ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
തൊലിപ്പുറത്തെ കാൻസർ—സംരക്ഷണം നേടാനാകുന്ന വിധം (2005 ജൂൺ 8 [ഇംഗ്ലീഷ്]) ഈ പരമ്പരയിലെ വിവരങ്ങൾ മികച്ചതാണ്. ഒരു ത്വക്രോഗ ചികിത്സാകേന്ദ്രത്തിലെ പ്രധാന ഡോക്ടറാണു ഞാൻ. വിതരണം ചെയ്യാനായി കൂടുതൽ പ്രതികൾ കിട്ടാൻ ആഗ്രഹമുണ്ട്.
കെ. ഡബ്ലിയു., ഡെന്മാർക്ക്
ഈ ലേഖനം വായിച്ചപ്പോൾ എന്റെ മുതുകിലുള്ള ഒരു വളർച്ച പരിശോധിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ബോവൻസ് രോഗം എന്നറിയപ്പെടുന്ന ഒരുതരം കാൻസറായി അതു മാറിയേനെ എന്നു ഡോക്ടർ പറഞ്ഞു. ഞാൻ ഉടൻതന്നെ ശസ്ത്രക്രിയയ്ക്കു വിധേയനായി. അടിയന്തിര നടപടി എടുക്കാൻ ഈ പരമ്പര എന്നെ സഹായിച്ചു.
എസ്. എം., ജപ്പാൻ
7-ാം പേജിലെ ചതുരം കണ്ടപ്പോൾ ശരീരത്തിലെ ഒരു മറുക് ഡോക്ടറെക്കൊണ്ടു പരിശോധിപ്പിക്കാമെന്നുവെച്ചു. മാരകമായ മെലനോമയുടെ ആരംഭദശയാണെന്നു രോഗനിർണയത്തിൽ കണ്ടെത്തി. ലേഖനം സൂചിപ്പിച്ചതുപോലെ, തുടക്കത്തിൽത്തന്നെ ചികിത്സിച്ചില്ലെങ്കിൽ, മെലനോമ മാരകമായിത്തീരും. എന്റെ ഡോക്ടറോടും ഉണരുക!യുടെ ഈ പരമ്പരയോടും നന്ദിയുണ്ട്. ഒരുപക്ഷേ അതായിരിക്കാം എന്റെ ജീവൻ രക്ഷിച്ചത്.
എൽ. എസ്., ഐക്യനാടുകൾ
കുടുംബ പുനരവലോകനത്തിന് (2005 മേയ് 8 [ഇംഗ്ലീഷ്]) എനിക്ക് ആകർഷകമായി തോന്നുന്ന ലേഖനങ്ങൾ മാത്രമേ ഞാൻ വായിച്ചിരുന്നുള്ളൂ. എന്നാൽ “കുടുംബ പുനരവലോകനത്തിന്” എന്ന ഭാഗം കണ്ടതിനുശേഷം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുവേണ്ടി ഞാൻ മാസിക മുഴുവനും വായിച്ചു. അധികം താമസിയാതെ മുഴുമാസികയും വായിക്കുന്നത് ഒരു ശീലമായിത്തീർന്നു!
വൈ. ഇസെഡ്., റഷ്യ
“കുടുംബ പുനരവലോകനത്തിന്” എന്ന ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു. രസകരമാണ് എന്നതിനു പുറമേ, വായിക്കുന്ന കാര്യങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നു തിരിച്ചറിയാൻ അത് ഇടയാക്കി.
ഡി. എസ്., ബ്രിട്ടൻ
യുവജനങ്ങൾ ചോദിക്കുന്നു . . . മോശമായ കൂട്ടുകെട്ടിലേക്കു ഞാൻ ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ട്? (2005 ആഗസ്റ്റ് 8) “കർത്താവിന്റെ വേലയിൽ എപ്പോഴും” ധാരാളം ചെയ്യാനുണ്ടായിരുന്ന പത്തു വർഷങ്ങൾക്കു ശേഷവും എന്റെ സ്വഭാവത്തിലെ ഈ കുറവ് പരിഹരിക്കേണ്ട വിധം എനിക്ക് അറിയില്ലെന്നു തോന്നി. (1 കൊരിന്ത്യർ 15:58) ഞാൻ വൈകാരികമായി പക്വത പ്രാപിച്ചിട്ടില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ ഈ പ്രശ്നം എങ്ങനെ തരണം ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴത്തെ വ്യവസ്ഥിതിയിലും മുന്നോട്ടു പോകാൻ സഹായിക്കുന്ന ഇത്തരം ലേഖനങ്ങൾക്കു ഞാൻ യഹോവയോടു നന്ദി പറയുന്നു.
ജെ. എഫ്., ഐക്യനാടുകൾ
ഈ ലേഖനത്തിൽ ‘ബൈബിൾ സത്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരെ പൂർണമായി ഒഴിവാക്കണമെന്നില്ല’ എന്ന പരാമർശം കണ്ടു. ഇതിനെപ്പറ്റി കൂടുതലായി വിശദീകരിക്കാമോ? ഒരു ക്രിസ്ത്യാനി അവിശ്വാസിയുമായി ഉറ്റ ബന്ധം പുലർത്തുകയാണെങ്കിലോ? അത് ആശങ്കയ്ക്ക് ഇടവരുത്തുന്നതല്ലേ?
ഡി. പി., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: അവിശ്വാസികളുമായി ഉറ്റബന്ധം പുലർത്താൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല ആ ലേഖനം. ഏതു സന്ദർഭത്തിലും പിൻവരുന്ന ബൈബിൾ തത്ത്വം ബാധകമാണ്: “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” (1 കൊരിന്ത്യർ 15:33, NW) എന്നിരുന്നാലും അവിശ്വാസികളെ നാം പൂർണമായും ഒഴിവാക്കണമെന്ന് ഇതിന് അർഥമില്ല. ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, നമ്മുടെ വിശ്വാസം വെച്ചുപുലർത്തുന്നവരോടു മാത്രമല്ല മറിച്ച് “എല്ലാവർക്കും . . . നന്മചെയ്ക” എന്നു ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (ഗലാത്യർ 6:10) ആളുകളിൽ ആത്മാർഥമായ താത്പര്യം എടുക്കുന്നതും അവരോടു മാന്യതയോടും ബഹുമാനത്തോടും കൂടെ ഇടപെടുന്നതുമാണ് നമ്മുടെ ക്രിസ്തീയ ശുശ്രൂഷയുടെ പ്രകൃതംതന്നെ. യേശു ഇക്കാര്യത്തിൽ നല്ല മാതൃക വെച്ചു. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ യാതൊരു താത്പര്യവുമില്ലാതിരുന്ന ആളുകളുമായി അവൻ ഒരിക്കലും ഉറ്റ ബന്ധം പുലർത്തിയില്ല. (യോഹന്നാൻ 15:14) അതേസമയം, അവൻ ആളുകളെ സമീപിച്ചു. അവരോടു സംസാരിക്കേണ്ട വിധവും ഇടപെടേണ്ട വിധവും അവന് അറിയാമായിരുന്നു. അതിന്റെ ഫലമായി, ഫലപ്രദമായ സാക്ഷ്യം നൽകാനുള്ള അവസരം അവനു ലഭിച്ചു. (ഉദാഹരണത്തിന്, ലൂക്കൊസ് 7:36-50-ലെ വിവരണം കാണുക.) യേശുവിനെപ്പോലെ, അവിശ്വാസികളോട് ആദരവോടുകൂടിയ ഒരു മനോഭാവം നമുക്കു നിലനിറുത്താം. നമ്മുടെ ലക്ഷ്യം “ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണി”ക്കണം എന്നതായിരിക്കണം.—തീത്തൊസ് 3:2.