വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തീർഥാടകരും പ്യൂരിറ്റന്മാരും അവർ ആരായിരുന്നു?

തീർഥാടകരും പ്യൂരിറ്റന്മാരും അവർ ആരായിരുന്നു?

തീർഥാ​ട​ക​രും പ്യൂരി​റ്റ​ന്മാ​രും അവർ ആരായി​രു​ന്നു?

വടക്കേ അമേരി​ക്ക​യി​ലെ മസാച്ചു​സെ​റ്റ്‌സി​ലുള്ള പ്ലിമത്ത്‌ പട്ടണത്തി​ന്റെ കടൽത്തീ​രത്ത്‌ 1620 എന്ന്‌ ആലേഖ​നം​ചെയ്‌ത ഒരു വലിയ കല്ലു കാണാൻ കഴിയും. പ്ലിമത്ത്‌ ശില എന്നാണ്‌ അത്‌ അറിയ​പ്പെ​ടു​ന്നത്‌. ഏകദേശം 400 വർഷം​മുമ്പ്‌ ഒരു സംഘം യൂറോ​പ്യ​ന്മാർ വന്നിറ​ങ്ങിയ സ്ഥലത്തിനു സമീപ​മാ​യി​ട്ടാണ്‌ അതു കിടക്കു​ന്ന​തെന്നു പരക്കെ വിശ്വ​സി​ക്ക​പ്പെ​ടു​ന്നു. തീർഥാ​ടകർ അല്ലെങ്കിൽ തീർഥാ​ടക പിതാ​ക്ക​ളെന്ന്‌ അവർ അറിയ​പ്പെ​ടു​ന്നു.

സുഹൃ​ത്തു​ക്ക​ളാ​യ തദ്ദേശ അമേരി​ക്ക​ക്കാ​രെ വിള​വെ​ടു​പ്പു കാലത്തെ സമൃദ്ധ​മായ വിരു​ന്നു​കൾക്കു ക്ഷണിക്കുന്ന അതിഥി​പ്രി​യ​രായ തീർഥാ​ട​ക​രെ​പ്പ​റ്റി​യുള്ള കഥകൾ പലർക്കും അറിയാം. എന്നാൽ ആരായി​രു​ന്നു തീർഥാ​ടകർ? അവർ എന്തിനാ​ണു വടക്കേ അമേരി​ക്ക​യി​ലേക്കു പോയത്‌? ഉത്തരങ്ങൾക്കാ​യി നമുക്ക്‌ ഇംഗ്ലണ്ടി​ലെ ഹെൻറി എട്ടാമൻ രാജാ​വി​ന്റെ കാല​ത്തേക്കു മടങ്ങി​പ്പോ​കാം.

ഇംഗ്ലണ്ടിൽ മതപര​മായ പ്രക്ഷോ​ഭ​ങ്ങൾ

തീർഥാ​ടകർ അമേരി​ക്ക​യി​ലേക്കു പുറ​പ്പെ​ടു​ന്ന​തിന്‌ ഏതാണ്ട്‌ 100 വർഷം മുമ്പ്‌ ഇംഗ്ലണ്ട്‌ ഒരു റോമൻ കത്തോ​ലി​ക്കാ രാജ്യ​മാ​യി​രു​ന്നു. ഹെൻറി എട്ടാമൻ രാജാ​വിന്‌ വിശ്വാസ രക്ഷകൻ എന്ന സ്ഥാന​പ്പേ​രും പോപ്പ്‌ നൽകി​യി​രു​ന്നു. എന്നാൽ ഹെൻറിക്ക്‌ ആരഗോ​ണി​ലെ കാതറി​നു​മാ​യുള്ള വിവാ​ഹ​ബന്ധം വേർപെ​ടു​ത്താൻ പോപ്പ്‌ ക്ലെമന്റ്‌ ഏഴാമൻ അനുവാ​ദം നൽകാ​തി​രു​ന്ന​തോ​ടെ ഒരു വിടവു രൂപം​കൊ​ണ്ടു. രാജാ​വി​ന്റെ ആറു ഭാര്യ​മാ​രിൽ ആദ്യത്ത​വ​ളാ​യി​രു​ന്നു കാതറിൻ.

ഹെൻറി​യെ കുടും​ബ​പ്ര​ശ്‌നങ്ങൾ അലട്ടി​ക്കൊ​ണ്ടി​രുന്ന സമയത്ത്‌, യൂറോ​പ്പിൽ പലയി​ട​ത്തും പ്രൊ​ട്ട​സ്റ്റന്റ്‌ മതനവീ​ക​രണം റോമൻ കത്തോ​ലി​ക്കാ സഭയിൽ പ്രക്ഷോ​ഭം സൃഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സഭ നൽകിയ പദവി നഷ്ടപ്പെ​ടു​ത്താൻ വിമുഖത ഉണ്ടായി​രു​ന്ന​തി​നാൽ ഹെൻറി തുടക്ക​ത്തിൽ നവീക​ര​ണ​ക്കാ​രെ ഇംഗ്ലണ്ടിൽനിന്ന്‌ അകറ്റി​നി​റു​ത്തി. എന്നാൽ പിന്നീട്‌ അദ്ദേഹ​ത്തി​ന്റെ മനസ്സു​മാ​റി. തന്റെ വിവാ​ഹ​മോ​ച​ന​ത്തി​നു കത്തോ​ലി​ക്കാ സഭ അനുമതി നൽകാ​തി​രു​ന്ന​തു​കൊണ്ട്‌ ഹെൻറി സഭയുടെ അധികാ​രത്തെ തള്ളിക്ക​ളഞ്ഞു. 1534-ൽ അദ്ദേഹം ഇംഗ്ലീ​ഷു​കാ​രായ കത്തോ​ലി​ക്ക​രു​ടെ​മേ​ലുള്ള പോപ്പി​ന്റെ ആധിപ​ത്യം അവസാ​നി​പ്പി​ക്കു​ക​യും ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടി​ന്റെ പരമാ​ധി​കാ​ര​മുള്ള തലവനാ​യി സ്വയം പ്രഖ്യാ​പി​ക്കു​ക​യും ചെയ്‌തു. അധികം താമസി​യാ​തെ അദ്ദേഹം സന്യാ​സി​മ​ഠങ്ങൾ അടച്ചു​പൂ​ട്ടു​ക​യും അവയുടെ അളവറ്റ സ്വത്ത്‌ വിൽക്കു​ക​യും ചെയ്‌തു. 1547-ൽ ഹെൻറി മരിക്കു​മ്പോൾ, ഇംഗ്ലണ്ട്‌ ഒരു പ്രൊ​ട്ട​സ്റ്റ്‌ന്റ്‌ രാജ്യ​മാ​കു​ന്ന​തി​ന്റെ പരിണാ​മ​ദ​ശ​യി​ലാ​യി​രു​ന്നു.

ഹെൻറി​യു​ടെ മകൻ എഡ്വേർഡ്‌ ആറാമ​നും തന്റെ പിതാ​വി​നെ​പ്പോ​ലെ റോമു​മാ​യി അകലം പാലിച്ചു. 1553-ൽ എഡ്വേർഡി​ന്റെ മരണ​ശേഷം ഹെൻറിക്ക്‌ ആരഗോ​ണി​ലെ കാതറി​നി​ലു​ണ്ടായ മകൾ മേരി രാജ്ഞി​യാ​യി. റോമൻ കത്തോ​ലി​ക്കാ വിശ്വാ​സി​യായ മേരി രാജ്യത്തെ പോപ്പി​ന്റെ അധികാ​ര​ത്തിൻ കീഴിൽ കൊണ്ടു​വ​രാൻ ശ്രമിച്ചു. അവർ അനേകം പ്രൊ​ട്ട​സ്റ്റ​ന്റു​കാ​രെ നാടു​ക​ട​ത്തു​ക​യും 300-ലധികം ആളുകളെ സ്‌തം​ഭ​ത്തി​ലേറ്റി ചുട്ടെ​രി​ച്ചു കൊല്ലു​ക​യും ചെയ്‌തു. അങ്ങനെ അവർ തനിക്കാ​യി രക്തദാ​ഹി​യായ മേരി എന്ന പേരു സമ്പാദി​ച്ചു. എന്നാൽ മാറ്റത്തി​ന്റെ അലകളെ തടുക്കാൻ അവർക്കാ​യില്ല. 1558-ൽ മേരി മരണമ​ട​ഞ്ഞ​തി​നെ തുടർന്ന്‌ അവരുടെ പിന്തു​ടർച്ചാ​വ​കാ​ശി​യും അർധസ​ഹോ​ദ​രി​യും ആയ എലിസ​ബെത്ത്‌ ഒന്ന്‌ രാജ്ഞി​യാ​യി. ഇംഗ്ലീ​ഷു​കാ​രു​ടെ മതജീ​വി​ത​ത്തിൽ പോപ്പിന്‌ മേലാൽ യാതൊ​രു സ്വാധീ​ന​വു​മു​ണ്ടാ​യി​രി​ക്കു​കയി​ല്ലെന്ന്‌ എലിസ​ബെത്ത്‌ ഉറപ്പു​വ​രു​ത്തി.

റോമി​ലെ സഭയിൽനി​ന്നും കേവലം വേർപെ​ട്ടാൽ മാത്രം പോരാ അതിന്റെ എല്ലാ കണിക​ക​ളും നീക്കി​ക്ക​ള​യ​ണ​മെന്നു ചില പ്രൊ​ട്ട​സ്റ്റ​ന്റു​കാർക്കു തോന്നി. സഭയുടെ ആരാധ​നാ​രീ​തി​യെ ശുദ്ധീ​ക​രി​ക്ക​ണ​മെന്ന്‌ അവർ ആഗ്രഹി​ച്ചു. അങ്ങനെ അവർ പ്യൂരി​റ്റ​ന്മാർ എന്നറി​യ​പ്പെ​ടാൻ ഇടയായി. ബിഷപ്പു​മാ​രു​ടെ ആവശ്യ​മി​ല്ലെ​ന്നും ഓരോ ആരാധ​ക​സം​ഘ​വും ദേശീയ സഭയിൽനി​ന്നു വേറിട്ട്‌ അതിന്റെ ഭരണം സ്വയം നിർവ​ഹി​ക്ക​ണ​മെ​ന്നും ഉള്ള അഭി​പ്രാ​യ​മാ​യി​രു​ന്നു ഈ പ്യൂരി​റ്റ​ന്മാ​രിൽ ചിലർക്ക്‌. അവരാ​കട്ടെ വേർപാ​ടു​കാർ എന്നറി​യ​പ്പെട്ടു.

വ്യവസ്ഥാ​പി​ത സഭയെ വിമർശിച്ച പ്യൂരി​റ്റ​ന്മാർ പരസ്യ​മാ​യി രംഗത്തു വന്നത്‌ എലിസ​ബെ​ത്തി​ന്റെ ഭരണകാ​ല​ത്താണ്‌. ചില പുരോ​ഹി​ത​ന്മാ​രു​ടെ അനൗപ​ചാ​രിക രീതി​യി​ലുള്ള വസ്‌ത്ര​ധാ​രണം രാജ്ഞിയെ ചൊടി​പ്പി​ച്ചു. 1564-ൽ കാന്റർബ​റി​യി​ലെ ആർച്ച്‌ബി​ഷ​പ്പി​നോ​ടു പുരോ​ഹി​ത​ന്മാ​രു​ടെ വസ്‌ത്ര​ധാ​ര​ണ​രീ​തിക്ക്‌ ഒരു നിലവാ​രം നിഷ്‌കർഷി​ക്കാൻ അവർ ആവശ്യ​പ്പെട്ടു. എന്നാൽ കത്തോ​ലി​ക്കാ പുരോ​ഹി​ത​ന്മാ​രു​ടെ വസ്‌ത്ര​ധാ​ര​ണ​രീ​തി​യി​ലേ​ക്കുള്ള മടങ്ങി​പ്പോക്ക്‌ മുൻകൂ​ട്ടി​ക്കണ്ട പ്യൂരി​റ്റ​ന്മാർ അത്‌ അനുസ​രി​ക്കാൻ വിസമ്മ​തി​ച്ചു. ബിഷപ്പു​മാ​രു​ടെ​യും ആർച്ച്‌ബി​ഷ​പ്പു​മാ​രു​ടെ​യും അധികാര ശ്രേണി സംബന്ധി​ച്ചും വിവാ​ദങ്ങൾ ഉയർന്നു​വന്നു. എലിസ​ബെത്ത്‌ ബിഷപ്പു​മാ​രെ നിലനി​റു​ത്തു​ക​യും എന്നാൽ സഭയുടെ മേലധി​കാ​രി​യാ​യി തന്നെ അംഗീ​ക​രി​ച്ചു​കൊണ്ട്‌ അവർ തന്നോ​ടുള്ള കൂറു പ്രഖ്യാ​പി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു.

വേർപാ​ടു​കാ​രിൽനി​ന്നും തീർഥാ​ട​ക​രി​ലേക്ക്‌

എലിസ​ബെ​ത്തി​നു ശേഷം 1603-ൽ ജെയിംസ്‌ ഒന്നാമൻ സിംഹാ​സ​ന​ത്തിന്‌ അവകാ​ശി​യാ​യി. തന്റെ അധികാ​ര​ത്തി​നു കീഴ്‌പെ​ടാൻ വേർപാ​ടു​കാ​രു​ടെ​മേൽ അദ്ദേഹം അങ്ങേയറ്റം സമ്മർദം ചെലുത്തി. 1608-ൽ സ്‌ക്രൂ​ബി പട്ടണത്തി​ലെ ഒരു വേർപാ​ടു സഭയിലെ അംഗങ്ങൾ ഹോള​ണ്ടി​ലേക്കു പലായനം ചെയ്‌തു. ഹോളണ്ട്‌ അനുവ​ദി​ച്ചി​രുന്ന സ്വാത​ന്ത്ര്യ​ത്തിൽനി​ന്നും പ്രയോ​ജനം അനുഭ​വി​ക്കു​ന്ന​തി​നു വേണ്ടി​യാ​യി​രു​ന്നു അവർ അവി​ടേക്കു പോയത്‌. എന്നിരു​ന്നാ​ലും കാലാ​ന്ത​ര​ത്തിൽ മറ്റു മതങ്ങ​ളോ​ടുള്ള ഡച്ചുകാ​രു​ടെ സഹിഷ്‌ണു​ത​യും അവരുടെ കുത്തഴിഞ്ഞ ധാർമി​ക​ത​യും വേർപാ​ടു​കാ​രിൽ ഇംഗ്ലണ്ടി​ലാ​യി​രു​ന്ന​പ്പോൾ അനുഭ​വ​പ്പെ​ട്ട​തി​നെ​ക്കാൾ കൂടുതൽ അസ്വസ്ഥ​ത​യു​ള​വാ​ക്കി. യൂറോപ്പ്‌ വിടാ​നും വടക്കേ അമേരി​ക്ക​യിൽ ചെന്ന്‌ ഒരു പുതിയ ജീവിതം ആരംഭി​ക്കാ​നും അവർ തീരു​മാ​നി​ച്ചു. തങ്ങളുടെ വിശ്വാ​സ​ങ്ങൾക്കു​വേണ്ടി സ്വദേശം വിട്ട്‌ ദൂരേക്കു പോകാൻ വേർപാ​ടു​കാ​രു​ടെ ഈ സംഘം സന്നദ്ധരാ​യ​തി​നാൽ പിൽക്കാ​ലത്ത്‌ അവർ തീർഥാ​ടകർ എന്ന്‌ അറിയ​പ്പെ​ടാൻ ഇടയായി.

ബ്രിട്ടീഷ്‌ കോള​നി​യായ വിർജി​നി​യ​യിൽ താമസ​മു​റ​പ്പി​ക്കാൻ അനുവാ​ദം നേടി​യെ​ടുത്ത അനേകം വേർപാ​ടു​കാർ ഉൾപ്പെ​ടെ​യുള്ള തീർഥാ​ടകർ 1620 സെപ്‌റ്റം​ബ​റിൽ മേഫ്‌ളവർ എന്ന കപ്പലിൽ വടക്കേ അമേരി​ക്ക​യി​ലേക്കു പുറ​പ്പെട്ടു. മുതിർന്ന​വ​രും കുട്ടി​ക​ളും ഉൾപ്പെടെ ഏകദേശം 100 പേർ, പ്രക്ഷു​ബ്ധ​മായ ഉത്തര അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തിൽ രണ്ടു മാസം ചെലവ​ഴി​ച്ച​തി​നു ശേഷം വിർജി​നി​യ​യ്‌ക്കു വടക്ക്‌ വളരെ അകലെ​യാ​യി (ഏകദേശം 800 കി.മീ.) സ്ഥിതി​ചെ​യ്യുന്ന കേപ്‌ കോഡിൽ എത്തി​ച്ചേർന്നു. അവി​ടെ​വെച്ച്‌ അവർ മേഫ്‌ളവർ ഉടമ്പടി എഴുതി​യു​ണ്ടാ​ക്കി. ഒരു സമൂഹം കെട്ടി​പ്പ​ടു​ക്കാ​നും അതിന്റെ നിയമ​ങ്ങൾക്കു വിധേ​യ​രാ​കാ​നു​മുള്ള അവരുടെ ആഗ്രഹം പ്രകട​മാ​ക്കുന്ന ഒരു രേഖയാ​യി​രു​ന്നു അത്‌. 1620 ഡിസംബർ 21-ാം തീയതി അവർ സമീപ​ത്തുള്ള പ്ലിമത്തിൽ കോളനി സ്ഥാപിച്ചു.

‘നവ ലോക’ത്തിൽ ജീവിതം ആരംഭി​ക്കു​ന്നു

ശൈത്യ​കാ​ലം നേരി​ടാൻ യാതൊ​രു തയ്യാ​റെ​ടു​പ്പു​മി​ല്ലാ​തെ​യാണ്‌ അഭയാർഥി​കൾ വടക്കേ അമേരി​ക്ക​യിൽ എത്തി​ച്ചേർന്നത്‌. മാസങ്ങൾക്കകം സംഘത്തി​ലെ പകുതി പേരും മരണമ​ടഞ്ഞു. എന്നിരു​ന്നാ​ലും വസന്തകാ​ല​മാ​യ​പ്പോ​ഴേ​ക്കും അവർക്ക്‌ ആശ്വാസം കൈവന്നു. അതിജീ​വകർ ആവശ്യ​മായ വീടുകൾ നിർമി​ക്കു​ക​യും തദ്ദേശീ​യ​രായ അമേരി​ക്ക​ക്കാ​രിൽനി​ന്നു നാടൻ ഭക്ഷ്യവി​ളകൾ കൃഷി​ചെ​യ്യുന്ന വിധം പഠിക്കു​ക​യും ചെയ്‌തു. 1621-ലെ ശരത്‌കാ​ല​മാ​യ​പ്പോ​ഴേ​ക്കും വളരെ​യ​ധി​കം സമൃദ്ധി കൈവ​രി​ച്ചി​രുന്ന തീർഥാ​ടകർ തങ്ങൾക്കു ലഭിച്ച അനു​ഗ്ര​ഹ​ങ്ങൾക്കു​വേണ്ടി ദൈവ​ത്തോ​ടു നന്ദി പറയാൻ സമയം നീക്കി​വെച്ചു. അതിൽനി​ന്നാണ്‌ ഐക്യ​നാ​ടു​ക​ളി​ലും മറ്റു സ്ഥലങ്ങളി​ലും ഇന്ന്‌ ആഘോ​ഷി​ക്ക​പ്പെ​ടുന്ന കൃതജ്ഞതാ പ്രകടന ദിനം രൂപം​കൊ​ണ്ടത്‌. കൂടുതൽ കുടി​യേ​റ്റ​ക്കാർ എത്തി​ച്ചേർന്ന​തോ​ടെ, 15 വർഷം​പോ​ലും ആകുന്ന​തി​നു​മു​മ്പെ പ്ലിമത്തി​ലെ ജനസംഖ്യ 2,000 കവിഞ്ഞു.

ഇതിനി​ടെ, വേർപാ​ടു​കാ​രെ​പ്പോ​ലെ ഇംഗ്ലണ്ടി​ലെ ചില പ്യൂരി​റ്റ​ന്മാ​രും തങ്ങളുടെ “വാഗ്‌ദത്ത ഭൂമി” അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തിന്‌ അക്കരെ​യാ​ണെന്നു വിശ്വ​സി​ച്ചു. 1630-ൽ അവരുടെ ഒരു സംഘം പ്ലിമത്തി​ന്റെ വടക്കുള്ള ഒരു സ്ഥലത്തു വന്നിറ​ങ്ങു​ക​യും ‘മസാച്ചു​സെ​റ്റ്‌സ്‌ ഉൾക്കടൽ കോളനി’ സ്ഥാപി​ക്കു​ക​യും ചെയ്‌തു. 1640 ആയപ്പോ​ഴേ​ക്കും ന്യൂ ഇംഗ്ലണ്ടിൽ ഏകദേശം 20,000 ഇംഗ്ലീഷ്‌ കുടി​യേ​റ്റ​ക്കാർ താമസി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ‘മസാച്ചു​സെ​റ്റ്‌സ്‌ ഉൾക്കടൽ കോളനി’ 1691-ൽ പ്ലിമത്ത്‌ കോള​നി​യു​ടെ നിയ​ന്ത്രണം ഏറ്റെടു​ത്ത​തി​നു ശേഷം, വേർപാ​ടു​കാ​രായ തീർഥാ​ടകർ മേലാൽ അത്ര​യൊ​ന്നും വേർപെ​ട്ട​വ​രാ​യി​രു​ന്നില്ല. ഈ സമയത്ത്‌ പ്യൂരി​റ്റ​ന്മാർ ന്യൂ ഇംഗ്ലണ്ടി​ലെ മതജീ​വി​ത​ത്തി​ന്മേൽ ആധിപ​ത്യം പുലർത്തി​യി​രു​ന്ന​തി​നാൽ ആ പ്രദേ​ശത്തെ ആത്മീയ സിരാ​കേ​ന്ദ്ര​മാ​യി മാറി ബോസ്റ്റൺ. അവർ എങ്ങനെ​യാണ്‌ തങ്ങളുടെ ആരാധന നിർവ​ഹി​ച്ചി​രു​ന്നത്‌?

പ്യൂരി​റ്റ​ന്മാ​രു​ടെ ആരാധന

‘നവ ലോക’ത്തിൽ എത്തി​ച്ചേർന്ന പ്യൂരി​റ്റ​ന്മാർ ആദ്യം തടി​കൊണ്ട്‌ യോഗ​മ​ന്ദി​രങ്ങൾ പണിതു. ഞായറാഴ്‌ച രാവി​ലെ​തോ​റും അവർ അവിടെ കൂടി​വന്നു. അനുകൂ​ല​മായ കാലാ​വ​സ്ഥ​യിൽ അകത്തെ സാഹച​ര്യ​ങ്ങൾ വലിയ കുഴപ്പ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ശൈത്യ​കാ​ലത്തു നടത്തപ്പെട്ട ശുശ്രൂ​ഷകൾ പ്യൂരി​റ്റ​ന്മാ​രിൽ ഏറ്റവും കരുത്ത​രാ​യ​വ​രു​ടെ​പോ​ലും സഹിഷ്‌ണു​തയെ പരി​ശോ​ധി​ക്കു​ന്ന​താ​യി​രു​ന്നു. യോഗ​മ​ന്ദി​ര​ങ്ങ​ളിൽ ചൂടു​പ​ക​രാ​നുള്ള സംവി​ധാ​ന​ങ്ങ​ളൊ​ന്നും ഇല്ലാതി​രു​ന്ന​തി​നാൽ തണുത്തു​വി​റ​ച്ചി​രുന്ന സഭാം​ഗങ്ങൾ മരവിച്ച അവസ്ഥയി​ലാ​കു​മാ​യി​രു​ന്നു. പ്രഭാ​ഷ​ണ​ത്തി​നി​ട​യിൽ കൈ​കൊണ്ട്‌ ആംഗ്യങ്ങൾ കാണി​ച്ചി​രുന്ന പ്രസം​ഗകർ മരവി​പ്പി​ക്കുന്ന തണുപ്പിൽനി​ന്നും തങ്ങളുടെ കൈകളെ സംരക്ഷി​ക്കാ​നാ​യി മിക്ക​പ്പോ​ഴും പ്രത്യേ​ക​തരം കൈയു​റകൾ ധരിച്ചി​രു​ന്നു.

ഫ്രഞ്ച്‌ പ്രൊ​ട്ട​സ്റ്റ്‌ന്റ്‌ പരിഷ്‌ക​ര​ണ​വാ​ദി​യായ ജോൺ കാൽവി​ന്റെ ഉപദേ​ശ​ങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താ​യി​രു​ന്നു പ്യൂരി​റ്റ​ന്മാ​രു​ടെ വിശ്വാ​സങ്ങൾ. അവർ മുൻനിർണയം എന്ന ഉപദേശം സ്വീക​രി​ക്കു​ക​യും ആരെ​യൊ​ക്കെ രക്ഷിക്കണം, ആരെ​യൊ​ക്കെ നരകാ​ഗ്നി​യി​ലി​ട്ടു നിത്യ​മാ​യി ദണ്ഡിപ്പി​ക്കണം എന്ന്‌ ദൈവം മുൻനിർണ​യി​ച്ചി​രി​ക്കു​ന്ന​താ​യി വിശ്വ​സി​ക്കു​ക​യും ചെയ്‌തു. അവരുടെ വിശ്വാ​സം അനുസ​രിച്ച്‌ എന്തൊക്കെ ചെയ്‌താ​ലും, മനുഷ്യർക്കു ദൈവ​മു​മ്പാ​കെ​യുള്ള തങ്ങളുടെ നിലയ്‌ക്കു മാറ്റം വരുത്താൻ സാധി​ക്കു​ക​യില്ല. മരണത്തി​ങ്കൽ താൻ സ്വർഗ​ത്തി​ന്റെ സുഖശീ​ത​ള​മായ ഇളങ്കാറ്റ്‌ ആസ്വദി​ക്കു​മോ അതോ ഒരു വിളക്കി​ന്റെ തിരി​പോ​ലെ എന്നേക്കും എരിഞ്ഞു​കൊ​ണ്ടി​രി​ക്കു​മോ​യെന്ന്‌ ഒരു വ്യക്തി അറിയു​ന്നില്ല.

കാലാ​ന്ത​ര​ത്തിൽ, പ്യൂരി​റ്റൻ ശുശ്രൂ​ഷകർ മാനസാ​ന്ത​ര​ത്തെ​പ്പറ്റി പ്രസം​ഗി​ക്കാൻ തുടങ്ങി. ദൈവം കാരു​ണ്യ​വാ​നാ​ണെ​ങ്കി​ലും അവന്റെ നിയമങ്ങൾ അനുസ​രി​ക്കാ​ത്തവർ നേരേ നരകത്തി​ലേ​ക്കാ​ണു പോകു​ന്ന​തെന്ന്‌ അവർ മുന്നറി​യി​പ്പു നൽകി. ആളുകളെ നിയമങ്ങൾ അനുസ​രി​ക്കു​ന്ന​വ​രാ​ക്കി നിറു​ത്തു​ന്ന​തിന്‌ ആ പ്രസം​ഗകർ നരകാഗ്നി കെടാതെ സൂക്ഷി​ക്കു​ക​യും എപ്പോ​ഴും അതിനെ ചൂടു​ള്ള​താ​ക്കി നിലനി​റു​ത്തു​ക​യും ചെയ്‌തു. 18-ാം നൂറ്റാ​ണ്ടി​ലെ ഒരു മതപ്ര​ഭാ​ഷ​ക​നാ​യി​രുന്ന ജോനാ​ഥൻ എഡ്വേർഡ്‌സ്‌ ഒരിക്കൽ “കുപി​ത​നായ ഒരു ദൈവ​ത്തി​ന്റെ കൈക​ളി​ലെ പാപികൾ” എന്ന വിഷയ​ത്തെ​പ്പറ്റി പ്രസം​ഗി​ച്ചു. നരക​ത്തെ​ക്കു​റി​ച്ചുള്ള അദ്ദേഹ​ത്തി​ന്റെ വർണനകൾ അത്രയ്‌ക്കു ഭയാന​ക​മാ​യി​രു​ന്ന​തി​നാൽ ആ പ്രസംഗം കേട്ടു സംഭ്ര​മി​ച്ചു​പോയ സഭാം​ഗ​ങ്ങൾക്കു മറ്റു പുരോ​ഹി​ത​ന്മാർ വൈകാ​രിക സഹായം നൽകേ​ണ്ട​താ​യി​പ്പോ​ലും വന്നു.

പുറത്തു​നി​ന്നും മസാച്ചു​സെ​റ്റ്‌സി​ലെത്തി പ്രസം​ഗിച്ച സുവി​ശേ​ഷ​ക​രു​ടെ കാര്യം അപകട​ത്തി​ലാ​യി​രു​ന്നു. സുഹൃ​ദ്‌സം​ഘം എന്നറി​യ​പ്പെ​ടുന്ന ക്രിസ്‌തീയ സഭയിലെ ഒരു പ്രസം​ഗ​ക​യാ​യി​രുന്ന മേരി ഡയറിനെ മൂന്നു പ്രാവ​ശ്യം അധികാ​രി​കൾ ബഹിഷ്‌ക​രി​ച്ചു; എന്നാൽ അവർ ഓരോ പ്രാവ​ശ്യ​വും മടങ്ങി​വന്ന്‌ തന്റെ വിശ്വാ​സ​ങ്ങ​ളെ​പ്പറ്റി പ്രസം​ഗി​ച്ചു. 1660 ജൂൺ 1-ാം തീയതി ബോസ്റ്റ​ണിൽവെച്ച്‌ അവർ മേരിയെ തൂക്കി​ക്കൊ​ന്നു. പ്യൂരി​റ്റൻ നേതാക്കൾ തങ്ങളുടെ എതിരാ​ളി​കളെ എത്ര വൈരാ​ഗ്യ​ബു​ദ്ധി​യോ​ടെ​യാ​ണു കൈകാ​ര്യം ചെയ്യു​ന്ന​തെന്നു ഫിലിപ്പ്‌ റാറ്റ്‌ക്ലിഫ്‌ മറന്നു​പോ​യി​ട്ടു​ണ്ടാ​വണം. കാരണം ഗവൺമെ​ന്റി​നും സെയ്‌ലം സഭയ്‌ക്കും എതിരാ​യി പ്രസം​ഗി​ച്ച​തി​ന്റെ പേരിൽ അദ്ദേഹത്തെ ചാട്ടവാ​റു​കൊണ്ട്‌ അടിക്കു​ക​യും അദ്ദേഹ​ത്തി​നു പിഴ ചുമത്തു​ക​യും ചെയ്‌തു. ഇതൊക്കെ എന്നു​മെ​ന്നും ഓർക്കാ​നാ​യി വിട്ടയ​യ്‌ക്കു​ന്ന​തി​നു മുമ്പ്‌ അവർ അദ്ദേഹ​ത്തി​ന്റെ ചെവികൾ മുറി​ച്ചു​മാ​റ്റി. പ്യൂരി​റ്റ​ന്മാ​രു​ടെ അസഹി​ഷ്‌ണുത ആളുകൾ മസാച്ചു​സെ​റ്റ്‌സ്‌ വിട്ടു​പോ​കു​ന്ന​തിന്‌ ഇടയാ​ക്കു​ക​യും മറ്റു കോള​നി​ക​ളു​ടെ വളർച്ച​യ്‌ക്കു സംഭാവന ചെയ്യു​ക​യും ചെയ്‌തു.

അഹംഭാ​വം അക്രമ​ത്തിൽ കലാശി​ക്കു​ന്നു

തങ്ങൾ ദൈവ​ത്താൽ ‘തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാണ്‌’ എന്നു കരുതി​യി​രു​ന്ന​തി​നാൽ പല പ്യൂരി​റ്റ​ന്മാ​രും തദ്ദേശീ​യരെ അനധി​കൃ​ത​മാ​യി ഭൂമി കയ്യേറി​യി​രി​ക്കുന്ന നികൃഷ്ട ജീവി​ക​ളാ​യി കണക്കാക്കി. ഈ മനോ​ഭാ​വം നീരസം ആളിക്ക​ത്തി​ച്ചു. തദ്ദേശ​വാ​സി​ക​ളായ ചിലർ ആക്രമണം നടത്താ​നും തുടങ്ങി. അതു​കൊണ്ട്‌ ആരാധ​നാ​സ്ഥ​ല​ത്തേക്കു പോകു​മ്പോൾ തോക്കും കൂടെ കരുതാൻ ആളുകളെ അനുവ​ദി​ക്കുന്ന വിധത്തിൽ ശബത്ത്‌ ഉൾപ്പെ​ടുന്ന നിയമ​ങ്ങൾക്കു പ്യൂരി​റ്റൻ നേതാക്കൾ അയവു വരുത്തി. പിന്നീട്‌ 1675-ൽ രംഗം കൂടുതൽ വഷളായി.

തന്റെ ആളുകൾക്കു ഭൂമി നഷ്ടപ്പെ​ടു​ന്നു എന്നു മനസ്സി​ലാ​ക്കിയ വാംപ​നോ​വാഗ്‌ അമേരി​ക്കൻ ഇന്ത്യക്കാ​രു​ടെ തലവൻ മെറ്റ​കോ​മറ്റ്‌—ഫിലിപ്പ്‌ രാജാ​വെ​ന്നും അറിയ​പ്പെ​ടു​ന്നു—പ്യൂരി​റ്റൻ കോള​നി​കൾ റെയ്‌ഡു ചെയ്യാ​നും വീടുകൾ തീവെച്ചു നശിപ്പി​ക്കാ​നും കോള​നി​വാ​സി​കളെ കൂട്ട​ക്കൊല ചെയ്യാ​നും തുടങ്ങി. പ്യൂരി​റ്റ​ന്മാർ തിരി​ച്ച​ടി​ച്ചു, യുദ്ധം മാസങ്ങ​ളോ​ളം നീണ്ടു​നി​ന്നു. 1676 ആഗസ്റ്റിൽ പ്യൂരി​റ്റ​ന്മാർ റോഡ്‌ ദ്വീപിൽവെച്ച്‌ ഫിലി​പ്പി​നെ പിടി​കൂ​ടി. അവർ അദ്ദേഹ​ത്തി​ന്റെ തല ഛേദി​ക്കു​ക​യും കുടൽ പുറ​ത്തെ​ടു​ത്ത​തി​നു ശേഷം ശരീരം നാലു കഷണങ്ങ​ളാ​ക്കി മുറി​ക്കു​ക​യും ചെയ്‌തു. അങ്ങനെ ഫിലിപ്പ്‌ രാജാ​വി​ന്റെ യുദ്ധം അവസാ​നി​ച്ചു, അതോ​ടൊ​പ്പം ന്യൂ ഇംഗ്ലണ്ടി​ലെ തദ്ദേശ​വാ​സി​ക​ളു​ടെ സ്വത​ന്ത്ര​മായ ജീവി​ത​വും.

18-ാം നൂറ്റാ​ണ്ടിൽ പ്യൂരി​റ്റ​ന്മാർ തങ്ങളുടെ തീക്ഷ്‌ണത ഒരു പുതിയ രീതി​യിൽ പ്രകടി​പ്പി​ച്ചു. മസാച്ചു​സെ​റ്റ്‌സി​ലെ ചില ശുശ്രൂ​ഷകർ ഇംഗ്ലണ്ടി​ന്റെ ഭരണത്തെ അപലപി​ക്കു​ക​യും സ്വാത​ന്ത്ര്യ​ത്തി​നു വേണ്ടി​യുള്ള ആഗ്രഹ​ത്തി​നു തിരി​കൊ​ളു​ത്തു​ക​യും ചെയ്‌തു. വിപ്ലവ​ത്തെ​ക്കു​റി​ച്ചുള്ള തങ്ങളുടെ ചർച്ചക​ളിൽ അവർ രാഷ്‌ട്രീ​യ​വും മതവും തമ്മിൽ കൂട്ടി​ക്കു​ഴച്ചു.

പ്യൂരി​റ്റ​ന്മാർ മിക്ക​പ്പോ​ഴും കഠിനാ​ധ്വാ​നി​ക​ളും ധൈര്യ​ശാ​ലി​ക​ളും തങ്ങളുടെ മതത്തോട്‌ അർപ്പണ​ബോ​ധ​മു​ള്ള​വ​രും ആയിരു​ന്നു. ആളുകൾ ഇപ്പോ​ഴും “പ്യൂരി​റ്റൻ സ്വഭാവ”ത്തെയും “പ്യൂരി​റ്റൻ സത്യസന്ധത”യെയും കുറിച്ചു പറയാ​റുണ്ട്‌. എന്നാൽ ആത്മാർഥത മാത്രം ഒരാളെ തെറ്റായ ഉപദേ​ശ​ങ്ങ​ളിൽനി​ന്നും ശുദ്ധീ​ക​രി​ക്കു​ന്നില്ല. രാഷ്‌ട്രീ​യ​വും മതവും തമ്മിൽ കൂട്ടി​ക്കു​ഴ​യ്‌ക്കു​ന്നത്‌ യേശു​ക്രി​സ്‌തു ഒഴിവാ​ക്കിയ കാര്യ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 6:15; 18:36) ക്രൂരത പിൻവ​രുന്ന സുപ്ര​ധാന സത്യത്തി​നു കടകവി​രു​ദ്ധ​മാണ്‌: “സ്‌നേ​ഹി​ക്കാ​ത്തവൻ ദൈവത്തെ അറിഞ്ഞി​ട്ടില്ല; ദൈവം സ്‌നേഹം തന്നേ.”—1 യോഹ​ന്നാൻ 4:8.

നിങ്ങളു​ടെ മതം നരകാ​ഗ്നി​യോ മുൻനിർണ​യ​മോ പോലുള്ള ഏതെങ്കി​ലും ബൈബിൾ വിരുദ്ധ ഉപദേ​ശങ്ങൾ പഠിപ്പി​ക്കു​ന്നു​ണ്ടോ? നിങ്ങളു​ടെ മതനേ​താ​ക്ക​ന്മാർ രാഷ്‌ട്രീയ പ്രചാ​ര​ണ​ങ്ങ​ളിൽ ഏർപ്പെ​ടാ​റു​ണ്ടോ? ദൈവ​വ​ച​ന​മായ ബൈബി​ളി​ന്റെ ആത്മാർഥ​മായ പഠനം, യഥാർഥ​ത്തിൽ ‘ശുദ്ധവും നിർമ്മ​ല​വും’ ദൈവാം​ഗീ​കാ​ര​വു​മുള്ള ആരാധ​നാ​രീ​തി കണ്ടെത്താൻ നിങ്ങളെ സഹായി​ക്കും.—യാക്കോബ്‌ 1:27.

[13-ാം പേജിലെ ചതുരം/ചിത്രം]

പ്യൂരിറ്റന്മാരും നരകാ​ഗ്നി​യും

നരകാ​ഗ്നി​യെ​ക്കു​റി​ച്ചു പ്രസം​ഗി​ച്ച​തി​ലൂ​ടെ പ്യൂരി​റ്റ​ന്മാർ ദൈവ​വ​ചനം പറയു​ന്ന​തി​നു നേർവി​പ​രീ​ത​മായ കാര്യം പഠിപ്പി​ച്ചു. മരിച്ചവർ തികഞ്ഞ അബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും അവർക്കു വേദന​യോ സന്തോ​ഷ​മോ അനുഭ​വ​പ്പെ​ടുക സാധ്യ​മ​ല്ലെ​ന്നും ബൈബിൾ പഠിപ്പി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 9:5, 10) തന്നെയു​മല്ല ദണ്ഡന​ത്തെ​ക്കു​റി​ച്ചുള്ള ആശയങ്ങൾ ഒരിക്ക​ലും സത്യ​ദൈ​വ​ത്തി​ന്റെ “മനസ്സിൽ വന്നിട്ടു​മില്ല.” (യിരെ​മ്യാ​വു 19:5; 1 യോഹ​ന്നാൻ 4:8) തങ്ങളുടെ ജീവി​ത​ത്തി​നു മാറ്റം വരുത്താൻ അവൻ ആളുക​ളോട്‌ അഭ്യർഥി​ക്കു​ക​യും അനുത​പി​ച്ചി​ട്ടി​ല്ലാത്ത ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രോട്‌ അനുക​മ്പ​യോ​ടെ ഇടപെ​ടു​ക​യും ചെയ്യുന്നു. (യെഹെ​സ്‌കേൽ 33:11) തിരു​വെ​ഴു​ത്തു​പ​ര​മായ ഈ സത്യങ്ങൾക്കു കടകവി​രു​ദ്ധ​മാ​യി പ്യൂരി​റ്റൻ പ്രസം​ഗകർ മിക്ക​പ്പോ​ഴും ദൈവത്തെ ക്രൂര​നും പ്രതി​കാ​ര​ദാ​ഹി​യു​മാ​യി ചിത്രീ​ക​രി​ച്ചു. ജീവി​തത്തെ സംബന്ധിച്ച ഹൃദയ​ശൂ​ന്യ​മായ ഒരു വീക്ഷണം അവർ ഉന്നമി​പ്പി​ച്ചു. എതിരാ​ളി​കളെ നിശ്ശബ്ദ​രാ​ക്കാൻ ബലം പ്രയോ​ഗി​ക്കുന്ന രീതി​യും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു.

[10-ാം പേജിലെ ചിത്രം]

തീർഥാടകർ വടക്കേ അമേരി​ക്ക​യിൽ എത്തി​ച്ചേ​രു​ന്നു, 1620

[കടപ്പാട്‌]

Harper’s Encyclopædia of United States History

[12-ാം പേജിലെ ചിത്രം]

ആദ്യത്തെ കൃതജ്ഞതാ പ്രകടന ദിനം ആഘോ​ഷി​ക്കു​ന്നു, 1621

[12-ാം പേജിലെ ചിത്രം]

പ്യൂരിറ്റൻ യോഗ​മ​ന്ദി​രം, മസാച്ചു​സെ​റ്റ്‌സ്‌

[12-ാം പേജിലെ ചിത്രം]

ജോൺ കാൽവിൻ

[12-ാം പേജിലെ ചിത്രം]

ജോനാഥൻ എഡ്വേർഡ്‌സ്‌

[13-ാം പേജിലെ ചിത്രം]

ആയുധധാരികളായ പ്യൂരി​റ്റൻ ദമ്പതികൾ ആരാധ​നാ​സ്ഥ​ല​ത്തേക്കു പോകു​ന്നു

[11-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Library of Congress, Prints & Photographs Division

[12-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ ഇടത്ത്‌: Snark/Art Resource, NY; മുകളിൽ വലത്ത്‌: Harper’s Encyclopædia of United States History; ജോൺ കാൽവിൻ: Portrait in Paul Henry’s Life of Calvin, from the book The History of Protestantism (Vol. II); ജോനാ​ഥൻ എഡ്വേർഡ്‌സ്‌: Dictionary of American Portraits/Dover

[13-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഫോട്ടോകൾ North Wind Picture Archives