്
ന്യൂസിലൻഡിലെ ഉണരുക! ലേഖകൻ
ന്യൂസിലൻഡിലെ വെല്ലിങ്ടൺ നഗരത്തിലുള്ള കൃത്രിമ കൈകാൽ കേന്ദ്രം സന്ദർശിക്കാൻ എനിക്കു രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, എന്റെ കൃത്രിമ കാലിനു ചില അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്നു. രണ്ട്, കൃത്രിമ കൈകാലുകളുടെ നിർമാണത്തിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു എന്നതു സംബന്ധിച്ചു കൂടുതലായി അറിയാൻ ആ കേന്ദ്രം ഒന്നു ചുറ്റിക്കാണുന്നതിനു ഞാൻ ആഗ്രഹിച്ചു.
എന്നെ ചികിത്സിക്കുന്ന കൃത്രിമ അവയവ വിദഗ്ധൻ അവിടം ചുറ്റിക്കാണാൻ ദയാപൂർവം അനുവാദം നൽകി. വളരെ പ്രതിഫലദായകമായ ഒരു അനുഭവമായിരുന്നു അത്. കൃത്രിമ അവയവ ശാസ്ത്രം പഠിക്കുകയും ആ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ വൈദഗ്ധ്യവും അർപ്പണബോധവും സംബന്ധിച്ച എന്റെ ഗ്രാഹ്യവും അവരോടുള്ള വിലമതിപ്പും വർധിക്കുന്നതിന് അതിടയാക്കി.
മലയാളം എൻസൈക്ലോപീഡിയ ഡെസ്ക് റഫറൻസ് (ബ്രിട്ടാനിക്ക) പറയുന്നതനുസരിച്ച്, “പ്രോസ്തീസസ്” അഥവാ കൃത്രിമാവയവം “കൈ, കാൽ എന്നിവപോലെ ശരീരത്തിൽനിന്നു നഷ്ടമാകുന്ന അവയവങ്ങൾക്കുപകരം കൃത്രിമമായി ചേർക്കുന്ന”താണ്. “ഇതുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖയാണ്” കൃത്രിമ അവയവ ശാസ്ത്രം. “കൃത്രിമ അവയവ ശാസ്ത്രത്തിൽ നിപുണനും ആ മേഖലയിൽ പ്രവർത്തിക്കുന്നവനുമായ ഒരു വ്യക്തിയാണ്” കൃത്രിമ അവയവ വിദഗ്ധൻ.—എൻസൈക്ലോപീഡിയ ആൻഡ് ഡിക്ഷ്ണറി ഓഫ് മെഡിസിൻ, നഴ്സിങ്, ആൻഡ് അലൈഡ് ഹെൽത്ത്, തേർഡ് എഡിഷൻ.
ഒരു കൃത്രിമ കാൽ ഉണ്ടാക്കുന്നത് എങ്ങനെ?
ഒരു കൃത്രിമ കാലിനുവേണ്ടിയാണ് ഭൂരിഭാഗം രോഗികളും ഈ കേന്ദ്രം സന്ദർശിക്കുന്നത്. കാലിന്റെ മുറിവ് ഉണങ്ങിയശേഷം ആ ഭാഗത്ത് ഒരു ആവരണം ഘടിപ്പിക്കുന്നതാണു കൃത്രിമ കാലു നിർമാണത്തിന്റെ ആദ്യപടി. ഈ ആവരണത്തിനു സ്ലീവ് എന്നു പറയുന്നു. തുടർന്ന്, പ്ലാസ്റ്റർ കൊണ്ടുള്ള ഒരു അച്ച് രൂപപ്പെടുത്തുന്നു. ഈ അച്ച് ഉപയോഗിച്ച് ആ ഭാഗത്തിന്റെ ഒരു തനിപ്പകർപ്പ് ഉണ്ടാക്കാൻ കഴിയും. കൃത്രിമ കാൽ ശരീരഭാഗവുമായി കൂട്ടിയോജിപ്പിക്കുന്നതിന് ആവശ്യമായ സോക്കറ്റു നിർമിക്കാൻ ഈ പകർപ്പ് ഉപയോഗിക്കുന്നു. നഷ്ടപ്പെട്ട കാലിന്റെ ധർമം നിർവഹിക്കുന്ന മറ്റൊരു കാലിനുവേണ്ടിയുള്ള പ്രയാണം ഇങ്ങനെ ആരംഭിക്കുന്നു. മേൽപ്പറഞ്ഞ പ്രക്രിയ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കുന്നതിന് ഒരു പുതിയ മാർഗം ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്. ശേഷിച്ച അവയവഭാഗത്തിന്റെ അളവെടുക്കാൻ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ (CAD/CAM) ഉപയോഗിക്കുന്ന രീതിയാണിത്. ഈ അളവിനെ ആസ്പദമാക്കി വ്യക്തിയുടെ ശേഷിച്ച അവയവഭാഗത്തിന്റെ തനിപ്പകർപ്പ് ഉണ്ടാക്കാൻ ഒരു യന്ത്രത്തിനു കഴിയും.
ഈ കേന്ദ്രം ഉപയുക്തമാക്കുന്ന സാങ്കേതിക വൈദഗ്ധ്യത്തിന്റെ ചില പ്രകടനങ്ങൾ ഞാൻ നിരീക്ഷിക്കുകയുണ്ടായി. തുടർന്ന്, ഇറക്കുമതി ചെയ്ത ഏതാനും റെഡിമെയ്ഡ് കൃത്രിമ അവയവഭാഗങ്ങൾ എന്നെ കാണിച്ചു. ദ്രാവകമർദത്താൽ പ്രവർത്തിക്കുന്ന ഒരു കാൽമുട്ടാണ് എന്നെ ഏറെ ആകർഷിച്ചത്. ഒരു രോഗിയുടെ ആവശ്യാനുസൃതം, ചൂടു നൽകി രൂപഭേദം വരുത്താവുന്ന ഒരു സോക്കറ്റിനോടു യോജിപ്പിച്ചിരിക്കുകയാണ് ഈ കാൽമുട്ട്. ഇത്തരം കൃത്രിമ അവയവഭാഗങ്ങളുടെ വിശദവിവരങ്ങൾ അടങ്ങുന്ന സചിത്ര കാറ്റലോഗുകൾ ലോകത്തിനു ചുറ്റും പല ഉറവിടങ്ങളിൽനിന്നും ലഭ്യമാണ്.
നടക്കുമ്പോൾ പരമാവധി സ്വാഭാവികത ഉറപ്പു വരുത്താൻ കൃത്രിമ കാലു നിർമാണത്തിന്റെ അവസാനഘട്ടങ്ങളിൽ സോക്കറ്റിനും മുട്ടിനും ചർമത്തിനും പാദഭാഗങ്ങൾക്കും ആവശ്യമായ ക്രമപ്പെടുത്തൽ വരുത്തുന്നു. കൃത്രിമ പോളിമെറുകൾകൊണ്ടു നിർമിച്ച ഒരു ചർമസമാന ആവരണം തയ്യാറാക്കുകയാണ് അന്തിമമായി ചെയ്യുന്നത്. കൃത്രിമ കാലിന്റെ
‘അസ്ഥികൾ’ മറഞ്ഞിരിക്കാൻ ഇതു സഹായിക്കുന്നു. അവയവത്തിന്റെ ബാക്കിഭാഗവുമായി പരമാവധി ചേർച്ചയിലായിരിക്കുന്നതിന് ഇത്തരം ഭംഗിപ്പെടുത്തൽ ഇടയാക്കുന്നു.ഒരുവൻ നടക്കാൻ സാമാന്യം ധൈര്യം നേടിക്കഴിഞ്ഞാൽ, ഈ കൃത്രിമ കൈകാൽ കേന്ദ്രത്തിൽ വന്നു ചികിത്സ നടത്തുന്ന ഒരു അസ്ഥിരോഗ ശസ്ത്രക്രിയാവിദഗ്ധനുമായി കൂടിക്കാണുന്നതിനുള്ള ക്രമീകരണം ചെയ്യുന്നു. പുതിയ കാലിന്റെ പ്രയോജനം പൂർണമായി ലഭിക്കുന്നെന്ന് ഉറപ്പു വരുത്താൻ അങ്ങനെ അന്തിമമായ ഒരു വിദഗ്ധ പരിശോധനയ്ക്ക് അയാൾ വിധേയനാകുന്നു.
കുട്ടികളും കായിക താരങ്ങളും
അങ്ങനെ ചുറ്റിക്കാണുന്നതിനിടയിൽ, ഒരു കൊച്ചു പെൺകുട്ടിയെ ഞാൻ കണ്ടു. അവളുടെ മുറിച്ച കാലും കൃത്രിമ കാലും കാണിക്കുന്നതിൽ അവൾക്ക് ഒരു സങ്കോചവും ഇല്ലായിരുന്നു. പിന്നീട്, അവൾ സന്തോഷത്തോടെ ഓടിച്ചാടി നടക്കുന്നതു ഞാൻ കണ്ടു.
തുടർന്ന്, എന്നെ ചികിത്സിക്കുന്ന കൃത്രിമ അവയവ വിദഗ്ധൻ കൈയോ കാലോ നഷ്ടപ്പെടുന്ന കുട്ടികളെക്കുറിച്ച് താത്പര്യജനകമായ ചില കാര്യങ്ങൾ പറയുകയുണ്ടായി. വളരെ ചെറിയ ഒരു കൈ അദ്ദേഹം എന്നെ കാണിച്ചു. ആറു മാസം പ്രായമുള്ള ശിശുക്കൾക്കായിപ്പോലും തയ്യാർ ചെയ്യുന്നവയാണ് ഇത്തരം കൃത്രിമ അവയവങ്ങൾ. ഇവ എന്തിനാണ്? ഭാവിയിൽ ഒരു കൃത്രിമ കൈ ഉപയോഗിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിനുവേണ്ടി നന്നേ ചെറുപ്പത്തിലെ ഇവ കുട്ടികളിൽ ഘടിപ്പിക്കുന്നു. ഇത്തരം പരിശീലനത്തിന്റെ അഭാവത്തിൽ കുട്ടി ഒരു കൈ മാത്രം ഉപയോഗിച്ചു ശീലിക്കുമെന്നും പിന്നീടു രണ്ടു കൈയ്യും ഉപയോഗിക്കാൻ ബുദ്ധിമുട്ടു നേരിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെ ഒരു കമ്പനി ഒരു കണ്ടെയ്നർ നിറയെ കൃത്രിമ കൈകാലുകളുടെ ഭാഗങ്ങൾ കായിക താരങ്ങളുടെ ഉപയോഗത്തിനായി ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കു കുറച്ചു കാലം മുമ്പു കയറ്റി അയച്ചതായി ഞാൻ അറിഞ്ഞു. ഇവ അവിടെ നടക്കാനിരുന്ന, അംഗവൈകല്യമുള്ളവരുടെ കായിക മത്സരത്തിനു വേണ്ടി ആയിരുന്നു. ഈ കൃത്രിമ അവയവങ്ങൾ സൗജന്യമായിട്ടാണ് അവർക്കു വിതരണം ചെയ്തത്. കൂടാതെ കളികളുടെ സമയത്ത് ആവശ്യമായ സഹായം പ്രദാനം ചെയ്യുന്നതിനു കൃത്രിമ അവയവ വിദഗ്ധർ അവിടെ സന്നിഹിതരായിരുന്നു, ന്യൂസിലൻഡിൽനിന്നുള്ള ചില വിദഗ്ധരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ചില കൃത്രിമ അവയവഭാഗങ്ങൾ അംഗവൈകല്യമുള്ള കായിക താരങ്ങൾക്കുവേണ്ടി പ്രത്യേകം നിർമിച്ചവയായിരുന്നു. പാദവും കണ്ണയും ചേർന്ന ഒരു ഭാഗം എന്നെ കാണിച്ചു. ഒരു പ്രത്യേകതരം പദാർഥംകൊണ്ടു നിർമിച്ച അത് ഒരു സാധാരണ മനുഷ്യ പാദം പോലെ വഴക്കമുള്ളതായിരുന്നു.
ആധുനിക മുന്നേറ്റങ്ങൾ
കൃത്രിമ അവയവ ശാസ്ത്രത്തിന്റെ ഭാവി എന്തായിരിക്കും? ന്യൂസിലൻഡിൽ കുറഞ്ഞത് ഒരു വ്യക്തി എങ്കിലും ധരിക്കുന്ന ഒരു പ്രത്യേകതരം കമ്പ്യൂട്ടർനിയന്ത്രിത കൃത്രിമ കാലിനെപ്പറ്റി എന്റെ കൃത്രിമ അവയവ വിദഗ്ധൻ എന്നോടു പറഞ്ഞു. യൂണിറ്റിലെ സെൻസറുകളിൽ ഏൽക്കുന്ന മർദത്തോടു പ്രതികരിക്കുന്ന ഒരു ഉപകരണമാണിത്. തത്ഫലമായി ഇതു സ്വാഭാവിക നടപ്പിന്റെ ഒരു പ്രതീതി ജനിപ്പിക്കുന്നു.
ചില രാജ്യങ്ങളിൽ, കൃത്രിമ കൈകാലുകളെ അസ്ഥിയോടു യോജിപ്പിക്കുന്ന ഒരു പ്രക്രിയ അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധർ പരീക്ഷിക്കുന്നുണ്ട്. അംഗവിച്ഛേദനത്തിനു ശേഷം പ്രത്യേകതരത്തിലുള്ള ഒരു ആണി ശേഷിച്ച അവയവ ഭാഗത്തു കടത്തിവെക്കുന്നു. പിന്നീട് കൃത്രിമ അവയവം ഘടിപ്പിക്കുന്നതിനുള്ള ഉപാധിയായി ഇത് ഉതകുന്നു. അങ്ങനെ അച്ചുകളുടെയും സോക്കറ്റുകളുടെയും ആവശ്യം ഒഴിവാക്കാൻ സാധിക്കുന്നു.
നാഡീതന്തുക്കളോടു ഗ്രാഹികൾ സംയോജിപ്പിക്കുന്നതിനുള്ള ഗവേഷണവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ശരീരത്തോടു ഘടിപ്പിച്ചിരിക്കുന്ന ഒരു കൃത്രിമ അവയവത്തെ മനസ്സുകൊണ്ടുമാത്രം നിയന്ത്രിക്കാൻ ഈ പ്രക്രിയ ഒരുവനെ സഹായിക്കും. ഐക്യനാടുകളിലും മറ്റുചില രാജ്യങ്ങളിലും ഏതാനും കൈ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഈ പ്രക്രിയ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. ശരീരത്തിലെ പ്രതിരോധവ്യവസ്ഥ മാറ്റിവെക്കുന്ന അവയവത്തെ പുറന്തള്ളാതിരിക്കാനായി ഇതിനു വിധേയരാകുന്നവർ ശിഷ്ടകാലം മുഴുവൻ മരുന്നു കഴിക്കേണ്ടിയിരിക്കുന്നു.
കൃത്രിമ കൈകളുടെ മേഖലയിൽ മൈയോഇലക്ട്രോണിക്സ് എന്ന ഒരു രീതി ഇപ്പോൾ ഉപയോഗത്തിൽ വന്നിട്ടുണ്ട്. കൈയുടെ ശേഷിച്ച ഭാഗത്തു സാധാരണഗതിയിൽ ആവേഗങ്ങൾ ഉണ്ടായിരിക്കും. പേശികളിൽനിന്നുള്ള ഇത്തരം ആവേഗങ്ങളെ ഇലക്ട്രോഡുകൾ സ്വീകരിക്കുന്നു. തുടർന്നു ബാറ്ററി ഉപയോഗിച്ചു തീവ്രത കൂട്ടിയ ഈ ആവേഗങ്ങൾ കൃത്രിമ കൈയിലെ ഇലക്ട്രോണിക് ഘടകങ്ങളെ നിയന്ത്രിക്കുന്നു. ഓരോ വ്യക്തിയുടെയും കാര്യത്തിൽ കൃത്രിമ കൈ പരമാവധി
പ്രവർത്തനക്ഷമമാക്കുന്നതിനു കമ്പ്യൂട്ടറിന്റെ സഹായത്താൽ കൃത്യമായി പൊരുത്തപ്പെടുത്തൽ വരുത്താൻ സാധിക്കും. കൃത്രിമ കൈയോടുള്ള ബന്ധത്തിൽ കൃത്രിമ അവയവ ശാസ്ത്രം കണ്ടെത്തിയിരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണിത്.കൃത്രിമ അവയവ സാങ്കേതികവിദ്യ കൈവരിച്ചിരിക്കുന്ന ഈ മുന്നേറ്റങ്ങൾ എന്നെ വിസ്മയംകൊള്ളിച്ചു. ഇതിന്റെ വെളിച്ചത്തിൽ, സ്വാഭാവിക കൈകാലുകളുടെ പ്രവർത്തനവുമായി കൃത്രിമ അവയവങ്ങളുടെ പ്രവർത്തനത്തെ എങ്ങനെ താരതമ്യപ്പെടുത്താമെന്നു ഞാൻ എന്റെ കൃത്രിമ അവയവ വിദഗ്ധനോടു ചോദിച്ചു. സ്വാഭാവികമായവതന്നെ ഉത്തമം എന്ന് നിസ്സങ്കോചം അദ്ദേഹം മറുപടി പറഞ്ഞു. സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ ഇത് എന്റെ ഓർമയിലേക്കു കൊണ്ടുവന്നു. തന്റെ സ്രഷ്ടാവിനോടുള്ള പ്രാർഥനയിൽ അവൻ പറഞ്ഞു: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു.”—സങ്കീർത്തനം 139:14.
[23-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
[ചിത്രങ്ങൾ]
പേശീസംജ്ഞകൾ ഉപയോഗിച്ച് കൈയുടെ വേഗവും സ്വാധീനശക്തിയും നിയന്ത്രിക്കുന്ന മൈയോഇലക്ട്രിക് കൈകൾ
[കടപ്പാട്]
കൈകൾ: © Otto Bock HealthCare
[ചിത്രങ്ങൾ]
ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്താൽ നിർമിച്ച ഈ കാൽമുട്ടിന്റെ ഉള്ളിലുള്ള കമ്പ്യൂട്ടർ ചിപ്പുകളും കാന്തിക മണ്ഡലങ്ങളും ഒരുവന്റെ നടപ്പിനൊത്ത് മുട്ട് അനുരൂപപ്പെടുത്താൻ സഹായിക്കുന്നു
[കടപ്പാട്]
കാൽമുട്ട്: Photos courtesy of Ossur
[ചിത്രം]
ചർമസമാന ആവരണവും കണ്ണയുടെ ഘടനയും കാണിക്കുന്ന കൃത്രിമ കാൽപ്പാദത്തിന്റെ പരിച്ഛേദം
[കടപ്പാട്]
© Otto Bock HealthCare
[കടപ്പാട്]
© 1997 Visual Language
[21-ാം പേജിലെ ചിത്രം]
ഒരു കൃത്രിമ കാൽ ക്രമപ്പെടുത്തുന്നു
[22-ാം പേജിലെ ചിത്രം]
ഒരു കൃത്രിമ കാൽ പിടിപ്പിക്കുന്നു
[23-ാം പേജിലെ ചിത്രം]
അംഗവിച്ഛേദനം ചെയ്യപ്പെട്ട ശിശുക്കളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ചെറിയ ഒരു കൈ
[23-ാം പേജിലെ ചിത്രം]
2004-ൽ നടന്ന അംഗവൈകല്യമുള്ളവരുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ വിജയിച്ച വ്യക്തി ഒരു കാർബൺ-ഫൈബർ കൃത്രിമ പാദത്തിന്റെ സഹായത്താൽ 10.97 സെക്കൻഡു കൊണ്ട് ഓട്ടം പൂർത്തിയാക്കി
[കടപ്പാട്]
Photo courtesy of Ossur/Photographer: David Biene
[21-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Otto Bock HealthCare