മണൽദ്വീപിൽ ഒരു പറുദീസ
മണൽദ്വീപിൽ ഒരു പറുദീസ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ബ്രിട്ടീഷ് പര്യവേക്ഷകനായ ക്യാപ്റ്റൻ ജെയിംസ് കുക്ക് 1770-ൽ ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തുകൂടെ സഞ്ചരിക്കുകയായിരുന്നു. ഇപ്പോഴത്തെ ബ്രിസ്ബൻ നഗരത്തിൽനിന്ന് 150 കിലോമീറ്ററിലും അൽപ്പംകൂടെ വടക്കുമാറി സ്ഥിതിചെയ്യുന്ന ഒരു വലിയ മണൽദ്വീപിന് അടുത്തുകൂടെ അദ്ദേഹം കടന്നുപോയി. കാലാന്തരത്തിൽ ഈ ദ്വീപ് വർഷംതോറും 3,00,000 സന്ദർശകരെ ആകർഷിക്കുമായിരുന്നു. എന്നാൽ കുക്ക് അതിന് അധികം ശ്രദ്ധയൊന്നും നൽകിയില്ല. വാസ്തവത്തിൽ അദ്ദേഹവും മറ്റുള്ളവരും കരുതിയത് അതൊരു ദ്വീപല്ല മറിച്ച് ഉപദ്വീപാണ് എന്നാണ്. ഏതാനും വർഷങ്ങൾക്കുശേഷം പര്യവേക്ഷകനായ മാത്യു ഫ്ളിൻഡേഴ്സ് അതിന്റെ കരയ്ക്ക് ഇറങ്ങുകപോലും ചെയ്തു. അദ്ദേഹം എഴുതി: “ഈ ഉപദ്വീപിനെക്കാൾ തരിശായ മറ്റൊരു സ്ഥലവുമില്ല.”
കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന സുവർണ മണൽപ്പരപ്പുകൾക്കും മണൽക്കുന്നുകൾക്കും അപ്പുറം പോകാൻ കുക്കും ഫ്ളിൻഡേഴ്സും തുനിഞ്ഞിരുന്നെങ്കിൽ തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായം അവർക്ക് ഉണ്ടാകുമായിരുന്നു. മനുഷ്യസ്പർശമേൽക്കാത്ത മഴക്കാടുകളും സ്ഫടികതുല്യമായ ശുദ്ധജല തടാകങ്ങളും വർണപ്പകിട്ടേറിയ മണൽത്തിട്ടകളും നൂറുകണക്കിന് ഇനങ്ങളിലുള്ള മൃഗങ്ങളും ഉൾപ്പെടുന്ന ഒരു മാസ്മര ലോകത്ത് അവർ എത്തിച്ചേരുമായിരുന്നു. ഇപ്പോൾ ഫ്രേസർ ദ്വീപ് എന്നറിയപ്പെടുന്ന അപൂർവസുന്ദരമായ ഈ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ മണൽദ്വീപാണ്. അതുകൊണ്ടുതന്നെ അതിനെ 1992-ൽ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. a
ഉത്ഭവം ഗിരിനിരകളിൽ
120 കിലോമീറ്റർ നീളവും 25 കിലോമീറ്റർ വരെ വീതിയുമുള്ള ഫ്രേസർ ദ്വീപിന്റെ വിസ്തൃതി 3,95,200 ഏക്കറാണ്. അവിടെയുള്ള ഭീമൻ മണൽക്കുന്നുകളുടെ ഉയരം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 240 മീറ്ററാണ്. ഈ മണൽക്കുന്നുകൾ ഫ്രേസർ ദ്വീപിനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണൽദ്വീപ് എന്ന പദവിയിലേക്കുയർത്തുന്നു. ആശ്ചര്യമുണർത്തുന്ന ഈ ഭൂപ്രദേശത്തിനു രൂപംകൊടുത്ത ശക്തികൾ ഏതാണ്?
ഗ്രേറ്റ് ഡിവൈഡിങ് റേഞ്ചിൽനിന്നു വന്ന അസംഖ്യം ടൺ മണലിൽനിന്നാണ് ഈ ദ്വീപ് രൂപംകൊണ്ടതെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് ഒരറ്റം മുതൽ മറ്റേയറ്റം വരെ നീണ്ടുകിടക്കുന്ന മലനിരകളാണ് ഗ്രേറ്റ് ഡിവൈഡിങ് റേഞ്ച്. കാലാന്തരത്തിൽ ഈ മലകളിൽനിന്നുള്ള പാറക്കഷണങ്ങൾ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് നദികളിലും പിന്നീട് സമുദ്രത്തിലും എത്തിച്ചേർന്നു. സമുദ്ര ജലപ്രവാഹങ്ങൾ പാറക്കഷണങ്ങളെ മണൽത്തരികളാക്കി മാറ്റി, ക്രമേണ ഈ മണൽ സമുദ്രത്തിന്റെ അടിത്തട്ടിലൂടെ വടക്കോട്ടു നീങ്ങി. മുനമ്പുകളും സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ഉയർന്നുനിൽക്കുന്ന പാറക്കെട്ടുകളും തടസ്സമായി നിന്നപ്പോൾ മണൽത്തരികൾ അവിടെ അടിഞ്ഞുകൂടുകയും അങ്ങനെ ഫ്രേസർ ദ്വീപ് രൂപംകൊള്ളുകയും ചെയ്തു.
അപ്പോൾ മുതൽ, ശാന്തസമുദ്രം തീരത്തുടനീളം പുതിയ മണൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. കാറ്റടിച്ച് ഉള്ളിലേക്കു പറന്നുകൂടുന്ന മണലിൽനിന്ന് മണൽക്കുന്നുകൾ രൂപപ്പെടുന്നു. മണൽക്കുന്നുകൾ അതിന്റെ ചുറ്റുമുള്ള സകലതിനെയും മൂടിക്കൊണ്ട് വർഷത്തിൽ ഒരു മീറ്റർ എന്ന തോതിൽ വികസിക്കുന്നു.
ശുദ്ധജല തടാകങ്ങളും അപൂർവ വനങ്ങളും
ആശ്ചര്യമെന്നു പറയട്ടെ, ദ്വീപിൽ ഉടനീളമുള്ള മണൽക്കുന്നുകളിലുള്ള കുഴികളിൽ 40 ശുദ്ധജല തടാകങ്ങളുണ്ട്. ഉയർന്ന മണൽക്കുന്നുകളുടെ മുകളിലുള്ള വലിയ കുഴികളിൽ ജലം സംഭരിക്കപ്പെട്ട് ഉണ്ടായതാണ് ഇവയിൽ ചിലത്. വെള്ളം കിനിഞ്ഞിറങ്ങുന്നതു തടയുന്നത് എന്താണ്? ഭാഗികമായി ചീഞ്ഞഴുകിയ ഇലകൾ, മരത്തൊലി, മരച്ചില്ലകൾ എന്നിവയുടെ ഒരു ജൈവപടലം അല്ലെങ്കിൽ ചതുപ്പ്, വെള്ളം ചോർന്നുപോകാതെ തടഞ്ഞുനിറുത്തുന്നു.
ദ്വീപിൽ ജാലക തടാകങ്ങളുമുണ്ട്. മണലിലുള്ള കുഴികൾ ഭൂഗർഭ ജലവിതാന നിരപ്പിനും താഴെയാകുമ്പോഴാണ് ഇത്തരം തടാകങ്ങൾ രൂപംകൊള്ളുന്നത്. ശുദ്ധജലം കുഴികളിലേക്കു കിനിഞ്ഞിറങ്ങുന്നു. മണലിലൂടെ അരിച്ചെത്തുന്ന വെള്ളം സ്ഫടിക സമാനമായ തടാകങ്ങൾക്കു രൂപംകൊടുക്കുന്നു. അങ്ങനെ ഫലത്തിൽ അവ ഭൂഗർഭജല വിതാനത്തിലെ ജാലകങ്ങളായി വർത്തിക്കുന്നു.
വർഷംതോറും ലഭിക്കുന്ന 150 സെന്റിമീറ്റർ മഴ ദ്വീപിലെ തടാകങ്ങളെ ജലസമ്പുഷ്ടമാക്കുന്നു. തടാകങ്ങളിൽ സംഭരിക്കപ്പെടാത്തതും മണലിൽ ഊർന്നിറങ്ങാത്തതുമായ ജലം അരുവികളായി സമുദ്രത്തിലേക്ക് ഒഴുകുന്നു.
ഇത്തരത്തിലുള്ള ഒരു അരുവിയിൽനിന്നു മണിക്കൂറിൽ 50 ലക്ഷത്തിൽ അധികം ലിറ്റർ ജലം ശാന്തസമുദ്രത്തിലേക്ക് ഒഴുകിയെത്തുന്നതായി കണക്കാക്കപ്പെടുന്നു.ഫ്രേസർ ദ്വീപിലെ ജലസമൃദ്ധി അതിനെ സസ്യശ്യാമളമാക്കുന്നു. സാധാരണമായി പോഷകങ്ങൾ കുറവായ മണലിൽ മഴക്കാടുകൾ ഉണ്ടാകാറില്ല. എന്നാൽ മണൽപ്പരപ്പിൽ മഴക്കാടുകൾ തഴയ്ക്കുന്ന ഭൂമിയിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഫ്രേസർ ദ്വീപ്. ഒരു കാലത്ത് വനം വൃക്ഷനിബിഢമായിരുന്നു. അതുകൊണ്ടുതന്നെ നൂറിലധികം വർഷങ്ങളിൽ തടിവ്യവസായത്തിനായി ഇവിടെനിന്നു മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ആ വനത്തിലെ നിവാസികളായിരുന്ന ഗോത്രവർഗക്കാർക്ക് ഇഷ്ടപ്പെട്ട മരങ്ങളായിരുന്നു ബ്ലാക്ക്ബട്ട്, കൗരി, റ്റാലോവുഡ് എന്നിവ. 1929-ൽ അവരിലൊരാൾ ഇപ്രകാരം പറഞ്ഞു: “45 മീറ്റർ വരെ ഉയരമുള്ള കൂറ്റൻ വൃക്ഷങ്ങളുടെ ജീവനുള്ള ഒരു മതിലാണ് ഒരു സഞ്ചാരിയെ വരവേൽക്കുക. . . . വനത്തിൽ അധീശത്വം പുലർത്തുന്ന ഈ അതികായന്മാർക്ക് രണ്ടുമുതൽ മൂന്നുവരെ മീറ്റർ ചുറ്റളവുണ്ട്.” സാറ്റിനെ, ടർപ്പെൻടൈൻ എന്നിവപോലുള്ള ചില മരങ്ങൾ സൂയസ് കനാലിന്റെ ഭിത്തികളുടെ നിർമാണത്തിനായി ഉപയോഗിക്കപ്പെട്ടു. എന്നിരുന്നാലും ഇപ്പോൾ ഇവിടത്തെ മരങ്ങളുടെ കടയ്ക്കൽ ആരും മഴുവെക്കുന്നില്ല.
ഒരു ദുരന്തകഥയുള്ള പറുദീസ
ദ്വീപിന്റെ പേരിനു പിന്നിൽ ഒരു ദുരന്തകഥയുണ്ട്. 1836-ൽ ക്യാപ്റ്റൻ ജെയിംസ് ഫ്രേസറും അദ്ദേഹത്തിന്റെ ഭാര്യ ഇലിസയും സഞ്ചരിച്ചിരുന്ന സ്റ്റെർലിങ് കാസിൽ എന്ന പായ്ക്കപ്പൽ അപകടത്തിൽപ്പെട്ടു. കപ്പൽച്ചേതത്തെ അതിജീവിച്ച ക്യാപ്റ്റനും ഭാര്യയും ദ്വീപിന്റെ കരയിൽ എത്തിപ്പെട്ടു. തെളിവനുസരിച്ച് അവിടെയുള്ള തദ്ദേശവാസികളായ ഗോത്രവർഗക്കാർ ക്യാപ്റ്റനെ വധിച്ചു, എന്നാൽ ഇലിസയെ പിന്നീടു രക്ഷപ്പെടുത്തി. ഈ ദുരന്തത്തിന്റെ ഓർമയ്ക്ക്, ദ്വീപിന്റെ പേര് ഗ്രേറ്റ് സാൻഡി ഐലൻഡിൽ നിന്ന് ഫ്രേസർ ദ്വീപ് എന്നാക്കി മാറ്റി.
തദ്ദേശവാസികളും ദുരന്തത്തിന് ഇരകളായി. ഒരു കാലത്ത് 2,000-ത്തോളം ആദിവാസികൾ ഫ്രേസർ ദ്വീപിൽ വസിച്ചിരുന്നു. ഒത്ത ശരീരപ്രകൃതിയുള്ളവരും ബലിഷ്ഠകായരും എന്നാണ് അവരെ വിശേഷിപ്പിച്ചിരുന്നത്. തങ്ങളുടെ വാസസ്ഥലത്തെ അവർ ഗരി അല്ലെങ്കിൽ പറുദീസ എന്നു വിളിച്ചു. ദ്വീപിന്റെ സൃഷ്ടിയെക്കുറിച്ചുള്ള ആദിവാസികളുടെ ഒരു ഐതിഹ്യം, അതിനെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും മനോഹരമായ സ്ഥലമെന്നു വിശേഷിപ്പിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, യൂറോപ്പിൽനിന്നു കടന്നുവന്ന രോഗങ്ങൾ സംഹാരതാണ്ഡവമാടി. കൂടാതെ, 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ശേഷിച്ചതിൽ ഭൂരിഭാഗം ആദിവാസികളെയും വൻകരയിലെ ആവാസകേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.
ജന്തുജാലങ്ങളുടെ പറുദീസ
ഇപ്പോൾ ഈ ദ്വീപ് ജന്തുജാലങ്ങളുടെ ഒരു പറുദീസയാണ്. അവിടത്തെ ഏറ്റവും വിശ്രുതമായ ജന്തുജാലങ്ങളിൽ ഒന്നാണ് ഡിങ്കോ എന്ന ഓസ്ട്രേലിയൻ കാട്ടുനായ്ക്കൾ. വൻകരയിലെ വളർത്തുനായ്ക്കളുമായി ഇടകലരാത്തതിനാൽ, കിഴക്കൻ ഓസ്ട്രേലിയയിലെ ഡിങ്കോകളിൽ ഏറ്റവും ശുദ്ധമായ ജനുസ്സ് ഫ്രേസർ ദ്വീപിലെ ഡിങ്കോകൾ ആണെന്നു കരുതപ്പെടുന്നു. വളർത്തുനായ്ക്കളോടു സാദൃശ്യമുണ്ടെങ്കിലും അവ അതല്ലാത്തതിനാൽ ജാഗ്രതയോടും ശ്രദ്ധയോടും കൂടിവേണം ഇടപെടാൻ.
ദ്വീപിൽ 300-ലധികം ഇനം പക്ഷികളെ കണ്ടിട്ടുണ്ട്. ബ്രാഹ്മിനി പരുന്തുകളും വയറിന്റെ ഭാഗത്തു വെള്ളനിറമുള്ള കടൽക്കഴുകന്മാരും തീരങ്ങളിൽ വട്ടമിട്ടു പറക്കുമ്പോൾ വർണപ്പകിട്ടാർന്ന നീല കാട്ടുപൊന്മാനുകൾ തടാകങ്ങൾക്കു മുകളിലൂടെ മിന്നൽപോലെ പായുന്നു. സൈബീരിയയിൽ വംശവർധന നടത്തുകയും ശൈത്യകാലത്തു ദക്ഷിണഭാഗത്തേക്കു പറക്കുകയും ചെയ്യുന്ന മംഗോളിയൻ മണൽക്കോഴികൾ ഇവിടെ വരുന്ന ദേശാടനപക്ഷികളിൽപ്പെടുന്നു. യാത്ര പൂർത്തിയാക്കുന്നതിനു മുമ്പ് ചെറിയൊരു വിശ്രമത്തിനായി ഇവ ഫ്രേസർ ദ്വീപിൽ പറന്നിറങ്ങുന്നു. കൂടാതെ, 30,000-മോ അതിൽ കൂടുതലോ ചാരത്തലയൻ ഫ്ളയിങ് ഫോക്സുകൾ അതായത് കരിങ്കാക്കയുടെ അത്രയുംതന്നെ വലുപ്പമുള്ള വവ്വാലുകൾ ഋതുഭേദമനുസരിച്ചു ദ്വീപിൽ എത്തിച്ചേരാറുണ്ട്, യൂക്കാലിപ്റ്റസ് പൂക്കളുടെ തേൻ നുകരാനുള്ള ആർത്തിയോടെ.
ഫ്രേസർ ദ്വീപിനു ചുറ്റുമുള്ള സമുദ്രവും ജീവജാലങ്ങളുടെ വിഹാരരംഗമാണ്. തണുത്തുറഞ്ഞ അന്റാർട്ടിക്കയിൽനിന്നു ഗ്രേറ്റ് ബാരിയർ റീഫിലേക്കു വരുകയും അവിടെവെച്ച് പ്രസവിക്കുകയും അവിടെവെച്ചുതന്നെ വീണ്ടും ഇണചേരുകയും ചെയ്യുന്ന കൂനൻ തിമിംഗലങ്ങളും അതിൽ ഉൾപ്പെടുന്നു. മടക്കയാത്രയിൽ തിമിംഗലങ്ങൾ ഒരു മോഹനദൃശ്യം കാഴ്ചവെക്കുന്നു. അവ ഭീമാകാര ശരീരവുമായി വായുവിലേക്കു കുതിക്കുകയും വെള്ളം ചിതറിത്തെറിപ്പിച്ചുകൊണ്ടു സമുദ്രത്തിലേക്കു പതിക്കുകയും ചെയ്യുന്ന കാഴ്ച കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്നുപോലും കാണാൻ സാധിക്കും. അതേ, ആ വിസ്മയ ദ്വീപിന് അവയുടെ രാജകീയ പ്രണാമം!
[അടിക്കുറിപ്പ്]
a സാംസ്കാരികമോ പ്രകൃതിപരമോ ആയി പ്രാധാന്യമുള്ള സ്ഥലങ്ങളെ ഭൂപ്രദേശത്തിന്റെ ബാഹ്യപ്രത്യേകതയുടെയോ ജൈവശാസ്ത്രപരമോ ഭൂവിജ്ഞാനീയപരമോ ശാസ്ത്രീയമോ ആയ മൂല്യത്തിന്റെയോ അടിസ്ഥാനത്തിൽ യുനെസ്കോ അതിന്റെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നു.
[14-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ശാന്തസമുദ്രം
ഫ്രേസർ ദ്വീപ്
[15-ാം പേജിലെ ചിത്രങ്ങൾ]
വലത്ത്, മുകളിൽനിന്നു താഴേക്ക്:
കർനങ്ക് അരുവിയുടെ പ്രഭവസ്ഥാനം
ഫ്രേസർ ദ്വീപിൽ 40 ശുദ്ധജല തടാകങ്ങളുണ്ട്
മണലിൽ തഴയ്ക്കുന്ന മഴക്കാടുകൾ—ഒരു അപൂർവ പ്രതിഭാസം
[കടപ്പാട്]
എല്ലാ ചിത്രങ്ങളും: Courtesy of Tourism Queensland
[16, 17 പേജുകളിലെ ചിത്രങ്ങൾ]
ഡിങ്കോയും കോലായും
[കടപ്പാട്]
Courtesy of Tourism Queensland
[16, 17 പേജുകളിലെ ചിത്രം]
ലോകത്തിലെ ഏറ്റവും നീളം കൂടിയ കടലോരങ്ങളിൽ ഒന്നാണ് ഫ്രേസർ ദ്വീപിന്റെ 120 കിലോമീറ്റർ നീണ്ടുകിടക്കുന്ന കടലോരം
[17-ാം പേജിലെ ചിത്രം]
വെള്ളവയറൻ കടൽക്കഴുകൻ
[17-ാം പേജിലെ ചിത്രം]
കൂകബുറകൾ
[17-ാം പേജിലെ ചിത്രം]
ഞാറപ്പക്ഷികൾ
[17-ാം പേജിലെ ചിത്രം]
കൂനൻ തിമിംഗലം, അന്റാർട്ടിക്കയിലേക്കുള്ള യാത്രയുടെ ഇടവേളയിൽ
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കഴുകൻ: ©GBRMPA; ഞാറപ്പക്ഷികളുടേതൊഴികെ മറ്റെല്ലാ ചിത്രങ്ങളും: Courtesy of Tourism Queensland