വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വയം ക്ഷതമേൽപ്പിക്കൽ എങ്ങനെ നിറുത്താനാകും?

സ്വയം ക്ഷതമേൽപ്പിക്കൽ എങ്ങനെ നിറുത്താനാകും?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

സ്വയം ക്ഷതമേൽപ്പി​ക്കൽ എങ്ങനെ നിറു​ത്താ​നാ​കും?

“വൈകാ​രി​ക​മായ തീവ്ര​വേദന എനിക്ക്‌ അസഹനീ​യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ സഹിക്കാൻ കഴിയുന്ന ഒന്നു ഞാൻ കണ്ടെത്തി—ശാരീ​രിക വേദന.”—ജെനിഫർ, 20. a

“ദുഃഖം തോന്നു​മ്പോൾ ഞാൻ സ്വയം മുറി​വേൽപ്പി​ക്കും. അതായി​രു​ന്നു എന്റെ കരച്ചിൽ. സാധാ​ര​ണ​ഗ​തി​യിൽ അതിനു​ശേഷം ഞാൻ സന്തോ​ഷ​വ​തി​യാ​യി​രി​ക്കും.”—ജെസിക്ക, 17.

“കഴിഞ്ഞ രണ്ടാഴ്‌ച​യോ​ള​മാ​യി ഞാൻ സ്വയം മുറി​വേൽപ്പി​ക്കു​ന്നില്ല. എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇതൊരു നീണ്ട കാലയ​ള​വാണ്‌. എന്നെങ്കി​ലും ഞാൻ അതു പൂർണ​മാ​യും നിറു​ത്തു​മെന്ന്‌ എനിക്കു തോന്നു​ന്നില്ല.”—ജേമി, 16.

ജെനി​ഫ​റും, ജെസി​ക്ക​യും, ജേമി​യും പരസ്‌പരം അറിയു​ന്ന​വരല്ല, എന്നാൽ അവർക്കു പൊതു​വാ​യി പലതു​മുണ്ട്‌. അവർ മൂവരും വൈകാ​രി​ക​മായ തീവ്ര​വേദന അനുഭ​വി​ക്കു​ക​യാ​യി​രു​ന്നു. നിരാ​ശയെ തരണം ചെയ്യാൻ മൂവരും അവലം​ബിച്ച രീതി​യും ഒന്നുത​ന്നെ​യാ​യി​രു​ന്നു. സ്വയം ക്ഷതമേൽപ്പി​ക്കു​ന്ന​തി​ലൂ​ടെ അവർ താത്‌കാ​ലി​ക​മായ ആശ്വാസം കണ്ടെത്തി. b

സ്വയം ക്ഷതമേൽപ്പി​ക്കു​ന്നത്‌ വിചി​ത്ര​മാ​യി തോന്നാ​മെ​ങ്കി​ലും അതിശ​യ​ക​ര​മെന്നു പറയട്ടെ, കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ​യും യുവാ​ക്ക​ളു​ടെ​യും ഇടയിൽ അതു സാധാ​ര​ണ​മാ​യി​രി​ക്കു​ന്നു. കാനഡ​യി​ലെ നാഷണൽ പോസ്റ്റ്‌ പറയു​ന്നത്‌ ഈ ശീലം “മാതാ​പി​താ​ക്കളെ ഭയപര​വ​ശ​രാ​ക്കു​ക​യും സ്‌കൂ​ളിൽ മാർഗ​നിർദേശം നൽകുന്ന ഉപദേ​ഷ്ടാ​ക്കളെ അന്ധാളി​പ്പി​ക്കു​ക​യും ഡോക്ടർമാർക്കു വെല്ലു​വി​ളി ഉയർത്തു​ക​യും ചെയ്യുന്നു” എന്നാണ്‌. സ്വയം ക്ഷതമേൽപ്പി​ക്കുന്ന ശീലത്തിന്‌ “വൈദ്യ​ശാ​സ്‌ത്ര​ത്തിന്‌ അറിയാ​വുന്ന ഏറ്റവും തീവ്ര​മായ ആസക്തി​ക​ളിൽ ഒന്നായി​ത്തീ​രാൻ കഴിയും” എന്നും ആ വർത്തമാ​ന​പ​ത്രം പറയുന്നു. നിങ്ങളോ നിങ്ങളു​മാ​യി അടുപ്പ​മുള്ള ആരെങ്കി​ലു​മോ ഈ ശീലത്തിന്‌ അടിമ​പ്പെ​ട്ടി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്ക്‌ എന്തു ചെയ്യാൻ സാധി​ക്കും?

ആദ്യം​ത​ന്നെ, സ്വയം ക്ഷതമേൽപ്പി​ക്കാൻ ശക്തമായ പ്രേരണ തോന്നു​ന്ന​തി​ന്റെ കാരണം തിരി​ച്ച​റി​യാൻ ശ്രമി​ക്കുക. സ്വയം ക്ഷതമേൽപ്പി​ക്കു​ന്നത്‌ കേവലം പരി​ഭ്രമം തോന്നു​മ്പോൾ ചെയ്യുന്ന ഒരു കാര്യമല്ല. സാധാ​ര​ണ​മാ​യി ഏതെങ്കി​ലും തരത്തി​ലുള്ള സമ്മർദത്തെ കൈകാ​ര്യം ചെയ്യാ​നുള്ള ഒരു മാർഗ​മാണ്‌ അത്‌. സ്വയം ക്ഷതമേൽപ്പി​ക്കുന്ന വ്യക്തി വൈകാ​രിക വേദന ശമിപ്പി​ക്കാൻ ശാരീ​രിക വേദന ഉപയോ​ഗി​ക്കു​ന്നു. അതു​കൊണ്ട്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എന്ത്‌ ഉദ്ദേശ്യം സാധി​ക്കാൻ വേണ്ടി​യാണ്‌ ഞാൻ സ്വയം ക്ഷതമേൽപ്പി​ക്കു​ന്നത്‌? മുറി​വേൽപ്പി​ക്കണം എന്ന തോന്ന​ലു​ണ്ടാ​കു​മ്പോൾ ഞാൻ എന്തി​നെ​ക്കു​റി​ച്ചാ​ണു ചിന്തി​ക്കു​ന്നത്‌?’ നിങ്ങളു​ടെ ജീവി​ത​ത്തി​ലെ ഏതെങ്കി​ലും സാഹച​ര്യം—ഒരുപക്ഷേ കുടും​ബ​ത്തോ​ടോ സുഹൃ​ത്തു​ക്ക​ളോ​ടോ ബന്ധപ്പെ​ട്ടത്‌—നിങ്ങൾക്ക്‌ കടുത്ത മനോ​വി​ഷമം ഉളവാ​ക്കു​ന്നു​ണ്ടോ?

അത്തരം ഒരു ആത്മപരി​ശോ​ധന നടത്താൻ നിങ്ങളു​ടെ ഭാഗത്തു ധൈര്യം ആവശ്യ​മാ​ണെ​ന്ന​തി​നു സംശയ​മില്ല. എന്നാൽ അതു വലിയ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തും. മിക്ക​പ്പോ​ഴും സ്വയം ക്ഷതമേൽപ്പി​ക്കുന്ന ശീലം നിറു​ത്തു​ന്ന​തി​നുള്ള ആദ്യ പടി ഇതാണ്‌. എന്നിരു​ന്നാ​ലും, ഈ ശീലത്തി​ന്റെ വേരുകൾ തേടി കണ്ടുപി​ടി​ക്കു​ന്നതു മാത്രം മതിയാ​കു​ന്നില്ല, കൂടു​ത​ലായ ചിലത്‌ ആവശ്യ​മാണ്‌.

തുറന്നു സംസാ​രി​ക്കു​ന്ന​തി​ന്റെ മൂല്യം

സ്വയം ക്ഷതമേൽപ്പി​ക്കുന്ന ശീലത്തി​നു നിങ്ങൾ ഇരയാ​യി​ത്തീർന്നി​ട്ടു​ണ്ടെ​ങ്കിൽ, നിങ്ങളെ അലട്ടുന്ന വികാ​രങ്ങൾ വിശ്വ​സ്‌ത​നും പക്വമ​തി​യു​മായ ഒരു സുഹൃ​ത്തി​നോ​ടു തുറന്നു​പ​റ​യു​ന്നതു പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും. ഒരു ബൈബിൾ പഴമൊ​ഴി ഇങ്ങനെ പറയുന്നു: “മനോ​വ്യ​സനം ഹേതു​വാ​യി മനുഷ്യ​ന്റെ മനസ്സി​ടി​യു​ന്നു; ഒരു നല്ല വാക്കോ അതിനെ സന്തോ​ഷി​പ്പി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 12:25) മറ്റൊ​രാ​ളോ​ടു തുറന്നു സംസാ​രി​ക്കു​ന്നത്‌, നിങ്ങൾക്ക്‌ ആവശ്യ​മായ ആശ്വാ​സ​ദാ​യ​ക​വും ദയാപൂർവ​ക​വു​മായ വാക്കുകൾ കേൾക്കു​ന്ന​തി​നുള്ള അവസരം പ്രദാനം ചെയ്യുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 25:11.

നിങ്ങൾ ആരെയാ​ണു സമീപി​ക്കേ​ണ്ടത്‌? ജ്ഞാനവും പക്വത​യും അനുക​മ്പ​യും പ്രകട​മാ​ക്കുന്ന, നിങ്ങ​ളെ​ക്കാൾ പ്രായ​മുള്ള ഒരാളെ തിര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രി​ക്കും നല്ലത്‌. ക്രിസ്‌ത്യാ​നി​കൾക്ക്‌, “കാറ്റിന്നു ഒരു മറവും പിശറി​ന്നു ഒരു സങ്കേത​വും ആയി വരണ്ട നിലത്തു നീർത്തോ​ടു​കൾപോ​ലെ​യും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറ​യു​ടെ തണൽപോ​ലെ​യും” വർത്തി​ക്കുന്ന സഭാ​മേൽവി​ചാ​ര​ക​ന്മാ​രു​ടെ സഹായം തേടാൻ സാധി​ക്കും.—യെശയ്യാ​വു 32:2.

എന്നാൽ, നിങ്ങളു​ടെ രഹസ്യം മറ്റൊ​രാ​ളോ​ടു തുറന്നു​പ​റ​യു​ക​യെന്ന ചിന്തതന്നെ നിങ്ങളെ ഭയപ്പെ​ടു​ത്തി​യേ​ക്കാം. സാറയ്‌ക്കു തോന്നി​യ​തു​പോ​ലെ നിങ്ങൾക്കും തോന്നാം. അവൾ സമ്മതി​ക്കു​ന്നു “ആദ്യ​മൊ​ക്കെ, മറ്റൊ​രാ​ളിൽ വിശ്വാ​സ​മർപ്പി​ക്കാൻ എനിക്കു ബുദ്ധി​മു​ട്ടു തോന്നി. ആളുകൾ എന്നെക്കു​റി​ച്ചു മനസ്സി​ലാ​ക്കു​മ്പോൾ—ശരിക്കും മനസ്സി​ലാ​ക്കു​മ്പോൾ—എന്നോടു വെറുപ്പ്‌ തോന്നി​യിട്ട്‌ അവർ എന്നിൽനിന്ന്‌ അകന്നു​പോ​കു​മെന്നു ഞാൻ കരുതി.” എന്നിരു​ന്നാ​ലും, തുറന്നു സംസാ​രി​ച്ച​തി​ലൂ​ടെ, സാറ സദൃശ​വാ​ക്യ​ങ്ങൾ 18:24-ൽ ബൈബിൾ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്ന​തി​ന്റെ സത്യത മനസ്സി​ലാ​ക്കാൻ ഇടയായി. അവിടെ ഇങ്ങനെ പറയുന്നു: “സഹോ​ദ​ര​നെ​ക്കാ​ളും പറ്റുള്ള സ്‌നേ​ഹി​ത​ന്മാ​രും ഉണ്ട്‌.” അവൾ പറയുന്നു: “സ്വയം ക്ഷതമേൽപ്പി​ക്കുന്ന എന്റെ ശീല​ത്തെ​പ്പറ്റി തുറന്നു പറഞ്ഞ​പ്പോൾ ആ പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾ എന്നെ ശകാരി​ച്ചില്ല. പകരം അവർ പ്രാ​യോ​ഗി​ക​മായ മാർഗ​നിർദേ​ശങ്ങൾ നൽകി. അവർ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു ന്യായ​വാ​ദം ചെയ്യു​ക​യും നിരാ​ശ​യും തീർത്തും വില​കെ​ട്ട​വ​ളാ​ണെന്ന തോന്ന​ലും ഉണ്ടായ​പ്പോ​ഴൊ​ക്കെ ക്ഷമാപൂർവം എന്നെ ധൈര്യ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.”

സ്വയം ക്ഷതമേൽപ്പി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട നിങ്ങളു​ടെ പ്രശ്‌നം നിങ്ങൾക്കും മറ്റൊ​രാ​ളോ​ടു പറയാ​വു​ന്ന​താണ്‌

. മുഖാ​മു​ഖം സംഭാ​ഷണം നടത്താൻ കഴിയു​ക​യി​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ കത്തിലൂ​ടെ​യോ ടെലി​ഫോ​ണി​ലൂ​ടെ​യോ ആശയവി​നി​മയം നടത്താൻ ശ്രമി​ക്കുക. തുറന്നു സംസാ​രി​ക്കു​ന്നത്‌ ഈ ശീലത്തിൽനി​ന്നു പുറത്തു​വ​രാൻ സഹായി​ക്കുന്ന ഒരു ക്രിയാ​ത്മക നടപടി​യാ​യി​രു​ന്നേ​ക്കാം. ജെനിഫർ പറയുന്നു, “പ്രത്യാ​ശ​യ്‌ക്കു വകയി​ല്ലാ​താ​കു​മ്പോൾ ഒന്നു തുറന്നു സംസാ​രി​ക്കാ​നാ​യി, യഥാർഥ​ത്തിൽ എന്നെക്കു​റി​ച്ചു കരുത​ലുള്ള ആരൊ​ക്കെ​യോ ഉണ്ടെന്ന്‌ അറിയു​ന്ന​താ​യി​രു​ന്നു ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം.” c

പ്രാർഥ​ന​യു​ടെ പ്രാധാ​ന്യം

കൂടു​ത​ലായ ഒരു പുരോ​ഗ​തി​യും സാധ്യ​മ​ല്ലെന്നു തോന്നിയ അവസ്ഥയി​ലാ​യി​രു​ന്നു ഡോണ. ഒരു വശത്ത്‌, തനിക്കു ദൈവ​ത്തി​ന്റെ സഹായം ആവശ്യ​മു​ണ്ടെന്ന്‌ അവൾക്കു തോന്നി. എന്നാൽ മറുവ​ശത്ത്‌, സ്വയം മുറി​വേൽപ്പി​ക്കുന്ന ശീലം നിറു​ത്താ​തെ ദൈവം തന്നെ സഹായി​ക്കു​ക​യി​ല്ലെന്ന്‌ അവൾ ചിന്തിച്ചു. എന്താണ്‌ ഡോണയെ സഹായി​ച്ചത്‌? 1 ദിനവൃ​ത്താ​ന്തം 29:17-നെക്കു​റി​ച്ചു ധ്യാനി​ച്ച​താ​യി​രു​ന്നു ഒരു ഘടകം. അവിടെ യഹോ​വ​യാം ദൈവത്തെ “ഹൃദയത്തെ ശോധന” ചെയ്യു​ന്ന​വ​നെന്നു വിളി​ച്ചി​രി​ക്കു​ന്നു. ഡോണ പറയുന്നു, “മുറി​വേൽപ്പി​ക്കു​ന്നതു നിറു​ത്ത​ണ​മെ​ന്നാണ്‌ എന്റെ ഹൃദയ​ത്തി​ലെ ആഗ്രഹ​മെന്നു യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. സഹായ​ത്തി​നു​വേണ്ടി അവനോ​ടു പ്രാർഥി​ക്കാൻ തുടങ്ങി​യ​തോ​ടെ അവസ്ഥയ്‌ക്ക്‌ അതിശ​യ​ക​ര​മായ വിധത്തി​ലാ​ണു മാറ്റം സംഭവി​ച്ചത്‌. സ്വയം മുറി​വേൽപ്പി​ക്കാ​തി​രി​ക്കാ​നുള്ള എന്റെ തീരു​മാ​നം ക്രമേണ കൂടുതൽ ദൃഢമാ​യി​ത്തീർന്നു.”

ഒട്ടനവധി പ്രശ്‌ന​ങ്ങ​ളും പ്രയാ​സ​ങ്ങ​ളും നേരിട്ട സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ ഇങ്ങനെ എഴുതി: “നിന്റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22) അതേ, യഹോ​വ​യ്‌ക്ക്‌ നിങ്ങളു​ടെ കഷ്ടപ്പാട്‌ അറിയാം. അതി​നെ​ക്കാ​ളു​പരി, ‘അവൻ നിങ്ങൾക്കാ​യി കരുതു​ന്നു.’ (1 പത്രൊസ്‌ 5:7) നിങ്ങളു​ടെ ഹൃദയം നിങ്ങളെ കുറ്റം​വി​ധി​ക്കു​ക​യാ​ണെ​ങ്കിൽ, ദൈവം നിങ്ങളു​ടെ “ഹൃദയ​ത്തെ​ക്കാൾ വലിയ​വ​നും എല്ലാം അറിയു​ന്ന​വ​നും” ആണെന്ന്‌ ഓർമി​ക്കുക. അതേ, നിങ്ങൾ സ്വയം മുറി​വേൽപ്പി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അതു നിറു​ത്താൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു നേരി​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അവൻ മനസ്സി​ലാ​ക്കു​ന്നു. (1 യോഹ​ന്നാൻ 3:19, 20) പ്രാർഥ​ന​യിൽ അവനെ സമീപി​ക്കു​ക​യും ഈ ശീലം തരണം ചെയ്യാൻ പരി​ശ്ര​മി​ക്കു​ക​യും ചെയ്യു​ക​യാ​ണെ​ങ്കിൽ, അവൻ തീർച്ച​യാ​യും ‘നിങ്ങളെ സഹായി​ക്കും.’— യെശയ്യാ​വു 41:10.

ഈ ശീലം വീണ്ടും തലപൊ​ക്കു​ക​യാ​ണെ​ങ്കി​ലോ? നിങ്ങൾ തീർത്തും പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു എന്നാണോ അതിന്റെ അർഥം? നിശ്ചയ​മാ​യും അല്ല! സദൃശ​വാ​ക്യ​ങ്ങൾ 24:16 പറയുന്നു: “നീതി​മാൻ ഏഴു പ്രാവ​ശ്യം വീണാ​ലും എഴു​ന്നേ​ല്‌ക്കും.” ഈ ബൈബിൾ വാക്യം ഓർത്തു​കൊണ്ട്‌ ഡോണ പറയുന്നു, “ഏഴില​ധി​കം പ്രാവ​ശ്യം ഞാൻ വീണു, പക്ഷേ ഞാൻ ശ്രമം ഉപേക്ഷി​ച്ചില്ല.” ശ്രമം തുട​രേ​ണ്ടത്‌ അനിവാ​ര്യ​മാ​ണെന്നു ഡോണ കണ്ടെത്തി. കാരെ​നും അങ്ങനെ​തന്നെ തോന്നി. അവൾ പറയുന്നു. “ശീലം വീണ്ടും തലപൊ​ക്കു​ക​യാ​ണെ​ങ്കിൽ അതിനെ ഒരു പരാജ​യ​മാ​യി​ട്ടല്ല മറിച്ച്‌ താത്‌കാ​ലിക തിരി​ച്ച​ടി​യാ​യി വീക്ഷി​ക്കാ​നും വീണ്ടും ശ്രമം തുടങ്ങാ​നും—അതു പല പ്രാവ​ശ്യം ചെയ്യേ​ണ്ട​താ​യി വന്നാൽപ്പോ​ലും—ഞാൻ പഠിച്ചു.”

കൂടു​ത​ലായ സഹായം ആവശ്യ​മു​ള്ള​പ്പോൾ

‘ദീനക്കാർക്കു വൈദ്യ​നെ​ക്കൊണ്ട്‌ ആവശ്യ​മുണ്ട്‌’ എന്നു യേശു തിരി​ച്ച​റി​ഞ്ഞി​രു​ന്നു. (മർക്കൊസ്‌ 2:17) സ്വയം ക്ഷതമേൽപ്പി​ക്കുന്ന ശീലത്തി​നു പിന്നിൽ എന്തെങ്കി​ലും തകരാ​റു​ണ്ടോ​യെന്നു കണ്ടുപി​ടിച്ച്‌ ചികിത്സ നിർദേ​ശി​ക്കു​ന്ന​തി​നു​വേണ്ടി യോഗ്യ​ത​യുള്ള ഒരു ഡോക്ട​റു​ടെ സഹായം തേടു​ന്നതു പലരു​ടെ​യും കാര്യ​ത്തിൽ ആവശ്യ​മാണ്‌. d അത്തരം സഹായം തേടാൻ ജെനിഫർ തീരു​മാ​നി​ച്ചു. ചികി​ത്സ​യും സ്‌നേ​ഹ​മുള്ള ക്രിസ്‌തീയ മേൽവി​ചാ​ര​ക​ന്മാ​രു​ടെ സഹായ​വും കൂടെ​യാ​യ​പ്പോൾ അവൾക്കു വളരെ​യ​ധി​കം ആശ്വാസം ലഭിച്ചു. അവൾ പറയുന്നു: “സഭാമൂ​പ്പ​ന്മാർ ഡോക്ടർമാ​രല്ല, എന്നാലും അവർ വളരെ​യ​ധി​കം പിന്തുണ നൽകി. സ്വയം മുറി​വേൽപ്പി​ക്കാ​നുള്ള പ്രേരണ ഇപ്പോ​ഴും ഇടയ്‌ക്കൊ​ക്കെ ഉണ്ടാകാ​റു​ണ്ടെ​ങ്കി​ലും, യഹോ​വ​യു​ടെ​യും സഭയു​ടെ​യും ഞാൻ അഭ്യസിച്ച പൊരു​ത്ത​പ്പെടൽ പ്രാപ്‌തി​ക​ളു​ടെ​യും സഹായ​ത്താൽ അതിനെ നിയ​ന്ത്രി​ക്കു​ന്ന​തിൽ ഞാൻ വിജയം വരിച്ചി​രി​ക്കു​ന്നു.” e

പ്രശ്‌ന​ങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള മാർഗ​മാ​യി ഈ ശീലത്തെ അവലം​ബി​ക്കു​ന്ന​തി​നു പകരം, കൂടുതൽ ഫലപ്ര​ദ​മായ മറ്റു മാർഗങ്ങൾ പഠിക്കാൻ നിങ്ങൾക്കു കഴിയു​മെന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കുക. സങ്കീർത്ത​ന​ക്കാ​രൻ പ്രാർഥി​ച്ചതു പോ​ലെ​യാ​യി​രി​ക്കട്ടെ നിങ്ങളു​ടെ പ്രാർഥ​ന​യും: “എന്റെ കാലടി​കളെ നിന്റെ വചനത്തിൽ സ്ഥിരമാ​ക്കേ​ണമേ; യാതൊ​രു നീതി​കേ​ടും [“ദ്രോ​ഹ​ക​ര​മായ ഒരു കാര്യ​വും,” NW] എന്നെ ഭരിക്ക​രു​തേ.” (സങ്കീർത്തനം 119:133) ഈ ശീലം വീണ്ടും ഒരിക്ക​ലും നിങ്ങളെ ഭരിക്കാ​ത​വണ്ണം നിങ്ങൾ അതിന്മേൽ നിയ​ന്ത്രണം നേടി​ക്ക​ഴി​യു​മ്പോൾ നിശ്ചയ​മാ​യും നിങ്ങൾക്കു സംതൃ​പ്‌തി​യും ആത്മാഭി​മാ​ന​വും തോന്നും.

[അടിക്കു​റി​പ്പു​കൾ]

a ഈ ലേഖന​ത്തി​ലെ ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

b സ്വയം ക്ഷതമേൽപ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌—അതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും അതിന്റെ കാരണ​ങ്ങ​ളും—ഉണരുക!യുടെ 2006 ജനുവരി ലക്കത്തിലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ഞാൻ സ്വയം ക്ഷതമേൽപ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?” എന്ന ലേഖനം കാണുക.

c ചില സമയങ്ങ​ളിൽ വികാ​രങ്ങൾ വാക്കു​ക​ളി​ലാ​ക്കി എഴുതി​വെ​ക്കാ​വു​ന്ന​താണ്‌. ബൈബിൾ സങ്കീർത്ത​ന​ങ്ങ​ളു​ടെ എഴുത്തു​കാർക്ക്‌ തീവ്ര​മായ വികാ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പശ്ചാത്താ​പം, കോപം, ഇച്ഛാഭം​ഗം, ദുഃഖം എന്നീ വികാ​രങ്ങൾ അവർ വാക്കു​ക​ളി​ലൂ​ടെ പ്രകടി​പ്പി​ച്ചു. അതിനുള്ള ഉദാഹ​ര​ണ​ങ്ങൾക്കാ​യി 6, 13, 42, 55, 69 എന്നീ സങ്കീർത്ത​നങ്ങൾ വായി​ക്കാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം.

d ചിലപ്പോൾ വിഷാദം, വിഷാ​ദോ​ന്മാദ രോഗം, അനിയ​ന്ത്രിത ചിന്താ-പ്രവർത്തന തകരാറ്‌, ആഹാര​ശീല വൈക​ല്യം എന്നിങ്ങ​നെ​യുള്ള മറ്റൊരു അവസ്ഥയു​ടെ പാർശ്വ​ഫ​ല​മാ​യി​ട്ടാ​യി​രി​ക്കാം സ്വയം ക്ഷതമേൽപ്പി​ക്കു​ന്നത്‌. ഉണരുക! ഏതെങ്കി​ലും പ്രത്യേക ചികി​ത്സാ​രീ​തി ശുപാർശ ചെയ്യു​ന്നില്ല. തങ്ങൾ പിന്തു​ട​രുന്ന ഏതൊരു ചികി​ത്സാ​രീ​തി​യും ബൈബിൾ തത്ത്വങ്ങൾക്കു വിരു​ദ്ധ​മ​ല്ലെന്ന്‌ ക്രിസ്‌ത്യാ​നി​കൾ ഉറപ്പു വരുത്തണം.

e സ്വയം ക്ഷതമേൽപ്പി​ക്കു​ന്ന​തി​ന്റെ പിന്നിൽ പലപ്പോ​ഴും ഒളിഞ്ഞി​രി​ക്കുന്ന കാരണ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ലേഖനങ്ങൾ ഉണരുക!യുടെ മുൻ ലക്കങ്ങളിൽ വന്നിട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “വികാ​ര​വ്യ​തി​യാന തകരാ​റു​കൾ മനസ്സി​ലാ​ക്കുക” (2004 ജനുവരി 8, ഇംഗ്ലീഷ്‌), “വിഷാ​ദ​മ​ഗ്ന​രായ കൗമാ​ര​പ്രാ​യ​ക്കാർക്കു സഹായം” (2001 സെപ്‌റ്റം​ബർ 8, ഇംഗ്ലീഷ്‌), “ആഹാര​ശീല വൈക​ല്യ​ങ്ങൾ—അവയ്‌ക്കു പിന്നിലെ കാരണങ്ങൾ?” (1999 ജനുവരി 22) എന്നീ ലേഖന പരമ്പര​ക​ളും “യുവജ​നങ്ങൾ ചോദി​ക്കു​ന്നു. . . മാതാ​പി​താ​ക്ക​ളിൽ ഒരാൾ മദ്യപാ​നി​യാ​ണെ​ങ്കിൽ ആ സാഹച​ര്യ​വു​മാ​യി എനിക്ക്‌ എങ്ങനെ ഒത്തു​പോ​കാ​നാ​കും?” (1992 ആഗസ്റ്റ്‌ 8, ഇംഗ്ലീഷ്‌) എന്ന ലേഖന​വും കാണുക.

ചിന്തിക്കാൻ:

◼ ദുഃഖം തോന്നു​മ്പോൾ മുറി​വേൽപ്പി​ക്കു​ന്ന​തി​നു പകരം വേറെ എന്തൊക്കെ ചെയ്യാൻ കഴിയും?

◼ മുറി​വേൽപ്പി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട പ്രശ്‌ന​മു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ ആരോടു തുറന്നു പറയാൻ കഴിയും?

[20-ാം പേജിലെ ചതുരം/ചിത്രം]

സ്വയം ക്ഷതമേൽപ്പി​ക്കുന്ന ഒരു വ്യക്തിയെ സഹായി​ക്കാൻ

സ്വയം ക്ഷതമേൽപ്പി​ക്കുന്ന പ്രശ്‌ന​മുള്ള ഒരു കുടും​ബാം​ഗ​ത്തെ​യോ സുഹൃ​ത്തി​നെ​യോ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാ​നാ​കും? തുറന്നു സംസാ​രി​ക്കാൻ ഒരാളെ കിട്ടി​യി​രു​ന്നെ​ങ്കി​ലെന്ന്‌ ആ വ്യക്തി അതിയാ​യി ആഗ്രഹി​ക്കു​ന്നു​ണ്ടാ​കാം. അതിനാൽ അയാൾ പറയു​ന്നതു കേൾക്കാൻ സന്നദ്ധത കാണി​ക്കുക. “അനർത്ഥ​കാ​ലത്തു . . . സഹോ​ദ​ര​നാ​യ്‌തീ​രുന്ന” ഒരു യഥാർഥ “സ്‌നേ​ഹി​തൻ” ആയിരി​ക്കാൻ ശ്രമി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 17:17) ഒരുപക്ഷേ ഈ പ്രശ്‌ന​ത്തെ​ക്കു​റി​ച്ചു കേൾക്കുന്ന ഉടനെ നിങ്ങൾക്കു പരി​ഭ്രാ​ന്തി തോന്നി​യേ​ക്കാം, മുറി​വേൽപ്പി​ക്കു​ന്നത്‌ ഉടൻതന്നെ നിറു​ത്താൻ ആവശ്യ​പ്പെ​ട്ടെ​ന്നും വരാം. എന്നാൽ ഈ സമീപനം ആ വ്യക്തിയെ നിങ്ങളിൽനിന്ന്‌ അകറ്റി​ക്ക​ള​യാ​നാ​ണു സാധ്യത. ആ വ്യക്തി​യോ​ടു നിറു​ത്ത​ണ​മെന്നു പറഞ്ഞതു​കൊ​ണ്ടു മാത്രം മതിയാ​കു​ന്നില്ല. പ്രശ്‌നങ്ങൾ തരണം ചെയ്യാ​നുള്ള പുതിയ മാർഗങ്ങൾ പഠിക്കാൻ ആ വ്യക്തിയെ സഹായി​ക്കു​ന്ന​തിന്‌ ഉൾക്കാഴ്‌ച ആവശ്യ​മാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 16:23) അതിന്‌ സമയവു​മെ​ടു​ക്കും. അതു​കൊണ്ട്‌ ക്ഷമ പ്രകടി​പ്പി​ക്കുക. “കേൾപ്പാൻ വേഗത​യും പറവാൻ താമസ​വും” ഉള്ളവരാ​യി​രി​ക്കുക.—യാക്കോബ്‌ 1:19.

നിങ്ങൾ ഒരു യുവവ്യ​ക്തി​യാ​ണെ​ങ്കിൽ സ്വയം ക്ഷതമേൽപ്പി​ക്കു​ന്ന​വരെ സ്വന്തം നിലയിൽ സഹായി​ക്കാ​നാ​കു​മെന്നു കരുത​രുത്‌. ചികിത്സ ആവശ്യ​മുള്ള ഒരു പ്രശ്‌ന​മോ തകരാ​റോ ഒളിഞ്ഞി​രി​പ്പു​ണ്ടാ​കാ​മെന്ന്‌ ഓർമി​ക്കുക. അതു​പോ​ലെ, സ്വയം ക്ഷതമേൽപ്പി​ക്കു​ന്ന​തിന്‌ ജീവൻ അപകട​ത്തി​ലാ​ക്കാൻ കഴിയും, ക്ഷതമേൽപ്പി​ക്കുന്ന വ്യക്തിക്ക്‌ ആത്മഹത്യ ചെയ്യണ​മെന്ന ഉദ്ദേശ്യ​മൊ​ന്നും ഇല്ലാത്ത​പ്പോൾപ്പോ​ലും. അതു​കൊണ്ട്‌ ഇക്കാര്യം പക്വത​യും കരുത​ലു​മുള്ള ഒരു മുതിർന്ന വ്യക്തി​യു​ടെ ശ്രദ്ധയിൽ കൊണ്ടു​വ​രാൻ ആ വ്യക്തിയെ പ്രേരി​പ്പി​ക്കു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കും.

[19-ാം പേജിലെ ചിത്രങ്ങൾ]

സ്‌നേഹിക്കുന്ന ഒരു വ്യക്തി​യോ​ടു തുറന്നു സംസാ​രി​ക്കു​ന്ന​തി​ന്റെ മൂല്യ​വും പ്രാർഥ​ന​യു​ടെ പ്രാധാ​ന്യ​വും ഒരിക്ക​ലും വിലകു​റച്ചു കാണരുത്‌