അടിയന്തിര വൈദ്യസഹായം ലണ്ടൻ
അടിയന്തിര വൈദ്യസഹായം ലണ്ടൻ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“ലണ്ടന്റെ 1,600 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ എവിടെയും ഗുരുതരാവസ്ഥയിലായിരിക്കുന്ന രോഗികളുടെയും പരുക്കേറ്റവരുടെയും അടുക്കൽ എട്ടു മിനിട്ടിനകം എത്തിച്ചേരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വർഷംതോറും ഇത്തരം കേസുകളുടെ എണ്ണം വർധിക്കുകയാണെങ്കിലും 75 ശതമാനത്തിലധികം കേസുകളിലും ഞങ്ങൾ ലക്ഷ്യം കൈവരിക്കുന്നു” എന്ന് ലണ്ടൻ ആംബുലൻസ് സർവീസിലെ, ആംബുലൻസ് ഓപ്പറേഷൻസ് മാനേജർ റോബ് ആഷ്ഫാർഡ് വിശദീകരിക്കുന്നു.
ലണ്ടന്റെ സെൻട്രൽ ആംബുലൻസ് കേന്ദ്രം സന്ദർശിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. തെംസ് നദിയുടെ ദക്ഷിണ തീരത്തുള്ള വാട്ടർലൂവിലാണ് അതു സ്ഥിതിചെയ്യുന്നത്. യൂറോപ്പിലുള്ളതിൽവെച്ച് ഏറ്റവും വലിയ കേന്ദ്രമായ ഇത് ദിവസവും അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ഏകദേശം 3,000 ടെലിഫോൺ കോളുകൾ കൈകാര്യം ചെയ്യുന്നു. 300-ലധികം ഭാഷകൾ സംസാരിക്കുന്ന ഏകദേശം 70 ലക്ഷം ആളുകൾ ഉൾപ്പെടുന്ന ജനസമൂഹത്തിൽനിന്നാണ് ഈ കോളുകൾ വരുന്നത്. ഈ കൺട്രോൾ റൂമിൽ 300 പേർ ജോലി ചെയ്യുന്നു. വെല്ലുവിളിയെ നേരിടാൻ ഇവർ എങ്ങനെയാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്?
കോളുകൾ തരംതിരിക്കുന്നു
അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പർ 999 ആയതിനാൽ ബ്രിട്ടനിൽ ഇത്തരം കോളുകൾ “999 അടിയന്തിര കോളുകൾ” എന്ന പേരിലാണ് അറിയപ്പെടുന്നത്. കേന്ദ്രത്തിലേക്കു വന്ന ഇത്തരം കോളുകൾക്കു മറുപടി കൊടുത്തുകൊണ്ടിരുന്ന ഒരു ഓപ്പറേറ്ററെ ഞാൻ നിരീക്ഷിച്ചു. പ്രശ്നത്തിന്റെ കൃത്യസ്ഥലവും അവിടെനിന്ന് ഏറ്റവും അടുത്തുള്ള ജങ്ഷൻ ഏതാണെന്നും ഓപ്പറേറ്റർ സത്വരം ചോദിച്ചറിഞ്ഞു. പെട്ടെന്നുതന്നെ അവളുടെ കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു റോഡ് മാപ്പ് തെളിഞ്ഞുവന്നു. മുൻഗണനാക്രമം നിശ്ചയിക്കേണ്ടതിന് അവൾ ചില ചോദ്യങ്ങൾ ചോദിച്ചു: എത്ര ആളുകൾക്കു സഹായം ആവശ്യമാണ്? അവരുടെ പ്രായം എത്രയാണ്? സ്ത്രീകളാണോ പുരുഷന്മാരാണോ? അവർക്കു ബോധമുണ്ടോ? അവർ ശ്വസിക്കുന്നുണ്ടോ? അവർക്കു നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടോ? ശരീരത്തിൽനിന്നു രക്തം വാർന്നുപോകുന്നുണ്ടോ?
ഓപ്പറേറ്റർ ഈ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുമ്പോൾ, കമ്പ്യൂട്ടർ സന്ദർഭത്തെ വിലയിരുത്തുകയും
അടിയന്തിരതയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുകയും ചെയ്യുന്നു. ഉടൻതന്നെ ജീവനു ഭീഷണിയുണ്ടാകും എന്നതിനെ സൂചിപ്പിക്കാനാണ് ചുവപ്പുനിറം. ഗുരുതരമാണ് എന്നാൽ ഉടൻ ജീവനു ഭീഷണി ഉണ്ടാകുകയില്ല എന്നതിനെ കുറിക്കാൻ തവിട്ടുമഞ്ഞനിറം, ഗുരുതരമോ ജീവനു ഭീഷണി ഉയർത്തുന്നതോ അല്ല എന്നതിനെ കുറിക്കാൻ പച്ചനിറം. ഓപ്പറേറ്റർ ഈ വിലയിരുത്തൽ ഒരു സഹപ്രവർത്തകനു കൈമാറുന്നു, അദ്ദേഹം സഹായം ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു.സംഭവസ്ഥലത്തു സഹായമെത്തിക്കൽ
ഈ സന്നദ്ധ സംഘടനയ്ക്ക് 395 ആംബുലൻസുകളും സത്വരം സഹായമെത്തിക്കുന്ന 60 കാറുകളുമുണ്ട്. ഒരു അടിയന്തിര സാഹചര്യം റിപ്പോർട്ടു ചെയ്യപ്പെടുമ്പോൾ, സംഭവസ്ഥലത്തേക്കു പോകാൻ ഏറ്റവും പറ്റിയതും സമീപത്തുള്ളതുമായ വാഹനത്തിനു നിർദേശം ലഭിക്കുന്നു. വൈദ്യസംബന്ധമായ വിദഗ്ധ പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരും ഇരുചക്രവാഹനങ്ങളുമായി തയ്യാറായിരിക്കും. ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിൽ ട്രാഫിക്കിനിടയിൽക്കൂടി എളുപ്പം ഓടിച്ചുപോകാൻ ഇവർക്കു സാധിക്കും. കൂടാതെ രക്ഷാപ്രവർത്തകരെ സഹായിക്കാൻ 12 ഡോക്ടർമാർ 24 മണിക്കൂറും സജ്ജരാണ്.
ഞാൻ കേന്ദ്രത്തിലുണ്ടായിരുന്ന സമയത്ത്, തിരക്കുപിടിച്ച ഒരു ഹൈവേയിൽ ഉണ്ടായ ഗുരുതരമായ ഒരു അപകടം പ്രാദേശിക പോലീസ് റിപ്പോർട്ടു ചെയ്തു. ആംബുലൻസ് അപ്പോഴേക്കും സംഭവസ്ഥലത്ത് എത്തിച്ചേർന്നിരുന്നു, എങ്കിലും പോലീസ് ആംബുലൻസ് ആസ്ഥാനത്തേക്കു വിളിച്ചു. അത് എന്തിനായിരുന്നു? ഹെലികോപ്റ്ററിന്റെ സേവനം ആവശ്യമായി വന്നേക്കാമെന്ന് അവിടത്തെ ജോലിക്കാരെ മുന്നമേ അറിയിക്കുന്നതിനു വേണ്ടിയായിരുന്നു അത്. വിശേഷതരമായ ഈ ചുവപ്പ് ഹെലികോപ്റ്റർ ഒരു വർഷം ഏകദേശം 1,000 ദൗത്യങ്ങളിൽ ഏർപ്പെടുന്നു. അതിൽ ഒരു ഡോക്ടറും വൈദ്യപരിശീലനം ലഭിച്ച ഒരു രക്ഷാപ്രവർത്തകനും ഉണ്ടായിരിക്കും. സാധാരണ, ഗുരുതരമായി പരുക്കേറ്റവരെ റോയൽ ലണ്ടൻ ആശുപത്രിയിലേക്കു മാറ്റുന്നു. അവിടെ അവർക്കു സത്വരശ്രദ്ധ ലഭിക്കുന്നു.
2004-ൽ മറ്റൊരു ഉദ്യമത്തിനു നാന്ദി കുറിച്ചു—ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ പരീക്ഷണാർഥം ഒരു സൈക്കിൾ ആംബുലൻസ് യൂണിറ്റ്. നഗരത്തിന്റെ പടിഞ്ഞാറേ അറ്റത്ത് അപ്പോൾത്തന്നെ പ്രവർത്തിച്ചിരുന്ന ആംബുലൻസ് സേവനത്തിന്റെ ഭാഗമായിരുന്നു അതും. അടിയന്തിര സഹായമെത്തിക്കുന്ന മെഡിക്കൽ ടെക്നീഷ്യന്മാരും വൈദ്യപരിശീലനം സിദ്ധിച്ച രക്ഷാപ്രവർത്തകരും അടങ്ങുന്ന സംഘത്തിനാണ് അതിന്റെ ചുമതല, ആംബുലൻസുകളെ അപ്പോൾ മറ്റു സേവനങ്ങൾക്കായി വിട്ടുകൊടുക്കാൻ സാധിക്കും. ഓരോ സൈക്കിളിലും നീല ലൈറ്റും സൈറനും പിടിപ്പിച്ചിട്ടുണ്ട്. ഡിഫിബ്രിലേറ്ററും (പേശീകോശങ്ങളുടെ താത്കാലിക സങ്കോചം നിറുത്താൻ ഉപയോഗിക്കുന്ന ഉപകരണം) ഓക്സിജനും വേദനസംഹാരികളും ഉൾപ്പെടെ 35 കിലോഗ്രാം സാധനസാമഗ്രികൾ ഉൾക്കൊള്ളുന്ന പെട്ടികളും അതിൽ ഘടിപ്പിച്ചിട്ടുണ്ട്.
തുടക്കംകുറിച്ച് ഏതാനും ദിവസങ്ങൾക്കകം സൈക്കിൾ യൂണിറ്റ് അതിന്റെ ഫലപ്രദത്വം തെളിയിച്ചു. ഹീത്രോ വിമാനത്താവളത്തിലെ ടെർമിനൽ 4-ൽവെച്ച് 35 വയസ്സുള്ള ഒരു സ്ത്രീ രോഗബാധിതയായി അവരുടെ ശ്വസനപ്രക്രിയ നിലച്ചു. 999 കോൾ ലഭിച്ച് സെക്കൻഡുകൾക്കകം യൂണിറ്റിലെ രണ്ടു പ്രവർത്തകർ അവർക്കു സഹായമെത്തിച്ചു. ഓക്സിജൻ നൽകിയതിനെ തുടർന്ന് അവരുടെ ശ്വസനം പുനരാരംഭിച്ചു. ആംബുലൻസ് അവരെയുംകൊണ്ട് ഏറ്റവും അടുത്ത ആശുപത്രിയിലേക്കു കുതിച്ചു. ആരോഗ്യം വീണ്ടെടുത്തപ്പോൾ, തന്റെ ജീവൻ രക്ഷിച്ചതിന് പ്രവർത്തകരോട് അവർ വ്യക്തിപരമായി നന്ദി അറിയിച്ചു.
സേവനം വിപുലമാക്കുന്നു
999-ൽ വിളിക്കുന്നവർ ഇംഗ്ലീഷ് അല്ല സംസാരിക്കുന്നതെങ്കിൽ, ആ ഫോൺകോളുകൾ ഒരു പരിഭാഷകനു കൈമാറുന്നു. വിളിക്കുന്നയാളുടെ ഭാഷ തിരിച്ചറിയുക ഒരു വെല്ലുവിളിയാണ്, പ്രത്യേകിച്ചും ആധി കയറിയോ പരിഭ്രാന്തി നിമിത്തമോ അയാൾ വേഗത്തിലാണു സംസാരിക്കുന്നതെങ്കിൽ!
അടിയന്തിര വൈദ്യസഹായം സംബന്ധിച്ച് പൊതുജന അവബോധം വർധിപ്പിക്കാൻവേണ്ടി ഇംഗ്ലീഷിൽ ലിഖിതസൂചനകളോടു കൂടിയ ഒരു ഹ്രസ്വ ചലച്ചിത്രം ഡിവിഡി-യിൽ ലഭ്യമാക്കിയിട്ടുണ്ട്. “കാർഡിയോ-പൾമനറി പുനരുജ്ജീവനം നിർവഹിക്കേണ്ട വിധം പഠിക്കാൻ” ദക്ഷിണ ഏഷ്യയിൽനിന്നു ലണ്ടനിൽ വന്നു പാർക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അതിന്റെ ലക്ഷ്യമെന്ന് ലണ്ടൻ ആംബുലൻസ് സർവീസിന്റെ പ്രസിദ്ധീകരണമായ എൽഎഎസ് ന്യൂസ് പറയുന്നു. ഒരു 999 കോൾ ലഭിക്കുന്നതിനെ തുടർന്ന് എന്തു സംഭവിക്കുന്നെന്നും ഡിവിഡി കാണിക്കുന്നു.
സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ എണ്ണം ഒന്നോ അതിലധികമോ ആണെങ്കിലും, അതു നടക്കുന്നത് ഭൂമിക്കടിയിലോ ഒരു അംബരചുംബിയുടെ മുകളിലോ ആണെങ്കിലും, വൈദ്യസഹായം ആവശ്യമുള്ള ഒരു അടിയന്തിര സാഹചര്യം ഉടലെടുക്കുമ്പോൾ തങ്ങൾക്കു ലഭ്യമാകുന്ന സത്വര പ്രതികരണത്തിന് ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരിയിലുള്ളവർ നന്ദിയുള്ളവരാണ്. ലണ്ടൻ ആംബുലൻസ് സർവീസിൽ ജോലിചെയ്യുന്ന സ്ത്രീപുരുഷന്മാരെക്കുറിച്ച് സന്നദ്ധസേവകനായ ഒരു ഡോക്ടർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “എന്നോടൊപ്പം ജോലി ചെയ്തിട്ടുള്ള ഏറ്റവും മികച്ച വൈദ്യശാസ്ത്ര വിദഗ്ധരിൽ ചിലരാണ് അവർ.” ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ആംബുലൻസ് സർവീസിലെ ജോലിക്കാർക്ക് ഈ വാക്കുകൾ ഹൃദ്യമായ ഒരു അനുമോദനമാണ്.
[11-ാം പേജിലെ ചതുരം]
നേരിടുന്ന പ്രശ്നങ്ങൾ
വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള അനാവശ്യ വിളികൾ, രോഗമോ പരുക്കോ നിസ്സാരമാണെങ്കിൽപ്പോലും വിളിക്കുന്നത്, അബദ്ധവശാൽ അല്ലെങ്കിൽ വെറും തമാശയ്ക്കു വേണ്ടി 999 കറക്കുന്നത്, ഇവയെല്ലാം ഈ അടിയന്തിര സേവനങ്ങൾക്കു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതിനെക്കാളും പരിതാപകരമായ മറ്റൊരു കാര്യം, ചില രോഗികളും അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള മറ്റുള്ളവരും സഹായിക്കാൻ എത്തിയ വൈദ്യസംഘത്തോടു കുപിതരായി സംസാരിക്കുകയോ അവരെ കൈയേറ്റം ചെയ്യുകപോലുമോ ചെയ്തിട്ടുണ്ട് എന്നുള്ളതാണ്. സമ്മർദം, മയക്കുമരുന്നിന്റെ ദുരുപയോഗം, സഹായം എത്തിച്ചേരാൻ വളരെയധികം വൈകിയെന്ന തോന്നലിൽനിന്ന് ഉളവാകുന്ന അക്ഷമ എന്നിവയിൽ ഏതെങ്കിലും ആയിരിക്കാം ഇത്തരം വ്യക്തികളുടെ കോപത്തിനു കാരണം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പമാർഗങ്ങളൊന്നുമില്ല, പക്ഷേ പൊതുജനങ്ങളെ ബോധവത്കരിക്കുന്നത് സഹായകമായിരുന്നിട്ടുണ്ട്.
[10-ാം പേജിലെ ചിത്രങ്ങൾ]
ദിവസവും 3,000-ത്തോളം അടിയന്തിര കോളുകൾ കേന്ദ്രം കൈകാര്യംചെയ്യുന്നു
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
എല്ലാ ചിത്രങ്ങളും: Courtesy of London Ambulance Service NHS Trust