വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യൗവനചൈതന്യം എന്നേക്കും!

യൗവനചൈതന്യം എന്നേക്കും!

യൗവന​ചൈ​ത​ന്യം എന്നേക്കും!

യേശു​വി​ന്റെ സമീപ​ത്തു​ണ്ടാ​യി​രുന്ന ആ മനുഷ്യൻ അധികം താമസി​യാ​തെ മരിക്കു​മാ​യി​രു​ന്നു. അവൻ കേണ​പേ​ക്ഷി​ച്ചു, “യേശുവേ, നീ രാജത്വം പ്രാപി​ച്ചു വരു​മ്പോൾ എന്നെ ഓർത്തു​കൊ​ള്ളേ​ണമേ.” യേശു​വി​ന്റെ മറുപടി ഇതായി​രു​ന്നു: “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്നോ​ടു​കൂ​ടെ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കും.” (ലൂക്കൊസ്‌ 23:42, 43, NW) പേരു പരാമർശി​ക്ക​പ്പെ​ടാത്ത ആ മനുഷ്യൻ മരിക്കു​ന്നത്‌ വാർധ​ക്യ​സ​ഹ​ജ​മായ ഏതെങ്കി​ലും രോഗം നിമി​ത്ത​മാ​യി​രു​ന്നില്ല, മറിച്ച്‌ അയാൾ കുറ്റകൃ​ത്യ​ത്തിന്‌ വധശിക്ഷ അനുഭ​വി​ക്കു​ക​യാ​യി​രു​ന്നു എന്നതു ശരിതന്നെ. എന്നിരു​ന്നാ​ലും ദയനീയ അവസ്ഥയി​ലാ​യി​രുന്ന ആ മനുഷ്യ​നിൽനി​ന്നു പ്രായ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ആളുകൾക്കു വളരെ​യ​ധി​കം പ്രോ​ത്സാ​ഹനം ഉൾക്കൊ​ള്ളാൻ സാധി​ക്കും.

ആ മനുഷ്യ​ന്റെ അസാധാ​ര​ണ​മായ വിശ്വാ​സത്തെ വിലമ​തി​ക്കാൻ നാം പ്രേരി​ത​രാ​യി​ത്തീ​രു​ന്നു. തന്റെ സമീപ​ത്തുള്ള ഒരു ദണ്ഡനസ്‌തം​ഭ​ത്തിൽ യേശു മരിക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ദൈവ​രാ​ജ്യ​ത്തിൽ യേശു രാജാ​വാ​യി ഭരിക്കു​മെന്ന കാര്യ​ത്തിൽ അവനു യാതൊ​രു സംശയ​വു​മി​ല്ലാ​യി​രു​ന്നു. അതു​പോ​ലെ, ഒരു നാൾ യേശു​വിന്‌ തന്നെ കനി​വോ​ടെ ഓർക്കാൻ കഴിയു​മെ​ന്നും അവൻ ചിന്തിച്ചു. ഒന്നു ചിന്തിച്ചു നോക്കൂ—യേശു രാജാ​വാ​യി ഭരിക്കുന്ന മഹത്ത്വ​മാർന്ന പറുദീ​സ​യിൽ കുറ്റം​വി​ധി​ക്ക​പ്പെട്ട ആ മനുഷ്യൻ മരണത്തിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേൽക്കും.

മരിച്ചു​കൊ​ണ്ടി​രുന്ന ആ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​ന്റേ​തി​നോ​ടു സമാന​മായ ഒരു അവസ്ഥയി​ലാണ്‌ മനുഷ്യ​വർഗം ഇന്ന്‌. ഏതു വിധത്തിൽ? പ്രായ​ഭേ​ദ​മ​ന്യേ നാമെ​ല്ലാ​വ​രും പാപത്തി​നു പിഴ​യൊ​ടു​ക്കു​ന്നു. നമു​ക്കെ​ല്ലാം രക്ഷ ആവശ്യ​വു​മാണ്‌. (റോമർ 5:12) ആ കുറ്റവാ​ളി​യെ​പ്പോ​ലെ നമുക്കും പ്രത്യാ​ശ​യ്‌ക്കാ​യി—വാർധ​ക്യ​കാ​ലത്ത്‌ ഉണ്ടാകുന്ന വേദനാ​ക​ര​മായ പ്രശ്‌നങ്ങൾ നീക്കം​ചെ​യ്യ​പ്പെ​ടു​മെന്ന പ്രത്യാ​ശ​യ്‌ക്കാ​യി​പോ​ലും—ക്രിസ്‌തു​യേ​ശു​വി​ലേക്കു നോക്കാൻ കഴിയും. ഒരു പറുദീ​സാ​ഭൂ​മി​യിൽ ശാരീ​രി​ക​വും മാനസി​ക​വു​മായ പൂർണ​ത​യോ​ടു​കൂ​ടിയ നിത്യ​ജീ​വന്റെ പ്രത്യാശ യേശു മനുഷ്യ​വർഗ​ത്തി​നു വെച്ചു​നീ​ട്ടി​യി​രി​ക്കു​ന്നു.—യോഹ​ന്നാൻ 3:16, 36.

സകലവും പുതി​യ​താ​കു​ന്നു—പ്രായ​മാ​യ​വർക്കും ചെറു​പ്പ​ക്കാർക്കും

ക്രിസ്‌തു​വി​ന്റെ രാജ്യ​ത്തിൻകീ​ഴിൽ ഭൂവാ​സി​കൾ “സമാധാ​ന​സ​മൃ​ദ്ധി​യിൽ . . . ആനന്ദി​ക്കും.” (സങ്കീർത്തനം 37:11) “എനിക്കു ദീനം” എന്ന്‌ ആരും പറയു​ക​യില്ല. (യെശയ്യാ​വു 33:24) നാം അനുഭ​വി​ക്കേ​ണ്ട​താ​യി വന്നിരി​ക്കാ​വുന്ന ഏതൊരു ആരോ​ഗ്യ​പ്ര​ശ്‌ന​വും നീക്കം​ചെ​യ്യ​പ്പെ​ടും, കാരണം “മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷി​ക്കും.” (യെശയ്യാ​വു 35:6) പ്രായ​മാ​യവർ യൗവന​കാ​ലത്തെ ഓജസ്സും ഉന്മേഷ​വും വീണ്ടെ​ടു​ക്കും; അവരുടെ ദേഹം “യൌവ​ന​ചൈ​ത​ന്യ​ത്താൽ പുഷ്ടി​വെ​ക്കും.”—ഇയ്യോബ്‌ 33:25.

എന്നാൽ അത്തര​മൊ​രു പ്രത്യാശ വെച്ചു​പു​ലർത്തു​ന്നതു യാഥാർഥ്യ​ത്തി​നു നിരക്കു​ന്ന​താ​ണോ? മരിച്ചു​കൊ​ണ്ടി​രുന്ന ആ മനുഷ്യ​നു പറുദീ​സ​യു​ടെ പ്രത്യാശ വെച്ചു​നീ​ട്ടിയ ആ ഒരുവ​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. പല സന്ദർഭ​ങ്ങ​ളി​ലും മുടന്ത​രും അംഗ​വൈ​ക​ല്യ​മു​ള്ള​വ​രും അന്ധരും ബധിര​രു​മായ ആളുകളെ ജനക്കൂട്ടം യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വന്നു. അവൻ ഉത്സാഹ​പൂർവം “സകലവി​ധ​ദീ​ന​വും വ്യാധി​യും” സൗഖ്യ​മാ​ക്കി. (മത്തായി 9:35, 36; 15:30, 31; മർക്കൊസ്‌ 1:40-42) തന്റെ രാജ്യം ഭാവി​യിൽ ചെയ്യാ​നി​രി​ക്കുന്ന കാര്യങ്ങൾ യേശു യഥാർഥ​ത്തിൽ പ്രകടി​പ്പി​ച്ചു കാണിച്ചു. മരിച്ചു​പോയ ഏതാനും ചിലരെ യേശു ജീവനി​ലേക്കു തിരി​കെ​ക്കൊ​ണ്ടു​വ​രു​ക​പോ​ലും ചെയ്‌തു. (ലൂക്കൊസ്‌ 7:11-17; യോഹ​ന്നാൻ 11:38-44) അങ്ങനെ ചെയ്യു​ക​വഴി, “കല്ലറക​ളിൽ ഉള്ളവർ എല്ലാവ​രും അവന്റെ ശബ്ദം കേട്ടു . . . പുനരു​ത്ഥാ​നം” ചെയ്യും എന്ന തന്റെ വാഗ്‌ദാ​ന​ത്തിന്‌ അവൻ കൂടുതൽ ആധികാ​രി​കത നൽകി.—യോഹ​ന്നാൻ 5:28, 29; പ്രവൃ​ത്തി​കൾ 24:15.

ഒരു പുതിയ ശരീരം, വ്യക്തമായ കാഴ്‌ച, കിളി​ക​ളു​ടെ നാദവും ആഹ്ലാദാ​ര​വ​ങ്ങ​ളും പതിക്കുന്ന കാതുകൾ, വേദന​യി​ല്ലാത്ത കൈകാ​ലു​കൾ, പൂർണാ​രോ​ഗ്യ​മുള്ള മനസ്സ്‌ എന്നിവ​യെ​ല്ലാ​മാ​യി പറുദീ​സ​യിൽ പുനരു​ത്ഥാ​നം ചെയ്‌തു വരുന്നത്‌ ഒന്നു വിഭാവന ചെയ്‌തു​നോ​ക്കൂ. വാർധ​ക്യ​ത്തി​ന്റെ “ദുർദ്ദി​വ​സങ്ങൾ” എന്നെ​ന്നേ​ക്കു​മാ​യി പൊയ്‌പോ​യി​രി​ക്കും. (സഭാ​പ്ര​സം​ഗി 12:1-7; യെശയ്യാ​വു 35:5, 6) മരണം പോലും “നീങ്ങി​പ്പോ​കും”—അതു “നീങ്ങി ജയം” വരും.—1 കൊരി​ന്ത്യർ 15:26, 54.

ബൈബിൾ പ്രവച​ന​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ ആനുകാ​ലിക ലോക സംഭവ​ങ്ങ​ളു​ടെ വിശക​ലനം സൂചി​പ്പി​ക്കു​ന്നത്‌ വാർധ​ക്യം എന്ന പ്രതി​ഭാ​സം അതിന്റെ അന്ത്യ​ത്തോ​ടു ദ്രുത​ഗ​തി​യിൽ സമീപി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നാണ്‌. (മത്തായി 24:7, 12, 14; ലൂക്കൊസ്‌ 21:11; 2 തിമൊ​ഥെ​യൊസ്‌ 3:1-5) ദൈവ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യും അവനെ സേവി​ക്കു​ക​യും ചെയ്‌തി​രി​ക്കുന്ന പ്രായം​ചെ​ന്നവർ വീണ്ടും യൗവന​ചൈ​ത​ന്യം—അതും എന്നെ​ന്നേ​ക്കും—ആസ്വദി​ക്കുന്ന കാലം അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു.

[9-ാം പേജിലെ ചതുരം/ചിത്രം]

തലച്ചോറിനു വ്യായാ​മം നൽകുക!

ശാരീ​രിക വ്യായാ​മം പേശി​കളെ ബലപ്പെ​ടു​ത്തു​ന്ന​തു​പോ​ലെ, മാനസിക വ്യായാ​മം തലച്ചോ​റി​ന്റെ പ്രവർത്ത​നത്തെ മെച്ച​പ്പെ​ടു​ത്തു​ന്നു. തലച്ചോ​റി​നെ ഉത്തേജി​പ്പി​ക്കു​ന്ന​തി​നു പുതിയ കാര്യങ്ങൾ ചെയ്യേ​ണ്ടത്‌ ആവശ്യ​മാണ്‌. മസ്‌തി​ഷ്‌ക​കോശ ബന്ധങ്ങൾ സ്ഥാപി​ക്കാ​നും ബലപ്പെ​ടു​ത്താ​നു​മുള്ള ചില മാർഗ​ങ്ങ​ളാണ്‌ താഴെ പറയു​ന്നത്‌.

◼ ചിത്ര​രചന, ശിൽപ്പ​നിർമാ​ണം, വാക്കുകൾ കൊണ്ടുള്ള കളികൾ, ചിത്ര​പ്ര​ശ്‌നങ്ങൾ (jigsaw puzzle), പദപ്ര​ശ്‌നങ്ങൾ എന്നിങ്ങ​നെ​യുള്ള പുതിയ കാര്യ​ങ്ങ​ളിൽ താത്‌പ​ര്യം വളർത്തി​യെ​ടു​ക്കുക. മറ്റൊരു ഭാഷ പഠിക്കുക.

◼ വ്യത്യ​സ്‌ത​തരം ആളുക​ളു​മാ​യി ഇടപെ​ടുക; വിരസത ഒഴിവാ​ക്കാ​നും മാനസിക പ്രാപ്‌തി​കൾ മെച്ച​പ്പെ​ടു​ത്താ​നും മറ്റുള്ള​വ​രു​മാ​യി ഇടപഴ​കു​ക​യും സംഭാ​ഷ​ണ​ങ്ങ​ളിൽ ഏർപ്പെ​ടു​ക​യും ചെയ്യുക.

◼ ആത്മീയത നട്ടുവ​ളർത്തുക. “ഒന്നി​നെ​ക്കു​റി​ച്ചും വിചാ​ര​പ്പെ​ട​രു​തു; എല്ലാറ്റി​ലും പ്രാർത്ഥ​ന​യാ​ലും അപേക്ഷ​യാ​ലും നിങ്ങളു​ടെ ആവശ്യങ്ങൾ സ്‌തോ​ത്ര​ത്തോ​ടു​കൂ​ടെ ദൈവ​ത്തോ​ടു അറിയി​ക്ക​യ​ത്രേ വേണ്ടതു. എന്നാൽ സകലബു​ദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേ​ശു​വി​ങ്കൽ കാക്കും.”—ഫിലി​പ്പി​യർ 4:6, 7.

◼ ഉചിത​മായ വിവരങ്ങൾ വായി​ക്കു​ക​യും വായി​ച്ചത്‌ മറ്റാ​രോ​ടെ​ങ്കി​ലും പറയു​ക​യും ചെയ്യുക.

◼ ഹ്രസ്വ​കാല ഓർമ​യ്‌ക്കും ദീർഘ​കാല ഓർമ​യ്‌ക്കു​മുള്ള വ്യായാ​മ​മെന്ന നിലയിൽ റേഡി​യോ​യി​ലൂ​ടെ​യും ടിവി-യിലൂ​ടെ​യും കേട്ട വാർത്തകൾ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ക​യും അതേപ്പറ്റി സംസാ​രി​ക്കു​ക​യും ചെയ്യുക.

◼ ടിവി-യുടെ റിമോട്ട്‌ കൺ​ട്രോൾ പ്രവർത്തി​പ്പി​ക്കാ​നോ ടെലി​ഫോൺ ഉപയോ​ഗി​ക്കാ​നോ പല്ലു തേക്കാ​നോ വശമി​ല്ലാത്ത കൈ (അതായത്‌ നിങ്ങൾ വലതു​കൈ വശമുള്ള ആളാ​ണെ​ങ്കിൽ ഇടതു​കൈ​യും മറിച്ചാ​ണെ​ങ്കിൽ വലതു​കൈ​യും) ഉപയോ​ഗി​ക്കുക.

◼ ദിവസ​ത്തി​ലു​ട​നീ​ളം എല്ലാ ഇന്ദ്രി​യ​ങ്ങ​ളും പരമാ​വധി ഉപയോ​ഗി​ക്കുക.

◼ സമീപ​ത്തും ദൂരെ​യു​മുള്ള താത്‌പ​ര്യ​മു​ണർത്തുന്ന സ്ഥലങ്ങ​ളെ​പ്പറ്റി മനസ്സി​ലാ​ക്കു​ക​യും അവിടെ പോകു​ക​യും ചെയ്യുക.

[8, 9 പേജു​ക​ളി​ലെ ചിത്രം]

യേശു​വി​ന്റെ വാഗ്‌ദാ​ന​മ​നു​സ​രിച്ച്‌ ദുരി​ത​പൂർണ​മായ വാർധ​ക്യം ഉടൻതന്നെ എന്നേക്കും നിലനിൽക്കുന്ന യൗവന​ചൈ​ത​ന്യ​ത്തി​നു വഴിമാ​റും